Monday, July 22, 2013

ബെന്യാമിന്റെ കുമാരിദേവി


എട്ടാം വയസ്സില്‍ ഋതുമതിയാവുന്നത്  പാപമാണോ കുറ്റമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ അതിന്റെ പേരില്‍ ആ രാത്രി ഞാനനുഭവിച്ചതുപോലുള്ള ഒരു ശിക്ഷ ലോകത്തില്‍ ഒരു പെണ്‍കുട്ടിയും ഒരിക്കലും അനുഭവിച്ചു കാണില്ല.ദേഷ്യം കൊണ്ട് കലിതുള്ളി വന്ന അച്ഛന്‍ എന്റെ അടിവയറ്റില്‍ സമ്മാനിച്ച ഒരു തൊഴിയുടെ വേദന ഇന്നും മാറിയിട്ടില്ല അമ്മ എന്റെ മുഖം പിടിച്ചു നിലത്തിടിച്ചു,പിന്നെ അമ്മാവന്‍,സഹോദരിമാര്‍ മുത്തച്ഛന്‍ അങ്ങനെ ആരെല്ലാം എന്നെ മാറി മാറി ഉപദ്രവിച്ചു ഒരു എട്ടുവയസ്സുകാരിയുടെ കരച്ചില്‍ മാത്രം ആരും കണ്ടില്ല...!

‘കുമാരിദേവി’ ബെന്യാമിന്‍ എഴുതിയ നീണ്ട കഥ(മാധ്യമം വാര്‍ഷികപ്പതിപ്പ്‌ 2009)


 ഗള്‍ഫില്‍ ഒരു മലയാളി വീട്ടില്‍ വേലക്കാരിയായി എത്തുന്ന സുനിന ഷക്യ ദേവി എന്ന നേപ്പാളി വൃദ്ധ.വെടിപ്പും വൃത്തിയുമായി ജോലിയൊക്കെ ചെയ്യുമെങ്കിലും അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും അവര്‍ ഒരു അരപ്പിരിയാണോ എന്ന് വീട്ടുകാര്‍ സംശയിക്കുന്നു.പലപ്പോഴും അഹങ്കാരവും പൊങ്ങച്ചവും നിറഞ്ഞ വര്‍ത്തമാനമാണ് അവര്‍ പറയുന്നത്.വീട്ടുകാരിയോടു ഒരിക്കല്‍ “ഞാന്‍ രാജകുമാരിതന്നെയാ...”എന്ന്  അവര്‍ കയര്‍ക്കുന്നുണ്ട്.“ഈ സുനിതാ ദേവി പട്ടുമെത്തയിലൊക്കെ ഒത്തിരി കിടന്നതാ സാറേ ഇനി ഇപ്പൊ പേപ്പറു വിരിച്ചു കിടന്നാലും ഉറക്കം വരും.ഞാനിവിടെങ്ങാനും താഴെ കിടന്നോളാം” എന്നാണു വന്ന ദിവസം തന്നെ ഇവര്‍ വീട്ടുകാരനോട് പറയുന്നത്.കഥാകൃത്ത്‌ തന്നെയാണ് ഈ സ്ത്രീയെ  തന്റെ കൂട്ടുകാരന്റെ വീട്ടില്‍ വേലക്കാരിയായി കൊണ്ട് ചെന്നാക്കുന്നത്.അത് കൊണ്ട് തന്നെ അവരുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടെണ്ടതും സമാധാനം കണ്ടെത്തെണ്ടതും ഇദ്ദേഹത്തിന്റെ ചുമതലയാകുന്നു.”ആക്ച്ച്വല്‍ നായരുപോലും ഇത്രയും പുലിവാല് പിടിച്ചു കാണില്ല” എന്ന് കഥയില്‍.

ഇവര്‍ ഒരു ദുര്‍മന്ത്രവാദിനി ആണെന്നും വേലക്ക് നില്‍ക്കുന്ന വീട്ടുകാര്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ആ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്തിയും ജപിച്ചു കെട്ടിക്കൊടുത്തും കാശുണ്ടാക്കുകയാണ് എന്ന് മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞത് അവിശ്വസിച്ചെങ്കിലും  സത്യം കഥാകൃത്ത്‌ നേരിട്ട് കാണുന്നതോടെയാണ് ദുരൂഹമായ ഇവരുടെ ജീവിതത്തെ കുറിച്ച് മറ്റു നേപ്പാളികളോട് നേരിട്ട് അന്വേഷിച്ചു അറിയാന്‍ ശ്രമിക്കുന്നത്.


അറിഞ്ഞ സത്യം ഏറെ അതിശയിപ്പിക്കുന്നതായിരുന്നു.സാക്ഷാല്‍ ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് നേപ്പാളികള്‍ വിശ്വസിക്കുന്ന ജീവിച്ചിരിക്കുന്ന ദേവതയായ കുമാരിദേവി യായി തെരഞ്ഞെടുക്കപ്പെട്ടവളായിരുന്നു ഇവര്‍!!!! ദേവതക്ക് ആവശ്യമായ മുപ്പത്തിരണ്ട് ലക്ഷണങ്ങളും തികഞ്ഞതനാല്‍ നാലായിരം പെണ്‍കുട്ടികളില്‍ നിന്നും നാലാം വയസ്സില്‍ ദേവതയായി തെരഞ്ഞെടുക്കപ്പെട്ടവള്‍...അവര്‍ പറഞ്ഞതൊന്നും അഹങ്കാരമായിരുന്നില്ലെന്നും സത്യമാണെന്നും മനസ്സിലാക്കിയ കഥാകൃത്തിനു എങ്ങനെ അവര്‍ പിന്നീട് ഈ നിലയിലേക്ക് എത്തി എന്ന് അറിയാന്‍ കഴിഞ്ഞില്ല “നമ്മള്‍ ഒരാളെപറ്റി ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും എത്രയോ അപ്പുറത്തായിരിക്കും അയാളുടെ ജീവിതം”(കഥയില്‍ നിന്ന്).


ഇതിനിടെ വീട്ടുകാര്‍ ഇവരുടെ ഈ ഏര്‍പ്പാടുകള്‍ അറിയുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു.ഒടുവില്‍ മാസങ്ങളുടെ ജയില്‍ വാസത്തിനു ശേഷം കൂടുകാരന്‍ വാങ്ങി നല്‍കിയ ടിക്കറ്റുമായി ഇവരെ ജയിലില്‍ നിന്നും കയറ്റി വിടാന്‍ ചെല്ലുമ്പോള്‍ കഥയുടെ ബാക്കി ഭാഗം വൃദ്ധയില്‍ നിന്നും അറിയുന്നു.
നാല് വര്‍ഷം  ദേവതയായി എല്ലാ സൌഭാഗ്യത്തോടെയും ജീവിച്ചു എട്ടാം വയസ്സില്‍ എല്ലാ പരീക്ഷണങ്ങളും വിജയിച്ച് ദേവിയാകുന്നതിന്റെ തലേ ദിവസം ആഘോഷങ്ങള്‍ നിറഞ്ഞ രാജകൊട്ടാരത്തില്‍ വെച്ച് രാത്രി  ആ എട്ടുവയസ്സുകാരി ഋതുമതിയാവുന്നു!!!!അതോട് കൂടി അവരുടെ ദേവതാ സ്ഥാനം നഷ്ടപ്പെടുന്നു.വെറും സാധാരണ മനുഷ്യ സ്ത്രീ !!!!


എട്ടാം വയസ്സില്‍ ഋതുമതിയാവുന്നത്  പാപമാണോ കുറ്റമാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ അതിന്റെ പേരില്‍ ആ രാത്രി ഞാനനുഭവിച്ചതുപോലുള്ള ഒരു ശിക്ഷലോകത്തില്‍ ഒരു പെണ്‍കുട്ടിയും ഒരിക്കലും അനുഭവിച്ചു കാണില്ല.ദേഷ്യം കൊണ്ട് കലിതുള്ളി വന്ന അച്ഛന്‍ എന്റെ അടിവയറ്റില്‍ സമ്മാനിച്ച ഒരു തൊഴിയുടെ വേദന ഇന്നും മാറിയിട്ടില്ല അമ്മ എന്റെ മുഖം പിടിച്ചു നിലത്തിടിച്ചുപിന്നെ അമ്മാവന്‍,സഹോദരിമാര്‍ മുത്തച്ഛന്‍ അങ്ങനെ ആരെല്ലാം എന്നെ മാറി മാറി ഉപദ്രവിച്ചു ഒരു എട്ടുവയസ്സുകാരിയുടെ കരച്ചില്‍ മാത്രം ആരും കണ്ടില്ല...!


പിന്നീട് അവര്‍ അനുഭവിച്ച ദുരന്ത ജീവിതം.എല്ലാവരുടെയും ചീത്തവിളിയും വഴക്ക് പറച്ചിലും കേട്ട് ....വഞ്ചനകളും ചതിയും അനുഭവിച്ച്  ആരോരുമില്ലാതെ ഗള്‍ഫില്‍ വീട്ടുവേലക്കാരിയായി ഒടുവില്‍ പിടിക്കപ്പെട്ടു നാടുകടത്തുന്നതിനു മുമ്പ് അവര്‍ ചോദിക്കുന്നു.


“മോനെ,ഈ വയസ്സാം കാലത്ത് ഞാനങ്ങോട്ട് ചെന്നാല്‍ എവിടെ പോകും ...?ആരെന്നെ നോക്കും...?ഞാനെങ്ങനെ ജീവിക്കും....?പെട്ടെന്ന് പിന്നില്‍ നിന്ന് ദീദി എന്റെ തോളില്‍ തൊട്ടു.ഞാന്‍ തിരിഞ്ഞു നോക്കി.അവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.എന്നെ രക്ഷിക്കാന്‍ ഒരു വഴിയും ഇനി അവശേഷിക്കുന്നില്ല അല്ലെ .....?”(കഥയില്‍ നിന്ന്)

മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഒരു കഥാപാത്രമാണ് സുനിന ഷക്യ ദേവി എന്ന കുമാരിദേവി.പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു കഥാപാത്രം. 


21 comments:

  1. വായിച്ചിട്ടില്ല... പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
    Replies
    1. ബെന്യാമിന്റെ കഥകളെ കുറിച്ച് പറയുമ്പോള്‍ എവിടെയും ഈ കഥ പരാമര്‍ശിക്കപ്പെട്ടു കാണാറില്ല.കുമാരി ദേവി എന്ന കഥാപാത്രം 'ആടുജീവിത'ത്തിലെ നജീബിനെ പോലെ മനസ്സിലെന്നും ഒരു വിങ്ങലായി നില്‍ക്കും.

      Delete
  2. മുമ്പ് ഈ കഥ വായിച്ചതോര്‍ക്കുന്നു. മലയാളത്തില്‍ എഴുതപ്പെട്ട നല്ല കഥകളില്‍ ഒന്ന്. കഥയോട് നീതി പുലര്‍ത്തുന്ന പരിചയപ്പെടുത്തല്‍

    ReplyDelete
    Replies
    1. അതെ പ്രദീപ്‌ ജി മലയാളത്തില്‍ എഴുതപ്പെട്ട നല്ല കഥകളില്‍ ഒന്ന്

      Delete
  3. വായിച്ചിട്ടുണ്ട് ഈ കഥ!

    ReplyDelete
  4. നന്ദി അജിത്‌ സാര്‍

    ReplyDelete
  5. ബെന്യാമിന്‍റെ ഇ എം സും പെണ്‍കുട്ടിയും വായിച്ചിട്ടുണ്ട് ... ഇതെന്തായാലും വായിച്ചിട്ടില്ല ,,, വായിക്കാം,.. അദ്ദേഹത്തിന്റെ കഥകള്‍ അധികം വായിക്കപെടാറില്ല ഇല്ല എന്നു തോന്നുന്നു

    ReplyDelete
    Replies
    1. അതെ ജെ പി നോവലിസ്റ്റ്‌ ആയി മാത്രം അദ്ദേഹം അറിയപ്പെടുമ്പോള്‍ കഥകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു

      Delete
  6. നജീബിനെ പോലെ തന്നെ യാതനകൾ മാത്രം കൈമുതലാക്കിയ
    മറ്റൊരു കഥാപാത്രം തന്നെയണ് ,മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത
    ഈ സുനിന ഷക്യ ദേവി എന്ന കുമാരിദേവി എന്ന യഥാർത്ഥത്തിൽ ജീവിച്ചിരുന്നവളും..അല്ലേ ഭായ്

    ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ
    ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു കഥാപാത്രം. !

    നല്ല പരിചയപ്പെടുത്തലായി ഈ അവതരണം കേട്ടൊ ഭായ്

    ReplyDelete
    Replies
    1. അതെ ജീവിതത്തില്‍ നാം കണ്ടുമുട്ടാനും അറിയാനും സാധ്യത ഇല്ലാത്ത ഒരു കഥാപാത്രം മുരളി സാര്‍

      Delete
  7. വായിച്ചിട്ടുണ്ട്....നല്ല പരിചയപ്പെടുത്തല്‍

    ReplyDelete
  8. കഥ വായിച്ചിട്ടില്ല , പരിചയപ്പെടുത്തലില്‍ തന്നെ കുമാരിദേവി വല്ലാതെ നൊമ്പരപ്പെടുത്തുന്നു ,കരയാതെ ...ഈ കഥ വായിച്ചുതീര്‍ക്കുമെന്നു പറഞ്ഞാല്‍ കളവാകും വളരെ നന്ദി സുഹൃത്തെ ഈ പരിചയപ്പെടുത്തലിന് .

    ReplyDelete
    Replies
    1. വളരെ ശരിയാണ് മിനീ.അവസാനമെത്തുമ്പോള്‍ കണ്ണ് നിറയാതെ ഈ കഥ വായിച്ചു തീര്‍ക്കാനാവില്ല.

      Delete
  9. ഒരു കഥാ പാത്രത്തെ നന്നായി പരിചയപ്പെടുത്തി. വാങ്ങി വായിക്കാന്‍ തോന്നുന്നു ഈ എഴുത്ത്

    ReplyDelete
    Replies
    1. നന്ദി റോസിലീ .ഈ കഥ പുസ്തകമായി ഇറങ്ങിയോ എന്ന് അറിയില്ല

      Delete
  10. സന്തോഷം കൈവിട്ടു പോയ എത്രയെത്ര കുമാരിമാര്‍ ..........

    ReplyDelete
  11. നല്ല പരിചയപ്പെടുത്തല്‍
    ആശംസകള്‍

    ReplyDelete
  12. നന്ദി തങ്കപ്പന്‍ സാര്‍ ഈ സന്ദര്‍ശനത്തിന്

    ReplyDelete
  13. കഥ ഞാന്‍ വായിച്ചിട്ടുണ്ട്.. ഈ പരിചയപ്പെടുത്തല്‍ ഒത്തിരി നന്നായി

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ