Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, September 26, 2015

ഇരുന്നൂറു രൂപയുടെ പെരുന്നാള്‍......



നാം അനുഭവിക്കാത്ത  ജീവിതങ്ങളൊക്കെയും നമുക്ക് വെറും കെട്ടുകഥകളാണ് എന്ന എഴുത്തുകാരന്‍റെ വാക്കുകള്‍ എത്രമേല്‍ സത്യമെന്ന് നമ്മെ അമ്പരപ്പിച്ചു കളയും ചില അനുഭവങ്ങള്‍.

ഓരോ ബലി പെരുന്നാളുകള്‍ കടന്നുപോകുമ്പോഴും സുഹൃത്ത് പറഞ്ഞ ഈ അനുഭവകഥ കാരുണ്യമെന്ന സുന്ദര പദത്തെ  അതിശയത്തോടെ ബോധ്യപ്പെടുത്തുന്നു.

ആറേഴു വര്‍ഷം മുമ്പാണ്. ഒരു  അറഫാ ദിനം. പിറ്റേന്ന് വലിയ പെരുന്നാളാണ്.  ഭാര്യയും മക്കളുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ അയാളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഇരുനൂറു രൂപ മാത്രം!. മക്കള്‍ക്ക് പോലും പെരുന്നാള്‍ കോടി എടുത്തിട്ടില്ല.  ഉള്ഹിയത്തിന്‍റെ ഇറച്ചി കിട്ടുമെങ്കിലും പെരുന്നാള്‍ ദിനത്തില്‍ മക്കള്‍ക്കായി ഇത്തിരി വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കാന്‍ പോലും കയ്യിലെ പണം തികയില്ല.

അയാള്‍ ആകെ വിഷണ്ണനായിരുന്നു. അറഫ നോമ്പിന്‍റെ ക്ഷീണത്തെക്കാളും അയാളെ തളര്‍ത്തിയത് മക്കളുടെ മുഖമാണ്. മറ്റു കുട്ടികള്‍ പെരുന്നാള്‍ കോടിധരിച്ച് പള്ളിയില്‍ പോകുമ്പോള്‍ തന്‍റെ മക്കള്‍ക്ക്  മാത്രം പുതിയ വസ്ത്രങ്ങളില്ല. ചെറിയ പെരുന്നാളിന്‍റെ ഉടുപ്പുകള്‍ തന്നെ മതി എന്ന് അവര്‍  സമ്മതിച്ചത് ഉപ്പാന്‍റെ അവസ്ഥ അറിയുന്നത് കൊണ്ടാവും.....അടുത്ത പരിചയക്കാരായ പലരോടും പണം കടം ചോദിച്ചുവെങ്കിലും  ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. പെരുന്നാള്‍ ആയിട്ട് മക്കള്‍ക്ക് വയറു നിറയെ രുചിയോടെ കഴിക്കാന്‍ ഭക്ഷണം ഒരുക്കാന്‍ പോലും......അയാള്‍ക്ക് വല്ലാത്ത സങ്കടം തോന്നി.


ജോലി ഇല്ലാത്ത ദിവസങ്ങളിലും അയാള്‍ വെറുതെ വീട്ടില്‍ ഇരിക്കാറുണ്ടായിരുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനവും ജീവകാരുണ്യവുമായി ആരുടെയെങ്കിലും കാര്യങ്ങള്‍ക്ക് ഓടി നടന്നും ഉത്സാഹിച്ചും.... ഒട്ടും ഒഴിവുണ്ടാകാറില്ല അയാള്‍ക്ക്.  പക്ഷെ ഇന്ന് പുറത്തേക്ക് ഇറങ്ങാന്‍ പോലും അയാള്‍ക്ക് മടി തോന്നി. ഉള്ളിലാകെ സങ്കടം വന്നു പൊതിയുന്നതും വാല്ലാതെ നിസ്സാരനായിപ്പോകുന്നതും അയാളെ തളര്‍ത്തി. ഉള്ളിലെ വിങ്ങലുകള്‍ക്ക് കൂട്ടെന്ന പോലെ പ്രിയതമ അയാള്‍ക്കൊപ്പം ഒന്നും മിണ്ടാതെ... .

മക്കള്‍ക്ക് അന്ന് സ്കൂള്‍ അവധിയായിരുന്നു. നോമ്പെടുത്ത ക്ഷീണത്തിലും അവര്‍ കളിച്ചും ചിരിച്ചും ആഹ്ലാദിച്ചും..... ഒപ്പം മകന്‍റെ കൂട്ടുകാരനും ഉണ്ടായിരുന്നു. അയാളും ഭാര്യയും  കുട്ടികള്‍ കളിക്കുന്നത്  വെറുതെ നോക്കിക്കൊണ്ടിരുന്നു. എത്ര ചുരുക്കിയാലും ഇരുന്നൂറു രൂപ കൊണ്ട് എങ്ങനെ ഒരു പെരുന്നാള്‍ കഴിക്കുമെന്ന്.........ഉള്ളിലെ അലട്ടല്‍ പരസ്പരം അറിയിക്കാതെ രണ്ടുപേരും.....

ഉച്ച തിരിഞ്ഞ് കളി അവസാനിപ്പിച്ച് കുട്ടികള്‍ വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നു. നോമ്പ് നോറ്റ് അവര്‍ തളര്‍ന്നിരുന്നു. ഒന്നും ചെയ്യാനില്ലാതെ അയാള്‍ അവരുടെ കുഞ്ഞു വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്തു കിടന്നു.

‘ഇങ്ങക്ക് പെരുന്നാകോടീണ്ടോ...’
മകന്‍റെ കൂട്ടുകാരന്‍റെ ചോദ്യം.
‘ഇല്ലെടാ.... ഞാളെ ചെറിയ പെരുന്നാളിന്‍റെ കോടി തന്നാ.......’
മോന്‍റെ മറുപടി
‘അത് അധികം ഇട്ടിറ്റൊന്നും ല്ലാത്തത് കൊണ്ട് പുതിയ പൊലെണ്ട്....’
മോളുടെ ന്യായീകരണം.... അയാള്‍ വല്ലാതായി...
‘ങാ..... അതൊന്നും തീരെ ഈങ്ങീക്കില്ല’
മോനും ശരിവെക്കുന്നു.
‘നിക്ക് ഈ പെരുന്നാളിനും കൊടീല്ലടാ......ഉമ്മാന്‍റടുത്ത് പൈശല്ല.....’
മോന്‍റെ കൂട്ടുകാരന്‍റെ വാക്കുകളില്‍ നിരാശ. അവനു ബാപ്പയില്ല ഉമ്മ പണിക്ക് പോയാണ് വീട് കഴിയുന്നത്. തന്‍റെ മക്കളെക്കാള്‍ സങ്കടപ്പെട്ട ആ പെരുന്നാളുകാരന്‍റെ ദൈന്യ മുഖത്തേക്ക് അയാള്‍ നോക്കി.

‘ചെറിയ പെരുന്നാളിനും ഉമ്മാക്ക് കുപ്പായം വാങ്ങി തരാനായില്ല..... വല്യ പെരുന്നാളിന് എന്തായാലും വാങ്ങിത്തരാന്ന് പറഞ്ഞതാ......മൂന്നാലീസം ഉമ്മ സുഖല്ലാണ്ട് കിടന്നുപോയില്ലേ......പൈശൊന്നും ല്ല ഉമ്മാന്‍റടുത്ത്...’

അവന്‍ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.  അയാളുടെ ഉള്ളില്‍ കണ്ണീര്‍ പൊടിഞ്ഞു.. പഴകിയ ഉടുപ്പിട്ട് പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന ആ യത്തീംകുട്ടിയുടെ മുഖം .....

എന്ത് ചെയ്യണമെന്നറിയാതെ അയാള്‍ വല്ലാതെ നിസ്സഹായനായി. കോടിയില്ലെങ്കിലും തന്‍റെ മക്കള്‍ക്ക് ഏറെ പഴകാത്ത ഉടുപ്പുകളുണ്ട്. ഉപ്പയില്ലാത്ത ഈ കുട്ടിക്ക്........ പെരുന്നാള്‍ ആയിട്ട്  മോനൊരു കുപ്പായം പോലും വാങ്ങിക്കൊടുക്കാന്‍ ആവാത്ത ആ ഉമ്മയുടെ സങ്കടം...

അയാള്‍ ഒന്നും ആലോചിച്ചില്ല. കീശയില്‍ ആകെ ഉണ്ടായിരുന്ന ഇരുന്നൂറു രൂപ മോന്‍റെ കൂട്ടുകാരന്‍റെ കയ്യില്‍ ഏല്‍പിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
‘മോനീ പൈസ ഉമ്മാന്‍റെടുത്ത് കൊടുത്ത് ഒരു കുപ്പായം വാങ്ങിത്തരാന്‍ പറ......വൈകണ്ട’
കുട്ടി അമ്പരപ്പോടെ അയാളെ നോക്കി. അയാളുടെ ഭാര്യയും കൂടി നിര്‍ബന്ധിച്ചപ്പോള്‍ സന്തോഷത്തോടെ ആ പണം വാങ്ങി അവന്‍ ഓടിപ്പോയി.

അയാള്‍ക്ക് വാല്ലതെ ആശ്വാസം തോന്നി. ആകെയുള്ള പണമാണ് കൊടുത്തതെന്നോ നാളെ പെരുന്നാള്‍ ദിവസം പട്ടിണി ആകുമല്ലോ എന്നതൊന്നും അപ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയതേ ഇല്ല.

നോമ്പ് തുറക്കാന്‍ ഏറെ നേരമുണ്ടായിരുന്നില്ല. അയാളുടെ ഭാര്യ അടുക്കളയിലേക്ക് നീങ്ങി. ഉപ്പയെ  അടുത്തു കിട്ടുമ്പോള്‍ പതിവുപോലെ മക്കള്‍ അയാളോട് കഥ പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി...

അയാള്‍ മക്കളെ ചേര്‍ത്തു പിടിച്ച് കഥ പറഞ്ഞു. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ കഥ. ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടി ബലിയര്‍പ്പിച്ച ഇബ്രാഹിം നബിയുടെ മനസ്സ്........... കഴുത്തില്‍ കത്തി വെച്ചപ്പോഴും പതറാതിരിക്കാന്‍ ബാപ്പക്ക് കരുത്തു നല്‍കിയ ഇസ്മായീല്‍ എന്ന കുട്ടി ........... അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു...

വിശക്കുന്ന മക്കളെ ചേര്‍ത്ത് പിടിച്ച് കഥ പറഞ്ഞു കൊടുത്ത ആ ദിവസത്തെ  കുറിച്ച് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..... പക്ഷെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ലല്ലോ. പടച്ചവന്‍റെ കാരുണ്യം എങ്ങനെയൊക്കെയാണ് പ്രിയപ്പെട്ട അടിമകളിലേക്ക് എത്തുക എന്നത് നാം ഊഹിക്കുന്നതിനും അപ്പുറമാണല്ലോ.

അന്ന് നോമ്പ് തുറന്നു കഴിഞ്ഞ് ഇരിക്കുമ്പോഴാണ് അയാളുടെ പഴയൊരു കൂട്ടുകാരന്‍ വീട്ടിലേക്ക് കയറി വന്നത്. പെരുന്നാള്‍ കൂടാനായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നതാണ്. ഏറെക്കാലത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍. രണ്ടുപേരും അത്രയും പരസ്പരം അറിയുന്നവര്‍. വിദേശത്ത് പോകും മുമ്പുള്ള കൂട്ടുകാരന്‍റെ പ്രയാസ കാലങ്ങളില്‍ എത്രയോ താങ്ങായി നിന്നിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫില്‍ ബിസിനസ് കൊണ്ട് പച്ച പിടിച്ചുവെങ്കിലും ഇന്നലെകളെ മറക്കാത്തത് കൊണ്ടാണ് പെരുന്നാള്‍ രാവില്‍ കൂട്ടുകാരനെ തേടി വന്നത്.

വിശേഷങ്ങള്‍ പറഞ്ഞിരുന്ന് ഇശാ ബാങ്ക് കൊടുത്തു. കുട്ടികളെയും കൂട്ടി നമുക്ക് ടൌണില്‍ ഒക്കെ ഒന്ന് പോയി വരാം എന്ന് കൂട്ടുകാരന്‍റെ നിര്‍ബന്ധം.

അയാളെയും കുടുംബത്തെയും കൂട്ടി വണ്ടി പോയി നിന്നത് നഗരത്തില്‍ പുതുതായി തുറന്ന മാളിന്‍റെ പാര്‍ക്കിംഗിലാണ്.  അയാള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും ഉള്ള പെരുന്നാള്‍ വസ്ത്രങ്ങളും പിറ്റേ ദിവസത്തെ പെരുന്നാള്‍ സദ്യക്കുള്ള സാധനങ്ങളും നിര്‍ബന്ധിച്ചു വാങ്ങിപ്പിക്കുമ്പോള്‍ കൂട്ടുകാരന്‍  പറഞ്ഞു കൊണ്ടിരുന്നത് ഏറെ കാലമായുള്ള അയാളുടെ ഈ ആഗ്രഹത്തെ കുറിച്ചാണ്. ഉറ്റവര്‍ പോലും കൈ വിട്ട നാളുകളില്‍ പണമായും അല്ലാതെയും സഹായിച്ചതിന്‍റെയും കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചതിന്‍റെയും വീട്ടിതീര്‍ക്കാനാവാത്ത കടപ്പാട്.... നാട്ടില്‍ വരുന്നതിന് മുമ്പേ അയാള്‍ തീരുമാനിച്ചതാണ് കൂട്ടുകാരന്‍റെയും കുടുംബത്തിന്‍റെയും ഈ പെരുന്നാള്‍   തന്‍റെ ചെലവില്‍ ആകണം എന്നത്....

അവിശ്വസനീയമായ ഈ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

നിങ്ങള്‍ ഭൂമിയില്‍ ഉള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കുമെന്ന ഖുര്‍ആന്‍ വാക്യം ഞാന്‍ അപ്പോള്‍ വെറുതെ ഓര്‍ത്തു ......

പെരുന്നാള്‍ ഉടുപ്പിട്ട് സന്തോഷത്തോടെ ഓടി നടക്കുന്ന ഉപ്പയില്ലാത്ത ആ കുട്ടിയും അവന്‍റെ ഉമ്മയും.... പിന്നെ അയാളും ഭാര്യയും മക്കളും ആ കൂട്ടുകാരനും  അപ്പോള്‍ എന്‍റെ മനസ്സില്‍ ചിരിച്ചു കൊണ്ട് നിന്നു.
----------------
ദുബായില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സിറ്റിമലയാളി മാഗസിന് വേണ്ടി എഴുതിയ പെരുന്നാള്‍ക്കുറിപ്പ്‌
2015 september 15 


Saturday, January 4, 2014

മുറ്റത്തെ കുറുന്തോട്ടിക്കും.............

‘എപ്പളായിക്കും പടച്ചോനെ ഇത് കോയ്ക്കോട്ടെത്വാ..... ഇന്നലത്തെപ്പൊലെ ഇന്നും പോയി വെറ്തെ തിരിച്ച് വരണ്ടി വര്വോ’

വേഗപ്പൂട്ട് വീണ ബസ്സിന്‍റെ ഇഴഞ്ഞ പോക്കില്‍  അസ്വസ്ഥയായിക്കൊണ്ട് ആ  സ്ത്രീ പറഞ്ഞു. തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍  ഞാനും വീട്ടുകാരിയും ഇരുന്ന  സീറ്റിലെ സഹായാത്രികയായിരുന്നു അവര്‍.  

കുറെക്കാലമായി അലട്ടുന്ന കൈ വേദനക്ക് ചികിത്സക്കായാണ് അവര്‍ കോഴിക്കോട്ടെ പേരുകേട്ട വലിയ ആശുപത്രിയിലേക്ക് പോവുന്നത്. ആയൂര്‍വേദവും, അലോപ്പതിയും, യുനാനിയും ഒക്കെയായി ഒരുപാട് ചികിത്സ നടത്തി. അതിനായി ദൂരെ സ്ഥലങ്ങളില്‍ പലേടത്തും പോയി. എമ്പാടും കാശും ചെലവായി. ഇപ്പോള്‍ മാസങ്ങളായി കോഴിക്കോട്ടെ ചികിത്സ കൊണ്ട് കുറച്ചു വ്യത്യാസം കാണുന്നുണ്ട്. വേദന കൊണ്ട് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അതിനു മുമ്പ്. എന്തോ ഒരുതരം വാതമാണത്രേ.

ഇന്നലെയും കോഴിക്കോട്ട്  പോയതാണ്. പക്ഷെ അവിടെ എത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരുന്നു. ഓട്ടോ വിളിച്ചു ഡോക്ടറുടെ വീട്ടില്‍ ചെന്നപ്പോള്‍ അന്നത്തെ ടോക്കണ്‍ തീര്‍ന്നു . വെറുതെ തിരിച്ചു പോരേണ്ടി വന്നു.

‘ഒരു ദെവസത്തെ പാടാ കോയിക്കോട്ട്‌ പോയി വരാന്‍. രാത്രി വൈകിയാ തലശ്ശെരീന്ന് ഞാളെ നാട്ടിലേക്ക് ബസ്സ് കിട്ടൂല....”

തലശ്ശേരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള അവരുടെ നാടിന്‍റെ പേര് പറഞ്ഞപ്പോള്‍  അത്ഭുതം തോന്നി. അവിടെ ഒരു വൈദ്യരെ കണ്ട് തിരിച്ചു വരികയാണല്ലോ ഞാനും ഭാര്യയും.

പറഞ്ഞപ്പോള്‍ അവര്‍ക്കറിയാം അദ്ധേഹത്തെ.
‘തന്നേ....... ഇത്രേം ദൂരേന്നൊക്കെ ആട ആള്വേള് വര്വോ?’  

അവര്‍ക്കും അതിശയം. പിന്നെ പറഞ്ഞു.

 ‘ഓറെ അച്ചനും പേര് കേട്ട വൈദ്യരായിനും............ അതേ ചികിത്സ തന്നാ മോനും. ന്‍റെ ഉമ്മേം ഉമ്മാമേം ഒക്കെ എന്ത് സൂക്കേട്‌ മന്നാലും ആടായിനും പോകല്’.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി എനിക്ക് ഈ വൈദ്യരെ അറിയാം. വാതവും, രക്തസമ്മര്‍ദ്ദവും അടക്കം ഒരു പാട് രോഗങ്ങള്‍ക്ക് അദ്ധേഹത്തിന്‍റെ ചികിത്സ കൊണ്ട് ഫലമുണ്ടായതും അറിയാം. അതും വലിയ പണച്ചെലവ് ഇല്ലാതെ. രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമീപനം തന്നെ വലിയൊരു ആശ്വാസമാണ്.

എന്നിട്ടും ഈ സ്ത്രീ  ഒരിക്കലും കൈ വേദനക്ക് സ്വന്തം നാട്ടിലുള്ള  വൈദ്യരെ കണ്ടിരുന്നില്ല. ആരൊക്കെയോ പറഞ്ഞു കേട്ട്  ദൂരെദിക്കുകളിലൊക്കെ പോയി പലവിധ ചികിത്സകള്‍ ചെയ്ത് ഒരു പാട് പണം ചെലവാക്കിയിട്ടും.

അമ്പത് കിലോമീറ്റര്‍ ദൂരെ നിന്ന് വന്ന ഞങ്ങള്‍ പറഞ്ഞപ്പോഴാണ് ചുറ്റുവട്ടത്തുള്ള അദ്ധേഹത്തെ കുറിച്ച് അവര്‍ കാര്യമായി ചിന്തിക്കുന്നത് തന്നെ.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പണ്ട് കോപ്പിയെഴുത് മനസ്സില്‍ തിരുത്തി നോക്കി. മുറ്റത്തെ കുറുന്തോട്ടിക്കും............

നാട്ടില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അന്നം പോലെ ഔഷധവും പല നാടുകളിലായി പടച്ചവന്‍ കരുതി  വെച്ചിരിക്കുകയായിരിക്കുമോ എന്ന്  കൌതുകത്തോടെ വെറുതെ ചിന്തിച്ചു..


Thursday, December 19, 2013

വല്യുമ്മാമയുടെ ‘തനിപ്പട്ട്’


ഉമ്മ പറഞ്ഞു കേട്ടതാണ്. വല്യുമ്മാമ അതായത് എന്‍റെ ഉമ്മയുടെ ഉപ്പാന്‍റെ ഉമ്മയെ പറ്റി. ഉമ്മയുടെ കുഞ്ഞുന്നാളിലെ ഓര്‍മ്മയാണ്. വല്യുമ്മാമാക്ക് അപ്പോള്‍ തൊണ്ണൂറു  വയസെങ്കിലും ഉണ്ടാവും.

വല്യുമ്മാമയുടെ കയ്യില്‍ പഴുക്കടക്കയുടെ നിറമുള്ള ഒരു തുണി ഉണ്ടായിരുന്നു. വല്യുമ്മാമ എപ്പോഴും ആ തുണി തുന്നിക്കൊണ്ടിരുന്നു. ‘തനിപ്പട്ട്’ എന്നാണ് വല്യുമ്മാമ ആ തുണിയെ പറ്റി പറഞ്ഞിരുന്നത്. ഒരു ഭാഗം തുന്നുമ്പോള്‍ മറുഭാഗം പിന്നിപ്പോകുന്ന അത്രയും പഴക്കം ചെന്ന അത്  സൂക്ഷ്മതയോടെ കൂനിക്കൂടിയിരുന്ന് വല്യുമ്മാമ തുന്നിക്കൊണ്ടിരുന്നു.

 വല്യുമ്മാമയുടെ ഒരേയൊരു മോളുടെ കല്യാണം കഴിഞ്ഞ്  ആദ്യ സല്‍കാരത്തിന് മോളും പുതിയാപ്പിളയും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ തനിപ്പട്ട്.

വല്യുമ്മാമക്ക് മൂന്നു മക്കളായിരുന്നു. മൊയ്തുവും, ബാവോട്ടിയും(എന്‍റെ വല്യുപ്പ) പിന്നെ ഏറ്റവും ഇളയവള്‍  അയിശയെന്ന ഒരേയൊരു പെണ്‍കുട്ടിയും.  വല്യുപ്പാപ്പ നേരത്തെ മരിച്ചു പോയിരുന്നു.

വല്യുപ്പയും ജ്യേഷ്ടനും കൃഷിക്കാരായിരുന്നു. ചാലിയില്‍ നെല്ലുണ്ടാക്കിയും വെറ്റിലക്കൊടിയിട്ടും അവര്‍ പലലന്തിയോളം പണിയെടുത്തു. ഞാറ് നടാനും, വെറ്റില ചായ്ക്കാനും നെല്ല് കൊയ്യാനുമൊക്കെ വല്യുമ്മാമയും മക്കളോടൊപ്പം കൂടി. വല്യുമ്മാമ നന്നായി ഓല മെടയുമായിരുന്നു.  ഒറ്റയിരിപ്പിന് എണ്‍പത് എണ്ണമൊക്കെ! പായ നെയ്ത പോലെ ഭംഗിയുള്ള മെടച്ചില്‍.

തിക്കോടി ചന്തയില്‍ വെറ്റില വിറ്റ് മടങ്ങി വരുമ്പോള്‍ ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങികൊണ്ടുവന്നു. ഉമ്മയും ഇക്കാക്കമാരും പുന്നരപ്പെങ്ങളെ നിലത്തും നിലയിലും വെക്കാതെ താലോലിച്ചു പോറ്റി.

അയിശയുടെ കല്യാണം കഴിഞ്ഞ് രണ്ട് ആണ്‍കുട്ടികളെ പ്രസവിച്ചു. കുഞ്ഞനിയത്തിക്ക് പറമ്പ് വാങ്ങാനും  വീടുണ്ടാക്കാനും  ഉത്സാഹിച്ചതും സഹായിച്ചതും ആങ്ങളമാര്‍ തന്നെ. മഴക്കാലത്ത് ചാലിയില്‍ വെള്ളം കയറുമ്പോള്‍ ഒറ്റല് കൊണ്ട് പൊത്തിപ്പിടിച്ച കയിച്ചിലും, കടുവും, മുഴുവും കോമ്പലയില്‍ തൂക്കി ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്കും അളിയനും മരുമക്കള്‍ക്കും കൊണ്ട് കൊടുത്തു വയറു നിറയെ തീറ്റിച്ചു.

അയിശ മൂന്നാമതും ഗര്‍ഭിണിയായി. പ്രസവസമയത്തേക്ക് കരുതലായി  വല്യുമ്മാമ ഒരു കുടുക്കയില്‍ പിടിയരി ഇട്ടു വെക്കാന്‍ തുടങ്ങി. ഓരോ ദിവസവും ചോറിന് അരിയിടുമ്പോള്‍  അതില്‍ നിന്ന് ഒരുപിടി അരി മാറ്റി സ്വരൂപിച്ചു വെക്കുന്നതാണ്‌  പിടിയരി.

മാസങ്ങള്‍ കഴിയും  തോറും അയിശയുടെ വയറ് വലുതായി വരികയും അതോടൊപ്പം ക്ഷീണവും തളര്‍ച്ചയും കൂടിക്കൂടി വരികയും ചെയ്തു. പിന്നീടാണ് അറിഞ്ഞത് അയിശക്ക് ഗര്‍ഭമായിരുന്നില്ല വയറ്റിലൊരു മുഴയായിരുന്നു. അത് വലുതായി വലുതായി ഒരു ദിവസം അവര്‍ മരിച്ചു.

ഉമ്മയെയും, പുന്നാര ആങ്ങളമാരെയും, ഭര്‍ത്താവിനെയും , കുഞ്ഞുമക്കളെയും വിട്ട് പോകുമ്പോള്‍ അയിശക്ക്  ഇരുപത്തിയഞ്ച് വയസ്സുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല!.......................


കൊല്ലങ്ങളെമ്പാടും  കടന്നുപോയിട്ടും  വല്യുമ്മാമയുടെ മനസ്സില്‍ പൊന്നുമോളോടുള്ള സ്നേഹവും വാത്സല്യവും മങ്ങാതെ ചുരത്തി നിന്നു. മരിക്കുന്നത് വരെ ദിവസവും വല്യുമ്മാമ ആ തനിപ്പട്ട് നിവര്‍ത്തി പിന്നിപ്പോയ ഇടമൊക്കെ വീണ്ടും വീണ്ടും തുന്നിച്ചേര്‍ത്തു കൊണ്ടിരുന്നു.  അതിലൂടെ തൊണ്ണൂറാം വയസ്സിലും, മരിച്ചു പോയ  കുഞ്ഞുമോളെ കുറിച്ചുള്ള നിറമുള്ള ഓര്‍മ്മകള്‍ പിന്നിപ്പോകാതെ ചേര്‍ത്ത് പിടിച്ചു കൊണ്ടിരുന്നു  പാവം വല്യുമ്മാമ.

Wednesday, September 19, 2012

ഉമ്മ കാത്തിരിക്കുന്നുണ്ട് .....





നീണ്ട മണിയൊച്ച കുഴഞ്ഞു മറിഞ്ഞു പോയ ഓര്‍മ്മകളിലുണ്ടാക്കിയ ഉണര്‍വ്വിലായിരിക്കും  ഉമ്മയോട് ഉപ്പ പറയുമായിരുന്നത്രേ.


“നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”

ലാന്‍ഡ്‌ ഫോണ്‍ തകരാറില്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണ്.നന്നാവുന്ന ദിവസങ്ങളില്‍ തന്നെ നിര്‍ത്താതെ അടിയുന്ന ഫോണിനടുത്തേക്ക് മുട്ട് വേദനയുമായി ഉമ്മ  നടന്നെത്തുമ്പോഴേക്കും ചിലപ്പോള്‍ കട്ടായിട്ടുണ്ടാകും.കിട്ടിയാല്‍ തന്നെ ഫോണിന്റെ  കരകര ശബ്ദത്തില്‍ പകുതിയും കേള്‍ക്കാതെ........പലപ്പോഴും ആരായിരിക്കും വിളിച്ചതെന്ന് ഉത്കണ്ഠപ്പെട്ട്...... ...പാതിയില്‍ മുറിഞ്ഞു പോയ വാക്കുകളെന്തെന്ന് ചിന്തിച്ച്....

ഉപ്പ പോയപ്പോള്‍ അതുവരെ,ആശുപത്രി,മരുന്ന്,ശുശ്രൂഷ,തുടങ്ങിയ ഒരുപാട് ബഹളങ്ങള്‍ ഒറ്റയടിക്ക് നിലച്ചത് പോലെയായി ഉമ്മയുടെ ജീവിതം..ആ ശൂന്യതയിലേക്ക് വന്ന ഫോണിന്റെ മണിയൊച്ചകള്‍ പുറത്ത്‌ വരാതെ അമര്‍ന്നു പോയി.....

മൂന്നാല് ദിവസങ്ങള്‍ക്ക് മുമ്പ് അനുജന്‍ നാട്ടില്‍ പോയപ്പോള്‍ ഉമ്മാക്ക് സമ്മാനിച്ചതാണ് പുതിയ മൊബൈല്‍ ഫോണ്‍.. . അന്ന് വിളിച്ചപ്പോള്‍ ഒരു ആശ്വാസം പോലെ ഉമ്മ പറഞ്ഞിരുന്നു.
“ഇനി നിങ്ങളൊക്കെ വിളിക്കുമ്പോ ശരിക്ക് കിട്ട്വല്ലോ ....”

ഇന്നലെ ഉച്ചയ്ക്ക് ഫോണ്‍ നിര്‍ത്താതെ അടിയുന്നത് കേട്ട് എടുത്തപ്പോള്‍ അപ്പുറത്ത് ഉമ്മയാണ്.

“പുതിയ ഫോണ്ന്നാ......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....”

ആഹ്ലാദത്തോടെയുള്ള ഉമ്മയുടെ വാക്കുകള്‍
.
കണ്ണെത്താ ദൂരെനിന്ന്  പൊള്ളുന്ന മരുഭൂമിയിലേക്ക്   കുളിര്‍കാറ്റുപോലെ ആ വാക്കുകള്‍.

“......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....”

ഞാനപ്പോള്‍ ഉമ്മയുടെ പുന്നാരമോന്‍ മാത്രമായി.കുഞ്ഞുന്നാളില്‍ എനിക്കായി എടുത്തു  വെച്ച മിട്ടായികള്‍ പോലെ,മാറ്റി വെച്ച പലഹാരങ്ങള്‍ പോലെ,ജീവിതത്തിലെ വല്ലാത്ത ഒരു സന്ധിയില്‍ കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞ് ഉപ്പ അറിയാതെ ചുരുട്ടി വെച്ച് തന്ന നോട്ടുകള്‍ പോലെ..............എനിക്കായി കരുതി വെച്ച വിളിയും.
ഇപ്പോഴും  ഗള്‍ഫില്‍ നിന്ന്  കൊണ്ട് വരുന്ന മിട്ടായികളില്‍ നിന്ന് എന്റെ മക്കള്‍ക്ക്‌ പോലും കൊടുക്കാതെ എനിക്ക്  മാറ്റി വെക്കുന്ന ഉമ്മ, അനുജന്മാര്‍ ഉമ്മാക്ക്  കൊടുത്ത സോപ്പ്‌ കുവൈത്തിലെ പലചരക്കുകടക്കാരനായ എനിക്ക്   സമ്മാനിക്കുന്ന എന്റെ ഉമ്മ....

ഇറാഖ്‌ യുദ്ധകാലത്ത് ടെലിവിഷന്‍ പൊലിപ്പിച്ചു പറഞ്ഞ ഓരോ  വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും പൊള്ളുന്ന മനസ്സുമായി ഉമ്മ എന്നെ  വിളിച്ചിട്ടുണ്ട്..കൊയിലാണ്ടിയില്‍ ബസ്സപകടം നടന്ന ദിവസം കോഴിക്കോട്ടെ പാണ്ടികശാലയില്‍ നിന്ന് ഞാന്‍ എത്താന്‍ വൈകിയപ്പോള്‍ ഉണ്ടായ അതേ വേവലാതിയോടെ...പലപ്പോഴും ഇവിടെ മിസൈലുകള്‍ വീണ വിവരം ഞാന്‍ അറിഞ്ഞത് ഉമ്മ വിളിക്കുമ്പോഴാണ്..

ഉമ്മ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ് 

“ഇനി നിങ്ങള്‍ എപ്പോ വിളിച്ചാലും എനിക്ക് എടുക്കാലോ.......ഇനി ഫോണ്‍ വെടക്കായതോണ്ടാ വിളിക്കാത്തത്‌ന്ന് പറയൂലാലോ.....”

വിളിക്കാന്‍ ദിവസങ്ങള്‍ വൈകുമ്പോള്‍ കേടായ ഫോണിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ഇനി പറ്റില്ല......ഉമ്മ കാത്തിരിക്കുന്നുണ്ടാകും ഞങ്ങളുടെ വിളിക്ക് വേണ്ടി ..അത് കൊണ്ടായിരിക്കും പോകുന്നതിനു മുമ്പ് ഉപ്പ പറഞ്ഞിട്ടുണ്ടാവുക..

“നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”

Monday, August 20, 2012

ഓര്‍മ്മകളില്‍ ഒരു പെരുന്നാള്‍




ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ബാംഗ്ലൂര്‍ 'ബെങ്കളൂരു’ ആവുന്നതിനും കുറെ  മുമ്പ്..
ബാംഗ്ലൂരിലെ പലചരക്ക് കടക്കാരില്‍ ഭൂരിപക്ഷവും മാപ്പിളമാരാണ്.അത് തന്നെ പാനൂര്‍,ചൊക്ലി,നാദാപുരം ഭാഗത്ത്‌ നിന്നുള്ളവര്‍ ആണ് കൂടുതല്‍. .കൊയിലാണ്ടി പരിസര പ്രദേശത്തുകാരും അപൂര്‍വ്വമായി ഉണ്ട്.'പ്രൊവിഷ്യന്‍ സ്റ്റോര്‍’എന്നാണ് ഈ കടകളെ വിളിക്കുന്നത്‌ .അന്നൊക്കെ  ഈ പ്രദേശത്ത് നിന്നും ബാംഗ്ലൂരില്‍ പണിക്ക് പോകുക എന്ന് പറഞ്ഞാല്‍ കടകളില്‍ ജോലിക്ക് പോകുക എന്നാണര്‍ത്ഥം.അന്ന് ബാംഗ്ലൂര്‍ ഐ ടി നഗരം ആയിട്ടില്ല.പത്തിന് അപ്പുറത്തേക്ക് പഠിക്കുന്ന ഏര്‍പ്പാട് മാപ്പിളക്കുട്ടികള്‍ക്കും കുറവ്‌ .ബാംഗ്ലൂരിലെ പലചരക്ക് കടകളില്‍ പണിക്ക് നിന്നാലുള്ള ഏറ്റവും വലിയ ഗുണം മൂന്നാല് ഭാഷകളെങ്കിലും നന്നായി സംസാരിച്ചു പഠിക്കാം എന്നതാണ്.കന്നഡ,തമിഴ്‌,ഹിന്ദി,തെലുങ്ക് എന്നിവയ്ക്ക് പുറമേ സകല ‘വേര്‍ഷനിലും’ ഉള്ള മലയാളവും കേട്ടും പറഞ്ഞും പഠിക്കാം.ഗള്‍ഫില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കൊക്കെ ഇതൊരു വലിയ മുതല്‍ക്കൂട്ടാണ്.

രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണി വരെയാണ് ഏകദേശം കടകളുടെയും പ്രവര്‍ത്തന സമയം.ഇതിനിടയില്‍ ഊഴം വെച്ച് മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം ഉണ്ടാകും.ഒരു ലുങ്കിയും കുപ്പായവും ആണ് കടകളിലെ ‘യൂണിഫോം’.മാര്‍കറ്റില്‍ പോകുമ്പോഴോക്കെയാണ് പൊതുവേ പാന്‍റ്സ് ധരിക്കുക.പത്രക്കടലാസ് കീറി കുമ്പിള്പോലെ ആക്കി ‘പൊട്ടളം’ കുത്തി അതില്‍ ആണ് അരിയും പലചരക്ക് സാധനങ്ങളും പൊതിഞ്ഞു കൊടുക്കുക.അത് കൊണ്ട് കുപ്പായത്തിന്റെ വയറുഭാഗം എപ്പോഴും ഇരുണ്ടിരിക്കും.

കടയുടെ പരിസര പ്രദേശത്ത് തന്നെയാണ് താമസസ്ഥലം ഉണ്ടാകുക.ആസ്ബസ്ടോസ് ഷീറ്റ് മേഞ്ഞ ലൈന്‍ മുറികളില്‍ ഒന്ന്.മുന്നില്‍ ഒരു മുറി,നടുക്ക്  ഒരു ഹാള്‍,പിന്നെ ചെറിയൊരു അടുക്കളയും,കുളിമുറിയും.ചിലപ്പോള്‍ ഈ ഹാള്‍ ഉണ്ടാവണം എന്നില്ല.മുതലാളി തൊഴിലാളി ഭേദമോന്നും മുറിയില്‍ ഇല്ല.ചിലപ്പോള്‍ മുതലാളിക്ക് ഒരു കട്ടിലും കിടക്കയും ഉണ്ടാകും.പൊതുവേ എല്ലാവരും ഹാളില്‍ കിടക്കുകയാണ് പതിവ്.സാധനങ്ങള്‍ പാക്ക്‌ ചെയ്തു വരുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടി പൊളിച്ചു അടിയില്‍ വിരിച്ചു അതിനു മുകളില്‍ ഒരു പായയും,പഞ്ചസാര ചാക്ക് മടക്കി വെച്ച് ഉണ്ടാക്കിയ തലയിണയും ഇതിലാണ് കിടത്തം..

മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ സ്വാഗതം ചെയ്യുന്നത് കൊതുകുതിരിയുടെയും അലക്കാനുള്ള വസ്ത്രങ്ങളുടെയും മണ്ണെണ്ണ സ്ടൌവിന്റെ  പുകയുടെയും സമ്മിശ്രമായ ഒരു ഗന്ധമാണ്.കൂട്ടത്തില്‍ ജൂനിയര്‍ ആയി എത്തിയ ആളാണ്‌ പാചകം.അത് കൊണ്ട് രുചി ഒരു പ്രശ്നമല്ല.ഏതു ഭക്ഷണത്തിനും മണ്ണെണ്ണയുടെ നേരിയ ചുവ ഉണ്ടാകും.ഗ്യാസ്‌ അന്ന് അപൂര്‍വ്വ വീടുകളില്‍ മാത്രം.

അന്നൊക്കെ ബാംഗ്ലൂരിലെ ഏറ്റവും ക്ഷാമമുള്ള വസ്തു വെള്ളമാണ്. ആഴ്ചയില്‍ രണ്ടു ദിവസം റൂമിനു മുമ്പിലെ പൈപ്പില്‍  വരുന്ന വെള്ളം പുലര്‍ച്ചെ എഴുനേറ്റ് പിടിച്ച് റൂമില്‍ കെട്ടിയുണ്ടാക്കിയ സിമന്റ് ടാങ്കില്‍ ഒഴിച്ച് വെക്കണം.ഈ വെള്ളത്തില്‍ ആണ് അലക്കും,കുളിയും,പാത്രം കഴുകലും എല്ലാം. ഭക്ഷണം പാകം ചെയ്യാനും,കുടിക്കാനും വേറെ ഒരു ബക്കറ്റില്‍ വെള്ളം പിടിച്ചു വെക്കുംഎല്ലായ്പോഴും ടാങ്ക് നിറയാന്‍ മാത്രം വെള്ളം  കിട്ടണം എന്നില്ല.ഭാഗ്യമുള്ള ചില ദിവസങ്ങളില്‍ ടാങ്ക് നിറഞ്ഞു റൂമിലുള്ള പ്ലാസ്ടിക് കുടങ്ങളിലും ബക്കറ്റുകളിലും കൂടി പിടിച്ച് വെക്കാന്‍ മാത്രം വെള്ളം കിട്ടും..'ബോര്‍ വെല്‍' ഓപറേറ്റര്‍ മുരുകന്‍ നല്ല 'വെള്ളത്തില്‍' ആണെങ്കില്‍ പൈപ്പില്‍ വെള്ളം വരുന്നത് നട്ടപ്പാതിരക്ക് ആവും.ഉണര്‍ന്ന റൂമുകാര്‍ അടുത്ത റൂമിലുള്ളവരെ വിളിച്ചു ഉറക്കത്തില്‍ ശല്യം ചെയ്യില്ല.ഉറങ്ങുന്നവരുടെ റൂമിനു മുന്നിലുള്ള പൈപ്പിനു ചുവട്ടില്‍ കൂടി അവരുടെ പാത്രം വെച്ച് വെള്ളം പിടിച്ച് അവര്‍ കൊണ്ട് പോയ്ക്കോളും. 
കുളി എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ്. ഇതിലൊന്നും ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നു.ഭൂരിപക്ഷവും  ചെറുപ്പക്കാര്‍ അതില്‍ കൂടുതലും ബാച്ചികള്‍ .കടയില്‍ ആയാലും റൂമില്‍ ആയാലും അതിന്റെ ഒരു ഹരമുണ്ട്.പത്രം വായന,രാഷ്ട്രീയ തര്‍ക്കം,കാരംസ് കളി,പാട്ട്പാടല്‍ അങ്ങനെ റൂമിലെ ജീവിതം ആഘോഷമാണ്.

H.A.L എയര്‍പോര്‍ട്ടിന്   അടുത്താണ് മുരുഗേഷ്‌ പാളയം.ISRO  ഒക്കെ നില്‍ക്കുന്ന പ്രദേശം.അവിടെയാണ് ഞങ്ങളുടെ ‘പലചരക്കുകട’.
നാട്ടിലെ നോമ്പിന്റെ ഹരമൊന്നും ബാംഗ്ലൂരിലെ നോമ്പിന് ഉണ്ടായിരുന്നില്ല. മുരുഗേഷ്‌ പാളയത്ത് ഒരു പള്ളി പോലും ഇല്ല. കുറച്ചു മലയാളി പലചരക്കു കച്ചവടക്കാരും പിന്നെ ഇറച്ചി വില്പനക്കാരും,സൈക്കിള്‍ മെക്കാനിക്കുകളും ഒക്കെയായ കുറച്ചു പട്ടാണികളും ആയിരുന്നു ആ പ്രദേശത്ത്‌ ആകെ ഉണ്ടായിരുന്ന മുസ്ലിംകള്‍... .. വെള്ളിയാഴ്ച ജുമുഅക്ക് പോകുന്നത്.മൂന്നാല് കിലോമീറ്റര്‍ അപ്പുറം ‘കോനാനഅഗ്രഹാര’ എന്ന സ്ഥലത്താണ്(മലയാളികള്‍   പറഞ്ഞ് പറഞ്ഞ് അത്  ‘കോനാരത്ത്’ എന്നാക്കി).

നാട്ടിലെ അത്താഴവും നോമ്പിന്റെ പകലും പള്ളിയിലെ ‘ഉറുദി’യും,നോമ്പ് തുറയുടെ ഒരുക്കങ്ങളും,ജീരകക്കഞ്ഞിയും,തറാവീഹും ഒക്കെ ഓര്‍മ്മകള്‍ മാത്രം.ചിലരൊക്കെ നോമ്പ് എടുക്കുകയും കൃത്യമായി നിസ്കരിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ പലരും നോമ്പ് കാലമാണെന്ന് അറിയുക പോലും ഇല്ല.

നാട്ടിലെ പെരുന്നാള്‍ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ട് ഒക്കെയായിരിക്കും ബാംഗ്ലൂരിലെ പെരുന്നാള്‍...പട്ടാണികള്‍ക്ക്‌ അറുക്കാന്‍ ആടിനെ കിട്ടിയാലേ ഇവിടെ മാസം കണ്ടതായി ഉറപ്പിക്കൂ എന്ന് തമാശയായി പറയാറുണ്ട്‌ .നോമ്പിന് ഉഷാര്‍ കുറവാണെങ്കിലും പെരുന്നാള്‍ വലിയ സന്തോഷമുള്ള കാര്യമാണ്.കട തുറക്കാത്ത രണ്ടേ രണ്ടു ദിവസം പെരുന്നാളുകള്‍ക്ക് മാത്രമാണ്. സ്ഥിരമായി ലുങ്കി ഉടുത്തു കാണുന്ന പലചരക്കുകടക്കാരെയൊക്കെ നിറമുള്ള പാന്റും ഷര്‍ട്ടും ഇട്ട് കാണുന്ന ഏക ദിവസം.’കോനാരത്തെ’ പള്ളിയില്‍ പെരുന്നാള്‍ നമസ്കാരം ഉണ്ടാവാറില്ല.അവിടന്നും കുറെ ദൂരെ ഒരു പള്ളിയില്‍ ആണ് പെരുന്നാള്‍ നമസ്കാരം ഉള്ളത്.രാവിലെ എട്ടര മണി ആകും നമസ്കാരം തുടങ്ങാന്‍.അപ്പോഴേക്കും പള്ളിയുടെ പുറവും കഴിഞ്ഞു മൈതാനത്ത് എത്തിയിട്ടുണ്ടാകും നിസ്കരിക്കാനുള്ള നിര.
പെരുന്നാള്‍ ദിവസം നാട്ടിലേക്ക് വിളിക്കാനും ആശംസ പറയാനും ഉള്ള മെനക്കേട് ഒന്നും ഇല്ല.കാരണം അന്ന് വീട്ടിലൊന്നും ഫോണ്‍ ഇല്ല(നാട്ടില്‍ തന്നെ ഫോണ്‍ അപൂര്‍വ്വ വസ്തുവാണ്).

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ ഉടനെ പ്രധാന പരിപാടി എല്ലാരും ഒന്നിച്ചു സിറ്റിയിലേക്ക് ബസ്സ്‌ കയറുക എന്നതാണ്.കബ്ബണ്‍  പാര്‍ക്കിലോ ലാല്‍ബാഗിലോ കറങ്ങുക. വാടകക്ക് എടുത്ത ക്യാമറയില്‍ പാര്‍ക്കിലൊക്കെ നടന്ന്  ഫോട്ടോകള്‍ എടുക്കുക.ഐസ് ക്രീമും ജ്യൂസുമൊക്കെ അടിക്കുക ഉച്ചവരെ അത് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കുക.പിന്നെ മജസ്ടിക്കിലും സിറ്റി മാര്‍ക്കറ്റിലും,ശിവാജി നഗറിലും ഒക്കെ അലഞ്ഞ് ഒന്നോ രണ്ടോ സിനിമകളും കണ്ട് ഫുഡ്ഡും അടിച്ചു ഫോടോ അന്ന് തന്നെ പ്രിന്റെടുത്ത് കണ്ട് സായൂജ്യമടഞ്ഞ്  രാത്രി ഭക്ഷണവും ഹോട്ടലില്‍ നിന്നും കഴിച്ചു മടങ്ങും. പെരുന്നാള്‍ ആഘോഷം ഇവിടെ  പൂര്‍ണ്ണമാകുന്നു.

അത്രയും കാലം ഞങ്ങളുടെ  രണ്ടു കടകളില്‍ ജോലി ചെയ്യു ആറേഴു പേര്‍ ഒന്നിച്ചായിരുന്നു ഒരു റൂമില്‍ ഉണ്ടായിരുന്നത്.’ജഗപൊഗ’ തന്നെ.ആ വര്‍ഷം ഒരു കട ഇല്ലാതായതോടെ റൂമില്‍ ആളുകളുടെ എണ്ണം പകുതിയായി.നോമ്പ് പ്രമാണിച്ചു കടയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക്‌ വലിഞ്ഞതോടെ ഞാനും എന്നെക്കാളും ഇളയ എന്റെ ഒരു ബന്ധുവും മാത്രമായി കടയിലും റൂമിലും..അടുത്ത മുറികള്‍ ഇതേ പോലെയുള്ള കടക്കാരുടെതാണ്‌ നോമ്പായത് കൊണ്ട് അവിടെയും വലിയൊരു ഉത്സാഹമില്ല.


ശരിക്കും ഏകാന്തമായ ഒരു നോമ്പുകാലം.നാട്ടിലെ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. .വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷമാണ്..കല്യാണം കഴിഞ്ഞ ശേഷം ആകെ ഒരു പെരുന്നാളിന് മാത്രമേ നാട്ടില്‍ കൂടാന്‍ കഴിഞ്ഞിട്ടുള്ളൂ.ഈ പെരുന്നാളിന് പോകാം എന്ന് ഉറപ്പിച്ചതായിരുന്നു.കടയില്‍ ആളില്ലാത്തത് കൊണ്ട് ആ മോഹം നടക്കില്ല............

അങ്ങനെ റമളാന്‍ ഇരുപത്തി ഒമ്പതായി സിറ്റിയില്‍ പോയി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പെരുന്നാള്‍ കോടിയായി രണ്ടു റെഡിമെയ്ഡ് ഷര്‍ട്ടുകള്‍  വാങ്ങി. നാട്ടില്‍ പെരുന്നാളിന് കൂടാന്‍ കഴിയാത്തതിന്റെ വിഷമം ഉള്ളില്‍ ..

സാധാരണ നിലയില്‍ ഇരുപത്തിഒന്‍പതിന് മാസം കാണല്‍ അപൂര്‍വ്വമാണ് ബാംഗ്ലൂരില്‍. റൂമില്‍ ആണെങ്കില്‍ വെള്ളം തീര്‍ന്നിരിക്കുന്നു.ഇനിയും ഒരു ദിവസം കഴിഞ്ഞേ വെള്ളം വരൂ..അലക്കിയ പാന്റ്സുകള്‍ ഒന്നും ഇല്ല.കുളിക്കാനും വെള്ളമില്ല. മാസം കാണല്ലേ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥന മുറുകി.

പ്രാര്‍ത്ഥന ഫലിച്ചില്ല രാത്രി ഒമ്പത് മണിയോടെ മാസം കണ്ടതായുള്ള വിവരം കിട്ടി...നാളെ പെരുന്നാളാണ്....റബ്ബേ റൂമില്‍ കുളിക്കാന്‍ വെള്ളമില്ല...അലക്കിയ ഒരൊറ്റ പാന്‍റ്സ് ഇല്ല!!....

രാത്രി പത്തു മണിക്ക് കട അടച്ച ശേഷം റൂമിലെത്തി.ഉള്ള വെള്ളം കൊണ്ട് ‘ഒപ്പിച്ച്’ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ചു.പിന്നെ ഒരു നൈലോണ്‍ കയറിന്റെ രണ്ടറ്റത്തായി ഈരണ്ടു പ്ലാസ്ടിക് കുടങ്ങള്‍ കെട്ടി മൊത്തം എട്ടു കുടങ്ങള്‍. ...കടയിലെ  സൈക്കിളിന്റെ കാരിയറിലും ‘തണ്ടി’ലുമായി ഇത് തൂക്കിയിട്ട് ഞങ്ങള്‍ വെള്ളം തേടി ഇറങ്ങി.
മുരുഗേഷ്‌ പാളയത്ത് നിന്നും ഭീമാനഗര്‍ ലേക്ക് പോകുന്ന വഴിയില്‍ വെള്ളം അടിച്ചെടുക്കുന്ന ഒരു പൈപ്പുണ്ട്. രണ്ടു കിലോമീറ്റര്‍ പോകണം.സൈക്കിളും തള്ളി ഞങ്ങള്‍ ആ പൈപ്പ്‌ ലക്ഷ്യമാക്കി നീങ്ങി.
മനസ്സില്‍, മാസം കണ്ടു എന്ന് അറിഞ്ഞ ഉടനെ വീട്ടു പടിക്കല്‍ വിത്ര്‍ സക്കാത്തിന് വരുന്നവര്‍,മൂടാടി അങ്ങാടിയിലെ പള്ളിയില്‍ നിന്നുയരുന്ന ഈണത്തിലുള്ള തക്ബീര്‍,ജ്യേഷ്ഠന്റെ മക്കള്‍ സന്തോഷത്തോടെയും അമ്പരപ്പോടെയും പടക്കം പൊട്ടിക്കുന്നത് കാണുന്നതും പൂത്തിരി കത്തിക്കുന്നതും.... പിറ്റേ ദിവസത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍. ..........മൈലാഞ്ചിയിടാന്‍ നീട്ടി പിടിച്ച  കൈയിലെ കുപ്പിവളകളുടെ കിലുക്കം...........

ഒരു കുടം വെള്ളം നിറയണമെങ്കില്‍ പത്തു മിനുട്ടോളം ‘ചാമ്പണം’.അപ്പോഴേക്കും തളരും..ഞങ്ങള്‍ രണ്ടു പേരും മാറി മാറി അടിച്ചെടുത്തു...എട്ടു കുടവും നിറച്ചു റൂമിലേക്ക്‌.കുറെയൊക്കെ വഴിയില്‍ തുളുമ്പി.അങ്ങനെ മൂന്നു ‘ട്രിപ്പ്‌’ കഴിയുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
അലക്കാനിട്ട ഒരു പാന്റ്സ് അപ്പോള്‍ തന്നെ കുത്തിത്തിരുമ്പി.ഇരുമ്പിന്റെ ചുവയുള്ള,ഇളം തവിട്ടു നിറമുള്ള കട്ടിയുള്ള വെള്ളം.പണിയൊക്കെ കഴിഞ്ഞ് കിടക്കുമ്പോള്‍ രണ്ടര മണി കഴിഞ്ഞിട്ടുണ്ടാവും.

ഉറക്കം വരാതെ ഞാന്‍ കിടന്നു.നിശബ്ദമായ ഒരു പെരുന്നാള്‍ രാവ്.അപ്പുറത്തെ മുറിയിലെ സീമെണ്ണക്കാരന്‍ മുനിയാണ്ടിയുടെ വണ്ടിക്കാളയുടെ കൊമ്പില്‍ കെട്ടിയ മണി ഇടയ്ക്കു കിലുങ്ങുന്ന ശബ്ദവും കൊതുകുകളുടെ മൂളിച്ചയും മാത്രം. ഈണത്തില്‍ ഒരു തക്ബീര്‍ മനസ്സില്‍ ദൂരെയെന്ന പോലെ കേള്‍ക്കുന്നു.തുറന്നിട്ട ജാലകത്തിലൂടെ വരണ്ട ആകാശത്ത് മേഘങ്ങള്‍ ഒഴുകുന്നത്‌ കാണുന്നുണ്ട്. ആകാശച്ചരിവില്‍ എവിടെയോ നേരിയ ഒരു പെരുന്നാള്‍ പിറ ചിരിച്ചു നില്‍ക്കുന്നുണ്ടാകും.എന്റെ മനസ്സിലും മൈലാഞ്ചി ഇടാനായി നീട്ടി പ്പിടിച്ച വെളുത്ത് നീണ്ട ഒരു കൈപ്പടവും.പെരുന്നാള്‍ അമ്പിളി പോലെ ഒരു ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.