Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, November 21, 2017

വേലായുധൻ മാഷ്



മൂടാടി മാപ്പിള എൽ പി സ്‌കൂളിലെ പഠനകാലം അവസാനിച്ച്‌,  വീമംഗലം യു പി സ്‌കൂൾ എന്ന പുതിയ   ലോകത്തേക്ക്‌ പോകുന്നത് കുറച്ചു പത്രാസുള്ള കാര്യമാണ്. മദ്രസയിൽ ഞങ്ങളോടൊപ്പം പഠിക്കുന്ന ചിലരും  അതിനു മുകളിലെ ക്ലാസ്സിൽ ഉള്ളവരുമൊക്കെ അവിടെയാണ് പഠിക്കുന്നത്. എമ്പാടും കുട്ടികളും ക്ലാസ്സുകളും മാഷന്മാരും ടീച്ചർമാരും ഉള്ള  വീമംഗലം സ്‌കൂളിലെ  അതിശയങ്ങൾ പറഞ്ഞ്‌  അവരൊക്കെ ഞങ്ങളെ കൊതിപ്പിക്കാറുണ്ട്.
പുതിയൊരു അത്ഭുതലോകത്തേക്ക് കയറിച്ചെല്ലാനും മുതിർന്നവരുടെ കൂട്ടത്തിലേക്ക് മാറാനും ഒക്കെയുള്ള വാതിലാണ് തുറക്കാൻ പോകുന്നത്. പക്ഷെ ഈ സന്തോഷങ്ങളൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുന്നത് ഒരു പേരോർക്കുമ്പോഴാണ്. വേലായുധൻ മാഷ്!

വീമംഗലം സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയൊക്കെ പേടിസ്വപ്നമാണ് വേലായുധൻ മാഷ്.  ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠം പിറ്റേന്നേക്ക് പഠിച്ചു ചെന്നില്ലെങ്കിൽ മാഷ് യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കും. നീട്ടിപ്പിടിച്ച കൈവെള്ളയിൽ മാത്രമല്ല ചൂരൽ വടി ആഞ്ഞു വീഴുക. കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി.  മാഷാണ് ക്‌ളാസ്  ടീച്ചറെങ്കിൽ അടികിട്ടാൻ പിന്നെയും എമ്പാടും കാരണങ്ങളുണ്ട്.

ഇടതു കയ്യിൽ വലിയൊരു ബാഗ് തൂക്കി, ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്തിൽ ഇറുക്കി, വെള്ളക്കുപ്പായത്തിന്റെ കൈ മുട്ടിനു മേൽ തെറുത്ത് വെച്ച്,  തല അല്പം പിറകോട്ട് ചെരിച്ച്‌ ഒട്ടും ധിറുതി ഇല്ലാതെ അക്ഷോഭ്യനായി,  മെലിഞ്ഞ് ഉയരമുള്ള, ഒരു ഒറ്റയാനെ പോലെ ശാന്തനായി നടന്നു വരുന്ന വേലായുധൻ മാഷെ പലപ്പോഴും കണ്ടിട്ടുണ്ട്. മാഷുടെ തലവെട്ടം  കണ്ടാൽ   കുട്ടികളൊക്കെ നിരത്തിന്മേൽ കയറാതെ വരിവരിയായി അച്ചടക്കത്തോടെ നടന്നു പൊയ്‌ക്കോളും. അത്രക്ക് പേടിയാണ്.

പെരുമഴയുടെ അകമ്പടിയോടെ ജൂൺ ഒന്ന് വന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസിലേക്ക് പാസായി.
ഓലമേഞ്ഞ, കരിഓയിൽ അടിച്ച പനമ്പായകൾ കൊണ്ട് ക്ലസ്സ്മുറികൾ വേർതിരിച്ച കെട്ടിടത്തിലാണ് ഞങ്ങളുടെ 5 B.  മഴക്കാറിന്റെ ഇരുട്ടും കരി ഓയിലിന്റെ മണവുമുള്ള ക്‌ളാസ് മുറിയിൽ, ജാലകത്തിനു പുറത്ത് ഇറവെള്ളത്തിലൂടെ ഒലിച്ചു പോകുന്ന കടലാസ് കഷണങ്ങൾ നോക്കി ഞങ്ങളിരുന്നു.

പത്തു മണിക്ക് ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോൾ വാതിൽപ്പടിയിൽ തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീർഘകായനെ കണ്ട് ഞങ്ങൾ   എഴുനേറ്റ് നിന്നു. വേലായുധൻ മാഷ്!

ഹാജർ പട്ടികയും ചൂരൽ വടിയും മേശമേൽ വെച്ച് അദ്ദേഹം കസേരയിൽ ഇരുന്നു. മാഷാണ് ക്‌ളാസ് ടീച്ചർ.  'സ്റ്റാൻഡ് അപ്പും' 'സിറ്റ് ഡൗണും' പലവട്ടം പറഞ്ഞു ഞങ്ങളെ നിർത്തുകയും ഇരുത്തുകയും ചെയ്തു. ഹാജർ വിളിക്കുമ്പോൾ 'പ്രസന്റ്‌ സാർ' എന്ന് മറുപടി പറയണം എന്ന് പഠിപ്പിച്ചു.  ഓരോരുത്തരുടെയും പേരും വീട്ടുപേരും ചോദിച്ചറിഞ്ഞു.

ഏതാനും ദിവസങ്ങൾ കൊണ്ട് ക്‌ളാസ് തുടങ്ങി.  ബോർഡിൽ, വലത്തോട്ട് ചെരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങളിൽ    തെളിഞ്ഞു നിന്ന ' സാമൂഹ്യപാഠങ്ങൾ' എന്ന വാക്കിലെ 'ൾ' മാത്രം  മുകളിലേക്ക് കയറിപ്പോകുന്ന ഒരു തേളിന്റെ രൂപം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതേ കൈയക്ഷരം തന്നെയാണ് ക്‌ളാസ് റൂമിൽ ജാലകത്തിനു മേലെ  ഒട്ടിച്ചു വെച്ച വെള്ളക്കടലാസിലെ വരികളും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

നോട്ട്ബുക്കിൽ എഴുതി തുടങ്ങുന്നത്  അഞ്ചാംക്ലാസ് മുതലാണ്.  മാർജിൻ, ഫുൾസ്റ്റോപ്പ്,  ക്വസ്റ്റിൻ മാർക്ക്, നെക്സ്റ്റ് പാരഗ്രാഫ് തുടങ്ങിയ സംഗതികൾ ഒക്കെ ആദ്യമായി കേൾക്കുന്നത് വേലായുധൻ മാഷിലൂടെയാണ്. പലവട്ടം പറഞ്ഞിട്ടും തലയിൽ കയാറാത്തവരോട് അദ്ദേഹം ശുണ്ഠിയെടുത്തു. 'കൂടുതൽ അധ്വാനം, കുറച്ചു ശബ്ദം, അച്ചടക്കം രാജ്യത്തിന്റെ ഭാവിക്ക്' എന്ന് ചട്ടയിൽ അടിച്ചു വെച്ച നോട്ടു പുസ്തകങ്ങളിൽ ഒട്ടും മഷി പടരാതെ ഏറ്റവും വൃത്തിയോടെ വരിതെറ്റാതെ അക്ഷരങ്ങൾ ഉരുട്ടിയെഴുതുവാൻ  ശീലിച്ചത് അങ്ങനെയാണ്.

ഓരോ ദിവസവും ഹാജർ വിളിച്ചു കഴിഞ്ഞാൽ കുളിക്കാതെയോ  പല്ലുതേക്കാതെയോ  വന്നവരുണ്ടോ എന്ന്  മാഷ്  പരിശോധിക്കും.

കേട്ടറിഞ്ഞതും  പേടിച്ചിരുന്നതുമായ 'കിരാതമായ' ചൂരൽപ്രയോഗം ഞങ്ങളും   ഏറ്റുവാങ്ങാൻ തുടങ്ങി.  ചോദ്യോത്തരങ്ങൾ മുഴുവനും കാണാതെ പഠിച്ചു വന്നില്ലെങ്കിൽ ചൂരൽ  കൈകളിൽ ചിത്രം വരച്ചു.
രാജാറാം മോഹൻ റോയ് യും, പാനിപ്പത്ത് യുദ്ധവും, ഷേർഷാ യുടെ ഭരണ പരിഷ്കാരവും, സാവന്നയുമൊക്കെ ഇടയ്ക്കിടെ   പൊള്ളുന്ന അടിയുടെ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.

കുട്ടികൾക്ക് മാത്രമല്ല സഹ അധ്യാപകർക്കും ആദരവ് കലർന്നൊരു ഭയമായിരുന്നു വേലായുധൻ മാഷോട്. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലുപരി  കുട്ടിയുടെ പഠനതാല്പര്യവും കലാ കായിക കാര്യങ്ങളിൽ ഉള്ള ഉത്സാഹവും വ്യക്തിത്വ വികസനവും ഒക്കെ ശ്രദ്ധിക്കേണ്ടത്  തന്റെ കടമ പോലെ  മാഷ് കണ്ടു.

മികച്ച കായികാധ്യാപകൻ കൂടി ആയിരുന്ന മാഷിന് അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും നല്ല ഉത്സാഹമാണ്. ഏഴാം ക്ലാസിൽ എത്തിയതോടെ സ്‌കൂളിലെ  'അവസാന വർഷ വിദ്യാർത്ഥികൾ' എന്ന നിലയിലാവണം ഞങ്ങളോടുള്ള പെരുമാറ്റത്തിൽ ഒക്കെയൊരു മയം വന്നു. അടി കുറഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം തമാശ പറയാനും അടുപ്പം കാട്ടാനും മാഷ് മനസ്സ് വെച്ചു.

മൂടാടി നെഹ്‌റു യൂത്ത്‌ സെന്ററിന്റെ വാർഷികാഘോഷത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളിൽ വേലായുധൻ മാഷും അഭിനേതാവായിരുന്നു. പള്ളീലച്ചനായും ഡോക്ടർ ആയും തന്റെ നെടിയ രൂപവും ഗംഭീര്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം നിറഞ്ഞു നിന്നു.  നാടകങ്ങളുടെ റിഹേഴ്സൽ അധികവും ശനിയും ഞായറും  വീമംഗലം സ്‌കൂളിൽ വെച്ച് തന്നെയാണ് ഉണ്ടാവുക. വീടിനടുത്തു തന്നെ ആയതുകൊണ്ട് സ്ഥിരമായി റിഹേഴ്സൽ കാണാൻ പോകുന്ന എനിക്ക് നാടകത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുമൊക്കെ കാണാപാഠമായിരുന്നു. ഇടക്ക്  ഒഴിവു പിരീയഡുകളിൽ വേലായുധൻ മാഷ് തന്റെ ഡയലോഗ്  പഠിക്കുവാൻ നാടകം എഴുതിയ പുസ്തകം കയ്യിൽ തന്ന്, ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയാനും സ്വന്തം കഥാപാത്രം പറയുന്ന ഡയലോഗുകൾ തെറ്റുന്നുണ്ടോ എന്ന് നോക്കാനും മറ്റു കുട്ടികളുടെ കൂട്ടത്തിൽ നിന്നും എന്നെ വിളിച്ചു ഏല്പിക്കുമ്പോൾ അതൊരു ചെറിയ  അംഗീകാരമായിരുന്നില്ല.

ഏഴാാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'തിരുവനന്തപുരം - കന്യാകുമാരി' വിനോദയാത്രയിൽ  അത്രനാളും കണ്ട ഗൗരവക്കാരനായിരുന്നില്ല മാഷ്.  ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ ഇനി നാം അധ്യാപകരും വിദ്യാർത്ഥികളും അല്ല കൂട്ടുകാരാണ് എന്ന് പ്രഖ്യാപിച്ച മാഷ് പാട്ടിനും കളിക്കുമൊക്കെ കൂടെയുണ്ടായിരുന്നു. എന്നാൽ ഓരോ ഇടങ്ങളിലും കുട്ടികളുടെ എണ്ണം ഉറപ്പാക്കിയും കൂട്ടംതെറ്റാതെ നോക്കിയും മാഷ് സ്വന്തം മക്കളെ എന്ന പോലെ കൂടെ നിന്നു.

വിധേയത്വമോ ഒത്തുതീർപ്പോ ഇല്ലാതെ നിർഭയനായി വേറിട്ടു നിൽക്കുന്നൊരു വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു വേലായുധൻ മാഷിന്റെ  ഇടപെടലുകളും ശരീരഭാഷയും. ഏതാനും വർഷങ്ങൾക്ക് മുമ്പ് വേലായുധൻ മാഷ് ഈ ലോകത്തോട് വിടപറഞ്ഞു.  കാലമെത്ര കഴിഞ്ഞാലും വീമംഗലം സ്‌കൂൾ എന്ന് കേൾക്കുമ്പോൾ ഗാംഭീര്യഭാവത്തോടെ ശാന്തനായി നടന്നുവരുന്ന  മാഷുടെ രൂപമാണ് അവിടെ പഠിച്ച മുൻകാല വിദ്യാർത്ഥികൾക്ക് ഒക്കെ  ഓർമ്മവരിക.  ശാസിച്ചും ശിക്ഷിച്ചും  നേർവഴി നടത്തുന്നൊരു പിതൃഭാവമായിരുന്നു കുട്ടികളുടെ ഉള്ളിലെ വേലായുധൻ മാഷ്.   

വീമംഗലം സ്‌കൂൾ വിട്ട് ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും നാലുവരി എഴുതാനിരിക്കുമ്പോൾ  'ഫുൾസ്റ്റോപ്പ്' എന്നും 'നെക്സ്റ്റ്പാര' എന്നുമൊക്കെ ആജ്ഞാശക്തിയുള്ള ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ട്. വരി തെറ്റാതെ ഉരുട്ടിയെഴുതുന്ന അക്ഷരങ്ങൾ കണ്ണടയിലൂടെ കുനിഞ്ഞു നോക്കുന്ന വേലായുധൻ മാഷുടെ രൂപം മുന്നിൽ  തെളിയുന്നു.

ജീവപര്യന്തം തടവായി മാറുന്ന  ദാമ്പത്യം

കെട്ടിയവനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോയി എന്ന് കേട്ടാലുടൻ, 'കാമഭ്രാന്ത്  മൂത്തിട്ട് ഇറങ്ങിപ്പോയവൾ' എന്നാണ് നമ്മുടെ വിധിയെഴുത്ത്.  ഇതിലും മോശമായൊരു ആക്ഷേപം ഒരു പെണ്ണിനെ കുറിച്ച് പറയാനില്ല എന്നത് കൊണ്ട് തന്നെ,  'വേലിചാടാൻ' ഉദ്ദേശമുള്ള സകല 'അവളുമാർക്കും' ഒരു താക്കീത് എന്ന നിലക്ക് കൂടിയാണ് ഈ കടുത്ത പ്രയോഗം. 'മാനവും മര്യാദയും' ഉള്ള, 'കുടുംബത്തിൽ പിറന്ന' ഒരുത്തിക്കും മേലിൽ ഈ തോന്നൽ ഉണ്ടാവാൻ പാടില്ല എന്നൊരു ഉദ്ദേശം കൂടി 'കാമഭ്രാന്ത്' എന്ന മോശപ്പെട്ട പ്രയോഗത്തിന് പിന്നിൽ ഉണ്ട്.

വിവാഹപ്പിറ്റേന്ന് തന്നെ ഭർത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതൽ, പേരക്കുട്ടികൾ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭർത്താവിനെ കൊല്ലിച്ചത്  വരെയുമുള്ള വാർത്തകൾ കേൾക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയിൽ കിടന്ന് അകത്തു കേൾക്കാൻ വിധം ഉറക്കെ, 'പെണ്ണിന്റെ കാമപ്രാന്ത്' എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും,  അകത്തളങ്ങളിൽ അമർന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

ദാമ്പത്യത്തിൽ രതി മാത്രമല്ല, സ്നേഹം പ്രണയം ആദരവ് അംഗീകാരം പരിഗണന മതിപ്പ്  കരുതൽ ഉത്തരവാദിത്തബോധം  സുരക്ഷിതത്വം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ജീവിത പങ്കാളിയിൽ നിന്ന് പെണ്ണ് ആഗ്രഹിക്കുന്നുണ്ടെന്നും, അങ്ങിനെ പലതിന്റെയും അഭാവത്തിൽ നിന്നുണ്ടാകുന്ന അങ്ങേയറ്റം മടുപ്പിൽ നിന്നാണ് പലപ്പോഴും ഒരു കുടുംബിനി അവിഹിതബന്ധത്തിന് മുതൽ ഒളിച്ചോട്ടത്തിന് വരെ ധൈര്യം കാണിക്കുന്നതെന്നും അറിയാത്തവരല്ല എല്ലാറ്റിനും 'കാമഭ്രാന്ത്' എന്ന ലേബൽ ചാർത്തി ഒതുക്കാൻ ശ്രമിക്കുന്നത്.  വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും തന്റേടവും പ്രതികരണശേഷിയും
ഉള്ള വനിതകൾ ഏറി വരുമ്പോൾ,   'ഇരുട്ടു  കൊണ്ടുള്ള ഈ  ഓട്ടയടക്കൽ' എത്രകാലം തുടരാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

'കാമഭ്രാന്ത്' എന്ന് നാം മോശപ്പെടുത്തി
പറയുന്ന ലൈംഗിക അസംതൃപ്തി തന്നെയാണ് പ്രശ്നം എന്ന് കരുതുക. യഥാർത്ഥത്തിൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന്  ലഭിക്കേണ്ട ന്യായമായ ഒരു അവകാശം മാത്രമല്ലേ അത്. ജീവിവർഗ്ഗങ്ങളിൽ പലതിനും ലൈംഗികത  എന്നത് സാന്താനോത്പാദനതിനുള്ള ഉപാധി മാത്രമാണെങ്കിൽ, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മനോഹരമായ    അനുഭൂതിയാണല്ലോ രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാൻ പറ്റുന്ന ഒന്നും ഇല്ലെന്നും, ആണിന്റെയും പെണ്ണിന്റെയും ശരീരഘടന പോലും അത് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ പറ്റിയ രീതിയിൽ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നുമിരിക്കെ ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആയുഷ്കാലം മുഴുവൻ
ആ അനുഭൂതി നിഷേധിക്കപ്പെടുന്നത് ന്യായമാണോ?

ലൈംഗിക ശേഷിക്കുറവ് ആണ് പ്രശ്നമെങ്കിൽ  വിവാഹത്തിന് മുമ്പ് തന്നെ  കണ്ടെത്താം എന്നിരിക്കെ, അത് മറച്ചു വെച്ചു കൊണ്ട് ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് അക്രമമല്ലേ. അതിനുമപ്പുറം,
അശ്‌ളീല കഥകളും ദൃശ്യങ്ങളും സൃഷ്ടിച്ച മിഥ്യാധാരണയാണ് പലരുടെയും കിടപ്പറയിലെ ശത്രു. അതുപോലൊന്നും ആയില്ലെങ്കിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന അബദ്ധധാരണയിൽ സംഗതി വേണ്ടെന്ന് വെക്കുന്നവരും, ഉത്കണ്ഠമൂലം എവിടെയും എത്തിക്കാൻ കഴിയാത്തവരുമാണ് ഇക്കൂട്ടർ.

പണവും പൊങ്ങച്ചവും സാമൂഹ്യമാന്യതയും  ഒക്കെയാണ് ജീവിതം എന്ന ധാരണയിൽ അതിനുവേണ്ടിയുള്ള മണ്ടിപ്പാച്ചിലിൽ ഊണിലും ഉറക്കത്തിലും പിരിമുറുക്കത്തോടെ കഴിയുന്നവരാണ് മറ്റൊരു കൂട്ടർ. കിടപ്പറയിൽ പോലും ഇവ്വിധ ചിന്തകളുമായി കഴിയുന്ന ഇവർക്ക് രതി പോലും ഒരു ചടങ്ങ് മാത്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും മൊബൈൽ ഫോണിനും അടിമകളായിപ്പോയവരുടെ കാര്യവും വിഭിന്നമല്ല.

ഇവർക്കൊക്കെയും  ഭാര്യയെ ലൈംഗീകമായി  തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന അപകർഷത, അവളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിലും ദേഷ്യവും വഴക്കും അധികാരം കാണിക്കലും ഒക്കെയായി ദാമ്പത്യത്തെ നരകമാക്കി മാറ്റുന്നു എന്നതല്ലേ സത്യം.

ഭർത്താവിൽ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം  മാത്രമല്ല.  തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങൾ ആണെങ്കിലും ക്ഷമയോടെ കേൾക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവൾ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ  സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമേ അല്ല. ഇതൊക്കെ ഉള്ളവനെ വിട്ട് കൂലിപ്പണിക്ക് വന്ന അന്യ സംസ്ഥാനക്കാരന്റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്നതിന്റെ കാരണം ആലോചിച്ചാൽ ഇത് മനസ്സിലാവും.

ലൈംഗികതയാണ് പെണ്ണിന്റെ ഒളിച്ചോട്ടത്തിന് കാരണമെങ്കിൽ,
ജന്മനാ ചലനശേഷിയില്ലാത്തവരെ പ്രണയിച്ചു ഭർത്താവായി സ്വീകരിക്കുന്ന, അപകടത്തിൽ നട്ടെല്ല് തകർന്നുപോയ ഭർത്താവിനെ ശുശ്രൂഷിച്ച് ആഹ്ലാദത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകൾ  നമുക്ക് ചുറ്റും ഇല്ലേ. പെണ്ണിനാണ് ഇങ്ങനെ ഒരു അവസ്ഥയെങ്കിൽ ഇങ്ങനെ കൂടെ നിൽക്കാൻ എത്ര പുരുഷന്മാർ ഉണ്ടാകും എന്നും ഓർക്കുക. അപ്പോൾ ആർക്കാണ് കാമം അടക്കാൻ കഴിയാത്തത്.

കൊല്ലങ്ങളോളം കൂടെ കഴിഞ്ഞ ഭർത്താവ് ഒരിക്കൽ പോലും നല്ലത് പറയാത്ത തന്റെ സൗന്ദര്യത്തെ, ശാരീരത്തെ, പാചകത്തെ കുറിച്ചൊക്കെ ഏതോ ബംഗാളിയിൽ നിന്ന് അഭിനന്ദനത്തോടെയും ആദരവോടെയും നല്ല വാക്ക് കേൾക്കാൻ കഴിഞ്ഞവൾ ഇനിയുള്ള ജീവിതം അവന്റെ കൂടെയങ്ങ് പൊറുക്കാം എന്ന് കരുതിയാൽ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു പോലും പ്രിയപ്പെട്ടവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാൻ എങ്ങനെയൊക്കെ ശ്രമിക്കും എന്നോർത്താൽ   അംഗീകാരവും പരിഗണനയും ഒക്കെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണെന്നു മനസ്സിലാവും. സ്ത്രീകൾക്ക് പ്രത്യേകിച്ചും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നുള്ള അംഗീകാരമാണ് ആരും ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കപ്പെടാതെ പോയാൽ എന്ത്‌ ചെയ്യും?

അവഗണന മാത്രമല്ല വഴക്കും പരിഹാസവും ഒന്നിനും കൊള്ളാത്തവൾ എന്ന കുറ്റപ്പെടുത്തലും ഒക്കെ ഒരു പെണ്ണിന്റെ ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നുണ്ട്. സ്വവർഗ്ഗരതിയും
മദ്യപാനവും സിഗരറ്റ് വലിയും മുതൽ വൃത്തിയില്ലായ്മയും വായ്നാറ്റവും വരെ സഹിക്കേണ്ടി വരുന്ന പെണ്ണിനോട് മാത്രം ക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യമല്ല ദാമ്പത്യത്തിന്റെ പവിത്രതയും മഹത്വവും. മറ്റുള്ളവർക്ക് മുന്നിൽ മാതൃകാ ദമ്പതികളായി അസൂയപ്പെടുത്തുന്ന പലരുടെയും ദാമ്പത്യം പൊരുത്തപ്പെടാനാകാത്ത വിയോജിപ്പിന്റെയും പൊട്ടിത്തെറികളുടെയും പുകയുന്ന അഗ്നി പർവ്വതങ്ങളാണ്. 

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും ഭർത്താവിനെ വേണ്ടെന്ന് വെച്ചും ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകുന്നത് മഹത്തായ കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്.  ഇത്രയും തന്റേടം കാണിക്കുന്ന പെണ്ണിന് ദാമ്പത്യം അത്രക്ക് മടുത്തെങ്കിൽ നിയമപ്രകാരം വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഉള്ള മാന്യമായ വഴിയുണ്ട്. വീട്ടുകാരെയും കുടുംബക്കാരെയും ഒക്കെയും മാനം കെടുത്തിയും വേദനിപ്പിച്ചും മക്കളെ എന്നെന്നേക്കുമായി അപകർഷതയിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടും ഉള്ള ഒളിച്ചോട്ടവും അവിഹിതവുമൊന്നും ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല.

എന്നാൽ അത്തരം വാർത്തകൾ കേൾക്കുമ്പോൾ കാമഭ്രാന്ത് എന്ന് ഒറ്റയടിക്ക്  അടക്കിക്കളയുന്ന നാം, കുടുംബത്തിന്റെ മാനമോർത്തും, ഒളിച്ചോടാൻ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു  തീർക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് ഓർക്കണം. ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള മോഹത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് മക്കളുടെ മുഖം  മാത്രമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേൾക്കുമ്പോൾ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്.

ദാമ്പത്യം എന്നത് അടിമ ഉടമ ബന്ധം അല്ലെന്നും ജീവിത പങ്കാളി എന്നാൽ തുല്യ അവകാശമുള്ള ഒരു വ്യക്തിയാണ് എന്നും, വിശേഷിച്ചും പെണ്ണിനെ സംബന്ധിച്ചെടുത്തോളം സ്നേഹവും പരിഗണനയും ലാളനയും ഒക്കെ മറ്റെന്തിനേക്കാളും വലുതാണ് എന്നതും അവളെ കേൾക്കാനും ചേർത്തു പിടിക്കാനും കൂടെ ഉണ്ടെന്ന് ധൈര്യം പകരാനും ഒക്കെ മനസ്സുള്ള ആണിനെ ആണ് മസിൽ പവറിനെക്കാൾ അവൾ ഇഷ്ടപ്പെടുന്നത് എന്ന ബോധവും ഇല്ലാതെ  എല്ലാറ്റിനും കാമഭ്രാന്ത് എന്ന് ഒച്ചവെച്ചുകൊണ്ടിരുന്നാൽ മതിയോ?

പരസ്പരം മനസ്സിലാക്കുന്നവരുടെ
സന്തോഷം നിറഞ്ഞ ദാമ്പത്യമാണ് ആഹ്ലാദം  നിറഞ്ഞ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നത്.

കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന  ദമ്പതികൾ ഏറി വരുന്നൊരു കാലത്ത് പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള
 തിരിച്ചറിവുകൾ ഉണ്ടാകട്ടെ.

ഇതേപോലെ ദാമ്പത്യജീവിതത്തിൽ സ്നേഹരാഹിത്യവും അവഗണനയും ലൈംഗിക അസംതൃപ്തിയും ഒക്കെ അനുഭവിക്കുന്ന പുരുഷന്മാരില്ലേ എന്ന് സ്വാഭാവികമായും ചോദ്യമുണ്ടാകും. തീർച്ചയായും ഉണ്ട്. പക്ഷെ പെണ്ണിനെ പോലെ ഇതൊന്നും തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത അവസ്ഥയല്ല പുരുഷന് എന്നതൊരു  യാഥാർഥ്യം മാത്രമാണല്ലോ.
_____________
2017 ആഗസ്റ്റ് 20 നു ഇട്ട fb യിൽ വൈറൽ ആയ പോസ്റ്റ്

നോമ്പോർമ്മയുടെ ദേശങ്ങൾ

നെല്ലിക്കോട്ടെ കാര്യസ്ഥൻ ഹുസ്സൈൻക്ക വലിയൊരു ചെമ്പുപാത്രം നിറയെ ചൂടുള്ള കഞ്ഞിയുമായി മഗ്‌രിബ് ബാങ്കിന് മുമ്പ് പൂളക്കലെ പള്ളിയിലേക്ക് നടന്നു പോകുന്ന കാഴ്ചയാണ്  എന്റെ കുട്ടിക്കാലത്തെ റമദാൻ ഓർമ്മ. ആ കഞ്ഞിയും പുഴുക്കും കൊണ്ട് നോമ്പ് തുറക്കാൻ കാത്തിരിക്കുന്ന ഒരുപാട് പട്ടിണിക്കാരുണ്ടായിരുന്നു അന്ന് നാട്ടിൽ.  കൂലിപ്പണിക്കാരും കൃഷിക്കാരും കടലിൽ മീൻ പിടിക്കാൻ പോകുന്നവരും ഒക്കെ ആയിരുന്നു ഏറെ. പേർഷ്യക്കാരൊക്കെ അപൂർവ്വമായ കാലം. 

സമ്പന്ന വീടുകൾ ഏറെയില്ലാത്ത  അക്കാലത്തും സക്കാത്തിനു വേണ്ടി വീടുകൾ  കയറി ഇറങ്ങുന്ന പെണ്ണുങ്ങളും കുട്ടികളും റമദാനിൽ നിത്യക്കാഴ്ച ആയിരുന്നു. പൊക്കിണാരിയിലും നെല്ലിക്കോട്ടും നോമ്പിന്റെ അവസാനപത്തിൽ   അരി കൊടുക്കുന്ന  ദിവസം, അതിനായി പുലർച്ചെ മുതൽ വന്നു വരി നിൽക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും നാട്ടിലെ ദാരിദ്ര്യം തന്നെയാണ് വിളിച്ചു പറഞ്ഞത്. എന്നാലും നോമ്പുതുറ സമയത്ത് നേന്ത്രക്കായ  പുഴുക്കും ജീരകക്കഞ്ഞിയും  പിന്നെ തരിയും എല്ലാവീട്ടിലും നിർബന്ധമായും ഉണ്ടാക്കി.  നോമ്പ് തുറയുള്ള  ദിവസങ്ങളിൽ  പഴം പൊരിയും പരിപ്പുവടയും ഉന്നക്കായയും നിരത്തി. അരിപ്പത്തിരിയും പോത്തിറച്ചിയുടെ കറിയും വെച്ചു. നോമ്പ്കാലങ്ങളിൽ മാത്രം അങ്ങാടിയിലെ പീടികകളിൽ 'ചക്കരപ്പുകയില' എന്നൊരു ബീഡി വിൽക്കാറുണ്ടായിരുന്നു. നോമ്പൊക്കെ തുറന്ന് ഇരിക്കുമ്പോൾ പ്രായമായ ചില പെണ്ണുങ്ങൾ പോലും ആ ബീഡി വലിച്ച് രസിച്ചു. 

 പള്ളിയിലെ   ചരുവകം കുട്ടികളുടെ താവളമായി. തറാവീഹിന്റെ പാതി വഴികളിൽ ചിലരെങ്കിലും മടിയന്മാരായി  പിറകോട്ടു മാറി ഇരുന്നു. തറാവീഹ് കഴിഞ്ഞാലും  പൂട്ടാത്ത കുമാരേട്ടന്റെ പീടികയിൽ നിന്നും കുപ്പിയിൽ നിറച്ചു വെച്ച അച്ചാർ  വാങ്ങി. ഒരു ഉറക്കം കഴിഞ്ഞുണരുന്ന പതിരാകളിൽ ചോറും മീൻ കറിയും കാച്ചിയ മോരും അച്ചാറും പപ്പടവും ചേർത്ത അത്താഴം കഴിച്ചു.  സംബന്ധക്കാരുടെ  വീടുകളിലേക്ക് 'സലാം കൊണ്ടുപോവു'മ്പോൾ  പശുവിൻ നെയ്യടക്കം നോമ്പുതുറ ഒരുക്കങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുപോയി.

നോമ്പ് ഇരുപത്തിയേഴിന്‌ പന്തലായനി കൊല്ലത്തെ  പാറപ്പള്ളിക്കലെ 'ഓത്താ'ണ്. കേരളത്തിലേക്ക് ഇസ്ലാമിക പ്രചാരണത്തിന് വന്ന മാലിക് ദീനാർ പണി കഴിപ്പിച്ച പള്ളികളിൽ ഒന്ന് ഈ കടപ്പുറത്തെ കുന്നിൻ പുറത്തായിരുന്നു. അവിടെ ആ കാലം മുതൽ മറമാടപ്പെട്ടവരുടെ ഖബറുകളിൽ കിടക്കുന്ന പൂർവ്വീകർക്ക് വേണ്ടി പ്രാർത്ഥിക്കാൻ   നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായി എത്തുന്ന പിന്മുറക്കാർ.  
 പാറപ്പള്ളിക്കൽ ഓത്തിന് വരുന്നവരെ നോമ്പ് തുറക്കാനായി അടുത്തുള്ള വീട്ടുകാർ ക്ഷണിച്ചു കൊണ്ടിരിക്കും.  മദീനത്തെ പള്ളിയിലെ നോമ്പുകാലം പോലെ.

എൺപതുകളുടെ ഒടുവിൽ  കോഴിക്കോട് കൊപ്രബസാറിൽ ഉള്ള കാലത്താണ് റമദാൻ മാസത്തിന്റെ ശരിയായ 'മജ' അറിഞ്ഞത്. മാസപ്പിറവി കാണുന്ന ഒറ്റ രാത്രി കൊണ്ടു കൊപ്ര ബസാറും വലിയങ്ങാടിയും ഒക്കെ ആകെ മാറുന്നു. ഒച്ചയും ബഹളവും അടങ്ങി ഭക്തി നിർഭരമായ മനസ്സോടെയും ദീനാനുകമ്പയോടെയും നോമ്പിനെ ആദരിക്കുന്ന ഒരിടം. മുതലാളിയും കമ്മാലിയും ഒരുപോലെ നോമ്പുകാരാണ്.  

 പുഴവക്കത്തെ പള്ളിയും കാതിരിക്കോയ പള്ളിയും എം എസ് എസ് പള്ളിയും ഓരോ ജമാഅത്തിലും നിറഞ്ഞു കവിയും.
തിരക്ക് പിടിച്ച മുതലാളിമാർ ളുഹർ നമസ്കാരം കഴിഞ്ഞാലും പള്ളിയിൽ ഇരുന്ന് ദീർഘനേരം ഒരു തിരക്കും ഇല്ലാതെ ഖുർആൻ ഓതുന്നു. സകാത് ചോദിച്ചു വരുന്നവർക്കും അവനവന്റെ പണിക്കാർക്ക് പുറമെ അടുത്ത പാണ്ട്യാലയിലെ ജോലിക്കാർക്കും  ഉദാരമായി സകാത് നൽകുന്നു.   ഉച്ച കഴിയുമ്പോഴേക്ക് പണിയൊക്കെ ഒതുക്കി മുതലാളിമാരും പണിക്കാരും വീട് പൂകാൻ ഒരുങ്ങുന്നു. അസർ നമസ്കാരം കഴിയുന്നതോടെ വലിയങ്ങാടിയും കൊപ്ര ബസാറും ആളൊഴിഞ്ഞ്  ഉറങ്ങിപ്പോകുന്നു. സെൻട്രൽ മർക്കറ്റിലും കോർട്ട് റോഡിലും മീനും പച്ചക്കറിയും പഴവർഗ്ഗങ്ങളും വാങ്ങി കൂട്ടുകാരെ നോമ്പ് തുറക്കാൻ ക്ഷണിച്ച്.... റംസാൻ മാസം അതിന്റെ ഏറ്റവും ചൈതന്യത്തോടെ തുടിച്ചു നിൽക്കുന്ന ദേശം അന്നുമിന്നും കോഴിക്കോട്ടങ്ങാടി ആയിരിക്കും. 

കോഴിക്കോട്ടെ രണ്ടുകൊല്ലത്തെ കോപ്രബസാർ ജീവിതവും കഴിഞ്ഞാണ് 'ബെങ്കളൂരു' ആവുന്നതിനു മുമ്പുള്ള ബാംഗ്ലൂരിൽ  എത്തുന്നത്.   പഴയ എയർപ്പോർട്ടിനടുത്ത 'മുരുഗേഷ് പാളയത്ത്'  അന്ന് പള്ളി പോയിട്ട് ബാങ്ക് പോലും കേൾക്കുമായിരുന്നില്ല.  പലചരക്കു കടകളിൽ പണിയെടുക്കുന്ന ഏതാനും മലയാളികളും സൈക്കിൾ റിപ്പയർകാരും ഇറച്ചിപ്പീടിക നടത്തുന്ന ഏതാനും പട്ടാണികളും മാത്രമേ അന്ന് മുരുഗേഷ് പാളയത്ത് മുസ്ലിം സാന്നിധ്യമായി ഉള്ളൂ.  ശിവാജി നഗറിലും സിറ്റി മാർക്കറ്റിലും ഒക്കെ പട്ടാണികൾ എമ്പാടും ഉള്ളത് കൊണ്ട് അവിടങ്ങളിൽ രാത്രികളിൽ  നോമ്പുകാലത്തിന്റെ നിറവും വെളിച്ചവും രുചിയും നിറഞ്ഞു നിന്നു.   

അത്താഴം കഴിച്ചും വൈകുന്നേരങ്ങളിൽ നോമ്പുതുറക്ക് അരിപ്പത്തിരിയും ജീരകക്കഞ്ഞിയും ഉണ്ടാക്കിയും, റൂമിൽ തറാവീഹ് നിസ്കരിച്ചും അവനവനിൽ മാത്രമൊതുങ്ങിയ   റമദാൻ മാസങ്ങളായിരുന്നു ബാംഗ്ലൂർ കാലത്ത്. 

1995 ലാണ് കുവൈത്തിൽ എത്തുന്നത്. ആ സമയത്തൊക്കെ റമദാൻ കൊടും തണുപ്പുള്ള ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആണ്. കുവൈത്തികളും വിദേശികളും ഇടകലർന്ന് താമസിക്കുന്ന പഴയ ഖൈത്താനിൽ അന്നും ഇന്നും മലയാളികൾ കുറവ്. കഴിഞ്ഞ 22 വർഷമായി   ആ പ്രദേശത്ത് 'ബഖാല'   എന്ന പലചരക്ക് കച്ചവടവുമായി  കഴിയുന്നവന്റെ റമദാനുകൾ വിഭിന്ന ദേശങ്ങളിലെ നോമ്പുകാല രുചികളെ അടുത്തറിയുന്നത് കൂടിയാണ്.

രാത്രികൾ സജീവമായും പകൽ ഉച്ചവരെ ഉറക്കത്തിലുമാണ് ഗൾഫിലെ റമദാൻ കാലം. അറബി പത്രങ്ങളിൽ റമദാൻ കാല രാത്രികളിൽ അമ്യൂസ്മെന്റ് പാർക്കുകളിലെ പ്രത്യേക ഓഫറുകളെ കുറിച്ചും,  ടെലിവിഷനുകളിൽ സീരിയലുകളും തമാശപ്പരിപാടികളും ഒക്കെയുള്ള റമദാനിലെ രാത്രികാല സ്‌പെഷ്യൽ TV പ്രോഗ്രാമുകളെ കുറിച്ചുമൊക്കെയുള്ള പരസ്യങ്ങൾ കാണുമ്പോൾ  ടെലിവിഷൻ തുറക്കുക പോലും ചെയ്യാത്ത നാട്ടിലെ നോമ്പുകാലങ്ങളെ കുറിച്ചോർക്കാറുണ്ട്.  തറാവീഹ് കഴിയുന്നതോടെ നിരത്തിൽ ഒഴുകാൻ തുടങ്ങുന്ന കാറുകൾ, സജീവമാകുന്ന സൂക്കുകൾ, വടകര താഴെ അങ്ങാടിയും കോഴിക്കോട് കുറ്റിച്ചിറയിലെയുമൊക്കെ ഉറക്കമില്ലാത്ത റമദാൻ രാത്രികൾ  അറബിനാട്ടിലെ നോമ്പു കാലങ്ങളുടെ തുടർച്ചയായിരിക്കും. 

സുബ്ഹി നമസ്കാരം കഴിഞ്ഞാണ് ഏറെപ്പേരും ഉറങ്ങുന്നത്. അതുകൊണ്ടു തന്നെ സാധാരണ പ്രഭാതങ്ങളുടെ തിരക്കുണ്ടാവില്ല നിരത്തുകളിൽ. ളുഹർ വരെ ഏറെക്കുറെ  ഉറക്കച്ചടവിലായ  പകലുകൾ. 

നോമ്പിന് മുമ്പ് 'ബഖാല'കളും ഒരുങ്ങും. പ്രധാനമായും വിദേശികൾ മാത്രമേ ബഖാലകളിൽ നിന്ന് കാര്യമായി സാധനങ്ങൾ വാങ്ങൂ. സുബ്ഹി ബാങ്കിന് കുറച്ചു മുമ്പുള്ള അത്താഴത്തിന് പാകിസ്താനിയും മസ്രിയും ഒക്കെ കഴിക്കുന്നത് തൈരും കുബ്ബൂസുമാണ്. 

കഴിഞ്ഞ കുറെ കൊല്ലങ്ങളായി കത്തുന്ന വേനലിൽ ആണ് ഗൾഫിലെ റമദാൻ.  എന്റെ  പരിസരത്തൊക്കെയും വിദേശികളായ നിർമ്മാണതൊഴിലാളികൾ ആണ് ഏറെയും. പകൽ പതിനൊന്നു മണിക്ക് ശേഷം വേനലിൽ പുറത്തെ ജോലിക്ക് വിലക്കുള്ളതിനാൽ രാത്രി രണ്ടു മണിക്കൊക്കെയാണ് ഏറെപ്പേരും ജോലിക്ക് പോകുന്നത്. പൊള്ളുന്ന മരുഭൂമിയിൽ സിമന്റും കട്ടയും പേറിയും മണൽ കുഴിച്ചും കെട്ടിടങ്ങളുടെ മേലെ എകരം കെട്ടി നിന്നും ജോലി ചെയ്യുന്ന മസരികളും പാകിസ്താനിയും അഫ്ഘാനിയും ഒക്കെ ഏറെയും നോമ്പുകാർ ആണ്. 50 ഡിഗ്രിക്ക് മേൽ കത്തുന്ന സൂര്യന്റെ ചോട്ടിൽ  കുടുംബം പോറ്റാനായി കഠിനാധ്വാനം ചെയ്യുന്ന ഏറ്റവും സാധാരണക്കാരും തനി ഗ്രാമീണരുമായ ഈ മനുഷ്യരുടെ ഭക്തിയുടെ തീവ്രത അമ്പരപ്പിക്കും. ഉച്ചയോടെ പണി കഴിഞ്ഞു തിരിച്ചെത്തുന്നവർ ഉപ്പുപരലുകൾ പടർന്ന കുപ്പായവും മണ്ണും സിമന്റും പറ്റിയ ശരീരവുമായി പള്ളി മൂലകളിൽ ഖുർആൻ ഓതി ഇരിക്കുന്നു. 

കടയുടെ   മുന്നിലെ മൈതാനത്ത് പഴവർഗ്ഗങ്ങളും പച്ചക്കറിയും വിൽക്കുന്ന  സഈദികൾ എന്ന മസരി ഗ്രാമീണർ ഉണ്ട്. അനധികൃതമെങ്കിലും വഴിയോരക്കച്ചവടവും വിലപേശി വാങ്ങലും അവരുടെ നാട്ടു ശീലമാണ്. കത്തുന്ന വെയിൽച്ചോട്ടിൽ അവർ ആളെ കൂട്ടാനായി ഒച്ചയിട്ടുകൊണ്ടിരിക്കും. ഇടക്കിടെ വഴിയരികിലെ കൂളറിൽ നിന്നും വെള്ളമെടുത്തു തലവഴി ഒഴിക്കും. എന്നാലും നോമ്പെടുക്കാതിരിക്കില്ല. 

പള്ളികളിലും മൈതാനങ്ങളിൽ ടെന്റ് കെട്ടിയും വിഭവസമൃദ്ധമായ  ഒരുക്കുന്ന നോമ്പ് തുറകളിൽ വിദേശികൾ തന്നെയാണ് ഏറെയും. എങ്കിലും തങ്ങളുടെ നോമ്പുകാല നാട്ടു രുചികളെ റൂമുകളിൽ പാചകം ചെയ്യുന്ന വിഭവങ്ങളിലൂടെ അവർ തിരിച്ചു പിടിക്കുന്നു. 

നോമ്പ് തുറക്ക് ഈത്തപ്പഴം എല്ലാവരും വാങ്ങിക്കും.  അറബികൾക്ക് പൊതുവെ 'വിംട്ടോ' എന്ന പാനീയമാണ് ഇഷ്ടമെങ്കിൽ  പാകിസ്താനിക്ക് 'റൂഹ് അഫ്സ' സർബത് നിർബന്ധം. മൈദമാവ് കടലപ്പൊടി 'അനാർദാന' എന്ന ഉറുമാമ്പഴത്തിന്റെ ഉണക്കക്കുരു. പഴങ്ങൾ നുറുക്കിയിട്ടു അതിൽ വിതറുന്ന 'ചാട്ട് മസാല' പാലക് കീരയുടെ ഇല ഇതൊക്കെയാണ് പാകിസ്താനിയുടെ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ. 
ബംഗാളികൾക്ക് പച്ചക്കറിയോടൊപ്പം പ്രിയപ്പെട്ടതാണ് 'മുരി' എന്ന നമ്മുടെ പൊരി. നോമ്പ് കാലത്തെ പല വിഭവങ്ങൾക്കും അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത്.

മസരികൾക്ക് മധുര പലഹാരങ്ങളും മാട്ടിറച്ചിയും ഇലകളും നോമ്പ് കാലത്തു എമ്പാടും വേണം. പൊതുവേ ഭക്ഷണപ്രിയരായ മസരികൾക്ക് റമദാൻ ഭക്തിയുടെ മാത്രമല്ല ഭക്ഷണത്തിന്റെ കൂടി ആഘോഷ മാസമാണ്. യീസ്റ്റും പുളിയും മൈദയും ഒക്കെ കലക്കി ഐസിട്ട് തണുപ്പിച്ചു കുപ്പിയിലാക്കി നിരത്തരികിൽ വിൽപനക്ക് വെക്കുന്നൊരു പാനീയം വാങ്ങാൻ സഈദികൾ മാത്രമല്ല കൈറോക്കാരായ  പരിഷ്കാരികൾ വരെ തിരക്ക് കൂട്ടും.

ഗൾഫിലെ ജീവകാരുണ്യ സംഘടനകൾ ഒക്കെയും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന മാസം കൂടിയാണ് റമദാൻ. ദരിദ്രനിലേക്കും അവശനിലേക്കും കാരുണ്യമായി പെയ്തിറങ്ങുന്ന റമദാൻ മാസത്തെ സാർഥകമാക്കുന്നവർ. ഒപ്പം നോമ്പുതുറകളും മതപഠന ക്ലാസ്സുകളും.
അവസാനപത്തിലെ രാത്രി വൈകിയുള്ള 'ഖിയാമുൽ ലൈൽ' നമസ്കാരത്തിന്  അനുഗ്രഹീത രാവിനെ തേടുന്നവരും. 

ദേശം വിട്ടുപോയവന്റെ ഓരോ റമദാൻ കാലവും ബാല്യത്തിന്റെ  നാടോർമ്മകളെ തിരിച്ചു പിടിക്കൽ കൂടിയാണ്. പള്ളിയകങ്ങളിൽ ഉറുദി കേട്ടിരുന്ന കുട്ടിയെ, വീട്ടുകോലായിൽ വിറക്കുന്ന  ശബ്ദത്തിൽ ഖുർആൻ ഓതിയിരുന്ന മൺമറഞ്ഞുപോയൊരു വാത്സല്യത്തെ , നടന്നു വിയർത്തവന്റെ  കൈവെള്ളയിലേക്ക് ചുരുട്ടിവെച്ച പുത്തൻ നോട്ടിന്റെ പിന്നിലെ കാരുണ്യം നിറഞ്ഞൊരു മുഖത്തെ, വിശന്നും തളർന്നും മഗ്രിബിന്റെ നേരം അളക്കുന്ന മനസ്സിനെ കൊതിപ്പിക്കുന്ന ചില രുചിമണങ്ങളെ.... ദേശവും ഭാഷയും മാറുമ്പോഴും പ്രവാസലോകത്തെ ഓരോ നോമ്പുകാരനും ഹൃദ്യമായ ആ ബാല്യത്തിലേക്ക് തിരിച്ചു പോവുന്നുണ്ട് റമദാൻ കാലമത്രയും. 

____________________
മാധ്യമം 'അഹ്‌ലൻ റമദാൻ'ൽ പ്രസിദ്ധീകരിച്ചത്.

Monday, November 20, 2017

പെണ്ണില്ലാത്ത മലയാളസിനിമയെങ്ങനെ സ്ത്രീ വിരുദ്ധമാവാതിരിക്കും


'സ്വന്തമെവിടെ ബന്ധമെവിടെ' എന്ന സിനിമ 1984 ൽ ആണ് ഇറങ്ങുന്നത് . അച്ഛനും അമ്മയും രണ്ട് ആൺമക്കളും  സന്തോഷത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് മക്കൾ കല്യാണം കഴിച്ചു കൊണ്ട് വന്ന ശേഷം അവരുടെ ഭാര്യമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും, അവസാനം നായകൻ കെട്ടിയവളെ  തല്ലുന്നതോടെ അവൾ കുഴപ്പങ്ങളൊക്കെ നിർത്തി നല്ല പെണ്ണായി  പ്രശ്നങ്ങളൊക്കെ തീർന്നു കുടുംബം സന്തോഷമായി ജീവിക്കുന്നതും   ആയിരുന്നു ഈ സിനിമയുടെ കഥ.  ഭർത്താവിൽ നിന്നും ഇടയ്ക്കൊരു തല്ലുവാങ്ങുന്നത് പെണ്ണിന് സന്തോഷകരമാണ് എന്ന മട്ടിലായിരുന്നു  ഈ ചിത്രത്തിന്റെ  പരസ്യവും എന്നതാണ് രസം. സിനിമ കഴിഞ്ഞിറങ്ങുന്ന രണ്ടു സ്ത്രീകളുടെ സംഭാഷണം എന്ന രീതിയിലായിരുന്നു   അത്.  സംവിധായകൻ ശശികുമാർ   1965 ൽ  'തൊമ്മന്റെ മക്കൾ' എന്ന പേരിൽ ചെയ്ത  സിനിമ വീണ്ടും  അദ്ദേഹം തന്നെ മാറ്റിപ്പണിതതാണ് 'സ്വന്തമെവിടെ ബന്ധമെവിടെ'.

ഇതേപോലെ 1993 ൽ ഇറങ്ങിയ 'വെങ്കലം' എന്ന  സിനിമയിൽ ഭാര്യയെ സംശയിച്ചുപേക്ഷിച്ച ഭർത്താവ് ഒടുവിൽ കാര്യങ്ങളൊക്കെ മനസ്സിലാക്കി കുറ്റബോധത്തോടെ ഭാര്യയെ കണ്ടുമുട്ടുമ്പോൾ ആദ്യം ചെയ്യുന്നത് മുഖമടക്കി  കെട്ടിയവളെ  ഒന്ന് കൊടുക്കുകയാണ്.

ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഉള്ള പിന്നീട് വന്ന സൂപ്പർ താര സിനിമകൾ അടക്കം പറയുന്നത്  കൈക്കരുത്തു കൊണ്ടും നാക്കിന്റെ ബലം കൊണ്ടും അടക്കി നിർത്താനും 'നേർവഴി'ക്ക് കൊണ്ടുവരാനും കഴിയുന്ന ഒരു സംഗതിയാണ് പെണ്ണ് എന്ന് തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ തുടക്കം മുതൽ, ജനപ്രിയമായാലും കലാമൂല്യമുള്ളതായാലും മലയാളസിനിമക്ക് പിന്നിലുള്ളവരുടെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

ജനകീയ മാധ്യമമെന്നും   ജനകീയകലാരൂപമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും നമ്മുടെ സിനിമ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് പുരുഷൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതമാണ്. അല്ലെങ്കിൽ അവന്റെ ഭാവനയും സങ്കല്പവും മാത്രമാണ്.

സിനിമാനടിക്കെതിരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉത്കണ്ഠപ്പെട്ടും മലയാള സിനിമാ പ്രവർത്തകർ ഒറ്റക്കെട്ടായും ശക്തമായും വികാരഭരിതമായും പ്രതികരിച്ചപ്പോൾ സ്വാഭാവികമായും ഉയർന്നൊരു ചോദ്യമായിരുന്നു, മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകളെ കുറിച്ച്. സോഷ്യൽ മീഡിയയിൽ സൂപ്പർ താര സിനിമകളിലെ കടുത്ത സ്ത്രീ വിരുദ്ധ ഡയലോഗുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ധാരാളം വിമർശങ്ങളും ചർച്ചകളും നടന്നു. തന്റെ സിനിമകളിൽ ഇനി ഇത്തരം സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും കഥാപാത്രങ്ങളും  ഉണ്ടാവില്ലെന്നും മുൻകാലത്ത് അറിവില്ലാതെ വന്നുപോയ ഇത്തരം  പിഴവുകളിൽ ഖേദം പ്രകടിപ്പിച്ചും   പ്രമുഖനടൻ  ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ഉണ്ടായി.

തീർച്ചയായും ഇങ്ങനെ ഒരു തുറന്ന ചർച്ചക്കും വിചിന്തനത്തിനും പറ്റിയ അവസരം തന്നെയാണ് ഇത്. സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങളും കൈയ്യേറ്റങ്ങളും നാൾക്ക് നാൾ വർധിച്ചു വരുമ്പോൾ മലയാള സിനിമ എത്രത്തോളം പെൺ പക്ഷത്തു നിൽക്കുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒരു സിനിമ ബോക്സോഫീസ് ഹിറ്റാവുന്നത് കുടുംബപ്രേക്ഷകർ അഥവാ സ്ത്രീകൾ കൂടുതലായി തിയേറ്ററിൽ എത്തി സിനിമ കാണുമ്പോഴാണ്. ഇവിടെ ഇറങ്ങിയ ജനപ്രിയ സിനിമകൾ ഒക്കെയും ഹിറ്റും സൂപ്പർഹിറ്റും ആയി കൊണ്ടാടപ്പെട്ടതും,  അഭിനേതാക്കൾ  താരങ്ങളായി  ഉദിച്ചുയർന്നതും ഇവിടത്തെ സ്ത്രീ ജനങ്ങളുടെ സ്നേഹ വാത്സല്യങ്ങളും ആരാധനയും  ഇഷ്ടവും പ്രീതിയും  നേടിക്കൊണ്ടാണ്.

എന്ത് കൊണ്ടാണ് ഇത്രക്ക് വിലകെട്ട വ്യക്തിത്വങ്ങളായി അല്ലെങ്കിൽ കയ്യൂക്ക് കൊണ്ട് ആണിന് നിലക്ക് നിർത്താൻ കഴിയുന്ന ഒരു സാധനമായി പെണ്ണിനെ പലപ്പോഴും അടയാളപ്പെടുത്തിയിട്ടും പ്രേക്ഷകർക്ക് അതിൽ യാതൊരു അസ്വാഭാവികതയും തോന്നാത്തത് എന്ന്  ചിന്തിച്ചാൽ നമുക്കൊരു ഉത്തരമേ ഉള്ളൂ.  നമ്മുടെ സിനിമകൾക്ക് പിറകിൽ പെണ്ണിന്റെ സാന്നിധ്യം വളരെ വളരെ കുറവാണ്. സ്‌ക്രീനിൽ കാണുന്ന രൂപങ്ങൾക്കും ശബ്ദങ്ങൾക്കും അപ്പുറം സിനിമ രൂപപ്പെടുത്തി എടുക്കുന്ന ഇടങ്ങളിൽ എവിടെയും പെണ്ണില്ല!

നെറ്റി ചുളിക്കണ്ട, നടിമാരും ഗായികമാരും ഡബ്ബിങ് ആർട്ടിസ്റ്റുകളും ഒക്കെയല്ലാതെ തിരക്കഥാ രംഗത്തോ സംവിധാന രംഗത്തോ നമുക്ക് എത്ര വനിതകളെ   എടുത്തുകാണിക്കാൻ പറ്റും. ഒരു കൈയിലെ  വിരലിൽ എണ്ണാൻ കഴിയുന്നതിൽ കൂടുതൽ ഒന്നും മലയാള സിനിമയിൽ സ്ത്രീ പ്രാതിനിധ്യം ഈ മേഖലകളിൽ ഏറെ ഇല്ല എന്നതാണ് വാസ്തവം. പിന്നെ എങ്ങനെയാണ് നമ്മുടെ സിനിമകൾ പെണ്ണിന്റേത് കൂടിയാവുക.

വളരെ വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമാനടി ഷീല 'ശിഖരങ്ങൾ' എന്ന ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.  കേരളകഫേയിലെ 'മകൾ' എന്ന ചിത്രം ചെയ്ത  രേവതി പോലും മലയാളത്തിൽ വേറെ സിനിമകൾ സംവിധാനം ചെയ്തിട്ടില്ല.  ഏറെക്കാലം സഹസംവിധായിക ആയി പ്രവർത്തിച്ച എഴുത്തുകാരികൂടി ആയ  ശ്രീബാല കെ മേനോൻ പോലും ഒരു സിനിമ മാത്രമാണ് സ്വന്തമായി ചെയ്തത്. അഞ്ജലിമേനോൻ മാത്രമാണ് നമുക്ക് പിന്നീട്  എടുത്തുപറയാൻ പറ്റിയ ഒരു വനിതയായി  മലയാള സിനിമയിൽ തിരക്കഥാകൃത്തും സംവിധായികയും ആയി ഉണ്ടായിട്ടുള്ളൂ.

മനുഷ്യജീവിതത്തെ ആഴത്തിൽ കാണുന്ന, പെൺ ജീവനത്തിന്റെ അവസ്ഥകളെ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന ഒട്ടേറെ എഴുത്തുകാരികൾ നമുക്കുണ്ട്. ലളിതാംബിക അന്തർജ്ജനവും മാധവിക്കുട്ടിയും തുടങ്ങി ഇങ്ങേ അറ്റത്ത്‌ സ്‌കൂൾ യുവജനോത്സവങ്ങളിൽ കഥയെഴുത്തിൽ വിസ്മയിപ്പിക്കുന്ന പുതു മുകുളങ്ങൾ വരെ പെണ്ണിനേയും പെണ്ണിന്റെ കണ്ണിലൂടെയുള്ള ലോകത്തെയും ശക്തമായി ആവിഷ്കരിക്കാൻ കഴിവുള്ള എഴുത്തുകാരികൾ തന്നെയാണ്.

സിനിമയോട് താല്പര്യം ഉള്ളവരും ദൃശ്യമാധ്യമത്തിന്റെ സാധ്യതകളെ നന്നായി അറിയുന്നവരും  ആവിഷ്കരിക്കാൻ   കഴിവുള്ളവരുമായ പ്രതിഭകളായ ഒത്തിരി പെൺകുട്ടികൾ നമ്മുടെ കലാലയങ്ങളിലും പുറത്തും ഇന്ന്  യഥേഷ്ടം ഉണ്ട്.  ഷോർട്ട് ഫിലിമുകളിലൂടെയും മറ്റും അവർ തങ്ങളുടെ കഴിവ് തെളിയിക്കുന്നുമുണ്ട്. വീരശൂര പരാക്രമിയായ നായകൻ  സർവ്വ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഒടുവിൽ തനിക്ക് ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കുന്നതോടെ ശുഭപര്യവസായി ആയി അവസാനിക്കുന്ന സിനിമകൾ കലാകാലമായി കാണാൻ വിധിക്കപ്പെട്ട നമുക്ക് മുന്നിൽ ഇതൊന്നുമല്ല ജീവിതം എന്ന് തന്റേടത്തോടെ പറയാൻ കഴിവുള്ള പെൺകുട്ടികൾക്ക് പക്ഷെ എന്തുകൊണ്ടോ മലയാള സിനിമാ മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ല, അല്ലെങ്കിൽ പിടിച്ചു നിൽക്കാൻ ആവുന്നില്ല  എന്നതാണ് സത്യം.

'വിഗതകുമാരനി'ൽ അഭിനയിക്കാൻ ജെ സി ഡാനിയേലിന്  നായികയായി ഒരു പെണ്ണിനെ കിട്ടാൻ   ഒരുപാട് അലയേണ്ടി വന്നു എങ്കിൽ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ പെൺകുട്ടികൾ വരി നിൽക്കുന്ന കാലമാണ് ഇന്ന്. സിനിമ നൽകുന്ന ഗ്ലാമറും ജനശ്രദ്ധയും  സാമൂഹ്യപദവിയും സമ്പത്തും ഒക്കെ  വലിയൊരു ആകർഷണം ആയതു കൊണ്ട് തന്നെ നായികയാവാൻ കൊതിക്കുന്ന പെൺകുട്ടികളും, മക്കൾ കലാതിലകം ആയാൽ സിനിമയിലേക്കുള്ള വഴി എളുപ്പം തുറക്കും എന്ന് സ്വപ്നം കാണുന്ന രക്ഷിതാക്കളും എമ്പാടും ഉള്ള ഈ കാലത്ത് നടികൾക്ക് മാത്രം ഒരു ക്ഷാമവും ഇല്ലെങ്കിലും ബുദ്ധിയും ചിന്തയും ഭാവനയും  നേതൃഗുണവും ഒക്കെ ഏറെ വേണ്ടി വരുന്ന തിരക്കഥാകൃത്തുക്കളോ സംവിധായകരോ ആവാൻ എന്ത് കൊണ്ടായിരിക്കും പെൺകുട്ടികൾ മുന്നോട്ടു വരാത്തത്.

മറ്റേതൊരു തൊഴിലിടത്തേക്കാളും ഒരു പെണ്ണിന് തന്റെ പ്രതിഭ കൊണ്ടോ കഴിവു കൊണ്ടോ മാത്രം പിടിച്ചു നിൽക്കാനും സ്വന്തമായ ഒരിടം കണ്ടെത്താനും പറ്റിയ ഒരു മേഖലയല്ല മലയാളം സിനിമ ഇൻഡസ്ട്രി എന്നത് കൊണ്ടായിരിക്കുമോ കഴിവുള്ള സ്ത്രീകൾ എമ്പാടും ഉണ്ടായിട്ടും ഈ മേഖലയിലേക്ക് കടന്നു വരാൻ മടിക്കുന്നത്?

തുടക്കകാലം മുതലുള്ള നമ്മുടെ നായികാ സങ്കല്പങ്ങൾ ഒക്കെയും  'ധീരോദാത്തനതിപ്രതാപഗുണവാൻ' ആയ നായകന്റെ ചെയ്തികൾക്ക് തിളക്കം കൂട്ടാനുള്ള ഒരു കഥാപാത്രം മാത്രമാണ്.  അവന്റെ പ്രണയത്തിൽ ഉരുകിപ്പോകുന്ന അവന്റെ സ്നേഹത്തിനായി കാത്തിരിക്കുന്ന സർവ്വ ദുർഘടങ്ങളിലും അവന്റെ പൗരുഷം കൊണ്ട്   കാക്കപ്പെടുന്ന  വെറും പെണ്ണ്. ആദ്യമൊക്കെ ഇത്തിരി കുറുമ്പും തന്റേടവും കാട്ടുമെങ്കിലും  നായകൻ  തന്നിലേക്ക് അനുരക്തനാകുന്നതോടെ അവൾ പിന്നെ അവന്റെ വിനീതയായ  പെണ്ണ് മാത്രമാകുന്നു. അവൾക്ക് പ്രിയപ്പെട്ടവരെ മാത്രമല്ല വ്യക്തിത്വം പോലും അവനു വേണ്ടി ത്യജിച്ചു കളയുമ്പോൾ ആണ്  ഉത്തമയായ നായിക ആയി മാറുന്നത്!

നമ്മുടെ സൂപ്പർ താരങ്ങൾക്ക് പ്രായം വല്ലാതെ ഏറിയപ്പോഴാണ് നടിമാർക്ക് കാമുകിയിൽ നിന്ന് ഭാര്യാപദവിയിലേക്ക് പ്രമോഷൻ കിട്ടിയത് തന്നെ. അതോടു കൂടി വ്യക്തിത്വമുള്ള നായികമാർ എന്നത് സിനിമയിൽ നിന്നും തീരെ  ഇല്ലാതെയുമായി.  നായകൻ അവിവാഹിതനല്ല എന്നറിയിക്കുവാൻ ഒരു ഭാര്യ! അതിനുമപ്പുറം സൂപ്പർ താര സിനിമകളിലെ ഭാര്യാ കഥാപാത്രങ്ങൾക്ക് യാതൊരു പ്രമുഖ്യവും ഉണ്ടാവാറില്ല പലപ്പോഴും.

തന്റെ ഹീറോ ഇമേജിന് പറ്റിയ രീതിയിൽ കഥയിലും രംഗങ്ങളിലും സംഭാഷണങ്ങളിലും ഇടപെടാനും മാറ്റം വരുത്താനും  നായകന് സാധ്യമാണെങ്കിൽ അങ്ങനെ യാതൊരു അവകാശവും നായികക്ക് ചിന്തിക്കാൻ പോലും പറ്റില്ല. തിരക്കഥാകൃത്തിനും സംവിധായകനും വെറുമൊരു പെൺ കഥാപാത്രം എന്നതിലുപരി നായികക്ക് കുറേക്കൂടി പ്രാധാന്യം വേണം എന്ന് തോന്നിയാൽ മാത്രം ചില നടികൾക്ക് ലഭിക്കുന്ന ഭാഗ്യമാണ് ജീവിതഗന്ധിയായ ചില  കഥാപാത്രങ്ങൾ.  കണ്ടുമടുത്ത മുഖങ്ങളുടെ ബോറടി മാറ്റാൻ പുതുമുഖ നായികമാരെ പരീക്ഷിക്കുമ്പോൾ നടികൾക്ക് അത്തരം സൗഭാഗ്യങ്ങൾ പ്രതീക്ഷിക്കാൻ പോലും സാധ്യമല്ല. പണ്ട് മകളായി അഭിനയിച്ച ബാലതാരം ഏറെക്കാലം കഴിഞ്ഞു അതേ സൂപ്പർ താരത്തിന്റെ കാമുകിയായും ഭാര്യയായും ഒക്കെ വരുമ്പോൾ താരത്തിനോ പ്രേക്ഷകർക്കോ യാതൊരു ചളിപ്പും തോന്നാറില്ല എന്നതാണ് നമ്മുടെ സിനിമയുടെ യോഗം.

പഴയ കാലത്തെ സിഗരറ്റ് വലിക്കാത്ത മദ്യപിക്കാത്ത അന്യസ്ത്രീയെ നോക്കാത്ത സൽഗുണസമ്പന്നന്മാരായ നായകന്മാരിൽ നിന്നും കാലം മാറിയപ്പോൾ ഫുൾ ടൈം വെള്ളമടിക്കുന്ന പരസ്ത്രീ സംസർഗ്ഗം ഹോബിയാക്കിയ കൂലിത്തല്ലും കള്ളക്കടത്തും തട്ടിപ്പും ഒക്കെ നടത്തി ഭൂലോക തല്ലിപ്പൊളി ആയി നടക്കുന്ന കഥാപാത്രങ്ങൾ നായകനായി മാറിയെങ്കിലും, നായികമാരുടെ മാറ്റം പാവാടയും ധാവണിയും എന്നതിൽ നിന്നും ടീഷർട്ടും ജീൻസും ആയി എന്നതേയുള്ളൂ. അവളിപ്പോഴും സൽഗുണ സമ്പന്നയും ശീലാവതിയും ഒക്കെത്തന്നെയാണ്. നായകന്റെ പൗരുഷത്തിന് മുന്നിൽ പ്രണയ വിവശയായി വീണുപോകുന്ന പെണ്ണ്. അവൾക്ക് അന്യ പുരുഷനെ മോഹിക്കാനോ കൂടെ പൊറുക്കാനോ ഉള്ള അവകാശമില്ല.

നായികയുടെ ജീവിതത്തിൽ അങ്ങനെ വല്ല 'കരിനിഴലും' ഉണ്ടായിപ്പോയിട്ടുണ്ടെങ്കിൽ അവൾക്ക് മരണം വിധിക്കാനും പകരം 'അനാഘ്രാത കുസുമ'മായ ഇണയെ നായകന് വേണ്ടി കാത്തുവെക്കാനും നമ്മുടെ സിനിമ ശ്രദ്ധിക്കാറുണ്ട്.

കാലങ്ങളായി ഇത്തരം സിനിമകൾ കണ്ടു ശീലിച്ചു പോയ നമുക്ക് സിനിമകളിലെ  പെൺ വിരുദ്ധ ഡയലോഗുകൾ കേൾക്കുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും തോന്നാത്തതിൽ അത്ഭുതമുണ്ടോ?

ആണിന്റെ സൗമനസ്യം കൊണ്ട് വരച്ചു വെക്കുന്ന പെൺ കഥാപാത്രങ്ങൾക്കപ്പുറം പെൺ മനസ്സിന്റെ ആകുലതകളും സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിക്കുന്ന സിനിമകൾ ഉണ്ടാവണമെങ്കിൽ എഴുതാനും സംവിധാനം ചെയ്യാനുമൊക്കെ പെണ്ണുങ്ങൾ തന്നെ ഉണ്ടാവേണ്ടതുണ്ട്.

പെണ്ണിനെ കമന്റടിച്ചാലോ കയറിപ്പിടിച്ചാലോ വന്നു തല്ലുണ്ടാക്കുന്ന ആൺ വാഴ്ത്തു സിനിമകളല്ല. പൊതുഇടങ്ങളിൽ ആയാലും വീടകങ്ങളിൽ ആയാലും വെറുമൊരു ഉടലായും ഭോഗവസ്തുവായും മാത്രം കാണുകയും ഇടപെടുകയും ചെയ്യുന്നത് നിരന്തരം  കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പെണ്ണിന്റെ ഉള്ളിലെ  വിഹ്വലതകളും രോഷവും ഒക്കെയാണ് സിനിമായവേണ്ടത്. പൊതുസ്ഥലങ്ങളിൽ ആയാലും പണിയിടങ്ങളിൽ ആയാലും മൂത്രപ്പുര പോലും ഇല്ലാത്ത പെണ്ണിന്റെ അവസ്ഥ, പഠിക്കാനായാലും ജോലിക്കായാലും വീടിനു പുറത്തു കഴിയുന്ന പെണ്ണിന് മാസത്തിലെ ആ അഞ്ചാറ് ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ. ഭർത്താവ് വിദേശത്തു കഴിയുന്ന പ്രവാസിഭാര്യമാരുടെ മനഃസംഘർഷങ്ങളും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും. നീളൻ ഡയലോഗുകളിലൂടെ അല്ലാതെ ഇതൊക്കെ ഫലിപ്പിക്കാനും സാമൂഹശ്രദ്ധയിൽ കൊണ്ടുവരാനും കഴിയുക പെണ്ണ് ഒരുക്കുന്ന സിനിമകളിലൂടെ ആവും എന്നതിൽ സംശയമുണ്ടോ. തീർച്ചയായും ഇങ്ങനെയുള്ള പെൺ സിനിമകൾ ശ്രദ്ധിക്കപ്പെടുകയും വിജയം വരിക്കുകയും ചെയ്യും.  മലയാള സിനിമാ ഇൻഡസ്ട്രി വേണ്ട രീതിയിൽ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടിട്ടില്ലെങ്കിലും പ്രേക്ഷകൻ ഏറെ മാറിയിട്ടുണ്ട്. ജീവിതഗന്ധിയായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും ആണ് അവർ തേടുന്നത്. ഇന്റർനെറ്റ് വ്യാപകമായതോടെ ഏറ്റവും മികച്ച വിദേശ സിനിമകൾ കാണുകയും ചർച്ച ചെയ്യുകയും ചെയ്യുന്നൊരു തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. അവരുടെ മുന്നിലാണ് നാം ഇപ്പോഴും നായകന്റെ ശൂരത്വം ആണ് സിനിമ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഒരു കലാരൂപം എന്നത് പോലെ സിനിമ വൻ മുതൽമുടക്കുള്ള ഒരു വ്യവസായം കൂടിയാണ്. അതുകൊണ്ടു തന്നെ കാലങ്ങളായി ചില ജനപ്രിയ ഫോർമുലകൾക്ക് അപ്പുറം കടക്കാൻ മടിക്കുന്നവരാണ് നമ്മുടെ മിക്ക സംവിധായകരും. നായക പ്രധാന്യമില്ലാത്ത സിനിമ എന്നത്   സൂപ്പർതാരങ്ങളെ പോലെ അവർക്കും അചിന്ത്യമാണ്. എന്നാൽ ഇന്ന് ജീവിതത്തിൽ പെണ്ണിന് ഏറെ പ്രാധാന്യമുണ്ട്. അടുക്കളകളിൽ നിന്ന് തൊഴിലിടങ്ങളിലേക്ക് മാത്രമല്ല, സമരമുഖങ്ങളിലും സ്ത്രീയുടെ വ്യക്തിത്വവും നിലപാടും അടയാളപ്പെടുത്തപ്പെടുന്നു. ശാസ്ത്രജ്ഞയോ കലാകാരിയോ കളിക്കാരിയോ തൊഴിലുറപ്പ് ജോലിക്ക് പോകുന്നവളോ ആരായാലും അവരുടെയൊക്കെ ലോകം വ്യത്യസ്തമാണ്. ആണ് അറിയാത്ത ഒരുപാട് ജീവിതനുഭവങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. ജനകീയ മാധ്യമമായ സിനിമയിലൂടെ ഇതൊക്കെ ആവിഷ്കരിക്കാൻ കഴിവുള്ള വനിതകൾ ഉണ്ടാവുമ്പോഴേ നമ്മുടെ സിനിമകൾ ശരിക്കും ജനകീയമാവൂ.

ടൈറ്റിൽ കാർഡിൽ കാണുന്ന പേരിനപ്പുറം  സിനിമാ നിർമ്മാണ രംഗത്ത്  സിനിമയെ അറിയുന്ന വനിതാ നിർമ്മാതാക്കൾ അപൂർവ്വമാണ്. സ്ത്രീകളുടെ ഉയർച്ച ആഗ്രഹിക്കുന്ന നടിമാർ അടക്കം ഈ മേഖലയിൽ ഉള്ളവർ ഇതിനായി മുന്നോട്ടു വന്നാൽ സഹകരിക്കാൻ താല്പര്യമുള്ള വനിതാസംരംഭകരെ കിട്ടാൻ പ്രയാസം ഉണ്ടാവുകയില്ല. വലിയ അധോലോക ബന്ധം ഉണ്ടെന്നു പറയുന്ന  ബോളിവുഡിൽ പോലും വനിതാ സംവിധായികമാരും എഴുത്തുകാരും മറ്റു സാങ്കേതിക പ്രവർത്തകരും ഉയർന്നു വരുമ്പോൾ സാക്ഷര സുന്ദര കേരളത്തിൽ മാത്രം പെണ്ണുങ്ങൾ ക്യാമറക്ക് മുന്നിൽ മാത്രം ഒതുങ്ങിപ്പോകുന്നത് എന്ത്കൊണ്ടാവാം എന്നത് സിനിമാപ്രേമികൾ ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.

നിർമ്മാതാവ് മുതൽ ലൈറ്റ്‌ബോയ്‌ വരെ ഉള്ളവരെ സഹകരിപ്പിച്ചു കൊണ്ടുപോവാനും പകലും രാത്രിയും ഇല്ലാതെ പലയിടങ്ങളിലായി, പ്രീ പ്രൊഡക്ഷൻ വർക്കുകൾ മുതൽ റിലീസ് വരെ ഓടിനടക്കാനും ഒക്കെയുള്ള ബുദ്ധിമുട്ടുകൾ ഒരു കാരണം ആണെങ്കിലും ഇന്ന് അതിലേറെ വെല്ലുവിളിയുള്ള തൊഴിൽ മേഖലകളിലേക്ക് പോലും സാഹസപൂർവ്വം വനിതകൾ എത്തിച്ചേരുന്ന കാലമാണ് എന്നോർക്കണം. സിനിമ പെണ്ണിന്റേത് കൂടി ആവണം എന്ന ആത്മാർത്ഥമായ ആഗ്രഹം ഉള്ള സിനിമാക്കാർ തന്നെ മുൻകൈ എടുത്താൽ പ്രതിഭയുള്ള പെൺകുട്ടികൾ ധൈര്യപൂർവ്വം ഈ രംഗത്തേക്ക് കടന്നുവരാതിരിക്കില്ല.

അങ്ങനെ ആവുമ്പോൾ മാത്രമേ മലയാള സിനിമ പെണ്ണിന്റേത് കൂടി ആയി മാറുകയുള്ളൂ. ഡയലോഗുകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കിയത് കൊണ്ടോ ഏതെങ്കിലും നടൻ അങ്ങനെയുള്ള സിനിമകൾ വേണ്ടെന്ന് വെച്ചത് കൊണ്ടോ മലയാള സിനിമയുടെ ആണ്കോയ്മയും ആൺചായ്‌വും ഇല്ലാതാകുകയില്ല. വർത്തമാനകാല സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്താനും മാറ്റങ്ങൾ ഉണ്ടാക്കാനും കഴിയുന്ന കലാരൂപം തന്നെയാണ് സിനിമ. അത് കേവലം വിനോദോപാധി എന്ന നിലയിൽ മാത്രം കാണുകയും അതിനായി തട്ടിക്കൂട്ടുന്ന സംഗതികൾ ആവിഷ്കരിച്ചു ഇതാണ് സിനിമ എന്ന് വിടുവായത്തം പറയുകയും ചെയ്യുന്നവരിൽ നിന്ന് സിനിമയെ തിരിച്ചു പിടിക്കാനും ഈ മാധ്യമത്തെ ഗുണപരമായ രീതിയിൽ ഉപയോഗപ്പെടുത്താനും കഴിവും പ്രാപ്തിയും ഉള്ള വനിതകൾ മലയാള സിനിമയുടെ സകല മേഖലകളിലും എത്തേണ്ടതുണ്ട്. നിർമ്മാതാവും സംവിധായികയും തിരക്കഥാകൃത്തും ക്യാമറപ്പേഴ്‌സണും സംഗീത സംവിധായികയും എഡിറ്ററും മുതൽ വിതരണക്കാർ വരെ വനിതകളും ഉണ്ടാവുമ്പോഴാണ്  ഇവിടെ നല്ല സിനിമകൾ പിറവിയെടുക്കുക. അതിനായി ഉണർന്നു ചിന്തിക്കട്ടെ യഥാർത്ഥ സിനിമാ പ്രേമികളും സ്ത്രീ ശാക്തീകരണ വാദികളും.

അതല്ലെങ്കിൽ പെണ്ണിന്റെ മനസ്സും ചിന്തയും ഇടപെടലുകളും ഇല്ലാത്ത, , കരച്ചിലും പിഴിച്ചിലും പ്രണയവും അല്ലാതെ വേറൊന്നിനും കൊള്ളാത്ത പെൺ രൂപങ്ങൾ മാത്രമുള്ള സിനിമകൾ കണ്ട് നമുക്ക് കൈയടിക്കാം. പിന്നീട് ആ സിനിമകളിലെ താര ഡയലോഗുകളിലെ പെൺ വിരുദ്ധത ചികഞ്ഞു പിടിച്ചു്‌ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാം.

 സിനിമ ഈ കാലഘട്ടത്തിന്റെ ശക്തമായ മാധ്യമം ആണ് എന്ന് ബോധമുള്ളവർ, ഈ കലാരൂപത്തെ സ്നേഹിക്കുന്നവർ സിനിമയുടെ പിന്നണിയിലേക്ക് പ്രതിഭകളായ സ്ത്രീകളെ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിക്കട്ടെ. സ്ത്രീകളുടെ വ്യക്തിത്വ പ്രകാശനത്തിനും പെണ്ണനുഭവങ്ങളുടെ ആവിഷ്കാരത്തിനും ഇത്രയും ശക്തമായ ഒരു മാധ്യമവും കലാരൂപവും ഇല്ല എന്ന് എപ്പോഴാണ് നാം ഗൗരവപൂർവ്വം ഉൾക്കൊള്ളുക.
(നജീബ് മൂടാടി)
http://www.azhimukham.com/women-in-malayalam-movie-writers-directors-technicions/

നോവുകൾക്ക് മേൽ നന്മയായി പെയ്യുന്ന കുറെ മനുഷ്യർ


കോടാച്ചിരം മഴയത്ത് മുട്ടോളം വെള്ളമുള്ള  ചെമ്മൺ നിരത്തിലൂടെ നീന്തി വരുന്നൊരു  വെളുത്ത ഒംനി വാൻ.  അതിൽ നിന്നിറങ്ങിയ പെൺകുട്ടികൾ കുടച്ചോട്ടിൽ ചേർത്ത് പിടിച്ചിട്ടും മഴ നനഞ്ഞ് ഇടവഴിയിലൂടെ നടന്ന് വഴുക്കുന്ന കുന്നിന് മേലുള്ള കുടിലിലേക്ക്  പ്രയാസപ്പെട്ടു കേറിപ്പോകുന്നത് അടുക്കള ജാലകത്തിലൂടെ  കണ്ട പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
"പാല്യേറ്റിവ്കാരാ... കുന്നുമ്മലെ ഓറ്‌ ഇന്നോ നാളേന്നുള്ള നെലക്ക് കെടക്ക്വല്ലേ"

ഏതൊരു നാട്ടുമ്പുറത്തിനും സുപരിചിതമാണ് ഇന്ന് ഈ പേരും ഇങ്ങനെ കുറെ മനുഷ്യരും. വേദന തിന്നു കഴിയുന്ന മാറാരോഗികൾക്കും ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടപ്പിലായിപ്പോയവർക്കും ആശ്വാസമായെത്തുന്ന ഒരു കൂട്ടം ആൾക്കാർ. മരുന്നു കൊടുത്തും ഭക്ഷണം കൊടുത്തും വീട് വൃത്തിയാക്കിയും സ്നേഹം കൊണ്ട് ചേർത്തുപിടിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങൾ. ഓണവും വിഷുവും പെരുന്നാളും   കൃസ്തുമസ്സും വിവാഹവും മഴയും വെയിലുമൊന്നും ഇവരെ തടയുന്നില്ല.

കൊല്ലുന്നവൻ തനെന്തിനാണ് കൊല്ലുന്നതെന്നും കൊല്ലപ്പെട്ടവൻ എന്ത് കാരണത്താലാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിയാത്ത ഒരു കാലത്തെ കുറിച്ചൊരു പ്രവാചക വചനമുണ്ട്. സമാനമായൊരു കാലമാണോ എന്ന് തോന്നിപ്പിക്കും വിധമാണല്ലോ കേൾക്കുന്ന വാർത്തകൾ. മതത്തിന്റെ ജാതിയുടെ ദേശത്തിന്റെ ഭാഷയുടെ വർണ്ണത്തിന്റെ ഒക്കെ പേരിൽ കൊന്നും മരിച്ചും...

ജോലിക്ക്  പോകാനിറങ്ങുമ്പോൾ തീവണ്ടിയിൽ, അങ്ങാടിയിൽ, ഹോട്ടലിൽ ഏതു നിമിഷവും ആരോ വെച്ച ബോംബിനോ ഭ്രാന്ത് പിടിച്ചൊരു കൊലയാളിയുടെ തോക്കിനോ ഇരയായി മരിച്ചു വീഴുന്നവർ. കൊന്നവർക്കും മരിച്ചവർക്കും വേണ്ടിയുള്ള ന്യായവാദങ്ങൾ. വെല്ലുവിളികൾ... പിന്നെയും പിന്നെയും മനുഷ്യൻ മനുഷ്യന്റെ ശത്രുവായി ഹിംസ്രജന്തുക്കളെ പോലെ മുരണ്ടും മുക്രയിട്ടും ലോകത്തിന്റെ തന്നെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ നിശബ്ദമായി മനുഷ്യരെ സേവിക്കുന്ന കുറെ മനുഷ്യർ.

ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കാതെ വേദനിക്കുന്നവനിൽ ആശ്വാസമായി പെയ്തിറങ്ങുന്ന നന്മമഴകൾ. സങ്കടങ്ങളെയൊക്കെ മായ് ച്ചുകളയുന്ന ചിരിയോടെ ആശ്വാസവാക്കുകളോടെ ചേർത്തു പിടിച്ചും ശുശ്രൂഷിച്ചും...

എനിക്ക് നേരിൽ അറിയുന്ന ഒരുപാട് പാലിയേറ്റിവ് വളണ്ടിയർമാരുണ്ട്.  കച്ചവടക്കാർ, ഉദ്യോഗസ്ഥന്മാർ, റിട്ടയേഡ് ജീവിതം നയിക്കുന്നവർ, ഓട്ടോ ഓടിക്കുന്നവർ, കൂലിപ്പണിക്കാർ, കോളേജ് വിദ്യാർഥികൾ, പ്രവാസികൾ, വീട്ടമ്മമാർ.....
തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച്‌ ഒരു കടമയെന്ന പോലെ അവശരും നിസ്സഹായരുമായ മനുഷ്യരിലേക്ക് ഇറങ്ങുവാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ത് എന്ന് അത്ഭുതപ്പെടാറുണ്ട്.

നന്മകൾക്കൊക്കെ പരലോകത്തു പ്രതിഫലം ലഭിക്കും എന്ന് കരുതുന്ന ദൈവ വിശ്വാസികൾ മാത്രമല്ല യാതൊരു ഈശ്വര വിശ്വാസവും ഇല്ലാത്തവർ പോലും ഏറെയുണ്ട് ഈ മേഖലയിൽ ജീവിതം തന്നെ സമർപ്പിച്ചവർ. ഇവരൊക്കെയും അനുഭവിക്കുന്നൊരു ആത്മസംതൃപ്തിയുണ്ട്. തങ്ങളുടെ ജീവിതം സാർത്ഥകമാവുന്നു എന്നൊരു സന്തോഷം. ഒരു വാക്ക് കൊണ്ട് സ്പർശം കൊണ്ട് സാമീപ്യം കൊണ്ട് അന്യനായൊരു മനുഷ്യന് ആശ്വാസമാവാൻ കഴിയുന്നല്ലോ എന്നൊരു ചാരിതാർഥ്യം.

അത്രമേൽ ഒറ്റപ്പെട്ട് വരണ്ടുപോയ ജീവിതങ്ങൾക്ക് മേലെയാണ് ഇവർ ചാറ്റൽ മഴയായി പെയ്യുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലാതെ പുഴുവരിച്ചും പട്ടിണിയായും ദുരിതക്കിടപ്പിൽ മരണം കൊതിച്ചു കഴിഞ്ഞവർ. ആരോ പറഞ്ഞറിഞ്ഞ് തേടിയെത്തുമ്പോൾ മുതൽ പാലിയേറ്റിവ് പ്രവർത്തകർ അയാളുടെ ഉറ്റബന്ധു ആകുന്നു. കുളിപ്പിച്ചും വൃണങ്ങൾ വൃത്തിയാക്കി മരുന്ന് വെച്ചും. ഭക്ഷണം നൽകിയും ജീവിതത്തിലേക്ക് ആ മനുഷ്യനെ മെല്ലെ മെല്ലെ കൈ പിടിച്ചു നടത്തിക്കുന്നു.

ആശുപത്രികളെല്ലാം മടക്കിയ, വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുന്ന പ്രിയപ്പെട്ടൊരാൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ബന്ധുക്കളാരോ അടുത്തുള്ള പാലിയേറ്റിവ് കാരെ വിളിക്കുന്നു.
"കണ്ടു നിക്കാൻ വയ്യ നിങ്ങളെന്തെങ്കിലും ചെയ്തു തരണം"

വേദനാ സംഹാരികൾ മാത്രമല്ല. കിടപ്പിലായിപ്പോയ അയാൾക്ക്  മലമൂത്ര വിസർജ്ജനത്തിന്‌ വേണ്ടത് ചെയ്തും, ആവശ്യമായ നിർദേശങ്ങൾ വീട്ടുകാർക്ക് കൊടുത്തും പലപ്പോഴും അവസാന നേരത്ത്   ആശ്വാസത്തിന്റെ പുതപ്പായി മാറാൻ പാലിയേറ്റിവ് പ്രവർത്തകർ തന്നെയാണ് ഇന്ന് നാട്ടിൽ. മാരകമായ രോഗങ്ങൾ പെരുകി വരുന്ന കാലത്ത്  സ്വസ്ഥമായ മരണം പോലും കിട്ടാൻ ഭാഗ്യമില്ലാതെ പോകുന്നവർക്ക്  പാലിയേറ്റിവ് പ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസം ചെറുതല്ല.

അഗാധമായ മനുഷ്യസ്നേഹമാണ് ഇവരുടെ ഊർജ്ജം. ദുരിതങ്ങളും വേദനകളും അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ്  ആ പേരിന് അർഹനാകുക എന്ന ബോധം. വില കൊടുത്തു വാങ്ങുന്ന സന്തോഷങ്ങളൊക്കെയും അല്പായുസ്സുകൾ ആണെന്ന തിരിച്ചറിവും പകർന്നു നൽകും തോറും ഏറുന്ന സ്നേഹം എന്ന വികാരം മനുഷ്യനെ എത്രത്തോളം നിർമ്മലനാക്കും എന്നറിയുന്ന അനുഭൂതിയുമാണ് ഓരോ പാലിയേറ്റിവ് പ്രവർത്തകനെയും ഈ ഒരു മേഖലയിൽ മടുപ്പില്ലാതെ നിൽക്കാൻ  പ്രേരിപ്പിക്കുന്നത്.

ഗ്രന്ഥങ്ങളിലൂടെ മാത്രം ഈശ്വരനെ തേടുന്നതിന്റെ ദുരന്തമാണ് മതത്തിന്റെ പേരിൽ മനുഷ്യരെ വെറുത്തും അകറ്റിയും നിർത്തണം എന്ന രീതിയിലുള്ള പുതിയകാല വ്യാഖ്യാനങ്ങൾ.  മനുഷ്യൻ മനുഷ്യനെ തൊട്ടറിയുമ്പോഴും ചേർത്തു പിടിക്കുമ്പോഴും പരസ്പരം പകരുന്നൊരു നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിന്നും ഹൃദങ്ങളിലേക്ക് പകരാൻ കഴിയുമ്പോഴാണ് ലോകം മനോഹരമാവുന്നത്.
തൊട്ടാവാടിപ്പൂവിന്റെ ചിരിയും നക്ഷത്രക്കുഞ്ഞിന്റെ സഞ്ചാരവും കണ്ട കാലം മറന്ന് എന്തിനോ വേണ്ടി പിരിമുറുക്കത്തോടെ തിരക്കിട്ടോടുന്ന നമ്മുടെ മുന്നിൽ ഇങ്ങനെ കുറേ മനുഷ്യരുണ്ട്. ഉറ്റവരല്ലാത്ത ആർക്കൊക്കെയോ ഉറ്റവരായി മാറിയവർ, ജീവിതത്തിലേക്കായാലും മരണത്തിലേക്കായാലും ഏറ്റവും ദയയോടെയും സ്നേഹത്തോടെയും മനുഷ്യരെ ചേർത്തുപിടിച്ചു  നടത്തുന്നവർ....
നാമിവരെ പാലിയേറ്റിവ്കാർ എന്ന് വിളിക്കും.
----------------
'നിലാവ്' കുവൈത്ത് ന്റെ സുവനീറിന് വേണ്ടി എഴുതിയത്

ഓർമ്മനാടച്ചുരുളിലെ മായാ ചിത്രങ്ങൾ


"ഇങ്ങള് കല്യാണത്തിന് വരൂലെ..."    ചോദ്യത്തിൽ ആശങ്കയും പരിഭവവും കലർന്നിരുന്നു.
"ഞാനിപ്പോ വന്നു പോന്നിട്ട് ആറുമാസം ആവുന്നല്ലേ ഉള്ളൂ.....പൊന്നും പണവും കല്യാണച്ചെലവിനുള്ള പൈസയും ഒക്കെ ഒപ്പിക്കണ്ടേ....."
"നമ്മളെ മോൾടെ കല്യാണത്തിന് ഇങ്ങളില്ലാതെ  എങ്ങനാ....."
 ഇപ്പോൾ പെയ്യുമെന്ന പോലെ  സങ്കടം നിറഞ്ഞ അവളുടെ വാക്കുകളിൽ തുളുമ്പി നിൽക്കുന്നത് കല്യാണത്തിന്റെ ആഹ്ലാദമല്ല. 
"ഇവിടാകുമ്പോ കൂട്ടുകാരോടൊക്കെ എന്തെങ്കിലും തിരിമറിയാക്കാൻ പറ്റും..... നാട്ടിൽ പോയി വരാനുള്ള ടിക്കറ്റിന്റെ പൈസ ഉണ്ടെങ്കിൽ തന്നെ മൂന്നാലു പവൻ വാങ്ങാം.....ഞാനിപ്പോ വന്നാൽ...നിനക്കറിയാലോ പുരപ്പണിയുടെ കടം തന്നെ ഇനിയും വീട്ടിത്തീർന്നിട്ടില്ല...."
"നമ്മളെ മോളെ പുയ്യാപ്ലന്റെ കൈ പിടിച്ചു  നിക്കാഹ് ചെയ്തു കൊടുക്കാനും ഓള്  ഇറങ്ങിപ്പോവുന്നത് കാണാനും ഇങ്ങളില്ലാതെ.........."
മുറിഞ്ഞു പോവുന്ന വാക്കുകളിലെ കണ്ണീര് ഉള്ളിൽ വീണു പൊള്ളിക്കുന്നു.
"നീ എന്നെ സങ്കടപ്പെടുത്തല്ലേ... .....ഇതൊന്നും ഞാൻ ആലോചിക്കാതെയല്ല......ഇപ്പൊ ഞാൻ വന്നാൽ ആകെ കുടുങ്ങും..... ഉപ്പ നിക്കാഹ് ചെയ്തു കൊടുത്തോട്ടെ. ഞാൻ 'കൈ' അയക്കാം..... കൂടാനും കാണാനും പൂതി ഇല്ലാഞ്ഞിട്ടല്ല.....നിനക്കറിയാലോ.."
അപ്പുറത്തെ നിശബ്ദതയെ സമാധാനിപ്പിക്കാൻ അയാൾ കൂട്ടിച്ചേർക്കുന്നു.
"ഇഞ്ഞൊരു കാര്യം ചെയ്യ്....കുട്ട്യോളോട് ആരോടെങ്കിലും വീഡിയോ പിടിക്കുന്നവരെ ഏർപ്പാട് ചെയ്യാൻ പറ..... എന്നാൽ എനിക്ക് ഇവിടെ ഇരുന്ന് കാണാലോ കല്യാണം.......ഇപ്പൊ എല്ലാരും അങ്ങനല്ലേ....വേറെ നിവൃത്തിയില്ലാലോ."
.....................
പത്തിരുപത്തിയഞ്ചുയഞ്ചു കൊല്ലം മുമ്പുള്ള കാര്യമാണ്. മൊബൈൽ ഫോണിലൂടെ  മുഖത്തോടു മുഖം നോക്കി മണിക്കൂറുകളോളം  വർത്തമാനം പറയാനുള്ള സൗകര്യമൊക്കെ ആവുന്നതിനു മുമ്പ്. സിനിമാ പാട്ടിനെ വെല്ലുന്ന രീതിയിൽ മൂന്നോ നാലോ മിനിറ്റിലേക്ക് ചുരുങ്ങിയ കല്യാണ വീഡിയോകൾ വാട്സ് ആപ്പിലൂടെ  ആഘോഷിക്കപ്പെടുന്നതിനും എത്രയോ മുമ്പ്........

പങ്ക് ചേരാൻ  കഴിയാതെ പോയ ആഹ്ലാദങ്ങളും പ്രിയപ്പെട്ടവരെയും നിഴൽചിത്രമായെങ്കിലും കണ്ട് ആശ്വസിക്കാനായി കടൽ കടന്ന് വരുന്നൊരു കല്യാണ വീഡിയോ   കാസറ്റിനായി കാത്തിരുന്ന   സാധാരണക്കാരായ ഒരു പാട് ഗൾഫ്  പ്രവാസികളെ കുറിച്ച്...

ചുരുങ്ങിയത് രണ്ടു കൊല്ലമെങ്കിലും കഴിയാതെ നാട്ടിലേക്ക് പോവുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കാലം. രണ്ടു മാസത്തിൽ ഒരിക്കൽ  അഞ്ചു ദിനാർ കൊടുത്താൽ 15 മിനിറ്റ് കഷ്ടി കിട്ടുന്ന 'കുഴല് വിളി'യും  കത്തുകളും  മാത്രമായി പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളെ ചേർത്തുവെച്ചൊരു കാലം.

അങ്ങനെയിരിക്കെ നാട്ടിലേക്കൊണ് അടിയന്തരമായി വിളിക്കണമെന്ന് ജോലിസ്ഥലത്തേക്കോ  റൂമിലേക്കോ വീട്ടുകാരുടെ ഫോൺ വരുന്നു. പേടിക്കാനൊന്നുമില്ല ഒരു അത്യാവശ്യ കാര്യം പറയാനാണ് എന്നൊരു സമാധാനപ്പെടുത്തൽ ഉണ്ടെങ്കിലും പരിഭ്രാന്തിയോടെ നാട്ടിലേക്ക് വിളിക്കുമ്പോൾ കേൾക്കുന്നതൊരു സന്തോഷവർത്തമാനം.
"നിന്റെ മോൾക്ക് നല്ലൊരു സംബന്ധം വന്ന്‌ട്ടുണ്ട്.... അന്വേഷിച്ചെടുത്തോളം കുഴപ്പമില്ലാത്ത കൂട്ടരാണ്. പക്ഷെ ഓന് ഇനി രണ്ടു മാസം കൂടിയേ ലീവുള്ളൂ. അതോണ്ട്  കല്യാണം പെട്ടെന്ന് വേണ്ടി വരും"

പൊന്നും പണവും പെട്ടെന്നെങ്ങനാണ് ഉണ്ടാക്കുക എന്ന അങ്കലാപ്പ് ഉള്ളിലടക്കി അയാൾ സമ്മതം മൂളുന്നു.  വൈകാതെ തന്നെ പെണ്ണുകാണലും കല്യാണനിശ്ചയവും  കഴിയുന്നു. മക്കളുടെ കല്യാണം ആണെങ്കിലും  പെട്ടെന്നൊരു നാട്ടിൽപോക്ക് അന്നൊന്നും ഒരു സാധാരണ പ്രവാസിക്ക് എളുപ്പമല്ല.  ലീവ് കിട്ടാനുള്ള പാട്, ഇഖാമയുടെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്... ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ഒരുപാട് കാലമായി സ്വപ്നം കണ്ടു നടന്ന ആഹ്ലാദ മുഹൂർത്തങ്ങളിൽ പോലും കൂടെയുണ്ടാവാൻ കഴിയാതെ മരുഭൂമിയിൽ ഒറ്റക്കായിപ്പോയവന് അകലെയിരുന്ന്‌ ആ സന്തോഷങ്ങൾ ഒരു ചലച്ചിത്രം എന്ന പോലെ  പലവട്ടം കണ്ട് മനസ്സ് നിറയ്ക്കാനുള്ള ഒരേയൊരു ഉപാധി   കല്യാണ വീഡിയോ മാത്രമാണ്.  കൂടെയുള്ള ബന്ധുക്കൾക്കും അയൽവാസികൾക്കുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവരെയും കാണാം എന്നൊരു സന്തോഷം കൂടിയുണ്ട്. മക്കളുടെ വളർച്ച പലഘട്ടങ്ങളിലായി മാത്രം കാണാൻ വിധിക്കപ്പെട്ട പിതാക്കളുടെ ആഹ്ലാദവഴി.

കല്യാണ നാളിൽ അയാൾ  കടലിനക്കരെ മരുഭൂമിയിൽ  താൻ ജോലി ചെയ്യുന്ന  ഹോട്ടലിന്റെ അടുക്കളയിൽ പൊള്ളുന്ന പൊറാട്ടകല്ലിനു മുന്നിൽ തീച്ചൂടിൽ വിയർത്തു കൊണ്ട് കൊണ്ട്‌ മനക്കണ്ണിൽ കല്യാണവീട് കാണും. 
നാട്ടുകാരെയൊക്കെ പന്തലിലേക്ക് സ്വീകരിച്ചിരുത്തുന്നതും, ഭക്ഷണം  വിളമ്പുന്നതും, പുതിയാപ്പിളയും ആളും  എത്തുന്നതും, നിക്കാഹിനിരിക്കുന്നതും, കൂട്ടുകാരോടൊപ്പം അറയിലേക്ക് ചെല്ലുന്നതും, മൂത്തവരോടെല്ലാം പൊരുത്തം വാങ്ങി മോള് പുതുക്കപ്പെണ്ണുങ്ങളോടൊപ്പം  പുതിയാപ്പിളയുടെ വീട്ടിലേക്ക്   പുറപ്പെടുന്നതും......

അന്ന് രാത്രി ബാച്ചിലർ കൂടാരത്തിലെ ഇരുമ്പു കട്ടിലിൽ കടുത്ത നിരാശയെ മൗനത്തിലൊളിപ്പിച്ച്‌ കമിഴ്ന്നു കിടക്കുമ്പോൾ സഹമുറിയന്മാരാരോ പറയുന്നു.
"ഇതൊക്കെ തന്നെയല്ലേ നമ്മള് ഗൾഫുകാരുടെ ജീവിതം....കല്യാണമായാലും മരണമായാലും എത്തിപ്പെടാൻ കഴിയാത്തവരല്ലേ നമ്മൾ...."
"സാരമില്ലെടോ......ഇനിയിപ്പോ കല്യാണ കാസറ്റ് വരുമല്ലോ...പങ്കെടുക്കാൻ പറ്റാത്ത സങ്കടം നമ്മൾക്ക്‌  അത് കണ്ടങ്ങ്‌ തീർക്കാം"

അയാൾ മാത്രമല്ല  ബന്ധുക്കളും നാട്ടുകാരുമായ ഒരുപാട് പേർ ആ കാസറ്റിനായി കാത്തിരിക്കുകയാണ്. കല്യാണം കൂടിയ തങ്ങളുടെ  പ്രിയപ്പെട്ടവരെ കാണാൻ. എഡിറ്റ് ചെയ്ത് മൊഞ്ചാക്കിയ  വീഡിയോ കാസറ്റ് വീട്ടിൽ എത്തിയിട്ടുണ്ടത്രെ. ഇനി അത് ഇങ്ങോട്ട് കൊണ്ടുവരാൻ പരിചയക്കാരെ ആരെയെങ്കിലും കിട്ടണം. നാട്ടിൽ നിന്ന് ആരാണ് വരാനുള്ളത്  എന്ന് എല്ലാരും ഉത്സാഹത്തോടെ അന്വേഷിക്കുന്നുണ്ട്.

"ന്റെ ഒരു അയലോക്കക്കാരൻ വര്ണ് ണ്ട് അടുത്താഴ്ച........ ന്റെ വീട്ട്‌ക്ക്‌ കൊടന്നു കൊടുത്താ മതി.......വെയ്ക്കോ.."
പട്ടാമ്പിക്കാരനായ സഹമുറിയൻ ഒരു ദിവസം പണി കഴിഞ്ഞു വന്നപാടെ പറഞ്ഞ  സന്തോഷവാർത്ത നാട്ടിലേക്ക് പറക്കുന്നു.
പട്ടാമ്പി ഒരുപാട് ദൂരെയാണെങ്കിലും കാത്തിരിക്കുന്നവരുടെ ഉൾപിടച്ചിൽ വീട്ടുകാർക്ക് നന്നായി അറിയാമല്ലോ.

അതിരാവിലെ പട്ടാമ്പിക്കുള്ള തീവണ്ടി പിടിക്കാൻ കൊയിലാണ്ടിയിലേക്ക് പുറപ്പെടുന്ന ഭർതൃപിതാവിന്റെ കയ്യിൽ  വീഡിയോ കാസറ്റിനൊപ്പം സങ്കടക്കണ്ണീരിന്റെ ചുവയുള്ളൊരു പൊതി കൂടി നൽകിയവൾ പറയുന്നു.
"ഉപ്പാ...ഇതിന്റെ കൂടെ പുതിയാപ്പളന്റെ  പൊരേന്ന് കൊണ്ടുവന്ന കുറച്ച്‌ 'മണ്ട' കൂടി  വെച്ച്‌ക്കേ......ഓല്‌ക്ക് ഒന്നും കിട്ടീക്കില്ലാലോ.."

അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തുന്നു.  വൈകുന്നേരത്തെ ഫ്‌ളൈറ്റിന് എത്തുന്ന  അയൽക്കാരന്റെ റൂമിലേക്ക്  കൂട്ടുകാരൻ ടാക്സി വിളിച്ചു പോയിട്ടുണ്ട്.  നാട്ടുകാരും ബന്ധുക്കളും  ചിലർ കല്യാണം കാണാൻ റൂമിലേക്ക് എത്തിയിട്ടുണ്ട്. അവർക്കായി ഒരു തക്കാരം തന്നെ ഒരുക്കിയിട്ടുണ്ട്. ഇരട്ടക്കട്ടിലുകളിൽ ചാഞ്ഞിരുന്ന്‌ അവർ പൊരിഞ്ഞ ചർച്ചയിലാണ്.

കാസറ്റുമായി കൂട്ടുകാരൻ എത്തുന്നതോടെ ചർച്ച അവസാനിക്കുന്നു. മോളുടെ കല്യാണം കാണാൻ 'മണ്ട'യുടെ മധുരം നുണഞ്ഞു കൊണ്ട് TV സ്ക്രീനിലേക്ക് ഉറ്റു നോക്കിയിരിക്കുന്നു  അയാളും കൂട്ടരും.

വർണ്ണങ്ങളിൽ തെളിഞ്ഞുവന്ന പേരുകൾക്ക്  പിറകെ തല നിറയെ മുല്ലപ്പൂ ചൂടിയ ചിരിക്കുന്നൊരു മുഖം....ഹൃദയത്തിൽ നിന്നൊരു മിന്നൽ പോലെ..."ന്റെ മോള് .."
പലതായി ഇരട്ടിച്ച്‌  അവളങ്ങനെ സ്‌ക്രീനിൽ നിറയുന്നു. സാരിയുടുത്ത്‌ വലിയ പെണ്ണായിരിക്കുന്നു. ആഭരണങ്ങളുടെ തിളക്കത്തെക്കാൾ നിറമുള്ള ചിരിയോടെ പുതിയോട്ടി...... ഓരോ വരവിലും മുട്ടായിക്കായി കാത്തിരുന്നവൾ. എങ്ങോട്ടിറങ്ങിയാലും  വിരലിൽ തൂങ്ങി ഉപ്പാന്റെ പുന്നാര മോളെന്ന് വീമ്പു പറഞ്ഞവൾ... എത്ര പെട്ടെന്നാണ് അവൾ വളർന്നതും  മണവാട്ടിയായതും....

വീട്ടുകാരും ബന്ധുക്കളും പുതിയോട്ടിയോടൊപ്പം  മാറി മാറി നിന്നുള്ള  ദൃശ്യങ്ങളാണ്. കണ്ണിനു മുന്നിൽ കല്യാണപ്പന്തലും  രാത്രിയിലെ അതിഥികളും വെപ്പുപുരയിലെ   തകൃതിയും.

വീട്ടുകാർക്കൊപ്പം  മണവാട്ടിയോടു   ചേർന്ന് നിൽക്കുന്ന അവളുടെ ഉമ്മയുടെ കണ്ണ്‌ നിറഞ്ഞത്  ആഹ്ലാദം കൊണ്ടോ സന്തോഷം   പങ്കുവെക്കേണ്ടവൻ കൂട്ടിനില്ലാത്ത ഒറ്റപ്പെടൽ ഓർത്തിട്ടോ.

"മ്മളെ കുഞ്ഞിരാമൻ വൈദ്യര് വല്ലാണ്ട് ക്ഷീണിച്ചു പോയല്ലോ"
"വീഡിയോക്കാരനെ  കാണുമ്പോ വെപ്പുകാരൻ അന്ത്രൂന്റെ ഉള്ളിവെട്ടല് രജനി സ്റ്റൈലിലാ"
"ശബ്ദവും വെളിച്ചവും ബാലേട്ടൻ തന്നെ ഇപ്പളും ...കണ്ടില്ലേ ടെസ്റ്ററും കൊണ്ട് എന്തോ പണീലാ.."
"മ്മളെ അള്ള് കുഞ്ഞവുള്ള അല്ലേ അത്.... ഓൻ നാട്ടിലുണ്ടായിനോ..... ഞാൻ ഓനെ കണ്ടിട്ട് പതിനെട്ട് കൊല്ലായി... കുവൈത്തിലേക്ക് വന്ന ശേഷം ഞാള് തമ്മിൽ കണ്ടിട്ടില്ല...... ഓൻ ഉള്ളേരം ഞാൻ നാട്ടിൽ  ഉണ്ടാവൂല.... ഞാനുള്ളേരം ഓനും..."
ഏറെക്കാലത്തിനു ശേഷം കൂട്ടുകാരനെ വീഡിയോയിൽ കണ്ടപ്പോഴുള്ള സന്തോഷം പങ്കിടുന്നൊരാൾ..
"സുരേന്ദ്രാ.... നെന്റെ ഓളും കുഞ്ഞനും അല്ലേ അത്.... ഞ്ഞ്‌ത് വരെ  കുഞ്ഞനെ കണ്ട്ക്കില്ലാലോ"
"ഇല്ല....ഇത് എനിക്ക്  കാണാൻ വേണ്ടി പ്രത്യേകം പറഞ്ഞു പിടിപ്പിച്ചതാ"
 പല്ലില്ലാ മോണകാട്ടി ഇരുന്ന്  ചിരിക്കുന്ന കുഞ്ഞിനേയും ഭാര്യയെയും അയാൾ കണ്ണ് നിറയെ കാണുന്നു.
ഓരോ കാഴ്ചയിലും തങ്ങളുടെ പ്രിയപ്പെട്ടവരെ  തേടി... പെട്ടെന്ന് നാട്ടിലെത്തിയപോലെ ആഹ്ലാദപ്പെട്ട് അവരൊക്കെയും ലയിച്ചിരിക്കുന്നു......

കല്യാണനാളിലെ ദൃശ്യങ്ങൾക്ക് അതിലേറെ വർണ്ണപ്പൊലിവുണ്ട്. വിവാഹ വസ്ത്രത്തിൽ  തിളങ്ങി നിൽക്കുന്ന മണവാട്ടി, നിറഞ്ഞ ചിരിയോടെ കടന്നു വരുന്ന അതിഥികൾ.
വീട്.. പ്രിയപ്പെട്ടവർ....ബന്ധുക്കൾ നാട്ടുകാർ...ആഘോഷത്തിന് മുന്നിൽ നിൽക്കേണ്ടൊരാൾ മാത്രം ദൂരെ ദൂരെ കടലിനക്കരെ...

വരനും കൂട്ടുകാരും വിവാഹത്തിനായി വരുന്ന ദൃശ്യം... തന്റെ മകളുടെ ജീവിതത്തിൽ ഇനി താങ്ങും തണലുമായി മാറേണ്ടവൻ. സങ്കടങ്ങളിലും സാന്തോഷങ്ങളിലും ഇനി അവളെ ചേർത്തു  പിടിക്കേണ്ടവൻ. ഇത്ര കാലവും അവൾ ഓടിവന്ന് മുഖമമർത്തിയ ഈ ചുമലിന്  പകരം ഇനി..... കരൾ നിറയുന്ന ഈ കാഴ്ചയിൽ അയാളുടെ കണ്ണുകൾ കലങ്ങുന്നു.

'സവ്വജതുക്ക....വമിൻകഹുത്തുക്ക...'
തനിക്ക് പകരമിരുന്ന് പുതിയാപ്പിളയുടെ  കൈ പിടിച്ച്‌ നിക്കാഹ് ചെയ്തു കൊടുക്കുന്ന ബാപ്പയുടെ ശബ്ദം ഇടറുന്നത് ഇതിനൊന്നും യോഗമില്ലാതെ പോയ മോനെ ഓർത്താവുമോ...
നിക്കാഹ് കഴിഞ്ഞ്‌ എഴുന്നേറ്റ പുതിയാപ്പിളയെയും കൂട്ടുകാരെയും അറയിലേക്ക് ആനയിക്കുന്നു.
നാണിച്ചു തലയുയർത്താൻ മടിച്ച മോളുടെ കഴുത്തിലേക്ക് മഹറ് കെട്ടിക്കൊടുക്കുന്ന പുതിയാപ്പിള. വീഡിയോക്കാരന്റെ നിർദേശം അനുസരിച്ചു വരനോട് ചേർന്ന് നിൽക്കുമ്പോഴും പരിഭ്രമം കൊണ്ടും നാണം കൊണ്ടും വിളറുന്ന മോളുടെ മുഖം. പാലും പഴവുമായി കടന്നു വരുന്ന ഉമ്മാമ....പുതിയാപ്പിളയുടെ വിരലിൽ അമ്മായി മോതിരം  അണിയിക്കുന്ന വധുവിന്റെ ഉമ്മയുടെ പരിഭ്രമം...

വരനും കൂട്ടരും തിരികെ പോകുമ്പോൾ പുതിയോട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന പെണ്ണുങ്ങൾ വധുവിനെ ചമയിക്കുന്നു.
പുതുക്കപ്പെണ്ണുങ്ങളോടൊപ്പം മോള് പടിയിറങ്ങുകയാണ്. പുതിയൊരു ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറാൻ.  സന്തോഷം തുടിച്ചു നിന്ന അന്തരീക്ഷത്തിലൊരു സങ്കടം വിങ്ങി നിൽക്കുന്നു. ചേർത്തു പിടിച്ചും അനുഗ്രഹിച്ചും പ്രിയപ്പെട്ടവർ..
ഇത്രനേരം ചിരിയോടെ നിന്നവൾ വാടിപ്പോവുകയാണല്ലോ.  കളിച്ചു വളർന്ന വീട്ടിൽ നിന്ന്... പ്രിയപ്പെട്ടവരിൽ നിന്ന്.... മറ്റൊരു വീട്ടിലേക്ക്.

അവളുടെ ഉമ്മ മൂർദ്ധാവിൽ മുത്തം കൊടുത്തു യാത്രയാക്കുന്നു. കരൾ പറിയുന്ന വേദനയുണ്ട് ആ മുഖത്ത്.    മടിയും ഉഴപ്പും വികൃതിയുമായി  നടക്കുമ്പോൾ 'ആരാന്റെ അടുക്കളയിൽ പോകണ്ട പെണ്ണാ' എന്ന് പലവട്ടം ശാസിച്ചവൾ. ഇതാണാ മുഹൂർത്തം...ആരാന്റെ അടുക്കളയിലേക്ക് മോളെ യാത്രയാക്കുന്നു.  കുസൃതിയും പിണക്കങ്ങളുമായി ഇത്രനാളും തന്റെ നിഴലായി ഒപ്പം നടന്നവൾ.... വീടും അടുക്കളയും  ഇനി ഉറങ്ങിപ്പോവും. പെണ്ണായത് മുതൽ മകളായും കൂട്ടുകാരിയായും അടുപ്പിച്ചു നിർത്തിയവൾ പടിയിറങ്ങുകയാണ്....

ഒരു കല്യാണാഘോഷം കണ്മുന്നിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരും പരിചയക്കാരും നാട്ടുകാരും അവരുടെ ഓരോ ചലനങ്ങളും....VCR ഓഫ് ചെയ്യുമ്പോൾ നാട്ടിൽ നിന്ന്  വീണ്ടും മരുഭൂമിയിൽ തിരിച്ചെത്തുന്നു.  പുലർച്ചെ എഴുനേറ്റ് ജോലിക്ക് പോകാനുള്ളതാണെങ്കിലും  ഉറക്കം വരാതെ ഇരട്ടക്കട്ടിലുകളിൽ  ഇരുട്ടിലേക്ക് കണ്ണു മിഴിച്ചു കിടക്കുന്നു.

മോളുടെയും പ്രിയപ്പെട്ടവരുടെയും  സന്തോഷമുഖങ്ങൾ കണ്മുന്നിൽ ഇപ്പോഴും. ജീവിതത്തിലെ ഏറ്റവും വലിയൊരു സൗഭാഗ്യം നഷ്ടപ്പെട്ടു പോയതിന്റെ ഒടുങ്ങാ ഖേദം ഉള്ളു പൊള്ളിച്ചു കൊണ്ടിരിക്കുന്നു..

......................
കാലം മാറി, കുടുംബസമേതം ഗൾഫിൽ കഴിയുന്നതൊരു പുതുമയല്ലാതായി.  VCR നും VCPക്കും പകരം CD യും DVD യുമായി. ടെലിവിഷൻ 24 മണിക്കൂറും മലയാളം പറയാൻ തുടങ്ങി. എല്ലാ അതൃപ്പങ്ങളും മൊബൈലിലേക്ക് ചുരുങ്ങി. നടന്നും ഇരുന്നും കിടന്നും ദുനിയാവിന്റെ ഏതറ്റത്തുള്ള പ്രിയപ്പെട്ടവരോടും ഏതു നേരവും എത്ര നേരവും കണ്ടു വർത്തമാനം പറയാമെന്നായി.

പ്രവാസിയുടെ നാടോർമ്മ പോലെ ഒരിക്കലും പൂപ്പൽ പിടിക്കാത്ത കല്യാണ വീഡിയോ കാസറ്റുകൾ  CD യിലേക്കോ കംപ്യൂട്ടറിലേക്കോ പകർത്തി വെച്ചു ചിലരെങ്കിലും.  ഗൃഹാതുരത്വം തുളുമ്പുന്നൊരു ഓർമ്മയുടെ സൂക്ഷിപ്പായി.

വർഷങ്ങൾക്ക് മുമ്പ് ഏറെ മോഹിച്ച്‌ കാത്തിരുന്ന, ആഹ്ലാദത്തോടെ പലവട്ടം കാണുകയും പ്രദർശിപ്പിക്കുകയും ചെയ്ത  ആ കല്യാണക്കാഴ്ചകൾ ഏറെക്കാലത്തിന്‌ ശേഷം  വീണ്ടും കാണുമ്പൊൾ മനസ്സിലുയരുന്ന വികാരമെന്താണ്.

അന്ന് ആദ്യവസാനക്കാരായി  നിറഞ്ഞു നിന്ന ഉറ്റവർ പലരും അരങ്ങൊഴിഞ്ഞിരിക്കുന്നു. ചിരിയും ഉത്സാഹവും നിറഞ്ഞ അവരുടെ ചലനങ്ങൾ ഉള്ളിൽ നോവ് പടർത്തുന്നു.  പരിചിതമായ മുഖങ്ങൾ പലരും മരണത്തിന്റെ തിരശീലക്കപ്പുറം മാഞ്ഞു പോയിരിക്കുന്നു. വൃദ്ധന്മാർ മാത്രമല്ല  ചെറുപ്പക്കാരും കുട്ടികളും....ആഘോഷങ്ങളുടെ നിസ്സാരതയെയും  നശ്വരമായ  ജീവിതത്തെയും മരണമെന്ന നിത്യസത്യത്തെയും ഓർമ്മിപ്പിച്ച്‌  പ്രിയപ്പെട്ടവരെ ഓർത്തുള്ള  നഷ്ടബോധത്തിന്റെ  നോവുയർത്തുന്നു വീണ്ടുമീ കാഴ്ചകൾ. ജീവിതത്തിലെ സന്തോഷങ്ങളൊക്കെയും ക്ഷണികമാണല്ലോ എന്നോർമ്മിപ്പിച്ചു കൊണ്ട്.

ഒരിക്കൽ ഏറെ കാത്തിരുന്ന് ആഘോഷമായി കാണാനിരുന്ന അതേ ദൃശ്യങ്ങൾ ഇന്ന് സങ്കടങ്ങളുടെ വാതിൽ തുറക്കുന്നു.  ഓർമ്മനാടച്ചുരുളിലെ കല്യാണക്കാഴ്ചകൾ ഇടക്കൊക്കെ  കണ്ണുനീർ മൂടി  മങ്ങിപ്പോകുന്നു.
(നജീബ് മൂടാടി)
__________
2017 jan 6 ന്റെ ഗൾഫ് മാധ്യമം 'ചെപ്പി'ൽ പ്രസിദ്ധീകരിച്ചത്

Monday, August 4, 2014

കാരുണ്യത്തിന്‍റെ തണല്‍ചിറകുകള്‍ തേടുന്നവര്‍

“ആരെയും ബുദ്ധിമുട്ടിക്കാതെയും, ആര്‍ക്കും ഭാരമാകാതെയും അങ്ങു പോകണം”
ഇതൊരു പ്രാര്‍ഥനയാണ്. രോഗങ്ങള്‍ തളര്‍ത്തുന്ന മനസ്സും ശരീരവുമായി വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായതയിലേക്ക്  വേച്ചുവേച്ച്‌ നടന്നുപോകുന്ന, പരിചരിക്കാനോ ശുശ്രൂഷിക്കാനോ തിരിഞ്ഞു നോക്കാനോ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ഗതികെട്ട കുറേ മാതാപിതാക്കളുടെ പ്രാര്‍ത്ഥന. മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി.

പോറ്റാന്‍ ഗതിയില്ലാത്തതിനാല്‍ മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന മക്കളെ ആക്ഷേപിക്കാനും ശപിക്കാനും നമുക്ക് ഉത്സാഹമാണ്. വൃദ്ധസദനങ്ങളില്‍ ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങളെ കുറിച്ച് വേദനിക്കാനും അതിന് കാരണക്കാരായ മക്കളുടെ കണ്ണില്‍ ചോരയില്ലായ്മയെ കുറിച്ച് രോഷം കൊള്ളാനും നാം മുന്നിലുണ്ട്. ഫേസ്ബുക്കില്‍ മാതൃമാഹാത്മ്യം എത്ര പാടിയാലും മതിവരാത്തവര്‍ ആണ് നാം. എന്നിട്ടും പ്രവാസികളായ നമ്മുടെ വീടകങ്ങളില്‍ രോഗശയ്യയില്‍ ഒറ്റപ്പെട്ടുപോയവരും ദുരിതം അനുഭവിക്കുന്നവരുമായ നമ്മുടെ മാതാപിതാക്കളെ കുറിച്ച് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

ഇതുവായിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും  തോന്നും താന്‍ അങ്ങനെയല്ല എന്ന്. മാതാപിതാക്കള്‍ എന്‍റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് എന്നും, അവര്‍ക്ക് വേണ്ടി എല്ലാ സൌകര്യവും ഉള്ള പ്രത്യേകം മുറി തന്നെയാണെന്നും. ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ചികിത്സയെന്നും, അതിനായി എത്ര പണം വേണമെങ്കിലും അയച്ചു കൊടുക്കാറുണ്ടെന്നും നിത്യവും അവരെ ഫോണില്‍ വിളിച്ചു വിശേഷം ചോദിക്കാറുണ്ട് എന്നുമൊക്കെ മാതാപിതാക്കളോടുള്ള സ്നേഹത്തെ കുറിച്ച് ന്യായീകരിക്കാനും സ്ഥാപിക്കാനും നമ്മുടെ മുന്നില്‍ എമ്പാടും കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ഒന്ന് നാം സൌകര്യപൂര്‍വ്വം മറന്നു കളയുന്നു. വാര്‍ദ്ധക്യത്തിലും രോഗത്തിന്‍റെ അവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ് എന്നത്.

ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതിന്‍റെ ഖേദം നിറഞ്ഞ ന്യായീകരണങ്ങള്‍ ആത്മാര്‍ഥമായി തന്നെ നമുക്ക് പറയാനുണ്ട്. ഒരു പ്രവാസിയുടെ പരിമിതികള്‍. ജോലിയുടെ സ്വഭാവം, ലീവ് കിട്ടാത്ത ബുദ്ധിമുട്ട്, കച്ചവടത്തില്‍ നിന്ന് ദീര്‍ഘനാള്‍ മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, സര്‍വ്വോപരി സാമ്പത്തികപ്രയാസം.

ശരിയാണ് പ്രവാസി എന്ന പേരും വലിയൊരു വീടും ഉണ്ടെങ്കിലും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരാണ് അന്യനാട്ടില്‍ കഴിയുന്ന നമ്മില്‍ ഭൂരിപക്ഷവും. സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ എന്നതാണ് നമ്മുടെ ആഹ്ലാദം. ഇതൊക്കെ സത്യമാണെങ്കിലും നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ നാം നിറവേറ്റണ്ടതില്ലേ. നാം പണം അയച്ചു കൊടുക്കുന്നതോടെ നമ്മുടെ ബാധ്യത തീര്‍ന്നുവോ.

അങ്ങനെ സമാധാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ശുദ്ധമനസ്കര്‍ അറിയുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ജീവിത ശൈലീ രോഗങ്ങള്‍ എന്ന്‍ ഓമനപ്പേരിട്ട് വിളിക്കുന്ന പ്രഷറിനും, ഷുഗറിനും, കൊളസ്ട്രോളിനും ഒക്കെ പുറമേ ഇന്ന് കുഗ്രാമങ്ങളില്‍ പോലും വ്യാപകമായ ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, അല്‍ഷിമേഴ്സ് തുടങ്ങി പലവിധ മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം നരകമായിപ്പോയവരാണ് നമ്മുടെ വൃദ്ധജനതയില്‍ ഭൂരിപക്ഷവും.

ഉത്സാഹത്തോടെ ഓടി നടന്ന നമ്മുടെ മാതാപിതാക്കള്‍  ചെറിയൊരു അസുഖമോ തളര്‍ച്ചയോ വീഴ്ചയോ ഒക്കെയായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഉള്ളില്‍ ഒളിച്ചിരിക്കുന്ന വന്‍രോഗങ്ങളെ കുറിച്ച് അറിയുന്നത്. കഴിവിനനുസരിച്ച് ചികിത്സയും കാര്യങ്ങളുമായി മൂന്നൊട്ടു പോവുമെങ്കിലും അപ്പോഴേക്കും രോഗി തികച്ചും ശയ്യാവലംബി ആയിരിക്കും.

ലീവ് കിട്ടാത്ത, പെട്ടന്ന്‍ നാട്ടിലേക്ക് വരാനാവാത്ത നാം കടം വാങ്ങിയെങ്കിലും കിട്ടുന്ന പണം നാട്ടിലേക്കയച്ച് വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നു.

യാതൊരു മന:സാക്ഷിയും ഇല്ലാതെ കൊഴുത്തുവളരുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. തോന്നിയ ടെസ്റ്റുകളും പലവിധ ‘വിദഗ്ദ’ ഡോക്ടര്‍മാരുടെ ചികിത്സയും പിന്നെ നീണ്ട നാള്‍ ആശുപത്രി വാസവും വിധിച്ചു കൊണ്ട് അവര്‍ പിടിച്ചുപറി തുടങ്ങുന്നു. ഇത് മനസ്സിലായാലും നിസ്സഹായതയോടെ നിന്ന് കൊടുക്കേണ്ടി വരുന്നു. കാരണം രോഗിയെ മെഡിക്കല്‍ കോളേജിലോ മറ്റ് അത്തരം  ആശുപത്രികളിലോ കൊണ്ടുപോവാനും കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്യാനും ഉറ്റവരായ ആണുങ്ങള്‍ ഇല്ല എന്നതാണ്.

പഴയ കാലം പോലെയല്ല ഇപ്പോള്‍ ഒരുവിധം നിവൃത്തിയുള്ള  പ്രവാസികളൊക്കെ കുടുംബത്തെയും ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ മാതാപിതാക്കളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും പെണ്മക്കളും അടുത്തില്ലാത്ത അവസ്ഥയാണ്. മുതിര്‍ന്ന പേരക്കുട്ടികളാണെങ്കില്‍ പഠനത്തിനായി പല നാടുകളിലാണ് ഉണ്ടാവുക.

ഹോം നഴ്സിന്‍റെ പരിചരണത്തിലും വേലക്കാരുടെ മേല്‍നോട്ടത്തിലും ജീവിക്കുന്ന, പ്രായം ചെന്ന മാതാപിതാക്കള്‍  ഒറ്റക്കായ  പഞ്ചനക്ഷത്ര വൃദ്ധസദനങ്ങളാണ് നമ്മുടെ നാട്ടിലെ പല വീടുകളും. പണം കൊണ്ട് നേടിക്കൊടുക്കാന്‍ കഴിയുന്ന എല്ലാ സൌകര്യങ്ങളും മാതാപിതാക്കള്‍ക്ക് എത്തിച്ചു കൊടുത്ത് സമാധാനിക്കുന്നവരാണ് വിദേശത്ത് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഇവരുടെ ‘സ്നേഹനിധികളായ’ മക്കള്‍.

പറഞ്ഞു വന്നത് അവരെ കുറിച്ചല്ല. ഇടത്തരക്കാരായ ഗള്‍ഫ് പ്രവാസികളുടെ വീട്ടിലെ അവസ്ഥയെ കുറിച്ചാണ്. മിക്കവാറും ആണ്‍മക്കളുടെ വീട്ടിലാണ്  പ്രായമായ മാതാപിതാക്കള്‍ താമസിക്കുക. ഗൃഹനാഥന്‍റെ അഭാവത്തില്‍ വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം നോക്കി നടത്തുന്ന, നാട്ടില്‍ കഴിയുന്ന പ്രവാസിഭാര്യയുടെ ചുമലില്‍ തന്നെയാണ്  വൃദ്ധരായ മാതാപിതാക്കളുടെ ഉത്തരവാദിത്തവും. ഇതേ മാതാപിതാക്കളുടെ സ്വന്തം പെണ്മക്കള്‍ നാട്ടില്‍ തന്നെയുണ്ടെങ്കിലും സ്വന്തം  വീട്ടില്‍/ഭര്‍ത്താവിന്‍റെ വീട്ടില്‍  ഇതേ റോളില്‍ ആയിരിക്കും അവരുടെയും ജീവിതം. അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കൂടെ നില്‍ക്കുക എന്നത് ഇവര്‍ക്കും പ്രായോഗികമല്ല. എന്നാലും തങ്ങളുടെ കടമ ചെയ്യുന്നു എന്ന്‍ സ്വയം ആശ്വസിക്കാന്‍ ഈ പാവങ്ങള്‍ ഇടക്കെങ്കിലും ഓടിവന്ന് മാതാപിതാക്കളെ  കുളിപ്പിച്ച് കൊടുക്കാനും  വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാനും ഒക്കെ  കൂടെ നില്‍ക്കാറുണ്ട്.

നമ്മുടെ മാതാവിനെ/പിതാവിനെ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയ ദിവസം വൈകുന്നേരം വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്ന നാം അറിയാറുണ്ടോ അന്നത്തെ ഒരു ദിവസം നിങ്ങളുടെ ഭാര്യ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച്.

ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മക്കളെ സ്കൂളില്‍ പറഞ്ഞയക്കുന്നതടക്കം വീട്ടുജോലികള്‍ എല്ലാം ഒതുക്കണം. ആണ്‍കുട്ടികള്‍ ആരും കൂടെയില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ച ടാക്സി ഡ്രൈവറുടെ സഹായത്തോടെ രോഗിയെ വണ്ടിയില്‍ കയറ്റി ഇരുത്തണം. വെള്ളവും, ഭക്ഷണവും, മരുന്നും ചിലപ്പോള്‍ മൂത്രം ഒഴിക്കാനുള്ള പാത്രവും....

ആശുപത്രിയില്‍ എത്തിയാലും മണിക്കൂറുകളോളം രോഗിയെയും കൊണ്ടുള്ള കാത്തിരിപ്പ്, പരിശോധനാ സമയത്ത് രോഗിയുടെ അവസ്ഥ വിവരിക്കാനും ഡോക്ടര്‍ പറയുന്നത് സശ്രദ്ധം കേട്ട് മനസ്സിലാക്കാനും.....

പലതരം ടെസ്റ്റുകള്‍. ഇതിനിടെ രോഗിക്ക് നേരത്തിന് ഭക്ഷണവും മരുന്നും നല്‍കല്‍... നമ്മുടെ ആശുപത്രികളിലൂടെ ഒന്ന് നടന്നു നോക്കൂ ഈ കാഴ്ചകള്‍ കാണാം. ഏതൊക്കെയോ പ്രവാസികളുടെ ഭാര്യമാര്‍ ആണത്. നമ്മുടെ അഭാവത്തില്‍ നാം ചെയ്യേണ്ട ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുന്നവര്‍. ഒരു ദിവസം അവര്‍ അനുഭവിക്കുന്ന ഈ പ്രയാസങ്ങള്‍ ഒന്നും നാം വിളിക്കുമ്പോള്‍ അറിയാറില്ല. അഥവാ വല്ല സങ്കടവും  പറഞ്ഞുപോയാല്‍ തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹക്കുറവായി വ്യാഖ്യാനിക്കാന്‍ മിടുക്കുള്ളവര്‍ ആണ് നമ്മില്‍ പലരും.

കിടപ്പിലായ വൃദ്ധരെ പരിചരിക്കാനുള്ള പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ചാരിയിരുത്തി ഭക്ഷണവും മരുന്നും നല്‍കാനും വിസര്‍ജ്ജ്യങ്ങള്‍ നീക്കാനും, ശരീരം വൃത്തിയാക്കാനുമൊന്നും  അത്ര എളുപ്പമല്ല. വീട്ടിലെ മറ്റു ജോലികള്‍ക്ക് പുറമേ നിത്യവും ഇതിനായും സമയം കണ്ടെത്തണം. ഒരു പുരുഷന്‍റെ സഹായം ഇവിടെയൊക്കെ ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ മക്കള്‍ തന്നെ ചെയ്യുന്നതാവും ഉത്തമം.

മറ്റു രോഗങ്ങള്‍ക്കൊപ്പം അല്‍ഷിമേഴ്സ് ബാധിച്ചവരും ഇപ്പോള്‍ പ്രായമായവരില്‍ ധാരാളം ഉണ്ട്. ഇവരുടെ  പെരുമാറ്റവും രീതികളും പലപ്പോഴും വീട്ടുകാര്‍ക്ക് വളരെ അസഹ്യമായിരിക്കും. പലപ്പോഴും ഈ രോഗം തിരിച്ചരിയപ്പെടാറില്ല. അതുകൊണ്ട് തന്നെ അവരുടെ വാക്കുകളും പ്രവര്‍ത്തികളും രോഗിയോട് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാറുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് പരിസരം വൃത്തികേടാക്കുകയും സന്ദര്‍ശകരോട് വീട്ടുകാരുടെ അവഗണനയെ കുറിച്ച് പരാതി പറയുകയുമൊക്കെ ചെയ്യുക ഇത്തരം രോഗികളില്‍ പതിവാണ്. (പല സന്ദര്‍ശകര്‍ക്കും ഇത് കേള്‍ക്കാനും നാലാളോട് പറഞ്ഞു നടക്കാനും വളരെ താല്‍പര്യമാണ്. ഉറ്റബന്ധു ആണെങ്കില്‍ പോലും പരിചരിക്കാന്‍ ചെറിയൊരു സഹായം പോലും ഉണ്ടാകില്ലെങ്കിലും വീട്ടുകാരുടെ പരിചരണത്തില്‍ ഉള്ള പോരായ്മകള്‍ കണ്ടെത്താനും രോഗിയോടുള്ള സഹതാപം എന്ന പേരില്‍ ‘ദുഷിപ്പടിച്ചു’ നടക്കാനും ഇക്കൂട്ടര്‍ നന്നായി ഉത്സാഹിക്കും).

സ്വന്തം മക്കള്‍ അടുത്തുണ്ടാകുകയും സ്നേഹപൂര്‍വ്വം പരിചരിക്കുകയും ചെയ്യുന്നത് ഈ രോഗികള്‍ക്ക് വളരെ ആശ്വാസമാണ്.

മാതാപിതാക്കള്‍ക്ക് രോഗം ഗുരുതരമായ  അവസ്ഥയില്‍ പോലും  പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് പല മക്കള്‍ക്കും എത്തിച്ചേരാന്‍ കഴിയാറില്ല.  എല്ലാ ചുമതലകളും ഭാര്യയെ ഏല്‍പ്പിച്ച് സഹായത്തിന് നാട്ടിലുള്ള ഏതെങ്കിലും ബന്ധുക്കളെയും വിളിച്ചു പറഞ്ഞ് കുറേ പണവും അയച്ചു കൊടുത്ത് അസ്വസ്ഥമായ മനസ്സുമായി അന്യനാട്ടില്‍ കഴിയുന്ന സുഹൃത്തേ. അറിയുമോ താങ്കളുടെ മാതാപിതാക്കളുടെ ഗതികേടിനെ കുറിച്ച്, നിങ്ങളുടെ പ്രിയതമ പെടുന്ന പെടാപ്പാടുകളെ കുറിച്ച്.

രോഗി ആശുപത്രിയില്‍ ആവുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഉറ്റവരായ പുരുഷന്മാര്‍ ഇല്ലെങ്കില്‍ ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നു. രോഗിയുടെ ബന്ധുബലവും ധനസ്ഥിതിയും ഒക്കെ അനുസരിച്ച് കൂട്ട്നില്‍ക്കാനും കാര്യങ്ങള്‍ക്ക് ഓടി നടക്കാനും കുറേദിവസമൊക്കെ അടുത്ത ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഉണ്ടാവുമെങ്കിലും ആശുപത്രി വാസം നീണ്ടു പോകുന്തോറും സന്ദര്‍ശകരുടെ എണ്ണം പോലും കുറഞ്ഞുവരും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരും തങ്ങളുടെ തിരക്കുകളുമായി നെട്ടോട്ടമോടുന്ന കാലമാണ്.

ഒടുവില്‍ രോഗിയുടെ പെണ്‍മക്കളോ ആണ്‍കുട്ടികളുടെ ഭാര്യമാരോ മാത്രമാകും ആശുപത്രിയില്‍ കൂട്ടിന്. പലപ്പോഴും വീട് പൂട്ടിയിട്ടും സ്കൂളില്‍ പോകുന്ന മക്കളെ ബന്ധുവീടുകളില്‍ ആക്കിയുമൊക്കെ അവര്‍ നിര്‍ബന്ധിതരായി ഈ ദൌത്യം ഏറ്റെടുക്കുന്നു.

സ്വകാര്യ ആശുപത്രികളിലും ചെന്നയുടനെ മുറി കിട്ടുക ഇപ്പോള്‍ അപൂര്‍വ്വം. അന്യായ ചാര്‍ജുള്ള എ സി മുറി മാത്രമേ ‘ഒഴിവുണ്ടാകൂ’. പലപ്പോഴും ICU വിനു മുന്നില്‍ ഉറക്കമൊഴിച്ച് ഇരിക്കേണ്ടി വരും. വിളിക്കുമ്പോള്‍ ഏതു പാതിരാക്കും ഫാര്‍മസിയിലേക്ക് ഓടേണ്ടി വരും. ലാബിലും കാന്റീനിലും ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലും  ഡോക്ടറുടെ ക്യാബിനിലും ഒക്കെയായി നെട്ടോട്ടമോടുന്നത് നിങ്ങളുടെ ഭാര്യയാണ്. ഇതൊക്കെയും ചെയ്യേണ്ട താങ്കള്‍  വിദേശത്തായതിനാല്‍ ഒരു പരിചയവുമില്ലാത്ത ഇടങ്ങളില്‍ അവര്‍ ഇതൊക്കെ ഏറ്റെടുക്കേണ്ടി വരുന്നു. ആശുപത്രിയില്‍ ആണെങ്കിലും ആണുങ്ങള്‍ കൂട്ടിനില്ലാത്ത സ്ത്രീകള്‍ക്ക് പിറകെ ‘സഹായ’മനസ്സുമായി വരുന്ന ഞരമ്പുരോഗികള്‍ക്ക് യാതൊരു കുറവുമില്ല എന്ന് കൂടി അറിയുക.

ഇതിനു പുറമേ രോഗിക്ക് രക്തം ആവശ്യമായി വന്നാല്‍ പലരെയും വിളിച്ച് സംഘടിപ്പിക്കുന്നതും  കയ്യിലുള്ള പണം തികയാതെ വന്നാല്‍ പണ്ടം പണയം വെച്ചെങ്കിലും എത്തിക്കുന്നതും ഈ സ്ത്രീകള്‍ തന്നെയാണ്.

രോഗി ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും സ്വകാര്യ ആശുപത്രിക്കാര്‍ പലരും അനാവശ്യമായി ICU വിന്‍റെ ഏകാന്ത തടവിലേക്ക് രോഗിയെ മാറ്റും. അവസാന സമയത്ത് ഉറ്റവരെയൊക്കെ ഒന്ന് കാണാന്‍ രോഗിക്കോ. മരണനേരത്ത് ഇത്തിരി വെള്ളം ചുണ്ടില്‍ ഉറ്റിച്ചു കൊടുക്കാനോ അന്ത്യവേളയില്‍ മതപരമായ വല്ലതും ചെയ്തു കൊടുക്കാനോ കൂടെയുള്ളവര്‍ക്കോ ഇത് കൊണ്ട് സാധിക്കുകയുമില്ല.  ഉചിതമായ ഒരു തീരുമാനം എടുക്കാന്‍ ആണ്‍കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല എന്നതാണ് സത്യം.

ഇതൊക്കെ വായിക്കുമ്പോള്‍ അതിശയോക്തിപരം എന്ന് തോന്നുന്നവര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ആയ സ്ത്രീകളോട് ചോദിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഈ എഴുതിയതൊന്നും ഒന്നുമല്ല എന്ന്.

വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായാവസ്ഥയിലും രോഗാവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ്. കൂടെ നില്‍ക്കാനും പരിചരിക്കാനും ശുശ്രൂഷിക്കാനും മക്കള്‍ കൂടെയുണ്ടാകുക എന്നതാണ് അവരുടെ തൃപ്തി. പക്ഷെ ‘പണമില്ലാത്തവന്‍ പിണം’ എന്ന ലോകത്ത് അവര്‍ നിശബ്ദരാകുകയാണ്. അവശതകള്‍ മക്കളെ അറിയിക്കാതെ മൂടി വെക്കുകയാണ്. തങ്ങള്‍ കാരണം മക്കളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാകാതിരിക്കാന്‍, മക്കളുടെ ഭാവിക്ക് കോട്ടം വരാതിരിക്കാന്‍.

പ്രായമായ പലരും രോഗത്തിലേക്ക്  പെട്ടെന്ന്‍ വഴുതുന്നത് ഉറ്റവരുടെ സാമീപ്യവും സ്നേഹപരിചരണങ്ങളും ഇല്ലാതാവുമ്പോഴാണ്. ജീവിത പങ്കാളി ആദ്യമേ കടന്നുപോയവരില്‍ ഈ ഒറ്റപ്പെടല്‍ ഏറെ വേദനാ ജനകമാണ്. മറ്റുള്ളവര്‍ക്ക് ഭാരമാവുന്നു എന്ന തോന്നല്‍ അവരെ മൌനത്തിലെക്കും മരണത്തെ കാത്തിരിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

എല്ലാ സൌകര്യങ്ങളും ഉള്ള ഈ കാലത്തും മക്കളെ വളര്‍ത്തി വലുതാക്കാനുള്ള പാടും പ്രയാസവും നമുക്കറിയാം. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ കഴിഞ്ഞ തലമുറയില്‍ പെട്ട നമ്മുടെ മാതാപിതാക്കള്‍ക്ക് ഇന്ന് എല്ലാമുണ്ടായിട്ടും കൂട്ടായി നില്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല.

മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്‍റെ ചിറകുകള്‍ താഴ്ത്തി കൊടുക്കാന്‍ കല്‍പ്പിച്ച  ശേഷമാണ് അവര്‍ക്കായുള്ള പ്രാര്‍ത്ഥന പോലും പഠിപ്പിച്ചത് എന്ന് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

മാതാപിതാക്കളുടെ മരണവിവരമറിഞ്ഞാല്‍ എല്ലാ തിരക്കും മാറ്റിവെച്ച് വിമാനം കയറുകയും. കുറെ ദിവസം നാട്ടില്‍ നില്‍ക്കുകയും മരണാനന്തര ചടങ്ങുകള്‍ ഗംഭീരമായി നടത്തുകയും ചെയ്തു കൊണ്ട് നാം മാതാപിതാക്കളോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചാല്‍ മതിയോ.

ആണ്‍മക്കളും മക്കളുടെ മക്കളും പ്രവാസികള്‍ ആണെങ്കില്‍ ഒരാളെങ്കിലും സ്ഥിരമായി നാട്ടില്‍ ഉണ്ടാവുകന്ന രീതിയില്‍ ലീവ് ക്രമീകരിക്കാന്‍ സാധിച്ചാല്‍ പോലും വലിയ നേട്ടമാണ് എന്ന് മനസ്സിലാക്കുക.


ഈ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് നാം എത്തിച്ചേരുന്നതും ഇതേ അവസ്ഥയിലേക്കാണ്. പുതിയ കാലത്തിന്‍റെ സമ്മാനമായ എല്ലാ രോഗങ്ങളും പേറുന്ന ശരീരങ്ങളുമായി. ഇതിലും തിരക്കേറിയവര്‍ ആയിരിക്കും നമ്മുടെ മക്കള്‍. ഒരു തിരിച്ചറിവിന് അത്രയും കാലം കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണ്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും ഗതികെട്ടതും ദുരിതപൂര്‍ണ്ണവും ആയ ഒരു ജീവിതസായന്തനം ആവാതിരിക്കട്ടെ നമുക്കെങ്കിലും. അതിനായി നമ്മുടെ മക്കള്‍ക്ക് നാം മാതൃകയാവുക. 

Saturday, June 14, 2014

ജീര്‍ണ്ണതയുടെ കോമാളിവേഷം കെട്ടിയാടുന്ന ‘ഉത്തമസമുദായം’


വിവാഹം എന്ന പരിപാവനമായ കര്‍മ്മത്തെ എത്രത്തോളം പരിഹാസ്യമാക്കാന്‍ കഴിയും എന്നതില്‍ ഗവേഷണം നടത്തുകയാണോ കേരളത്തിലെ, വിശിഷ്യാ മലബാറിലെ മുസ്ലിം സമൂഹം എന്ന് തോന്നിപ്പോകുന്നു  ഇപ്പോഴത്തെ ചില കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍.

പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് മുസ്ലിം വിവാഹങ്ങള്‍ അധ:പതിച്ചിട്ട് കാലം കുറച്ചായെങ്കിലും അതും പിന്നിട്ട് മനോ വൈകൃതത്തിന്‍റെയും പേക്കൂത്തുകളുടെയും പ്രദര്‍ശന ശാലകളായി വിവാഹാഘോഷം മാറിപ്പോവുമ്പോള്‍ ‘ഉത്തമ സമുദായത്തിന്‍റെ’ ഈ പോക്കില്‍ ഖേദമല്ല ഭീതിയാണ് തോന്നുന്നത്.

വിവാഹം എന്നത് ഒരുപാട് തരം  വിഭവങ്ങള്‍ ഒരുക്കി അതിഥികള്‍ക്കു മുന്നില്‍ തന്‍റെ ധനസ്ഥിതി പ്രകടിപ്പിക്കാനുള്ള ഭക്ഷ്യമേളയാക്കുന്ന പൊങ്ങച്ചക്കാരുടെ ആഘോഷമായിട്ട് നാളേറെയായി.  

എന്നാല്‍ അതിലേറെ പരിഹാസ്യമായ ചില കൂത്താട്ടങ്ങള്‍ മലബാറിലെ വിവാഹവേളകളെ നെഞ്ചിടിപ്പോടെ മാത്രം പങ്കെടുക്കാനാവുന്ന ഒരു ചടങ്ങായി മാറ്റിയതും നമുക്കറിയാം. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള ‘തോന്ന്യാസങ്ങളും’ വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും, ചായം വിതറിയും, തെറിപ്പാട്ട് പാടിയും വധുവിന്‍റെ പിതാവിനെയടക്കം ‘റാഗ്’ ചെയ്യുന്ന കുറെ ചെറുപ്പക്കാര്‍ (അത്ര ചെറുപ്പക്കാരൊന്നുമല്ല  വിവാഹിതരായ മുതുക്കന്മാര്‍ പോലും ഇതില്‍ ഉണ്ടാകും).

അത് കഴിഞ്ഞ് വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍. ലോറിയില്‍  കയറ്റിയും  പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മ്മത്തെ എത്രത്തോളം വികൃതവും ജുഗ്പസാവഹവും ആയി മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവുമോ അതൊക്കെയും ചെയ്തു കൂട്ടുന്ന തനി തെമ്മാടിത്തത്തിന്‍റെ ഉത്സവ ദിനമാക്കി മാറ്റിക്കളഞ്ഞു വിവാഹാഘോഷത്തെ.

ഇതൊന്നും ഒരു പുതിയ കാര്യമല്ല ഇതൊരു നാട്ടുനടപ്പായി മാറിക്കഴിഞ്ഞിട്ടു കാലം കുറേ ആയി. അത് കൊണ്ട് തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഇതൊക്കെ കാണാനും സഹിക്കാനുമുള്ള തയ്യാറെടുപ്പോടെയാണ് പോകുന്നത്. ചിലയിടങ്ങളിലെങ്കിലും ഈ തെമ്മാടിത്തരങ്ങളെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്നത് സന്തോഷകരമാണ്.

ഇപ്പോള്‍ ഈ പോസ്റ്റ്‌ എഴുതാന്‍ കാരണം ഈയിടെയായി എഫ് ബി യില്‍ കാണാന്‍ കഴിഞ്ഞ ചില വീഡിയോ ചിത്രങ്ങള്‍ ആണ്. ഉളുപ്പും മാനവും  നഷ്ടപ്പെട്ട ഈ സമുദായത്തിന്‍റെ പേക്കൂത്തുകള്‍. വിവാഹ വേദിയില്‍ ആണും പെണ്ണും ചേര്‍ന്ന്‍ ആടിപ്പാടുന്ന ചടങ്ങ് ഈ സമുദായത്തിന് എന്ന് മുതലാണ്‌ ഹലാലായത്. സ്വന്തം ഭാര്യയെ ആണെങ്കിലും എടുത്തു പൊക്കുന്നതും കെട്ടിപ്പിടിക്കുന്നതും കെട്ടിയവളുടെ   അഴകും ശരീരവടിവും   ലോകം മുഴുവന്‍ ആസ്വദിക്കട്ടെ എന്ന് കരുതിയാണോ. ഈ ഒരു വേദിയില്‍ തന്നെ വേണമോ ഈ കോപ്രായങ്ങള്‍. ആദ്യരാത്രിയുടെ സ്വകാര്യതയില്‍ നല്‍കേണ്ട പ്രഥമചുംബനം പോലും  വീഡിയോ ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നവന്‍റെ സംസ്കാരം എത്രത്തോളം അധ:പതിച്ചു പോയി എന്നാലോചിച്ചു നോക്കൂ.

ആരുടെ ഭാവനയില്‍ ഉദിച്ചതാവുമെന്നറിയില്ല  സ്ത്രീകള്‍ പാട്ടുപാടി  ഉരലില്‍ ഉലക്കയിട്ട് ഇടിക്കുന്ന ഒരു കലാപരിപാടിയും അതിനിടയില്‍ കണ്ടു (ഇത് പ്രതീകാത്മകമായിരിക്കുമോ  എന്തായാലും ഏറെ താമസിയാതെ മാപ്പിളമാരുടെ വിവാഹ വേളയില്‍ ഇതൊരു നിര്‍ബന്ധിത ചടങ്ങായി മാറും എന്നതില്‍ സംശയമില്ല)

മറ്റൊരു വീഡിയോ കണ്ട് ശരിക്കും ഞെട്ടിപ്പോയി. വരന്‍റെ വീട്ടില്‍ എത്തിയ പുതുപെണ്ണിനെ അവിടെയുള്ള സ്ത്രീകളും ‘ആണും പെണ്ണും കെട്ടവരും’    (ആണുങ്ങള്‍ എന്ന്‍ ഇവരെ വിളിക്കാന്‍ മനസ്സ് വരുന്നില്ല) ‘റാഗ്’ ചെയ്യുന്നത്. ഒരു സ്റ്റൂളിനു മേല്‍ വെച്ച ചക്ക മണവാട്ടി കത്തി കൊണ്ട് വെട്ടി മുറിക്കണം. ലജ്ജയും അപമാനവും കൊണ്ട് ആ പാവം വിളറിയ ചിരിയോടെ ഈ ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഇത് ചെയ്യുമ്പോള്‍ പിന്നണിയായി കൂടി നില്‍ക്കുന്ന പര്‍ദയും ചുരിദാറും ഒക്കെ ധരിച്ച സ്ത്രീകള്‍ ഉറക്കെ സ്വലാത്ത് ചൊല്ലി ഇതിനു ഈണമേകുന്നു. കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ തോന്ന്യാസത്തിനു മേളക്കൊഴുപ്പേകാന്‍ ആരുടെ പേരാണ് ഇവര്‍ വിളിച്ചു പറയുന്നത്. സമുദായമേ എവിടെ എത്തി നില്‍ക്കുന്നു നിങ്ങളുടെ മതബോധം. ശരിക്കും ആലോചിച്ചു നോക്കൂ ആരാണ് പ്രവാചക നിന്ദ നടത്തുന്നത്. ഏതോ രാജ്യത്ത് ആരോ തിരുനബിയെ അപമാനിച്ചു എന്ന് കേള്‍ക്കുമ്പോള്‍ രക്തം തിളക്കുന്ന കേരളത്തിലെ കാക്കാമാരെ ഇതിലും വലിയ പ്രവാചക നിന്ദ എന്താണ്.  വിവേകമുണ്ടെങ്കില്‍ ചിന്തിക്കുക.

മതസംഘടനകളും, പള്ളികളും, മത സ്ഥാപനങ്ങളും, ചാനലുകളും, പത്രങ്ങളും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, സീഡിയും ഇന്റര്‍നെറ്റും പോരാഞ്ഞിട്ട് രാത്രിക്ക് പതിനായിരങ്ങള്‍ വിലയുള്ള മതപ്രാസംഗികരും ഉദ്ബോധനം നടത്തിയിട്ടും ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തുന്ന ഒരു സമുദായമായി കേരളത്തിലെ മുസ്ലിം സമൂഹം മാറുന്നുവെങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍?

ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ച്ചകള്‍ കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ വേണ്ടി പരക്കം പായുന്ന ഉള്ളുപൊള്ളയായ സമൂഹമായി മാറിയോ ചരിത്രത്താളുകളില്‍ അഭിമാനപൂര്‍വ്വം മാത്രം വായിക്കാന്‍ കഴിയുന്ന മാപ്പിളമാര്‍.

ഗള്‍ഫ് കുടിയേറ്റം മൂലം ലഭിച്ച സമ്പത്ത് ഗുണപരമായ രീതിയില്‍ ചെലവാക്കാന്‍ പഠിക്കാതെ ധൂര്‍ത്തും ആഘോഷവും അലങ്കാരമായി കൊണ്ട് നടക്കുന്ന സമൂഹമായി നാം മാറിയോ? ഈ സമുദായത്തിന്‍റെ അജ്ഞതയും പൊങ്ങച്ച മനോഭാവവും കൊണ്ട് മാത്രം തഴച്ചു വളര്‍ന്നത്‌ മലബാറിലെ ആശുപത്രി വ്യവസായവും, സ്വര്‍ണ്ണക്കടകളും, തുണിക്കടകളും മാത്രമല്ല.

ഗള്‍ഫിലും നാട്ടിലുമൊക്കെ വന്‍കിട ബിസിനസ് നടത്തുന്ന സമ്പന്നരുടെ വിവാഹമടക്കമുള്ള ആഘോഷങ്ങളെ അതേപോലെ അനുകരിക്കാനാണ് സാധാരണക്കാരനും തിടുക്കം. കാശുള്ളവന്‍ ചെലവാക്കുന്നത് പോലെ കടം വാങ്ങിയും പൊങ്ങച്ചം കാട്ടാന്‍ മടിയില്ലാത്ത സമുദായം. മദ്യപാനത്തെക്കാള്‍ കഠിനമായ കുറ്റമാണ്  പലിശയിടപാട് എന്ന് പഠിപ്പിച്ച സമുദായത്തിന്‍റെ മക്കളാണ് ബാങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നുമായി പലിശക്ക് പണം വാങ്ങി ആര്‍ഭാടം നടത്തുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരില്‍ വലിയൊരു ശതമാനത്തിന്‍റെയും ഭാര്യമാരുടെ പണ്ടങ്ങള്‍ പണയത്തിലാണ് എന്നതും, അത് വീടുപണി വിവാഹം പോലെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നതും ഒരു പരമാര്‍ത്ഥം മാത്രമാണ്.

വിവാഹ വേളയിലെ ഈ പൊങ്ങച്ചങ്ങള്‍ക്കും  ആര്‍ഭാടങ്ങള്‍ക്കും  പേക്കൂത്തുകള്‍ക്കും എതിരെ ശക്തമായി രംഗത്ത് വരേണ്ട മതപണ്ഡിതന്‍മാരും സമുദായ നേതാക്കളും പങ്കെടുക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും ഒന്നുകൂടി കൊഴുപ്പുകൂട്ടാന്‍ ആതിഥേയന്‍ ശ്രദ്ധിക്കും. വി ഐ പി കള്‍ വരുന്ന വിവാഹം കെങ്കേമമാകണമല്ലോ.

ഇതൊക്കെ കണ്ടാലും ശക്തമായ പ്രതികരണവും പ്രതിഷേധവും പണ്ഡിതന്‍മാരില്‍  നിന്നും സമുദായ നേതൃത്വത്തില്‍ നിന്നും ഉണ്ടാവില്ല. കാരണം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനും, സമ്മേളനം നടത്താനും വാരിക്കോരി കൊടുത്തു ‘സ്വര്‍ഗ്ഗം ഉറപ്പാക്കുന്ന സമുദായ സ്നേഹികളുടെ ചെയ്തികളെ എങ്ങനെ വിമര്‍ശിക്കാനാണ്. അഥവാ വിമര്‍ശനത്തില്‍ പ്രകോപിതനായി അയാള്‍ സംഘടനയോ ഗ്രൂപ്പോ  മാറിയാല്‍ അതും ക്ഷീണമാണല്ലോ.

പണക്കൊഴുപ്പിന്‍റെ ആര്‍ഭാടമേളയായി ജീവിതം ആഘോഷിക്കുന്നവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന ചിന്തയില്‍ ഈ സമുദായത്തിലെ ചെറുപ്പക്കാര്‍ കള്ളക്കടത്തും പിടിച്ചുപറിയും മോഷണവും തട്ടിപ്പും വെട്ടിപ്പും അടക്കമുള്ള സകല ക്രിമിനല്‍ ചെയ്തികളിലും മുന്നോട്ടു കുതിക്കുന്നു എന്നത് നിഷേധിക്കാനാവുമോ?

കേരളത്തിലെ മുസ്ലിം സമുദായം വിദ്യാഭ്യാസകാര്യത്തില്‍ മുന്നേറുന്നു എന്ന് അഭിമാനിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു സത്യം ഉയര്‍ന്ന വരുമാനമുള്ള ജോലിക്ക് വേണ്ടി പഠിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്‍റെ ലക്‌ഷ്യം എന്നാണ് സമുദായത്തിലെ ഭൂരിപക്ഷം യുവതലമുറയുടെയും ധാരണ. അത് കൊണ്ട് തന്നെ ഇത്തരം ആഘോഷങ്ങളില്‍ കൂടെ ചേര്‍ന്ന് കൊഴുപ്പിക്കാന്‍ അവരും മുന്നില്‍ തന്നെയുണ്ട്‌.

സത്യം പറയട്ടെ പണക്കൊഴുപ്പിന്‍റെ അഹങ്കാരം കൊണ്ട് ചിലര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ കാരണം പരിഹസിക്കപ്പെടുന്നതും അവമാനിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്.

മറക്കണ്ട ബര്‍മ്മയിലും സിംഗപ്പൂരിലും പോയി പണം വാരിക്കൂട്ടി നാട്ടില്‍ പത്രാസ് കാണിച്ച കാരണവന്മാര്‍ ഒരു ചുരുട്ടിന് വേണ്ടി ഇരന്നു നടന്ന കാലം ഏറെ മുമ്പൊന്നുമല്ല. ചടങ്ങുകളും മാമൂലുകളും കൊണ്ട് മുടിഞ്ഞുപോയ സമുദായങ്ങളുടെ കഥകള്‍ നമുക്ക് ചുറ്റും എമ്പാടുമുണ്ട്. പാലസ്തീന്‍ എന്ന നാടിന്‍റെ വേദന എന്നും നീറ്റലായി ഉള്ളില്‍ പുകയുമ്പോഴും, യുദ്ധത്തിനു മുമ്പ് കുവൈത്തില്‍ ഉണ്ടായിരുന്നവരോട് ചോദിച്ചാല്‍ അറിയാം മതചിട്ടകള്‍ മറന്ന് പണം പുല്ലുപോലെ ചെലവാക്കി ആര്‍ഭാടമായി ജീവിച്ച പലസ്തീനികളുടെ ചെയ്തികളെ കുറിച്ച്. ഇന്ന് അവരുടെ അവസ്ഥ എന്താണ് എന്നതും മറക്കാതിരിക്കുക.

പള്ളികള്‍ എമ്പാടും കൂടിയതുകൊണ്ടും, പര്‍ദ്ദക്കടകള്‍ വര്‍ധിച്ചതുകൊണ്ടും, സോഷ്യല്‍മീഡിയകളിലൂടെ ആയത്തും ഹദീസും കണ്ടമാനം വിളമ്പിയത് കൊണ്ടും ഈ സമുദായം ഉത്തമ സമുദായമാകുന്നില്ല. ജീവിതം തന്നെ സന്ദേശമാക്കിമാറ്റിക്കൊണ്ട്  ആദരവ് നേടാന്‍ കഴിയുമ്പോള്‍ മാത്രമേ ആ വിശേഷണത്തിന് അര്‍ഹത നേടൂ. ഇന്ന് ഈ സമുദായത്തില്‍ പെട്ട ചിലര്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകള്‍ക്ക് പഴി മുഴുവന്‍ കേള്‍ക്കെണ്ടിവരുന്നതും പരിഹസിക്കപ്പെടുന്നതും ഈ സമുദായം മൊത്തമാണ്. തെറ്റ് തിരുത്താനല്ല ധാര്‍ഷ്ട്യത്തോടെ തുടരാണ് ഭാവമെങ്കില്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക.

അഹങ്കാരികള്‍ക്ക് ദുനിയാവില്‍ വെച്ച് തന്നെയുള്ള കഠിനശിക്ഷ  പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ച പരിശുദ്ധ ഖുര്‍ആന്‍ വചനം നമുക്ക് കൂടിയുള്ള താക്കീതാണ്. ഹൃദയം  മുദ്രവെക്കപ്പെട്ടവര്‍ എന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ പെട്ടവരായി മാറാതിരിക്കട്ടെ നാം.

ഏറ്റവും ലളിതമായി എങ്ങനെ ജീവിക്കാമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത നേതാവിന്‍റെ അനുയായികളേ “നിങ്ങളുടെ ദാരിദ്ര്യത്തെ അല്ല സമ്പന്നതയെയാണ് ഞാന്‍ ഭയപ്പെടുന്നത്”  എന്ന  പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ.

അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന അഗതികളായ മക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും കണ്ട് ഉള്ളു വേദനിച്ച നാം പണത്തിന്‍റെ പുളപ്പില്‍ കാട്ടിക്കൂട്ടുന്ന വിവരക്കേടുകളെ കുറിച്ച് ഇനിയെങ്കിലും ബോധവാന്മാരാകുക. എല്ലാം തകിടം മറിയ്ക്കാന്‍ പടച്ചവന് ഏറെ സമയമൊന്നും വേണ്ട എന്നത് മറക്കാതിരിക്കുക.