Tuesday, October 31, 2017

അച്ഛൻ

2016 ഒക്ടോബർ 25 ന് fb യിൽ പോസ്റ്റ് ചെയ്തത്

പീടികപൂട്ടാൻ അവസാന നിരപ്പലകയും ഇടുമ്പോഴാണ് മിക്കവാറും അയാൾ എത്തുക. ദൂരെ എവിടെയോ പണിക്ക് പോയി വരുന്ന വഴിയാണ്.
"അയ്മ്പത്‌ ചായപ്പൊടി, ഇരുനൂറ് പഞ്ചാര, ഇരുനൂറ്റയ്മ്പത് അവില്, ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും ഒരു മെയ്ത്തിരിയും"
  പിന്നെ മറക്കാതെ പൊതിഞ്ഞു വാങ്ങും അഞ്ചാറ് കടലമുട്ടായിയോ നൂറ്‌ കൂന്തിയോ. സാധനങ്ങൾ കയ്യിലെ സഞ്ചിയിലിട്ട്  കടലാസിൽ ചുരുട്ടിയ മെഴുകുതിരി കത്തിച്ച്‌ ഇരുട്ടിലൂടെ അയാളങ്ങു നടന്നുപോകും.

മണ്ണട്ടയും പേക്കാംതവളയും കരയുന്ന വയൽ വരമ്പിലൂടെ നീങ്ങി വരുന്ന മെഴുകുതിരി വെളിച്ചം  അടുത്തടുത്തെത്തുന്നത്  ഉറങ്ങാതെ നോക്കിയിരിക്കുന്നുണ്ടാകും   കുഞ്ഞിക്കണ്ണുകൾ. കോണിക്കല്ല് കയറുന്ന ചെരിപ്പിന്റെ ഒച്ച കേൾക്കുമ്പോഴേ അവർ കോലായിൽ നിന്നിറങ്ങി മുറ്റത്തെത്തും. 

"അച്ഛനിങ്ങ്‌ കേറിക്കോട്ടെടാ" എന്നും "ഒന്നടങ്ങി   നിക്ക് പെണ്ണേ" എന്നും  സഞ്ചി വാങ്ങുമ്പോൾ അമ്മ ശാസിക്കുന്നത് വകവെക്കാതെ  ഉള്ളിലെ പൊതി കിട്ടാനുള്ള  തിടുക്കമായിരിക്കും. അതൊക്കെയും ചെറിയൊരു ചിരിയോടെ  നോക്കി നിൽക്കും അയാൾ.

മുണ്ടും കുപ്പായവും അഴിച്ച്‌ അയയിലിട്ട് തോർത്തുമുടുത്ത്‌ ഉമ്മറത്തിരുന്ന് ബീഡി വലിക്കുന്ന  അച്ഛനോട് കയ്യിലുള്ള കൂന്തിയോ കടലമുട്ടായിയോ  രുചിയോടെ തിന്നുകൊണ്ട്  പറയാൻ എമ്പാടും വിശേഷങ്ങളുണ്ടാകും.

"അച്ഛാ....നാളെ സാഹിത്യ സമാജത്തിന്‌ ഞാൻ പദ്യം ചൊല്ലാനുണ്ട് "
"അച്ഛാ..... നാളെ നിക്കൊരു നൂറു പേജിന്റെ വരയുള്ള നോട്ട് ബുക്ക് വേണേ"
ഒരു പകലിന്റെ മടുപ്പും ഒറ്റപ്പെടലും   പൊളിച്ചു കളഞ്ഞ്‌   അയാൾക്ക് ചുറ്റും സന്തോഷങ്ങൾ   ചിറക് വെച്ച് പറക്കാൻ തുടങ്ങും.

"ഇങ്ങള് കുട്ട്യേളെ വാർത്താനോം കേട്ടിരിക്യാ... വേം കുളിക്ക് ഞാൻ ചോറ് വെളമ്പട്ടെ"
കിണറ്റിൻ കരയിൽ നിലാവ് വീണു കിടക്കുന്നുണ്ടാകും. കിണറിന്റെ ആഴത്തിലേക്ക് ഇറങ്ങി പൊന്തിവരുന്ന  കൊട്ടക്കോരിയിൽ നിന്ന് അമ്പിളി തുളുമ്പി ചിരിക്കും. 
ഒരു പകലിന്റെ ക്ഷീണവും തളർച്ചയും സങ്കടങ്ങളുമൊക്കെ ഓരോ തൊട്ടി വെള്ളത്തിലുമായി ഒഴുകിപ്പോകും.

കുളിച്ചു തോർത്തി വരുമ്പോഴേക്കും മക്കൾ ഉറങ്ങിയിട്ടുണ്ടാകും. പുലർച്ചെ പണിക്ക് പോകുമ്പോഴും അവർ ഉണർന്നിട്ടുണ്ടാവില്ല. കാത്തിരുന്ന് കാത്തിരുന്ന്  രാത്രി   ഇത്തിരി നേരം കിട്ടുന്ന അച്ഛനോട് കിന്നാരവും പരിഭവവും ആവലാതിയും സന്തോഷവുമൊക്കെ പങ്കുവെച്ച ആഹ്ലാദത്തോടെ അവർ.....

 ചിമ്മിണികുപ്പിയുടെ  തിരി നീട്ടിവെച്ച്‌ അയാൾക്ക് ചോറും കറിയും വിളമ്പിക്കൊടുക്കുമ്പോൾ കുട്ടികളുടെ അമ്മ  പറയുന്നുണ്ടാകും പകലിന്റെ വിശേഷങ്ങളും    മക്കളുടെ വർത്തമാനങ്ങളും......

വിളക്ക് കെടുത്തിയാൽ ജാലകത്തിനപ്പുറം കാത്തു നിന്ന നിലാവ് മുറിയിലേക്ക് ഓടിക്കയറും. മധുരം നുണഞ്ഞ മുഖത്തോടെ ഉറങ്ങുന്ന മക്കളുടെ മുഖം  നിലാവെട്ടത്തിൽ  തിളങ്ങുന്നത് നോക്കി    ഉറക്കം വരാതെ  കിടക്കുമയാൾ. സുരക്ഷിതത്വത്തിന്റെ  ഒരു കൈചുറ്റിലേക്ക് അവരെ ചേർത്തു കിടത്തും. 

രാത്രിയിരുട്ടിൽ മധുരമായി കയറി വരുന്നൊരു നിലാച്ചിരിയുടെ തണുപ്പാണച്ഛൻ.

പ്രിയപ്പെട്ട രക്ഷിതാവേ.....അവളെ കേൾക്കാൻ നിങ്ങളല്ലാതെ വേറെ ആരാണ്?

2016 ഒക്ടോബർ 20 ന് fb യിൽ പോസ്റ്റ് ചെയ്തത്

"അവനെന്താ ഒരു കുഴപ്പം. യാതൊരു ദുഃശീലവും ഇല്ല, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ, വിദ്യാഭ്യാസമുണ്ട്,  നല്ല ജോലിയും തരക്കേടില്ലാത്ത വരുമാനവും. നല്ല പെരുമാറ്റം.... നല്ല കുടുംബം.."

ഒരു പെൺകുട്ടി  വിവാഹം കഴിഞ്ഞ്‌ ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ  തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ്  ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന്  വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ  ഏറ്റവും  ഉറ്റവരിൽ നിന്ന് പോലും  ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.

സ്നേഹരാഹിത്യം,  പ്രണയമില്ലായ്മ, അമിതാധികാരവാഞ്‌ച,  ലൈംഗികവൈകൃതങ്ങൾ, ... തുടങ്ങിയ കാരണങ്ങൾ ഒന്നും വിവാഹമോചനത്തിനുള്ള ഒരു ന്യായമായി കാണാൻ സ്വന്തം  മാതാപിതാക്കൾ പോലും തയ്യാറല്ല എന്നതാണ് സത്യം.

മയക്കുമരുന്നുപയോഗം, മദ്യപാനം, പരസ്ത്രീഗമനം, തുടങ്ങി 'നാലാള് കേട്ടാൽ  അംഗീകരിക്കുന്ന' കാരണങ്ങളിൽ ഇപ്പറഞ്ഞതൊന്നും   പെടുന്നില്ല എന്നത് കൊണ്ട് തന്നെ മേല്പറഞ്ഞതൊക്കെയും പക്വതയില്ലാത്ത പെണ്ണിന്റെ 'കഥകുറഞ്ഞ' ചിന്തകൾ മാത്രമായേ വേണ്ടപ്പെട്ടവർ പോലും വിലയിരുത്തൂ.

മതാവടക്കം സ്വന്തക്കാരായ സ്ത്രീകളോട് ഇത് പറയുമ്പോൾ  "എല്ലാരുടെ ജീവിതവും ഇങ്ങനൊക്കെ തന്നല്ലേ... സിനിമയും സീരിയലും ഒന്നുമല്ലല്ലോ ജീവിതം.. കുറേക്കാലം ഒന്നിച്ചു ജീവിച്ചു കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ഇതൊക്കെയങ്ങ്‌ ശരിയാവും" എന്നങ്ങ്‌  നിസ്സാരപ്പെടുത്തിക്കളയും.

"കടവും കള്ളീം വാങ്ങി ഇത്രേം പണം ചെലവാക്കി നാട്ടുകാരെയൊക്കെ വിളിച്ച്‌  കല്യാണം നടത്തീട്ട്‌  ഇത്രപെട്ടെന്ന് ....... ആളുകൾ ചോദിക്കുമ്പൊ എന്താ പറയുക. പുറത്തിറങ്ങി നടക്കാനാവോ"
അടുത്ത ബന്ധുക്കൾ അടക്കം പറയും. എന്നിട്ടും അടങ്ങുന്നില്ലെങ്കിൽ ഇങ്ങനൊരു പൊട്ടിത്തെറി ഉണ്ടാകും.

" കഷ്ടപ്പാടറിയാതെ വളർത്തി ഇല്ലാത്ത കാശ് ചെലവാക്കി നിന്നെയൊക്കെ നിന്റെ ഇഷ്ടത്തിന് പഠിപ്പിച്ചതിന്റെ ഗുണം. പഠിപ്പ് കൂടിപ്പോയതിന്റെ അഹങ്കാരമാണ് നിനക്ക്. നീ മാത്രമല്ല ഈ വീട്ടിൽ  നിന്റെ ഇളയതുങ്ങളുടെ കാര്യവും നീ ആലോചിക്കണം. ഓരോ നിസ്സാര കാരണം പറഞ്ഞ്‌..."

ഇത്രയുമൊക്കെ ആവുമ്പോഴേക്ക് തന്നെ ഒരു മാതിരി പെൺകുട്ടികൾ ഒക്കെ നിശ്ശബ്ദരാകും. തന്നിഷ്ടത്തിന്‌ വിവാഹമോചനം  നേടിയ 'അഹങ്കാരികളായ' പെണ്ണുങ്ങളുടെ ദുരനുഭവങ്ങൾ എമ്പാടും ഉണ്ടാകും ഉദാഹരിക്കാൻ. പ്രായം കൂടിയവരോ രണ്ടോ മൂന്നോ മക്കൾ ഉള്ളവരോ ആയ വിഭാര്യന്മാർ അല്ലാതെ രണ്ടാംകെട്ടിന്  ചെറുപ്പക്കാരെ ഒന്നും കിട്ടില്ല എന്നതും കൂട്ടിച്ചേർക്കും.

ചുരുക്കിപ്പറഞ്ഞാൽ മനസ്സുകൊണ്ട് തീരെ പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത ഒരാളുമായി ആയുഷ്കാലം മുഴുവൻ കഴിയേണ്ടി വരിക എന്ന 'വിധി'യിലേക്ക് അവളെ നിർബന്ധിതയായി വലിച്ചെറിയുക എന്നതാണ്  തങ്ങളുടെ കടമ എന്നാണ് ഉറ്റവർ പോലും കരുതുന്നത്.

ഇനി മകളുടെ സന്തോഷമാണ് ഏറ്റവും വലുത് എന്ന് കരുതുന്ന മാതാപിതാക്കൾ ആണെങ്കിൽ ഭർത്താവിന്റെ വേണ്ടപ്പെട്ടവരോട് ഈ കാര്യം സംസാരിച്ചു എന്നിരിക്കട്ടെ. ആ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണം അവൾക്ക് വേറെ ആരോടെങ്കിലും ബന്ധം  ഉണ്ടോ എന്ന് അന്വേഷിക്കണം എന്നാവും. (സ്വന്തക്കാരിൽ നിന്ന് പോലും ഈ കുശുകുശുപ്പ് ഉണ്ടാകും). മാത്രമല്ല അവൾ പഠിച്ച/പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഡിറ്റക്ടീവിനെ വെല്ലുന്ന രീതിയിൽ വിശദമായ അന്വേഷണം തന്നെ നടത്താനും, ഒരു ചെറിയ തെളിവെങ്കിലും കിട്ടാൻ മൊബൈൽ ഫോൺ സോഷ്യൽ മീഡിയ ഇടപെടലുകൾ ഒക്കെയും അരിച്ചു പെറുക്കി അന്വേഷിക്കാനും ഉത്സാഹിച്ചിറങ്ങും.  കാരണം വേറെ ഒരു പുരുഷനോട് അടുപ്പമില്ലാതെ ഒരു പെണ്ണ് തന്റെ കെട്ടിയവനെ വേണ്ടെന്ന് വെക്കാൻ യാതൊരു ന്യായവും ഇല്ല എന്നാണല്ലോ വെപ്പ്.  അതും സൽസ്വഭാവിയും സുമുഖനും പഠിപ്പും ജോലിയും ചുറ്റുപാടും ഒക്കെയുള്ള ഒരു ചെറുപ്പക്കാരനെ.

ദാമ്പത്യജീവിതത്തിൽ ഭർത്താവിൽ നിന്ന്  ലഭിക്കേണ്ട സ്നേഹം, കരുതൽ, പ്രണയം, ആസ്വാദ്യകരമായ രതി ഇതൊന്നും എന്താണ് എന്നുപോലും അറിയാത്ത ഒരാളെയാണ് തന്റെ ഭർത്താവായി ലഭിച്ചത് എന്ന് തിരിച്ചറിയുന്ന, യോജിപ്പിനെക്കാൾ വിയോജിപ്പിന്റെ ഇടങ്ങളാണ് തങ്ങൾക്കിടയിൽ ഏറെ എന്ന് മനസ്സിലാക്കുന്ന അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പെൺകുട്ടി ഇങ്ങനെ ഒരു ദാമ്പത്യം വേണ്ട എന്ന് ചിന്തിക്കുകയും വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഈ എഴുതിയതൊക്കെയും.

നാലാള് കേട്ടാൽ മാനക്കേടായ ദുശീലങ്ങൾ മാത്രമാണ് ഒരു പെണ്ണിന് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാനുള്ള ന്യായം എന്ന് കരുതുന്ന ഒരു സമൂഹത്തിന്‌,   സ്നേഹവതിയുമായ ഒരു ഭാര്യയുടെ  വിവേകപൂർണ്ണമായ ഇടപെടലുകളിലൂടെ ദുശീലങ്ങൾ നിർത്തി സ്നേഹസമ്പന്നനും കുടുംബസ്നേഹിയും ആയ ഒരു ഭർത്താവാക്കി മാറ്റാൻ ചിലപ്പോൾ സാധിച്ചേക്കാമെങ്കിലും ( അങ്ങനെ  സഹിച്ചു ജീവിക്കണം എന്നല്ല) ഒരു പെണ്ണിനെ പരിഗണിക്കാനോ അംഗീകരിക്കാനോ പ്രണയപൂർവ്വം ഇടപെടാനോ അറിയാത്ത ഒരാളെ തിരുത്തിയെടുക്കാൻ ഒരു പെണ്ണിനും സാധ്യമല്ല എന്ന് മനസ്സിലാക്കുന്നില്ല.

അവളുടെ ഭാഗത്ത്‌ കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ലെങ്കിൽ ചിലരെങ്കിലും അവസാനശ്രമം എന്ന നിലയിൽ ദൈവീകശിക്ഷയെ കുറിച്ച് പറഞ്ഞു പേടിപ്പിക്കാൻ ആണ് ശ്രമിക്കുക.  പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത  ദാമ്പത്യത്തിൽ നിന്നും വിടുതൽ നേടാൻ മതം അനുവദിച്ച വിവാഹമോചനം എന്ന അവകാശത്തെ അപഹസിക്കൽ ആണിത്.

വിവാഹം കഴിഞ്ഞു ഏറെനാൾ കഴിയും മുമ്പ് തന്നെ മകൾ വിവാഹമോചിതയാവുന്നത്  അഭിമാനപ്രശ്നം ആയി കരുതുന്ന പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല തങ്ങളുടെ പ്രിയപ്പെട്ട മകൾ എല്ലാം സഹിച്ചു സഹിച്ച്‌ മനോനില തെറ്റുകയോ ചിലപ്പോൾ ആത്‌മഹത്യയിൽ എല്ലാം അവസാനിപ്പിക്കുകയോ ചെയ്താൽ ഇപ്പറഞ്ഞ അഭിമാനമൊക്കെ എവിടെ എത്തും എന്നത്.

മിസ്‌കോൾ പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പാതിരാത്രിയിലെ 'സദാചാരപോലീസ്' ഇടപെടലുകളും ഒക്കെ ഏറി വരുമ്പോൾ എല്ലാം 'പെണ്ണിന്റെ കാമഭ്രാന്ത്‌' എന്നങ്ങ്‌ അടച്ചാക്ഷേപിക്കുമ്പോൾ നാം ഓർക്കാറില്ല ഇതിൽ ചിലതെങ്കിലും വരണ്ടുപോയ ദാമ്പത്യജീവിതത്തിൽ നിന്നും ഉള്ള രക്ഷപ്പെടൽ കൂടി ആണെന്ന്. സ്നേഹമോ അംഗീകാരമോ പരിഗണനയോ ലഭിക്കാത്ത മക്കളെ ഓർത്തും  കടമ എന്ന രീതിയിലും  മുന്നോട്ടു നീങ്ങുന്ന ദാമ്പത്യത്തിന്റെ ഇരുട്ടറയിൽ നിന്നും വെളിച്ചം കിട്ടുന്ന ഇടത്തേക്കുള്ള തല നീട്ടൽ.

  പഴയകാലത്തെ അപേക്ഷിച്ച്‌ മക്കളെ പ്രത്യേകിച്ചും പെണ്മക്കളെ ഏറെ വത്സല്യത്തിലും സ്നേഹത്തിലും വളർത്തുന്ന രക്ഷിതാക്കൾ ആണ് ഇന്ന് ഏറെയും. അവരുടെ സുഖത്തിനും സന്തോഷത്തിനും ഏറെ മുൻഗണന നൽകുന്നവർ.

അതുകൊണ്ടു തന്നെ മകളുടെ നല്ലൊരു ജീവിതത്തിനു വേണ്ടി ഒരു വരനെ തെരഞ്ഞെടുക്കുമ്പോൾ സമ്പത്തും സൗന്ദര്യവും സാമൂഹ്യമാന്യതയും മാത്രം നോക്കാതെ നിങ്ങളുടെ മകളെ സ്നേഹിക്കാനും സന്തോഷം നൽകാനും കഴിയുന്ന ഒരാളാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ മകൾ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് പറയുമ്പോൾ അത് കേൾക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക. വളർത്തുദോഷം കൊണ്ടുള്ള 'പായ്യാരം പറച്ചിലാ'യി അതിനെ നിസ്സാരപ്പെടുത്തതിരിക്കുക. സമ്പത്തികനഷ്ടം അഭിമാനപ്രശ്നം ഇതൊക്കെ പറഞ്ഞ്‌ അവളെ വായടപ്പിക്കാതിരിക്കുക.  ബൈക്കിൽ ചുറ്റിപ്പിടിച്ചു വന്ന് ഇറങ്ങിയത് കൊണ്ടോ ഹണിമൂൺ യാത്ര നടത്തിയത് കൊണ്ടോ സംതൃപ്തമായൊരു ദാമ്പത്യ ജീവിതമാണ് മകളുടേത്  എന്ന് ഉറപ്പിക്കാതിരിക്കുക.

അങ്ങേയറ്റം ചിന്തിച്ചും ഒരുപാടു വട്ടം ആലോചിച്ചും ഏറെ പേടിച്ചും ആശങ്കപ്പെട്ടുമാണ്  അവൾ സ്വന്തം സങ്കടങ്ങളെ നിങ്ങൾക്ക് മുന്നിൽ നിവർത്തി വെക്കുന്നത്. അത് ക്ഷമാപൂർവ്വം കേൾക്കാനും വേണ്ട രീതിയിൽ ഇടപെടാനും  മുൻകൈ എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.

പൊരുത്തപ്പെടാൻ ആകാത്ത  ദാമ്പത്യമെന്ന  മലവെള്ളപ്പാച്ചിലിൽ  നിന്നും കരകയറാൻ  സ്വന്തം മകൾ നിങ്ങളിലേക്ക് നീന്തി വന്ന് കൈ നീട്ടുമ്പോൾ "ഇത്  മനോഹരമായ തടാകമാണ് നീന്തി ഉല്ലസിക്കൂ" എന്ന് വീണ്ടും വീണ്ടും അവളെ കുത്തൊഴുക്കിലേക്ക് തള്ളിയിടുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ എമ്പാടും പേരുണ്ടാകും. അവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ.

ധനമോ ആരോഗ്യമോ അല്ല നല്ലൊരു ദാമ്പത്യത്തിന്റെ കാതൽ. പരസ്പരം സ്നേഹിച്ചും പൊരുത്തപ്പെട്ടും അംഗീകരിച്ചും ഹൃദ്യമായൊരു ബന്ധമാണത്. വലിയ വീടും വാഹനവും വസ്ത്രങ്ങളും യാത്രകളും  മികച്ച ദാമ്പത്യത്തിന്റെ അടയാളങ്ങൾ ആകണമെന്നില്ല.

പ്രിയപ്പെട്ട രക്ഷിതാവേ വിവാഹിതയാവുന്നതോട് കൂടി നിങ്ങളുടെ മകൾ നിങ്ങൾക്ക് അന്യായാവുന്നില്ല.  ഭർത്താവ് എത്ര പ്രിയപ്പെട്ടവൻ ആയാലും ഏതൊരു ചെറിയ സങ്കടത്തിലും അവൾ ആദ്യമോർക്കുക സ്വന്തം മാതാപിതാക്കളെ ആണ്. ഭർത്താവ് തന്നെ ഉള്ളിൽ പുകച്ചിലുയർത്തുന്ന വലിയൊരു വേദനയാകുമ്പോൾ അവൾ പിന്നെ ആരോടാണ് ഇതൊക്കെ പങ്കുവെക്കുക.

വിവാഹമോചനം എന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല.  ചേർന്നുപോകാനുള്ള ശ്രമങ്ങൾ പരമാവധി ഉണ്ടാകുക തന്നെ വേണം. പക്ഷെ സമൂഹത്തിനു ബോധ്യപ്പെടാൻ പറ്റിയ കാരണങ്ങൾ ഇല്ല എന്ന പേരിൽ ഒരിക്കലും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത ദാമ്പത്യത്തിനു മകളെ നിർബന്ധിക്കാതിരിക്കുക. ചിലപ്പോൾ മരണവേളയിൽ പോലും ആ ഖേദം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കും.

നേരിലറിയുന്ന ചില പെൺജീവിതങ്ങളുടെ  കദനങ്ങൾ അറിയേണ്ടി വന്ന വേദനയിൽ നിന്നാണ് ഈ കുറിപ്പ്.

വിശപ്പിന്റെ രുചിയുള്ള 'ബിരിയാണി'


'നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടിയൊന്ന്‌ കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം കുറ്റവാളിയോ കോമാളിയോ ആയിത്തീരും'
(ബിരിയാണി-കഥ-സന്തോഷ് ഏച്ചിക്കാനം-മാതൃഭൂമി ആഴ്ചപ്പതിപ്പ്)

വെപ്പും തീനുമൊക്കെ പൊങ്ങച്ചവും ആഘോഷവുമായി മാറിയൊരു കാലത്ത്, എണ്ണമില്ലാത്തത്രയും തീറ്റപ്പണ്ടങ്ങൾ ഏറ്റവും രുചിയോടെ വിളമ്പി പത്രാസും പെരുമയും നേടാൻ മത്സരിക്കുന്ന കാലത്ത്, വിശപ്പില്ലാത്തവന്റെ മുന്നിൽ വിളമ്പിയതിൽ പാതിയും തീന്മേശയിലും പിന്നെ 'ദമ്മ്‌ പൊട്ടിക്കാതെ' ചെമ്പിലും ബാക്കിയാവുന്നത് കുഴിച്ചു മൂടിയും അന്നം കൊണ്ട് ആറാട്ട് നടത്തുന്ന,  തിന്ന് തിന്ന് 'കഥയില്ലാതായിപ്പോയ' ഒരു സമൂഹത്തിനു മുന്നിലാണ്  സന്തോഷ് ഏച്ചിക്കാനത്തിന്റെ  'ബിരിയാണി' എന്ന  കഥ പ്രസക്തമാവുന്നത്.

കഥയെഴുത്തിന്റെ സൗന്ദര്യം കൊണ്ട് മാത്രമല്ല കുറഞ്ഞ നാളുകൾ കൊണ്ട് ഈ കഥ മലയാളികളിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്, മറിച്ച് വലിയൊരു  സാമൂഹിക പ്രശ്നം   ലളിതവും ശക്തവുമായി അവതരിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്.

ഹസൈനാർച്ചയോടൊപ്പം കലന്തൻ ഹാജിയുടെ വീട്ടിലേക്ക് പണിക്കായി എത്തിയ ഗോപാൽ യാദവിനെ എതിരേറ്റത് പഞ്ചാബിൽ നിന്ന് നേരിട്ട് കൊണ്ടുവന്ന ബസ്മതി അരി വേവുന്ന കൊതിപ്പിക്കുന്ന സുഗന്ധമാണ്. ആ ഗന്ധം അയാളെ ഭാര്യ മാതംഗിയുടെ ഗർഭകാലം ഓർമ്മിപ്പിച്ചു. ഷുക്കൂർ മിയയുടെ കടയിൽ വെച്ച് ആ വിലപിടിച്ച അരി അയാൾക്ക് കാണിച്ചു കൊടുക്കുമ്പോൾ  തങ്ങളെപ്പോലുള്ള പാവങ്ങൾക്ക്  അതൊരിക്കലും വിലകൊടുത്തു വാങ്ങി ഉണ്ണാൻ കഴിയില്ല എന്നറിയാമെങ്കിലും  ആ വാസനയേറ്റ് അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു. ഗർഭിണിയായ അവളുടെ മോഹത്തെ തന്റെ പരിധിയിൽ നിന്ന് കൊണ്ട് അയാൾ സാധിപ്പിച്ചു കൊടുത്തത് അമ്പത് ഗ്രാം അരി അവൾക്ക് കൊറിക്കാൻ വാങ്ങി കൊടുത്തുകൊണ്ടാണ്.

 ഒരു പശുക്കുട്ടിയെപ്പോലെ  വീട്ടിലെത്തും വരെ ചവച്ചരച്ച അരിമാവ് പാലുപോലെ കടവായിലൂടെ ഒഴുകിയ അവളെ  അത് തുടക്കാൻ സമ്മതിക്കാതെ കൗതുകത്തോടെ നോക്കി നിന്ന ഓർമ്മയിലേക്ക് ആ ഗന്ധം അയാളെ കൂട്ടിക്കൊണ്ടുപോയി.

നാലായിരം പേർക്ക് ഗംഭീര വിരുന്നൊരുക്കുന്ന കലന്തൻ ഹാജിയുടെ വീട്ടു വളപ്പിലേക്ക് ഗോപാൽ യാദവിനെ വിളിച്ചു കൊണ്ടുപോയി വലിയൊരു കുഴികുത്താൻ ഏല്പിച്ച സിനാൻ എന്ന ഫ്രീക്കൻ  ചെറുപ്പക്കാരൻ  മൊബൈലിൽ നോക്കി പറഞ്ഞപ്പോഴാണ് 'ലാൽ മാത്തിയ'  എന്ന തന്റെ നാടുപോലും ഇപ്പോൾ ബീഹാറിൽ അല്ല ജാർഖണ്ഡിൽ ആണ് എന്ന് അയാൾ അറിയുന്നത്. തന്നെപ്പോലെ തന്റെ നാടും നാട് വിട്ടിരിക്കുന്നു!

ലാൽ മാത്തിയയിലെ ഖനനം നിന്ന കൽക്കരിപ്പാടങ്ങളിൽ നിന്ന്  സൈക്കിളിൽ ഇരുനൂറ്റമ്പത് കിലോ കൽക്കരി കയറ്റി നാൽപതു കിലോമീറ്ററും അതിലധികവും ദൂരം തള്ളിയാൽ, പൊലീസുകാരുടെയും ഗുണ്ടകളുടെയും എല്ലാം പിരിവു കഴിച്ചു ബാക്കി വരുന്ന പത്തുരൂപ കൊണ്ട് ജീവിച്ച കാലം, ഹസൈനാർച്ച പേശിയുറപ്പിച്ച ഇരുനൂറ്റിയമ്പത് രൂപക്ക് കുഴിയെടുക്കുമ്പോൾ  അയാൾ ഓർത്തു. ആ ഓർമ്മകളിൽ,  രാവിലെ പുഴുങ്ങിയ പച്ചക്കറിയോടൊപ്പം കഴിച്ച ഇത്തിരി ചോറിന്റെ ബലത്തിൽ   കുഴിയെടുത്തു കഴിയുമ്പോൾ രാത്രി പതിനൊന്നായിരുന്നു.

വിരുന്നു കഴിഞ്ഞ്  അതിഥികൾ പിരിഞ്ഞ വീട്ടിൽ നിന്നും വീപ്പകളിൽ കൊണ്ട് വന്നു തള്ളിയ ബാക്കി വന്ന ഇറച്ചിയും ചോറും കണ്ട് അയാൾ സ്തംഭിച്ചു നിന്നു. ദമ്മ്‌ പൊട്ടിക്കാത്ത ഒരു ചെമ്പ് ബിരിയാണി കൂടി കുഴിയിലേക്കിട്ടു കഴിഞ്ഞു കുഴി വെട്ടിമൂടാൻ പറഞ്ഞപ്പോഴും അയാൾ മരവിച്ചു നിൽക്കുകയായിരുന്നു.

ഗൊദ്ദയിൽ നിന്ന് പാതിരാത്രി സൈക്കിൾ ചവിട്ടി വീട്ടിലെത്തുമ്പോൾ തന്നെയും കാത്ത് വിശന്നുപൊരിഞ്ഞ്‌ അവസാനം മണ്ണു വാരിത്തിന്ന് ഉറങ്ങുന്ന പയർവള്ളിയേക്കാൾ മെലിഞ്ഞ കഴുത്തും ഉന്തിയ വയറും ഉള്ള മകളായിരുന്നു അയാളുടെ മനസ്സിൽ.

എച്ചില് മുഴുവൻ ചവിട്ടിയൊതുക്കി കുഴി മണ്ണിട്ട് മൂടുമ്പോൾ സിനാൻ ചോദിച്ചു
"ഭായീ ഭായിക്കെത്ര മക്കളാ?"
"ഒരു മോള്"
"എന്താ പേര്"
"ബസ്മതി"
..........
"പഠിക്യാണോ?"
"അല്ല"
"പിന്നെ?"
"മരിച്ചു"
.....
"എങ്ങനെ?"
"വിശന്നിട്ട്‌"
ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണ് കൂടി ബസ്‌മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.

ഒരു നടുക്കം ഉള്ളിൽ ഉണർത്തിക്കൊണ്ട് കഥ ഇങ്ങനെ അവസാനിക്കുമ്പോൾ,
ആഢ്യത്വം തെളിയിക്കാൻ വേണ്ടി ധൂർത്തും പൊങ്ങച്ചവും നിറഞ്ഞ  വിരുന്നൊരുക്കി മത്സരിക്കുന്ന, വിഭവങ്ങളുടെ എണ്ണവും രുചിയും പുതുമയും അന്തസ്സായി കരുതുന്ന  ഞാനും നിങ്ങളുമടക്കമുള്ള മലയാളി സമൂഹം ഒരുപാട് ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്.

എത്രയോ പേർ കഴിക്കേണ്ട ഭക്ഷ്യ വിഭവങ്ങളിങ്ങനെ  ധൂർത്തടിച്ചു കളയുമ്പോൾ പട്ടിണി കൊണ്ട് മരിച്ചു തീരുന്ന ഒരുപാട് ബസ്മതിമാർ നമുക്ക് ചുറ്റുമുണ്ട് എന്നതൊരു നേര് മാത്രമാണ്. ദൗർഭാഗ്യവശാൽ ഇതൊക്കെ തിരുത്താൻ മുന്നിട്ടിറങ്ങേണ്ടവർ തന്നെ ഇത്തരം ആർഭാട വിരുന്നുകളിൽ മുഖ്യാതിഥികൾ ആവുന്നത്  നിത്യക്കാഴ്ചയാണ്. ആഹാരം വിശപ്പടക്കാൻ എന്നതിൽ നിന്ന് രുചിമോഹങ്ങളെ തൃപ്തിപ്പെടുത്താനും അതിൽ നിന്നും മാറി പൊങ്ങച്ചവും പത്രാസും കാണിക്കാൻ ഉള്ള ഉരുപ്പടിയും ആയി മാറിയത് നാടിന്റെയും മനുഷ്യരുടെയും സാംസ്കാരികമായ ഉന്നതിയല്ല അധഃപതനമാണ്  വിളിച്ചു പറയുന്നത്.

 ഇത്തരം സാമൂഹ്യാവസ്ഥകളിൽ മാറ്റത്തിന് കാരണമാകാൻ കലയ്ക്കും സാഹിത്യത്തിനും കഴിയണം. അതുകൊണ്ടു തന്നെ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' കഥ എന്നതിലുപരി ഒരു സാമൂഹിക പ്രശ്നം എന്ന രീതിയിൽ ഉറക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഇരുട്ടിൽ അമർന്നു പോയ ചില പ്രണയങ്ങളെ കുറിച്ച്

2016 ജൂലായ് 27 ന് fb യിൽ പോസ്റ്റ് ചെയ്തത്

പണ്ട് പണ്ട്..
ഉപ്പാന്റെ പണത്തിടുക്കത്തിനും ഉമ്മാക്ക് അടുക്കള സഹായത്തിനും വേണ്ടി പെണ്ണ് കെട്ടേണ്ടി വന്ന കുറേ ചെറുപ്പക്കാരും, പുര നിറഞ്ഞു നിക്കുന്ന ഭാരം ഒഴിവായി  വീട്ടുകാർക്ക് ആശ്വാസമാവാൻ കല്യാണത്തിന് കഴുത്തു നീട്ടിക്കൊടുക്കേണ്ടി വന്ന   ബാല്യക്കാരത്തികളും ഉണ്ടായിരുന്നു.

ബൈക്കും കാറും ഹണിമൂൺ യാത്രകളും സ്വപ്നം പോലും അല്ലാത്ത അന്ന്,
ദാമ്പത്യത്തിലെ പ്രണയ വേളകളെ ശാസന നിറഞ്ഞ നോട്ടങ്ങൾക്കു മുന്നിൽ ഒളിപ്പിച്ചു വെക്കേണ്ടി വന്ന അവരുടെ സല്ലാപങ്ങൾ പോലും പാതിരാത്രിയിൽ ചുവരിനപ്പുറത്തേക്ക് തുളുമ്പിപ്പോകുമോ  എന്ന ഭീതിയിൽ പിറുപിറുക്കലായി ഒതുങ്ങിപ്പോയിരുന്നു.

അവളോട് അധികം അടുപ്പം കാണിച്ചാലും  അവൾക്കായി  വാദിച്ചാലും ആണത്തം കുറഞ്ഞവനായി മുദ്രകുത്തപ്പെടുമോ എന്ന പേടിയോടെ അവനും, വശീകരണക്കാരി എന്ന പേരുദോഷം വരുത്താതിരിക്കാൻ അവളും....... അബോധമായെങ്കിലും അകൽച്ചയുടെ മതില് കെട്ടി അവർ കഴിയുന്നത്ര  നിശബ്ദരായി ജീവിച്ചു.

വിരുന്നുപോക്കുകളിൽ എപ്പോഴോ നടുപ്പുഴയിൽ  തോണിപ്പടിയിൽ  അറിയാത്ത മട്ടിൽ കൈത്തലം ചേർത്തു വെച്ചപ്പോൾ അമ്പരപ്പോടെ നോക്കിയ കണ്ണിലെ തിളക്കം  ഉള്ളിൽ കൊളുത്തിപ്പിടിച്ചത്
എന്നെന്നും അവന്റെയുള്ളിലും ....

ഏതോ പാതിരാവിൽ, ഒളിപ്പിച്ചു വെച്ചൊരു കടലാസു പൊതിയിൽ നിന്നെടുത്തു തന്ന ആറാട്ട് പലഹാരങ്ങളുടെ മധുരത്തോടൊപ്പം  കയ്യിലണിയിച്ച കുപ്പിവള കൊണ്ട മുറിവ്  അവളുടെ  നെഞ്ചിലെന്നും   മധുരമായും....

അങ്ങനെ ചിലതൊക്കെ ഓർമ്മയുടെ പളുങ്ക് കുപ്പിയിൽ ഇട്ടുവെച്ച് ഇടയ്ക്കിടെ എടുത്തു നോക്കി താലോലിച്ച്.....

അവരുടെ പേരക്കുട്ടികളാണ് ഇന്ന് പെണ്ണുകാണൽ കഴിഞ്ഞു വന്ന അന്ന് മുതൽ നേരം പുലരുവോളം മൊബൈലിൽ കിന്നരിക്കുന്നത്... കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ മധുവിധു യാത്ര പോകുന്നത്....പ്രവാസനാട്ടിലേക്ക് തിരികെ  പോകുമ്പോൾ  ചേർത്തുപിടിച്ച് പ്രിയപ്പെട്ടവളെ  കൂടെക്കൂട്ടുന്നത്....

ഇതൊക്കെ കണ്ട്  അവർ  ചെറിയൊരു ചിരിയോടെ ഉമ്മറത്തിരിക്കുന്നുണ്ട്...അന്നേരം  അറിയാതെ പഴയ കുപ്പിവള തന്ന മുറിവടയാളത്തിലേക്ക് അവൾ നോക്കിപ്പോകും. അപ്പോളയാൾ പഴയോരോർമ്മയിൽ കൈപ്പടം ആ കൈയിൽ വെച്ചമർത്തി...

അന്നേരം അവളുടെ കണ്ണുകളിൽ വിരിയുന്ന അമ്പരപ്പിന്റെ നോട്ടത്തിനു പകരം നാണം പൂണ്ടൊരു ചിരി പൂത്തു നിൽക്കും.

സങ്കടത്തിന്‌ കൂട്ടിരിക്കുന്ന ചില വെളിച്ചങ്ങൾ

2016 ജൂലായ് 25 ന് fb യിൽ ഇട്ടത്

ആളൊഴിഞ്ഞ് അനക്കമറ്റ തെരുവുകളും ഇരുട്ടിലേക്ക് വീണുപോയ എടുപ്പുകളുമായി  ഉറക്കത്തിലാണ്ടുപോയ നഗരങ്ങളിലൂടെ പാതിരാത്രികളിൽ  നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടോ?

 നഗരവഴിക്കരകളിൽ ആകാശത്തിലേക്ക് എകർന്നു പോകുന്ന ആശുപത്രിക്കെട്ടിടങ്ങളിലെ ചില മുറികളിൽ മാത്രം നിറഞ്ഞ വെളിച്ചം കത്തി നിൽക്കുന്നുണ്ടാകും. ആ വെളിച്ചങ്ങളിൽ ഏറെയും സങ്കടങ്ങളുടെ കൂട്ടിരിപ്പുകാരണല്ലോ എന്നത് പുറത്തെ ഇരുട്ടുപോലെ നമ്മെ തൊടും.

ICU വിനു പുറത്തെ കസേരകളിൽ നിശ്ശബ്ദരായിരിക്കുന്നവർ. ചില്ലു വാതിലിനുള്ളിലെ ഏറ്റവും പ്രിയപ്പെട്ടൊരു ജീവനെ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനകൾ മാത്രമായിരിക്കും അവരുടെ ഉള്ളിൽ. കൂടെയുള്ളവർ വാക്കുകളില്ലാതെ കൈകൾ ചേർത്തു പിടിച്ച് ആശ്വാസമായി അരികിലിരിക്കും. അപ്പോൾ കഴിഞ്ഞുപോയ കാലത്തെ ഒപ്പമുണ്ടായിരുന്ന നല്ലയോർമ്മകളൊക്കെ ഉള്ളിലേക്ക് കുതിച്ചെത്തി കരയിക്കും...

അപ്പുറത്തൊരു മുറിയിൽ പങ്കയുടെ മൂളിച്ചക്ക് ചോട്ടിലൊരു ഇരുമ്പുകട്ടിലിൽ വേദനകൊണ്ട് പുളയുന്നൊരു  പ്രിയത്തെ ചേർത്തു പിടിച്ച് ആശ്വാസവാക്കുകൾ കൊണ്ട് പുതപ്പിക്കുന്നുണ്ടാവും ഒരാൾ. വേദനയുടെ പിടച്ചിലിലും ഇടക്ക് നമ്മുടെ മക്കളെന്നൊരു തേങ്ങലുയരും. അപ്പോൾ നിലയില്ലാക്കയത്തിലേക്ക് വീണുപോവുന്ന സങ്കടത്തോടെ  അയാൾ......

 ഇടനാഴിക്കപ്പുറത്ത് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി ഒരു ചെറുപ്പക്കാരൻ ശിലപോലെ നിൽക്കുന്നുണ്ടാകും. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ  വീട്ടിത്തീർക്കാൻ ആവാതെ പോയ ചില സന്തോഷങ്ങളെ ചൊല്ലിയുള്ള ഖേദം ഉള്ളിലിങ്ങനെ കുത്തി നോവിച്ചു കൊണ്ടിരിക്കും. പിച്ച വെക്കുമ്പോൾ മുറുകെ പിടിച്ച വിരലുകളിലൂടെ അപ്പോഴൊരു സ്നേഹത്തണുപ്പ് കരയിക്കും.  ഒരിക്കൽ കൂടിയെന്ന് ഉള്ളം പിന്നെയും പിന്നെയും കെഞ്ചും.........

ഇതൊക്കെ എത്ര കണ്ടതെന്ന ഭാവത്തോടെ ഒരു അങ്ങാടിപ്രാവ് കെട്ടിടത്തിന്റെ ഇരുട്ടു മൂലയിലെ കൂട്ടിൽ ഉറക്കം പിടിച്ചിട്ടുണ്ടാകും. പകൽതിരക്കിൽ തീറ്റ തേടിപ്പറക്കാനുള്ള സ്വപ്നങ്ങളിലേക്കാവും അതിന്റെ ചിറകുകൾ വിടരുന്നത്.

ഉറക്കത്തിലാണ്ടുപോയ നഗരങ്ങളിലെ  ആശുപത്രി ജാലകങ്ങളിലൂടെ ചിതറുന്ന വെളിച്ചങ്ങൾ  സങ്കടങ്ങളായി കൂടെപ്പോരാറുണ്ട് പലപ്പോഴും.

കുറുഞ്ചാത്തൻ ദ പ്രണയി


2016 ജൂലായ് 23 ന് fb യിൽ ഇട്ടത്


അല്ലേലും നമ്മൾ മലയാളീസിന് ആത്മാർത്ഥ പ്രണയവും ത്യാഗവും ഒക്കെ വെറും തമാശയണല്ലോ.  അത് കൊണ്ടല്ലേ നമ്മുടെ കൊടും സ്വാർത്ഥതയുടെ റേഞ്ചിലേക്ക് മാറാത്ത മിണ്ടാപ്രാണിയായ  ആ  മഹാപ്രണയിയെ  നാം കാലാകാലങ്ങളായി പരിഹസിച്ചു കൊണ്ടിരിക്കുന്നത്. ഇത്തിരി വെയിൽച്ചൂട് തട്ടുമ്പോഴേക്കും കട്ട ചങ്കിനെ  വിട്ട് മെല്ലെ തണലത്തേക്ക് വലിഞ്ഞാൽ മാത്രമാണല്ലോ നമ്മുടെ കണ്ണിൽ ജീവിക്കാൻ പഠിച്ച യോഗ്യനാവുക!!!

പറഞ്ഞു വരുന്നത് നമ്മുടെ പഴയ  കുറുഞ്ചാത്തൻ  ബ്രോ യെ കുറിച്ച് തന്നെ. ഊണിലും ഉറക്കിലും ഒപ്പം കഴിഞ്ഞ തന്റെ ചങ്കായ മിസ് എള്ള് സുന്ദരി  തന്റെ ജന്മ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ, വെയിലേറ്റുണങ്ങി മനസ്സും ശരീരവും ദൃഢമാക്കി ഖരവും ദ്രവവുമായി മാറി പുതിയ നിയോഗത്തിലേക്ക് ചുവടു വെക്കാൻ ഒരുങ്ങുമ്പോൾ,  ജീവൻ പോകും എന്നുറപ്പായിട്ടും തീവെയിലിനെ തൃണവൽഗണിച്ച് (ഫ... പുല്ലേ എന്ന പഞ്ച് ഡയലോഗ് )  പ്രിയയോട് ചേരാൻ സ്വയം ഉണങ്ങി ഇല്ലാതായ  ത്യാഗി. ഒടുവിൽ തന്റെ ഹൃദയത്തിന്റെ അറയിൽ എവിടെയെങ്കിലും   ബാക്കിയായ ഇത്തിരി രക്തം എണ്ണയിലേക്കും ജീവൻ വെടിഞ്ഞ പുറന്തോട് പിണ്ണാക്കിലേക്കും ലയിപ്പിച്ച്   ഹൃദയേശ്വരിയോടൊപ്പം ചേർന്നവൻ. നിങ്ങൾ മനുഷ്യരെ കുറിച്ചെഴുതിയ നൂറായിരം പ്രണയ കഥകളിൽ എവിടെയെങ്കിലും ഉണ്ടോ ഇങ്ങനൊരു തീവ്ര പ്രണയം. ഇത്രമേൽ ത്യാഗം. ബലി. ആ ചങ്കൂറ്റവും ഇത്തിരിപ്പോന്ന ഉടലിലെ വലിയ മനസ്സും ഉൾക്കൊള്ളാൻ മാത്രം ഹൃദയ വിശാലതയില്ലാത്ത വെറും സ്വാർത്ഥ പ്രണയികളായ നാം പരിഹാസത്തോടെ പിന്നെയും പിന്നെയും ചോദിക്കുന്നു "എള്ളുണങ്ങുന്നത് എണ്ണക്ക് കുറുഞ്ചാത്തനോ"

ശരിക്കും പറഞ്ഞാൽ ആ മഹത്തായ പ്രണയത്തെ   കുറിച്ച് മഹാകാവ്യങ്ങൾ ആണ് രചിക്കേണ്ടത്. ബട്ട് എന്ത് ചെയ്യാം. ത്യാഗികളെ എപ്പോഴും സംശയ ദൃഷ്ടിയോടെ കാണുകയും തഞ്ചം കിട്ടിയാൽ പരിഹസിക്കുകയും മാത്രമാണല്ലോ നമ്മുടെ ശീലം.

തളരരുത് കുറുഞ്ചാത്തൻ ബ്രോ തളരരുത്..കാലം കഴിയുമ്പോൾ ലോകം ഈ ആത്മാർത്ഥ പ്രണയം തിരിച്ചറിയും. അന്നവർ നിങ്ങളെ കുറിച്ച് കഥകളും കവിതകളും സിനിമകളും രചിക്കും. പാലങ്ങൾക്കും റോഡുകൾക്കും നിങ്ങളുടെ പേര് വെക്കും.  നിങ്ങളുടെ പേരിൽ എൻഡോവ്മെന്റും അവാർഡും ഏർപ്പെടുത്തും. ചിലപ്പോൾ നിലവിലെ പ്രണയ ദിനത്തിന് പകരം ഒരു കുറുഞ്ചാത്തൻ ഡേ തന്നെ കൊണ്ടാടും..

ബിക്കോസ് വി മലയാളി ഡാ😊😊

മങ്കട സംഭവത്തിന്റെ ചെലവിൽ, 'കാമമടക്കി കഴിയുന്ന' ഗൾഫ് പ്രവാസികളെയും ഭാര്യമാരെയും ഉപദേശിക്കുന്നവരോട്.

2016 ജൂലായ് 2 ന് ഫേസ്‌ബുക്കിൽ ഹിറ്റായ പോസ്റ്റ്.

പ്രവാസികളായി ഏറെനാൾ മാറി നിൽക്കാതെ കുടുംബത്തോടൊപ്പം ജീവിക്കൂ എന്ന സദുദ്ദേശമായിരിക്കാം  ഈ പോസ്റ്റുകൾക്ക്  പിറകിൽ.  പക്ഷെ അത് സ്ഥാപിക്കാൻ വേണ്ടി പ്രവാസികളായ പുരുഷന്മാരെയും അവരുടെ ഭാര്യമാരെയും കുറിച്ച് എഴുതുന്ന  വരികളുണ്ടല്ലോ.. അത് വായിച്ച് ഒന്നും മിണ്ടാതെ പോകാൻ തോന്നാത്തത് കൊണ്ട് രണ്ടു വാക്ക്.

ഈ ഇക്കിളി വരികൾ ആസ്വദിക്കുന്നവരുണ്ടാകും, പക്ഷെ  നിങ്ങൾ അടച്ചാക്ഷേപിക്കുന്നത് അന്തസ്സായി ജീവിക്കുന്ന ഒരുപാട് പതിവ്രതകളെയാണ്. കെട്ടിയവൻ അടുത്തില്ലായെങ്കിൽ കാമമിളകി കണ്ടവന്റെ കൂടെയാണ് ഗൾഫുകാരന്റെ ഭാര്യ എന്ന് അമർത്തിച്ചിരിക്കുന്ന, അങ്ങാടിയിൽ തിണ്ണ നിരങ്ങിയും വായിൽ നോക്കിയും ജീവിതം തീർക്കുന്നവരുടെ അതേ വാചകം ഗൾഫ് പ്രവാസികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരുടെയും  വാളിൽ കാണുമ്പോൾ   ഒട്ടും ഭൂഷണമായി തോന്നുന്നില്ല.

ഒന്ന് ചോദിച്ചോട്ടെ കെട്ടിയവൻ അടുത്തുണ്ടായിട്ടും ഇത്തരം സുഖങ്ങൾക്ക് പിറകെ പോകുന്ന സ്ത്രീകൾ  വേറെ എമ്പാടും ഇല്ലേ നാട്ടിൽ.  ഭർത്താവ് അടുത്തില്ലാത്ത  ഗൾഫുകാരുടെ ഭാര്യമാരല്ല fb അടക്കം സോഷ്യൽ മീഡിയയിൽ  ഏറെ എന്ന് ഇവിടെ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇവരെല്ലാം മോശക്കാർ എന്നല്ല പറഞ്ഞു വരുന്നത്. സൈബർ ഒളിസേവയുടെ ഈ ആഘോഷകാലത്ത് അപഥസഞ്ചാരത്തിന്  സൗകര്യപ്രദമായ ഇടമായി ഫേസ്‌ബുക്കും  ദുരുപയോഗപ്പെടുത്തുന്നതിൽ  ഗൾഫുകാരുടെ  ഭാര്യമാരല്ല കൂടുതൽ എന്നത് ഒരു യാഥാർഥ്യം മാത്രമല്ലേ. സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും കൊല്ലാൻ കാമുകനെ ചട്ടം കെട്ടിയത് ഭർത്താവ് കൂടെയുള്ള  അഭ്യസ്തവിദ്യയായ IT ഉദ്യോഗസ്ഥ ആയിരുന്നുവെന്നും ഏതെങ്കിലും ഗൾഫുകാരന്റെ കെട്ടിയവൾ ആയിരുന്നില്ല എന്നതും സൗകര്യപൂർവ്വം അങ്ങ് മറക്കാം അല്ലെ?
നാട്ടിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ നിന്ന് പിടിക്കപ്പെടുന്നതും അതിലേറെ പിടിക്കപ്പെടാത്തതും ഗൾഫുകാരുടെ ഭാര്യമാർ അല്ല  എന്നത് കൂടി ഓർത്താൽ നന്ന്.

മറുനാട്ടിൽ ഒറ്റക്ക് കഴിയുന്നവരൊക്കെ കാണുന്ന പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കിയും നീലച്ചിത്രങ്ങൾ കണ്ടും കാമചിന്തയാൽ ഉഴറി കഴിയുകയാണ് എന്ന്   ഊഹിച്ചങ് എഴുതിയുണ്ടാക്കുന്നവരോട് ഒരു ചോദ്യം.  ഇങ്ങനെ കാമം അടക്കാൻ കഴിയാതെ ഏതെങ്കിലും പെണ്ണിനെ കയറിപ്പിടിച്ചെന്നോ പീഡിപ്പിച്ചെന്നോ എത്ര പ്രവാസികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്?

നാട്ടിൽ  ബസ്സിലായാലും
നടുറോട്ടിലായാലും ഒരു നൂലിന്റെ മറ കിട്ടിയാൽ പെണ്ണിനെ തോണ്ടുകയും പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ അടുത്തില്ലാത്ത  ഗൾഫുകാരനാണോ? ബാസ്റ്റാന്റിന്റെ പിറകിലെ ഇരുട്ടിൽ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വരെ നടക്കുന്ന മാംസക്കച്ചോടത്തിലെ ഉപഭോക്താവ് കെട്ടിയവൾ അടുത്തില്ലാതെ കാമം മൂത്തു നടക്കുന്ന ഗൾഫുകാരനാണോ? കുളക്കടവിലും തുണിക്കടയിലും കിടപ്പറയിലുമടക്കം  ഒളിക്യാമറ വെച്ച് പിടിച്ചും മൊബൈൽ വഴി വിതരണം ചെയ്തും  പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നത് കുടുംബം പോറ്റാൻ വേണ്ടി കടൽ കടന്നുപോയി ഒറ്റത്തടിയായി കഴിയുന്നവനല്ല. കെട്ടിയവളും കാമുകിയും പോരാത്തതിന് വെപ്പാട്ടിയും ഉണ്ടായിട്ടും മതിയാവാത്ത, നാട്ടിൽ ജീവിക്കുന്നവർ തന്നെയാണ് സർ.

വാരിക്കൂട്ടാനുള്ള ആർത്തി  മൂത്താണ് ഗൾഫിൽ അള്ളിപ്പിടിച്ചു നിൽക്കുന്നതെന്ന് പരിഹസിക്കുന്നവരേ,  കണ്ണ് തുറന്നൊന്നു അന്വേഷിച്ചു നോക്കൂ ഭൂരിപക്ഷം വരുന്ന ഗൾഫ് പ്രവാസികളുടെ ശരാശരി വരുമാനം എത്രയാണെന്ന്. നാട്ടിൽ 7000 കിട്ടിയവന് ഒറ്റയടിക്ക് 18000 ആയ വാർത്ത കണ്ട് അന്തം വിടാനെ ഞങ്ങൾക്ക് കഴിയൂ.  പിന്നെ 'ഈരെടുത്താൽ പേൻ കൂലി ചോദിക്കുന്ന', ഗൾഫുകാരനെ എങ്ങനെയൊക്കെ പിഴിയാം എന്നതിൽ ഗവേഷണം നടത്തുന്ന ഒരു നാട്ടിലേക്ക് ആരാണ്  എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോരുക.

ദാമ്പത്യം എന്നാൽ കാമശമനത്തിനുള്ള  ഒരു  ഏർപ്പാട് മാത്രമാണ് എന്ന  ധാരണയാണ് പലർക്കും ഗൾഫുകാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യത്തിൽ ഇത്ര ഉത്കണ്ഠയുണ്ടാകാൻ കാരണം. ആ കുടുസ്സായ ചിന്തയുള്ളവർക്ക് ഇണകൾ എപ്പോഴും 'പൂശാൻ മുട്ടി നടക്കുന്ന'  രണ്ട് ശരീരങ്ങൾ മാത്രമാണ്. 

ആണിന് ഗൾഫിൽ വെച്ചും പെണ്ണിന് നാട്ടിലും തെറ്റ് ചെയ്യാൻ എമ്പാടും അവസരവും പ്രലോഭനങ്ങളും ഉണ്ടായിട്ടും അതിലേക്കൊന്നും മാറിപ്പോകാതെ ഇണയോടുള്ള സ്നേഹവും വിശ്വാസ്യതയും കളങ്കപ്പെടുത്താതെ ജീവിക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ മനസ്സിലാവണം എന്നില്ല. ദാമ്പത്യത്തിൽ ശരീരം മാത്രമല്ല രണ്ടു മനസ്സുകളുടെ സ്നേഹവും കരുതലും പ്രണയവും ഒക്കെയുണ്ട് സാർ. അതിനു മുമ്പിൽ കുറച്ചു കാലം കാമം അടക്കിപ്പിടിച്ചു നിൽക്കുക എന്നത് നിസ്സാരമാണ്.  കാമത്തേക്കാൾ  ഇരു കൂട്ടരുടെയും മനസ്സിൽ അകന്നു നിൽക്കുമ്പോൾ അധികരിക്കുന്ന  സ്നേഹവും ഇഷ്ടവും ആണ്. ഓർമ്മകളാണ്. മനുഷ്യൻ മൃഗത്തിൽ നിന്ന് വ്യത്യസ്തനാകുന്നത് അവിടെയാണല്ലോ.

ഭർത്താവിന്റെ അഭാവത്തിൽ വീട് കുടുംബം മക്കൾ എന്നിങ്ങനെ എമ്പാടും ഉത്തരവാദിത്തങ്ങളുമായി കഴിയുന്നൊരു പെണ്ണിനും കണ്ണെത്താദൂരത്ത്‌  തന്റെ കുടുംബത്തിനായി മരുഭൂമിയിൽ കഷ്ടപ്പെടുന്നവനും കാമം മാത്രമല്ല ചിന്ത.

ഒളിച്ചോടുന്ന ഗൾഫുകാരുടെ ഭാര്യമാരെ കുറിച്ച് മാത്രം ചർച്ച ചെയ്യാനെ സമൂഹത്തിനു താല്പര്യം ഉള്ളൂ. ഗൾഫുകാരന്റെ ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കാൻ ക്യാമറ കണ്ണുമായി ഇരിക്കുന്ന ഒരു വിഭാഗം, ചിലതൊക്കെ കൊതിക്കെറുവ് കൊണ്ട്  കെട്ടിയുണ്ടാക്കുന്ന  കഥകൾ. ഇതൊക്കെ വെച്ച് പൈങ്കിളികഥകൾ പടച്ച് രസിക്കാൻ വല്ലാത്ത ഹരമാണ് പലർക്കും.

എല്ലാ ഗൾഫുകാരും  പ്രവാസിഭാര്യമാരും  സൽഗുണ സമ്പന്നർ ആണ് എന്ന് പറയുന്നില്ല. പക്ഷെ ആരോപിക്കും  മുമ്പ് ചുറ്റുപാടും ഒന്ന് നോക്കുക. ചെറിയൊരു ശതമാനം ചെയ്യുന്ന തെറ്റിന് ഒരു വിഭാഗത്തെ മൊത്തം അടച്ചാക്ഷേപിക്കരുത്.

അഗമ്യഗമനത്തിന്റെ നാറിയ കഥകൾ നാട്ടിൽ എമ്പാടും ഉണ്ടാകും. അപൂർവ്വമായി അതിൽ വല്ല ഗൾഫുകാരന്റെ ഭാര്യയും പെട്ട് പോകുമ്പോഴേക്കും എല്ലാരും കൂടെ ദയവുചെയ്ത് ഗള്ഫുകാരെയും അവരുടെ കെട്ട്യോൾ മാരെയും  ഉപദേശിച്ചു നന്നാക്കാൻ വരല്ലേ. ആവശ്യത്തിൽ കൂടുതൽ കുറ്റപ്പെടുത്താലും പഴി കേൾക്കലും കേട്ട് മടുത്തു പോയ ഒരു വിഭാഗമാണ്. പ്രതികരിക്കാതിരിക്കുന്നത് അറിയാഞ്ഞിട്ടല്ല. ഇതുകൊണ്ടൊന്നും ആരുടേയും ധാരണകളെ തിരുത്താൻ കഴിയില്ല എന്ന് കാലങ്ങൾ കൊണ്ട് ബോധ്യം വന്നതിനാലാണ്.

പരിശുദ്ധ മാസത്തിൽ ഇത്തരം വിഷയങ്ങൾ എഴുതാൻ താല്പര്യം ഉണ്ടായിട്ടല്ല. പക്ഷെ നിരന്തരമായ ഈ മെക്കിട്ട്കേറൽ കാണുമ്പോൾ  ഒരു ഗൾഫുകാരൻ എന്ന നിലയിൽ മാത്രമല്ല ഇതൊക്കെ വായിച്ചു പകച്ചു പോകുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്ക് വേണ്ടിയും   ഇത്രയെങ്കിലും പറഞ്ഞേ പറ്റൂ. ക്ഷമിക്കുക.