'ഉമ്മാ, രണ്ടു രൂപ കൊടുത്താൽ പീടികേന്ന് മുട്ട കിട്ടും.
ഉമ്മ പറഞ്ഞു, ഒരു മുട്ട എന്നു പറഞ്ഞാ രണ്ടു രൂപയല്ല!'
ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ 'കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ' ലളിതമായും സരസമായും വായിച്ചു പോകാവുന്ന കഥ എന്ന് ഒറ്റവായനയിൽ തോന്നിക്കുമെങ്കിലും കഥ വെറും കഥയല്ല എന്ന് ബോധ്യപ്പെടുത്തുന്ന മികച്ച ഒരു ആവിഷ്കാരം കൂടിയാണ്.
പോറ്റി വളർത്തിയ കോഴിക്കുഞ്ഞുങ്ങളെ ഒക്കെ കാക്കയും കീരിയും കുറുക്കനും കൊണ്ടുപോകും എന്നറിഞ്ഞിട്ടും, 'നൊസ്സ്' എന്ന് മക്കൾ കുറ്റപ്പെടുത്തിയിട്ടും, പേരിട്ട് വിളിച്ചും മക്കളെപ്പോലെ സ്നേഹിച്ചും, കുറുക്കൻ പിടിച്ചു പോയ കോഴിയെ ചൊല്ലി ജലപാനമില്ലാതെ കരഞ്ഞു കിടന്നും ഈ ഉമ്മ പിന്നെയും പിന്നെയും കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ കൊതിക്കുന്നത് ലാഭം മോഹിച്ചല്ല.
സ്നേഹം, ഒരു അമ്മക്ക് മാത്രം പകർന്നു നൽകാൻ കഴിയുന്ന നിഷ്കളങ്കമായ വാത്സല്യം, ഏതൊരു ആയുധത്തെക്കാളും കരുത്തോടെ, മത്സരിച്ചു ജയിക്കാനും വെട്ടിപ്പിടിക്കാനും തമ്മിലടിക്കുന്ന ഈ
ലോകത്തെ കീഴടക്കുവാൻ ശക്തിയുള്ള മാതൃഭാവത്തെ മനോഹരമായാണ് ഈ കഥയിൽ ആവിഷ്‌കരിക്കുന്നത്.
മൾട്ടി നാഷണൽ കമ്പനി ഉത്പന്നങ്ങൾ വിൽക്കാൻ വന്ന ചെറുപ്പക്കാരനോട് 250 രൂപയുടെ ഇസ്തിരിപ്പെട്ടി വിലപേശി 60 രൂപയ്ക്ക് വാങ്ങിയ ഉമ്മ തന്നെയാണ് 'നിന്റെ മോളുടെ പിറന്നാളിന് എന്റെ വക ഒരു ഉടുപ്പ് വാങ്ങിച്ചു കൊട്' എന്ന് പറഞ്ഞ് 200 രൂപ അയാളുടെ കയ്യിൽ ചുരുട്ടിവെച്ചു കൊടുക്കുന്നത്. അത് വാങ്ങി നിന്ന നിൽപ്പിൽ അയാൾ കരഞ്ഞപ്പോൾ ഉമ്മ പറയുന്നുണ്ട്.
'നിന്നെപ്പോലുള്ള ആളുകളാ ഈ നാട് വെടക്കാക്കുന്നത്. വേണ്ടാത്തതിനും വേണ്ടുന്നതിനും കരഞ്ഞിട്ട്? നീ പോ ഓളേം മോളേം കൂട്ടി ഒരു ദിവസം വാ'
ഹിന്ദുവായ അയാൾ കൃസ്ത്യാനിപ്പെണ്ണിനെ ആണ് കല്യാണം കഴിച്ചത് എന്നു പറയുമ്പോൾ
"....മോളെ നീ മുസ്ലിം ആക്കി വളർത്തിയാൽ മതി.....നാട്ടില് നിറച്ചും ജഹളയല്ലേ. കൊഴപ്പം ണ്ടാക്കാൻ പൊറത്ത്ന്ന് പ്രത്യേകിച്ച് ആളെ ഇറക്കണ്ടല്ലോ" എന്ന ഉമ്മയുടെ തമാശയിൽ മതം പറഞ്ഞു തമ്മിലടിക്കുന്ന പൊള്ളത്തരത്തിനെ ശരിക്ക് പരിഹസിക്കുന്നുണ്ട്.
ബോട്ടപകടത്തിൽ മൂന്ന് മക്കൾ മരിച്ചുപോയത് അയൽവാസി 'കരിനാക്ക് നബീസ'യുടെ നാവ് കാരണമാണ് എന്ന് വിശ്വസിക്കുമ്പോഴും ഉമ്മ അവരോട് അലോഗ്യം കാണിക്കുന്നില്ല. എന്നാൽ തന്റെ കോഴിക്കുഞ്ഞുങ്ങളെ അവർക്ക് കാട്ടിക്കൊടുക്കാതിരിക്കാൻ ഉമ്മ ജാഗ്രത കാണിക്കുന്നുമുണ്ട്.
കീരിയും കുറുക്കനും നിഷ്പ്രയാസം പിടിക്കുന്ന, ഫാമിൽ വിരിയിക്കുന്ന കോഴികളെ കുറിച്ച് ഉമ്മ പറയുന്നത് കോഴികൾക്ക് മാത്രമല്ല ബാധകമാവുക.
മെഷീൻ കോഴിയെ ഉമ്മ തിരിച്ചറിയുന്നത് തന്നെ
'ഈ ദുനിയാവിനോട് മുഴുവൻ പുച്ഛമുണ്ടാകും മുഖത്ത്. തനിക്കറിയാത്തതായി ഒന്നുമില്ലെന്നു വിചാരിക്കും. പാവം അശ്രദ്ധമായ കഴുത്തുവെട്ടിക്കലും നടക്കലും കുതിക്കലും. എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലാ'.
കരുത്തും പ്രതികരണശേഷിയും ഇല്ലാതെ വളരുന്ന ഒരു തലമുറയെ കുറിച്ചുള്ള എഴുത്തുകാരന്റെ ഉത്കണ്ഠയും വേവലാതിയും ഉമ്മയുടെ വാക്കുകളിലൂടെ എത്ര സൂക്ഷ്മമായാണ് പറയുന്നത്.
എഴുത്തുകാരനായ മകനോടും ഇതേ മതിപ്പില്ലായ്മയാണ് ഉമ്മയ്ക്ക്. 'നാട് കേളിയും ബീട് പട്ടിണിയും' എന്ന അവസ്ഥയിലുള്ള,
'ഒരു തെങ്ങിൽ കേറാൻ കൂടി അറിയാത്ത ഓൻ ഇങ്ങനെ ആയിപ്പോയല്ലോ' എന്ന ഖേദമാണ് വല്യ എഴുത്തുകാരനായ മകനെ കുറിച്ച്.
തൃശൂരിൽ മകന്റെ വീട്ടിലേക്ക് പോകാൻ ഉമ്മ ഉത്സാഹിക്കുന്നത് തന്നെ നല്ല നാടൻ കോഴിക്കുഞ്ഞുങ്ങളെ അവിടെ കിട്ടും എന്ന് കേട്ടത് കൊണ്ടാണ്. ബസ്സിൽ കോഴിയുമായി വരുമ്പോൾ ഉള്ള പൊല്ലാപ്പൊക്കെ എഴുത്തുകാരനായ മകന്റെ പത്രാസിനെ വല്ലാതെ ക്ഷീണിപ്പിക്കുന്നത് ഉമ്മയിൽ ചിരി പടർത്തുന്നുണ്ട്. പിടിച്ചുപറി മോഷണം തുടങ്ങി മ്ലേച്ഛമായ സകല കാര്യങ്ങളും ചെയ്യുന്നത് 'അണ്ണാച്ചി'കൾ ആണ് എന്ന നമ്മുടെ പൊതുബോധം, ബസ്സിലെ കോഴികളുടെ ബഹളത്തിന് കാരണവും അതിന്റെ ഉടമ ഏതോ അണ്ണാച്ചി ആയിരിക്കും എന്ന് ആരോപിച്ചു സമാധാനിക്കുന്നുണ്ട് മലയാള സാഹിത്യത്തിലെ ഗുരുതരമായ അവസ്‌ഥ ചർച്ച ചെയ്യുന്ന മലയാളി!
എന്തിനാണ് ഇത്രയും ദൂരെ നിന്ന് ഈ നാടൻ കോഴിക്കുഞ്ഞുങ്ങളെ ഉമ്മ ഇത്ര കഷ്ടപ്പെട്ട് കൊണ്ടു വന്നത് എന്ന മകന്റെ ഈർഷ്യക്ക് മറുപടിയായി ഉമ്മ പറയുന്നുണ്ട്, "നാടൻ കോഴിക്കേ ശത്രുവിനെ കണ്ടാൽ മനസ്സിലാകൂ".
അഭിമാനത്തോടെ ഉമ്മ തന്റെ സ്വപ്നം പങ്കുവെക്കുന്നു.
"ഞാൻ ഈ കോഴികളിൽ നിന്നു പത്തിരുപത്തഞ്ചെണ്ണത്തിനെ വിരിയിച്ചുണ്ടാക്കും. കാട്ടിൽ നിന്ന് കുറുക്കന്റെ അനക്കം കേൾക്കുമ്പോൾ കൊക്കരിച്ച് കൊക്കരിച്ച് ഈ നാടിനെ ഒന്നാകെ ഉണർത്തും. മെഷീൻ കോഴിക്ക് കാണാനുള്ള ഭംഗിയേ ഉള്ളൂ. നാടൻകോഴി അങ്ങനെയല്ല. അത് അടയിരിക്കുമ്പോൾ അതിന്റെ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നാണ് നിന്റെ വിചാരം?"
ലോകത്തിന്റെ നിലനിൽപ്പിനെ കുറിച്ച്, ഭാവിയെ കുറിച്ച് ആണിനെക്കാളും ഉത്കണ്ഠപ്പെടുന്നത്, ഗർഭഭാരം പേറിയും പേറ്റുനോവറിഞ്ഞും മുലചുരത്തിയും വാത്സല്യവും സ്നേഹവും കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന പെണ്ണ്/അമ്മ തന്നെയാണ് എന്ന സത്യം സൂക്ഷ്മമായി പറഞ്ഞുവെക്കുന്നുണ്ട് ഇക്കഥ.
കഥയെഴുത്ത് സർഗ്ഗപ്രക്രിയയുടെ ആനന്ദവും പേരും പ്രശസ്തിയും മാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ് എന്ന് മനസ്സിലാക്കി തരുന്ന
ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ Shihabuddin Poithumkadavu കഥകൾ പേറുന്ന ഉത്കണ്ഠകളും അസ്വസ്ഥതകളും സമൂഹത്തോടുള്ള ഒരു എഴുത്തുകാരന്റെ പ്രതിബദ്ധതയാണ്. ഒപ്പം തന്നെ ദുർബലനായ ഒരു മനുഷ്യന്റെ നിസ്സഹായതയും. 'കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ'യും ഇതിൽ നിന്ന് വിഭിന്നമല്ല.
വായിച്ചു രസിക്കാൻ മാത്രമുള്ളതല്ല, കഥകൾ നമ്മെ അസ്വസ്ഥമാക്കാൻ കഴിയുന്നത് കൂടിയാവണം എന്നതിന് ഉദാഹരണമാണ് ഈ കഥ അടക്കം 'മലബാർ എക്സ്പ്രസ്' എന്ന പൊയ്ത്തുംകടവിന്റെ കഥാ സമാഹാരത്തിലെ ഓരോ കഥകളും.
*_(നജീബ് മൂടാടി)_*
ഈ കഥയുടെ pdf കിട്ടുമോ
ReplyDeleteYes
ReplyDeleteI need pdf of this story
Delete