Thursday, June 9, 2011

മലയാളി

കേരളത്തില്‍ ഇന്ന് പൊതുവേ തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്‌.നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായാലും ഹോട്ടെല്‍ ജോലിക്കാണെങ്കിലും ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ല എന്നതാണ് വാസ്തവം   . അത് കൊണ്ടു തന്നെ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍നിന്നുമൊക്കെ തൊഴിലാളികളെ ഇറക്കുമതി  ചെയ്യുകയാണ്. നാട്ടിന്‍റെ നാനാഭാഗത്തും ഇപ്പോള്‍ മറുനാട്ടുകാരായ തൊഴിലാളികളെ കാണാം. സത്യത്തില്‍ മറുനാട്ടില്‍ നിന്നുള്ള ഈ തൊഴിലാളികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കേരളം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു പോയേനെ. എന്നാല്‍ രസകരമായ മറ്റൊരു വശമുണ്ട്  .ഇന്ത്യാ രാജ്യത്തുനിന്ന് ഗള്‍ഫ്‌ രാജ്യങ്ങളിലേക് തൊഴില്‍ തേടി പോയവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ ഒഴുക്ക്  കുറഞ്ഞിട്ടില്ല. കേരളത്തിലുള്ളതില്‍ നിന്നും നേരെ വിപരീതമായ കാലാവസ്ഥയാണ് ഗള്‍ഫിലെത്. നാട്ടില്‍ കര്‍ക്കടകത്തില്‍   പെരുമഴ പെയ്യുമ്പോള്‍ അതെ സമയം ഗള്‍ഫില്‍ ചുട്ടു പഴുത്ത ചൂടാണ്. ഈ കൊടും ചൂടിലും നട്ടെല്ല് വിറയ്ക്കുന്ന തണുപ്പിലും മരുഭൂമിയില്‍ കടി നാധ്വനം  ചെയ്യുന്നവരാണ് മലയാളികളില്‍ വലിയൊരു ശതമാനവും. കുറെ ആളുകള്‍ കടകളിലും ഹൊട്ടലുകളിലുമൊക്കെയായി ജോലിചെയ്യുന്നു. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുകള്‍ ജോലിചെയ്താലും അധിക പേര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത് . മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതിരിക്കുന്നതും  അപൂര്‍വ്വമല്ല . പിന്നെ റൂം വാടക ഭക്ഷണ ചെലവ് ഇതിനു പുറമേ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ ഇക്കാമ  അടിക്കാന്‍ വരുന്ന ഭീമമായ ചെലവ്, നാട്ടില്‍ പോയി തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ  പണം അങ്ങിനെ ഒരുപാടു ചെലവുകള്‍. പിന്നെ നിയമത്തിന്റെ നൂലാമാലകള്‍ ,അരക്ഷിതബോധം  എല്ലാറ്റിനുമുപരി വര്‍ഷങ്ങളോളം ഉറ്റവരെ പിരിഞ്ഞിരിക്കെണ്ടി വരുന്നതിന്‍റെ വേദന .എന്നിട്ടും മലയാളികള്‍ വീണ്ടും വീണ്ടും ഗള്‍ഫിലേക് ചേക്കേറികൊണ്ടിരിക്കുകയും  കേരളത്തില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്താണ് ഈ വിരോധാഭാസത്തിനു കാരണം.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ