Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Monday, November 20, 2017

ഒരു നോമ്പുകാല ഓർമ്മ

അനുഗ്രഹീത രാവിനെ പ്രതീക്ഷിക്കുന്ന അവസാനപത്തിലെ ഒരു രാത്രി ആയിരുന്നു. പള്ളിയിൽ   പാതിരാ നമസ്കാരത്തിന് വരിനിൽക്കുന്ന  വിശ്വാസികൾക്ക് അലോസരമായിക്കൊണ്ട് അവർക്കിടയിലൂടെ ഓടിക്കളിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന പരിസരത്തെ കുട്ടികൾ.
ആദ്യ റക്അത്തുകൾ കഴിഞ്ഞു സലാം വീട്ടിയ ഉടനെ പലരും രൂക്ഷമായി നോക്കിയത് കൊണ്ടാവും കുട്ടികൾ പിറകോട്ട് പോയെങ്കിലും വീണ്ടും നമസ്കാരം തുടങ്ങിയപ്പോൾ അവർ ചിരിച്ചു കൊണ്ട് പിന്നെയും ഓടുകയും ഒച്ചയുണ്ടാക്കുകയും ചെയ്തു.
അടുത്തത് പിറകിലേക്ക് വിളിച്ചു കൊണ്ടുപോയി ശാസന ആയിരുന്നെങ്കിലും എന്നിട്ടും കുട്ടികൾ പഴയപോലെ...

പകലത്തെ ജോലിയുടെയും നോമ്പിന്റെയും തളർച്ച വകവെക്കാതെ പാതിരാത്രിയിൽ ഉറക്കമൊഴിഞ്ഞ് നമസ്കരിക്കുവരുടെ ഏകാഗ്രത തകർക്കുന്ന ഈ അലോസരത്തോടുള്ള അസഹ്യതയിൽ  അടുത്ത സലാം വീട്ടി കഴിഞ്ഞ ഉടനെ ചില മുതിർന്നവർ    എഴുന്നേറ്റ് ക്ഷോഭത്തോടെ  കുട്ടികളെ വഴക്കു പറഞ്ഞു  പുറത്താക്കാൻ നോക്കി.  തലകുനിച്ചു കൊണ്ടു  കുട്ടികൾ പുറത്തേക്ക് പോകുന്നത് കണ്ട സാത്വികനായ
ഇമാം  ശാന്തനായി എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു.

"അല്ലാഹുവിന്റെ പ്രവാചകൻ നമസ്കരിക്കുമ്പോൾ പേരക്കുട്ടികൾ രണ്ടുപേരും ദേഹത്തു കയറി കളിക്കുമായിരുന്നു. സുജൂദിലാവുന്ന സമയത്തു മുതുകിൽ കയറി ഇരിക്കുന്ന പേരക്കുട്ടി താഴെ  ഇറങ്ങുന്നത് വരെ പ്രവാചകൻ അനങ്ങാതെ സുജൂദിൽ തന്നെ  കിടക്കുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് നമുക്ക് കുട്ടികളുടെ ഈ വികൃതികളൊക്കെ അസഹ്യമായി തോന്നുന്നത്. അവരിവിടെ കളിച്ചു കൊള്ളട്ടെ. കാരുണ്യവാനായ അല്ലാഹുവിനു മുന്നിലാണ് നാം പ്രാർത്ഥിക്കുന്നതും അഹങ്കാരം വെടിഞ്ഞു സുജൂദ് ചെയ്യുന്നതും"

ഒരു തണുത്ത കാറ്റ് അപ്പോൾ   മരുഭൂമിയിലെ പള്ളിയെ വലം വെച്ചു കടന്നുപോയി.

സഹതാപമല്ല പരിഗണനയാണ് വേണ്ടത്


'വിജയത്തിന്റെ പടികൾ ചവിട്ടിക്കയറുക'   മലയാളത്തിലെ ഒരു ആലങ്കാരിക പ്രയോഗം ആണിത്. ജീവിതത്തിന്റെ ഉയരങ്ങളിലെത്തിയവരെ വിശേഷിപ്പിക്കാൻ നമുക്കിങ്ങനെ ഒരു പ്രയോഗം തന്നെയുണ്ടെങ്കിലും പടിക്കെട്ടുകൾ കാരണം തോറ്റു പോകുന്ന ഒരുപാട് ജീവിതങ്ങളെ കുറിച്ച് നാം ഒരിക്കലും  ഓർക്കാറില്ല.

ജന്മനാ, അല്ലെങ്കിൽ എന്തെങ്കിലും രോഗം ബാധിച്ച് അതല്ലെങ്കിൽ അപകടമോ വാർദ്ധക്യമോ മൂലം ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോയ ഒരുപാട് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഈ ഒരു അവസ്ഥയിൽ ആകുന്നതോടെ ഉപയോഗശൂന്യമായ ഒരു വസ്തു എന്നപോലെ ഇങ്ങനെയുള്ളവരെ നാം ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അറിഞ്ഞോ അറിയാതെയോ മാറ്റി നിർത്തുകയാണ്. ഈ അവസ്ഥയിൽ ഉള്ളവർക്ക് ലഭിക്കുന്ന ഏതൊരു സന്തോഷവും മറ്റുള്ളവരുടെ ഔദാര്യമോ നന്മയോ മാത്രമായി മാറുകയും ആരോഗ്യമുള്ള മറ്റു മനുഷ്യരെപ്പോലെ അഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള അവകാശം ഇവർക്കും ഉണ്ട് എന്നത് നാം സൗകര്യപൂർവ്വം മറന്നു കളയുകയും ചെയ്യുന്നു!

ഭിന്നശേഷിക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുവാൻ ഉപകാരപ്രദമായ ധാരാളം നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഒക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടെങ്കിലും 'ഏട്ടിലെ പശു പുല്ലു തിന്നില്ല' എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ ഏറെയും. ഇതൊക്കെ നടപ്പിലാക്കേണ്ടവർക്ക് പോലും ഇക്കാര്യത്തിൽ വേണ്ട ധാരണയോ ഇതൊക്കെ പാലിക്കപ്പെടണം എന്ന ആത്മാർത്ഥമായ വിചാരമോ ഇല്ലാത്തത് കാരണവും, ഇതൊക്കെയും ഉത്തരവാദപ്പെട്ടവരെ നിരന്തരമായി ഓർമ്മിപ്പിക്കാനും അവകാശങ്ങൾ ചോദിച്ചു വാങ്ങാനും ഇവർക്കുള്ള പരിമിതികൾ മൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട് തങ്ങൾ ഒന്നിനും കൊള്ളാത്ത ജന്മങ്ങൾ ആണെന്ന ആത്മനിന്ദയോടെ ജീവിതം  തള്ളി നീക്കുകയാണ് ഈ അവസ്ഥയിൽ ആയിപ്പോയവരിൽ ബഹുഭൂരിപക്ഷവും.

സർക്കാർ ഓഫീസുകളും,   നിശ്ചിത അളവിനു മേൽ ഉള്ള സ്വകാര്യ  കെട്ടിടങ്ങൾ ആയാലും അവിടെ വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് സുഗമമായി കയറിച്ചെല്ലാൻ റാമ്പ് സൗകര്യം നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് ഇവിടെ നിയമം ഉണ്ട്. അതല്ലെങ്കിൽ കെട്ടിടത്തിന് ലൈസൻസ് പോലും അനുവദിക്കാൻ പറ്റില്ല.  ഈ നിയമം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നത് നമുക്ക് ചുറ്റും കണ്ണോടിച്ചാൽ തന്നെ അറിയാൻ പറ്റും. രണ്ടു വർഷങ്ങൾക്ക് മുമ്പ് green palliative എന്ന സംഘടന വീൽ ചെയർ ഫ്രൻഡ്ലി സ്റ്റേറ്റ്  ക്യാമ്പയിന് തുടക്കം കുറിച്ച സമയത്ത് ഇതുമായി ബന്ധപ്പെട്ട ഒരു റാലിയുടെ സമാപന ചടങ്ങിലേക്ക് അന്നത്തെ മലപ്പുറം കളക്ടറെ ക്ഷണിക്കാൻ വേണ്ടി കലക്ടറേറ്റിൽ എത്തിയപ്പോഴാണ് എത്രയോ കാലം പഴക്കമുള്ള, പലവിധ ആവശ്യങ്ങൾക്കായി നിത്യേന ഒരുപാട് പേർ വീൽചെയറിൽ എത്തുന്ന മലപ്പുറം കളക്ട്രേറ്റിൽ പോലും റാമ്പ് സൗകര്യം ഇല്ല എന്നത് അന്നത്തെ കലക്ടർ ഭാസ്കരൻ സാറിന്റെ ശ്രദ്ധയിൽ പെടുന്നത്. മനുഷ്യസ്നേഹിയായ ആ ഉദ്യോഗസ്ഥൻ ഉടനെ തന്നെ അവിടെ റാമ്പ് നിർമ്മിക്കാൻ ആളെ ചുമതലപ്പെടുത്തുകയും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും റാമ്പുകൾ നിർമ്മിക്കാനും മുകൾ നിലയിലുള്ള സർക്കാർ ഓഫീസുകളിൽ എന്തെങ്കിലും ആവശ്യത്തിനു വേണ്ടി വീൽചെയറിൽ കഴിയുന്ന ആരെങ്കിലും വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ താഴെ ഇറങ്ങി വന്നു കക്ഷിയെ കണ്ട് വേണ്ടത് ചെയ്തു കൊടുക്കണം എന്ന്‌ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇന്ന് മലപ്പുറം കോട്ടക്കുന്ന് പാർക്ക് അടക്കം വീൽചെയർ ഫ്രൻഡ്ലി ആയി മാറിയത് അദ്ദേഹത്തിന്റെ ഉത്സാഹം മൂലം ആണ് എന്നതും സാന്ദർഭികമായി ഓർമ്മിക്കട്ടെ. അതുപോലെയാണ് ഇപ്പോൾ KSRTC ലോ ഫ്ലോർ ബസ്സുകളിൽ വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്ക് യാത്ര ചെയ്യാൻ ഏർപ്പെടുത്തിയ സൗകര്യം. അന്നത്തെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഗ്രീൻ പാലിയേറ്റിവ് നൽകിയ നിവേദന ഫലമായി സർക്കാർ അതിനു വേണ്ട ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പറഞ്ഞു വരുന്നത് ഇടപെടാനും ബോധ്യപ്പെടുത്താനും ആളുണ്ടെങ്കിൽ സർക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ന്യായമായ അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ സാധിക്കും എന്നതാണ്. പക്ഷെ ശരീരം തളർന്നു വീൽ ചെയറിൽ ആയിപ്പോയ സഹജീവികളോട് പൊതു സമൂഹത്തിന്റെയും പലപ്പോഴും വീട്ടുകാരുടെയും സ്വന്തക്കാരുടെയും ഒക്കെ നിലപാട് എന്താണ് എന്നത് ആരോയുമ്പോഴാണ് വല്ലാതെ നിരാശ തോന്നുക.

ഏതൊരു രക്ഷിതാക്കൾക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് ഒരുപാട്  സ്വപ്നങ്ങളും സങ്കല്പങ്ങളും ഉണ്ടാകും. കളിയും ചിരിയും കുസൃതികളുമായി വളരുന്ന ഓമനപൈതലിന്റെ ചിത്രമായിരിക്കും എപ്പോഴും ഉള്ളിൽ. പക്ഷെ പിറന്നു വീഴുന്നത് ശാരീരികമായോ ബുദ്ധിപരമായോ വെല്ലുവിളി നേരിടുന്ന  ഒരു കുഞ്ഞാണെങ്കിൽ അന്ന് മുതൽ ആ മാതാപിതാക്കളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എന്നെന്നേക്കുമായി അസ്തമിക്കുകയാണ്.

പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആ കുഞ്ഞിനുവേണ്ടി അവരുടെ ജീവിതം ഉഴിഞ്ഞു വെക്കുന്നു. ചിലപ്പോഴെങ്കിലും ഇങ്ങനെ ഒരു കുഞ്ഞു പിറന്നതിന്റെ 'കുറ്റം' മതാവിൽ ചാരി ഇട്ടേച്ചു പോകുന്ന പിതാക്കൾ ഉണ്ട്. അതുപോലെ കുടുംബം പുലർത്താൻ പിതാവ് വിദേശത്തു ജോലി ചെയ്യുക ആണെങ്കിലും വീടിന്റെ ചുമതലയോടൊപ്പം ഈ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതല മതാവിൽ മാത്രം അർപ്പിതമാവുകയാണ്. മറ്റു കുഞ്ഞുങ്ങളെക്കാളും സ്നേഹത്തോടെയും കരുതലോടെയും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ മാതാവിന് യാതൊരു മടിയും ഉണ്ടാവാറില്ല. എന്നാൽ കൂട്ടു കുടുംബത്തിൽ പോലും പലപ്പോഴും ഇങ്ങനെയുള്ള കുട്ടികളുടെ കാര്യത്തിൽ അടുത്ത ബന്ധുക്കളുടെ പോലും സഹകരണം ഉണ്ടാവാറില്ല. എന്നാൽ കുട്ടികളുടെ ഭാഗത്തു നിന്നും അനിഷ്ടകാരമായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ-പ്രത്യേകിച്ചും ബുദ്ധിമാന്ദ്യമോ ഓട്ടിസമോ ഉള്ള മക്കളിൽ നിന്ന്- വളരെ കർശനമായും ക്രൂരമായും ഇടപെടുന്ന വീട്ടുകാർ പോലും ഉണ്ട്. സഹതാപമോ പരിഹാസമോ നിറഞ്ഞ ചോദ്യങ്ങളും നോട്ടങ്ങളും നേരിടാനുള്ള മടികൊണ്ട് ബന്ധുവീടുകളിലെ വിശേഷങ്ങളിൽ പോലും ഇങ്ങനെ ഉള്ള കുട്ടികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾക്ക് മടിയാണ്.

ശരിയായ ചികിത്സ ലഭിച്ചാൽ വളരെ മാറ്റം ഉണ്ടാകുന്ന അവസ്ഥയിൽ ഉള്ള കുട്ടികളുടെ കാര്യത്തിൽ പോലും ബന്ധുക്കളുടെയും അയൽവാസികളുടെയും തെറ്റായ ഉപദേശങ്ങൾ കൊണ്ട് ഫലപ്രാപ്തി ഇല്ലാത്ത ചികിത്സകൾക്കും മന്ത്രവാദങ്ങൾക്കും ഒക്കെ പോയി കൂടുതൽ വഷളായ അവസ്ഥകളിൽ എത്തുന്നവർ ഉണ്ട്. ഇങ്ങനെ ഉള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങളും പരിചരണങ്ങളും ലഭിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളിൽ കുഞ്ഞുങ്ങളെ വിടാൻ  നിത്യവും പോകേണ്ടി വരുന്ന ഉമ്മമാർ  പലപ്പോഴും നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ കുറ്റപ്പെടുത്താലും ബന്ധുക്കളുടെ ഉപദേശവും കൊണ്ടു മാനസികമായി തകർന്നു പോകാറുണ്ട്. ഈ കുട്ടികൾ വളർന്നു വരുംതോറും മാതാപിതാക്കളുടെ ഉള്ളിൽ ആധി പെരുകുകയാണ്. തങ്ങളുടെ കാലശേഷം ഈ മക്കളെ ആരു തിരിഞ്ഞു നോക്കും എന്ന ചിന്ത, പെൺകുട്ടികൾ ആണെങ്കിൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുമോ എന്ന പേടി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ജനിച്ച ഓരോ മാതാപിതാക്കളും നമ്മുടെ സമൂഹത്തിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ ചെറിയൊരു അംശം മാത്രമാണ് ഈ എഴുതിയത്.

ബുദ്ധിയും തിരിച്ചറിവും ചിന്തയും എല്ലാം ഉണ്ടായിട്ടും ശരീരം തളർന്നു ചലനശേഷി നഷ്ടപ്പെട്ടതിനാൽ  സമൂഹത്തിന്റെ അവഗണന അനുഭവിക്കേണ്ടി വരികയാണ് ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിപ്പോയവർ.  ജന്മനാ അല്ലെങ്കിൽ കുഞ്ഞുന്നാളിലെ രോഗം വന്ന് ഈ അവസ്ഥയിൽ ആയിപ്പോയവരെ ഉപയോഗശൂന്യമായ ഒരു വസ്തു എന്ന നിലയിൽ ആണ് നമ്മുടെ സമൂഹം പൊതുവെ കാണുന്നത്. അങ്ങനെയുള്ള വ്യക്തികളെ അടുത്തറിയാനോ അവരുടെ കഴിവുകളെയും ചിന്തകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ചു മനസ്സിലാക്കാനോ ആരും ശ്രമിക്കാറില്ല. എന്തിന് വീട്ടിൽ വിരുന്നു വരുന്നവർ പോലും ഇങ്ങനെ കിടപ്പിലായിപ്പോയവരെ പലപ്പോഴും കാണാനോ ശ്രദ്ധിക്കാനോ മെനക്കെടാറില്ല. പോളിയോ ബാധിച്ച താൻ വീട്ടു വരാന്തയിൽ ഇരിക്കുന്നതിനാൽ സഹോദരങ്ങൾക്ക് വന്ന വിവാഹാന്വേഷണങ്ങൾ ഒക്കെ മുടങ്ങിപ്പോയതിനെ കുറിച്ചും, അങ്ങനെ വീട്ടിലേക്ക് ആരെങ്കിലും വരുമ്പോൾ അകമുറിയിൽ ഒളിച്ചിരുന്നതിനെ കുറിച്ചും പെരുവണ്ണാമൂഴിയിലെ ജോൺസനെ കുറിച്ചുള്ള ജീവിതക്കുറിപ്പിൽ കാണാം. ഈ അനുഭവം ഒട്ടേറെപ്പേർക്ക് ഉള്ളതാണ്.  തങ്ങളുടേതല്ലാത്ത കുറ്റത്തിന് ക്രൂരമായി ശിക്ഷിച്ചു രസിക്കുന്ന സമൂഹമാണ് പലപ്പോഴും ശരീരം തളർന്നു പോയവരെ മാനസികമായും തളർത്തുന്നത്.

ശരീരം കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ എളുപ്പം കഴിയില്ലെങ്കിലും മനസ്സ് കൊണ്ട് ഒരുപാട് ഉയരങ്ങളിൽ ചിന്തിക്കുന്ന, ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകളാണ് വീൽചെയറിൽ കഴിയുന്നവരിൽ ഏറെയും. പഠിക്കാനും തൊഴിൽ പരിശീലനത്തിനും സർഗ്ഗപരമായ കഴിവുകളെ വളർത്താനും വേണ്ട സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ചെയ്തു കൊടുത്താൽ സാധാരണ ആളുകളെക്കാളും മികച്ച രീതിയിൽ ഈ രംഗങ്ങളിൽ ശ്രദ്ധേയരാവൻ ഇവർക്ക് പറ്റും. അങ്ങനെ അവരിൽ ആത്മവിശ്വാസം വളർത്താനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിക്കും. ശരീരം തളർന്നു പോയവർക്ക് വേണ്ട മികച്ച പരിചരണ രീതികളും ചികിത്സയും അവർക്ക് ചെയ്യാൻ  കഴിയുന്ന തൊഴിലുകളുടെയും കാര്യത്തിൽ വിദേശ രാജ്യങ്ങളൊക്കെ ഏറെ മുന്നേറി കഴിഞ്ഞെങ്കിലും നാമിപ്പോഴും പിറകിൽ ആയിപ്പോകാൻ ഉള്ള കാരണം നമ്മുടെ സമൂഹത്തിന്റെ മനോഭാവവും അധികാര കേന്ദ്രങ്ങൾക്ക് ഈ കാര്യത്തിൽ ഉള്ള അലസതയും ആണ്. സർക്കാർ ആയാലും പൊതുസമൂഹം ആയാലും സഹതാപത്തോടെ ചുരുട്ടി വെച്ചു കൊടുക്കുന്ന ഏതാനും നോട്ടുകൾ കൊണ്ട് നമ്മുടെ കടമ തീർന്നു എന്നതാണ് പൊതുധാരണ. സത്യത്തിൽ അതിലൂടെ ഈ അവസ്ഥയിൽ ആയിപ്പോയവരെ മടിയന്മാരും കർമ്മവിമുഖരും ആക്കി തീർക്കുക കൂടിയാണ് നാം പലപ്പോഴും ചെയ്യുന്നത്. സാമ്പത്തിക സഹായം നൽകേണ്ടത് അലസരായി ജീവിക്കുവാൻ വേണ്ടിയവരുത്.  അവർക്ക് വേണ്ട ഉപജീവന മാർഗ്ഗം ഒരുക്കുവാൻ വേണ്ടി ആവണം. 

മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിക്കാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അവരുടെ കൂടി ആത്മാഭിമാനം ഇല്ലാതാക്കുന്ന രീതിയിൽ ആണ് പലപ്പോഴും സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഇടപെടലുകൾ.

നമ്മുടെ ആരാധനാലയങ്ങളും വായനാശാലകളും ലൈബ്രറികളും വിനോദ കേന്ദ്രങ്ങളും  പൊതുവാഹനങ്ങളും  വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒക്കെ ഇവർക്ക് കൂടി യഥേഷ്ടം എത്തിച്ചേരാൻ സൗകര്യപ്പെടുന്ന വിധത്തിൽ ആയിത്തീരണം. ജീവിതം തന്നെ മടുത്തു ഒറ്റപ്പെട്ടു പോകുന്നവർക്ക് മാനസികമായി ലഭിക്കുന്ന വലിയൊരു തുറവാകും അത്.  കോടികൾ ചെലവഴിച്ചു നാം നിർമ്മിക്കുന്ന പള്ളികൾ നമസ്കാരം കഴിഞ്ഞു തിരക്കിട്ടോടുന്നവരെ കൊണ്ടു നിറയുമ്പോൾ ഏറെ നേരം ഈ പള്ളികൾക്കകത്ത് ഇരിക്കാൻ കൊതിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴും പള്ളികളുടെ പടിക്കെട്ടുകൾ തടസ്സമായതിനാൽ പുറത്താണ്. കമനീയമായി നിർമ്മിച്ച അല്ലാഹുവിന്റെ ഭവനങ്ങൾ ദൂരെ നിന്നും  കണ്ടു നെടുവീർപ്പിടാൻ മാത്രം വിധിക്കപ്പെട്ടവർ. അവരിൽ പലരും ഒരു കാലത്ത് നമ്മെപ്പോലെ ഓടിച്ചാടി പള്ളികളിൽ വന്നവരാണ്. ഓരോ വക്ത്തിലും ഉത്സാഹത്തോടെ മുൻ നിരയിൽ നിവർന്ന് നിന്ന് നമസ്കരിച്ചവർ ആണ്. അപകടമോ രോഗമോ മൂലം ശരീരം തളർന്നു പോയതിനാൽ അല്ലാഹുവിന്റെ ഭവനം പോലും അവർക്ക് നിഷേധിക്കപ്പെട്ടു പോവുക എന്നത് എത്ര വേദനാജനകമാണ്. മഹല്ല് കമ്മറ്റികളിലും പള്ളി പരിപാലനത്തിലും അഭിപ്രായങ്ങളും ചിന്തകളും പങ്കുവെക്കാൻ അവർക്കും അവസരം നൽകേണ്ടതില്ലേ. വീൽ ചെയറിൽ ഇരുന്നു കൊണ്ടു അവർക്ക് ചെയ്യാവുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അവർക്കും സാധിക്കും.

വീൽചെയറിൽ ആയിപ്പോകുന്ന പുരുഷന്മാർ അനുഭവിക്കുന്നതിലും ഒറ്റപ്പെടലും വേദനയുമാണ് ശരീരം തളർന്നു പോയ സ്ത്രീകൾ അനുഭവിക്കുന്നത്. ഒരു പുരുഷന് കിട്ടുന്ന പരിഗണനയോ പരിചരണമോ ഒരു സ്ത്രീക്ക് പലപ്പോഴും സ്വന്തം വീട്ടിൽ നിന്ന് പോലും ലഭിക്കുന്നില്ല. പുതിയ കാലത്ത്, കിടപ്പിലായവരും വീൽചെയറിൽ ആയിപ്പോയവരും ആയ വ്യക്തികൾക്ക് മൊബൈൽ ഫോൺ വലിയൊരു ആശ്വാസമാണ്. കൂട്ടായ്മകൾ ഉണ്ടാക്കുവാനും വിളിച്ചും മെസേജിലൂടെയും ബന്ധപ്പെടാനും പല കാര്യങ്ങളും ചെയ്യുവാനും അവർക്ക് അവസരമുണ്ട്. എന്നാൽ ഇതിനൊക്കെ സ്ത്രീകൾക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. വിവാഹിതനായ ഒരു പുരുഷൻ അപകടത്തിൽ പെട്ട് ശരീരം തളർന്നു കിടപ്പിലായാൽ അയാളെ മരണം വരെ ശുശ്രൂഷിച്ചു കൂടെ നിൽക്കാൻ പ്രിയതമയുണ്ടാകും. എന്നാൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഈ അവസ്‌ഥ വന്നാൽ ഇങ്ങനെ ആവണം എന്നില്ല. എത്രയും പെട്ടെന്ന് ഭർത്താവ് വേറെ വിവാഹം കഴിക്കുകയും ഇത്ര കാലം കൂടെ നിന്ന ഭാര്യയെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലേക്ക് ഇട്ടെറിഞ്ഞു പോകുന്നവരും ഉണ്ട്. ഒരു രോഗം വന്നാലോ മറ്റെന്തെങ്കിലും അവശ്യത്തിനോ ഈ അവസ്ഥയിൽ ഉള്ള ഒരു പുരുഷനെ പോലെ എളുപ്പമല്ല സ്ത്രീക്ക് പുറത്തു പോവാൻ. ആരോടും പറയാതെ ഉള്ളിലൊതുക്കിയ സങ്കടങ്ങളുടെ അഗ്നിപർവ്വതങ്ങൾ ആണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീകളുടെ ഉള്ള്. ആശുപതി അകങ്ങൾ പോലും റാമ്പിന് അപ്പുറം വീൽ ചെയറിൽ ആയിപ്പോയവർക്ക് ഒട്ടും സൗകര്യപ്രദമല്ലാത്ത രീതിയിൽ നിർമ്മിച്ച നമ്മുടെ നാട്ടിൽ ആരാണ് ഇതേ കുറിച്ചൊക്കെ ചിന്തിക്കുന്നത്.

വിധി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് നമുക്കിതൊക്കെ സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിക്കാം. വാഹനാപകടങ്ങൾ നിത്യ സംഭവം ആകുന്ന ഈ കാലത്ത് ഈ അവസ്ഥയൊക്കെ ആർക്കും എപ്പോൾ വേണമെങ്കിലും ആവാം എന്നു നാം ഓർക്കാറില്ല. തിരക്ക് പിടിച്ചോടുന്ന നമ്മുടെ ലോകത്ത് പാതിവഴിയിൽ വീണുപോയവരെ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ലല്ലോ.

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു എന്നത് കൊണ്ട് ഒരാളും ഒന്നിനും കൊള്ളാതാവുന്നില്ല. സ്റ്റീഫൻ ഹോക്കിങ്‌സ് മുതൽ ഇങ്ങു നമ്മുടെ തൊട്ടടുത്തു ജീവിക്കുന്ന റഈസും മാരിയത്തും ജെസ്‌ഫറും അടക്കമുള്ള ഒരുപാട് മനുഷ്യർ തങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷവും സമൂഹത്തിനു വേണ്ടി കർമ്മോന്മുഖമായി തീർക്കുന്നത് നമുക്ക് അറിയാം. നാം തിരിച്ചറിയേണ്ട ഒന്നുണ്ട്. ചലനശേഷി നഷ്ടപ്പെട്ടവർക്കായാലും ഭിന്നശേഷിക്കാർക്കായാലും വേണ്ടത് നമ്മുടെ  സഹതാപമോ ഔദാര്യമോ അല്ല. സാധാരണ മനുഷ്യർ എന്ന നിലയിൽ ഉള്ള പരിഗണനയാണ്. അവരെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നത് നമ്മുടെ ബാധ്യത മാത്രമാണ്. ചേർത്തു പിടിക്കാനും കൈ പിടിച്ചു നടത്താനും ഉള്ളൊരു മനസ്സുണ്ടായാൽ അവകാശപ്പോരാട്ടങ്ങളിൽ  അവരോടൊപ്പം നിൽക്കാനുള്ളൊരു ഹൃദയം ഉണ്ടായാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കും. സാധിക്കണം അത് ഓരോ മനുഷ്യന്റെയും കടമയാണ്. പ്രത്യേകിച്ചും വിശ്വാസികളുടെ.
_________________
(മഅദിൻ പ്രസിദ്ധീകരണമായ 'ഉറവ' മാസികയ്ക്ക് വേണ്ടി എഴുതിയത്)

കണ്ണീർ മധുരം

ക്ളീനിംഗ് ജോലി കഴിഞ്ഞ് എന്നത്തേയും പോലെ ആശുപത്രിയുടെ സർവ്വ ദുർഗന്ധവും പേറുന്ന ശരീരവുമായി  ക്ഷീണിച്ചും ധൃതിപിടിച്ചും  വീട്ടിലേക്കുള്ള ഓട്ടത്തിനിടയിൽ,   മക്കൾക്കിഷ്ടപ്പെട്ട മിട്ടായികൾക്കൊപ്പം വാങ്ങിയ 5star ചോക്ലേറ്റ് മാത്രം
വല്ലാത്തൊരു ഓമനത്തത്തോടെ   ബാഗിലേക്ക്  മാറ്റി വെക്കുമ്പോൾ അവൾ പറഞ്ഞു.
"ഇത് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കാണ്"
മരിച്ചുപോയ ഭർത്താവിനെ കുറിച്ചു നല്ലതൊന്നും പറയാനില്ലാത്ത അവൾക്ക് എങ്ങനെയാണ് ഈ  മിട്ടായി  അയാളുടെ ഓർമ്മയാകുന്നത് എന്ന് അമ്പരന്നു.

പതിനാറാം വയസ്സിൽ, കെട്ടിക്കൊണ്ടുവന്ന അന്ന് രാത്രി  പോലും മൂക്കറ്റം കുടിച്ചു വന്ന മനുഷ്യൻ. വീട്ടുകാർ തന്ന സ്വർണ്ണമൊക്കെ വിറ്റു തുലച്ചും ആവശ്യമില്ലാതെ വഴക്കിട്ടും തല്ലിച്ചതച്ചും....
എട്ടു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അയാൾ വിഷം കഴിച്ചു മരിച്ചപ്പോൾ ഒരു തുള്ളി കണ്ണീര് പോലും വരാതെ  ആശ്വാസത്തിന്റെ നെടുവീർപ്പിട്ടവൾ.
രണ്ടു മക്കളെ പോറ്റാൻ വേണ്ടി ഇപ്പോഴും പെടാപ്പാട് പെടുന്ന അവൾ, അയാളുണ്ടായിരുന്നെങ്കിലെന്ന്  ഒരിക്കൽപോലും ഖേദിക്കുന്നത് കേട്ടിട്ടില്ല.

'തല്ലും വഴക്കും കഴിഞ്ഞു ബോധംകെട്ടുറങ്ങുന്ന രാവുകൾക്കൊടുവിൽ പേടിച്ചു വിറച്ചും കരഞ്ഞും നേരം പുലരാൻ വേണ്ടി  കാത്തിരുന്ന നാളുകൾ....
...രാവിലെ കഴിയുന്നതും കണ്ണിൻ മുന്നിൽ പെടാതെ ഭയന്നു മാറി അടുക്കളയിലോ പറമ്പിലോ ചൂളി നിൽക്കുമ്പോൾ കുനിഞ്ഞ മുഖത്തോടെ ചിലപ്പോൾ അടുത്തേക്ക് വരും....   പോക്കറ്റിൽ നിന്നും ഇതുപോലെ ഒരു 5 star  എടുത്തു കയ്യിൽ തരും. കുറ്റബോധമോ പശ്ചാത്താപമോ  ഒക്കെയായിരിക്കും അപ്പോൾ ആ കണ്ണുകളിൽ.  പതറിച്ചയോടെ മുഖത്തു നോക്കാതെ മെല്ലെ  പറയും..... "നിനക്ക് വേണ്ടി വാങ്ങി വെച്ചതായിരുന്നു... രാത്രിയിൽ തരാൻ മറന്നു ....കഴിച്ചോളൂ"...
എന്നിട്ട് മുഖം തരാതെ മെല്ലെ ഇറങ്ങിപ്പോകും'

'സ്നേഹമോ വാത്സല്യമോ കരുതലോ എന്തൊക്കെയോ ഞാൻ   അപൂർവ്വമായി മാത്രം അനുഭവിച്ച ചില നിമിഷങ്ങളുടെ ഓർമ്മയാണിത്'

പ്രണയം അക്രമാസക്തമാകുന്ന കാലം

കുറച്ചുനാൾ മുമ്പ് സുഹൃത്തിന്റെ  ബന്ധുവായ പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ഒരു കല്യാണവീട്ടിൽ വെച്ച് ഡിഗ്രിക്കാരനായ ഒരു പയ്യൻ കാണുന്നു. കുറേനേരം അവളുടെ പിറകെ ചുറ്റിത്തിരിഞ്ഞ ചെറുപ്പക്കാരൻ അവളെ ഒറ്റക്ക് കിട്ടിയപ്പോൾ  നടത്തിയ അറ്റാക്ക് ഇങ്ങനെ.
"ഡീ..നിന്നെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. നിന്നെ എനിക്ക് കല്യാണം കഴിക്കണം. എന്താ  അഭിപ്രായം?"
ഇത് കേട്ട് പരിഭ്രമിച്ചു പോയ പെൺകുട്ടി  അവന്റെ കണ്ണിൽ പെടാതെ അവിടെ നിന്ന് വീട്ടിലേക്ക് മുങ്ങി.
സംഗതി അവിടം കൊണ്ടവസാനിച്ചില്ല. പിറ്റേദിവസം സ്‌കൂൾ വിട്ട് ബസ്സ് കാത്തു നിൽക്കുമ്പോൾ സിനിമയിലെ വില്ലനെപ്പോലെ പയ്യൻ അവൾക്ക് മുന്നിൽ.
"എന്താടീ മറുപടി പറയാതെ പോന്നാൽ ഞാൻ നിന്നെ കണ്ടെത്തില്ല എന്ന് കരുതിയോ"
പേടിച്ചും പരിഭ്രമിച്ചും ആകെ തകർന്നുപോയ പെൺകുട്ടി കരഞ്ഞു കൊണ്ട് വീട്ടിലെത്തി കാര്യം പറഞ്ഞു. എന്തായാലും വീട്ടുകാർ സംഗതി 'വേണ്ട രീതിയിൽ കൈകാര്യം' ചെയ്തതോടെ ആ ശല്യം അവിടെ അവസാനിച്ചു.

കൊച്ചിയിൽ മരണപ്പെട്ട മിഷേലിന്റെ പിന്നാലെ നിരന്തരമായി  ശല്യം ചെയ്തു നടന്ന  ചെറുപ്പക്കാരനെ കുറിച്ച് വായിക്കുമ്പോൾ  ഇതാണ്  ഓർമ്മ വന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് തലശ്ശേരിയിൽ ഒരു വിദ്യാർത്ഥിനി  പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ കൊലക്കത്തിയ്ക്ക് ഇരയായത്.  കുത്തുകൊണ്ട്‌ വീട്ടിലേക്കോടിയ ആ മോളെ വീടിന്റെ ഗേറ്റ് തുറക്കാൻ കഴിയും മുമ്പേ വീണ്ടും വീണ്ടും കുത്തിവീഴ്ത്തി മരിച്ചു എന്നുറപ്പാക്കിയിട്ടെ   ക്രൂരനായ ആ കൊലയാളി പിന്തിരിഞ്ഞുള്ളൂ.

വല്ലാത്ത ഒരു നടുക്കത്തോടെയാണ് നാം ഈ വാർത്തകളൊക്കെ വായിക്കേണ്ടി വരുന്നത്. ഒരു പെണ്ണിനോട് ഇഷ്ടമോ പ്രണയമോ തോന്നുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ അവൾക്ക് തിരിച്ചങ്ങോട്ട് അങ്ങനെ ഒരു താത്പര്യമില്ലെങ്കിൽ പിറകെ നടന്നു ദ്രോഹിക്കാനും, കൊല ചെയ്യാൻ പോലും മടി തോന്നാതിരിക്കുകയും ചെയ്യുന്ന മാനസിക നിലയെ എന്ത് പേരിട്ടാണ് വിളിക്കുക. പഠിപ്പും വിവരവും ഉള്ളവർ എന്ന് നാം കരുതുന്ന ഒരു തലമുറയുടെ മനോഭാവം ഇങ്ങനെയൊക്കെ ആയി മാറുന്നു എന്നത്  വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

കാണാൻ അല്പം സൗന്ദര്യമുള്ള, ഇത്തിരി എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനങ്ങളും  ഒക്കെയുള്ള കലാ-കായിക രംഗത്തൊക്കെ സജീവമായ പെൺകുട്ടികളെ കാണുമ്പോഴാണ് പലർക്കും അവളെയങ്ങ് കല്യാണം കഴിച്ചു കളയാം എന്ന  പൂതി തുടങ്ങുന്നത്. ഒരുപാടാളുകൾ കൊതിക്കുന്ന ഒന്ന് തന്റെ മാത്രം  സ്വന്തമാക്കുന്നതിന്റെ ഹരം മാത്രമാണ്   ഇതിനുള്ള പ്രേരണ. നേരിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലും ഫോൺ/വാട്സ് ആപ്പ്  നമ്പർ സംഘടിപ്പിച്ചോ fb മെസേജ് വഴിയോ ഇവരീ മുഹബ്ബത്തിന്റെ അടപ്പ് തുറക്കുന്നത് ആദ്യമൊക്കെ വളരെ മാന്യമായ രീതിയിൽ ആയിരിക്കും. സൗന്ദര്യത്തെ, എഴുത്തിനെ, കഴിവിനെ ഒക്കെ വാനോളം പുകഴ്ത്തിയുള്ള ഇടപെടലുകൾ എത്തിച്ചേരുക  ഞാൻ ജീവിതസഖിയായി തേടിക്കൊണ്ടിരിക്കുന്ന പെൺകുട്ടി നീയാണ് എന്ന മട്ടിലാണ്.

പെൺകുട്ടി ഇത് നിരാകരിക്കുന്നതോടെ  സമ്മർദതന്ത്രം തുടങ്ങുന്നു. തന്റെ യോഗ്യതകൾ, കുടുംബമഹിമ, സാമ്പത്തികശേഷി തുടങ്ങിയ പ്രോലോഭനങ്ങൾ ആണ് പിന്നെ.  വീട്ടുകാരെ കല്യാണ ആലോചനക്ക് പറഞ്ഞയക്കുന്ന ഭീകരന്മാർ വരെ ഉണ്ട്. മറ്റു ചിലരാണെങ്കിൽ തന്റെ ഇല്ലായ്മയോ ദുഖമോ ഒറ്റപ്പെടലോ അങ്ങനെ കുറെ സെന്റി ഇറക്കിയാണ് പ്രണായാഭ്യർഥന ഉറപ്പിക്കുക.  നീയില്ലെങ്കിൽ ചത്തുകളയും എന്ന് പറയാനും ഇവർ മടിക്കില്ല. ഒരു വിധത്തിലും തങ്ങൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കില്ല  എന്ന് ഉറപ്പാകുന്നതോടെ പിന്നെ പകയും പ്രതികാരവുമായി സീൻ മാറുന്നു. പാലേ തേനെ എന്ന് വിളിച്ചവൻ തെറി വിളിക്കാൻ തുടങ്ങുക മാത്രമല്ല തഞ്ചം കിട്ടിയാൽ അപവാദം പ്രചരിപ്പിക്കാനും മടിക്കില്ല.

കേരളത്തിൽ അത്ര വ്യാപകം അല്ലെങ്കിലും ആസിഡ് ഒഴിച്ച് പ്രണയം നിരസിച്ച പെണ്ണിന്റെ  മുഖവും ജീവിതവും  വികൃതമാക്കുന്നവരുടെ   അതേ മനസ്ഥിതി ഉള്ളവർ തന്നെയാണ് ഇതും.  ഇക്കൂട്ടരുടെ വലിയൊരു താവളമാണ് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ. അത്യാവശ്യം എഴുത്തും ചിന്തയും  സാമൂഹ്യപ്രവർത്തനങ്ങളും ഇടപെടലുകളും  ഒക്കെയുള്ള പെൺകുട്ടികൾക്ക്  ഫേസ്‌ബുക്കിൽ ഇമ്മാതിരി വിവാഹ മോഹികളുടെ മെസേജുകൾക്ക് യാതൊരു ക്ഷാമവും ഇല്ല. പ്രതികരണമില്ലാതിരിക്കുകയോ മറുപടി  അനുകൂലമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ പിന്നെ ആ പെൺകുട്ടികൾ ഇടുന്ന  പോസ്റ്റിനു ചുവട്ടിലാണ് ഇവരുടെ പ്രതികാര നടപടികൾ. തർക്കിച്ചും പരിഹസിച്ചും ഇകഴ്ത്തിയും തെറിവിളിച്ചും പെണ്ണിനെ ഒതുക്കാൻ അവർക്ക് പ്രിയപ്പെട്ട ആയുധങ്ങളായി ഉപയോഗിക്കുക  സദാചാരവും മതവും ആണ്.  അപ്പോൾ പിന്നെ കൂടുതൽ ആരും ഇടപെട്ട് ഇവരെ എതിർക്കില്ല എന്ന് മാത്രമല്ല പിന്തുണക്കാൻ പിന്നെയും ആളുകൾ ഉണ്ടാവും.  നിരാശകാമുകന്മാർ സംഘടിതമായി ആക്രമിക്കുന്ന കാഴ്ച   ഫേസ്ബുക്കിലെ പല പെൺകുട്ടികളുടെയും പോസ്റ്റിൽ സ്ഥിരമാണ്.

ഇത്രമേൽ കുടുസ്സായ മനസ്സും ആണാധികാരത്തിന്റെ വിജൃംഭിത ബോധവുമായി നടക്കുന്ന ഈ ചെറുപ്പക്കാരെ പെൺകുട്ടികൾ അകറ്റി നിർത്തുന്നതിൽ  അത്ഭുതമുണ്ടോ! പഴയ കാലത്തെ വിടന്മാരായ നാടുവഴികളുടെയോ ജന്മിമാരുടെയോ ഒക്കെ ഒരു മനോഭാവം ഉണ്ടല്ലോ, അടിയാത്തിപ്പെണ്ണിനെ കണ്ടു മോഹം തോന്നിയാൽ കിടപ്പറയിലേക്ക് എത്തിക്കുന്ന അധികാരഭാവം. അടിയാന്റെ മണ്ണും പെണ്ണുമൊക്കെ തന്റെ അവകാശമാണ് എന്ന് ധരിച്ചവരുടെ അതേ മനോഭാവമാണ് ഇന്നും പല ചെറുപ്പക്കാർക്കും പെണ്ണിനോടുള്ളത്. 'നിന്നെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നിന്നെ ഞാൻ കല്യാണം കഴിച്ചേ അടങ്ങൂ' എന്ന മട്ട്. അവളുടെ ഇഷ്ടമോ താല്പര്യമോ അവന് വിഷയമേ അല്ല! ഭീഷണിപ്പെടുത്തിയോ സമ്മർദതന്ത്രം പ്രയോഗിച്ചോ തന്റെ സ്വന്തമാക്കണം അത്രയേ വേണ്ടൂ. അതിനു വേണ്ടി എങ്ങനെയൊക്കെ ശല്യം ചെയ്യാനും യാതൊരു മടിയും ഇല്ല.

ഇതിന്റെ സങ്കടകരമായ  വശം എന്താണെന്നു വെച്ചാൽ മിക്കവാറും പെൺകുട്ടികൾക്കും  ഇതൊക്കെ വീട്ടുകാരോട് പങ്കുവെക്കാൻ മടിയാണ്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാവേണ്ട എന്ന ഭീതി മാത്രമല്ല മിണ്ടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതൊക്കെ അറിയുമ്പോൾ മിക്ക രക്ഷിതാക്കളും ആദ്യം ശ്രമിക്കുക  പെൺകുട്ടികളെ കുറ്റപ്പെടുത്താനും ശാസിക്കാനുമാണ്. അവളുടെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ അരിയാനും ഒന്നുകൂടി ഒതുക്കാനുമാണ്  പലരും നോക്കുക.  പിതാവ് നാട്ടിൽ ഇല്ലാത്ത കുട്ടികൾ ആകുമ്പോൾ  പ്രത്യേകിച്ചും.  പേരുദോഷം പെൺകുട്ടിക്കാണല്ലോ എന്ന ആധി കൊണ്ട്   ചിലപ്പോൾ പഠനം തന്നെ നിർത്തിക്കളയാനും ചില രക്ഷിതാക്കൾ മടിക്കില്ല. 'മുള്ള് ഇലയിൽ വീണാലും'  എന്ന നാട്ടുനടപ്പ് നന്നായി അറിയുന്നവരാണല്ലോ അവർ.

ചെറുപ്പം മുതൽ കൊണ്ടുനടക്കുന്ന ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ ഒരുത്തന്റെ വികൃത മനസ്സിന്റെ ചെയ്തികൾ മൂലം അവസാനിപ്പിക്കേണ്ടി വരുമല്ലോ  എന്നോർത്ത്  സർവ്വവും സഹിച്ചു മിണ്ടാതിരിക്കുകയാണ് ഏറെ  പെൺകുട്ടികളും.  ഇതുതന്നെയാണ് ഇക്കൂട്ടർക്ക്  വളമായി മാറുന്നതും.

ഇതൊന്നും അതിശയോക്തി നിറഞ്ഞ.  വെറും കെട്ടുകഥയല്ലെന്നു മനസ്സിലാവാൻ പ്രിയപ്പെട്ട രക്ഷിതാവേ നിങ്ങളുടെ മകളോട് സ്നേഹപൂർവ്വം  ഒന്ന് അന്വേഷിച്ചു  നോക്കുക. കണ്ണീരോടെ അവൾ പറയും  അവൾ അനുഭവിച്ച അല്ലെങ്കിൽ കൂട്ടുകാരികൾ അനുഭവിക്കുന്ന ഇങ്ങനെയുള്ള  നൂറു കഥകൾ.

ആൺകുട്ടികൾ എല്ലാം മോശക്കാരാണ് എന്നല്ല. ക്‌ളാസ് മുറിയിൽ ആയാലും ജോലിസ്ഥലത്തായാലും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പോലും ഉറ്റവരെക്കാളും  കരുതലും സ്നേഹവുമായി കൂടെ നിൽക്കുന്ന  പുരുഷന്മാർ ഏറെയുണ്ട്. പക്ഷെ പെണ്ണ് വെറും അടിമയാണ് എന്ന മനോഭാവത്തോടെ ഇടപെടുന്ന ചിലരെങ്കിലും ചുറ്റുമുണ്ട് എന്നത് വാസ്തവമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കാനും അവളെ ഭീതിയുടെയും സമ്മർദത്തിന്റെയും ലോകത്തേക്ക് വലിച്ചെറിയാനും ഇങ്ങനെ ഒരുത്തൻ മതി. അതുകൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ഇത്തരം കാര്യങ്ങൾ പെൺമക്കളോട്  ചോദിച്ചറിയാനും സംയമനത്തോടെ ഇടപെടാനും അവൾക്ക് ഒന്നിനെയും പേടിക്കാതെ ജീവിക്കാനുള്ള ആത്മവിശ്വാസത്തോടെ കൂടെ നിൽക്കുവാനും  കഴിയണം. 

ഇത്തരം വക്രബുദ്ധിയുമായി പ്രണയിക്കാനും വിവാഹാലോചനയും ആയി ഇറങ്ങുന്ന  ചെറുപ്പക്കാരാ ആണധികാരത്തിന്റെ മീശപിരിക്കലിന് മുന്നിൽ വിനീത വിധേയരായി വീണുപോകുന്ന പെണ്ണ് നമ്മുടെ സിനിമകളിൽ മാത്രമേ ഉള്ളൂ. പ്രണയവും വിവാഹവുമൊന്നും കേവലം വൈകാരികമായ ഒരു ആവേശത്തിന്റെ പൂർത്തീകരണം അല്ല. ഒരു പെണ്ണിനോട് മോഹം തോന്നിയാലുടൻ അവളെ അങ്ങ് കെട്ടിക്കളയാം എന്ന്  ഒരുങ്ങിയിറങ്ങും  മുമ്പ് അവൾക്കും ഒരു വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കുക. വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും അവൾക്കും അവളുടേതായ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇതൊന്നും പിടിച്ചുവാങ്ങാൻ പറ്റുന്ന കാര്യമല്ല. ഒരു പുരുഷനോട് പെണ്ണിന് മതിപ്പും ആദരവും തോന്നുന്നത് ഇടപെടലിന്റെ മനോഹാരിത കൊണ്ടാണ്. എല്ലാ പെണ്ണിനേയും ജീവിതപങ്കാളി ആക്കാൻ കഴിയില്ലെങ്കിലും ഇടപെട്ട ഏതൊരു പെണ്ണും ഇഷ്ടത്തോടെയും ആദരവോടെയും ഓർക്കുന്ന ഒരു പുരുഷനായി മാറാൻ കഴിഞ്ഞാൽ അതാണ് ആണത്തം. ഫേസ്‌ബുക്കിൽ ഇരുന്ന് തെറി പറയാനും മര്യാദ പഠിപ്പിക്കാനും നടക്കുന്നവൻ മസിലുപിടിച്ചു ഫോട്ടോ ഇട്ട് സ്വയം സമാധാനിക്കുന്ന സംഗതി അല്ല അത്.

സദാചാരബോധവും  മതബോധവും പറഞ്ഞ് അട്ടഹസിച്ചാൽ  ഏതൊരു കപടനും ആളുകളുടെ വയടപ്പിക്കാൻ കഴിയുന്ന ഇക്കാലത്ത് പെണ്ണിന്റെ മേൽ അധികാരം കാണിക്കാനുള്ള മുഷ്‌കും ധൈര്യവും കൂടിവരികയാണ് എന്നത് ഓരോ രക്ഷിതാവും ജാഗ്രതയോടെ ഓർക്കുക.

സമ്മർദം സഹിക്കാനാവാതെ നിസ്സഹായാവസ്ഥയിൽ തങ്ങളുടെ മക്കൾ  കായലിലോ കയറിലോ ജീവിതം അവസാനിപ്പിച്ചാലോ,  കത്തിമുനയിൽ  പിടഞ്ഞുവീണാലോ മാത്രമേ രക്ഷിതാക്കൾ പോലും കണ്ണ് തുറക്കൂ എന്ന അവസ്ഥ ഇനിയും ഉണ്ടാവരുത്. നാളെ നമ്മുടെ മകൾ മറ്റൊരു മിഷേൽ ആയി ഒടുങ്ങാതിരിക്കട്ടെ.
Fb പോസ്റ്റ് 2017 march 16

മുസ്ലിം പെണ്ണെഴുത്തിന്റെ വർത്തമാനം


കഴിഞ്ഞയാഴ്ച തിരൂരിൽ വെച്ച് നടന്ന 'മാധ്യമം ലിറ്റററി ഫെസ്റ്റിവലി'ലെ മികച്ച ഒരു സെഷൻ ആയിരുന്നു 'പെൺ പോരാട്ടങ്ങൾ'. കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമായ വനിതകൾ പങ്കെടുത്ത ആ ചർച്ചയിൽ  ഉമ്മുൽ ഫായിസ അവതരിപ്പിച്ച വിഷയം ഏറെ ശ്രദ്ധേയമായിരുന്നു. മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പ്രാധാന്യപൂർവ്വം കാണുന്നില്ല എന്നതിനെ കുറിച്ച് അവർ ഉദാഹരണ സഹിതം വിവരിച്ചപ്പോൾ അതിൽ ഒട്ടും അതിശയം തോന്നിയില്ല.

 മുൻകാലങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ കൂടുതലായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ആ ഇടങ്ങളിൽ ഒന്നും മുസ്ലിം വനിതകളുടെ  എഴുത്തോ ചിന്തകളോ കാണാറില്ല എന്നത് നമ്മുടെ ആനുകാലികങ്ങൾ സ്ഥിരമായി വായിക്കുന്ന ആർക്കും മനസ്സിലാവുന്ന കാര്യമാണ്. ജനുവരി ലക്കം 'പച്ചക്കുതിര' മാസികയിൽ ഉമ്മുൽ ഫായിസ തന്നെ എഴുതിയ ലേഖനം പോലെ ചിലതേ ഇതിന്  അപവാദമായി ഉണ്ടാകൂ.

എന്നാൽ വലിയ ചിന്തയും കഴമ്പും  ഒന്നുമില്ലെങ്കിലും 'തസ്ലീമാ നസ്രീന് പഠിക്കുന്ന' ചില എഴുത്തുകാരികളെ പേര് മുസ്ലിമിന്റേത് ആയതുകൊണ്ട് മാത്രം പൊക്കിക്കൊണ്ടു നടക്കുന്നത് കണ്ടു ഖേദം തോന്നിയിട്ടും ഉണ്ട്. താൻ ജനിച്ചു വളർന്ന മതം പഴഞ്ചനാണ് എന്ന് പറയുകയും കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന 'പുരോഗമന' ചിന്താഗതിക്കാരായ മുസ്ലിം വനിതകൾ ആണ് പലർക്കും  പഥ്യം. മുസ്ലിം സ്ത്രീകളും ആയി ബന്ധപ്പെട്ട പൊതു ചർച്ചകളിലും നമ്മുടെ മാധ്യമങ്ങൾ മുന്നിൽ നിർത്തുക ഇങ്ങനെയുള്ള എഴുത്തുകാരികളെ ആണ്. അതുകൊണ്ടു തന്നെ ഉമ്മുൽ ഫായിസയുടെ ഉത്കണ്ഠ ഏറെ ശരിയാണ് എന്നതിൽ സംശയം ഇല്ല.

എന്നാൽ ഈ വിഷയത്തിൽ അതിലേറെ പ്രസക്തമായ ഒരു ചോദ്യം ചോദിക്കാനുള്ളത് മുസ്ലിം സമുദായത്തിനോട് തന്നെയാണ്. നിലവിൽ മലയാളത്തിൽ തന്നെ  മുസ്ലിം സമുദായത്തിന്റേതായി ആറോളം ദിനപത്രങ്ങളും, മാസികകളും വാരികകളും ആയി  കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളും ഉണ്ട്. ഇതിൽ ഏറെയും ഗൗരവപരമായ ചർച്ചകളും ചിന്തകളും കൊണ്ട് സമ്പന്നമാണ് താനും.  എന്നാൽ ഇക്കൂട്ടത്തിലെ വനിതാ മാസികകൾ എന്ന   കാമ്പില്ലാത്ത  പ്രസിദ്ധീകരണങ്ങളിൽ അല്ലാതെ നേരത്തെ പറഞ്ഞപോലെ മുസ്ലിം സ്ത്രീകളുടെ ഗൗരവത്തിലുള്ള ഇടപെടലുകളും ചിന്തകളും ഉള്ള എഴുത്തുകൾക്ക് ഇക്കണ്ട മുസ്ലിം പ്രസിദ്ധീകരണങ്ങളിൽ കാര്യമായ പരിഗണന ലഭിക്കാറുണ്ടോ? ഇവയുടെയൊക്കെ എഡിറ്റോറിയൽ ടീമിൽ വനിതാ പ്രാതിനിധ്യം പേരിനെങ്കിലും  ഉണ്ടോ? ഞാൻ മനസ്സിലാക്കിയെടുത്തോളം ഇവിടത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ മുസ്ലിം പേരുള്ള  വനിതകളായ എഴുത്തുകാർക്ക് നൽകുന്ന പ്രോത്സാഹനം  പോലും സാമുദായിക പ്രസിദ്ധീകരണങ്ങൾ നൽകുന്നില്ല എന്നാണ്.  ഇക്കാര്യത്തിൽ യാഥാസ്ഥിതികരും പുരോഗമന വാദികളും ഒക്കെ ഒരേ നിലപാട് തന്നെയാണ്.

1929 ൽ 'നിസാഉൽ ഇസ്‌ലാം' എന്ന പേരിൽ അറബി മലയാളത്തിൽ വനിതാ മാസിക പ്രസിദ്ധീകരിക്കപ്പെട്ട നാടാണ് ഇത്. എന്ന് വെച്ചാൽ ആ കാലത്തും വായനാ ശീലമുള്ള വനിതകൾ എമ്പാടും ഉണ്ടായിരുന്നു എന്നർത്ഥം. എന്തിന് 1938 ല്‍ 'മുസ്ലിം വനിത' എന്ന പേരില്‍ ഹലീമാ ബീവി എന്ന സ്ത്രീ  മലയാളത്തില്‍ ഒരു  വനിതാ മാസിക ഇറക്കുക പോലും ചെയ്തിട്ടുണ്ട്. ആ കാലത്തിൽ നിന്നൊക്കെ ഏറെ മാറി
 വിദ്യാഭ്യാസ രംഗത്തും എഴുത്തിലും വായനയിലും ഒക്കെ മതപരമായ അസ്തിത്വം നിലനിർത്തി കൊണ്ട് തന്നെ കേരളത്തിലെ മുസ്ലിം വനിതകൾ ഏറെ മുന്നേറുകയും, ജേർണലിസം കോഴ്‌സുകളിൽ അടക്കം മുസ്ലിം പെൺകുട്ടികൾ ധാരാളമായി താല്പര്യപൂർവ്വം ചേർന്ന് പഠിക്കുകയും ചെയ്യുമ്പോഴും സമുദായത്തിന്റെ  പ്രസിദ്ധീകരണ രംഗത്ത് തന്നെ  മുസ്ലിം പെൺകുട്ടികളുടെ എഴുത്തുകൾക്കും ചിന്തകൾക്കും ഇപ്പോഴും ഒട്ടും  പരിഗണന ഇല്ല  എന്നത് ഒരു വസ്തുത മാത്രമാണ്.

മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലമായെങ്കിലും മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഏറെ ഇടം നൽകുന്നുണ്ട്. ഭാവിയിൽ ഇത്തരം ചർച്ചകളിൽ ഹിജാബ് ധരിച്ച വനിതകളുടെ എഴുത്തുകൾക്കും ചിന്തകൾക്കും പേജുകൾ ലഭിക്കാതിരിക്കില്ല  (ചിലപ്പോൾ അത് മാർക്കറ്റ് നോക്കിയാകാം). എന്നാലും സമുദായത്തിനകത്തെ എഴുത്തിടങ്ങളിൽ മുസ്ലിം വനിതകളുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും കൂടുതൽ പരിഗണന ലഭിക്കാനുള്ള സാധ്യത അത്രപോലും കാണുന്നില്ല.

ചുളിഞ്ഞു പോകുന്ന നരച്ച പുരികങ്ങൾക്ക് ചോട്ടിലെ കട്ടിക്കണ്ണടയിലൂടെയുള്ള അരിച്ചു പെറുക്കൽ ഇല്ലാതെ തന്നെ തങ്ങളുടെ ചിന്തകളും ആശയങ്ങളും കാഴ്ചപ്പാടുകളും അനുഭവങ്ങളും ഉത്കണ്ഠകളും ചർച്ചചെയ്യാൻ മുസ്ലിം വനിതകളുടേതായ ഒരു ജേർണലിന് വർത്തമാന ഇന്ത്യയിൽ ഏറെ സാധ്യതയുണ്ട്. ഏതെങ്കിലും പത്രാധിപന്മാരുടെ ഔദാര്യം കാത്തു നിൽക്കേണ്ട കാലം കഴിഞ്ഞുപോയിരിക്കുന്നു.

കേരളത്തിൽ മാത്രമല്ല പുറത്തും വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഗവേഷകമാർ ആക്ടിവിസ്റ്റുകൾ ഇവർക്കൊക്കെ തുറന്നു സംസാരിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരിടം. മത സംഘടനകളാലോ മത വിരുദ്ധരാലോ ഹൈജാക്ക് ചെയ്യപ്പെടാതെ മുസ്ലിം വനിതകളുടെ  നേതൃത്വത്തിൽ അങ്ങനെ ഒരു പ്രസിദ്ധീകരണം അച്ചടിയിലും ഓൺലൈനിലും ആയി  ഇംഗ്ലീഷിൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയാണ് വേണ്ടത്.

ഏതെങ്കിലും സംഘടനാ പരിപാടികളിൽ മൈക്കിന് മുന്നിൽ നിന്ന് വായുവിൽ അലിഞ്ഞു പോകുന്ന പ്രസംഗങ്ങളോ, ഒരിക്കലും പുറം ലോകം അറിയാതെ അടച്ചിട്ട ഹാളിൽ വായിക്കപ്പെടുന്ന  പ്രബന്ധങ്ങളോ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചകളോ ആയി മാത്രം ഒതുങ്ങിപ്പോകണ്ടതല്ല വർത്തമാന കാല മുസ്ലിം വനിതകളുടെ ചിന്തകൾ.

വിദ്യാഭ്യാസവും അറിവും ചിന്താശേഷിയും ഉള്ള മുസ്ലിം വനിതകളുടെ ഒരു പുതുതലമുറ ഇവിടെ ഉണ്ടായിട്ടും സമൂഹത്തിനോടും കാലത്തോടും സംവദിക്കാനുള്ള അക്ഷരങ്ങളുടെയും അച്ചടിയുടെയും വഴിയെ കുറിച്ച് ഗൗരവപൂർവ്വം ആലോചിക്കാതിരിക്കുന്നത് അക്ഷന്ത്യവ്യമായ അപരാധം തന്നെയാണ് എന്ന് മാത്രം പറയട്ടെ.
Fb പോസ്റ്റ് 2017 march 12

അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഉമ്മജീവിതങ്ങൾ

അന്ന്, കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്  സുബ്ഹിക്ക് മുമ്പ് എണീറ്റ് മുറ്റമടിക്കലും പാത്രം കഴുകലും കഴിഞ്ഞാൽ ചേരി പിരിക്കാനിരിക്കും. മുറ്റത്തെ മൂലയിൽ കുന്നോളം തൂക്കച്ചേരി കൂടിയിട്ടിട്ടുണ്ടാവും. അത് പിരിച്ചു ചൂടിയാക്കണം. ചൊവ്വാഴ്ച തോറുമുള്ള വടകര ചന്തയിൽ വിൽക്കാനുള്ള കൊയിലാണ്ടിച്ചൂടി.

ചൂടി പിരിച്ചു കൊണ്ടിരിക്കുമ്പോ മുറ്റത്തു സൂര്യന്റെ വെളിച്ചം അരിച്ചരിച്ചു വീഴുന്നുണ്ടാകും. അന്നേരം കല്യാണത്തിന് മുമ്പ് ഓത്തുപുരയിലേക്ക്  പോയതൊക്കെ  ഓർമ്മ വരും. കുന്നുമ്മലെ ഓത്തു പുരയിലേക്ക് നടക്കുമ്പോൾ ഇങ്ങനെ ഇരുട്ടു മാറി വരുന്നതേ ഉണ്ടാവൂ.

രാവിലെ ചായ കുടിച്ചിട്ടാണ് ഓത്തിനു പോകുക. പത്തിരിയോ പുട്ടോ എന്തെങ്കിലും ഉണ്ടാകും. അത് കൊണ്ട് വിശപ്പറിയില്ല. ഇവിടെ ആകുമ്പോ ആ നേരത്ത് വിശപ്പ് തുടങ്ങും. എന്നാലും കാര്യമില്ല. ഒരുപാട് അംഗങ്ങൾ ഉള്ള വീടാണ്.  രാവിലത്തെ ചായ പതിനൊന്നു മണിന്റെ  തീവണ്ടി പോയി ഏറെ കഴിഞ്ഞാലൊക്കെയെ ഉണ്ടാവൂ. അത് തന്നെ  പെണ്ണുങ്ങൾക്ക്  കരിഞ്ചായയും എന്തെങ്കിലുമൊരു കൂട്ടലും.  മുറ്റത്തു കുനിഞ്ഞിരുന്നു ചൂടി പിരിക്കുന്ന പതിനാലു വയസ്സിന്റെ ബാല്യത്തിന്‌  അത്രേം നേരം   താങ്ങാനാവുന്നതായിരുന്നില്ല  വിശപ്പ്. വിശപ്പ് സഹിക്കാനാവാതെ ചിലപ്പോൾ തളർച്ച കൊണ്ട് ഉറക്കം തൂങ്ങിപ്പോകും.

 സിംഗപ്പൂരിലുള്ള കാരണവർ കല്യാണം കഴിച്ചു കൊണ്ട് വന്ന അമ്മായിയുടെ കയ്യിൽ ഒരുപാട് കിത്താബുകൾ ഉണ്ട്. അറബിയിലും അറബി മലയാളത്തിലും. റസൂലിന്റെയും സഹാബാക്കളുടെയും ചരിത്രങ്ങൾ, മാലപ്പാട്ടുകൾ, സബീനപ്പാട്ടുകൾ മൗലീദ് കിതാബുകൾ...
സ്‌കൂളിൽ പോകാത്തത് കൊണ്ട്, ഓത്തുപുരയിൽ നിന്ന് പഠിച്ച അറബി മലയാളം അല്ലാതെ വേറൊന്നും വായിക്കാനാറിയില്ല.

വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്മായിയോട് മൂന്നും നാലും കിത്താബുകൾ വാങ്ങി കൊണ്ടുവരാൻ തുടങ്ങി. ചൂടി പിരിക്കുമ്പോൾ കിതാബുകൾ മടിയിൽ നിവർത്തിവെച്ചു വായിക്കും. അപ്പോൾ വിശപ്പറിയില്ല. ഉറക്കം വരില്ല. ഒന്നുമറിയില്ല. മക്കത്തും മദീനത്തും ബദറിലും  ഉഹ്ദിലും  പിന്നെ ഇഫ്‌രീത്തു രാജന്റെ കോട്ടയിലും ഒക്കെയായി മനസ്സ് പറക്കുമ്പോൾ എന്ത് വിശപ്പും ദാഹവും. കോഴിക്കോട്ടങ്ങാടി പോലും കാണാത്ത ആ നാട്ടുമ്പുറക്കാരി  പെൺകുട്ടിയുടെ മനസ്സിൽ ശാമും മിസ്റും ചെങ്കടലും ഒക്കെ അത്ഭുതമായി മനസ്സിൽ നിറഞ്ഞു. ഖദീജാ ബീവിയുടെ വഫാത്തും ആയിശാ ബീവിയുടെ മാല കളഞ്ഞുപോയതും ആളുകൾ അപവാദം പറഞ്ഞതും ഒക്കെ വായിച്ചു കരഞ്ഞു. ജിന്നുകളും ഇഫ്‌രീത്തുകളും കുതിരപ്പടകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പന മരങ്ങളും  ഉള്ളൊരു അതൃപ്പലോകം.

പതിനൊന്നു മണിയുടെ തീവണ്ടിയുടെ ഒച്ച കേൾക്കുന്നോ എന്ന്  തളർച്ചയോടെ ചെവിയോർത്തിരുന്നവൾ
ചൂടിപിരിച്ചു പരുക്കനായി മാറുന്ന ഇളം കൈകൾ കൊണ്ട് മടിയിൽ നിവർത്തി വെച്ച കിതാബുകൾ മറിച്ച് പിന്നെയും പിന്നെയും ആർത്തിയോടെ വായിച്ചു കൊണ്ടിരുന്നു.  അക്ഷരങ്ങൾ തുറന്നു വെക്കുന്ന അത്ഭുതലോകത്തിലൂടെ യാത്ര ചെയ്യുമ്പോൾ   വിശപ്പറിയാതിരിക്കുക  മാത്രമല്ല അമ്പരപ്പിക്കുന്ന കാഴ്ചകൾ മനസ്സിൽ നിറഞ്ഞു. ചിരിയും കരച്ചിലും സന്തോഷവും സങ്കടങ്ങളും സ്നേഹവും ധീരതയും ഭക്തിയും....

അര നൂറ്റാണ്ട് മുമ്പ് തൂക്കച്ചേരി പിരിക്കുമ്പോൾ വിശപ്പറിയാതിരിക്കാനും ഉറക്കം വന്നു വീഴാതിരിക്കാനും അക്ഷരങ്ങളെ കൂട്ടുപിടിച്ച  ആ പതിനാലുകാരിയുടെ  പിന്തുടർച്ചയാണ് കൈയിൽ കിട്ടുന്നതൊക്കെ  ആർത്തിയോടെ വായിക്കാൻ  എന്നെയും ശീലിപ്പിച്ചിട്ടുണ്ടാവുക.   ഇന്നും കണ്ണട വെച്ച് പത്രം അരിച്ചു വായിക്കുന്ന എന്റെ ഉമ്മയുടെ  അക്ഷരക്കൊതിയുടെ താവഴി ഞങ്ങളുടെ മക്കളിലേക്കും...

ഓർമ്മ വെച്ച കാലം മുതൽ ഉമ്മാന്റെ നിസ്കാരപ്പായയുടെ അടുത്തുള്ള ജാലകപ്പടിയിൽ മഞ്ഞച്ച പേജുകളുള്ള ചെറിയ ചെറിയ കിതാബുകൾ കാണാറുണ്ട്. നിസ്കാരം കഴിഞ്ഞു കാലു നീട്ടിയിരുന്നു വായിക്കുന്ന ഉമ്മയുടെ ചിത്രമുണ്ട് ഇപ്പോഴും മനസ്സിൽ. യൂസഫ് നബിയെ കിണറ്റിൽ ഇട്ട കഥയും. പുഴയിൽ ഒഴുക്കിയ മൂസാനബിയുടെ ചരിത്രവുമൊക്കെ ഉമ്മ പറഞ്ഞു തന്നതാണ്. അറബി മലയാളം വായിക്കുന്ന പോലെ തന്നെ മാലകളും ബൈത്തുകളും ഈണത്തിൽ ചൊല്ലാനും ഉമ്മാക്ക് ഇഷ്ടമായിരുന്നു.

ഇന്ന് വായിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, പാഠപുസ്തകങ്ങളുടെ പുറത്തേക്ക് ഒട്ടും വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന  യുവതക്ക്  ചിന്തിക്കാനാവുമോ  സങ്കടങ്ങൾക്ക് പകരമായി അക്ഷരങ്ങളെ ചേർത്തുവെച്ചൊരു തലമുറയെ കുറിച്ച്.

എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്നേഹം എന്ന വാഴ്ത്തുപാട്ടിൽ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നയതന്ത്രജ്ഞയായും  അങ്ങനെ വൈവിധ്യമാർന്ന രീതിയിൽ ഊർജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ.

എന്റെ ഓർമ്മ തുടങ്ങുന്നത് ഞാൻ പിറന്നുവീണ ഞങ്ങളുടെ സ്വന്തം വീട്ടിൽ നിന്നാണ്.  ഉപ്പ ബാംഗ്ലൂരിൽ നിന്ന് വരുന്ന ദിവസങ്ങളിലാണ്  ഹൈവേയോട് ചേർന്നുള്ള വലിയ പറമ്പിനു നടുവിലെ ഇരുനില വീട്ടിൽ  ആളും ബഹളവും ഉണ്ടാകുന്നത് . അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം ഞങ്ങൾ മക്കൾ എഴുതിത്തുടങ്ങിയ കത്തുകളിലൂടെ അല്ലാതെ എഴുത്തും വായനയും അറിയാത്ത ഉപ്പാക്കും ഉമ്മാക്കും ഇടയിൽ യാതൊരു വിനിമയവും ഇല്ലാതിരുന്ന അക്കാലത്ത്, പത്താം തിയ്യതി കഴിഞ്ഞാൽ ഏതെങ്കിലും ഒരു വൈകുന്നേരം ഇന്ന് ഉപ്പ വരും എന്ന് ഉമ്മ ഊഹിച്ചു പറയുന്നത് എങ്ങനെ എന്ന് ഞങ്ങൾ അമ്പരന്നിട്ടുണ്ട്.  കാരണം  അങ്ങനെ പറഞ്ഞ ദിവസങ്ങളിൽ  ഉപ്പ വരാതിരുന്നത് അപൂർവ്വം. ദീർഘയാത്ര ചെയ്തു വരുന്നതിനാൽ ചെടിച്ച വെള്ളക്കുപ്പായവും കാലുറയും കയ്യിലെ വലിയ കാർഡ്ബോർഡ് പെട്ടിയുമായി ഉപ്പ കടന്നു വരുന്നത് തന്നെ ആഹ്ലാദമാണ്.

ഉപ്പ വന്നു എന്നറിഞ്ഞാൽ എത്തുന്ന ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരുമായ ആളും ബഹളവും. അടുക്കളയിലെ ഒരുക്കങ്ങളും. ഉപ്പ തിരിച്ചു പോകുന്നതോടെയാണ് വീട് പിന്നെയും ഉറങ്ങിപ്പോകുന്നത്. എന്നാൽ ഉമ്മാക്ക് വെറുതെയിരിക്കാൻ നേരമുണ്ടായിരുന്നില്ല ഒരിക്കലും.

വല്യുപ്പ നല്ലൊരു കൃഷിക്കാരനായതു കൊണ്ടാവാം ഉമ്മാക്കും എന്തും നട്ടുനനച്ചുണ്ടാക്കുവാൻ ഇത്ര താല്പര്യമുണ്ടായത്.  തെങ്ങിൻ തൈകൾ പാകിയും ചെറുകിഴങ്ങ് നട്ടും, കുലയ്ക്കാറായ വാഴകൾക്ക് ഊന്നു കൊടുത്തും ചേമ്പും ചേനയും കൂവയും ഉണ്ടാക്കിയും വീട്ടു വളപ്പിൽ തന്നെ ഉമ്മാക്ക്  പിടിപ്പത് പണി ഉണ്ടായിരുന്നു. ഇതൊന്നും ആരുടേയും നിർബന്ധത്തിനു ചെയ്യുന്നതല്ല എന്നതായിരുന്നു കൗതുകം. ഉപ്പാക്ക് ഈ കൃഷിയോ അതിലുള്ള വരുമാനമോ വിഷയമായിരുന്നില്ല. പറമ്പുകളിലെ തേങ്ങ പറിപ്പിച്ചു  കൂടയുടെയും അടുക്കളയുടേയും അട്ടത്ത് ഇടുവിച്ചും, അതൊക്കെ വെള്ളം വറ്റാൻ വാഴയും മടലുമൊക്കെ വലിച്ചു കൊണ്ടുവന്ന് നിത്യം പുകയിട്ട് കൊടുത്തും.  പശുവിനെയും കോഴികളെയും പോറ്റിയും. ഞങ്ങൾ നാല് ആൺകുട്ടികളുടെ കാര്യം നോക്കിയും....

 പൈപ്പ് വെള്ളമോ ഗ്യാസോ വാഷിങ് മെഷീനോ ഒന്നും ഇല്ലാത്ത കാലമാണ്. പുലർച്ചെ എഴുനേറ്റ് നിസ്കരിച്ചു ചായ ഉണ്ടാക്കി പശുവിനെ കറന്ന് കോഴികളെ തുറന്നിട്ട് ഞങ്ങളെ മദ്രസയിലും സ്‌കൂളിലും പറഞ്ഞയച്ച് വീട് വൃത്തിയാക്കി പിന്നെ ഇക്കണ്ട പറമ്പിലെ പണിയൊക്കെയും നോക്കി ചോറും കറിയും വെച്ച് അലക്കി...

ഇതിലൊക്കെ എന്തെങ്കിലും മടുപ്പോ സങ്കടമോ പറയുന്നത് കേട്ടിട്ടില്ല. അസുഖം വന്നാൽ പോലും ഇതൊക്കെ എങ്ങനെയാണു മുടക്കമില്ലാതെ കൊണ്ട് പോയിരുന്നത് എന്ന്.....

മടുപ്പില്ലാതെ ജീവിക്കാനുള്ള ഊർജ്ജവും ഉത്സാഹവും ഒക്കെ ആയിരിക്കാം അന്ന് ഉമ്മാക്ക് ഇതൊക്കെയും. അടക്ക വിറ്റും കുരുമുളക് വിറ്റും കിട്ടുന്നത് ഉപ്പാന്റെ വരുമാനം വെച്ച് എത്ര നിസ്സാരമായിരിക്കും എന്നും അതിന് ഉമ്മ എത്രത്തോളം മെനക്കെടുന്നു എന്നതും ചിന്തിക്കുന്ന എനിക്ക് തിരുവാതിരക്കാലത്ത് കുരുമുളകിന് തിരിയിട്ടോ എന്നത് മുതൽ ഉമ്മ അനുഭവിക്കുന്ന ആകാംക്ഷയും താഴെ വീണുപോയ മണികൾ അടക്കം ഇരുന്നു പെറുക്കി ഉണക്കിയെടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദവും മനസ്സിലാകില്ല. അടക്ക കുത്താൻ ഇരുന്നാൽ പുറം വേദന കൊണ്ട് ഉറങ്ങാൻ കഴിയാതെ പോകുന്ന രാത്രികളുടെ വില കിട്ടില്ലല്ലോ അടക്കക്ക് എന്ന എന്റെ യുക്തിക്കും അത് ഉൾക്കൊള്ളാനാവില്ല.

മുട്ടുവേദനയും കാലുവേദനയും കൊണ്ട് ഏറെയൊന്നും നടക്കാൻ പോലും കഴിയാത്ത അത്രയും തളരുന്നത് വരെ കൃഷിയും പശുവും ഒക്കെ കൊണ്ടുനടക്കാൻ  ഉമ്മ ഉത്സാഹിച്ചിരുന്നു.  ഞങ്ങളൊക്കെ കല്യാണം കഴിച്ചു കൊണ്ട് വന്നു പേരക്കുട്ടികൾ ആയി ഓരോരുത്തർക്കും വീടായി സ്വസ്ഥമായിട്ടും  ഉമ്മ ഇപ്പോഴും അടങ്ങി ഇരിക്കുന്നില്ല. ഡോക്ടർമാരുടെ ഒരു നൂറു നിർദേശങ്ങൾ ഉണ്ടെങ്കിലും ഉമ്മ എണീറ്റ് രാവിലെ മുതൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു. പറമ്പിലെ പുതുതായുള്ള ഓരോ തെഴുപ്പുകളിലേക്കും കൗതുകത്തോടെ കണ്ണ് നീളുന്നു. പത്രം അരിച്ചു പെറുക്കി ലോകകാര്യങ്ങൾ അറിയുന്നു. അങ്ങാടിനിലവാരം നോക്കി തേങ്ങയുടെ വിലയിടിവിൽ ഉത്കണ്ഠപ്പപെടുന്നു.

ഖത്തറിൽ അനുജനോടൊപ്പം സ്ഥിരമായി താമസിക്കാൻ വിസയുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും വീടോർമ്മകൾ ഉമ്മാനെ എടങ്ങേറാക്കുന്നു.
മുറ്റത്തെ ചെടി നനക്കാറുണ്ടോ, തേങ്ങ ഉണങ്ങി വീഴുന്നുണ്ടോ, പറിക്കാൻ ആളെ കിട്ടിയോ, അടച്ചിട്ട പുര തുറന്നു നോക്കാറുണ്ടോ  എന്നിങ്ങനെ ഒരുപാട് ആധികൾ കൊണ്ട് ഉമ്മ നാടിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കും. കോർണീഷോ ബനാന ഐലന്റോ ഒന്നും തന്നെ പറമ്പിനു പിന്നിലെ കാവിലെ കാറ്റിന് പകരമാവുന്നുണ്ടാവില്ല. തെഴുത്തു പൊങ്ങി വളരുന്ന മുരിങ്ങമരവും  മൈലാഞ്ചിയും പിന്നെ  ആരുടേയും കണ്ണിൽ പെടാതെ നാണിച്ചൊളിച്ചു നിൽക്കുന്ന പുതുതായി നട്ട പനിനീർ ചെടിയുടെ മൊട്ടും.... അങ്ങനെ ഓരോ പ്രഭാതങ്ങളും തരുന്ന പുതുകാഴ്ചകളുടെ  ആനന്ദം. മക്കളായി കുടുംബമായി ജീവിച്ച മണ്ണും ചുറ്റുപാടും  വിട്ട് അകന്നു നിൽക്കുമ്പോൾ തോന്നുന്ന നഷ്ടബോധം മാത്രമല്ല ഉപ്പയുടെ ഓർമ്മകളും  പിടിച്ചു വലിക്കുന്നത് നാട്ടിലേക്കാണ്.

ആരോഗ്യമുള്ളൊരു ജീവിതകാലം മുഴുവൻ പ്രവർത്തന നിരതമായിരിക്കുക. ഞാൻ എന്റെ എന്ന ചിന്തയില്ലാതെ വീടിനും കുടുംബത്തിനുമായി ജീവിക്കുക അതൊരു ത്യാഗം എന്ന നിലയിൽ അല്ലാതെ ഏറ്റവും തൃപ്തമായി ആസ്വദിച്ച്  കൊണ്ടാവുക. അത് കൊണ്ട് തന്നെ ഇതൊന്നും ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും  പരിഭവം തോന്നാത്ത ഒരുപാട് ഉമ്മമാരുടെ കൂട്ടത്തിൽ ഒരാളാണ് എന്റെ ഉമ്മയും.

നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. അങ്ങനെ ആദരണീയരായ വനിതാ വ്യക്തിത്വങ്ങൾ നമ്മെ കടന്നു പോയവരും, ഇന്നും ജീവിച്ചിരിക്കുന്നവരും ആയി  എമ്പാടും ഉണ്ട്. തീർച്ചയായും അവരുടെ ജീവിതം സമൂഹത്തിനു മാതൃക തന്നെയാണ്. പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണമായ,  വീടകങ്ങളിൽ ഒതുങ്ങിപ്പോയ പെൺജീവിതങ്ങളെ  കുറിച്ച് ആരാണ് പറയുക. മാതൃ സ്നേഹത്തിന്റെയും വത്സല്യത്തിന്റെയും കണ്ണീരുറയുന്ന അനുഭവ കഥകൾ പലരും എഴുതാറുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ അവർ എങ്ങനെയാണ് കുടുംബത്തിനായി അർപ്പിച്ചത് എന്ന്. എവിടെയും വെട്ടപ്പെടാതെയും അവകാശവാദങ്ങൾ ഉന്നയിക്കാതെയും  ആരും അറിയാതെ പോകുന്ന ഓരോ പെൺ ജീവിതങ്ങളും ഉറ്റവരെങ്കിലും  അടയാളപ്പെടുത്തി വെക്കേണ്ടതില്ലേ  എന്ന എന്നോട് തന്നെയുള്ള ചോദ്യത്തിന് ഉത്തരം തേടലാണ് ഈ എഴുത്ത്.

വാട്സ്ആപ്പിൽ പേരക്കുട്ടിയുടെ മക്കളുടെ കൊഞ്ചലും കളിയും കണ്ടും യൂട്യൂബിൽ വഅള് കേട്ടും പുതിയ കാലത്തെ  അറിവിന്റെയും ആശയ വിനിമയത്തിന്റെയും വഴികളെ ചേർത്തു പിടിക്കുന്നുണ്ട്  പണ്ട് ചൂടിപിരിക്കുമ്പോൾ കിതാബുകൾ വായിച്ചു വിശപ്പാറ്റിയ ആ പതിനാലുകാരി.

ഉമ്മാന്റെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോൾ ഓർമ്മകളും പഴയ കഥകളുമൊക്കെ ഇങ്ങനെ ചോർത്തിയെടുക്കുന്നത് രസമാണെങ്കിലും  എനിക്കത്ര  പറ്റാത്ത ചില ചോദ്യങ്ങൾ ഉമ്മ ഇടയ്ക്കിടെ ചോദിച്ചു കളയും.
"ഇഞ്ഞെന്താടാ ഈ പറമ്പിങ്ങനെ തിരിഞ്ഞു നോക്കാതെ ഇട്ടത്..."
"കൊട്ടത്തേങ്ങക്ക്  വെല ഉള്ളേരം ഉരിപ്പിക്കാണ്ട് ഇഞ്ഞ് എന്തിന് വെച്ച് കുത്തിരിഞ്ഞതാ"
എന്നൊക്കെ ചില 'എടങ്ങേറു പിടിച്ച' ചോദ്യങ്ങൾ ഇടക്ക് ഉണ്ടാവുമ്പോൾ ഞാൻ മെല്ലെ തടിയെടുക്കുന്നു. 

'ബൗസു'ള്ള  പെണ്ണാണ് കുടുംബത്തിന്റെ 'ബർക്കത്ത്' എന്ന പഴമക്കാരുടെ വർത്തമാനത്തിന്റെ  പൊരുൾ എന്റെ ഉമ്മയെപ്പോലെ ഒരായിരം ഉമ്മമാർ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(നജീബ് മൂടാടി)
_________________
 ലോക വനിതാദിനത്തിൽ 'സുപ്രഭാതം' ഓൺലൈൻ പ്രസിദ്ധീകരിച്ചത്.

http://suprabhaatham.com/womens-day-mother

നിസ്സാരമായ ചില ജീവിതങ്ങൾ

പൊലർച്ചെ മീനെടുക്കാനായി   മാർക്കറ്റിലേക്ക് പുറപ്പെടുമ്പോൾ മോൾക്ക് പൊള്ളുന്ന പനി ആയിരുന്നു. അത് കൊണ്ടാണ് മീൻ വിക്കാൻ   എറങ്ങും മുമ്പൊന്ന്  പൊരേലേക്ക്  ഓടിക്കിതച്ച് വന്നത്. കോണി കേറുന്നേരം  എടവലക്കാരത്തി വിളിച്ചു പറഞ്ഞു.
"ഓൾക്ക് പനി കൂടീറ്റ് ആസ്പത്രീലെക്ക് കൊണ്ടോയീനും.... ആടന്ന് പറഞ്ഞ്പോലും വേഗം കോയ്‌ക്കോട്ടെക്ക് കൊണ്ടോയ്ക്കോളാൻ...."
പടച്ചോനേ... ന്റെ മോള്...

സൈക്കളും മീനും ആടത്തന്നെ ഇട്ട് അങ്ങാടീലേക്ക് പാഞ്ഞു. കിട്ടിയ ബസ്സിന്‌ കോയ്‌ക്കോട്ടേക്ക് പുറപ്പെടുമ്പോ ഏതാസ്‌പത്രീലായിരിക്കും കൊണ്ട് പോയത് എന്നൊരു ആന്തലായിര്ന്നു.   ധർമ്മാസ്പത്രീന്നു നേരെ മെഡിക്കൽ കോളേജിലേക്കായിരിക്കും പോയിറ്റുണ്ടാവുക എന്ന ഒറപ്പിൽ അങ്ങോട്ട് പൊറപ്പെട്ടു.
ഇക്കണ്ട ജനത്തെരക്കിന്റെടേന്ന് ഏടയാ അന്വേഷിക്കാ... ആരോടാ ചോയ്ക്ക്യാ....ന്റെ മോള് എവിടാ ഉള്ളത് എന്ന് ആപ്പീസിലും നെഴ്‌സ്മ്മാരോടും ആട കണ്ടോരോട് ഒക്കെയും  ചോയ്ച്ച്... ..   ഏതൊക്കെയോ വാർഡിലൊക്കെ  കേറി എറങ്ങി... ഏടേം കാണാനില്ലായ്‌രുന്നു ന്റെ മോളെ .... കട്ടില്മ്മലും നെലത്തും വരാന്തയിലും ഒക്കെ ആയി കെടക്ക്ന്ന ഓരോ കുഞ്ഞിമ്മക്കളെയും അടുത്ത് ചെന്ന് നോക്കി...അതിലൊന്നും....

ഉച്ച തിരിയും വരെ ആട ഒക്കെ അലഞ്ഞിട്ടും ന്റെ മോളെ കാണാണ്ടായപ്പോ എന്നാപ്പിന്നെ ഏതോ പ്രൈവറ്റ് ആസ്പത്രീല് കൊണ്ടോയ്റ്റുണ്ടാവുംന്ന് ഒറപ്പായി. ബസ്സ്ന്റെ  പൈസ പോലും പൊരേല് ഇല്ലായിനല്ലോന്ന് ഓർത്തു.   ആരോടെങ്കിലും കടം വാങ്ങി പോന്നതാവും. ആലോയ്ച്ചു നിക്കാൻ നേരല്ല...മെഡിക്കൽ കോളേജിന്റെ മുമ്പ്ന്ന് നേരെ ടൗണിലേക്ക് ബസ്സ് കേറി. പൊള്ളുന്ന വെയിലത്ത് കുടിനീര് പോലും ഇല്ലാതെ ഓരോ ആസ്പത്രീലും കേറി എറങ്ങുന്നേരാണ്, നേരം പൊലർന്നിറ്റ് ഇതുവരെ പച്ചവെള്ളം പോലും കൂടിച്ചിറ്റില്ലാലോ എന്ന് ഓർത്തത്..... വെശപ്പും ദാഹവും ഒന്നും ഇല്ലായ്‌നും.. ഇനിക്കിന്റെ മോളെ ഒന്ന്....

പോയത്തായ  ആസ്പത്രികളെ   മുന്നില് കൂടി നിക്കുന്ന ആൾക്കാരെ കൂട്ടത്തിലൊന്നും ഓളില്ല. ചില്ലിന്റപ്പറം കുത്തിരിക്ക്ന്നോരോട്  പേര് പറഞ്ഞു കാത്തു നിക്കുമ്പോ കരുതും ഇപ്പൊ ഇന്ന വർഡില് ഓള് ഉണ്ട്ന്നു  പറയുംന്ന്‌. അങ്ങനൊരു കുട്ടീനെ ആട കൊണ്ട് വന്നിറ്റില്ല എന്ന് ഓല് പറഞ്ഞിറ്റും സംശയം തീരാണ്ട് ഞാൻ പിന്നേം  ആടയൊക്കെ..... അങ്ങനെ ഓരോ ആസ്പത്രീം  കേറി എറങ്ങീട്ടും..

ഇനി ഒര്ത്തേലും പോയി നോക്കാനിലാണ്ട്  നെരത്തിന്റെ അര്ക്ക് തളർന്ന് കുത്തിര്ന്നു... അന്നേരം നേരം കരിച്ച ആകാനായിക്ക്..... ഇനി ഏട തെരയാനാ ന്റെ മോളേന്ന് കര്തി, ഇനി ചെലപ്പോ പനി കൊറഞ്ഞപ്പോ തിരിച്ചങ്ങ്  പൊരേല് പോയിക്കുണ്ടാവും ന്ന് സമാദാനിച്ച്  നാട്ടിലേക്കുള്ള ബസ്സിൽ കേറി കുത്തിര്ന്നു. ഞാനപ്പളത്തേക്ക് ആകെ  കൊയഞ്ഞു പോയിര്ന്നു.

അങ്ങാടീല് ബസ്സെറങ്ങുമ്പോ ഇര്ടായിര്ന്നു. പൊരേലേക്ക് തെരക്കിട്ട് നടക്ക്മ്പൊ ആരൊക്ക്യോ ന്റെ അട്ത്തേക്ക് വന്നു.

"ഇഞ്ഞേടായ്നും  ഇത്തിരേം നേരം... ഞാള് ഏടയൊക്കെ അന്നേശിച്ച് നെന്നെ.."
ആരോ ചോയ്ക്കുന്നു.
ആരോ തോളിൽ ബലമായി പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇപ്പളാ അടക്കിയത്......ഇരുടാകുന്നതിന് മുമ്പ്.....ഇഞ്ഞ് ഏടയാ ഉള്ളത് എന്ന് പോലും അറിയാതെ എത്തര നേരാ വെക്ക്വാ... മരിച്ചിറ്റ് കൊറേ നേരായതല്ലേ..."

തലയിലൊരു ഇടിവെട്ടി..... അപ്പാടെ കുഴയുന്ന പോലെ.. ഒറ്റയടിക്ക് വെയർപ്പിൽ മുങ്ങി ആടത്തന്നെ തളർന്ന് കുത്തിര്ന്നു..
ന്റെ മോള്...ഓള് പോയി പോലും....ന്നെ കാണാൻ പോലും നിക്കാതെ....
ഒരു ചെറിയ പനി വര്മ്പളേക്കും മിണ്ടാതെ പോയ്ക്കളായ്യാന്നു പറഞ്ഞാ....
ഞാൻ ഇക്കണ്ട ആസ്പത്രിയിലൊക്കെ ന്റെ മോളേം തേടി നടക്കുമ്പോ.. ഓള് വ്ടെ ന്നേം കാത്ത്....
നിക്കൊന്ന് അവസാനായിറ്റ് കാണാൻ പോലും പറ്റീല്ലാലോ.....

ഓ.... സാരല്ല... ന്റേം ഓളേം ഒക്കെ അത്ര  ചെറിയ ജീവിതല്ലേ......ആരാ ശ്രദ്ധിക്ക്ന്നത് ഈ സങ്കടൊക്കെ...നിസ്സാരമായ ജീവിതോം അതില്ലും നിസ്സാരായ മരണോം...അത്രതന്നെ.

പെണ്ണിനെ ഒരുത്തൻ കയറിപ്പിടിക്കുമ്പോൾ ആരുടെ മാനമാണ് ഭംഗപ്പെട്ടുപോകുന്നത്?


ഒരു പെണ്ണ് ലൈംഗീകമായി അക്രമിക്കപ്പെട്ടാൽ, കീഴടക്കപ്പെട്ടാൽ നാം അതിനെ കുറിച്ച് എഴുതുകയും പറയുകയും ചെയ്യുക 'മാനഭംഗശ്രമം' 'മാനഭംഗം ചെയ്യപ്പെട്ടു' എന്നൊക്കെയാണ്. 'പ്രണയം നടിച്ചു മാനം കവർന്ന ശേഷം ഉപേക്ഷിച്ചു' എന്നും 'മാനം കവരാൻ സമ്മതിക്കില്ല' എന്നൊക്കെയുള്ള ഡയലോഗുകൾ നമ്മൾ സ്ഥിരമായി കേൾക്കുന്നതുമാണ്. ഈ ഒരു പ്രയോഗത്തിലൂടെ നാം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്നത് എന്താണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഈ മാനം എന്ന് പറയുന്ന സംഗതി പെണ്ണിന് മാത്രം ഉള്ള ഒരു കാര്യം ആണെന്നും. ബലമായോ അനുനയ രൂപത്തിലോ പെണ്ണിനെ കീഴ്പ്പെടുത്തുന്നതോടെ പവിത്രമായതും അവൾ കരുതലോടെ സൂക്ഷിക്കേണ്ടതുമായ ആ സംഗതി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നും അല്ലേ!

 വീട്ടിനകത്തയാലും തൊഴിലിടങ്ങളിൽ ആയാലും നിരത്തിലോ വാഹനത്തിലോ ആഘോഷസ്ഥലത്തോ എവിടെ ആയാലും ചോരക്കുഞ്ഞു മുതൽ പടുവൃദ്ധകൾ വരെ ലൈംഗീകാക്രമണനത്തിനു വിധേയമാകുന്ന ഈ കാലത്ത്  തന്റെ ശരീരം ആക്രമിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്നതിനേക്കാളേറെ അവൾ ഉത്കണ്ഠ പ്പെടേണ്ടത് ഭംഗപ്പെട്ടു പോയ മാനത്തെ കുറിച്ചാണെന്നു ചുരുക്കം.

സംഗതി അങ്ങനെ തന്നെയാണ് എന്ന് നമ്മൾ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ പീഡനക്കേസുകളിലെ പ്രതികളും ആരോപിതരുമൊക്കെ യാതൊരു കൂസലും ഇല്ലാതെ  സമൂഹത്തിന്റെ മുന്നിലൂടെ  നെഞ്ചും വിരിച്ചു നടക്കുമ്പോഴും ഇരകളാക്കപ്പെട്ട പെൺകുട്ടികൾ അതോട് കൂടി സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് വീടകങ്ങളിൽ ഒതുങ്ങിപ്പോവുകയോ സർക്കാർ വക 'നിർഭയ ഹോമുകൾ' എന്ന നാലു ചുവരുകൾക്കുള്ളിലേക്ക് മാറ്റപ്പെടുകയോ ചെയ്യുന്നത്. പേരുപോലും ഇല്ലാത്തവളായി പിറന്ന നാടും വീടും വിട്ട് ഒളിച്ചോടേണ്ടി വരുന്നത്. ലൈംഗീകമായി ആക്രമിക്കപ്പെട്ട ഒരു പെണ്ണിനെ കൗതുകത്തോടെയോ പരിഹാസത്തോടെയോ കുറ്റപ്പെടുത്തലോടെയോ കാണുന്ന, പീഡിപ്പിച്ചവന്റെ നേരെ അങ്ങനെയൊരു നോട്ടം കൊണ്ട് പോലും നോവിക്കാതെ വെറുതെ വിടുന്ന നാം,  അവളുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനത്തെ കുറിച്ച് ചിന്തിച്ചു തല പുകയ്ക്കുകയും, വസ്ത്രത്തിന്റേയോ ഇടപെടലിന്റെയോ ഒറ്റക്ക് നിന്നതിന്റെയോ കാരണം കണ്ടെത്തി സമാധാനിക്കുകയും ചെയ്യുന്നു.  'ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും'  എന്ന മഹത്തായ ആപ്തവാക്യം ഓർമ്മിപ്പിച്ചു സംതൃപ്തി അടയുന്നു.

ലൈംഗികാതിക്രമങ്ങളൊക്കെ ഇങ്ങനെ മാനത്തോട് ചേർത്ത് വെച്ചത് കൊണ്ട്  ഏത് ഊച്ചാളിക്കും ഏതു പെണ്ണിനേയും എവിടെ വെച്ചും കയറിപ്പിടിക്കാം എന്ന സൗകര്യമായി. മാനക്കേടോർത്ത് പെണ്ണ് ഒന്നും  പുറത്തു പറയില്ല എന്നുറപ്പണല്ലോ.  മാനം എന്ന സംഗതി അവൾക്ക് മാത്രം ഉള്ളതായത് കൊണ്ട് ഒതുക്കേണ്ടത് അവളുടെ ഉത്തരവാദിത്തം ആണല്ലോ. എത്ര സുന്ദരമായ ആചാരങ്ങൾ.  ഒരു പാട് ആണുങ്ങൾ  സുഹൃത്തുക്കളായ പെണ്ണ് പിഴയും, ഒരു പാട് പെണ്ണുങ്ങൾ സുഹൃത്തുക്കൾ ആയുള്ള ആണ് ഹീറോയും ആയി കൊണ്ടാടപ്പെടുന്ന നമ്മുടെ നാട്ടിൽ മാനത്തിന്‌ രണ്ട് അളവുകോൽ ആയതിൽ ഒട്ടും ആശ്ചര്യം ഇല്ല.

പുരുഷാധികാര കേന്ദ്രീകൃതമായ ഒരു സമൂഹം സദാചാര ബോധത്തിന്റെയും മതത്തിന്റെയും സാമൂഹ്യമാന്യതയുടെയും  ഒക്കെ പേര് പറഞ്ഞ് പവിത്രീകരിച്ചു വെച്ച ഈ മാനസങ്കൽപം കാരണമാണ് ഇന്ന് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങൾ ഇത്രയും കൂടാനുള്ള കാരണം എന്നത് നാം സൗകര്യപൂർവ്വം  മിണ്ടാതിരിക്കുകയാണ്. ഏത് ആൾത്തിരക്കിനിടയിലും പെണ്ണിനെ കയറിപ്പിടിച്ചാലും മാനക്കേട് വിചാരിച്ചു  എതിർത്തൊന്നും പറയില്ല എന്ന ധൈര്യം. ഇനി പെണ്ണ് എതിർത്താൽ തന്നെ വേണ്ടപ്പെട്ടവർ ഇടപെട്ട് അത് ഒതുക്കിക്കോളും എന്ന തന്റേടം. പെണ്ണിന്റെ മാനത്തെ ചൊല്ലി ഏറെ കരുതൽ ഉള്ളവരണല്ലോ നാം എപ്പോഴും. ആ കരുതലിന്റെയും സ്നേഹത്തിന്റെയും പേരിൽ എല്ലാം ഗോപ്യമാക്കി വെക്കുന്നതാണ് മാനം എന്ന കണ്ടെത്തലിൽ  നാം അനുവദിച്ചു കൊടുത്തത് പെണ്ണിന് നേരെ എന്തും ചെയ്യാനുള്ള ലൈസൻസാണ് എന്ന് നാം ചിന്തിക്കാതെ  പോയി.

മുമ്പൊക്കെ നമ്മുടെ പത്രങ്ങൾ ബലാൽസംഗം, ബലാൽസംഗ ശ്രമം എന്നൊക്കെ തന്നെയായിരുന്നു ഇതിനൊക്കെ എഴുതിയിരുന്നത്. എന്നുവെച്ചാൽ ഇതിലേക്ക് മാനത്തിനെ വലിച്ചിഴച്ചില്ലായിരുന്നു  എന്ന് ചുരുക്കം.
കുലീനതയും ആഢ്യത്വവും ഒക്കെ വല്ലാതെ പ്രദർശനപരതയോടെ കൊണ്ടാടപ്പെടുന്നൊരു   കാലം കൂടി ആയതു കൊണ്ടാവാം ലൈംഗീകാതിക്രമങ്ങളൊക്കെ പെണ്ണിന്റെ  മാനഭംഗം ആക്കി  നമ്മുടെ മാധ്യമങ്ങൾ മാറ്റിയെടുത്തത്. യാതൊരു എതിരും പറയാതെ സ്ത്രീ വിമോചകർ അടക്കം  ആ വാക്കിനെ അങ്ങ് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

കോവിലകങ്ങളും തമ്പുരാക്കന്മാരും 'ഫുക്രി ബംഗ്ലാവുകളിലെ' റോയൽ ജീവിതങ്ങളുമൊക്കെ മഹത്വ വൽക്കരിക്കുന്ന നമ്മുടെ സിനിമകൾ തന്നെ നൽകിയ ഒരു സന്ദേശം ഉണ്ടല്ലോ. നായകൻ എത്ര വിടനാണെങ്കിലും നായിക എപ്പോഴും അനാഘ്രാത കുസുമം ആയിരിക്കണം എന്നും. അഥവാ നായിക വല്ല വിധേനയും പിഴച്ചുപോയെങ്കിൽ  അവസാനം അവൾക്ക്  മരണം വിധിച്ചു കൊണ്ടെങ്കിലും നായകനെ ആ 'കുടുക്കിൽ' നിന്ന്  രക്ഷിക്കണമെന്നും. സമൂഹത്തിന്റെ താല്പര്യം  അറിഞ്ഞു തന്നെയാണ് നമ്മുടെ സിനിമകൾ ഇതൊക്കെ വിളമ്പിയത്. അങ്ങനെയൊക്കെയാണ് മാനം എന്ന പവിത്ര സംഗതി പെണ്ണിന് മാത്രം വേണ്ടതാണ് എന്ന് അടിച്ചേല്പിക്കുന്നതും.

എത്രകാലം നമ്മളിങ്ങനെ പെണ്ണിന്റെ നേർക്കുള്ള  ലൈംഗീകാതിക്രമങ്ങളെ മാനഭംഗം എന്ന് പേരിട്ടു മൂടിവെച്ചുകൊണ്ടിരിക്കും? ആണിന് ആവശ്യമില്ലാത്ത എന്ത് മാനമാണ് അക്രമിക്കപ്പെടുന്ന പെണ്ണിന് മാത്രം ബാധകമായിട്ടുള്ളത്? കയറിപ്പിടിക്കുന്നവന് ഇല്ലാത്ത ഏതു മാനത്തിന്റെ പേരിലാണ് പിറന്നു വീഴുന്നത് മുതൽ ഓരോ പെൺകുട്ടിയും തന്റെ ശരീരത്തെ ചൊല്ലി ഇങ്ങനെ വേവലാതിപ്പെട്ടുകൊണ്ട് ജീവിക്കേണ്ടി വരുന്നത്?  ആരാണ് ഇതിനൊക്കെ മറുപടി പറയുക
2017 feb 24 ന്റെ fb പോസ്റ്റ്

നിലാച്ചോട്ടിലൊരു ഓർമ്മയുടെ വെള്ളിത്തിര


"എണേ ഓൻ വര്ന്നുണ്ടോന്ന് നോക്ക്.... അഞ്ച് മണിന്റെ വണ്ടിയൊക്കെ പോയിറ്റ് എത്തറ നേരായി... ഇനി എപ്പളാ"
അമ്മമ്മ ഇരിക്കപ്പൊറുതി ഇല്ലാതെ ചോദിച്ചു.

അച്ഛൻ വരുന്നോന്ന്  നോക്കാൻ  മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ  ബാബുവിന്റെ വക കളിയാക്കൽ.
"ഇഞ്ഞെന്താ ഏച്യേ ....പുതിയ പാവാടൊക്കെ ഉടുത്ത്... കല്യാണത്തിന് പോക്ആ"
കയ്യിലുള്ള  നോട്ടീസ് നോക്കി  വായിച്ചു കൊണ്ട് സിനിമാപരസ്യ വണ്ടിയെ അനുകരിച്ച്  ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് അവൻ  മുറ്റത്തിനു ചുറ്റും പിന്നെയും  ഓടാൻ തുടങ്ങി.

"കൊയിലാണ്ടി വിക്ടറിയുടെ വെള്ളിത്തിരയിൽ വിജയകരമായ ഇരുപത്തിയഞ്ചാം ദിവസം... അങ്കക്കുറി... അങ്കക്കുറി..."
"ജയൻ, സുഗുമാരൻ, കെ പി ഉമ്മർ, സീമ, ജയബാരദി,  കുതിരവട്ടം  പപ്പു.... തുടങ്ങി ഇങ്ങളുടെ ഇഷ്ടതാരങ്ങൾ...

വൈന്നേരം സിനിമക്ക് കൊണ്ടോവാം ന്ന് അച്ഛൻ ഏറ്റതാണ്. പണി കഴിഞ്ഞ് നേരത്തെ വരാംന്നും അപ്പളത്തേക്ക് എല്ലാരും റെഡിയായി നിന്നോന്നും രാവിലെ ഉറപ്പ് പറഞ്ഞാണ് പോയത്.

കറുത്ത ഹെയർപിന്ന്,  എണ്ണതേച്ച് അമർത്തിചീകിയ മുടിയിലേക്ക് കുത്തുന്നതിനിടയിൽ അമ്മ അമ്മമ്മയെ സമാധാനിപ്പിച്ചു.
"ആവ്ന്നേ ഉള്ളുഅമ്മേ.... ആറരക്കല്ലേ സില്മ തൊടങ്ങൂ......"

അമ്മമ്മ  ഉച്ച കഴിഞ്ഞപ്പോ തന്നെ ഉടുപ്പൊക്കെ മാറ്റി  നിക്കുകയാണ്.  പണിയൊക്കെ നേരത്തെ തീർത്ത് അമ്മയും ഒരുങ്ങിക്കഴിഞ്ഞു.

 സിനിമക്ക് പോകുന്നതിന്റെ സന്തോഷത്തിൽ രാത്രി ഞാനും ബാബുവും  ഉറങ്ങീട്ടില്ല. കൊല്ലത്തിൽ ഒരിക്കലൊക്കെയാണ് അച്ഛൻ സിനിമക്ക് കൊണ്ട് പോവുന്നത്. ആ യാത്ര തന്നെ വലിയൊരു സന്തോഷമാണ്. വയലും കഴിഞ്ഞ് റെയിലിന്റെ അര്ക്കൂടെ  കുറച്ചു നേരം നടക്കണം കൊയിലാണ്ടിക്ക്. വിക്ടറി  ടാക്കീസിന് മുന്നിലെ വലിയ മൈതാനത്തിനു അപ്പുറം നിരത്തിലൂടെ കാറും ബസ്സുമൊക്കെ എമ്പാടും പോകുന്നുണ്ടാകും. മോന്തി ആയാലും നല്ല വെളിച്ചവും. പിന്നെ സിനിമ എന്ന    അത്ഭുതം.

കൂട്ടുകാരി സുനന്ദ അമ്മവീട്ടിൽ  പോയപ്പോ അവിടെയുള്ള  എല്ലാരും പോയി 'അങ്കക്കുറി' കണ്ടു വന്ന കഥ അവൾ ഒരു നൂറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്.

ജയന്റെ പേര് കേഷ്യർ രാമേന്ദ്രൻന്നാണെന്നും ജയന്റെ അമ്മേം പെങ്ങളും മരിക്കാൻ കാരണക്കാരനായ സുകുമാരന്റെ അച്ഛനെ കൊന്ന് സീമേനെ തട്ടിക്കൊണ്ടു പോയതാണെന്നും ഇനി സുകുമാരനേം കൊല്ലനാണ് പരിപാടി എന്നും. അച്ഛനെ കൊന്ന് പെങ്ങളെ തട്ടിക്കൊണ്ടുപോയ ജയനെ തേടി കൊല്ലാനായി  സുകുമാരൻ നടക്കുന്നതും, രണ്ടാളും ആളറിയാതെ വല്യ ചങ്ങായിമാരായി ഒന്നിച്ചു താമസിക്കുന്നതും. സുകുമാരൻ സ്നേഹിക്കുന്ന ജയഭാരതി ജയന്റെ നടുവിട്ടുപോയ എളേമ്മേന്റെ മോളാണ് ന്നും.  ഉമ്മറ് ദുഷ്ടനാണ് ന്നും...

അമ്മമ്മക്ക് ജയൻ ന്ന് വെച്ചാൽ ജീവനാണ്.  അതുകൊണ്ടാണ്  അമ്മമ്മ കേൾക്കാൻ സിനിമക്കഥ പറഞ്ഞും നോട്ടീസ് വായിച്ചു കൊടുത്തും പാട്ടിലാക്കിയത്. ബാബൂന്  കുതിരവട്ടം പപ്പൂനെ ആണ് ഇഷ്ടം. സിനിമേല് മൂപ്പരുടെ കൂടെ ഒരു കൊരങ്ങനുംണ്ട്. നല്ല തമാശ ആണ് പോലും. കൊരങ്ങൻ കള്ള് കുടിക്കും. ആൾക്കാരുടെ പൈസ പോക്കറ്റടിക്കും, കുളിക്കുന്ന പെണ്ണുങ്ങളുടെ ഉടുപ്പൊക്കെ എടുത്തു കാറ് തൊടക്കാൻ കൊണ്ടുക്കൊടുക്കും. പിന്നെ കൊരങ്ങ്  ഒരു പാമ്പിനെ പിടിക്കുന്ന രംഗവും ഉണ്ട് പോലും. പോരാത്തതിന്  ഈ പാട്ടും.
"മരഞ്ചാടി നടന്നൊരു കുരങ്ങൻ
മനുഷന്റെ കുപ്പായമണിഞ്ഞൂ.."

"അച്ചൻ വരുന്ന്ണ്ട്"
ബാബു ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
"ഇഞ്ഞെന്തൊരാളാടാ... നേരം വൈകീല്ലേ" അമ്മമ്മ പരിഭവപ്പെട്ടു.
"ആയിക്കില്ലമ്മേ...അഞ്ചര കയിഞ്ഞിക്കേള്ളൂ...  ഞാനൊന്നു കുളിച്ചിട്ട് വേഗം വരാ..ങ്ങളൊക്കെ റെഡിയല്ലേ"
അച്ഛൻ തിരക്കിട്ട് കുളിച്ചു വന്നു കുപ്പായവും മുണ്ടും മാറ്റി.
"ഇങ്ങക്ക് ചായ എങ്ങാൻ മാണോ"
അമ്മ ചോദിച്ചു.
"മാണ്ട... മ്മക്ക് കീയ്യാ...ഇനി നേരം വൈകണ്ട... "
ഇറയത്ത് നിന്ന്  ചൂട്ടുംകറ്റ എടുത്ത് അച്ഛനിറങ്ങി. വീട് പൂട്ടി അമ്മയും.

വയൽ വരമ്പിലൂടെ  അച്ഛൻ മുന്നിലും തൊട്ടു പിന്നിൽ അമ്മമ്മയും അതിന്റെ പിന്നിൽ അമ്മയും പിറകിലായി ഞാനും ബാബുവും.. ഉത്സവത്തിനു പോകുന്നത് ഓർമ്മ വന്നു.

"അമ്മേ ഇങ്ങള് സിനിമ കണ്ടിറ്റ് കരയർദെ" ഒരു ബീഡി കത്തിച്ചു കൊണ്ട്
അച്ഛൻ അമ്മമ്മേനെ കളിയാക്കി. കഴിഞ്ഞ പ്രാവശ്യം സിനിമ കാണുമ്പോ അമ്മമ്മ എന്തൊരു  കരച്ചിലായ്‌നുന്നോ.
"ഇഞ്ഞ് വേം നടന്നൂടെടാ... മോന്തി ആകാനായി" അമ്മമ്മ അത് ശ്രദ്ധിക്കാതെ പറഞ്ഞു.

വയല് കടന്ന് തീവണ്ടിപ്പാളത്തിനോട് ചേർന്നുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ രാമോട്ടിയച്ചന്റെ ചായപ്പീടികയിൽ ഇരുന്ന് മീൻകാരൻ മമ്മദ്മാപ്പിള വിളിച്ചു.
"വാ....എല്ലാര്ക്കും ഓരോ ലൊട്ടേം ചായേം കുടിച്ചിറ്റ് പോകാ"
"ഇല്ല പോട്ടെ" അച്ഛൻ നടന്നു.
"അങ്കക്കുറി കാണാൻ പോക്ആയിരിക്കും ല്ലേ ..."
ബീഡി തെരക്കുന്ന കോയിന്നേട്ടൻ ചിരിച്ചു.

കരിമ്പുകതുപ്പി 'ഠഡൻ ടഡൻ' എന്ന കനത്ത  ഒച്ചയിൽ ഇരമ്പിക്കുതിച്ച് കൂക്കിവിളിച്ചുകൊണ്ടൊരു  തീവണ്ടി കടന്നു പോയപ്പോൾ  നിലമൊക്കെ വിറക്കുന്ന പോലെ തോന്നി. എപ്പളെങ്കിലും ആണ് തീവണ്ടിയിങ്ങനെ അടുത്ത് നിന്ന് കാണുക.

തീവണ്ടിയാപ്പീസ് കടന്നപ്പോൾ തന്നെ ടാക്കീസിൽ നിന്നുള്ള പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
'കാലം വല്ലാത്ത കാലം..ഇത് ലോകം വല്ലാത്ത ലോകം'

വർണ്ണക്കടലാസുകൾ കൊണ്ടുള്ള തോരണം കൊണ്ട് മൂടിയിരുന്നു വിക്ടറി ടാക്കീസിന്റെ വളപ്പ്. പോസ്റ്ററുകൾക്ക് പുറമെ ടാക്കീസിന്റെ മുറ്റത്തായി വലിയ കട്ടൗട്ടുകളിൽ ജയനും സുകുമാരനും സീമയും ജയഭാരതിയും ചിരിച്ചു. കുരങ്ങനെ തോളിൽ വെച്ച പപ്പു വിനെ ബാബു തൊട്ടു നോക്കി.

ടാക്കീസിന് മുന്നിലെ വണ്ടിപ്പീടികകളിൽ നിന്ന്  ചീനച്ചട്ടിയിൽ ചട്ടുകം കൊണ്ട് തട്ടുന്ന ഒച്ചയും കടല വറുക്കുന്ന മണവും പൊങ്ങി.

അകത്തേക്ക് കയറുമ്പോൾ ടിക്കറ്റ് മുറിക്കുന്നയാൾ ബാബുവിനെ ഒന്ന് തറപ്പിച്ചു നോക്കി.
"ഓൻ ന്റെ മടീൽ ഇരുന്നോളും... "
അച്ഛൻ പറഞ്ഞു.
മുളമ്പായകളിൽ കരിഓയിൽ അടിച്ചതിന്റെ മണമായിരുന്നു ടാക്കീസിനുള്ളിൽ.
അമ്മമ്മയുടെ  അടുത്ത് ഞാൻ പിന്നെ അമ്മ അപ്പറം അച്ഛൻ, അച്ഛന്റെ മടിയിൽ ബാബു.
മുന്നിൽ വലിച്ചു കെട്ടിയ വെളുത്ത തുണിയുടെ വശങ്ങളിൽ താഴെയായി ചുവന്ന രണ്ടു തൊട്ടികളിൽ FIRE എന്നും 'തീ'  എന്നും എഴുതിയിരുന്നു.

"അതില്ല് തീയുണ്ടാവോ അച്ചാ"
 ബാബു ചോദിച്ചു.
E.X.I.T  വാതിലിനു നേരെ മുകളിൽ കത്തി നിൽക്കുന്ന ചുവന്ന അക്ഷരങ്ങൾ പലവട്ടം വായിച്ചു.
"എത്തറ പങ്കയാ... അല്ലെ ഏച്യേ"
കസേരകളിൽ ആളുകൾ നിറഞ്ഞു വന്നു.
"സില്മ ഇപ്പൊ തൊടാങ്വോച്ചാ"
എത്രേം വേഗം ഒന്ന് സിനിമ തൊടങ്ങി കിട്ടിയിരുന്നെങ്കിൽ. എത്ര ദിവസായി സുനന്ദ പറഞ്ഞു പറഞ്ഞിങ്ങനെ മോഹിപ്പിക്കുന്നു. അതൊക്കെ ഇപ്പൊ നേരിൽ കാണാലോ.

ബെല്ലടിച്ചു.  വിളക്കുകൾ ഒക്കെ കെട്ടു.
സിനിമ തൊടങ്ങി. ഒരു ഗോപുരം പോലെ എകരത്തിൽ മണി അടിക്കുന്നു. മതിൽക്കെട്ടിന്റെ അരുക്കൂടെ മുന്നോട്ട് പോകുന്ന ജീപ്പ്. ഇത് ജയിലാണ്. ഇപ്പൊ ജയനെ കാണിക്കും. ഈശ്വരാ..

എല്ലാരും ശ്വാസമടക്കിപ്പിടിച്ചു സിനിമയിലാണ്. ഇരുട്ടുമുറിയിൽ വെളിച്ചം വീണപ്പോൾ  ജയിൽപ്പുള്ളിയായി ജലകത്തിനടുത്ത് ജയനെ കണ്ടതും ആരൊക്കെയോ കയ്യടിക്കുന്നു. ജയിലിലേക്ക് വന്ന കഴുകൻ മത്തായി ജയന്റെ കുപ്പായം കീറിയതും ജയൻ അടിതുടങ്ങി.
ടാക്കീസ് ഇളകിമറിയുന്ന കൈയ്യടിയും വിസിൽവിളിയും. മത്തായിയെ അടിച്ചൊതുക്കി ഒരു മൂലയിൽ ആക്കുംവരെ കയ്യടി തന്നെ ആയിരുന്നു.

പെങ്ങളുടെ കല്യാണദിവസം കള്ളൻ എന്ന് പറഞ്ഞു ജയനെ പോലീസ് പിടിക്കാൻ വന്നപ്പോ അമ്മമ്മയുടെ  കണ്ണ് നിറഞ്ഞിരുന്നു. ജയിലിന്നും ഇറങ്ങി വന്ന് അമ്മാവനെ കണ്ടപ്പോൾ അമ്മയും  പെങ്ങളും മരിച്ച വിവരം പറയുന്നത് കേട്ട്   അമ്മമ്മ  തേങ്ങി. "ഊയീ..".

സുനന്ദ പറഞ്ഞപോലെ പിന്നെ ഓരോ രംഗങ്ങളും.  തമ്മിലറിയാതെ കൊല്ലാൻ നടക്കുന്ന ജയനും സുകുമാരനും പെട്ടിപ്പീടികയിൽ വെച്ച്  കണ്ടപ്പൊ ഇപ്പം തിരിച്ചറിയും ന്ന് പേടിച്ചവരൊക്കെ രണ്ടാളും രണ്ടു വഴിക്ക് പോയപ്പോ ശ്വാസം വിട്ടു. പിന്നെ രണ്ടാളും ചങ്ങായിമാരായപ്പൊ മുതല്  ഉള്ളിൽ രണ്ടാളും തിരിച്ചറിയുന്നത് ആലോചിച്ച്‌   പിരിമുറുക്കത്തോടെ ഇരുന്നു.

ഉമ്മറും മൂന്നാലു പെണ്ണുങ്ങളും ഇരിക്കുന്നത് കണ്ടപ്പോ അമ്മമ്മ പറഞ്ഞു. "മതിയെണേ അതൊന്നും നോക്കണ്ട"
'കാലം വല്ലാത്ത കാലം' ന്നുള്ള പാട്ട് പാടി സീമ ഡാൻസ്  തുടങ്ങിയപ്പോ ആയിരുന്നു പിന്നേം വിസിലടിയും ഊയ്യാരവും.
പപ്പുവിനെ കണ്ടപ്പോൾ തന്നെ എല്ലാരും ചിരിച്ചു മറിഞ്ഞു.

'ഇടവേള'ക്ക് പിന്നെയും വിളക്ക് തെളിഞ്ഞു.
'കർള.....കർളേയ്.. കർള.....കർളേയ്..'
 കടല വിൽക്കുന്ന കുട്ടികളുടെ  ഒച്ചയോടൊപ്പം പാട്ടു പുസ്തകം വിളിക്കുന്നവരും
"പാട്ടൂസ്തകം... പാട്ടൂസ്തകം... മരഞ്ചാടി നടന്നൊരു കുരങ്ങൻ.."
'അങ്കക്കുറി'യിലെ പാട്ടുകളും സിനിമയുടെ പകുതി കഥയും പിന്നെ മിനുപ്പുള്ള ചിത്രങ്ങളും ഉള്ള  പാട്ടുപുസ്തകം മോഹിപ്പിക്കുന്നു.
"മോക്ക് വേണോ"
അച്ഛന്റെ ചിരി. നീലചട്ടയുള്ള പാട്ടുപുസ്തകം അച്ഛൻ വാങ്ങി കൈയിൽ വെച്ചു തന്നു.
"അച്ചാ ഇനിക്കോ"
ബാബുവിന്റെ പരിഭവം. അച്ഛൻ രണ്ടാളെയും കൂട്ടി പുറത്തേക്ക് നടന്നു.
ടാക്കീസിന് മുന്നിലെ വണ്ടിപ്പീടികകളിൽ നല്ല തിരക്ക്. രണ്ടാൾക്കും സർബ്ബത് ഒഴിച്ച ഐസൊരച്ചത്.
 "എന്തൊരു തണ്പ്പാച്ചാ.... ന്തൊരു മത് രാ"
ഐസൊരച്ചതിന്റെ രസത്തിൽ അച്ഛനെ നോക്കി ചിരിച്ചു.
ബീഡി വലിച്ചു കൊണ്ട് അച്ഛൻ അലിവോടെയിങ്ങനെ...

ബെല്ലടിച്ചപ്പോൾ ടാക്കീസിലേക്ക് കേറി.
ജയഭാരതിയെ ദുഷ്ടന്മാര് പിടിക്കാൻ പോയപ്പോ എത്ര ആളെയാ ജയൻ ഒറ്റക്ക് അടിച്ചു പായിച്ചത്.  ജയന്റെ പെങ്ങള് തന്നെ ആണെന്നറിഞ്ഞപ്പോൾ ഒന്നൂടെ സന്തോഷം തോന്നി. എന്തൊരു സ്നേഹാണ് അങ്ങളയും പെങ്ങളും. ജയന്റെ കുടി നിർത്തിയത് പോലും പെങ്ങൾ. പാവം .

സുകുമാരൻ ജയഭാരതിയോട് ഉമ്മ ചോദിക്കുമ്പോ എന്തോ നാണം വന്നു തലതിരിച്ച് അമ്മയെ നോക്കി. അന്നേരം കസേരക്കയ്യിൽ  അമ്മയുടെ കൈ അച്ഛന്റെ കൈയിൽ അമർന്നിരുന്നു.

സിനിമ കഴിഞ്ഞിറങ്ങുമ്പോഴും അമ്മമ്മയുടെ കണ്ണീര് നിന്നിട്ടുണ്ടായിരുന്നില്ല. അമ്മയുടെ മുഖവും വാടിയിരുന്നു. എനിക്കും ഉണ്ടായിരുന്നു സങ്കടം. ജയൻ ജയിലിലേക്ക് പോകുമ്പോ കരയുന്ന സീമയുടെ മുഖമായിരുന്നു ഉള്ളിൽ. നെറ്റിയിലെ ചോരകൊണ്ട് സീമക്ക് സിന്ദൂരം ചാർത്തിയ ജയനും. എന്തൊരു സ്നേഹംള്ള മനുഷ്യനാണ്. ഒന്നും പുറത്തു കാണിക്കാതെ...

ചൂട്ട് കത്തിച്ചു വീശി   അച്ഛൻ  മുന്നിൽ നടന്നു. ഇരുട്ടിൽ  വഴിയിലുള്ള വീടുകളിൽ ഒക്കെ ഉറങ്ങിയിരുന്നു
"എടാ... ഒരാളെ കൊന്നാൽ ഒരുപാട് കൊല്ലം ജെയില്ല്ക്കെടക്കണോ"
അമ്മമ്മയുടെ ചോദ്യത്തിന്  അച്ഛൻ ചിരിച്ചു.
"അമ്മക്കെന്തിന്റെ കേടാ... ഇത് സില്മ അല്ലെ അമ്മേ..."
"ഈശ്വരാ.....ഇങ്ങനൊന്നും ആര്ക്കും വരാണ്ട് നിക്കട്ടെ". അച്ഛന്റെ പിന്നിൽ നടന്നുകൊണ്ട് അമ്മമ്മ പ്രാർത്ഥിച്ചു.
"ഏച്യേ... മ്മക്കൊരു കൊരങ്ങനെ പോറ്റണേ....എന്ത് രസായ്‌ക്കും"
ബാബു സ്വകാര്യം പറഞ്ഞു.

 ഞങ്ങളുടെ ഉള്ളിലപ്പോഴും സിനിമാടാക്കീസും സിനിമയിലെ കാഴ്ചകളും തന്നെയായിരുന്നു.

ആകാശത്ത് പപ്പടവട്ടത്തിൽ അമ്പിളി ചിരിച്ചു നിന്നു. കൊയ്ത്തുകഴിഞ്ഞ   വയലിൽ പരന്നൊഴുകിയ നിലാവെളിച്ചത്തിൽ,  മണ്ണട്ടകൾ കരയുന്ന  വരമ്പത്തൂടെ   ഞങ്ങൾ നടന്നു. ദൂരെ വയൽക്കരയിൽ ഒരു കുഞ്ഞോലപ്പുര ഇരുട്ടിൽ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു.

നിലാവ് വിരിച്ച  ആകാശക്കുടയുടെ ചോട്ടിൽ ഓലച്ചൂട്ട് ആഞ്ഞുവീശി വയൽ വരമ്പിലൂടെ ഒരു കുടുംബം മുന്നോട്ട് നീങ്ങി. ഏതോ സിനിമയുടെ സന്തോഷം നിറഞ്ഞ അവസാന ദൃശ്യം പോലെ.....

അവൾ വെറുമൊരു ശരീരം മാത്രമാണ്


പതിനാലു സെക്കന്റിൽ കൂടുതൽ ഒരു പെൺകുട്ടിയെ തറപ്പിച്ചു നോക്കിയാൽ പോലും കേസെടുക്കാൻ വകുപ്പുള്ള, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അത്രയേറെ ശുഷ്കാന്തിയുള്ള ഒരു നാടാണെങ്കിലും പെണ്ണിന് നേരെയുള്ള കൈയേറ്റം ഓരോ ദിവസവും കൂടി വരികയല്ലാതെ കുറയുന്നില്ല എന്നതിൽ വലിയ അതിശയമൊന്നും ഇല്ല.

സിനിമാനടി ആണെങ്കിലും തെരുവിൽ ഉറങ്ങുന്ന പിച്ചക്കാരി ആണെങ്കിലും ഒറ്റക്കായിപ്പോകുന്ന ഒരു പെണ്ണിനെ കയറിപ്പിടിക്കാനും എന്തും ചെയ്യാനും ഉള്ള അധികാരം തങ്ങൾക്കുണ്ട് എന്ന ആണധികാരത്തിന്റെ മുഷ്‌ക് യാതൊരു മറയും ഇല്ലാതെ പ്രകടിപ്പിക്കുന്നൊരു നാടാണിത്.  കാലവും.

തന്നെ ആക്രമിച്ചു എന്നൊരു പെണ്ണ് നിലവിളിക്കുമ്പോഴും അതിന്റെ പിന്നിലെ ദുരൂഹത തിരയുവാനും, അസമയത്ത് പുറത്തിറങ്ങുന്ന പെണ്ണിനെ ഉപദേശിക്കാനും  അവളുടെ വസ്ത്രധാരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടാനും ചുരുക്കിപ്പറഞ്ഞാൽ അവൾ ഇതൊക്കെ അർഹിക്കുന്നു എന്ന് വരുത്തിത്തീർക്കാനും ആണ് പൊതുവെ  ഉത്സാഹം. പെണ്ണിനെ 'നിലക്ക്നിർത്താൻ' സദാചാരവും മതവും ഒക്കെ കൂട്ടുപിടിക്കാനും നമ്മൾ ബഹു സമർത്ഥരാണ്.

അടക്കവും ഒതുക്കവും കരുതലും ഒക്കെ വേണം പെണ്ണിന് എന്ന് നേരെയും  പരോക്ഷവുമായൊക്കെ പെണ്ണിനെ നിരന്തരം ഉപദേശിച്ചു കൊണ്ടിരിക്കുന്നത് പെണ്ണിന്റെ സുരക്ഷയോർത്താണ്. ആരിൽ നിന്നാണ് സുരക്ഷ. വന്യജീവികളിൽ നിന്നല്ല, മറ്റൊരു പെണ്ണിൽ നിന്നും അല്ല. ഉപദേശികളും സംരക്ഷകരും ആയി മുന്നിൽ നിൽക്കുന്ന സാക്ഷാൽ പുരുഷന്മാരുടെ ഉപദ്രവത്തിൽ നിന്നുള്ള സുരക്ഷക്ക് വേണ്ടിയാണ് പെണ്ണ് പാലിക്കേണ്ട ചിട്ടകളെ കുറിച്ച്  നിരന്തരമായി ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നത് നല്ല കോമഡിയല്ലേ😊

നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ടായിട്ടും വീടകങ്ങളിൽ ഉറ്റ ബന്ധുക്കളാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ പുറം ലോകവുമായൊരു ബന്ധവും ഇല്ലാത്ത  'നിർഭയ ഹോം' എന്ന പേരിലൊരു 'തടവറ'യിലേക്ക് ആയുഷ്കാലം  മാറ്റിപ്പാർപ്പിച്ചു കൊണ്ട് സുരക്ഷ ഉറപ്പാക്കുകയും, പ്രതികൾ സർവ്വതന്ത്ര സ്വതന്ത്രരായി സമൂഹത്തിൽ വിഹരിക്കുകയും ചെയ്യുന്ന നമ്മുടെ 'മധുര മനോജ്ഞ' നാട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിൽ എന്താണ് അത്ഭുതം.

വിനീതവിധേയരായി നിൽക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പറയുകയും പൊതു സമൂഹത്തിൽ ഇടപെടുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്ന പെണ്ണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു ചുവട്ടിൽ പോയി 'ഭാവശുദ്ധി' ഉപദേശിക്കുന്ന അണ്ണന്മാരെ കണ്ടിട്ടില്ലേ. മോളെ എന്നും നീ എന്നും പെണ്ണേ എന്നും എടീ എന്നും തുടങ്ങുന്ന ഭാഷയിൽ ആണാധികാരത്തിന്റെ മുഷ്‌കോടെ  ഉപദേശിക്കാനും ശാസിക്കാനും ഇറങ്ങുന്നവർ. കൂട്ടം കൂടി ഒച്ചവെച്ചു ഒരുപെണ്ണിനെ നിശ്ശബ്ദയാക്കുക എന്നതാണ് ഇവരുടെ ആണത്തം.  ഇങ്ങനെ പെണ്ണിനെ ഒതുക്കുവാൻ നടക്കുന്ന അതേ മനോഭാവം തന്നെയാണ് ശാരീരികമായി കീഴ്പ്പെടുത്താൻ നടക്കുന്നവരിലും ഉള്ളത് എന്ന് ഓർക്കുക.

പണ്ടൊക്കെ നാട്ടുംപുറത്തെ  പാവം പെണ്ണുങ്ങളെ മസിൽപവർ കൊണ്ട്  കീഴ്പ്പെടുത്തിയ നാടൻ ചട്ടമ്പിമാരുടെ അതേ അഹങ്കാരവും    മനോഭാവവും  തന്നെയാണ്
സായിപ്പിന്റെ ഭാഷയിൽ ഒഴുക്കോടെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും ഇട്ട് സെൽഫി ഇട്ട് കളിക്കുന്ന ഫേസ്‌ബുക്ക് ബ്രോ കളും കൊണ്ട് നടക്കുന്നത്. സർവ്വപെണ്ണുങ്ങളും തങ്ങളുടെ അധികാരത്തിന്റെ കീഴിലാണ് എന്ന മട്ടിലുള്ള  ധാർഷ്ട്യം. സദാചാരബോധവും മതശാസനകളും ഒക്കെ അവരുടെ കാഴ്ചപ്പാടിൽ  പെണ്ണിന്റെ കാര്യത്തിൽ മാത്രം ബാധകമായൊരു സംഗതിയാണ്.

ഈ ഒരു മനോഭാവം തന്നെയാണ് പൊതു ഇടങ്ങളിലും പെണ്ണിനോട് കാണിക്കുന്നത്. തങ്ങളുടെ ചിട്ടകൾക്ക് അപ്പുറം ജീവിക്കുന്ന ഒരു പെണ്ണിനെ പരസ്യമായും ആക്രമിക്കാൻ തങ്ങൾക്ക് അവകാശമുണ്ട് എന്നിടത്തോളം അത് വളർന്നിരിക്കുന്നു. സദാചാര ഗുണ്ടായിസവും സിനിമാനടിയെ അക്രമിക്കലും ഒക്കെ ഈ ഒരു ധാർഷ്ട്യത്തിന്റെ ഭാഗമാണ്. എന്ത് ചെയ്താലും ആളുകൾ അറിഞ്ഞാൽ മാനം നഷ്ടപ്പെടും എന്നത് കൊണ്ട് ഒരുപെണ്ണും പുറത്തു മിണ്ടില്ല എന്ന ധൈര്യം. അവളുടെ വേണ്ടപ്പെട്ടവർ തന്നെ പുറത്തറിയാതെ നോക്കും എന്ന ഉറപ്പ്.

'ഇനി ഒരു പെണ്ണിന്റെ നേരെ നിന്റെ കൈ ഉയർന്നാൽ ഞാനങ്ങു മൂക്കിൽ വലിച്ചുകളയും' എന്നൊക്കെ പഞ്ച് ഡയലോഗ് അടിക്കുന്ന സൂപ്പർതാരങ്ങളൊന്നും കൂട്ടത്തിൽ ഒരു പെൺകുട്ടിയെ നടുറോട്ടിൽ മാനം കെടുത്താൻ നോക്കിയ വാർത്ത അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത്  കണ്ടിട്ടും,  ഇനിയും അവർ ഇമ്മാതിരി വീരപരിവേഷവുമായി മുന്നിൽ വരുമ്പോൾ നമുക്ക് കൈയടിക്കാം.
ഇതൊക്കെയാണ് മലയാളി എന്നത് കൊണ്ടുതന്നെ നമ്മുടെ പെണ്മക്കളുടെ മേൽ ഇനിയും കൈ വെക്കാൻ ആളുണ്ടാകും. അപ്പോഴും നമുക്ക് പെൺകുട്ടികളുടെ അടക്കത്തെയും ഒതുക്കത്തെയും കുറിച്ച് മാത്രം ചർച്ച ചെയ്യാം.

അവൾ സിനിമാനടി ആയാലും ശാസ്ത്രജ്ഞ ആയാലും എഴുത്തുകാരി ആയാലും രാഷ്ട്രീയക്കാരി ആയാലും കായികതാരം ആയാലും ആണിന്റെ  കണ്ണിൽ അവൾ വെറുമൊരു ശരീരം മാത്രമാണ് എന്നതാണ് സത്യം.  വേട്ടക്കാരനും സംരക്ഷകനും ചിന്തിക്കുന്നത്  ആ ഒരേ രീതിയിൽ ആയിപ്പോകുന്നു  എന്നതാണ് പെണ്ണിന്റെ ദുരന്തം. അതിനും അപ്പുറം അവളുടെ വ്യക്തിത്വം... ഓ.....പെണ്ണിന് വ്യക്തിത്വമോ......നിങ്ങളെന്തൊരു പഴഞ്ചനാണ് ഹേ.
2017 feb 19 fb

Fb പെങ്ങന്മാർക്ക് നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കാൻ നടക്കുന്ന ആങ്ങളമാരോട്.

2016 dec 14 fb

ഫേസ്ബുക്കിലുള്ള മാപ്പിളപ്പെണ്ണിനെ തട്ടമിടീക്കാനും തുണിയുടുപ്പിക്കാനും ദീൻ പഠിപ്പിക്കാനും നടക്കുന്ന കുറെ  'ഫേസ്‌ബുക്ക് ദീനി'കളുണ്ട്.

കണ്ട പെണ്ണിന്റെയൊക്കെ പോസ്റ്റിന്റെ ചോട്ടിൽ പോയി ഓൾക്ക് സ്വർഗ്ഗവും നരകവും വിധിക്കാൻ നിങ്ങളൊക്കെ   ആരാണെന്നാ വിചാരം.  നാലണയുടെ ഒരു ഫോണും നെറ്റും ഉണ്ടെങ്കിൽ ഫത്‌വ ഇറക്കാൻ നടക്കുന്ന കുറെ ഉണ്ണാക്കന്മാര്.

സമുദായത്തിലെ പെങ്ങന്മാരുടെ  കാര്യത്തിൽ അത്ര വലിയ ഉത്കണ്ഠയും വേദനയും ഉണ്ടെങ്കിൽ ഒന്ന് പുറത്തേക്കിറങ്ങി ചുറ്റും നോക്ക്. Fb യിലെ പെണ്ണിന്റെ തുണി നീങ്ങിപ്പോയത് മാത്രം കണ്ടാൽ പോരാ. ഉടുതുണിക്ക്  മറുതുണിയില്ലാത്ത  കുഞ്ഞുങ്ങളെ  പോറ്റാൻ, സ്വന്തം ഉടുതുണി അഴിക്കേണ്ടി വരുന്ന ഗതികെട്ട പെങ്ങന്മാർ ഒരുപാടുണ്ട് ഇന്നും ഈ സമുദായത്തിൽ. ചെല്ലെടോ ദുനിയാവ് തന്നെ നരകം പോലെ ആയിപ്പോയ  അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ട് സ്വർഗ്ഗം കിട്ടുമോ എന്ന് നോക്ക് അവർക്കും നിങ്ങൾക്കും. അല്ലാതെ fb യിലെ പെണ്ണിന്റെ ഇൻബോക്സിൽ ചെന്നതിന്റെ ജാള്യം തീർക്കാൻ നിങ്ങൾക്കൊക്കെ  കളിക്കാനുള്ളതല്ല ദീൻ.

വാട്സാപ്പിലും യൂട്യുബിലും ദീൻ പഠിച്ച നിനക്കൊക്കെ  അറിയുമോ നാട്ടിലും വിദേശത്തുമൊക്കെ മത പഠശാലകളിൽ പഠിച്ച തഖ്‌വയുള്ള   ചെറുപ്പക്കാരടക്കം, മതബോധമുള്ള ഒരുപാട് പേരുണ്ട്  നിങ്ങളെപ്പോലെ ഫേസ്‌ബുക്കിൽ. അവരൊന്നും ഏതെങ്കിലും പെണ്ണിന്റെ പോസ്റ്റിനു ചോട്ടിൽ പോയിരുന്ന്‌  നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുകയല്ല.  വായിക്കാനും എഴുതാനും ചിന്തിക്കാനും മാന്യമായി സംവദിക്കാനുമാണ് ഈ ഇടം ഉപയോഗിക്കുന്നത്. നിങ്ങളുടെയൊക്കെ  'സെപ്റ്റിക് ടാങ്ക് സംസ്കാരം' കൊണ്ട് നാണം കെടേണ്ടി വരുന്നത് ഒരു സമുദായം മൊത്തമാണ്.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് ഇമ്മാതിരി കോപ്രായവുമായി fb യിലും വാട്സാപ്പിലും നിരങ്ങുന്നതിൽ ഏറെയും എന്നതാണ് ഏറെ ലജ്ജിപ്പിക്കുന്നത്. പെണ്ണ് എന്നാൽ വെറും കാമോപകരണം മാത്രമല്ലെന്നും ചിന്തയും സർഗ്ഗശേഷിയും കഴിവും വ്യക്തിത്വവും ഉള്ള മനുഷ്യർ തന്നെയാണ് എന്നും മനസ്സിലാക്കാനുള്ള ബോധവും വിവേകവും സംസ്കാരവും ഇല്ലെങ്കിൽ നീയൊക്കെ പഠിച്ച വിദ്യാഭ്യാസം കൊണ്ട് എന്ത് നേട്ടമാണെടോ ഉണ്ടായത്. ഇത്തിരിയെങ്കിലും സാമാന്യബോധം ഉണ്ടെങ്കിൽ ചിന്തിച്ചു നോക്ക്. ആരാന്റെ പെണ്ണിന്റെ ഔറത്തിൽ അല്ല ദീൻ. ഔറത്ത് മറക്കാൻ പോലും ഗതിയില്ലാത്ത വരെ കുറിച്ച് ചിന്തിക്കാനും ഉത്ക്കണ്ഠപ്പെടാനും കഴിയുന്നതാണ് മതബോധവും മാനവിക ബോധവും....... ആരോട് പറയാൻ.

സെൻട്രൽ ജയിലിനു മുന്നിലെ മൈതാനത്ത്‌...


തുള വീണ ചൂടുകുപ്പായമിട്ട്    ശൂന്യതയിലേക്ക് നോക്കി  കൂനിക്കൂടിയിരിക്കുന്ന  ആ   വൃദ്ധന്മാരുടെ കൂട്ടത്തിലെവിടെയോ  വെള്ളായിയപ്പനും* ഉണ്ടെന്ന് തോന്നും.   പാഴുതറ എന്ന  കുഗ്രാമത്തിൽ നിന്ന് ദൂരെ നഗരത്തിലെ ജയിലിൽ കഴിയുന്ന മകനെ അവസാനമായി കാണാൻ പൊതിച്ചോറുമായി  പുറപ്പെട്ട വെള്ളായിയപ്പൻ.

ഇരുപത്തിയഞ്ചു കൊല്ലം മുമ്പത്തെ ബാംഗ്ലൂർ ജീവിതകാലത്ത്‌ മെജസ്റ്റിക്കിൽ നിന്ന് മുരുഗേഷ് പാളയത്തെക്കുള്ള യാത്രയിൽ ഇടക്കൊക്കെ ബസ്സ് ബാംഗ്ലൂർ സെൻട്രൽ ജയിലിനു മുന്നിലൂടെ കടന്നു പോരുമ്പോൾ ഉള്ളിൽ കൊളുത്തിപ്പോയ ചില കാഴ്ചകൾ ഇപ്പോഴും മായാതെ.....

സെൻട്രൽ ജയിലിനു മുന്നിലെ ചെറിയ മൈതാനത്ത്‌ അങ്ങിങ്ങായി ചിതറിയിരിക്കുന്ന ആൾക്കൂട്ടങ്ങൾ. വൃദ്ധന്മാരും സ്ത്രീകളും കുട്ടികളും. ജയിലിൽ കിടക്കുന്ന തങ്ങളുടെ ഉറ്റവരെ കാണാൻ വന്നവർ.  ദൂരെ കോലാറിലോ   ഹൊസ്കോട്ടോ   ഒക്കെയുള്ള  കുഗ്രാമങ്ങളിൽ നിന്നും എത്തിയ    മുഷിഞ്ഞ വസ്ത്രങ്ങളും ഉണങ്ങിയ ശരീരങ്ങളുമുള്ള  തനി ഗ്രാമീണർ.

 എന്തോ ആലോചനയിൽ വെറും മണ്ണിൽ ഒക്കിച്ച്‌ ഇരിക്കുന്ന പുരുഷന്മാരും,  പുതിയ കൂട്ടുകാരോടൊപ്പം ഓടിക്കളിക്കുന്ന കുട്ടികളും, ആ ചെറിയ മൈതാനത്തിന്റെ മൂലകളിൽ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്ന, അവരോടൊപ്പമുള്ള സ്ത്രീകളും. തലേന്ന് രാത്രിയിലോ പുലർച്ചയോ  നഗരത്തിലേക്ക്  പുറപ്പെട്ടവർ.  ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ മാത്രം പണമില്ലാത്തത് കൊണ്ടോ എപ്പോഴാണ് തങ്ങളുടെ ഊഴമെത്തുക എന്ന്  അറിയാത്തത് കൊണ്ടോ ആകാം പാചകം  അവിടെത്തന്നെ ആക്കിയത്. ഇനി   ചിലപ്പോൾ ദിവസങ്ങളോളം ആ മൈതാനത്ത്‌  കാത്തുകെട്ടി കിടക്കേണ്ടി വന്നവരാകുമോ?

എന്ത് കുറ്റം ചെയ്തിട്ടാവാം ഇവർക്ക് പ്രിയപ്പെട്ടൊരാൾ ഈ ജയിലിൽ എത്തിപ്പെട്ടിട്ടുണ്ടാകുക. കള്ളനോ കൊലപാതകിയോ പിടിച്ചുപറിക്കാരനോ വിപ്ലവകാരിയോ.....  ദൂരെ ദൂരെ ഗ്രാമത്തിൽ നിന്ന് ജീവിതം തേടി നഗരത്തിലെത്തിയ  അയാളെ ജയിൽ പുസ്തകങ്ങളിൽ എന്ത് പേരിലായിരിക്കും അടയാളപ്പെടുത്തിയിട്ടുണ്ടാവുക. വിശപ്പും കാമവും സാമൂഹിക അസമത്വവുമൊക്കെ എളുപ്പവഴിയിൽ ക്രിയ ചെയ്യാനൊരുങ്ങിയ അയാൾ എങ്ങനെയായിരിക്കും ജീവിത പരീക്ഷയിൽ തോറ്റു ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവുക.

അത്രക്ക് നിർഭാഗ്യവനല്ലാത്തത് കൊണ്ടാണല്ലോ അയാളെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാരൊക്കെയോ അയാളെ തേടിയെത്തിയത്. ഒന്ന് കാണാനും  മിണ്ടാനും......   തങ്ങളനുഭവിക്കുന്ന വേദനകളൊക്കെയും മറന്നുകൊണ്ട്.

അയാൾ   കാരണം എത്ര അപമാനപ്പെട്ടായിരിക്കും അവർ ഗ്രാമങ്ങളിൽ കഴിയുന്നുണ്ടാവുക. ഒറ്റയടിക്ക്  അഭിമാനങ്ങളൊക്കെ ഉരിഞ്ഞുപോയ അവർ ഏത് ഒറ്റപ്പെടലിന്റെ തുരുത്തിലായിരിക്കും ഒളിച്ചിരിക്കുന്നത്.  നാട്ടുകാരണവന്മാരുടെ കൂട്ടത്തിൽ ആൽച്ചോട്ടിലിരുന്നു ന്യായം പറയാൻ ആ വൃദ്ധനൊരു അവകാശവുമുണ്ടാകില്ല പിന്നീട്. കല്യാണവീട്ടിൽ  കടുംചേല ചുറ്റി വെറ്റില മുറുക്കിയിരുന്ന്‌ ചെറുപ്പക്കാരികളെ ശാസിക്കാൻ ആ അമ്മക്ക് കഴിയില്ല. അയാളുടെ ഭാര്യ നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ കേട്ട് ഒരു മരപ്പാവയെപ്പോലെ നിശ്ശബ്ദയായി പ്പോയിട്ടുണ്ടാകും. ആ കുഞ്ഞുങ്ങൾ സഹപാഠികളുടെയും അധ്യാപകരുടെയും കളിയാക്കലുകലും നാട്ടുകാരുടെ പരിഹാസവും എന്തിനെന്നറിയാതെ നിഷ്കളങ്കമായി....

എന്നിട്ടും  ഉൾക്കടച്ചിൽ താങ്ങാനാവാത്ത  ഒരു നാൾ    അവർ നഗരത്തിലേക്ക് പുറപ്പെടുന്നു.  ഇരുട്ട് വീണ ഗ്രാമത്തിൽ നിന്നും ആരുടേയും കണ്ണിൽ പെടല്ലേ എന്ന പ്രാർത്ഥനയോടെ മാട്ടുവണ്ടിയും ബസ്സും മാറി മാറിക്കയറി ദൂരെ ദൂരെ നഗരത്തിലെ ജയിലിൽ കഴിയുന്ന ഉറ്റവനെ കാണാൻ.

മടുപ്പിന്റെ  കരിങ്കൽചുവരുകൾക്കുള്ളിലെ ഇരുമ്പഴികളിൽ മുളവടി കൊണ്ട് തട്ടിക്കൊണ്ട്   "ഏയ് നിമഗെ വിസിറ്റേഴ്‌സ് ഇതിയെ" എന്ന പോലീസുകാരന്റെ വാക്കുകൾ അയാളെ  ഭൂമിയിലേക്ക് വലിച്ചെറിയും. പിടഞ്ഞു ചെല്ലുമ്പോൾ ഇരുമ്പുവലക്കപ്പുറത്ത്‌    തന്റെ പ്രിയപ്പെട്ടവരുടെ കണ്ണീരോ ചിരിയോ എന്നറിയാത്ത മുഖങ്ങളിലേക്ക് നോക്കി അയാൾ.........

ശാസനയും വാത്സല്യവും പ്രണയവും ആദരവും ..... അതല്ലെങ്കിൽ സങ്കടം കല്ലിച്ച മരവിപ്പാകുമോ ആ മുഖങ്ങളിൽ. വിരലുകൾ കൊണ്ട് ഒന്ന് തൊടാൻ.... സ്പർശനം കൊണ്ട് കൂടെയുണ്ടെന്ന്‌....ഒറ്റക്കായിപ്പോയില്ലെന്ന്‌....

കാലമെത്ര കഴിഞ്ഞാലും ചില കാഴ്ചകൾ ഉള്ളിൽ നീറ്റലായി നിൽക്കും. ഒറ്റയടിക്ക് തകിടം മറിഞ്ഞു പോകുന്ന നിസ്സാരമായ ചില ജീവിതങ്ങളുടെ നിസ്സഹായാവസ്ഥ. എങ്കിലും  ഈ കാഴ്ചയിൽ ഒരു തണുവുണ്ട്.  ഏതു കൊടുമയിലും  അദൃശ്യമായൊരു  സ്നേഹനൂൽ  കൊണ്ട് ചേർത്തുപിടിക്കാൻ  പ്രിയപ്പെട്ടവർ ഉണ്ടാകുക എന്നത് എത്ര വലിയ ഭാഗ്യമാണ്.
______________________
*വെള്ളായിയപ്പൻ- ഓ വി വിജയന്റെ  'കടൽത്തീരത്ത്‌' എന്ന കഥയിലെ അച്ഛൻ.

ഈ ദൈന്യത ആരെങ്കിലും അറിയുന്നുണ്ടോ


"ഡോക്ടർ പോവുന്നേന് മുമ്പ് ഒന്ന്‌ വേം തരണേ.......ഓനൊറ്റക്കാ.... ന്റെ കൂടെ വേറെ ആരും ഇല്ല"
ആ പാതിരാവിൽ   മെഡിക്കൽ ഷോപ്പുകാരൻ    മരുന്നെടുത്തു കൊടുക്കാൻ  നേരം വൈകുംതോറും ഒപ്പമുള്ള രോഗിയെ ഓർത്താവണം  അയാൾ പരിഭ്രാന്തനായും തളർന്നും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.

ആ പാതിരാക്ക്   മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഒരു രോഗിയുമായി ചെന്നതായിരുന്നു ഞാനും. കുറിച്ച് തന്ന അഞ്ചു മരുന്നുകളിൽ ഒരെണ്ണം മാത്രമാണ് കാഷ്വാലിറ്റിയിലെ ഫാർമസിയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളത് വാങ്ങാനാണ് പുറത്തേ മെഡിക്കൽ ഷോപ്പിലേക്ക് പോന്നത്. എന്റെ മുന്നിൽ നിന്നിരുന്ന അയാൾ  1700 രൂപക്ക്  എന്തോ സർജറിക്കുള്ള മരുന്നുകളും അനുബന്ധ സാധനങ്ങളും  വാങ്ങി  ധൃതിപ്പെട്ടുകൊണ്ട്    പോയി.

ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരിക്കില്ല. പകലായാലും രാത്രി ആയാലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുന്നവർക്ക് മരുന്നും  ശാസ്ത്രക്രിയാവശ്യത്തിനുള്ള സംഗതികളും  ഒക്കെ പുറത്തുപോയി വാങ്ങിക്കേണ്ടി വരിക എന്നത് ചെറിയ പ്രയാസമല്ല.

സർക്കാരാശുപത്രികളിൽ മരുന്ന് സൗജന്യമാണ്  എന്നാണ് വെപ്പെങ്കിലും  വളരെ കുറഞ്ഞ മരുന്നുകൾ മാത്രമേ  ഉണ്ടാവാറുള്ളൂ. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ആയതുകൊണ്ട് ഇക്കാര്യത്തിലുള്ള അലംഭാവം  മനസ്സിലാക്കാം. അത് കൊണ്ട് തന്നെ മിക്കവാറും മരുന്നുകൾ കാശ് കൊടുത്തു പുറത്തു നിന്ന് വാങ്ങാൻ നിർബന്ധിതമാവുകയാണ് പൊതുജനം.  അങ്ങനെയെങ്കിൽ പണം  കൊടുത്തു മരുന്ന് വാങ്ങാനുള്ള  സൗകര്യം കാഷ്വാലിറ്റിയോട് അനുബന്ധിച്ചു തന്നെ സർക്കാരിന് ഏർപ്പെടുത്തിക്കൂടെ. ഏതായാലും കാശ് കൊടുത്തു  വാങ്ങണം. എന്നാൽ  പുറത്തു പോയി മരുന്നിനായി അലയേണ്ടി വരിക  എന്ന ബുദ്ധിമുട്ടെങ്കിലും ഒഴിവാക്കിക്കൂടെ?.

പെട്ടെന്നൊരു അസുഖമോ അപകടമോ ആയി   മെഡിക്കൽ കോളേജിലേക്ക് ഓടിയെത്തുമ്പോൾ   രോഗിയുടെ  കൂടെ ഉണ്ടാകുക  പലപ്പോഴും ഉറ്റ ആരെങ്കിലും ഒരാളായിരിക്കും. ചിലപ്പോഴത് അമ്മയോ ഭാര്യയോ അങ്ങനെ സ്ത്രീകൾ ആരെങ്കിലും മാത്രമാവാം.

തളർന്നവശനായ രോഗിയെ ഒറ്റക്കാക്കി നിരത്തു മുറിച്ചു കടന്ന് മരുന്നുകൾ വാങ്ങി വരേണ്ടി വരിക എന്നത് ചില്ലറ പ്രയാസമല്ല. പനിച്ചു തളർന്ന മോനുമായി വരുന്ന ഒരമ്മക്ക്.....അവശയായ ഭാര്യയോടൊപ്പം വന്നൊരു ഭർത്താവിന്.....ആലോചിച്ചു നോക്കൂ ഈ അവസ്ഥയിൽ ഇവരെ ഒറ്റക്ക് വിട്ട് മരുന്നുവാങ്ങാനായി അലയേണ്ടി വരുന്ന അവസ്ഥ എത്ര സങ്കടകരമാണ്.

പകലായാലും പാതിരയായാലും  മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഒരുപോലെ തിരക്കാണ്. രോഗികളുമായി ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ,  സ്‌ട്രെക്ച്ചറിലോ വീൽ ചെയറിലോ നടത്തിയോ രോഗിയുമായി ധൃതിപ്പെട്ട് ഉള്ളിലേക്ക് പോകുന്നവർ,   കാഷ്വാലിറ്റി വാർഡിലെ കട്ടിലുകളിൽ തലങ്ങും വിലങ്ങും കിടക്കുന്നവർ, കൂടി നിൽക്കുന്ന ആൾക്കൂട്ടം........നമ്മുടെ അഹങ്കാരങ്ങളൊക്കെയും ഒറ്റയടിക്ക് ഇല്ലാതാക്കുന്ന നിസ്സഹായതയുടെയും ദൈന്യതയുടെയും കാഴ്ചകളാണവിടം.

ആരും ആശുപത്രികളിൽ  സ്ഥിരമായി വരുന്നവരല്ല. എന്ത് ചെയ്യണം എന്നൊരു രൂപവുമില്ലാതെ പരിഭ്രാന്തരായി നിൽക്കുമ്പോഴാണ് ഒറ്റക്കായിപ്പോകുന്നതിന്റെ  സങ്കടം വല്ലാതെ അനുഭവിക്കുക.  തന്റെ കുഞ്ഞിനെ/അമ്മയെ/ഭാര്യയെ/ഭർത്താവിനെ.... ആരെ ഏല്പിച്ചാണ് എങ്ങോട്ട് പോയാണ്  താൻ ഇതൊക്കെ ചെയ്യേണ്ടത് എന്ന നിസ്സഹായാവസ്ഥയിൽ  മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ നിൽക്കേണ്ടി വരുന്ന   അവസ്ഥ ഒന്ന്  ഓർത്തു നോക്കുക. 

സർക്കാരിന്റെ നീതി മെഡിക്കൽ സ്റ്റോർ പോലെയോ അല്ലാതെയോ കാഷ്വാലിറ്റിയോടാനുബന്ധിച്ച്‌  സർക്കാരിന്റെ തന്നെ ഫാർമസി എല്ലാ സൗകര്യങ്ങളോടെയും ഉണ്ടാവുകയാണെങ്കിൽ അത് ഏറ്റവും വലിയ അനുഗ്രഹമായിരിക്കും. ഫലത്തിൽ ഇപ്പോൾ  അഹുഭൂരിപക്ഷം ആളുകളും മരുന്നുകൾ പുറത്തു പോയി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ  ഏട്ടിലെഴുതിയ കാര്യങ്ങളിലെ ചില ശാഠ്യങ്ങൾ മാറ്റിവെച്ചു പ്രായോഗികമായ ചിന്തകൾ അല്ലെ പൊതുജനങ്ങൾക്ക് ഗുണകരമാവുക.

Tuesday, October 31, 2017

അച്ഛൻ

2016 ഒക്ടോബർ 25 ന് fb യിൽ പോസ്റ്റ് ചെയ്തത്

പീടികപൂട്ടാൻ അവസാന നിരപ്പലകയും ഇടുമ്പോഴാണ് മിക്കവാറും അയാൾ എത്തുക. ദൂരെ എവിടെയോ പണിക്ക് പോയി വരുന്ന വഴിയാണ്.
"അയ്മ്പത്‌ ചായപ്പൊടി, ഇരുനൂറ് പഞ്ചാര, ഇരുനൂറ്റയ്മ്പത് അവില്, ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും ഒരു മെയ്ത്തിരിയും"
  പിന്നെ മറക്കാതെ പൊതിഞ്ഞു വാങ്ങും അഞ്ചാറ് കടലമുട്ടായിയോ നൂറ്‌ കൂന്തിയോ. സാധനങ്ങൾ കയ്യിലെ സഞ്ചിയിലിട്ട്  കടലാസിൽ ചുരുട്ടിയ മെഴുകുതിരി കത്തിച്ച്‌ ഇരുട്ടിലൂടെ അയാളങ്ങു നടന്നുപോകും.

മണ്ണട്ടയും പേക്കാംതവളയും കരയുന്ന വയൽ വരമ്പിലൂടെ നീങ്ങി വരുന്ന മെഴുകുതിരി വെളിച്ചം  അടുത്തടുത്തെത്തുന്നത്  ഉറങ്ങാതെ നോക്കിയിരിക്കുന്നുണ്ടാകും   കുഞ്ഞിക്കണ്ണുകൾ. കോണിക്കല്ല് കയറുന്ന ചെരിപ്പിന്റെ ഒച്ച കേൾക്കുമ്പോഴേ അവർ കോലായിൽ നിന്നിറങ്ങി മുറ്റത്തെത്തും. 

"അച്ഛനിങ്ങ്‌ കേറിക്കോട്ടെടാ" എന്നും "ഒന്നടങ്ങി   നിക്ക് പെണ്ണേ" എന്നും  സഞ്ചി വാങ്ങുമ്പോൾ അമ്മ ശാസിക്കുന്നത് വകവെക്കാതെ  ഉള്ളിലെ പൊതി കിട്ടാനുള്ള  തിടുക്കമായിരിക്കും. അതൊക്കെയും ചെറിയൊരു ചിരിയോടെ  നോക്കി നിൽക്കും അയാൾ.

മുണ്ടും കുപ്പായവും അഴിച്ച്‌ അയയിലിട്ട് തോർത്തുമുടുത്ത്‌ ഉമ്മറത്തിരുന്ന് ബീഡി വലിക്കുന്ന  അച്ഛനോട് കയ്യിലുള്ള കൂന്തിയോ കടലമുട്ടായിയോ  രുചിയോടെ തിന്നുകൊണ്ട്  പറയാൻ എമ്പാടും വിശേഷങ്ങളുണ്ടാകും.

"അച്ഛാ....നാളെ സാഹിത്യ സമാജത്തിന്‌ ഞാൻ പദ്യം ചൊല്ലാനുണ്ട് "
"അച്ഛാ..... നാളെ നിക്കൊരു നൂറു പേജിന്റെ വരയുള്ള നോട്ട് ബുക്ക് വേണേ"
ഒരു പകലിന്റെ മടുപ്പും ഒറ്റപ്പെടലും   പൊളിച്ചു കളഞ്ഞ്‌   അയാൾക്ക് ചുറ്റും സന്തോഷങ്ങൾ   ചിറക് വെച്ച് പറക്കാൻ തുടങ്ങും.

"ഇങ്ങള് കുട്ട്യേളെ വാർത്താനോം കേട്ടിരിക്യാ... വേം കുളിക്ക് ഞാൻ ചോറ് വെളമ്പട്ടെ"
കിണറ്റിൻ കരയിൽ നിലാവ് വീണു കിടക്കുന്നുണ്ടാകും. കിണറിന്റെ ആഴത്തിലേക്ക് ഇറങ്ങി പൊന്തിവരുന്ന  കൊട്ടക്കോരിയിൽ നിന്ന് അമ്പിളി തുളുമ്പി ചിരിക്കും. 
ഒരു പകലിന്റെ ക്ഷീണവും തളർച്ചയും സങ്കടങ്ങളുമൊക്കെ ഓരോ തൊട്ടി വെള്ളത്തിലുമായി ഒഴുകിപ്പോകും.

കുളിച്ചു തോർത്തി വരുമ്പോഴേക്കും മക്കൾ ഉറങ്ങിയിട്ടുണ്ടാകും. പുലർച്ചെ പണിക്ക് പോകുമ്പോഴും അവർ ഉണർന്നിട്ടുണ്ടാവില്ല. കാത്തിരുന്ന് കാത്തിരുന്ന്  രാത്രി   ഇത്തിരി നേരം കിട്ടുന്ന അച്ഛനോട് കിന്നാരവും പരിഭവവും ആവലാതിയും സന്തോഷവുമൊക്കെ പങ്കുവെച്ച ആഹ്ലാദത്തോടെ അവർ.....

 ചിമ്മിണികുപ്പിയുടെ  തിരി നീട്ടിവെച്ച്‌ അയാൾക്ക് ചോറും കറിയും വിളമ്പിക്കൊടുക്കുമ്പോൾ കുട്ടികളുടെ അമ്മ  പറയുന്നുണ്ടാകും പകലിന്റെ വിശേഷങ്ങളും    മക്കളുടെ വർത്തമാനങ്ങളും......

വിളക്ക് കെടുത്തിയാൽ ജാലകത്തിനപ്പുറം കാത്തു നിന്ന നിലാവ് മുറിയിലേക്ക് ഓടിക്കയറും. മധുരം നുണഞ്ഞ മുഖത്തോടെ ഉറങ്ങുന്ന മക്കളുടെ മുഖം  നിലാവെട്ടത്തിൽ  തിളങ്ങുന്നത് നോക്കി    ഉറക്കം വരാതെ  കിടക്കുമയാൾ. സുരക്ഷിതത്വത്തിന്റെ  ഒരു കൈചുറ്റിലേക്ക് അവരെ ചേർത്തു കിടത്തും. 

രാത്രിയിരുട്ടിൽ മധുരമായി കയറി വരുന്നൊരു നിലാച്ചിരിയുടെ തണുപ്പാണച്ഛൻ.

പ്രിയപ്പെട്ട രക്ഷിതാവേ.....അവളെ കേൾക്കാൻ നിങ്ങളല്ലാതെ വേറെ ആരാണ്?

2016 ഒക്ടോബർ 20 ന് fb യിൽ പോസ്റ്റ് ചെയ്തത്

"അവനെന്താ ഒരു കുഴപ്പം. യാതൊരു ദുഃശീലവും ഇല്ല, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ, വിദ്യാഭ്യാസമുണ്ട്,  നല്ല ജോലിയും തരക്കേടില്ലാത്ത വരുമാനവും. നല്ല പെരുമാറ്റം.... നല്ല കുടുംബം.."

ഒരു പെൺകുട്ടി  വിവാഹം കഴിഞ്ഞ്‌ ഏറെ നാളുകൾ കഴിയും മുമ്പ് തന്നെ  തനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തൊരു ഭർത്താവിനെയാണ്  ലഭിച്ചത് എന്ന് തിരിച്ചറിയുകയും, ഈ ദാമ്പത്യത്തിൽ നിന്ന്  വിടുതൽ നേടണം എന്ന് ആഗ്രഹിക്കുകയും ചെയ്‌താൽ  ഏറ്റവും  ഉറ്റവരിൽ നിന്ന് പോലും  ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.

സ്നേഹരാഹിത്യം,  പ്രണയമില്ലായ്മ, അമിതാധികാരവാഞ്‌ച,  ലൈംഗികവൈകൃതങ്ങൾ, ... തുടങ്ങിയ കാരണങ്ങൾ ഒന്നും വിവാഹമോചനത്തിനുള്ള ഒരു ന്യായമായി കാണാൻ സ്വന്തം  മാതാപിതാക്കൾ പോലും തയ്യാറല്ല എന്നതാണ് സത്യം.

മയക്കുമരുന്നുപയോഗം, മദ്യപാനം, പരസ്ത്രീഗമനം, തുടങ്ങി 'നാലാള് കേട്ടാൽ  അംഗീകരിക്കുന്ന' കാരണങ്ങളിൽ ഇപ്പറഞ്ഞതൊന്നും   പെടുന്നില്ല എന്നത് കൊണ്ട് തന്നെ മേല്പറഞ്ഞതൊക്കെയും പക്വതയില്ലാത്ത പെണ്ണിന്റെ 'കഥകുറഞ്ഞ' ചിന്തകൾ മാത്രമായേ വേണ്ടപ്പെട്ടവർ പോലും വിലയിരുത്തൂ.

മതാവടക്കം സ്വന്തക്കാരായ സ്ത്രീകളോട് ഇത് പറയുമ്പോൾ  "എല്ലാരുടെ ജീവിതവും ഇങ്ങനൊക്കെ തന്നല്ലേ... സിനിമയും സീരിയലും ഒന്നുമല്ലല്ലോ ജീവിതം.. കുറേക്കാലം ഒന്നിച്ചു ജീവിച്ചു കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ഇതൊക്കെയങ്ങ്‌ ശരിയാവും" എന്നങ്ങ്‌  നിസ്സാരപ്പെടുത്തിക്കളയും.

"കടവും കള്ളീം വാങ്ങി ഇത്രേം പണം ചെലവാക്കി നാട്ടുകാരെയൊക്കെ വിളിച്ച്‌  കല്യാണം നടത്തീട്ട്‌  ഇത്രപെട്ടെന്ന് ....... ആളുകൾ ചോദിക്കുമ്പൊ എന്താ പറയുക. പുറത്തിറങ്ങി നടക്കാനാവോ"
അടുത്ത ബന്ധുക്കൾ അടക്കം പറയും. എന്നിട്ടും അടങ്ങുന്നില്ലെങ്കിൽ ഇങ്ങനൊരു പൊട്ടിത്തെറി ഉണ്ടാകും.

" കഷ്ടപ്പാടറിയാതെ വളർത്തി ഇല്ലാത്ത കാശ് ചെലവാക്കി നിന്നെയൊക്കെ നിന്റെ ഇഷ്ടത്തിന് പഠിപ്പിച്ചതിന്റെ ഗുണം. പഠിപ്പ് കൂടിപ്പോയതിന്റെ അഹങ്കാരമാണ് നിനക്ക്. നീ മാത്രമല്ല ഈ വീട്ടിൽ  നിന്റെ ഇളയതുങ്ങളുടെ കാര്യവും നീ ആലോചിക്കണം. ഓരോ നിസ്സാര കാരണം പറഞ്ഞ്‌..."

ഇത്രയുമൊക്കെ ആവുമ്പോഴേക്ക് തന്നെ ഒരു മാതിരി പെൺകുട്ടികൾ ഒക്കെ നിശ്ശബ്ദരാകും. തന്നിഷ്ടത്തിന്‌ വിവാഹമോചനം  നേടിയ 'അഹങ്കാരികളായ' പെണ്ണുങ്ങളുടെ ദുരനുഭവങ്ങൾ എമ്പാടും ഉണ്ടാകും ഉദാഹരിക്കാൻ. പ്രായം കൂടിയവരോ രണ്ടോ മൂന്നോ മക്കൾ ഉള്ളവരോ ആയ വിഭാര്യന്മാർ അല്ലാതെ രണ്ടാംകെട്ടിന്  ചെറുപ്പക്കാരെ ഒന്നും കിട്ടില്ല എന്നതും കൂട്ടിച്ചേർക്കും.

ചുരുക്കിപ്പറഞ്ഞാൽ മനസ്സുകൊണ്ട് തീരെ പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത ഒരാളുമായി ആയുഷ്കാലം മുഴുവൻ കഴിയേണ്ടി വരിക എന്ന 'വിധി'യിലേക്ക് അവളെ നിർബന്ധിതയായി വലിച്ചെറിയുക എന്നതാണ്  തങ്ങളുടെ കടമ എന്നാണ് ഉറ്റവർ പോലും കരുതുന്നത്.

ഇനി മകളുടെ സന്തോഷമാണ് ഏറ്റവും വലുത് എന്ന് കരുതുന്ന മാതാപിതാക്കൾ ആണെങ്കിൽ ഭർത്താവിന്റെ വേണ്ടപ്പെട്ടവരോട് ഈ കാര്യം സംസാരിച്ചു എന്നിരിക്കട്ടെ. ആ ഭാഗത്തു നിന്നുള്ള ആദ്യ പ്രതികരണം അവൾക്ക് വേറെ ആരോടെങ്കിലും ബന്ധം  ഉണ്ടോ എന്ന് അന്വേഷിക്കണം എന്നാവും. (സ്വന്തക്കാരിൽ നിന്ന് പോലും ഈ കുശുകുശുപ്പ് ഉണ്ടാകും). മാത്രമല്ല അവൾ പഠിച്ച/പഠിക്കുന്ന/ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഡിറ്റക്ടീവിനെ വെല്ലുന്ന രീതിയിൽ വിശദമായ അന്വേഷണം തന്നെ നടത്താനും, ഒരു ചെറിയ തെളിവെങ്കിലും കിട്ടാൻ മൊബൈൽ ഫോൺ സോഷ്യൽ മീഡിയ ഇടപെടലുകൾ ഒക്കെയും അരിച്ചു പെറുക്കി അന്വേഷിക്കാനും ഉത്സാഹിച്ചിറങ്ങും.  കാരണം വേറെ ഒരു പുരുഷനോട് അടുപ്പമില്ലാതെ ഒരു പെണ്ണ് തന്റെ കെട്ടിയവനെ വേണ്ടെന്ന് വെക്കാൻ യാതൊരു ന്യായവും ഇല്ല എന്നാണല്ലോ വെപ്പ്.  അതും സൽസ്വഭാവിയും സുമുഖനും പഠിപ്പും ജോലിയും ചുറ്റുപാടും ഒക്കെയുള്ള ഒരു ചെറുപ്പക്കാരനെ.

ദാമ്പത്യജീവിതത്തിൽ ഭർത്താവിൽ നിന്ന്  ലഭിക്കേണ്ട സ്നേഹം, കരുതൽ, പ്രണയം, ആസ്വാദ്യകരമായ രതി ഇതൊന്നും എന്താണ് എന്നുപോലും അറിയാത്ത ഒരാളെയാണ് തന്റെ ഭർത്താവായി ലഭിച്ചത് എന്ന് തിരിച്ചറിയുന്ന, യോജിപ്പിനെക്കാൾ വിയോജിപ്പിന്റെ ഇടങ്ങളാണ് തങ്ങൾക്കിടയിൽ ഏറെ എന്ന് മനസ്സിലാക്കുന്ന അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പെൺകുട്ടി ഇങ്ങനെ ഒരു ദാമ്പത്യം വേണ്ട എന്ന് ചിന്തിക്കുകയും വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ഈ എഴുതിയതൊക്കെയും.

നാലാള് കേട്ടാൽ മാനക്കേടായ ദുശീലങ്ങൾ മാത്രമാണ് ഒരു പെണ്ണിന് വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാനുള്ള ന്യായം എന്ന് കരുതുന്ന ഒരു സമൂഹത്തിന്‌,   സ്നേഹവതിയുമായ ഒരു ഭാര്യയുടെ  വിവേകപൂർണ്ണമായ ഇടപെടലുകളിലൂടെ ദുശീലങ്ങൾ നിർത്തി സ്നേഹസമ്പന്നനും കുടുംബസ്നേഹിയും ആയ ഒരു ഭർത്താവാക്കി മാറ്റാൻ ചിലപ്പോൾ സാധിച്ചേക്കാമെങ്കിലും ( അങ്ങനെ  സഹിച്ചു ജീവിക്കണം എന്നല്ല) ഒരു പെണ്ണിനെ പരിഗണിക്കാനോ അംഗീകരിക്കാനോ പ്രണയപൂർവ്വം ഇടപെടാനോ അറിയാത്ത ഒരാളെ തിരുത്തിയെടുക്കാൻ ഒരു പെണ്ണിനും സാധ്യമല്ല എന്ന് മനസ്സിലാക്കുന്നില്ല.

അവളുടെ ഭാഗത്ത്‌ കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ലെങ്കിൽ ചിലരെങ്കിലും അവസാനശ്രമം എന്ന നിലയിൽ ദൈവീകശിക്ഷയെ കുറിച്ച് പറഞ്ഞു പേടിപ്പിക്കാൻ ആണ് ശ്രമിക്കുക.  പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത  ദാമ്പത്യത്തിൽ നിന്നും വിടുതൽ നേടാൻ മതം അനുവദിച്ച വിവാഹമോചനം എന്ന അവകാശത്തെ അപഹസിക്കൽ ആണിത്.

വിവാഹം കഴിഞ്ഞു ഏറെനാൾ കഴിയും മുമ്പ് തന്നെ മകൾ വിവാഹമോചിതയാവുന്നത്  അഭിമാനപ്രശ്നം ആയി കരുതുന്ന പല രക്ഷിതാക്കളും ചിന്തിക്കുന്നില്ല തങ്ങളുടെ പ്രിയപ്പെട്ട മകൾ എല്ലാം സഹിച്ചു സഹിച്ച്‌ മനോനില തെറ്റുകയോ ചിലപ്പോൾ ആത്‌മഹത്യയിൽ എല്ലാം അവസാനിപ്പിക്കുകയോ ചെയ്താൽ ഇപ്പറഞ്ഞ അഭിമാനമൊക്കെ എവിടെ എത്തും എന്നത്.

മിസ്‌കോൾ പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പാതിരാത്രിയിലെ 'സദാചാരപോലീസ്' ഇടപെടലുകളും ഒക്കെ ഏറി വരുമ്പോൾ എല്ലാം 'പെണ്ണിന്റെ കാമഭ്രാന്ത്‌' എന്നങ്ങ്‌ അടച്ചാക്ഷേപിക്കുമ്പോൾ നാം ഓർക്കാറില്ല ഇതിൽ ചിലതെങ്കിലും വരണ്ടുപോയ ദാമ്പത്യജീവിതത്തിൽ നിന്നും ഉള്ള രക്ഷപ്പെടൽ കൂടി ആണെന്ന്. സ്നേഹമോ അംഗീകാരമോ പരിഗണനയോ ലഭിക്കാത്ത മക്കളെ ഓർത്തും  കടമ എന്ന രീതിയിലും  മുന്നോട്ടു നീങ്ങുന്ന ദാമ്പത്യത്തിന്റെ ഇരുട്ടറയിൽ നിന്നും വെളിച്ചം കിട്ടുന്ന ഇടത്തേക്കുള്ള തല നീട്ടൽ.

  പഴയകാലത്തെ അപേക്ഷിച്ച്‌ മക്കളെ പ്രത്യേകിച്ചും പെണ്മക്കളെ ഏറെ വത്സല്യത്തിലും സ്നേഹത്തിലും വളർത്തുന്ന രക്ഷിതാക്കൾ ആണ് ഇന്ന് ഏറെയും. അവരുടെ സുഖത്തിനും സന്തോഷത്തിനും ഏറെ മുൻഗണന നൽകുന്നവർ.

അതുകൊണ്ടു തന്നെ മകളുടെ നല്ലൊരു ജീവിതത്തിനു വേണ്ടി ഒരു വരനെ തെരഞ്ഞെടുക്കുമ്പോൾ സമ്പത്തും സൗന്ദര്യവും സാമൂഹ്യമാന്യതയും മാത്രം നോക്കാതെ നിങ്ങളുടെ മകളെ സ്നേഹിക്കാനും സന്തോഷം നൽകാനും കഴിയുന്ന ഒരാളാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ മകൾ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് പറയുമ്പോൾ അത് കേൾക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കുക. വളർത്തുദോഷം കൊണ്ടുള്ള 'പായ്യാരം പറച്ചിലാ'യി അതിനെ നിസ്സാരപ്പെടുത്തതിരിക്കുക. സമ്പത്തികനഷ്ടം അഭിമാനപ്രശ്നം ഇതൊക്കെ പറഞ്ഞ്‌ അവളെ വായടപ്പിക്കാതിരിക്കുക.  ബൈക്കിൽ ചുറ്റിപ്പിടിച്ചു വന്ന് ഇറങ്ങിയത് കൊണ്ടോ ഹണിമൂൺ യാത്ര നടത്തിയത് കൊണ്ടോ സംതൃപ്തമായൊരു ദാമ്പത്യ ജീവിതമാണ് മകളുടേത്  എന്ന് ഉറപ്പിക്കാതിരിക്കുക.

അങ്ങേയറ്റം ചിന്തിച്ചും ഒരുപാടു വട്ടം ആലോചിച്ചും ഏറെ പേടിച്ചും ആശങ്കപ്പെട്ടുമാണ്  അവൾ സ്വന്തം സങ്കടങ്ങളെ നിങ്ങൾക്ക് മുന്നിൽ നിവർത്തി വെക്കുന്നത്. അത് ക്ഷമാപൂർവ്വം കേൾക്കാനും വേണ്ട രീതിയിൽ ഇടപെടാനും  മുൻകൈ എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്.

പൊരുത്തപ്പെടാൻ ആകാത്ത  ദാമ്പത്യമെന്ന  മലവെള്ളപ്പാച്ചിലിൽ  നിന്നും കരകയറാൻ  സ്വന്തം മകൾ നിങ്ങളിലേക്ക് നീന്തി വന്ന് കൈ നീട്ടുമ്പോൾ "ഇത്  മനോഹരമായ തടാകമാണ് നീന്തി ഉല്ലസിക്കൂ" എന്ന് വീണ്ടും വീണ്ടും അവളെ കുത്തൊഴുക്കിലേക്ക് തള്ളിയിടുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ എമ്പാടും പേരുണ്ടാകും. അവർക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ.

ധനമോ ആരോഗ്യമോ അല്ല നല്ലൊരു ദാമ്പത്യത്തിന്റെ കാതൽ. പരസ്പരം സ്നേഹിച്ചും പൊരുത്തപ്പെട്ടും അംഗീകരിച്ചും ഹൃദ്യമായൊരു ബന്ധമാണത്. വലിയ വീടും വാഹനവും വസ്ത്രങ്ങളും യാത്രകളും  മികച്ച ദാമ്പത്യത്തിന്റെ അടയാളങ്ങൾ ആകണമെന്നില്ല.

പ്രിയപ്പെട്ട രക്ഷിതാവേ വിവാഹിതയാവുന്നതോട് കൂടി നിങ്ങളുടെ മകൾ നിങ്ങൾക്ക് അന്യായാവുന്നില്ല.  ഭർത്താവ് എത്ര പ്രിയപ്പെട്ടവൻ ആയാലും ഏതൊരു ചെറിയ സങ്കടത്തിലും അവൾ ആദ്യമോർക്കുക സ്വന്തം മാതാപിതാക്കളെ ആണ്. ഭർത്താവ് തന്നെ ഉള്ളിൽ പുകച്ചിലുയർത്തുന്ന വലിയൊരു വേദനയാകുമ്പോൾ അവൾ പിന്നെ ആരോടാണ് ഇതൊക്കെ പങ്കുവെക്കുക.

വിവാഹമോചനം എന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല.  ചേർന്നുപോകാനുള്ള ശ്രമങ്ങൾ പരമാവധി ഉണ്ടാകുക തന്നെ വേണം. പക്ഷെ സമൂഹത്തിനു ബോധ്യപ്പെടാൻ പറ്റിയ കാരണങ്ങൾ ഇല്ല എന്ന പേരിൽ ഒരിക്കലും പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത ദാമ്പത്യത്തിനു മകളെ നിർബന്ധിക്കാതിരിക്കുക. ചിലപ്പോൾ മരണവേളയിൽ പോലും ആ ഖേദം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കും.

നേരിലറിയുന്ന ചില പെൺജീവിതങ്ങളുടെ  കദനങ്ങൾ അറിയേണ്ടി വന്ന വേദനയിൽ നിന്നാണ് ഈ കുറിപ്പ്.

Wednesday, June 22, 2016

ഉമ്മ



"നിങ്ങക്കൊരു ഓട്ടോറിക്ഷ വിളിച്ചു പൊയ്ക്കൂടേ,....... എനിക്ക് നേരല്ല... ഒരുപാട് തിരക്കുണ്ട്..."

മുരണ്ട് മുക്രയിട്ട്, ഇരമ്പിപ്പാഞ്ഞുപോയ ബൈക്കിന്റെ പുകതട്ടിയാവും കണ്ണ് നിറഞ്ഞത്.

ഉടുപ്പിലെ പിടിവിടാതെ  വാലുപോലെ എപ്പോഴും പിറകെ നടന്ന ഉമ്മാന്റെ കുട്ടി. എങ്ങോട്ട് പോകാനിറങ്ങിയാലും കൂടെപ്പോരാൻ ബഹളം വെച്ച് കരഞ്ഞവൻ.....

"ഉമ്മാ....എവ്ടെ പോക്മ്പളും ന്നേം കൂട്ടണേ.."
ഉള്ളിലൊരു കുഞ്ഞുകൊഞ്ചലിന്റെ   ഓർമ്മ പിടഞ്ഞു.

ആദ്യമായി സ്‌കൂളിൽ  ചേർത്ത നാൾ
"ഉമ്മാനെ വിട്ട് ഞാൻ  പോണില്ലാ"ന്ന്  മുറുകെപ്പിടിച്ച് ഏങ്ങലടിച്ച കണ്ണീർമുഖം നെഞ്ചിലിപ്പോഴും....

പനിച്ചൂട് പൊള്ളിച്ചൊരു രാത്രിയിൽ പുലരും വരെ  ഉറങ്ങാതെ തോളിലിട്ട്  നടക്കുമ്പോൾ, പാതിമയക്കത്തിൽ വായുവിൽ വളയം തിരിച്ചു പറഞ്ഞുകൊണ്ടിരുന്നു....
"ഞാൻ വല്ദാവുമ്പൊ ഒരു കാറ്  വാങ്വല്ലോ....ന്നിട്ട് ഉമ്മാനെയും മുന്നിലിരുത്തി..."

 ഇനിയൊരു ഓട്ടോറിക്ഷ കിട്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും നേരം പിന്നെയും വൈകും. മെല്ലെ നടക്കാം. അല്ലെങ്കിൽ ഇന്നും ഡോക്ടറെ കാണലുണ്ടാവില്ല.

വീണ് നെറ്റിപൊട്ടി ചോര നിൽക്കാതെ നിലവിളിച്ച എട്ടുവയസ്സുകാരനെയും വാരിയെടുത്ത്  തോളിലിട്ട്  ഇതേ വഴിയിലൂടെ ആശുപത്രിയിലേക്ക്   ഓടുമ്പോൾ  ഭാരവും തളർച്ചയും അറിയാഞ്ഞ കാലുകൾ ഇന്ന് പത്തടി നടക്കുമ്പോഴേക്കും..... വിശ്രമമില്ലാത്ത യന്ത്രം പോലെ പണിയെടുത്താവണം  ഈ നാല്പത്തിരണ്ടാം വയസ്സിലിങ്ങനെ........

മോനും ബൈക്കും നിരത്തിനറ്റത്ത് കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നു...  പാവാണ് ന്റെ കുട്ടി.... എന്തോ തിരക്കുണ്ടാകും അല്ലാതെ.... അടുക്കളക്കപ്പുറം ലോകം കാണാത്ത  ഈ ഉമ്മാക്ക് എന്തറിയാം...

കണ്ണ് നിറയുന്നത്..... ബൈക്കിന്റെ പുക തട്ടിയത് കൊണ്ട്  തന്നെയാണ്.

നോവമർത്തി  ഓരോ ചുവട് വെക്കുമ്പോഴും ഉമ്മാന്റെ  കാലടിച്ചോട്ടിലൊരു സ്വർഗ്ഗം കരഞ്ഞു.
___________________
വര: Shabna Sumayya

Monday, October 26, 2015

അടക്കിപ്പിടിച്ച തേങ്ങലുകള്‍



ആ പാതിരാത്രിയിലും എയര്‍പോര്‍ട്ടിനു പുറത്തു പകല് പോലെ വെളിച്ചമുണ്ടായിരുന്നു. തിരക്കും.

ഉള്ളിലെ, യാത്രയയക്കാന്‍  വരുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും....അയാളുടെ നരച്ച താടിരോമങ്ങള്‍ മുഖത്ത് ഇക്കിളിയിട്ടപ്പോള്‍ കയ്യിലിരുന്ന കുഞ്ഞ് കുടുകുടെ ചിരിച്ചു. അരികിലെ സീറ്റില്‍ ഇരുന്ന പര്‍ദ്ദയിട്ട സ്ത്രീയോട് കുറുമ്പുകാട്ടി ഒരു മൂന്നു വയസ്സുകാരന്‍..... അവര്‍ അവനെ ഒരു നേന്ത്രപ്പഴം കഴിപ്പിക്കാന്‍ വളരെയധികം ശ്രമിച്ചും നിരാശപ്പെട്ടും.......

അകത്ത് ബോര്‍ഡിംഗ് പാസിനുള്ള നീണ്ട ക്യൂ കാണാമായിരുന്നു. ലഗേജ് തള്ളി പോകുന്നവരിലും   വരിനില്‍ക്കുന്നവരിലും   ധാരാളം കുടുംബങ്ങള്‍.....

കുട്ടിയോട് തോറ്റ് അവര്‍ പഴം കയ്യിലെ സഞ്ചിയിലേക്ക് വെച്ചപ്പോള്‍ അവന്‍ അവരുടെ മടിയിലിരുന്ന്  എന്തൊക്കെയോ കഥകള്‍  പറയാന്‍ തുടങ്ങി. കൊഞ്ചലുകള്‍ക്ക് തലയാട്ടിയും മറുപടി പറഞ്ഞും  ഇടക്കിടെ ഉമ്മകൊടുത്തും പറന്നു കളയാന്‍ ശ്രമിക്കുന്ന ഒരു കിളിയെ എന്നപോലെ അവര്‍ അവനെ പൊതിഞ്ഞു പിടിച്ചിരുന്നു.

കളി മതിയാക്കി ചെറിയ കുഞ്ഞ് അയാളുടെ തോളില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അവളെ ഉണര്‍ത്താതെ ഇപ്പുറത്ത് അവന്‍റെ കുസൃതി വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്ത് അയാളും താല്‍പര്യത്തോടെ കേട്ടിരുന്നു.

“വല്ലാണ്ട് നേരം വൈക്യല്ലോ........ഇനി എപ്പളാ പോയി കിടന്നൊറങ്ങ്വാ..”  കൂടെയുള്ള ചെറുപ്പക്കാരന്‍ ബോര്‍ഡിംഗ് പാസ്സിനുള്ള ക്യൂവിലേക്ക് നോക്കി  അക്ഷമനായി.

“സാരല്ല അഫ്സലേ....... ഇനി കൊറച്ച് നേരം കൂടിയല്ലേ ഇവരെ ഇങ്ങനെ .......”  ആ ഉമ്മ പതിയേ പറഞ്ഞു. ആ  ദമ്പതികളുടെ  മുഖത്ത് പെയ്യാന്‍ പോകുന്ന മഴക്കാറുപോലെ സങ്കടം മൂടിക്കെട്ടി നിന്നു. വാക്കിലും സ്പര്‍ശത്തിലും ആ കുഞ്ഞുങ്ങളെ അവര്‍ വാത്സല്യം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു.

“ഉമ്മിക്കും  ഉപ്പാപ്പക്കും നങള്‍ടെ കൂടെ ദുബയില്‍ക്ക് വന്നൂടെ.......നാന്‍ അവ്ടന്ന് ഡ്രസ്സും മുട്ടായീം ഒക്കെ വാങ്ങി തരാലോ........അവ്ടെ നമ്മക്ക് ദീസോം ആന കളിക്കാലോ........ഷോപ്പില് പോയി സാധന വാങ്ങാലോ.... ”

കുഞ്ഞു വര്‍ത്താനങ്ങള്‍ക്ക് അവര്‍ മറുപടിയില്ലാതെ ചിരിച്ചു. നിറഞ്ഞു വന്ന കണ്ണുകള്‍ പരസ്പരം കാണിക്കാതിരിക്കാന്‍ രണ്ടാളും ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഉള്ളിലെ തിരക്കില്‍  നിന്ന് ഒരു ചെറുപ്പക്കാരനും യുവതിയും കയ്യില്‍ ബോര്‍ഡിംഗ് പാസ്സുമായി സങ്കടമുഖത്തോടെ,  സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അതിരിന് അപ്പുറത്ത് വന്നു നിന്നു.

മോനെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോഴും ഉറങ്ങുന്ന കുഞ്ഞിനെ മാറി മാറി ചുംബിച്ചു കൈമാറുമ്പോഴും  ആ വയോധികര്‍    ശരിക്കും കരയുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാനാവാതെ........ തിരക്കില്‍ ദൂരെ കുട്ടികള്‍ കണ്ണില്‍ നിന്ന് മറയുവോളം  അവര്‍ അവിടെ തന്നെ നിന്നു. പിന്നെ കൂടെയുള്ള ചെറുപ്പക്കാരനോടൊപ്പം   നിശബ്ദരായി  പുറത്തേക്ക് പോയി.

വീട്ടിലേക്കുള്ള യാത്രയില്‍ പുറത്തേക്ക്  നോക്കി പരസ്പരം ഒന്നും പറയാനില്ലാതെ അവര്‍ ഇരിക്കും. ഒച്ചയനക്കമില്ലാത്ത  ഒരു വീട് ഇരുട്ടില്‍ അവരെ കാത്തിരിക്കുന്നുണ്ടാകും......

അലക്ഷ്യമായി കിടക്കുന്ന കളിപ്പാട്ടങ്ങളും ....കുഞ്ഞുടുപ്പുകളും  അവരെ നോവിച്ചു കൊണ്ടിരിക്കും. ......ഇരുട്ടില്‍ ഒളിച്ചിരുന്ന് ഒച്ചയിട്ട് ഇപ്പോള്‍ പേടിപ്പിക്കുമെന്നും,  കള്ളച്ചിരിയോടെ ഓടി വരുമെന്നും അവര്‍ വെറുതെ കൊതിക്കും..........പീടികയിലേക്ക് പോകുമ്പോള്‍ വിരലില്‍ തൂങ്ങി നടക്കാനും നൂറായിരം സംശയം ചോദിക്കാനും............... വീട്ടിലേക്ക് വരുമ്പോള്‍ പല്ലില്ലാച്ചിരിയോടെ സ്വീകരിക്കാനും........ഉറങ്ങിപ്പോയ വീട്ടില്‍ ഇനി ആരുമില്ലെന്ന് മനസ്സ് അവരെ കരയിക്കും.........


ചുരത്തി മതിയാവാത്ത വാത്സല്യത്തിന്‍റെ കടല്‍ ഉള്ളില്‍ നോവായി കനത്ത്  ഈ   രാത്രി അവര്‍ ഉറക്കമില്ലാതെ കിടക്കും... അപ്പോള്‍ ആകാശത്തിലൂടെ ഒരു വിമാനം ഒരുപാട് സങ്കടം നിറഞ്ഞ മനസ്സുകളും പേറി മരുഭൂമിയിലേക്ക് പറക്കുന്നുണ്ടാകും.... അതില്‍ രണ്ടു കുഞ്ഞു കണ്ണുകള്‍ താഴെ ഇരുട്ടില്‍ എവിടെയോ ഒരു വീടും അവിടെ രണ്ടു വൃദ്ധമനുഷ്യരെയും തിരയുന്നുണ്ടാകും.

Saturday, June 13, 2015

ഓരോ ധാന്യമണികള്‍ക്കും അവകാശികളുണ്ട്






നമ്മുടെ നാട്ടിന്‍പുറത്തെ സാദാ പലചരക്കുകട മുതല്‍ ഗള്‍ഫിലെ ഹൈപ്പര്‍ സൂപ്പര്‍ മാര്‍കറ്റുകളില്‍ വരെ ഏറ്റവുമധികം ഭക്ഷ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്യുന്നത് മുസ്ലിംകള്‍ പകല്‍ മുഴുവനും അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന റമദാന്‍ മാസത്തിലാണ് എന്നതും നോമ്പ് മാസം ‘റാഹത്തായി’ കഴിക്കുവാന്‍ വേണ്ടി മുസ്ലിംകള്‍ തന്നെയാണ് ഇത് വാങ്ങിക്കൂട്ടുന്നത് എന്നതും ഒരു പരമാര്‍ത്ഥം മാത്രമാണ്.

ആഹാരകാര്യങ്ങളില്‍ മിതത്വം പാലിക്കാന്‍ കല്‍പ്പിക്കപ്പെട്ട സമുദായം, ദിവസത്തിലെ സാധാരണ ആഹാരം കഴിക്കുന്ന വലിയൊരു സമയം അന്ന പാനീയങ്ങള്‍ വെടിഞ്ഞു ജീവിക്കുന്ന ഒരുമാസമാണ് ഏറ്റവുമധികം ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും പലതരം വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു എന്നത് വിരോധാഭാസമല്ലേ?

കൊച്ചുകുഞ്ഞുങ്ങള്‍ പോലും നോമ്പ് നോല്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്ന ഈ കാലത്ത്,  രോഗികളോ അവശരോ ആയ അപൂര്‍വ്വം ആളുകളൊഴിച്ച് ഭൂരിപക്ഷം മുസ്ലിംകളും നോമ്പെടുക്കുന്ന ഈ മാസത്തില്‍ ഭക്ഷ്യ സാധനങ്ങളുടെ (എണ്ണ, ധാന്യങ്ങള്‍, പച്ചക്കറി, ഫ്രൂട്ട്സ്, ഇറച്ചി, മീന്‍ ..) ചിലവ് ശരിക്കും പകുതിയെങ്കിലും കുറയുകയല്ലേ വേണ്ടത്!

വിശപ്പിനെ അറിയാനും അതിലൂടെ പട്ടിണിക്കാരനോട് അനുഭാവം വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിന്‍റെ വില മനസ്സിലാക്കാനും നോമ്പ് കൊണ്ട് നമുക്ക് സാധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ?  പാഠവും പരിശീലനവും ആകേണ്ട നോമ്പുകാലം നേരെ വിപരീതമായ ഒരു തലത്തില്‍ ആക്കിത്തീര്‍ത്തത്‌ എങ്ങനെ?

വയറിന്‍റെ മൂന്നിലൊരുഭാഗം മാത്രം  ഭക്ഷണത്തിനും   ഒരു ഭാഗം വെള്ളത്തിനും  ബാക്കിഭാഗം  ശൂന്യമായി ഇടാനും ഉപദേശിച്ച, ആഹാരകാര്യങ്ങളില്‍ വളരെയധികം സൂക്ഷ്മത കൈക്കൊള്ളാന്‍ പഠിപ്പിച്ച പുണ്യപ്രവാചകന്‍ മുഹമ്മദ്‌ നബി മുസ്തഫ(സ:അ) യുടെ അനുയായികള്‍ ഇമ്മട്ടിലായിപ്പോയതെന്തേ?

പ്രലോഭനങ്ങളില്‍ നിന്ന് മനസ്സിനെയും പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കാനുള്ള പരിശീലനത്തിന്‍റെ മാസം കൂടിയായ റമദാനില്‍ നാക്കിന്‍റെ രുചിക്കപ്പുറം മറ്റു പ്രയോജനമൊന്നും ഇല്ലാത്തതും ശരീരത്തിന് ഏറെ ദോഷകരവുമായ ഈ ‘വെക്കലും ഒരുക്കലും’ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നോമ്പിന്‍റെ സാമൂഹികമായ ഒരു ധര്‍മ്മം ഈ സമുദായം അവഗണിക്കുകയല്ലേ?

നമ്മുടെ ചാനലുകളും വനിതാ പ്രസിദ്ധീകരണങ്ങളും ഒക്കെ നോമ്പ് കാലം എന്നാല്‍ പുതിയപുതിയ വിഭവങ്ങള്‍ ഉണ്ടാക്കുകയും പരീക്ഷിക്കുകയും ചെയ്യാനുള്ള മാസമാണ് എന്ന രീതിയില്‍ പ്രോഗ്രാമുകള്‍ ഒരുക്കുന്നുവെങ്കില്‍ ശരിക്കും അങ്ങനെ ഒരു ധാരണ മറ്റുള്ളവരില്‍ ഉണ്ടാക്കിയത് ആരാണ്? മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ പോലും പലര്‍ക്കും നോമ്പിനെ കുറിച്ചുള്ള ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ എന്നാല്‍ നോമ്പ് തുറ വിഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.

ഓരോ നോമ്പുതുറസല്‍ക്കാരവും മിനി ഭക്ഷ്യ മേളകള്‍ ആണ്. വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കില്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും നമസ്കരിക്കാന്‍ പോലും നേരം കിട്ടാറില്ല. മുന്നില്‍ നിരത്തി വെക്കുന്ന വിഭവങ്ങളില്‍ മുക്കാലും ആര്‍ക്കും ആവശ്യമില്ലാതെ ബാക്കിയാവുകയും, നോമ്പായതിനാല്‍ പിറ്റേന്ന് പകല്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് അത്  കുപ്പത്തൊട്ടിയില്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു!

ഇന്ന് പണമുള്ളവന് അങ്ങാടിയില്‍ യഥേഷ്ടം വാങ്ങിക്കുവാനും ദരിദ്രന് റംസാന്‍ കിറ്റായി ഉദാര മനസ്കര്‍ വീട്ടിലെത്തിച്ചു കൊടുക്കാനും ഉള്ളത് കൊണ്ട് സത്യത്തില്‍ ഈ ആഹാരം എങ്ങനെ ഉണ്ടാവുന്നു എന്നതും ഇത് കിട്ടാതായിപ്പോയാലുള്ള അവസ്ഥ എന്താണ് എന്നതും നാം ആലോചിക്കാറില്ല.

എന്നാല്‍ കൈയില്‍ എത്ര പണമുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കള്‍ കിട്ടാതായിപ്പോകുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിനോക്കിയിട്ടുണ്ടോ?  രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് അരിഭക്ഷണം കിട്ടാനില്ലാതെ റേഷനായി വിതരണം ചെയ്ത ചോളമടക്കം കഴിച്ചു വിശപ്പടക്കേണ്ടി വന്ന നമ്മുടെ മുന്‍തലമുറക്ക് അങ്ങനെ ഒരനുഭവമുണ്ട്. താളും തകരയും കഴിച്ചു ജീവന്‍ നിലനിര്‍ത്തിയ കാലം.

എത്ര പണമുണ്ടെങ്കിലും ശാസ്ത്രസാങ്കേതിക വിദ്യ എത്രയൊക്കെ വളര്‍ന്നാലും മറ്റെന്തെങ്കിലും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെ ആവശ്യത്തിനനുസരിച്ച് ധാന്യങ്ങളോ പഴവര്‍ഗ്ഗങ്ങളോ ഇറച്ചിയോ മീനോ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. നിശ്ചിതമായ സമയവും അനുകൂലമായ പ്രകൃതി സാഹചര്യങ്ങളും അതിന് ആവശ്യമാണ്‌. അതുകൊണ്ട് തന്നെ നമ്മുടെ പണം കൊടുത്തു വാങ്ങിയതാണെങ്കിലും നാം ആവശ്യമില്ലാതെ വലിച്ചുവാരി കഴിക്കുന്നതും, ചവറ്റുതൊട്ടിയില്‍ വലിച്ചെറിയുന്നതും ആയ എല്ലാ ഭക്ഷ്യവസ്തുക്കളും മറ്റാരുടെയോക്കെയോ അവകാശമാണ് എന്നോര്‍ക്കുക. ഒരു ധാന്യമണി വളര്‍ത്തിക്കൊണ്ടുവരാനുള്ള കര്‍ഷകന്‍റെ പ്രയത്നത്തെയും അതിനുപിന്നിലുള്ള പ്രകൃതിയുടെ പ്രവര്‍ത്തനത്തെയും നമുക്ക് വിലയിടാനാവുകയില്ല.

എന്തുകൊണ്ടായിരിക്കും റമദാന്‍ നോമ്പവസാനിച്ച് പെരുന്നാള്‍ പിറ കാണുന്നതോടെ ഓരോ മുസ്ലിമിനും ‘ഫിത്വര്‍ സകാത്ത്’ നിര്‍ബന്ധിതമായത് എന്ന് ചിന്തിച്ചാല്‍ അതില്‍ നിന്ന് വലിയൊരു പാഠം നമുക്ക് ലഭിക്കും.

അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ ഭക്ഷിക്കുന്ന,  ഏകദേശം രണ്ടരക്കിലോ ഭക്ഷ്യധാന്യമാണ് ഇതിനായി നല്‍കേണ്ടത് (പകരം പണം നല്‍കിയാല്‍ ഈ സകാത്തിന്‍റെ കടമ വീടുകയില്ല എന്ന് പണ്ഡിതര്‍ പറയുന്നു). നോമ്പുകാലത്ത് വന്നുപോയ പിഴവുകള്‍ ശുദ്ധീകരിക്കുന്നതോടൊപ്പം പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി ആവാതിരിക്കാനും കൂടിയാണ് ഈ നിര്‍ബന്ധിത ദാനം.

ധനം ഇഷ്ടംപോലെ കയ്യിലുണ്ടെങ്കിലും വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാത്ത ഒരവസ്ഥയിലാണ് ഫിത്വര്‍ സക്കാത്തിന്‍റെ സൂക്ഷ്മതയും മഹത്വവും നാം മനസ്സിലാക്കുക. ധനിക ദരിദ്ര ഭേദമില്ലാതെ അന്ന് പിറന്നുവീണ കുട്ടിക്കുപോലും ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ ബാധ്യസ്ഥമാണ്.

പ്രകൃതിക്ഷോഭമോ യുദ്ധമോ കലാപമോ കാരണം അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍- സമ്പന്നനും ദരിദ്രനും- ഒരു കഷണം റൊട്ടിക്ക് വേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തകരുടെ വാഹനത്തിനു പിറകെ ഓടുന്ന ചിത്രം നാം ടീവിയിലൂടെയും പത്രങ്ങളിലൂടെയും കാണുന്നതാണ്. ഈ ഒരവസ്ഥ നമുക്ക് ഉണ്ടാവില്ല എന്നുറപ്പുണ്ടോ?

ദുരന്തങ്ങള്‍ ഒന്നുമില്ലെങ്കിലും ഇങ്ങനെയൊരു ഗതികേടിലെക്കാണ് ലോകം നീങ്ങുന്നത്. കൃഷിയിടങ്ങള്‍ ചുരുങ്ങിവരികയും കാലാവസ്ഥാ മാറ്റവും മറ്റും മൂലം കൃഷിനാശം സംഭവിക്കുകയും കാര്‍ഷികവൃത്തി ലാഭകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ മറ്റു തൊഴിലുകള്‍ തേടുകയും ചെയ്യുമ്പോള്‍ ലോകമെങ്ങും ഭക്ഷ്യോത്പാദനം കുറഞ്ഞു കുറഞ്ഞു വരികയാണ്.

എന്തുകൊണ്ട് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുന്നു എന്നും അതാത് പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ തന്നെ അതിനായി ഉപയോഗപ്പെടുത്തണമെന്നും കല്‍പിക്കപ്പെട്ടു എന്നും ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നൊരു കാലം നമുക്ക് മനസ്സിലാവും. നോമ്പുകാലം മുഴുവന്‍ ഭക്ഷ്യമേളയാക്കി നോമ്പുതുറ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടിയവര്‍ നോമ്പ് തുറക്കാന്‍ ഒരു കാരക്ക ചീന്തിന് കൊതിക്കുന്ന കാലം വരാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

മണ്ണിന്‍റെ ഫലം മുഴുവന്‍ രാസവളം കൊണ്ട് ചോര്‍ത്തിയെടുത്തും കീടനാശിനി കൊണ്ട് ഭൂമിയുടെ അവകാശികളായ മറ്റു സകല ജീവികളെയും കൊന്നൊടുക്കിയും നാളെയെ മറന്ന് ഇന്നിന്‍റെ ആഘോഷത്തിന് വിത്തെടുത്തു കുത്തി തിന്നുന്ന കാലത്തിനൊപ്പം കണ്ണടച്ച് ഒഴുകുന്ന ഒരു സമൂഹമാണോ ഖുര്‍ആന്‍റെ അനുയായികളും....... ലോകത്തിന് വെളിച്ചമായ പ്രവാചകന്‍റെ ഉമ്മത്തികള്‍ ചിന്തിക്കുക. ആഹാര സാധനങ്ങള്‍ മിതമായി ചെലവാക്കുവാനുള്ള പരിശീലനകാലം കൂടിയാവട്ടെ പരിശുദ്ധ റമദാന്‍.