Monday, January 21, 2013

ഫേഷ്യല്‍ ചെയ്യാതെ ചുട്ടെടുക്കുന്ന ചില ജീവിതങ്ങള്‍




നാട്ടില്‍ നിന്ന് പോരുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് മുടിവെട്ടിക്കാന്‍   ചെന്നതാണ്. പഴയ ബാര്‍ബര്‍ഷാപ്പിന്റെ സ്ഥാനത്ത്  ഒരു അത്ഭുതലോകം.ഒരു മണിക്കൂറോളം കാത്തിരുന്നാണ് ഊഴമെത്തിയത്.മുടിവെട്ടിക്കൊണ്ടിരിക്കെ ബാര്‍ബര്‍ പറഞ്ഞു.

“ഒരു മിനിറ്റേ ...ഒന്ന് ഫോണ്‍ ചെയ്തോട്ടെ..മോളെ സ്കൂള്ന്ന് വിളിച്ചോണ്ട് വരാന്‍ പോയിറ്റില്ല ....അച്ഛനോട് ഒന്ന് വിളിച്ച് പറഞ്ഞേക്കട്ടെ”
അയാള്‍ അച്ഛനെ വിളിച്ചു
“അച്ചാ .....മിന്നൂനെ വിളിച്ചോണ്ട് വന്ന്നോ ...എനിക്കിവിടെ ഷോപ്പില് നല്ല തെരക്കാ...”
“എന്റെ സ്കൂട്ടറില് ഒരു തുള്ളി എണ്ണയില്ല ....ഇന്ന് പെട്രോള്‍ പമ്പ് പണിമുടക്കുള്ള വിവരം ഞാനറീലായ്നും”
“എന്നാ കാറെടുത്തോ അച്ഛാ ....മോള് ആട കാത്ത് നിക്ക്ന്നുണ്ടാകും.ഇപ്പത്തന്നെ നേരം വൈകി...............എന്നാ ശരി വെക്കട്ടെ”
ഫോണ്‍ വെച്ച ശേഷം എന്നോടായി പറഞ്ഞു.
“ഇന്ന് പെട്രോള്‍ പമ്പൊക്കെ അടച്ചിടുന്ന വിവരം അച്ഛനറിഞ്ഞിട്ടില്ല.ഇന്നലെ പത്രത്തിലും ടീവീലും ഒക്കെ വന്നതല്ലേ......ഞാന്‍ ഇന്നലെ തന്നെ കാറില് ഫുള്ള് എണ്ണ അടിപ്പിച്ചതാ.എന്തെങ്കിലും അത്യാവശ്യം വന്നാ കുടുങ്ങിപ്പോവരുതല്ലോ”
“ശരിയാ”
“കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ സമരം ഉണ്ടായപ്പോ പെട്രോള്‍ പമ്പിന്റെ മുന്നില് ലോറീല്‍ കൊണ്ട്വന്നു വിറ്റതാ ബ്ലാക്കില് ....ഒരു കുപ്പിക്ക് നൂറുറുപ്പ്യ.എത്രപ്പെട്ടെന്നാ തീര്‍ന്നതെന്നറിയ്വോ  ..ഒരു ലിറ്ററൊന്നും ഉണ്ടാവൂല...എന്നാലും ആവശ്യം നടക്ക്വല്ലോ...വണ്ടീം മൊബൈലും ഇല്ലാണ്ട്  എങ്ങനാ ഇക്കാലം  ജീവിക്ക്യാ ...ഹൊ  ..ആലോചിക്കാന്‍ പറ്റുന്നില്ല.” 

മുടി വെട്ട് തുടര്‍ന്നു.ടീവിയില്‍ ‘കഥ പറയുമ്പോള്‍’ സിനിമ.ബാര്‍ബര്‍ ബാലന്റെ മകള്‍ പറയുന്നു.
“എനിക്ക് കൃത്യായിട്ട് ഫീസ് കൊടുക്കുന്ന ഒരു കുട്ടി ആയാല്‍ മതിയച്ഛാ”

വാതില്‍ തള്ളി തുറന്ന് രണ്ടു കുട്ടികള്‍ അകത്തേക്ക് വന്നു.ഒമ്പതിലോ പത്തിലോ പഠിക്കുന്നവരാണ്.ഗവണ്മെന്‍റ് ബോയ്സ് സ്കൂളിലെ യൂണിഫോം.വെയിലത്ത്‌ നിന്ന് വന്നത് കൊണ്ടാവും ഉള്ളിലെ തണുപ്പ് ആസ്വദിച്ച് അവര്‍ അല്‍പ നേരം നിന്നു.പിന്നെ ഒരു കുട്ടി ചെറിയൊരു പരുങ്ങലോടെ ചോദിച്ചു.
“ഏട്ടാ ....മുടി ഇങ്ങനെ ചുരുട്ടാന്‍ എത്ര്യാ...”
മുടിവെട്ടുന്നതിനിടെ അയാള്‍ ‘കസ്റ്റമറെ’ നോക്കി പുഞ്ചിരിയോടെ പറഞ്ഞു
“ആയിരത്തഞ്ഞൂറ് ഉറുപ്പ്യ”
മറ്റേ കുട്ടി ചോദിച്ചു
“മുടി സ്ട്രെയിറ്റ് ആക്കാനോ ഏട്ടാ”
“അതിന് ഇരുനൂറ്റയ്മ്പത് മതി”
“നാളെ സ്കൂള് വിട്ടിട്ട് വരാ”
കുട്ടികള്‍ കുറച്ചു നേരം നിന്ന് ടീവി കണ്ട ശേഷം പോയി

അപ്പോള്‍ എന്റെ മൊബൈല്‍ കരഞ്ഞു.
ഉമ്മര്‍ക്കയാണ്.എന്റെ കടയുടെ അടുത്തുള്ള ഹോട്ടലിലെ ‘ഉസ്താദ്’(പൊറോട്ടക്കാരന്‍).ഞങ്ങള്‍ ഒന്നിച്ചാണ് നാട്ടിലേക്ക് പോന്നത്. അന്‍പത്തഞ്ച് കഴിഞ്ഞ ഉമ്മര്‍ക്ക മൂന്നു കൊല്ലത്തിനു ശേഷം  ആറുമാസം നാട്ടില്‍ നില്‍ക്കാന്‍ വന്നതാണ്.
“ഹലോ ....ഇഞ്ഞെപ്പളാ കുഞ്ഞിമ്മോനെ പോക്ന്നത്”
“നാളെ പോവ്വാ ഉമ്മര്‍ക്കാ ... വൈകുന്നേരത്തെ എക്സ്പ്രസ്സിന്”
“ഞാനും പതിനെട്ടാം തിയ്യതി പോവ്വാ ........എക്സ്പ്രസിന് തന്നെ”
ഉമ്മര്‍ക്ക പറഞ്ഞത് കേട്ട് ഞാന്‍ അമ്പരന്നു.
“അതെന്താ ഉമ്മര്‍ക്കാ ആറുമാസം നിക്കാന്‍ വന്ന ഇങ്ങള് രണ്ട് മാസം തെകയും മുമ്പ് പോകുന്നത്....ഇങ്ങളെ മൊതലാളി വിളിച്ചോ...ആടെയെന്താ പൊറാട്ടക്ക് ആളില്ലേ”
“അതൊന്ന്വല്ല ചങ്ങായീ  .........ഇവിടെ നിന്നാ  മൊതലാവൂല”
“അതെന്താ’
“നാട്ടില് നിന്നാലുള്ള ചെലവ് എന്താന്നറിയ്വോ....താങ്ങാനാവൂല  ...നെന്നോട് ഉള്ളത് പറയാലോ ...വരുമ്പം എളേ മോള്‍ക്ക്‌ കൊണ്ട്വന്ന വള പണയം വെച്ചിട്ടാ ഇപ്പം ടിക്കറ്റിനുള്ള ഏഴായിരത്തി അഞ്ഞൂറുറുപ്പ്യ തിരിമറി ആക്ക്യത്.ഇനീം നിന്നാ ന്റെ സ്കൂള് പൂട്ടിപ്പോകും  കുഞ്ഞിമ്മോനെ ........ഇന്‍ശാ അള്ളാ ആട എത്തീറ്റ്  കാണാ”

ഉമ്മര്‍ക്ക ഫോണ്‍ വെച്ചു.
ഞാനോര്‍ത്തു .നാട്ടിലേക്ക് പോരുമ്പോള്‍ ഇതുവരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളെയും മറന്ന ഉമ്മര്‍ക്കാക്ക് പറയാനുണ്ടായിരുന്നത് ആറുമാസം കുടുംബത്തോടൊപ്പം നില്‍ക്കുന്നതിന്റെ ആഹ്ലാദത്തെ കുറിച്ച് മാത്രമായിരുന്നു.ഭാര്യയും,മക്കളും,പേരക്കുട്ടികളുമായി സ്വര്‍ഗ്ഗം പോലെ ആറുമാസം ...... ആ ഉമ്മര്‍ക്ക രണ്ടുമാസം പോലും തികച്ചും നില്‍ക്കാനാവാതെ തിരിച്ചു പോകുകയാണ്...ഒരു പരിഭവവും ഇല്ലാതെ ......രാത്രി ഒരു മണിക്ക് എണീറ്റ്പൊള്ളുന്ന പൊറോട്ടക്കല്ലിന്റെ മുന്നില്‍ ജീവിതം കുഴച്ചും,വീശിയും,ചുട്ടെടുക്കാന്‍ .ഇനിയും രണ്ടോ മൂന്നോ കൊല്ലം.പെരുന്നാളിന് പോലും ലീവില്ലാതെ...ഹോട്ടലിന്റെ അടുക്കളയും റൂമും വിട്ട്  പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ  ..........

“സാര്‍...നാളെ പോകുകയല്ലേ...ഒന്ന് ഫേഷ്യല്‍ ചെയ്തൂടെ”
മുടിവെട്ടുന്നയാളിന്റെ  ശബ്ദം ചിന്തയില്‍ നിന്നുണര്‍ത്തി.
“ഇരുനൂറ്റന്‍പതു രൂപ മുതല്‍ മൂവായിരം രൂപവരെയുള്ള പാക്കേജ് ആണ്...ഇന്നാണെങ്കില്‍ തിരക്കും കുറവാ..പോകുന്നതിനു മുമ്പ്...”

“വേണ്ട സുഹൃത്തേ.... ആ മരുഭൂമിയില്‍  ജീവിക്കാന്‍  ഇപ്പൊഴുള്ള  സൌന്ദര്യമൊക്കെ മതി.ആരുടെ മുന്നില്‍ കാണിക്കാനാണ്....ആര്‍ക്കാ അവിടെ  ഇതൊക്കെ നോക്കാന്‍ നേരം”

പോകുന്നതിനു മുമ്പ് നാട്ടില്‍ നിന്നും മുടിവെട്ടുന്നത് തന്നെ ഇവിടെ അറുപതു രൂപ കൊടുക്കുന്ന സ്ഥാനത്ത് അവിടെ ഇരുനൂറു രൂപ ചെലവാക്കുന്നത് ഓര്‍ത്തിട്ടാണെന്ന് പറഞ്ഞില്ല.

പുറത്ത് സോഫയില്‍ മൂന്നാല് ചെറുപ്പക്കാര്‍ ടീവിയില്‍  ചാനലുകള്‍  മാറ്റിയും,കയ്യിലെ ‘പൊറാട്ടക്കല്ലു’പോലുള്ള പുത്തന്‍ തലമുറ മൊബൈലുകളില്‍ വിരലു നീക്കിയും  അക്ഷമരായി കാത്തിരിക്കുന്നത്  കൊണ്ടാവണം അയാള്‍ ധൃതിയില്‍ മുടി വെട്ടാന്‍ തുടങ്ങി   



  

10 comments:

  1. ങ്ങടെ പറച്ചിലിന്റെ രീതി പെരുത്തിഷ്ടായി .. :)

    ReplyDelete
  2. സത്യം ..മീന്‍ കാരന്‍ മുതല്‍ ബാര്‍ബര്‍ ഷോപ്പ് കാരന്റെ മുന്നില്‍ വരെ പ്രവാസി ഇപ്പോള്‍ അന്താളിച്ചു നില്‍ക്കണം ..കാരണം നാട്ടുകാര്‍ ചിലവിടുന്ന കാശിന്റെ അളവുകോല്‍ കണ്ടാല്‍ നമ്മള് ഞെട്ടും ..വില പേശിയല്ലാതെ ഞാന്‍ മീന്‍ വാങ്ങാറില്ല ..എന്നാല്‍ നാട്ടിലെ മാര്‍കറ്റില്‍ പോയാല്‍ വില പോലും ചോദിക്കാതെ വലിയ വിലയുള്ള മീന്‍ കിലോ കണക്കില്‍ വാങ്ങുന്ന നാട്ടിലെ ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ മനസ്സ് പിടഞ്ഞു പോകും ..കാരണം അവരുടെ സഹോദരന്‍..അല്ലെങ്കില്‍ ഉപ്പ ...ഇവിടെ തയിരും കുബ്ബൂസുമാണ് മിക്ക ദിവസവും കഴിക്കുന്നത്‌ .."നാട്ടിലെ ചെലവ് കൂടുതലാ അപ്പോള്‍ നമ്മള്‍ ഇവിടെ ഇത്തിരി പിശുക്ക് കാണിക്കണ്ടേ " എന്നാണു അവര്‍ക്ക് പറയാനുള്ളത് ...പാവങ്ങള്‍ ഇതൊക്കെ അവര്‍ അറിഞ്ഞാല്‍ പിന്നെ ആ വീട്ടിലേക്കുള്ള ചിലവിനുള്ള കാശ് പോലും അയക്കില്ല

    ReplyDelete
  3. അനുഭവങ്ങളോ കാഴ്ചകളോ, ജീവിതം ഫേഷ്യല്‍ ചെയ്തു കാഴ്ച സുന്ദരമാക്കുന്നു ഓരോ പ്രവാസിയും. ഇരുളടഞ്ഞ നാളുകള്‍ക്കിടയില്‍ എണ്ണി കിട്ടുന്ന ഒഴിവു ദിനങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന നേര്‍ക്കാഴ്ച ...
    ഇക്കാ നന്നായി പറഞ്ഞു

    ReplyDelete
  4. പ്രസക്തമായ നിരീക്ഷണം. ചുറ്റുപാടുകള്‍ എത്ര മാത്രം സാധാരണക്കാരനെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു എന്നത്തിന്റെ ഒരു സൂചകമാണ് ബാര്‍ബര്‍ ഷോപ്പിലെ ഈ കച്ചവടങ്ങള്‍...,..ഇങ്ങനെയുള്ള ആടംഭരങ്ങള്‍ക്ക് വേണ്ടി ഇന്ന് നല്ല ചുറ്റുപാഡില്‍ നിന്നുള്ള കുട്ടികള്‍ വരെ അസ്വീകാര്യമായ ധനാഗമന മാര്‍ഗ്ഗങ്ങള്‍ തേടിപ്പോകുന്നുണ്ട് എന്നുള്ളതും ചിന്തയില്‍ വരേണ്ടതാണ്.

    ReplyDelete
  5. ശരിയായ കാര്യങ്ങള്‍

    ReplyDelete
  6. ഞാൻ നേരിട്ടറിഞ്ഞ കാര്യങ്ങൾ....പ്രവാസികൾക്ക് നാട്ടിലെ ജീവിതം പ്രയാസം തന്നെ...

    ReplyDelete
  7. ഫേസ്ബുക്ക്‌ ഇവിടെ എത്തി
    അവിടെ കുറിക്കാനുള്ളത് ഇവിടെ കുറിക്കുന്നു

    നമ്മുടെ ചുറ്റും നടക്കുന്ന സാമൂഹ്യഇടപെടലുല്‍ കൊണ്ട് രചിച്ച അനുഭവകുറിപ്പ്
    അതാണ്‌ തോന്നിയത്
    നമുക്ക് ചുറ്റും ജീവിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ആണ് നമ്മള്‍ കൂടുതല്‍ സന്തോഷവാന്‍ ആകുക

    ആശംസകള്‍

    ReplyDelete
  8. ചില സത്യങ്ങള്‍ ... അവതരണരീതി നന്ന് .

    ReplyDelete
  9. സത്യമാണ് നജീബ് എഴുതിയത്. പണത്തിന്‍റെ വില അറിയുന്നത് പ്രവാസികള്‍ക്ക് മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്....കലര്‍പ്പില്ലാത്ത ഈ എഴുത്തിന് അഭിനന്ദനങ്ങള്‍

    ReplyDelete
  10. ഒരു നേര്‍ കാഴ്ച...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ