Tuesday, November 21, 2017

പെയ്തൊഴിയാതെ


ബസ്സിന്റെ താഴ്ത്തിയിട്ട വിൻഡോ ഷട്ടറുകൾക്ക് മേൽ അടക്കാനാവാത്ത നിലവിളി പോലെ മഴ പെയ്തു കൊണ്ടിരുന്നു.

"ഇങ്ങക്ക്‌പ്പൊ അവ്ടെ  നല്ല പൊള്ളുന്ന ചൂടായിരിക്കും....ല്ലേ"
പെരുമഴയെ മുറിച്ചു കൊണ്ട് ബസ്സോടിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയത് കൊണ്ടാവണം അയാൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു. വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള നിരത്തിൽ ചില്ലിലൂടെ മുന്നോട്ടുള്ള കാഴ്ചകൾ മഴ കൊണ്ട് കലങ്ങിപ്പോയിരുന്നു.

"മിനിഞ്ഞാന്ന് ഞാൻ നാട്ടിലേക്ക് പോരുന്ന ദിവസം  അയ്മ്പത് ഡിഗ്രിക്കൊക്കെ മോളിലാണ്"
ഞാൻ പറഞ്ഞു.

"ഞാനുണ്ടായിരുന്നു ഖത്തറില്....രണ്ടു കൊല്ലം.... അതോടെ ഗൾഫ്ന്റെ പൂതി മടുത്തു.....ഇവിടെ ആകുമ്പോ വരുമാനം ഇച്ചിരി കുറഞ്ഞാലും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം... രാത്രി  അവനവന്റെ വീട്ടിൽ  കെട്ട്യോളേം പിള്ളറേം കെട്ടിപ്പിടിച്ച് ഒറങ്ങാം ...പിന്നെ മ്മളെ നാടിന്റെ ഈ സുഗോന്നും ഗൾഫിൽ  കിട്ടൂലപ്പാ".
ഗിയർ മാറ്റുന്നതിനിടെ അയാൾ ചിരിച്ചു.

ഉച്ച തിരിഞ്ഞ നേരം അയതുകൊണ്ടാവാം ബസ്സിലും തിരക്ക്  കുറവായിരുന്നു. ആളൊഴിഞ്ഞ സീറ്റുകളിൽ ഏതാനും അന്യസംസ്ഥാന തൊഴിലാളികൾ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ.

അപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമെത്തി.
'അതാ ആ കാണ്‌ന്ന പൂട്ടിയിട്ട പീടിയന്റെ ചേതിക്കല് നിന്നാമതി.  ഈ മഴയത്ത് അങ്ങോട്ട്   ജീപ്പ് കിട്ടാൻ വല്യ പാടാ..... ബൈക്കിൽ പോകുന്ന പിള്ളര്ണ്ടാവും...  ഓലോട് പറഞ്ഞാൽ എറക്കിത്തരും...അല്ലെങ്കില് തിരിച്ചുപോകാൻ  വൈകും.'

ബസ്സ് പെരുമഴയിലേക്ക് അലിഞ്ഞു പോയി. കുടയുണ്ടായിട്ടും മുന്നോട്ട് നടക്കുമ്പോൾ ശരിക്കും  നനഞ്ഞു.  ഇടിഞ്ഞു പൊളിഞ്ഞ  പഴയ പീടികയുടെ  ഇറയത്ത്  കയറി നിൽക്കുമ്പോഴേക്കും മഴ പിന്നെയും ഇരുടടച്ച് ആഞ്ഞുപെയ്യാൻ തുടങ്ങി. ആ പ്രദേശത്തൊന്നും ഒരു വീടോ ആളുകളോ ഉണ്ടായിരുന്നില്ല. നിർത്താതെ പെയ്യുന്ന മഴയുടെയും  ഇടക്ക് വീശിയടിക്കുന്ന കാറ്റിന്റെയും നിരത്തിലൂടെ കലങ്ങിക്കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്റെയും ഒച്ച മാത്രം.

ഒരുപാട് നേരം നിന്നിട്ടും വാഹനം പോയിട്ട് ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല. അപരിചിതമായ ഈ സ്ഥലത്ത് ഈ മഴയത്ത്  എത്ര നേരമാണ് ഇങ്ങനെ നിൽക്കേണ്ടി വരിക.... വരേണ്ടായിരുന്നു......

നാട്ടിലേക്ക് പോകുന്ന വിവരം പറയാനും പറ്റ് തീർക്കാനും ഫ്‌ളാറ്റിന് ചുവട്ടിലെ  സുരേന്ദ്രന്റെ  ഗ്രോസറിയിലേക്ക് പോയതായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ  എന്തെങ്കിലും കൊണ്ടു പോകാനുണ്ടോ എന്ന് വെറുതെ ഒരു ലോഗ്യത്തിന് ചോദിച്ചതാണ്.

"ഇങ്ങക്കൊരു കുപ്പി അത്തറ് കൊണ്ടോവാൻ പറ്റ്വോ....എന്റെ അല്ല......
മെസ്സില് പണിയെടുക്കുന്ന ഒരാളുടെതാ...മരിക്കാൻ കെടക്ക്ന്ന അയാളുടെ ഉമ്മാക്കാ..ഇങ്ങള് കൊണ്ടോവെങ്കിൽ അയാളുടെ  വീട്ട്ന്ന് ആരെങ്കിലും വന്ന് വാങ്ങിക്കോളും"
ചേതമില്ലാത്ത ഒരു  ഉപകാരമാണല്ലോ. എതിര് പറഞ്ഞില്ല.
"പാവം അഞ്ചാറ് കൊല്ലായി ഇഖാമയും പാസ്‌പോർട്ടും ഒന്നും ഇല്ലാത്തത് കൊണ്ട് മെസ്സിൽ പണി എടുക്ക്വാ....ഇത് എന്നെ ഏല്പിച്ചിട്ട് കൊറേ ദിവസായി.... കൊടുത്തയക്കാൻ പറ്റിയ ആരെയും കിട്ടീല്ല....."

സുരേന്ദ്രൻ  ആളെ വിളിച്ചു വരുത്തി. നരച്ച കുറ്റിത്താടിയും മുഷിഞ്ഞ വസ്ത്രവും, അയാൾ
കയറി വന്നപ്പോൾ കടയിൽ  എണ്ണയുടെയും മസാലയുടെയും വാട പരന്നു.

എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"ബുദ്ധിമുട്ട് തോന്നരുത്.....സുരേന്ദ്രൻ  പറഞ്ഞിറ്റുണ്ടാവല്ലോ...മോൻ വന്ന് വാങ്ങിക്കോളും. ഞാൻ ഓന്റെ പേരും   നമ്പറും  ഇതുമ്മല് എഴുതാം"
അയാൾ അത്തറ് പെട്ടി തുറന്നു കാണിച്ചശേഷം ഭദ്രമായി അടച്ച് പേപ്പർടേപ്പ് ചുറ്റി അതിനു മേൽ മകന്റെ പേരും മൊബൈൽ നമ്പറും വീട്ടഡ്രസ്സും എഴുതി എന്നെ ഏല്പിച്ചു. കടയിൽ നിന്ന് ഞങ്ങൾ ഒന്നിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.

"ഈ അവസ്ഥയിൽ ഉമ്മാക്ക് എന്തിനാണ് അത്തർ എന്ന് തോന്നുന്നുണ്ടാകും..... മുപ്പത്തഞ്ച് കൊല്ലം

 മുമ്പ് ഞാൻ ഇവിടന്ന് ആദ്യായിട്ട് നാട്ടിൽ പോകുമ്പോ ഉപ്പാക്ക് കൊണ്ടുക്കൊടുത്തത് ഇതേ അത്തറായിരുന്നു"

അയാൾ മനസ്സിനെ ഓർമ്മയിൽ എങ്ങോ അലയാൻ വിട്ടതുപോലെ നിർത്തി.

"ഉപ്പാക്ക് ഇതിന്റെ മണം വല്ലാതെ ഇഷ്ടായിരുന്നു.....അത് കൊണ്ട്  ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും  ഈ അത്തറ് കൊണ്ടുപോവാൻ മറക്കൂല"
"എട്ടു കൊല്ലം മുമ്പാണ് ഉപ്പ മരിക്കുന്നത്. ഞാൻ നാട്ടിൽ പോയി തിരിച്ചു വന്ന് രണ്ടു മാസം പോലും ആയിരുന്നില്ല. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇറങ്ങുമ്പോൾ പെട്ടെന്ന് വന്ന നെഞ്ചുവേദന..... ഉപ്പ പള്ളിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ  പുരട്ടിക്കൊടുത്ത അത്തറിന്റെ മണമായിരുന്നു  മരിച്ചിട്ടും ഉപ്പാന്റെ മേലിനെന്ന് ഉമ്മ പറയും"

"എനിക്കന്ന് പോകാനും ഉപ്പാന്റെ മയ്യത്ത് കാണാനും പറ്റിയില്ല.....ഉപ്പ മരിച്ച ശേഷമാണ് ഉമ്മ ശരിക്കും തളർന്നു പോയത്.. പിന്നെ അത് ഓരോ സൂക്കേടായി......ഉപ്പയും ഉമ്മയും അങ്ങനെ കഴിഞ്ഞതാണേ....ഒരു ദിവസം പോലും അവര് പിരിഞ്ഞു നിന്നിട്ടുണ്ടാവൂല"
ഉള്ളിൽ തിങ്ങി നിൽക്കുന്ന എന്തൊക്കെയോ കെട്ടഴിച്ചു വിടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.

"ഉപ്പ മരിച്ചശേഷവും ആ  അത്തറ് കുപ്പികൾ ഉമ്മാന്റെ അലമാരയിൽ ഉണ്ടായിരുന്നു."

"തീരെ  കിടപ്പിലായിട്ട്  ഇപ്പൊ മൂന്ന് മാസത്തോളം ആയി. ബോധം ഇല്ലാന്ന് തന്നെ പറയാം. ആരെയും തിരിച്ചറിയാനൊന്നും പറ്റുന്നില്ല.  കിടന്ന കിടപ്പിൽ മേലൊക്കെ പൊട്ടാനും പഴുക്കാനും തുടങ്ങിയപ്പോൾ കുളിപ്പിച്ചു കഴിഞ്ഞാൽ    ഉപ്പാന്റെ അത്തറ് പുരട്ടിക്കൊടുക്കുമായിരുന്നു...ആ മണം അറിയുമ്പോ ആയിരിക്കും...ബോധക്കേടിലും
ഉമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി....ഉപ്പാനെ ചോദിച്ചും ഞാൻ വന്നോ എന്നന്ന്വേഷിച്ചും.....കുറച്ചു ദിവസമായി അത്തറ് മുഴുവൻ
തീർന്നിട്ട് .... അതിന് ശേഷം ഉമ്മ ഒന്നും സംസാരിച്ചിട്ടില്ല"
അയാൾ  കുറേനേരം നിശബ്ദനായി.

"ഇങ്ങള് നാട്ടിലെത്തി തെരക്കൊക്കെ കഴിഞ്ഞിട്ട് ഇതിൽ എഴുതിയ നമ്പറിൽ
ഒന്ന് വിളിച്ചുപറഞ്ഞാൽ മതി..... മോൻ വന്ന് വാങ്ങിക്കോളും.."

"നിങ്ങള് നാട്ടിലേക്ക് പോകാനുള്ള വഴിയൊന്നും നോക്കുന്നില്ലേ.....എത്രകാലാണ് ഇങ്ങനെ"

"നോക്കാണ്ടല്ല.... പാസ്പോർട്ട് പോലും ഇല്ലാലോ....പൊതുമാപ്പ് വന്നാൽ പോകാൻ പറ്റും... ഓരോ കൊല്ലവും പൊതുമാപ്പ് ഉണ്ടാവും ഉണ്ടാവുംന്ന് പറയുന്നത് കേക്കാന്നല്ലാതെ... ഇപ്പൊ അഞ്ചാറ് കൊല്ലായില്ലേ ഇവിടെ പൊതുമാപ്പില്ലാതെ...സ്പോൺസർ ഇന്റെ പേരിൽ എന്തെങ്കിലും കേസ് കൊടുത്ത് ഇട്ടിട്ടുണ്ടൊന്നും അറിയില്ല.....അതോണ്ടാ പിടിത്തം കൊടുക്കാനും പേടി...."

"വീട്ടിൽ ആരൊക്കെയാണ്...."
"ഉമ്മ ന്റെകൂടെയാ... ഞാൻ മൂത്ത മോൻ ആയത് കൊണ്ട് മാത്രല്ല....ഓള് ഉമ്മാനെ നല്ലോണം നോക്കും. നാല് മക്കളാണ് ..... മൂന്ന് പെണ്ണും ഇളയത് ഒരാണും...ഓൻ പഠിക്കുന്നെ ഉള്ളൂ...മൂന്നു കൊല്ലം മുമ്പാ ഇളയ മോളുടെ കല്യാണം കഴിഞ്ഞത്... കൂടാൻ പറ്റിയിട്ടില്ല.....ഇപ്പൊ ഓളുടെ കുഞ്ഞന് ഒന്നര വയസ്സ് കഴിഞ്ഞ്.... പുതിയാപ്പിളനേം പേരക്കുട്ടിനേം ഒന്നും കണ്ടിട്ടില്ല"
അയാൾ ചിരിച്ചു.

പിരിയുമ്പോൾ കൈകൾ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട്  പറഞ്ഞു.
"ഇനിക്കിപ്പം എന്ത് സമാദാനംണ്ട്ന്നോ....ഈ അത്തറിന്റെ മണത്തിലൂടെ ഉമ്മാക്ക് ഓർമ്മകളിലൂടെ  പിടിച്ചു പിടിച്ചു കേറിപ്പോരാൻ പറ്റുംന്ന് ഞാൻ ആശിക്യാ...."

നാട്ടിൽ എത്തിയത് മുതൽ ആ നമ്പറിലേക്ക് പലവട്ടം വിളിച്ചുവെങ്കിലും പരിധിക്ക് പുറത്ത് എന്നല്ലാതെ......
നടുവകത്തെ മേശപ്പുറത്ത് ആ പൊതി മരണം കാത്തുകിടക്കുന്ന ഒരാളെപ്പോലെ ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

ഇന്നലെ പാതിരാത്രിയിൽ പുറത്തെ പെരുമഴയുടെ താളത്തിൽ പെയ്തൊഴിഞ്ഞ തളർച്ചയിൽ നെഞ്ചോട് പറ്റിക്കിടക്കുമ്പോൾ അവൾ ചോദിച്ചു
"ഇത്രേം കൊല്ലമൊക്കെ വിട്ടുനിക്ക്വാന്ന് വെച്ചാൽ.....അതും എപ്പോ പോകാൻ പറ്റുംന്ന് പോലും ഒരു ഊഹമില്ലാതെ....വല്ലാത്തൊരു ജീവിതാണ് ല്ലേ"
"ഉം..." ഞാൻ മൂളി.
"...ആർക്കെങ്കിലും എന്തെങ്കിലും പറ്റിപ്പോയാൽ അവസാനായിട്ടു ഒന്ന് വന്ന് കാണാൻ പോലും പറ്റാതെ...."
മോൾ ഉറക്കത്തിൽ ഒന്നുകൂടി  ചുറ്റിപ്പിടിച്ചു. ജാലകത്തിലൂടെ നിലാവെളിച്ചതിന്റെ ഒരു ചീന്ത് ഉറങ്ങുന്ന മോന്റെ മുഖത്ത് തിളങ്ങി നിന്നു.

"ഈ അത്തറ് കൊണ്ടുപോവാൻ ആള് ഇതുവരെ വന്നില്ലാലോ മോനെ....."
രാവിലെ ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് ഉമ്മ ചോദിച്ചത്.
"ഇനി ഓലിക്ക് എന്തെങ്കിലും അധികായിട്ടുണ്ടാവോ.."
ഉമ്മാന്റെ ശബ്ദത്തിൽ ആശങ്കയും സങ്കടവും ഉണ്ടായിരുന്നു.
"ഞാൻ രാവിലെയും വിളിച്ചു നോക്കിയതാണുമ്മാ....ആ നമ്പർ എപ്പോളും പരിധിക്ക് പുറത്താ.... ഏതോ റേഞ്ച് ഇല്ലാത്ത സ്ഥലം ആണ്ന്ന് തോന്നുന്നു."
"പാവം...ആ ഉമ്മാന്റെ സ്ഥിതി എന്തായിരിക്കും......ഈ അത്തറ് കിട്ടീന്നെങ്കിലും അറിഞ്ഞാല് ആ മോന് കൊറച്ചെങ്കിലും സമാദാനം ആയേനെ....വല്ലാത്ത വിധി"
ഇനിയും  കാത്തു നിക്കാതെ അഡ്രസ്സ് തേടിപ്പിടിച്ച് ഇന്ന് തന്നെ അങ്ങോട്ട്  കൊണ്ടുപോയി കൊടുത്താലോ എന്ന് അപ്പോഴാണ് ആലോചിച്ചത്.

"അതായിരിക്കും  നല്ലത്.....ഈ പൊതി ഇവിടെ ഇങ്ങനെ കാണുംതോറും ന്റെ മനസ്സിൽ ആ മരിക്കാൻ കെടക്കുന്ന ഉമ്മയും ആ മോനും തന്നെയാ"
ഉമ്മ ഒരു നെടുവീർപ്പ് പോലെ പറഞ്ഞു.

മക്കൾ സ്‌കൂൾ വിട്ട് വരുമ്പോഴേക്ക് തിരിച്ചെത്താം എന്ന കണക്കുകൂട്ടലിലാണ്  പുറപ്പെട്ടത്.  ഈ പെരുമഴയിലേക്ക് നോക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കൊന്നു വിളിച്ചു നോക്കാമെന്ന് വെച്ചാൽ മൊബൈലിന് റേഞ്ചുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ   നല്ല വെയിലായിരുന്നു. ഉമ്മ നിർബന്ധിച്ചിട്ടാണ് കുട എടുത്തത് തന്നെ.

ഇടക്കൊന്ന് നേർത്തും പിന്നെയും കനത്തും  മഴ പെയ്തു കൊണ്ടിരുന്നു. ഒരു പരിചയവും ഇല്ലാത്ത പ്രദേശത്ത് പെരുമഴയിൽ ഒറ്റപ്പെട്ടിങ്ങനെ......
ഉള്ളിൽ വല്ലാത്തൊരു പേടിയോ
സങ്കടമോ നിറയാൻ തുടങ്ങി.
ഏറെ നേരം ഒരേ പെയ്ത്തിന് ശേഷം സങ്കടക്കരച്ചിൽ പോലെ മഴ മെല്ലെ മെല്ലെ നേർത്തു വന്നു. വന്ന ബസ്സ് ഇതുവരെ തിരിച്ചു പോയത് കണ്ടില്ല. ഇനി അത് വേറെ വഴിക്കാകുമോ. അതല്ലെങ്കിൽ പെരുമഴയിൽ ട്രിപ്പ് തന്നെ ഒഴിവാക്കി......

ഏതാനും ബൈക്കുകൾ  കൈകാണിച്ചിട്ടും നിർത്താതെ കടന്നു പോയി. ഇത്ര നേരവും മഴയിൽ എവിടെയോ കയറി നിന്നതാവണം. കൂടണയാനുള്ള  ധൃതി. ഇപ്പോൾ ഇരുട്ടാവുമല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരു ബൈക്കിന്റെ വെളിച്ചം. അല്പം മുന്നോട്ട് പോയി നിർത്തിയ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഹെൽമറ്റും മഴക്കോട്ടും ഇട്ട ഒരു ചെറുപ്പക്കാരൻ.
"ഊട്ടേരിമുക്കിലേക്ക് ആണെങ്കിൽ...കുറേ നേരായി മഴയത്ത് ഇവിടെ..."
"കേറിക്കോളീ... ഞാൻ  അത് വഴിയാണ്. അങ്ങാടിയിൽ ഇറക്കിത്തരാം"
തണുത്ത കാറ്റിനെ മുറിച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. നല്ല ഇറക്കമായിരുന്നു. നിരത്തരികിലൂടെ കലക്കുവെള്ളം കുത്തിയൊഴുകി.

ആളനക്കം കുറഞ്ഞ അങ്ങാടിയിൽ ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു. കയ്യിലുള്ള  പൊതിയിലെ വീട്ടുപേര് ഒന്നൂടെ വായിച്ച് ഉറപ്പു വരുത്തി, നിരത്തിലേക്ക് തല നീട്ടിയിരിക്കുന്ന പീടികയിലെ  ചെറുപ്പക്കാരനോട് വഴി ചോദിച്ചു.
"മരിച്ച വീട്ടിലേക്കാണോ"
ചെറുപ്പക്കാരന്റെ ചോദ്യം വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. വൈകിപ്പോയിരിക്കുന്നു. എപ്പോഴായിരിക്കും...

"ആ കാണുന്ന ബസ്റ്റോപ്പില്ലേ... അതിന്റടുത്തുള്ള ഇടവഴിക്ക്

നേരെ ഉള്ളിലേക്ക് പോയാ മതി. കുറച്ചു മുന്നോട്ട് ചെന്നാൽ ഒരു ചെറിയ സ്രാമ്പി കാണാം . അതിന്റെ തൊട്ടടുത്തുള്ള വീടാ....സ്രാമ്പിന്റടുത്ത്   ആളുകള് ഉണ്ടാകും"

ഇനി  അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ശങ്കിച്ചു.  ഇത്രയും ദിവസം കാക്കണ്ടായിരുന്നു.....

ഇരുട്ട് വീണ് തുടങ്ങിയിരുന്നു.  തണുത്ത കാറ്റും മണ്ണട്ടക്കരച്ചിലും  ആളനക്കമില്ലാത്ത ഇടവഴിയും...പരിചയമില്ലാത്ത ഏതോ ഒരു നാട്ടിൽ അസമയത്ത്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം.
മക്കൾ പടിക്കൽ  നോക്കിയിരിക്കുന്നുണ്ടാകും. ഫോൺ വിളിച്ചിട്ടും കിട്ടാതെ ഉമ്മയും അവളും പരിഭ്രമിക്കുന്നുണ്ടാകും. 
എങ്ങനെയാണ്  തിരിച്ചു പോകുക....

ഇത്തിരി നടന്നപ്പോൾ സ്രാമ്പിയും അതിന് മുന്നിലെ   ചെറിയ ആൾക്കൂട്ടവും കണ്ടു.
"മരിച്ച വീട്ടിലേക്ക്......"
ഒരാൾ സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ചൂണ്ടിക്കാണിച്ചു തന്നു.

പ്രായമുള്ളൊരാൾ അടുത്തേക്ക് വന്നു.
"ഇങ്ങളെവ്ടെന്നാ.."
"കുറച്ചു ദൂരെന്നാ... കുവൈത്തിലാണ്...ഇവിടെ മരിച്ച...."

അയാൾ കൈ പിടിച്ച്  കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി സ്വകാര്യം  പോലെ  പറഞ്ഞു.
"വിവരം അറിഞ്ഞിട്ടു വന്നതായിരിക്കും അല്ലേ.... ഓന്റെ വീട്ടിലൊന്നും അറിയിച്ചിട്ടില്ല.... നാട്ടുകാര് തന്നെ അറിഞ്ഞു വരുന്നേ ഉള്ളൂ...
അതോണ്ട്....... ഇങ്ങള് ഇപ്പൊ അങ്ങോട്ട് പോണ്ട"
അയാൾ എന്താണ് പറഞ്ഞു വരുന്നത് എന്ന്  മനസ്സിലായില്ല.

"കടലാസൊന്നും ഇല്ലാഞ്ഞതോണ്ട് പെട്ടെന്ന് ആസ്പത്രീൽ കൊണ്ടോവാൻ പോലും പറ്റീക്കില്ലാന്ന് കേട്ട്.... 
അങ്ങാനാണെങ്കില് നാട്ടിലേക്ക് കൊണ്ടരാനാക്വോ....ഓൻ പോയിറ്റ്‌ അഞ്ചാറ് കൊല്ലം കയ്ഞ്ഞതല്ലേ... അവസാനായിറ്റ് ഓന്റെ ഓൾക്കും മക്കൾക്കും ഒന്ന് കാണാനെങ്കിലും....... ഉമ്മയാണെങ്കിൽ ഇന്നോ നാളെയോ എന്ന കിടപ്പിൽ..." അയാൾ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

തുള്ളി തുള്ളിയായി  തുടങ്ങി കനത്ത്‌ പിന്നെ നിലവിളി പോലൊരു പെരുമഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. കയ്യിലെ അത്തറ് പൊതി  നനയാതെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു. സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ഇരുട്ടിലും മഴയിലും മാഞ്ഞുപോയി.

__________
 'വാരാദ്യ മാധ്യമത്തിലും' ഗൾഫ് മാധ്യമം 'ചെപ്പി'ലും പ്രസിദ്ധീകരിച്ച കഥ.

ദൂരെ ദൂരെയൊരു കൂട്ടിൽ...

അവധി ദിനമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തെ  തെരുവ് കച്ചവടത്തിന്റെ തിരക്കിലേക്കാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ വണ്ടി വന്ന് നിർത്തിയത്. കച്ചവടക്കാർ പലവഴി ചിതറി ഓടിയപ്പോൾ നിരത്തോരത്ത് അനാഥമായി പഴങ്ങളും പച്ചക്കറികളും കളിപ്പാട്ടങ്ങളും പഴയ ഉടുപ്പുകളും കാലാവധി കഴിഞ്ഞതും കഴിയാൻ പോകുന്നതുമായ മിട്ടായികളും....

 ഇതൊക്കെയും വാരിക്കൊണ്ട്  പോകാൻ വന്ന മുനിസിപ്പാലിറ്റിയുടെ വലിയ ലോറിയുടെ പിറകിൽ  നിറയെ  മഞ്ഞയുടുപ്പിട്ട ബംഗ്ളാദേശി ജോലിക്കാർ. തുച്ഛമായ ശമ്പളത്തിന്
പാതിരാത്രി മുതൽ തെരുവുകൾ  അടിച്ചു വാരിയും മാലിന്യം നീക്കിയും.... പട്ടിണിയും ദാരിദ്ര്യവും വെള്ളപ്പൊക്കവും കൊണ്ട് പൊറുതിമുട്ടിയ നാട്ടിൽ നിന്ന് ജീവിക്കാൻ വേണ്ടി കടൽ കടന്ന് പോന്നവർ. 

ഇക്കണ്ട ഭക്ഷ്യവസ്തുക്കൾക്ക്  മുന്നിൽ പകച്ചു നിൽക്കെ ഉദ്യോഗസ്ഥൻ തിരക്ക് കൂട്ടി.
"യാള്ളാ... സുർറാ...സുർറാ..."
അമാന്തിച്ചു നിൽക്കാതെ
എല്ലാം ഒരുമിച്ചു ലോറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു കൂമ്പാരമായി കൂട്ടി എല്ലാവരും ധൃതിപ്പെട്ട്  പിറകിൽ ഒഴിവുള്ള സ്ഥലത്ത് ഞെരുങ്ങിയിരുന്നു.

നീങ്ങിപ്പോകുന്ന ലോറിയിൽ തെരുവുവിളക്കിന്റെ വെട്ടത്തിലൊരു മുഖം.
നെഞ്ചിൽ അടുക്കിപ്പിടിച്ചൊരു മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ഏതോ ആലോചനയോടെ മന്ദഹസിക്കുന്ന മുഷിഞ്ഞ മഞ്ഞയുടുപ്പിട്ടൊരു  ചെറുപ്പക്കാരൻ.

അകലെ അകലെ വംഗനാട്ടിലെ ഏതോ  ഗ്രാമത്തിലുമൊരു പെൺകുട്ടി ഗാഢമായ ഉറക്കത്തിനിടയിൽ പുഞ്ചിരിക്കുണ്ടാവും....അവളുടെ സ്വപ്നത്തിൽ കയ്യിൽ മിട്ടായിപ്പെട്ടിയും ബാർബി ഡോളുമായി ബാബ പടി കടന്നു വരുന്നുണ്ടാകും....

വല്യേട്ടൻ



പെരുമഴയിലേക്കാണ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത്.  ധൃതിപ്പെട്ട്  എമിഗ്രേഷനിലേക്ക് നടക്കുന്നതിനിടയിൽ കുട്ട്യേട്ടന്റെ നമ്പറിലേക്ക് വിളിച്ചു നോക്കി. പരിധിക്ക് പുറത്ത്. ടാക്സി കൗണ്ടറിൽ നിന്ന് തന്ന സ്ലിപ്പുമായി  പുറത്തേക്കിറങ്ങിയപ്പോൾ മഴ പിന്നെയും അലറിക്കരഞ്ഞും ഏങ്ങലടിച്ചും....

"മേഡം...ഇനി ആരേലും വരാനുണ്ടോ"
സ്ലിപ്പ് വാങ്ങി മുന്നിൽ നടന്നുകൊണ്ട്  ടാക്സി ഡ്രൈവർ ചോദിച്ചു.
"ഇല്ല...പെട്ടെന്ന് പോകണം.."
"ഇങ്ങള് ഇവിടെ നിന്നോളീ. ഞാൻ വണ്ടിയെടുത്ത് വേഗം വരാം....മഴയും...പിന്നെ ഫ്‌ളൈറ്റൊക്കെ ഒന്നിച്ചിറങ്യ സമയോം ആയതോണ്ട് ബ്ലോക്കുണ്ടാകും"

അയാൾ ധൃതിപ്പെട്ട് നടന്നു പോയി.
കനത്തു പെയ്യുന്ന മഴ  നനയാതെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഓർമ്മയുടെ മഴ നൂലുകൾക്കപ്പുറത്ത് വല്യേട്ടന്റെ അനാദിപ്പീടികയുടെ മണം.  പീടിക ഇറയത്ത്  സഞ്ചിയും പിടിച്ച് അരിച്ചാക്കും ചാരി ഒരു ആറാം ക്ലാസുകാരി.....

"ബാലാ....ഒന്ന് വേം താ...കുട്ട്യേള് കാത്തു നിക്കുന്നുണ്ടാകും" 
വൈകുന്നേരം പണി കേറി വന്ന ആളുകൾ തിരക്ക് കൂട്ടും. നിന്ന് നിന്ന് കാലു കടഞ്ഞാലും, അവളെ പീട്യക്കാരൻ തിരിഞ്ഞു നോക്കില്ല.

മുതലാളിയും സാധനം എടുത്തു കൊടുക്കുന്ന ആളുമൊക്കെയായ വല്യേട്ടൻ ഈ തിരക്കിനിടയിൽ പുരയിലേക്ക് കൂടി സാധനം കെട്ടേണ്ടി വരുന്നതിന്റെ  ദേഷ്യം  തീർക്കുന്നത് ഇങ്ങനെയാണ്. ദുഷ്ടൻ. ഇത് കൊണ്ടാണ്  സ്‌കൂളിൽ നിന്ന് വൈകി എത്തുന്ന ദിവസം കുട്ട്യേട്ടൻ പീടികയിൽ പോകാൻ കൂട്ടാക്കാത്തതും.

പീട്യേൽ പോകാനുള്ള ഏക ഉത്സാഹം  തൊട്ടടുത്ത കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ തൂക്കിയിട്ട ബാലയുഗവും പൂമ്പാറ്റയും ബാലരമയും  ലാലുലീലയുമൊക്കെയാണ്.  വല്യേട്ടന്റെ പറ്റിൽ പച്ചക്കറി വാങ്ങുന്ന  കൂട്ടത്തിൽ  ഏതെങ്കിലും ഒരു പുസ്തകവും  വാങ്ങി  സഞ്ചിയുടെ അടിയിൽ ഒളിപ്പിക്കുമ്പോൾ  വല്യേട്ടൻ ഇതൊന്നും അറിയില്ല എന്ന സമാധാനം മാത്രമല്ല, അയാളോടുള്ള ദേഷ്യം തീർക്കുന്നതിന്റെയൊരു ആനന്ദവും ഉണ്ടായിരുന്നു. അങ്ങനെ  അഹങ്കരിക്കണ്ട. സ്വന്തം ഏട്ടനൊന്നും അല്ലാലോ ഇങ്ങനെ താണ്  കൊടുക്കാൻ.

ഓർമ്മ വെച്ചത്  മുതൽ 'വല്യേട്ടാ' എന്ന് വിളിച്ചു ശീലിപ്പിച്ചത് അമ്മയാണ്. എന്നാലും അന്യനെ പോലെ അകന്നു നിന്നു എപ്പോഴും. ഒന്ന് മുഖത്തു നോക്കി ചിരിക്കുക പോലും ചെയ്യാത്ത  ആ മനുഷ്യനെ ഏട്ടൻ എന്ന് വിളിക്കാൻ തന്നെ ഇഷ്ടമുണ്ടായിരുന്നില്ല.

"ഡീ കൈകേയീന്റെ മോനായിട്ടും ലക്ഷ്മണനോട് ശ്രീരാമന് നല്ല സ്നേഹല്ലായിനോ"
രാത്രി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്‌ കുട്ട്യേട്ടൻ ഒരു ദിവസം ചോദിച്ചത്.
ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കിയപ്പോൾ കുട്ട്യേട്ടൻ സങ്കടത്തോടെ തുടർന്നു
"പിന്നെന്താ വല്യേട്ടൻ ഇങ്ങനെ....ന്നോടൊന്ന് നല്ലണം മിണ്ട്അ പോലുംല്ല"
സ്വന്തം മോനെപ്പോലെ അമ്മ സ്നേഹിച്ചിട്ടും, കുട്ട്യേട്ടനും ഞാനും എത്ര അടുപ്പം കാണിച്ചിട്ടും മുരടൻ സ്വഭാവം കാണിച്ച്  മാറി നിൽക്കുന്ന അയാളെ  പറ്റിക്കുന്നതിൽ ഒരു സുഖം ഉണ്ടായിരുന്നു.

ഗൂഢമായ ആ ആനന്ദം ബലൂണിന് കുത്തുകൊണ്ട പോലെ  ഇല്ലാതായത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂള് വിട്ട് ബസ്സിറങ്ങി  രാവിലെ അമ്മ ഏൽപിച്ച സാധനങ്ങൾ വാങ്ങാൻ പീടികയിൽ കയറിയതായിരുന്നു. 'വാ' എന്ന് വല്യേട്ടൻ  വിളിച്ചപ്പോൾ പിറകെ ചെന്ന് കയറിയത് വായനശാലയിൽ!

"കുഞ്ഞിരാമേട്ടാ... എന്റെ അനിയത്തിയാണ്. ഓൾക്ക്  മെമ്പർഷിപ്പ് കൊടുക്കണം....."
ലൈബ്രേറിയൻ കുഞ്ഞിരാമേട്ടനോട്  ഇങ്ങനെ പറഞ്ഞേല്പിച്ചപ്പോൾ കണ്ണ് നിറഞ്ഞത് വായനയുടെ വലിയൊരു ലോകം തുറന്ന് തന്നതിനെക്കാളേറെ, ആദ്യമായി വല്യേട്ടനിൽ നിന്ന് 'എന്റെ അനിയത്തി' എന്ന് കേട്ടത്  കൊണ്ട് കൂടിയായിരുന്നു.

വായനശാലയുടെ പടിയിറങ്ങുമ്പോഴാണ് പറഞ്ഞത്. "സുധാകരൻ  മാഷ് പറഞ്ഞിരുന്നു ഇന്നലെ സാഹിത്യ സമാജത്തിന് കഥ  വായിച്ചത്....കൊറേ കാലായില്ലേ പൂമ്പാറ്റയും ബാലരമയും ഒക്കെ.....ഇനി വലുതൊക്കെ വായിച്ചു തൊടങ്ങ്"

അപ്പൊ!!  കുഞ്ഞൂട്ടിക്കാന്റെ പീടികയിൽ നിന്ന്  പുസ്തകങ്ങൾ വാങ്ങുന്നതൊക്കെ അറിയുന്നുണ്ടായിരുന്നു. പഞ്ചാരയോ ചായപ്പൊടിയോ വാങ്ങുന്നത് കണക്കിലധികമായിപ്പോയാൽ പോലും  പിറുപിറുക്കുന്ന ആളാണ് ഇത്രയും കാലം!.

അങ്ങ്ട്ടേലെ ബിയ്യാത്തൂമ്മ പറഞ്ഞ കഥകളിലാണ്  വല്യേട്ടനെ അടുത്തറിഞ്ഞത്.
അമ്മ മരിച്ചതോടെ ഒറ്റക്കായിപ്പോയ അഞ്ചാം ക്ലാസ്സുകാരനെ. ഒരു പനി വന്ന് ആസ്പത്രീൽ കൊണ്ടു പോയതാണത്രേ അമ്മയെ..... തിരിച്ചെത്തിയത്......

"അമ്മേന്റെ കൂടെ ന്നേം കൊണ്ടുപോ"ന്ന് അലമുറയിട്ട് നിലവിളിച്ചോടിയ പത്തു വയസ്സുകാരനെ പിടിച്ചു വെക്കാൻ അന്നെല്ലാരും പാടുപെട്ടത്രേ. അത്രയും ജീവനായിരുന്നു വല്യേട്ടന് അമ്മയെ.

അമ്മയില്ലാത്ത വീട്ടിൽ വല്യേട്ടൻ പിന്നെ ഒറ്റക്ക് നിന്നിട്ടില്ല. സ്കൂള് വിട്ടുവന്നാൽ ഇരുട്ടും വരെ വായനശാലയിൽ ഇരുന്നു പുസ്തകം വായിച്ചും, അത് കഴിഞ്ഞ് അച്ഛന്റെ കൂടെ രാത്രി  പൂട്ടുന്ന വരെ പീടികയിലും.....

കൂട്ടുകാരന്റെ മരണത്തോടെ അയാളുടെ  ഭാര്യയും രണ്ട് പൊടിമക്കളും പട്ടിണിയാണ് എന്നറിഞ്ഞപ്പോൾ  സഹായിക്കാൻ വല്യേട്ടന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെറുപ്പക്കാരിയും  കുഞ്ഞുങ്ങളും ആണും തൂണുമില്ലാതെ കഴിയുന്നതോർത്ത് കേളപ്പൻ  വൈദ്യരാണ് വല്യേട്ടന്റെ അച്ഛനും, അമ്മയുമായുള്ള കല്യാണത്തിന് മുൻകൈ എടുത്തത്. മോന് വിഷമമാകുമോ എന്നായിരുന്നു  അച്ഛന്.  വൈദ്യര് തന്നെയാണ് വല്യേട്ടനോട് സംസാരിച്ചത്.

"എത്ര കാലാണ് ബാലാ ഇങ്ങള് അച്ഛനും മോനും ഇങ്ങനെ ഒറ്റക്ക്. വീട്ടിലെ പണിയും പീടികയും നോക്കി അച്ഛൻ തളന്ന്റ്റ്ണ്ട്. നിങ്ങക്ക് കഞ്ഞി വെച്ചു തരാനെങ്കിലും ഒരാള് വേണ്ടേ. ചന്ദ്രിയെ നിനക്കും നന്നായി  അറിയാലോ. ഓൾക്കും രണ്ട് പൈതമ്മക്കൾക്കും അതൊരു താങ്ങാവുകയും ചെയ്യും. നിനക്ക് രണ്ട് കൂടപ്പിറപ്പുകളും ആവ്വ്ല്ലോ"

എതിർപ്പൊന്നും പറഞ്ഞില്ലെങ്കിലും, അമ്മേന്റെ സ്ഥാനത്ത് വേറൊരാളെ കാണുന്നതിന്റെ ഈർഷ്യയോ സങ്കടമോ, കല്യാണം കഴിഞ്ഞതോടെ അച്ഛനോട് പോലും അടുപ്പം കുറഞ്ഞു. അതുവരെ അച്ഛനോടൊപ്പം കിടന്നുറങ്ങിയ  വല്യേട്ടൻ കിടത്തം  ചരുവകത്തേക്ക് മാറ്റി. ആ മുറിയുടെ ജാലകത്തിലൂടെ നോക്കിയാൽ വല്യേട്ടന്റെ അമ്മ വെച്ചുപിടിപ്പിച്ച ചെടികളുടെയും മരങ്ങളുടെയും തണലും  തണുപ്പുള്ള പറമ്പിൽ അമ്മയെ അടക്കിയ ഇടം കാണാം.

സ്‌കൂൾ വിട്ട് കുറെ നേരം വായനശാലയിൽ ഇരുന്ന് വീട്ടിലെത്തിയാൽ  പാഠപുസ്തകവുമായി
ആ മുറിയിൽ ഒതുങ്ങും. 'പഠിച്ചു പഠിച്ചു വല്യ ആളാവും'ന്ന് അമ്മക്ക് കൊടുത്ത വാക്കാണത്രെ..

സ്‌കൂളിൽ ഏറ്റവും മിടുക്കനായിരുന്നെങ്കിലും പത്താം ക്ലാസ്സ് പരീക്ഷയുടെ രണ്ടു മാസം മുമ്പ് അച്ഛൻ ഒരു ഭാഗം തളർന്ന് കിടപ്പിലായതോടെ വല്യേട്ടൻ പഠിത്തം നിർത്തി പീടിക നോക്കേണ്ടി വന്നു. അച്ഛന്റെ ചികിത്സ, വീട്ടിലെ കാര്യം....  വേറെ നിവൃത്തി ഇല്ലായിരുന്നു. സുധാകരൻ മാഷ് പലവട്ടം നിർബന്ധിച്ചിട്ടും "ഇനിയിപ്പോ പഠിച്ച്  ഉദ്യോഗമൊക്കെ കിട്ടിയാലും ജീവിക്കാൻ വേണ്ടിയല്ലേ മാഷേ... ഇതൊക്കെ മതി" എന്ന് ഒഴിഞ്ഞുമാറി.

ടാക്സി  മുന്നോട്ടു നിർത്തി ഡ്രൈവർ  ഓടിവന്നു. കാറ് നീങ്ങുമ്പോൾ കുട്ട്യേട്ടനെ പിന്നെയും വിളിച്ചു നോക്കിയെങ്കിലും ഇത്തിരി നേരം റിങ് ചെയ്ത് പിന്നെയും പരിധിക്ക് പുറത്തായി.

മഴപ്പെയ്ത് പോലെ പിന്നെയും ഓർമ്മകൾ...
എസ് എസ് എൽ സി പരീക്ഷയെഴുതി, ജയിക്കുമോ തോൽക്കുമോ എന്ന് പേടിച്ചിരുന്ന ദിവസങ്ങൾ. റിസൾട്ട് വരുന്നതിന്റെ തലേദിവസം വൈകുന്നേരം
ഫസ്റ്റ്ക്ലാസ് കിട്ടിയ വിവരം പീടികയിൽ തിരക്കുള്ള  സമയത്ത്  സൈക്കിളിൽ ധൃതിപ്പെട്ട് വന്ന് കിതച്ചു കൊണ്ട് പറഞ്ഞ വല്യേട്ടന്റെ സന്തോഷം നിറഞ്ഞ മുഖം ഇപ്പോഴുമുണ്ട് മനസ്സിൽ. പത്രത്തിൽ ജോലി ചെയ്യുന്ന കൂട്ടുകാരനെ വല്യേട്ടൻ
രാവിലെ നമ്പർ ഏല്പിച്ചതും വൈദ്യരുടെ പീടികയിലെ ഫോണിലേക്ക് കൂട്ടുകാരന്റെ വിളി വരുന്നതും കത്തിരുന്നതും ആരോടും പറഞ്ഞിരുന്നില്ല.

വലിയങ്ങാടിയിൽ ചരക്കെടുക്കാൻ പോയി വരുമ്പോൾ കോഴിക്കോട്ടെ എല്ലാ കോളേജുകളിലെയും അഡ്മിഷൻ ഫോമും കൊണ്ടാണ്  വന്നത്. അന്ന് രാത്രി തന്നെ സുധാകരൻ മാഷുടെ വീട്ടിൽ കൂട്ടി കൊണ്ടുപോയി ഫോമുകൾ പൂരിപ്പിക്കാനും പിറ്റേന്ന്  ആരുടെയൊക്കെയോ കൈവശം കൊടുത്തയക്കാനും ഉത്സാഹിച്ചതും വല്യേട്ടൻ തന്നെ.

കറുപ്പും വെള്ളയും ചായമടിച്ച  കൃസ്ത്യൻ കോളേജിന്റെ പഴയ കെട്ടിടത്തിന്റെ നീണ്ട വരാന്തയിലും മുറ്റത്തുമായി  നിറഞ്ഞ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടത്തിൽ കരിമ്പനടിച്ച കുപ്പായവും നിറം മങ്ങിയ മുണ്ടുമുടുത്ത നാട്ടിൻപുറക്കാരനും  പാവാടയും ജമ്പറും ഇട്ട പെൺകുട്ടിയും വേറിട്ടു നിന്നു.

വല്യേട്ടൻ ധൈര്യം തന്നുവെങ്കിലും  ഇന്റർവ്യൂവിന് പേര് വിളിച്ചപ്പോൾ നെഞ്ചാളിയത് തിരിച്ചറിഞ്ഞാവണം, പ്രിൻസിപ്പളിന്റെ മുറിയിലേക്ക് കയറുമ്പോൾ  കൈ മുറുകെ പിടിച്ചത്.  കുഞ്ഞുന്നാളിൽ എത്രയോ വട്ടം കൊതിച്ചത്. ആ കൈകൾ തന്ന ധൈര്യം....

അഡ്മിഷൻ കഴിഞ്ഞു കോളേജ് ചുറ്റി നടന്നു കാണുമ്പോൾ  ഇതുപോലൊരു കലാലയ മുറ്റം സ്വപ്നം കണ്ട മിടുക്കൻ കുട്ടിയായിരുന്നല്ലോ വല്യേട്ടനെന്ന്....

മൂളിക്കുതിക്കുന്ന ഓട്ടോയിൽ ഇരുന്ന് ആദ്യമായി കോഴിക്കോട്  നഗരം കണ്ടതും, 'ബോംബെ ഹോട്ടലിൽ' ബിരിയാണി കഴിച്ചതും  മറക്കാത്ത ഓർമ്മരുചിയായി ഇപ്പോഴും.....

മിട്ടായിത്തെരുവിൽ നിന്ന് ബാസ്റ്റാന്റിലേക്ക്  വല്യേട്ടന്റെ കൈ പിടിച്ചു നടക്കുമ്പോൾ കയ്യിലുള്ള 'കൊളമ്പോ സ്റ്റോറി'ന്റെ സഞ്ചിയിലെ തുണിത്തരങ്ങൾ പോലെ വർണ്ണങ്ങൾ  തുളുമ്പിയ  മനസ്സ്  ഈ നടത്തം പെട്ടെന്ന്  തീരരുതേ എന്ന്  കൊതിച്ചതും...

കുഞ്ഞുന്നാളിൽ ഇങ്ങനെയൊരു കൈ പിടിച്ചു നടന്ന ഓർമ്മ പോലും ഇല്ലാത്ത അനിയത്തിക്കുട്ടി. 

"പഠിപ്പും പത്രാസും ഇല്ലാത്ത അനാദിപ്പീടികക്കാരന് കെട്ടിച്ചു കൊടുക്കാനല്ല ഞാനെന്റെ മോളെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കിയത്"
വല്യേട്ടൻ കല്യാണം കഴിച്ചു കാണണം എന്ന അച്ഛന്റെ  വലിയ മോഹം നടക്കാതെ പോവുക മാത്രമല്ല,
ഒന്നിച്ച് സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കാലം മുതലേ ഉണ്ടായിരുന്ന, നിശ്ശബ്ദമെങ്കിലും തീവ്രമായ ആ  പ്രണയത്തിന്റെ ഓർമ്മയാണ്  വല്യേട്ടനെ പിന്നീട് ഒറ്റക്കാക്കിയത്.

അച്ഛന്റെ മരണശേഷം, ഒസ്യത്തു പ്രകാരം,  താമസിക്കുന്ന വീടും പറമ്പും പീടികയും കൂടാതെ  നിരത്തിനോട് ചേർന്ന് പഴയ വീടോട് കൂടിയ പറമ്പിന്റെ പാതിക്കും അവകാശി  വല്യേട്ടനായിരുന്നെങ്കിലും, ആ വീടും പറമ്പും മുഴുവനായും അമ്മയുടെ പേരിൽ  എഴുതിക്കൊടുക്കാനും, താമസം അങ്ങോട്ട് മാറുന്നതിന് മുമ്പ് അടച്ചിട്ട പഴയ വീട് അറ്റകുറ്റപ്പണി നടത്തി നന്നാക്കാനും മുന്നിട്ടിറങ്ങിയത് വല്യേട്ടൻ തന്നെ.

 'ഇത് പോഴത്തമല്ലേ' എന്ന് ചോദിച്ചവരോട്
"അച്ഛൻ ഇത്രേം കാലം കിടന്നിട്ടും പൊന്നുപോലെ നോക്കിയത് അവരാ" എന്ന്      കടുപ്പിച്ചു പറഞ്ഞു വായടക്കി
വല്യേട്ടൻ.
അമ്മയുടെയും അച്ഛന്റെയും ഓർമ്മയുള്ള  വീട്ടിൽ പിന്നീട് വല്യേട്ടൻ ഒറ്റക്ക്...

ബി എഡ് ന്റെ അവസാന നാളുകളിലാണ് സുരേഷുമായുള്ള അടുപ്പം കുട്ട്യേട്ടൻ അറിഞ്ഞതും, ഒരു പാട് തല്ലിയിട്ടും മതിയാവാതെ ക്ലാസ്സിൽ പോകാൻ പോലും സമ്മതിക്കാതെ അകത്തു പൂട്ടിയിട്ടതും. അടുപ്പിച്ചു നാലു ദിവസം കാണാഞ്ഞിട്ടാണോ അതോ അമ്മ ആരെയോ ചൊല്ലി അയച്ചത് കൊണ്ടാണോ അന്ന് വല്യേട്ടൻ  വീട്ടിൽ അന്വേഷിച്ചു വന്നത്.

കട്ടിലിൽ കരഞ്ഞു കിടക്കുകയായിരുന്ന
തന്റെ മുടിയിൽ   തലോടി  ഒന്നും മിണ്ടാതെ അടുത്തിരുന്നപ്പോൾ
പെരുമഴ പെയ്യും പോലെ  ഏങ്ങലടിച്ചു കരഞ്ഞു.

"പവിത്രാ..... അടിച്ചും വാശി കാണിച്ചും രണ്ടാളുടെ ജീവിതത്തിലെ എന്നെന്നേക്കുമായുള്ള സന്തോഷം ഇല്ലാതാക്കി കളഞ്ഞിട്ട് വെറുതെ ശാപം വാങ്ങിവെക്കാം എന്നല്ലാതെ ആർക്കും
ഒരു നേട്ടവും ഉണ്ടാകാൻ പോണില്ല..." ഇറങ്ങുമ്പോൾ  ഉമ്മറത്തുണ്ടായിരുന്ന  കുട്ട്യേട്ടനോട് ശാസിച്ചപ്പോൾ  മറുത്തൊരക്ഷരം പറഞ്ഞില്ല. വല്യേട്ടന്റെ മുഖത്തു നോക്കി സംസാരിക്കാൻ പോലും  കുട്ട്യേട്ടന് പേടി ആയിരുന്നല്ലോ. 

അടുത്ത ദിവസം തന്നെ പെണ്ണുകാണലും  ഏറെ വൈകാതെ നിശ്ചയവും പരീക്ഷ കഴിഞ്ഞ ഉടനെ കല്യാണവും.

"ഒരു മുരടൻ പോലീസുകാരന്റെ മട്ടും ഭാവവും ഉണ്ടായിരുന്നു നിന്റെ വല്യേട്ടൻ അന്നെന്നെ കാണാൻ കോളേജിൽ വന്നപ്പൊ.  എന്റെ വീടും വീട്ടുകാരെയും കുറിച്ചൊക്കെ നന്നായി അന്വേഷിച്ചാണ് വന്നത് എന്ന് മനസ്സിലായി. നമ്മുടെ ബന്ധം സീരിയസ് ആണോന്ന്  അളക്കുന്ന മട്ടിലാണ് എന്നോട് ഓരോന്ന് ചോദിച്ചത്. വിരണ്ടു പോയി ശരിക്കും ..."
മധുവിധു നാളുകളിലെന്നോ സുരേഷ് പറഞ്ഞപ്പോഴാണ് ആ കഥയൊക്കെ അറിഞ്ഞത് തന്നെ.

"പെട്ടെന്നുള്ള കല്യാണല്ലേ....വല്യേട്ടന്റെ കയ്യിൽ ഇപ്പൊ ഇതേ ഉള്ളൂ"
കല്യാണത്തിന് രണ്ടു ദിവസം മുമ്പൊരു രാത്രിയിൽ  വീട്ടിൽ  വന്ന്  ട്രൗസറിന്റെ കീശയിൽ നിന്നൊരു കടലാസ്  പൊതിയെടുത്ത് കയ്യിൽ തരുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു. വെളുത്ത അളുക്കിനുള്ളിൽ വർണ്ണക്കടലാസിന്റെ പൊതിയിലെ സ്വർണ്ണവളത്തിളക്കം. അളവ് പോലും കൃത്യം!. അമ്മ കുടിക്കാനെടുത്തു വരുമ്പോഴേക്കും വല്യേട്ടന്റെ സൈക്കിൾ ഇരുട്ടിൽ ഇടവഴിയും കടന്ന്.....

"ബാലൻ മോട്ടോറില് വെള്ളം കേറാഞ്ഞിട്ട് നോക്കാൻ പോയതാ അപ്പറത്തെ വളപ്പില് ..... വിളിച്ചാൽ കേക്കൂല ഇങ്ങള് ഇറങ്ങിക്കൊളീ നേരം തെറ്റിക്കണ്ട." വിവാഹം കഴിഞ്ഞു സുരേഷിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ വല്യേട്ടനെ അന്വേഷിച്ചത് കേട്ട് ആരോ പറഞ്ഞു. കാറിൽ കേറും നേരം കണ്ടു അപ്പുറത്തെ പറമ്പിന്റെ  കൊള്ളിന്മേൽ.... ഒരു കാരണമുണ്ടാക്കി അവിടെ നിന്നും മാറിയത് ഗൗരവക്കാരന്റെ ഈ മുഖം ആരും കാണാതിരിക്കാൻ ആയിരിക്കുമെന്ന് ഊഹിച്ചു.

നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾ കടന്നു പോയിട്ടും ആ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്. വാത്സല്യവും സങ്കടവും കൊണ്ട് നനഞ്ഞ  കണ്ണുകളും.

വിവാഹിതയായി ഏറെ വൈകും മുമ്പ് തന്നെ സുരേഷിനോടൊപ്പം പുതുതായി തുടങ്ങിയ സ്‌കൂളിലേക്ക് അധ്യാപകരായി ദുബായിലേക്ക് പോന്നതോടെ തിരക്കുകകളും ഉത്തരവാദിത്തങ്ങളും കാരണം അകന്നകന്നു പോയ നാടിനോടൊപ്പം വല്യേട്ടനും....

"ബോധം വന്നപ്പളൊക്കെ നിന്നെ ചോദിച്ചിരുന്നു....... അല്ലെങ്കിലും കാണുമ്പോഴൊക്കെ നിന്റെ വിശേഷങ്ങൾ തന്നെയാണ് വല്യേട്ടൻ അധികവും ചോദിക്കല്.."
കുട്ട്യേട്ടൻ വിളിച്ചപ്പോൾ  കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ പുറപ്പെട്ടത് വല്യേട്ടന്റെ കയ്യിലൊന്ന് കൈ ചേർത്ത് വെച്ച് ഒരുപാട് നേരം ഇരിക്കാനാണ്. കൂടപ്പിറപ്പായി, മകളായി കൂടെ നിന്ന് പരിചരിക്കാൻ വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകൾ..

പിരിമുറുക്കങ്ങളുടെയും സങ്കടങ്ങളുടെയും വല്ലാത്ത അവസ്ഥകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു അഭയം പോലെ ഓർത്തു പോകുക വല്യേട്ടനെ ആയിരുന്നല്ലോ... അടുത്തുണ്ടായിരുന്നെങ്കിലെന്ന്...  ആ കൈകളിൽ ഒന്ന് കൈ ചേർത്തു വെച്ചാൽ കിട്ടുന്ന ധൈര്യമോർത്ത്... കണ്ട ഓർമ്മ പോലും ഇല്ലാത്ത അച്ഛന്റെ പകരമായി...

മുന്നിൽ വാഹനങ്ങളൊക്കെ ബ്ലോക്കായിരിക്കുന്നു.
പുറത്ത് മഴ പെയ്തുകൊണ്ടേ ഇരുന്നു. അങ്ങോട്ട് വിളിക്കാൻ തുടങ്ങുമ്പോഴേക്കും കുട്ട്യേട്ടൻ വിളിച്ചു

"നീ എവിടെയാ...ഞാൻ ഇപ്പോഴാണ് കണ്ടത്"

" എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് പോകുന്നു....കുട്ട്യേട്ടൻ അവിടെ ഉണ്ടാകുമല്ലോ"
അപ്പുറത്ത് നീണ്ട
നിശ്ശബ്ദത..

"..... ഞാൻ...ഞാൻ  ആംബുലൻസിലാണുള്ളത്.. വല്യേട്ടന്റൊപ്പം......തിരിച്ചു പോവ്വാണ്.."
കുട്ട്യേട്ടന്റെ  ശബ്ദം മുറിഞ്ഞു.

ഒരു കരച്ചിൽ തൊണ്ടയിൽ അമർന്നു..  മഴയിലും വിയർക്കുന്നതറിഞ്ഞു. പെട്ടെന്ന് അനാഥയായത് പോലെ. തിരക്കിട്ട്  ഓടിയെത്തിയിട്ടും...
ഒരു കൊച്ചു കുട്ടിയെ പോലെ ഉറക്കെ നിലവിളിക്കാൻ തോന്നുന്നു

കാറിന്റെ ചില്ല് താഴ്ത്തി. അലച്ചു പെയ്യുന്ന മഴത്തുള്ളികൾ മുഖത്തു പതിച്ച് കണ്ണീരിനോട് ചേർന്നൊഴുകി. തുറന്നു പിടിച്ച കണ്ണിൽ മഴ വരച്ച ചിത്രങ്ങളിൽ  പെരുമഴയിലൂടെ ധൃതിപ്പെട്ട് സൈക്കിൾ ചവിട്ടി നീങ്ങുന്ന മെലിഞ്ഞ രൂപം...  വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ..

മഴ ഒരു തേങ്ങൽ പോലെ സങ്കടതാളത്തിൽ പെയ്തു കൊണ്ടിരുന്നു.

മെഹബൂബ് ബാഷയുടെ മകൻ


ഗൾഫ് ജീവിതം കാണിച്ചു തന്ന ഒരുപാട് പിതാക്കളുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിൽ തങ്ങളനുഭവിച്ച ദുരിതജീവിതത്തിന്റെ നിഴൽ പോലും മക്കളുടെ മേല് വീഴരുതെന്ന കരുതലോടെ മക്കളെ സ്നേഹിച്ചവർ.  മികച്ച വസ്ത്രങ്ങൾ മുന്തിയ കളിപ്പാട്ടങ്ങൾ നല്ല പാർപ്പിടം ഏറ്റവും നല്ല വിദ്യാഭ്യാസം.....

എന്നാലും ഇത്തിരി മുതിർന്നു തുടങ്ങിയാൽ  മക്കളുടെ  പരാതി മുറുമുറുപ്പാവും. വീടിന്റെ സൗകര്യക്കുറവ്, പറഞ്ഞയച്ച സ്‌കൂളിന്റെ പോരായ്മ, ഉദ്ദേശിച്ച ബൈക്ക് വാങ്ങി കൊടുക്കാത്തതിന്റെ ശാഠ്യം.....എന്തിന് കൂട്ടുകാർക്ക് മുന്നിൽ പരിചയപ്പെടുത്താൻ യോഗ്യത പോരാ എന്ന്  അപകർഷപ്പെടുന്ന മക്കൾ പോലും...

പ്രായവും പിടികൂടിയ രോഗങ്ങളും തളർത്തുന്ന ശരീരം എപ്പോഴാണ് വീണുപോകുക എന്ന ആധി ഉള്ളിലൊതുക്കി  ആവത് പോലെ എല്ലാം ചെയ്തു കൊടുത്താലും,  നാട്ടിൽ കര പിടിക്കാത്തവന് ഗൾഫിൽ തന്നെ തണലത്തൊരു ഇരിപ്പിടം ഒരുക്കിക്കൊടുത്താലും, പഠിക്കേണ്ട സമയത്ത് ഉഴപ്പിയവനും സമ്പാദ്യത്തിൽ ഏറെയും പഠിപ്പിനായി തുലച്ച് എങ്ങുമെത്താത്തവനും എന്നാലും പരാതി പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല എത്ര വെന്താണ് ഈ മനുഷ്യൻ സൂര്യനായതെന്ന്.
ജീവിതം മരുഭൂമിയിലിങ്ങനെ ഉരുകി വീഴുമ്പോഴും അയാളെ പിടിച്ചു നിർത്തിയത്  നാളെ താങ്ങായും തണലായും മക്കളുണ്ടാവുമെന്നൊരു സ്വപ്നം കൂടിയായിരിക്കുമെന്ന്......

ഇന്നലെ ആന്ധ്രക്കാരനായ മഹബൂബ് ബാഷയെ കാണാൻ വേണ്ടി അയാളുടെ മകൻ വന്നപ്പോൾ ഇതൊക്കെ ഓർത്തു.

ടൈൽസ് പണിക്ക് പോകുന്ന  മെഹബൂബ് പാഷയുടെ അറബി വീട്ടിൽ ഡ്രൈവർ ജോലി ചെയ്യുന്ന മകൻ എല്ലാ ഒന്നാം തിയ്യതിയും വരുന്നത് മാസാമാസം കിട്ടുന്ന ശമ്പളം അതുപോലെ  ബാപ്പയെ
ഏല്പിക്കാനാണ്.

അക്ഷരാഭ്യാസമില്ലാത്ത, നിത്യക്കൂലിക്ക്  പണിക്ക് പോകുന്ന മെഹബൂബ് ബാഷക്ക് സിമന്റിലും മണലിലും കുഴഞ്ഞ, വെയിലും തണുപ്പും കൊള്ളുന്ന, പണിയും കൂലിയും ഉറപ്പില്ലാത്ത, ചെക്കിങ്ങും ഇക്കാമയുടെ നൂലാമാലകളും കൊണ്ട് പൊറുതി മുട്ടുന്ന, ബാച്ചി റൂമിന്റെ ഇടുക്കങ്ങളിൽ ഉറങ്ങിയും ഉണർന്നും തീരുന്ന
തന്റെ വഴിയിലേക്ക് മോനെയും കൊണ്ടു വരാൻ താല്പര്യം ഉണ്ടായിരുന്നില്ല.  പത്താം ക്ലാസ്സ് പോലും കടക്കാത്ത മോന് ഈ കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ കിട്ടാവുന്ന ഏക ജോലി അയാൾ കണ്ടെത്തിയത് ഏതോ പരിചയക്കാരിലൂടെ  അറബി വീട്ടിലേക്കുള്ള ഡ്രൈവറുടേതാണ്‌. വിസക്ക് പോലും പൈസ വേണ്ടി വന്നില്ല എന്ന് മാത്രമല്ല, ശമ്പളം അല്പം കുറഞ്ഞാലും റൂമും ഭക്ഷണവും ഇഖാമയും എല്ലാം കൊണ്ടും സ്വസ്ഥം.

ബാപ്പയുടെ കഷ്ടപ്പാടുകൾ നേരിൽ കണ്ടത് കൊണ്ടും വീട്ടിലെ അവസ്‌ഥ അറിയുന്നത് കൊണ്ടും കിട്ടുന്ന ശമ്പളം തൊണ്ണൂറു ദിനാർ ചൂടാറാതെ ബാപ്പയെ ഏല്പിക്കാൻ ആ ഇരുപതുകാരൻ  എല്ലാ മാസവും വരുന്നത് കാണുമ്പോൾ തന്നെയൊരു സന്തോഷമുണ്ട്. എന്തൊക്കെ ചെയ്തു കൊടുത്താലും പരാതി തീരാത്ത മക്കളെയും നിരാശയോടെ ജീവിതം തീർക്കുന്ന പിതാക്കളെയും കണ്ടു കണ്ടു മടുത്ത കണ്ണിന് ഇതൊക്കെ ഹൃദ്യമായ കാഴ്ചയാണല്ലോ.

പഠിപ്പും പത്രാസും  കൂടിയാൽ പടച്ചോനെ പോലും മറന്നു പോവുന്ന മനുഷ്യന്മാരുടെ ലോകമല്ലേ.

വേലായുധൻ മാഷ്



മൂടാടി മാപ്പിള എൽ പി സ്‌കൂളിലെ പഠനകാലം അവസാനിച്ച്‌,  വീമംഗലം യു പി സ്‌കൂൾ എന്ന പുതിയ   ലോകത്തേക്ക്‌ പോകുന്നത് കുറച്ചു പത്രാസുള്ള കാര്യമാണ്. മദ്രസയിൽ ഞങ്ങളോടൊപ്പം പഠിക്കുന്ന ചിലരും  അതിനു മുകളിലെ ക്ലാസ്സിൽ ഉള്ളവരുമൊക്കെ അവിടെയാണ് പഠിക്കുന്നത്. എമ്പാടും കുട്ടികളും ക്ലാസ്സുകളും മാഷന്മാരും ടീച്ചർമാരും ഉള്ള  വീമംഗലം സ്‌കൂളിലെ  അതിശയങ്ങൾ പറഞ്ഞ്‌  അവരൊക്കെ ഞങ്ങളെ കൊതിപ്പിക്കാറുണ്ട്.
പുതിയൊരു അത്ഭുതലോകത്തേക്ക് കയറിച്ചെല്ലാനും മുതിർന്നവരുടെ കൂട്ടത്തിലേക്ക് മാറാനും ഒക്കെയുള്ള വാതിലാണ് തുറക്കാൻ പോകുന്നത്. പക്ഷെ ഈ സന്തോഷങ്ങളൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുന്നത് ഒരു പേരോർക്കുമ്പോഴാണ്. വേലായുധൻ മാഷ്!

വീമംഗലം സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയൊക്കെ പേടിസ്വപ്നമാണ് വേലായുധൻ മാഷ്.  ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠം പിറ്റേന്നേക്ക് പഠിച്ചു ചെന്നില്ലെങ്കിൽ മാഷ് യാതൊരു ദയയും ഇല്ലാതെ ശിക്ഷിക്കും. നീട്ടിപ്പിടിച്ച കൈവെള്ളയിൽ മാത്രമല്ല ചൂരൽ വടി ആഞ്ഞു വീഴുക. കൈപ്പത്തി കമഴ്ത്തി പിടിച്ച് അവിടെയും കിട്ടും അടി.  മാഷാണ് ക്‌ളാസ്  ടീച്ചറെങ്കിൽ അടികിട്ടാൻ പിന്നെയും എമ്പാടും കാരണങ്ങളുണ്ട്.

ഇടതു കയ്യിൽ വലിയൊരു ബാഗ് തൂക്കി, ഉടുമുണ്ടിന്റെ ഒരറ്റം കക്ഷത്തിൽ ഇറുക്കി, വെള്ളക്കുപ്പായത്തിന്റെ കൈ മുട്ടിനു മേൽ തെറുത്ത് വെച്ച്,  തല അല്പം പിറകോട്ട് ചെരിച്ച്‌ ഒട്ടും ധിറുതി ഇല്ലാതെ അക്ഷോഭ്യനായി,  മെലിഞ്ഞ് ഉയരമുള്ള, ഒരു ഒറ്റയാനെ പോലെ ശാന്തനായി നടന്നു വരുന്ന വേലായുധൻ മാഷെ പലപ്പോഴും കണ്ടിട്ടുണ്ട്. മാഷുടെ തലവെട്ടം  കണ്ടാൽ   കുട്ടികളൊക്കെ നിരത്തിന്മേൽ കയറാതെ വരിവരിയായി അച്ചടക്കത്തോടെ നടന്നു പൊയ്‌ക്കോളും. അത്രക്ക് പേടിയാണ്.

പെരുമഴയുടെ അകമ്പടിയോടെ ജൂൺ ഒന്ന് വന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസിലേക്ക് പാസായി.
ഓലമേഞ്ഞ, കരിഓയിൽ അടിച്ച പനമ്പായകൾ കൊണ്ട് ക്ലസ്സ്മുറികൾ വേർതിരിച്ച കെട്ടിടത്തിലാണ് ഞങ്ങളുടെ 5 B.  മഴക്കാറിന്റെ ഇരുട്ടും കരി ഓയിലിന്റെ മണവുമുള്ള ക്‌ളാസ് മുറിയിൽ, ജാലകത്തിനു പുറത്ത് ഇറവെള്ളത്തിലൂടെ ഒലിച്ചു പോകുന്ന കടലാസ് കഷണങ്ങൾ നോക്കി ഞങ്ങളിരുന്നു.

പത്തു മണിക്ക് ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോൾ വാതിൽപ്പടിയിൽ തലതട്ടാതെ കുനിഞ്ഞ് അകത്തേക്ക് കയറിയ ദീർഘകായനെ കണ്ട് ഞങ്ങൾ   എഴുനേറ്റ് നിന്നു. വേലായുധൻ മാഷ്!

ഹാജർ പട്ടികയും ചൂരൽ വടിയും മേശമേൽ വെച്ച് അദ്ദേഹം കസേരയിൽ ഇരുന്നു. മാഷാണ് ക്‌ളാസ് ടീച്ചർ.  'സ്റ്റാൻഡ് അപ്പും' 'സിറ്റ് ഡൗണും' പലവട്ടം പറഞ്ഞു ഞങ്ങളെ നിർത്തുകയും ഇരുത്തുകയും ചെയ്തു. ഹാജർ വിളിക്കുമ്പോൾ 'പ്രസന്റ്‌ സാർ' എന്ന് മറുപടി പറയണം എന്ന് പഠിപ്പിച്ചു.  ഓരോരുത്തരുടെയും പേരും വീട്ടുപേരും ചോദിച്ചറിഞ്ഞു.

ഏതാനും ദിവസങ്ങൾ കൊണ്ട് ക്‌ളാസ് തുടങ്ങി.  ബോർഡിൽ, വലത്തോട്ട് ചെരിഞ്ഞ ഭംഗിയുള്ള അക്ഷരങ്ങളിൽ    തെളിഞ്ഞു നിന്ന ' സാമൂഹ്യപാഠങ്ങൾ' എന്ന വാക്കിലെ 'ൾ' മാത്രം  മുകളിലേക്ക് കയറിപ്പോകുന്ന ഒരു തേളിന്റെ രൂപം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതേ കൈയക്ഷരം തന്നെയാണ് ക്‌ളാസ് റൂമിൽ ജാലകത്തിനു മേലെ  ഒട്ടിച്ചു വെച്ച വെള്ളക്കടലാസിലെ വരികളും.
'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും'

നോട്ട്ബുക്കിൽ എഴുതി തുടങ്ങുന്നത്  അഞ്ചാംക്ലാസ് മുതലാണ്.  മാർജിൻ, ഫുൾസ്റ്റോപ്പ്,  ക്വസ്റ്റിൻ മാർക്ക്, നെക്സ്റ്റ് പാരഗ്രാഫ് തുടങ്ങിയ സംഗതികൾ ഒക്കെ ആദ്യമായി കേൾക്കുന്നത് വേലായുധൻ മാഷിലൂടെയാണ്. പലവട്ടം പറഞ്ഞിട്ടും തലയിൽ കയാറാത്തവരോട് അദ്ദേഹം ശുണ്ഠിയെടുത്തു. 'കൂടുതൽ അധ്വാനം, കുറച്ചു ശബ്ദം, അച്ചടക്കം രാജ്യത്തിന്റെ ഭാവിക്ക്' എന്ന് ചട്ടയിൽ അടിച്ചു വെച്ച നോട്ടു പുസ്തകങ്ങളിൽ ഒട്ടും മഷി പടരാതെ ഏറ്റവും വൃത്തിയോടെ വരിതെറ്റാതെ അക്ഷരങ്ങൾ ഉരുട്ടിയെഴുതുവാൻ  ശീലിച്ചത് അങ്ങനെയാണ്.

ഓരോ ദിവസവും ഹാജർ വിളിച്ചു കഴിഞ്ഞാൽ കുളിക്കാതെയോ  പല്ലുതേക്കാതെയോ  വന്നവരുണ്ടോ എന്ന്  മാഷ്  പരിശോധിക്കും.

കേട്ടറിഞ്ഞതും  പേടിച്ചിരുന്നതുമായ 'കിരാതമായ' ചൂരൽപ്രയോഗം ഞങ്ങളും   ഏറ്റുവാങ്ങാൻ തുടങ്ങി.  ചോദ്യോത്തരങ്ങൾ മുഴുവനും കാണാതെ പഠിച്ചു വന്നില്ലെങ്കിൽ ചൂരൽ  കൈകളിൽ ചിത്രം വരച്ചു.
രാജാറാം മോഹൻ റോയ് യും, പാനിപ്പത്ത് യുദ്ധവും, ഷേർഷാ യുടെ ഭരണ പരിഷ്കാരവും, സാവന്നയുമൊക്കെ ഇടയ്ക്കിടെ   പൊള്ളുന്ന അടിയുടെ വേദന സമ്മാനിച്ചു കൊണ്ടിരുന്നു.

കുട്ടികൾക്ക് മാത്രമല്ല സഹ അധ്യാപകർക്കും ആദരവ് കലർന്നൊരു ഭയമായിരുന്നു വേലായുധൻ മാഷോട്. ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലുപരി  കുട്ടിയുടെ പഠനതാല്പര്യവും കലാ കായിക കാര്യങ്ങളിൽ ഉള്ള ഉത്സാഹവും വ്യക്തിത്വ വികസനവും ഒക്കെ ശ്രദ്ധിക്കേണ്ടത്  തന്റെ കടമ പോലെ  മാഷ് കണ്ടു.

മികച്ച കായികാധ്യാപകൻ കൂടി ആയിരുന്ന മാഷിന് അങ്ങനെയുള്ള കുട്ടികളെ കണ്ടെത്താനും പരിശീലിപ്പിക്കാനും നല്ല ഉത്സാഹമാണ്. ഏഴാം ക്ലാസിൽ എത്തിയതോടെ സ്‌കൂളിലെ  'അവസാന വർഷ വിദ്യാർത്ഥികൾ' എന്ന നിലയിലാവണം ഞങ്ങളോടുള്ള പെരുമാറ്റത്തിൽ ഒക്കെയൊരു മയം വന്നു. അടി കുറഞ്ഞു എന്ന് മാത്രമല്ല അത്യാവശ്യം തമാശ പറയാനും അടുപ്പം കാട്ടാനും മാഷ് മനസ്സ് വെച്ചു.

മൂടാടി നെഹ്‌റു യൂത്ത്‌ സെന്ററിന്റെ വാർഷികാഘോഷത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളിൽ വേലായുധൻ മാഷും അഭിനേതാവായിരുന്നു. പള്ളീലച്ചനായും ഡോക്ടർ ആയും തന്റെ നെടിയ രൂപവും ഗംഭീര്യമുള്ള ശബ്ദവും കൊണ്ട് അദ്ദേഹം നിറഞ്ഞു നിന്നു.  നാടകങ്ങളുടെ റിഹേഴ്സൽ അധികവും ശനിയും ഞായറും  വീമംഗലം സ്‌കൂളിൽ വെച്ച് തന്നെയാണ് ഉണ്ടാവുക. വീടിനടുത്തു തന്നെ ആയതുകൊണ്ട് സ്ഥിരമായി റിഹേഴ്സൽ കാണാൻ പോകുന്ന എനിക്ക് നാടകത്തിലെ ഡയലോഗുകളും കഥാപാത്രങ്ങളുമൊക്കെ കാണാപാഠമായിരുന്നു. ഇടക്ക്  ഒഴിവു പിരീയഡുകളിൽ വേലായുധൻ മാഷ് തന്റെ ഡയലോഗ്  പഠിക്കുവാൻ നാടകം എഴുതിയ പുസ്തകം കയ്യിൽ തന്ന്, ഇതര കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പറയാനും സ്വന്തം കഥാപാത്രം പറയുന്ന ഡയലോഗുകൾ തെറ്റുന്നുണ്ടോ എന്ന് നോക്കാനും മറ്റു കുട്ടികളുടെ കൂട്ടത്തിൽ നിന്നും എന്നെ വിളിച്ചു ഏല്പിക്കുമ്പോൾ അതൊരു ചെറിയ  അംഗീകാരമായിരുന്നില്ല.

ഏഴാാം ക്ലാസ്സിൽ പഠിക്കുമ്പോൾ 'തിരുവനന്തപുരം - കന്യാകുമാരി' വിനോദയാത്രയിൽ  അത്രനാളും കണ്ട ഗൗരവക്കാരനായിരുന്നില്ല മാഷ്.  ട്രെയിൻ പുറപ്പെട്ടപ്പോൾ തന്നെ ഇനി നാം അധ്യാപകരും വിദ്യാർത്ഥികളും അല്ല കൂട്ടുകാരാണ് എന്ന് പ്രഖ്യാപിച്ച മാഷ് പാട്ടിനും കളിക്കുമൊക്കെ കൂടെയുണ്ടായിരുന്നു. എന്നാൽ ഓരോ ഇടങ്ങളിലും കുട്ടികളുടെ എണ്ണം ഉറപ്പാക്കിയും കൂട്ടംതെറ്റാതെ നോക്കിയും മാഷ് സ്വന്തം മക്കളെ എന്ന പോലെ കൂടെ നിന്നു.

വിധേയത്വമോ ഒത്തുതീർപ്പോ ഇല്ലാതെ നിർഭയനായി വേറിട്ടു നിൽക്കുന്നൊരു വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരുന്നു വേലായുധൻ മാഷിന്റെ  ഇടപെടലുകളും ശരീരഭാഷയും. ഏതാനും വർഷങ്ങൾക്ക് മുമ്പ് വേലായുധൻ മാഷ് ഈ ലോകത്തോട് വിടപറഞ്ഞു.  കാലമെത്ര കഴിഞ്ഞാലും വീമംഗലം സ്‌കൂൾ എന്ന് കേൾക്കുമ്പോൾ ഗാംഭീര്യഭാവത്തോടെ ശാന്തനായി നടന്നുവരുന്ന  മാഷുടെ രൂപമാണ് അവിടെ പഠിച്ച മുൻകാല വിദ്യാർത്ഥികൾക്ക് ഒക്കെ  ഓർമ്മവരിക.  ശാസിച്ചും ശിക്ഷിച്ചും  നേർവഴി നടത്തുന്നൊരു പിതൃഭാവമായിരുന്നു കുട്ടികളുടെ ഉള്ളിലെ വേലായുധൻ മാഷ്.   

വീമംഗലം സ്‌കൂൾ വിട്ട് ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നും നാലുവരി എഴുതാനിരിക്കുമ്പോൾ  'ഫുൾസ്റ്റോപ്പ്' എന്നും 'നെക്സ്റ്റ്പാര' എന്നുമൊക്കെ ആജ്ഞാശക്തിയുള്ള ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നുണ്ട്. വരി തെറ്റാതെ ഉരുട്ടിയെഴുതുന്ന അക്ഷരങ്ങൾ കണ്ണടയിലൂടെ കുനിഞ്ഞു നോക്കുന്ന വേലായുധൻ മാഷുടെ രൂപം മുന്നിൽ  തെളിയുന്നു.

ഗുൽമോഹർ ചോട്ടിലെ ഓണപ്പൂക്കൾ

കഴിഞ്ഞ ഇരുപത്തിരണ്ടു വർഷം പ്രവാസിയായി കുവൈത്തിലും, അതിനും മുമ്പ് അഞ്ചാറ് കൊല്ലം ബെങ്കളൂരുവിലുമായി  നേരിൽ  കണ്ടറിഞ്ഞതാണ് ദേശം വിട്ട് കഴിയുന്നവന്റെ ഓണാഘോഷപ്പൊലിമകൾ.

കുവൈത്തിലെ അബ്ബാസിയ പോലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ജാതി-മത ഭേദമന്യേ ഗൃഹാതുരതയുണർത്തുന്ന ആഘോഷമായി ഓണം കൊണ്ടാടുന്നുവെങ്കിലും,  മലയാളികളെ മരുന്നിനു പോലും കാണാൻ കിട്ടാത്ത, മസരികളും ആന്ധ്രക്കാരും മാത്രമുള്ള  ഞങ്ങളുടെ പഴയ ഖൈത്താൻ  'ഓണംകേറാമൂല'  ആയതു കൊണ്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഓണക്കാലങ്ങൾ  ഇപ്പോഴും എൺപതുകളുടെ ഒടുവിൽ തുടങ്ങി  അഞ്ചാറ് വർഷം ജീവിച്ച ബെങ്കളൂരുവിലെ 'മുരുഗേശ് പാളയ'ത്തേത്  തന്നെയാണ്.

മലയാളി, ചാനലുകൾക്ക് മുന്നിലേക്ക് ഇരിപ്പുറപ്പിക്കാനും മൊബൈലിൽ തല താഴ്ത്താനും തുടങ്ങുന്നതിനു തൊട്ടു മുമ്പുള്ള കാലമാണ്. ബെങ്കളൂരുവിൽ ഇന്നത്തെപ്പോലെ IT കമ്പനികളൊക്കെ  ഉണ്ടാവുന്നതിനു മുമ്പ്, HAL ലും NAL ലും ISRO വിലും എയർ ഫോഴ്സിലും ഒക്കെയായി ജോലി ചെയ്യുന്ന  മലയാളികൾ കുടുംബസമേതവും, അതല്ലാതെ കടകളിലും ഹോട്ടലുകളിലും മറ്റ് പലവിധ ചില്ലറപ്പണികളിലും ആയി  കഴിയുന്നവർ 'ബാച്ചി'കളായും
മുരുഗേശ്  പാളയത്ത് അന്ന്  ധാരാളമുണ്ടായിരുന്നു. പോരാത്തതിന് പലചരക്കുകടകളും പച്ചക്കറിക്കടകളും മീൻ കടയും പത്രക്കടയും ബേക്കറിയും ഹോട്ടലും  ഒക്കെയായുള്ള  കച്ചവടസ്ഥാപനങ്ങളും മലയാളികളുടേത്‌ തന്നെയായിരുന്നു ഏറെയും. 

ഞങ്ങളുടെ  കടയുടെ അടുത്തുതന്നെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന അപ്പക്കൂട്ടിലെ പണിക്കാരനായ കണ്ണേട്ടനും ഞാനും ലോഗ്യക്കാരാകുന്നത്  വായനയോടും സിനിമയോടും ഉള്ള കമ്പം കൊണ്ടു കൂടിയാണ്.

സിറ്റൗട്ടും ലിവിങ് റൂമും ഡൈനിങ് ഹാളും ബെഡ്റൂമുമെല്ലാം ഒന്നുതന്നെ ആയ കഷ്ടി പത്തടി നീളവും വീതിയും മാത്രമുള്ള   ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ, ചെറിയ വരുമാനത്തിന്റെ  പ്രാരാബ്ധങ്ങളൊന്നും കാണിക്കാതെ ഭാര്യയും കുഞ്ഞുങ്ങളുമൊത്ത്
ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുമ്പോഴും ഒരുപാട് സൗഹൃദങ്ങൾ കൊണ്ട് സമ്പന്നനായിരുന്നു, ഭാരതപ്പുഴയുടെ തീരത്തെ കാരക്കാടിനടുത്ത് 'ഞെരളത്തി'ന്റെ നാട്ടുകാരനായിരുന്ന കണ്ണേട്ടൻ. എന്തിനോടും ചേർന്നു പോകുന്ന നല്ലപാതി കൂടി ആയത് കൊണ്ടാവാം അല്ലലും അലട്ടുമറിയിക്കാതെ തന്റെ ചെറിയ ജീവിതം സൗഹൃദങ്ങൾ കൊണ്ട് മൂപ്പർ  മനോഹരമാക്കി.

ബേക്കറിയിലെ തന്നെ പണിക്കാരായ തങ്കച്ചനും വിജയനും ISRO ജോലിക്കാരായ സുരേഷ് സാറും ശങ്കരൻകുട്ടി സാറും, KELTRON ലെ സുശീലനും ദൂരദർശനിലെ കെ ടി ശിവാനന്ദനും പിന്നെ പലചരക്കുകടക്കാരൻ ആയ ഞാനും  വേറെയും ചില കൂട്ടുകാരും. ഒഴിവു നേരങ്ങളിൽ   സാഹിത്യവും സിനിമയും രാഷ്ട്രീയവും  ചർച്ച ചെയ്യുന്ന ഞങ്ങളുടെ 
സൗഹൃദക്കൂട്ടം  കണ്ണേട്ടന്റെ അപ്പക്കൂടിനോട് ചേർന്ന ഹാളിലും അല്ലെങ്കിൽ  ബസ് സ്റ്റോപ്പിനടുത്ത  ഗുൽമോഹർ ചോട്ടിലെ കരിങ്കൽ ബെഞ്ചിലും ഒക്കെയായി നിത്യവും  കൂടി.

വിമാനപുര കൈരളി വായനശാലയുടെ    ലൈബ്രേറിയൻ മാധവൻ നായരുടെ  സൈക്കിളിനു മുന്നിൽ തൂക്കിയിട്ട സഞ്ചിയിൽ ഞങ്ങൾക്കായി  പുതിയ പുതിയ പുസ്തകങ്ങൾ....  'മുൻപേ പറക്കുന്ന പക്ഷികൾ', 'ഒരു സങ്കീർത്തനം പോലെ', 'ദൈവത്തിന്റെ വികൃതികൾ'..... അങ്ങനെ വായനയുടെ നീർമാതളം പൂത്ത കാലം.

കാശ് കൊടുത്തു വാങ്ങുന്ന 'മാതൃഭൂമി ആഴ്ചപ്പതിപ്പി'നും 'കലാകൗമുദി'ക്കും പുറമേ 'പേപ്പറമ്മ' യുടെ കടയിൽ നിന്ന് ഓസിന് വായിക്കുന്ന 
നാനയും ചിത്രഭൂമിയും വെള്ളി നക്ഷത്രവും മംഗളവും മനോരമയും കേരളശബ്ദവും ഇന്ത്യാടുഡേയും,   ഞങ്ങളുടെ ചർച്ചകളെ  സജീവമാക്കി.

മമ്മൂട്ടിയും മോഹൻലാലും ജയറാമും ഐ വി ശശിയും  അടൂരും അരവിന്ദനും പദ്മരാജനും ഭരതനും സിബി മലയിലും പ്രിയദർശനും ഹരിഹരനും  കെ എസ് ഗോപാലകൃഷ്ണനും ശങ്കരൻ നായരും ഒക്കെ ഞങ്ങളുടെ സിനിമാ ചർച്ചകളിൽ നിറഞ്ഞു നിന്നു. ഇന്ത്യൻ രാഷ്ട്രീയം ഗതി മാറി ഒഴുകിയ എൺപതുകളുടെ ഒടുവിൽ,  രാജീവ്ഗാന്ധിയും വി പി സിംഗും ചന്ദ്രശേഖറും അദ്വാനിയും അർജ്‌ജുൻസിംഗുമൊക്കെ ഞങ്ങൾക്ക് നിത്യ പരിചിതരെ പോലെ ആയി.

ഓണക്കാലങ്ങളിലായിരുന്നു ഏറ്റവും വലിയ ഹരം. ഓണപ്പതിപ്പുകളിൽ വരുന്ന മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരുടെ മികച്ച കഥകളുടെ  വായനയും ചർച്ചയും.  ഓ വി വിജയനും എംടിയും മുകുന്ദനും പദ്മനാഭനും  മാധവിക്കുട്ടിയും കാക്കനാടനും പുനത്തിലും സേതുവും സക്കറിയയും....
ബഷീറിന്റെ 'പൂവമ്പഴ'വും  കാരൂരിന്റെ ' മരപ്പാവകളും' അടക്കമുള്ള പഴയ കാല കഥകൾ ഉൾപ്പെടുത്തി ഒരിക്കൽ   മനോരമ  ഇറക്കിയ വർഷികപ്പതിപ്പ് അടക്കം മികച്ച  കഥകൾ കൊണ്ട് വിഭവ സമൃദ്ധമായ ഓണക്കാലങ്ങൾ.

ഓരോ വർഷത്തെയും ഓണപ്പതിപ്പുകളിലെ കഥകൾ മൊത്തം ബൈൻഡ് ചെയ്തു സൂക്ഷിക്കുന്ന ISRO വിലെ നാരായണൻ കുട്ടി സാറിനെ പോലൊരു കഥാ പ്രാന്തനെ കണ്ടിട്ടില്ല. എം സുകുമാരൻ ഏറെക്കാലത്തെ മൗനത്തിനു ശേഷം 'പിതൃതർപ്പണം' എഴുതിയ കലാകൗമുദിയും പൊക്കിപ്പിടിച്ചു "മാഷേ.... വായിച്ചോ... പിതൃതർപ്പണം" എന്ന് ഉറക്കെ സന്തോഷത്തോടെ   വിളിച്ചു പറഞ്ഞു കൊണ്ട് കടയിലേക്ക് ഓടിവന്ന നിഷ്കളങ്കനായ ആ മനുഷ്യനെപ്പോലെ പ്രവാസത്തിന്റെ മണ്ണിൽ നിന്നു കൊണ്ട് മലയാള   കഥകളെയും കഥാകൃത്തുക്കളെയും ഹൃദയത്തോട് ചേർത്തു വെച്ച  സൗഹൃദക്കൂട്ടം ആ  ഓണക്കാലങ്ങളെ ഒരിക്കലും മറക്കാനാവാത്തത്ര മനോഹരമാക്കി.

ബുദ്ധിജീവി ജാഡകളും വേദിയും മൈക്കും പത്രവാർത്തയും ഇല്ലാതെ, വായനയെ  അത്രയേറെ പ്രിയമായി കൊണ്ടു നടക്കുന്ന  ഏറ്റവും സാധാരണക്കാരായ കുറെ മനുഷ്യരുടെ കൂടിച്ചേരലിന്റെ സുന്ദരമായ ഓർമ്മക്കാലം.

ജോലിയുടെയോ പഠിപ്പിന്റെയോ അറിവിന്റെയോ വലിപ്പച്ചെറുപ്പം ഇല്ലാതെ, കോഴിക്കോടും തൃശൂരും പാലക്കാടും കണ്ണൂരും പത്തനംതിട്ടയും എറണാകുളവും തിരുവനന്തപുരവും വ്യത്യാസമില്ലാതെ മനസ്സടുപ്പമുള്ള ആ കൂട്ടത്തിന്റെ അച്ചുതണ്ട് കണ്ണേട്ടനായിരുന്നു. പുതിയ കൂട്ടുകാരിലേക്കുള്ള പാലമായും നിശ്ശബ്ദനായ കേൾവിക്കാരനായും  കൂട്ടത്തിൽ ഏറ്റവും ചെറിയവനായി ഒതുങ്ങിയും....

MG റോഡിലെയോ അൾസൂരിലെയോ തിയേറ്ററുകളിൽ അപൂർവ്വമായി
വരുന്ന മലയാളം സിനിമകൾ കാണാൻ  ഒമ്പതരക്കുള്ള സെക്കന്റ് ഷോവിന് വേണ്ടി പീടിക നേരത്തെ പൂട്ടി ഓടുന്ന ബാച്ചികളായ ഞങ്ങളോടൊപ്പം  കണ്ണേട്ടനും  ഉണ്ടായിരുന്നു. പാതിരാത്രികളിൽ സിനിമ കഴിഞ്ഞ് നിയോൺ വിളക്കിന്റെ വെളിച്ചത്തിൽ നിരത്തിലൂടെ പാട്ടുപാടിയും കഥകൾ പറഞ്ഞും മുരുഗേശ് പാളയം വരെ നടക്കുമ്പോൾ, പാലക്കാടൻ ഗ്രാമങ്ങളും ഭാരതപ്പുഴയും ഒടിയനും ഒറ്റമുലച്ചിയും പ്രേതങ്ങളും ഉത്സവങ്ങളും വാണിയംകുളം ചന്തയുമൊക്കെ
കഥകളെക്കാളും ചന്തത്തോടെ കണ്ണേട്ടന്റെ വിവരണത്തിൽ  നിറഞ്ഞു നിന്നു.

ആഴ്ചയിൽ രണ്ടു ദിവസം മാത്രം വരുന്ന 'ബോർവെൽ' വെള്ളത്തിന് ക്യൂ നിന്നും, പാചകത്തിന്റെ പാതി വഴിയിൽ മണ്ണെണ്ണ തീർന്ന് രാധാമണി ചേച്ചി വിഷണ്ണയായി നിൽക്കുമ്പോൾ, 'സീമെണ്ണ'ക്കാരൻ
നാരായണപ്പയുടെ ഒറ്റക്കാള വണ്ടി തേടി
കന്നാസുമായി ഓടിയും കണ്ണേട്ടൻ ഉത്തരവാദിത്തമുള്ള ഗൃഹനാഥനായി.

ചെറുപ്പത്തിൽ  നാട്ടിലെ  ഓണപ്പകിട്ടുകളിൽ
കൈതോല കൊണ്ട് മെടഞ്ഞ പൂക്കൊട്ടകൾ കഴുത്തിൽ തൂക്കിയിട്ട് പൂ പറിക്കാൻ നടക്കുന്ന കുട്ടികളും, ബ്ലീച്ചിംഗ് പൗഡറിന്റെ മണവും ഓടം പായുന്നതിന്റെ താളവും ഉള്ള നെയ്ത്തുകാരുടെ തെരുവിലെ നിരനിരയായുള്ള വീടുകൾക്ക് മുന്നിലെ പൂക്കളങ്ങളും, ഓണ നാളിൽ നട്ടുച്ചയ്ക്ക്  ആരോടും ഒന്നും മിണ്ടാതെ മണിയും  കിലുക്കി ധൃതിപ്പെട്ട് വീട് വീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടനുമൊക്കെ  ഉണ്ടെങ്കിലും ചിട്ടവട്ടങ്ങളോട് കൂടിയ തനി കേരളീയ സദ്യ ഒരുക്കുന്ന വീടുകൾ അന്ന് എന്റെ   നാട്ടിൽ  ഏറെയില്ല എന്ന് തന്നെ പറയാം. മീനോ ഇറച്ചിയോ ഇല്ലാതെ ചോറ് ഇറങ്ങാത്ത,
നല്ല മീൻകൂട്ടി ഊണ് കഴിച്ചതിന്റെ സന്തോഷത്തിൽ പാട്ടു പാടുന്ന 'ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണി'ലെ   കണാരനെ വർണ്ണിച്ച 'തൃക്കോട്ടൂർ പെരുമ'യുടെ പരിസരദേശക്കാരനായ   ഞാൻ, ഓലനും അവിയലും എരിശ്ശേരിയും പുളിശ്ശേരിയും കാളനും ഒക്കെ കൂട്ടി ആദ്യമായി സദ്യയുണ്ണുന്നത്   ബെങ്കളൂരുവിലെ ഓണക്കാലത്താണ്.

കണ്ണേട്ടന്റെ ഒറ്റമുറി വീടിന്റെ  നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിച്ച   ഓണസദ്യയുടെ  രുചിയോർമ്മ   രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും  നാവിൽ  മായാതെ നിൽക്കുന്നുണ്ട്. ഓണത്തിനായാലും, മക്കളായ ദീപുവിന്റെയോ ഷിബുവിന്റെയോ പിറന്നാളിനായാലും ആ വീട്ടിലെ അംഗങ്ങൾക്ക് പുറമെ സദ്യക്ക്  ഒരു ഇലയുടെ അവകാശി ഞാൻ മാത്രമായിരുന്നല്ലോ. ബെങ്കളൂരു വിടുന്നത് വരെയും. 

93 ൽ ഞാൻ ബെങ്കളൂരു വിട്ടുപോരുന്നതിന് തൊട്ടുമുമ്പാണ്  ഞങ്ങളുടെ കടയുടെ  അടുത്ത മുറിയിൽ കണ്ണേട്ടൻ ചെറിയ തോതിൽ സ്വന്തമായി
ഒരു പച്ചക്കറിക്കട തുടങ്ങുന്നത്. 

നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷം
വീണ്ടും  ബെങ്കളൂരുവിൽ  ചെല്ലുമ്പോൾ   മുരുഗേശ് പാളയം അറബിക്കഥകളിൽ എന്നപോലെ അടിമുടി മാറിപ്പോയിരുന്നു. വമ്പൻ ഫ്ലാറ്റുകളും മാളുകളും വാഹനങ്ങളും ആളും ബഹളവും.....
കടയിലെ തിരക്കിൽ നിന്ന്  ഇറങ്ങി വന്ന
കണ്ണേട്ടന് മാത്രം മാറ്റമൊന്നും ഉണ്ടായിരുന്നില്ല. താടി നരച്ചു എന്നല്ലാതെ.

ഉച്ചക്ക് മാർത്തഹള്ളിയിൽ  കണ്ണേട്ടന്റെ  വീട്ടിൽ നിന്ന്  ഊണു കഴിക്കുമ്പോൾ ഞാൻ മുരുഗേശ് പാളയത്തെ മുന്നൂറു രൂപ വാടകയുള്ള  ഒറ്റമുറി വീട്ടിലെ ഓണസദ്യ ഓർത്തു. പച്ചക്കറി കച്ചവടം കൊണ്ട് കണ്ണേട്ടൻ വീട് വെച്ചു, അത്യാവശ്യം സ്ഥലങ്ങൾ വാങ്ങി
കുട്ടികൾ രണ്ടാളും പഠിച്ചൊരു നല്ല നിലയിലായി. അപ്പോഴും  രാധചേച്ചിയുടെ കൈപ്പുണ്യം പോലെ മാറ്റമില്ലാതെ  പഴയ അതേ സ്നേഹരുചിയുള്ള മനസ്സുമായി രണ്ടുപേരും.

അന്ന് വൈകുന്നേരം  മുരുഗേശ് പാളയത്ത് ഞങ്ങളുടെ താവളമായിരുന്ന  ഗുൽമോഹർ ചോട്ടിലെ
കരിങ്കൽ ബെഞ്ചിൽ ഇരുന്ന് പഴയകാലം ഓർത്തെടുക്കുമ്പോൾ കണ്ണേട്ടൻ പറഞ്ഞു.
"സത്യം പറഞ്ഞാൽ കുറെക്കാലായി ഞാനൊന്നും വായിക്കാറു പോലും ഇല്ലെടോ......അന്നൊക്കെ പൈസ ഇല്ലെങ്കിലും ഇഷ്ടം പോലെ സമയവും ഇതിനൊക്കെ ഉള്ള മനസ്സും ഉണ്ടായിരുന്നു....പഴയ കൂട്ടുകാരൊക്കെ പല വഴിക്ക് പോയി. എനിക്കും തിരക്കായി... പിന്നെ പ്രഷറും ഷുഗറും...."
ഒന്നും മിണ്ടാതെ ഞങ്ങൾ ഏറെനേരം അവിടെ ഇരുന്നു.

അപ്പോൾ, 'മാഷേ  മാതൃഭൂമി ഓണപ്പതിപ്പിൽ കൊച്ചുബാവയുടെ പുതിയകഥ വായിച്ചോ...ഗംഭീരം' എന്ന് സന്തോഷത്തോടെ ഉറക്കെ പറഞ്ഞു  കൊണ്ട് നിരത്തു മുറിച്ചു കടന്ന് നാരായണൻ കുട്ടി സാറ് തിരക്കിട്ട് വരുന്ന പോലെ തോന്നി. കൂട്ടുകാർ ഓരോരുത്തരായി അന്നേരം മരച്ചുവട്ടിലേക്ക്  എത്തി.  തലയ്ക്ക് മേലെ ഗുൽമോഹർ
മരത്തിൽ നിന്നുതിരുന്ന ചുവന്ന  പൂക്കൾ ഞങ്ങൾക്ക് ചുറ്റുമൊരു  ഓണപ്പൂക്കളം തീർക്കാൻ തുടങ്ങി.
_______________
ഗൾഫ് മാധ്യമം 'ഓണം സ്പെഷ്യലി'ൽ 

ദേശം കടന്നുപോയവന്റെ ഓണം


കുരുമുളകും ഇഞ്ചിയും ഏലവും മണക്കുന്ന 
പാണ്ടികശാലകളും  ഗുദാമുകളും,
ആളും ബഹളവും നിറഞ്ഞ തെരുവുകളും, ഹുക്ക വലിച്ചിരിക്കുന്ന വർത്തക പ്രമാണിമാരായ അറബികളും, ചരക്ക് വാങ്ങാൻ വന്ന ചീനക്കാരും യൂറോപ്യന്മാരുമടങ്ങുന്ന പല ദേശക്കാരും , ചുമടെടുത്തു നീങ്ങുന്ന നീഗ്രോ അടിമകളും... ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന  മനുഷ്യർ, ഒരു നാടിന്റെ  ആഘോഷം കൗതുകത്തോടെ കണ്ടു നിൽക്കുന്നു. ഇതിനെല്ലാം സാക്ഷിയായി
പുറംകടലിൽ നങ്കൂരമിട്ട കപ്പലുകളും, കടപ്പുറത്തെ പാറക്കെട്ടിനു മേലെ   ചിങ്ങവെയിലിൽ വെട്ടിത്തിളങ്ങുന്ന
ചെമ്പോടുകളുടെ  തലയെടുപ്പോടെ 
പാറപ്പള്ളിയും.

ഓണത്തോടനുബന്ധിച്ച് ദേവാലയങ്ങളെല്ലാം  അലങ്കരിക്കപ്പെടുകയും, കോഴിക്കോട്ടെയും പരിസരങ്ങളിലെയും നാനാ ജാതി മതസ്ഥരും  ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും  
ചെയ്യുന്ന, പഴയകാല തുറമുഖവും കച്ചവട കേന്ദ്രവും, കേരളത്തിൽ ആദ്യമായി പണി കഴിപ്പിച്ച മുസ്ലിം പള്ളികളിൽ ഒന്നായ പാറപ്പള്ളിയുടെ ദേശവുമായ കൊയിലാണ്ടിക്കടുത്ത പന്തലായനി കൊല്ലത്തെ പത്തു നൂറ്റാണ്ട് മുമ്പുള്ള  ഓണാഘോഷത്തെ കുറിച്ച് പ്രശസ്ത സഞ്ചാരിയും പണ്ഡിതനുമായ അൽ ബിറൂനി രേഖപ്പെടുത്തിയത്  ഒരു സിനിമയിൽ എന്നപോലെ മനസ്സിൽ ചിത്രപ്പെടുത്തുമ്പോൾ, എത്ര മനോഹരമാണ് ആ കാലവും കാഴ്ചയും.

കാലങ്ങൾ പിന്നിട്ടപ്പോൾ മലയാള ദേശത്തിന്റെ പിന്മുറക്കാർ
ജീവിതം തേടി സഹ്യനപ്പുറവും, 
കടൽ കടന്ന് അറബി നാട്ടിലും യൂറോപ്പിലുമൊക്കെ പ്രവാസികളായി എത്തുകയും, കത്തുന്ന മരുഭൂമിയിലും  മഞ്ഞു പെയ്യുന്ന ഇംഗ്ലീഷ് നാടുകളിലും അടക്കം,  ചെന്നെത്തിയ സകല  ദേശങ്ങളിലും, 
'കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍'
എന്ന മഹാകവി പാലാ നാരായണൻ നായരുടെ വരികളെ  ശരിവെച്ചുകൊണ്ട്, പൂക്കളമൊരുക്കിയും ഓണസദ്യ നടത്തിയും കൊമ്പൻ മീശയും കുടവയറും ഓലക്കുടയുമായി മാവേലിയായി അവതരിച്ചും സ്റ്റേജിൽ വള്ളം കളി നടത്തിയും  നാട്ടിലേക്കാളും കേമമായി ഓണം കൊണ്ടാടി  നാടോർമ്മകളെ അടയാളപ്പെടുത്തുന്നു.

നാട്ടിലെ ഓണം കാർഷികോത്സവം എന്നതിൽ നിന്നു മാറി കച്ചവടോത്സവം ആയി മാറിയിട്ട് കൊല്ലം കുറെ ആയി. ഓഫറുകളുടെ പെരുമഴക്കാലമാണ് ഓണക്കാലം. മുമ്പൊക്കെ ഓണം ബമ്പർ എന്ന കേരളാ ലോട്ടറിയുടെ വലിയ സമ്മാനത്തുക മാത്രമായിരുന്നു ഓണക്കാലത്തെ പ്രലോഭനമെങ്കിൽ ഇന്ന് പാർപ്പിടവും വാഹനവും വീട്ടുപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും അടക്കം കേരളത്തിന്റെ ഷോപ്പിംഗ് ഫെസ്റ്റിവൽ കാലമായി ഓണം മാറി. മാവേലി പ്രജകളെ കാണാൻ വരുന്ന നേരത്തു തന്നെ  വിദേശങ്ങളിലേക്ക് വിനോദയാത്ര നടത്താൻ ഗംഭീര അവധിക്കാല  പാക്കേജുമായി ട്രാവൽസുകാരൻ  മാവേലിയുടെ ചിത്രവുമായി മാടി വിളിക്കുന്നത് വലിയ തമാശയല്ലേ. 

എന്നാൽ പ്രവാസ നാട്ടിലെ  മലയാളി ഇപ്പോഴും ഒടുങ്ങാത്ത ഗൃഹാതുര സ്മരണകളുമായി ഓണം കാത്തിരിക്കുന്നു. ഫ്‌ളാറ്റിന്റെ ഇത്തിരി മൂലയിലൊരു പൂക്കളം, സദ്യ, വാഴയില, അടപ്രഥമൻ....

ഓണം അടുക്കുന്നതോടെ  സദ്യയൊരുക്കുന്നതിൽ പേരുകേട്ട, നാട്ടിലെ പാചകരംഗത്തെ കേമന്മാരൊക്കെയും ഗൾഫിലെ മലയാളി റെസ്റ്റോറന്റുകൾക്ക് വേണ്ടി ഓണസദ്യ ഒരുക്കാൻ വിസിറ്റ് വിസയിൽ മരുഭൂമിയിൽ  വിമാനമിറങ്ങും. പാചക വിദഗ്ദന്റെ പേരും സദ്യവട്ടങ്ങളുടെ എണ്ണവും മികവും വെച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ പത്രത്തിൽ പരസ്യം വരും. മുണ്ടും ജൂബ്ബയും കേരളീയ സാരിയും മുല്ലപ്പൂവും ഒക്കെയായി ആണും പെണ്ണുമായ മലയാളികൾ ഓണനാളിൽ/തൊട്ടടുത്ത ഒഴിവുദിനമായ വെള്ളിയാഴ്ച ഓണസദ്യ കഴിക്കാൻ നേരത്തെ ബുക്ക് ചെയ്തും അല്ലാതെയും ഒഴുകിയെത്തുന്നു. പലപ്പോഴും തിരക്കും ബഹളവുമായി കൈയാങ്കളിയിൽ എത്തുന്നതും ഏറെനേരം കാത്തിരുന്നു സദ്യ കിട്ടാതെ മടങ്ങേണ്ടി വരുന്നതും സാധാരണം. എങ്കിലും അന്യായ വിലയിട്ട് ഓണസദ്യയൊരുക്കുന്ന, നാട്ടിലെ ചില മുന്തിയ ഹോട്ടലുകളിൽ സദ്യ വിളമ്പേണ്ടതിന്റെ രീതി അറിയാത്ത, ഓലനും പച്ചടിയും അവിയലും ഒക്കെ ചോദിച്ചാൽ അന്തംവിടുന്ന പാവം  ബംഗാളിയുടെ മുന്നിൽ കഥകളി കളിക്കേണ്ടി വരുന്ന ഗതികേടില്ല. 

ഓണം കഴിഞ്ഞാലും മാസങ്ങളോളം നീളുന്നതാണ് ഗൾഫിലെ ഓണാഘോഷം.   കുടവയറന്മാർക്ക് ഡിമാൻഡ് ഉള്ള കാലം കൂടിയാണിത്. ഓലക്കുട ചൂടി കൊമ്പൻമീശയും കിരീടവും  വെച്ച കുടവയറനായ മാവേലി ഇല്ലാതെ എന്ത് ഓണാഘോഷം. പാട്ടും നൃത്തവും വള്ളംകളിയും മത്സരങ്ങളുമായി മരുഭൂമിയിലും മലയാളിയുടെ ഓണാഘോഷം കെങ്കേമമാക്കുന്നു. ആകെയുള്ള അവധി ദിവസമായ വെള്ളിയാഴ്ചകളിൽ ഓരോ സംഘടനകളും കൂട്ടായ്മകളും ഒരുക്കുന്ന  ഓണാഘോഷങ്ങളുടെ വാർത്തകൾ  മാസങ്ങളോളം ഉണ്ടാകും പത്രങ്ങളിലും ചാനലുകളിലും.

ഗൾഫിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ഒക്കെ മലയാളി കൂട്ടായ്മകൾ ഓണാഘോഷങ്ങളിലൂടെ സമാനമായി നാടോർമ്മകളെ  തിരിച്ചു പിടിക്കുന്നുണ്ട്. കേരളം കാണാത്ത പുതിയ തലമുറയ്ക്ക് പോലും നാടിന്റെ പേരിലുള്ള ഈ ഒരു ആഘോഷം ആഹ്ലാദകരമാണ്. 

ഗൾഫിനും യൂറോപ്പിനും ഒക്കെ മുമ്പുതന്നെ മദ്രാസിലും ബെങ്കളൂരുവിലും മുംബൈയിലും കൊൽക്കത്തയിലും
 ഡൽഹിയിലും ഒക്കെയായി ജീവിതം തേടിപ്പോയ മലയാളി അന്നുമിന്നും ഓണം അതിഗംഭീരമായി ആഘോഷിക്കുന്നുണ്ട്.  നാട്ടിലെപ്പോലെ ഗംഭീരമായി തന്നെ പൂക്കളം ഒരുക്കാനും സദ്യയുണ്ടാക്കാനും ബന്ധുക്കളെയും നാട്ടുകാരെയും ഒക്കെ ക്ഷണിക്കാനും ഓണം കെങ്കേമമായി കൊണ്ടാടാനും ഇന്ത്യക്ക് പുറത്തുള്ള പ്രവാസിയേക്കാളും കേരളത്തിന് വെളിയിൽ കഴിയുന്ന നാടൻ പ്രവാസിക്ക് സാധിക്കുന്നുണ്ട്. സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളും കൂടിയാവുമ്പോൾ പൊലിമയോടെ കൊണ്ടാടപ്പെടുന്ന ഓണം   കേരളം കടന്നന്യമാം ദേശങ്ങളിൽ തന്നെയാവുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൊക്കെ മികച്ച കഥകൾ എഴുതിയത് ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ പ്രവാസികളായി കഴിഞ്ഞ കാലങ്ങളിൽ ആയിരുന്നു. മാധവിക്കുട്ടി, ഓ വി വിജയൻ, എം മുകുന്ദൻ, എം പി നാരായണ പിള്ള, സേതു,
കാക്കനാടൻ, ഉണ്ണികൃഷ്ണൻ തിരുവാഴിയോട്.....ഇവരുടെയൊക്കെ ഏറ്റവും മികച്ച കഥകൾ കൊണ്ട് സമ്പന്നമായ ഓണപ്പതിപ്പുകൾക്ക് വേണ്ടി കാത്തിരുന്ന നല്ല വായനക്കാരും  ഏറെയും പ്രവാസ ലോകത്തു തന്നെ ആയിരുന്നു. ഓണസദ്യ പോലെ ആസ്വദിച്ചു വായിച്ച കഥകളുടെ പൂക്കാലം കൂടിയായിരുന്ന ഓണക്കാലം കഥാ പ്രിയരുടെ ഹൃദ്യമായ ഗൃഹാതുരതയുടെ  ഓർമ്മക്കാലം കൂടിയാണ്.  

ഓണാഘോഷത്തിന്റെ  ഐതീഹ്യം ഹിന്ദുക്കളുടെ  ആരാധനാ മൂർത്തിയായ   മഹാവിഷ്ണുവിന്റെ  അവതാരമായ വാമനനുമായി ബന്ധപ്പെട്ടായതിനാൽ ഓണം ഒരു ഹൈന്ദവ ആഘോഷമായി തന്നെയാണ് ഇതര മതസ്ഥർ ഗണിക്കുന്നത്. പക്ഷെ വിളവെടുപ്പുത്സവം എന്ന നിലയിൽ നാനാ മതസ്ഥരും ഇടകലർന്ന് കഴിയുന്ന മലയാളികളിൽ ഓണാഘോഷത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ആചാരങ്ങളിൽ ഇടപെടാതിരിക്കുകയും, ആഘോഷങ്ങൾ പരസ്പര സ്നേഹത്തിന്റെ കൊള്ളക്കൊടുക്കലുകൾക്കുള്ള അവസരമാക്കി മാറ്റുകയും ചെയ്യുക എന്ന മാനവികതയുടെ അന്തസ്സാർന്ന കാഴ്ചയായി ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാവണം അൽബിറൂനിയെ പോലെ ഒരു പണ്ഡിതൻ  പന്തലായനി കൊല്ലത്തെ ഓണാഘോഷത്തെ കുറിച്ച് പ്രത്യേകം എഴുതിയത്. ആ ആഘോഷത്തിന്റെ മുറുക്കം ഇന്നും നാട്ടിലേക്കാളും ഇഴയടുപ്പത്തോടെ പ്രവാസമണ്ണിലും തുടരുന്നുണ്ട് മലയാളി.

ദേശം വിട്ടുപോയവന്റെ ഏറ്റവും വലിയ പാഠപുസ്തകം അതിജീവനത്തിന്റെ ഇടങ്ങളിൽ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുമാണ്.  ആത്യന്തികമായി മനുഷ്യൻ ഒന്നാണ് എന്ന തിരിച്ചറിവ്. അവന്റെ വേദനകളും സങ്കടങ്ങളും മത-ദേശ-ഭാഷാ വ്യത്യാസമില്ലാതെ ഒരേപോലെയാണ്  എന്ന തിരിച്ചറിവ്. അതുകൊണ്ടാണ് പ്രവാസിയുടെ മനസ്സിൽ വറ്റാത്ത കനിവിന്റെ ഉറവകൾ ഉണ്ടാകുന്നത്. ആരിലേക്കും സഹായമായി അത് നീളുന്നത്. അവനവനും ചുറ്റുപാടുമായി ഒരേ ഇടത്തിൽ  കഴിയുന്നവന്റെ മനസ്സ് കെട്ടി നിൽക്കുന്ന വെള്ളം പോലെ ദുഷിക്കും എന്നതിനാലവണം മത ഗ്രന്ഥങ്ങൾ മനുഷ്യനോട്  ഭൂമിയിലൂടെ സഞ്ചരിക്കാൻ ഉണർത്തിയത്.

പ്രവാസത്തിന്റെ ഒറ്റപ്പെടലും മടുപ്പും നാടോർമ്മകളുടെ ഭാരവും ഗൃഹാതുരമായ ഓർമ്മകൾ കൊണ്ട് മറികടക്കാൻ കുതിക്കുന്ന പ്രവാസിക്ക് ഓണാഘോഷം നൽകുന്ന ആഹ്ലാദം ചെറുതല്ല. ഒന്നിച്ചിരുന്ന് നാടിന്റെ രുചിയുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടും, പാട്ടും കളിയും ആഘോഷവും ഒരുക്കിയും അവനവനെ തിരിച്ചു പിടിക്കുന്ന സന്തോഷ മുഹൂർത്തങ്ങൾ. അതുകൊണ്ടു തന്നെ കച്ചവടക്കാർക്കും ചാനലുകർക്കും തീറെഴുതി കൊടുത്ത, നാട്ടിലെ ഓണമല്ല പ്രവാസത്തിന്റെ ദേശത്തെ മലയാളിക്ക്. ഏതു മണ്ണിൽ എത്ര ആഴത്തിൽ വേരിറങ്ങിയാലും സഹ്യനപ്പുറത്തുദിക്കുന്ന സൂര്യപ്രകാശത്തിലേക്ക് മാത്രമാണവന്റെ  കൊമ്പും ചില്ലകളും നീളുന്നത്. ഇന്നല്ലെങ്കിൽ നാളെ തിരിച്ചു പോകേണ്ട പിറന്ന നാടിനെ   കുറിച്ച് അവന്റെയുള്ളിൽ പതിഞ്ഞു പോയൊരു പാട്ടുണ്ട്. പൊള്ളയാണ് എന്നറിയാമെങ്കിലും അതവന്റെ സ്വപ്നം കൂടിയാണ്.

'നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ'
_______________________
 സൗദിയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ്' പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ   പ്രസിദ്ധീകരിച്ചത്.

'ഒരു മലപ്രങ്കഥ'- സ്മാരകങ്ങൾ ഇല്ലാതെ പോയവരുടെ ചരിത്രപുസ്തകം.


നോവൽ എന്ന വിശേഷണം   'ഒരു മലപ്രങ്കഥ'ക്ക് എത്രത്തോളം ചേരും എന്നറിയില്ല. എന്നാൽ അതിനുമപ്പുറം ഇത് ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച സാധാരണ മനുഷ്യരുടെയും ചരിത്രമാണ്.  നിറപ്പിച്ചോ കറുപ്പിച്ചോ അല്ലാതെ വരച്ചു വെച്ച കുറെ ജീവിതങ്ങളുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ.

ചരിത്ര പുസ്തകങ്ങൾ എപ്പോഴും നേതാക്കന്മാരെയും പ്രമാണികളെയും മാത്രം അടയാളപ്പെടുത്തുമ്പോൾ,   സാധാരണ മനുഷ്യരുടെ ത്യാഗത്തിന്റെയും നഷ്ടത്തിന്റെയും വേദനയുടെയും അനുഭവകഥകൾ നാം ഒരിക്കലും അറിയാറില്ല. മരിച്ചു മണ്ണടിഞ്ഞു  പോയ തന്റെ താവഴിയിലേക്കുള്ള ഹബീബ് എന്ന എഴുത്തുകാരന്റെ സഞ്ചാരവും കണ്ടെത്തലുമാണ് ഈ കൃതി. അതിന് അദ്ദേഹത്തിന് വഴികാട്ടിയാവുന്നത് അമ്മാവൻ പ്രൊഫ : എം ഒമർ എഴുതിവെച്ച ഓർമ്മക്കുറിപ്പുകളും.

അതിലൂടെ ഇതൾ വിരിയുന്നത് മലപ്പുറം എന്ന ദേശത്തിന്റെ കഴിഞ്ഞ   ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. കലാപങ്ങളും ലഹളകളും പോലീസ് മർദ്ദനങ്ങളും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളും മാത്രമല്ല, ഇന്നലെകളിൽ കടന്നുപോയ ഒരുപാട് മനുഷ്യരുടെ ജീവിതങ്ങൾ. ഇതൊക്കെയും ഒരു സിനിമയിൽ എന്ന പോലെ വായനക്കാരന് കാണാനും അനുഭവിക്കാനും കഴിയുന്നു എന്നതാണ് എഴുത്തിന്റെ മേന്മ.

എഴുത്തുകാരന്റെ പേർ അത്ര പരിചിതമല്ലാത്തത് കൊണ്ട് ശങ്കയോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും ആ ധാരണയെ മാറ്റി മറിക്കാൻ എഴുത്തുകാരൻ എഴുതിയ ആമുഖം തന്നെ ധാരാളം. ഗഹനമായ ചിന്തകളെ ലളിതമായ വാക്കുകളിൽ അവതരിപ്പിച്ച ആമുഖം ഈ നോവലിലേക്ക് മാത്രമല്ല വഴികാട്ടിയാവുന്നത്. നമ്മുടെ ഓരോരുത്തരുടെയും ഇന്നലെകളെയും കടന്നുപോന്ന തലമുറകളെയും അത് ഓർമ്മിപ്പിക്കുന്നു. കുറഞ്ഞ കാലമെങ്കിലും ജീവിച്ചു മരിച്ചുപോയ ഓരോ മനുഷ്യരും നമുക്കായി കരുതിവെച്ച ചിലതുണ്ട്. താനേ പൂത്തു പന്തലിച്ച മരമല്ല, താവഴികളിൽ നിന്നും വലിച്ചെടുത്ത വെള്ളവും വളവും കൂടിയാണ് നമ്മുടെ ബലം. കാതൽ അടയാളപ്പെടുത്തുന്ന വാർഷിക വളയങ്ങൾ അവരുടെ ജീവിതം കൊണ്ട് വരച്ചുവെച്ചതാണ്.

വല്യാപ്പ മീതോണ്ടി യുടെയും അദ്ദേഹത്തിന്റെ ഒമ്പത് മക്കളുടെയും ജീവിതമാണ് ഈ പുസ്തകം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം.  അവരുമായി ബന്ധപ്പെട്ട ഒരുപാട് മനുഷ്യരിലൂടെയാണ്  ഈ 'ദേശത്തിന്റെ കഥ' വികസിക്കുന്നത്.  ഓരോ കാലഘട്ടത്തെയും, സമൂഹ്യവസ്ഥയെയും, സമൂഹത്തിൽ ക്രമേണ ഉണ്ടായ മാറ്റങ്ങളെയും  വളരെ സൂക്ഷ്മമായി വരച്ചുവെക്കാൻ എഴുത്തുകാരന് സാധിച്ചിരിക്കുന്നു. മലപ്പുറം വാമൊഴിയുടെ സൗന്ദര്യം സംഭാഷണങ്ങളെ ഏറെ ഹൃദ്യമാക്കുന്നുണ്ട്. ഈ ശൈലി പരിചയമില്ലാത്തവർക്ക് 'എടങ്ങേർ' ആവാതിരിക്കാൻ നമ്പറിട്ട് വിശദീകരണവും നൽകിയത് നന്നായി.

ദാരിദ്ര്യം കലാപം പാലായനങ്ങൾ പ്രകൃതി ദുരന്തങ്ങൾ വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ പ്രവാസം അങ്ങനെ ദേശവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളെ ഒക്കെയും  ഈ പുസ്തകം സ്പർശിക്കുന്നുവെങ്കിലും  'ഒരു മലപ്രങ്കഥ' ശരിക്കും രക്തബന്ധങ്ങളുടെ ഇഴയടുപ്പം മനോഹരമായി ആവിഷ്‌കരിക്കുന്ന പുസ്തകമായാണ് അനുഭവപ്പെടുക. കൂടപ്പിറപ്പുകളോടുള്ള സ്നേഹം മക്കളോടുള്ള വാത്സല്യം  മാതാപിതാക്കളോടുള്ള ഇഷ്ടം ഇതൊക്കെയും ആർദ്രമായി ഉള്ളിൽ തട്ടും വിധം  ഫലിപ്പിക്കുന്നത് കൊണ്ടാവണം  ഈ പുസ്തകത്തോട് വല്ലാതെ ഇഷ്ടം തോന്നുന്നത്. അവനവനെ കുറിച്ചു വേവലാതിപ്പെടാതെ രക്തബന്ധങ്ങളോടും കൂട്ടുകാരോടും ഒക്കെയുള്ള കടമ നിർവ്വഹിക്കുന്ന അതിനായി എന്ത് ത്യാഗവും ചെയ്യുന്ന കുറെ മനുഷ്യരെ ഈ പുസ്തകത്തിൽ കാണാം. സമ്പത്തില്ലായിരുന്നെങ്കിലും, പട്ടിണി ആയിരുന്നെങ്കിലും ഇന്നലെകളുടെ മഹാഭാഗ്യം അതായിരുന്നുവല്ലോ.

ബാപ്പയും ഉമ്മയും മരിച്ചപ്പോൾ ഇളയവരെ മക്കളെ പോലെ നോക്കി വളർത്തിയ ഉമ്മുക്കുൽസു, തന്റെ സ്വപ്നങ്ങൾ മാറ്റിവെച്ച് കൂടപ്പിറപ്പുകളെ പോറ്റാനായി പട്ടാളത്തിൽ ചേർന്ന മുഹമ്മദലി, ഉമർ, ഹസൻ... സ്നേഹത്തിന്റെ പ്രതിരൂപങ്ങളായ ഈ സാധു മനുഷ്യരെ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.

മലബാർ കലാപത്തിലേക്ക് എത്തുന്ന  പുകയുന്ന നാളുകളിൽ ആണ് ഈ കഥയുടെ തുടക്കം. എന്നാൽ കലാപകാലം ഒട്ടും നിറപ്പിച്ചു വരക്കാതെ കലാപകാരികളുടെ ഉറ്റവരിലൂടെയും നാട്ടിലെ അവസ്ഥകളിലൂടെയും ആണ് തൂലിക ചലിക്കുന്നത്. വാരിയൻകുന്നത്ത് പോലും ഒരു പേജിനപ്പുറം ഇതിൽ ചിത്രപ്പെടുന്നില്ല.

സമ്പന്നതക്ക് എപ്പോഴും ഒരു വില്ലൻ പരിവേഷം ചാർത്തുന്ന നമ്മുടെ നോവലുകളുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ഏനുക്കുട്ടിപ്പാപ്പ. അറബി മലയാളം എന്നൊരു വരമൊഴി രീതിയോ അത് കടന്നു വന്ന വഴികളോ പാശ്ചാത്തലമോ മലപ്പുറം ദേശത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്ന എഴുത്തിന്റെയും വായനയുടെയും പുസ്തകങ്ങളുടെയും സമ്പന്നമായ ഒരു ലോകമോ ദൗർഭാഗ്യവശാൽ നമ്മുടെ ചരിത്രകാരന്മാരും എഴുത്തുകാരും ഏറെയൊന്നും ചർച്ച ചെയ്യാറില്ല. പ്രസ്സുടമയായ ഏനുക്കുട്ടിപ്പാപ്പയുടെ ജീവിതവും വളർച്ചയും ആ ലോകത്തേക്കുള്ള വാതിൽ കൂടിയാണ് തുറന്നു വെക്കുന്നത്.

ഏനുക്കുട്ടിയുടെ അളിയനായ  മീതോണ്ടി എന്ന നിഷ്കളങ്കനും സ്നേഹമയനും ഉത്സാഹിയും ആയ മനുഷ്യനിലൂടെയാണ് നോവലിന്റെ കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും പെട്ടെന്നുള്ള മരണത്തിലൂടെ അനാഥരായി മാറിയ ഒമ്പത് മക്കളുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് ഈ നോവൽ. ഇവരുടെ ജീവിതവും  അവർ ഇടപെടുന്ന ഓരോ മനുഷ്യരും എഴുതപ്പെടാത്ത പോയ ദേശ ചരിത്രത്തിലേക്കുള്ള യാത്ര പോലെ സുന്ദരമായാണ് ഇതൾ വിരിയുന്നത്. കാളവണ്ടിയും സൈക്കിളും മോട്ടോർ കാറും കരിബസ്സും ചായയും പാട്ടുപെട്ടിയും ഒക്കെ അത്ഭുതം ആയിരുന്ന ഒരു കാലവും, കോൺഗ്രസും കമ്യൂണിസ്റ്റും മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളും അഹമദിയാക്കളും, മദ്രസകളിൽ നിന്നും പള്ളിക്കൂടങ്ങളിലേക്കുള്ള വളർച്ചയും....472 പേജുള്ള ഈ പുസ്തകം ഇങ്ങനെയൊക്കെയാണ് ഒരു ചരിത്ര ഗ്രന്ഥത്തിന്റെ   ഭാവം നൽകുന്നത്.

ദേശത്തിന് പ്രാമുഖ്യം നൽകിയുള്ള നോവലുകൾ മലയാളത്തിൽ പുതുമയല്ല. മയ്യഴിയും കാരക്കാടും തൃക്കോട്ടൂരും തലയോലപ്പറമ്പും യഥാർഥദേശം എന്ന് തോന്നിക്കുന്ന തച്ചനക്കരയും ഒക്കെ മലയാളിക്ക് ജനിച്ചുവളർന്ന നാടുപോലെ സുപരിചിതമായ ഇടമായി മാറിയത് നമ്മുടെ പ്രിയങ്കരരായ നോവലിസ്റ്റുകളുടെ ആവിഷ്കാരങ്ങളിലൂടെയാണ്.  'ഒരു മലപ്രങ്കഥ' യും ഇതുപോലെ ഒരു ദൗത്യമാണ് നിർവ്വഹിക്കുന്നത്.

കഥയുടെ ഒഴുക്കിൽ വി കെ എൻ നെ ഓർമ്മിപ്പിക്കുന്ന ഇടപെടലുകളും കാലത്തിനു പിറകോട്ടും മുന്നോട്ടും പോയുള്ള എഴുത്തുകാരന്റെ ആത്മഗതങ്ങളും നോവലിന്റെ ഒഴുക്കിന് തടസ്സമാകുന്നില്ല എന്ന് മാത്രമല്ല വേറൊരു മാനം നൽകുകയും ചെയ്യുന്നുണ്ട്. വായിച്ചില്ലെങ്കിൽ നഷ്ടമായേനെ എന്ന് ഖേദം തോന്നുന്ന ഒരു പുസ്തകം തന്നെയാണ്  'ഒരു മലപ്രങ്കഥ'.  എം ടി യുടെ അവതാരികയുള്ള ഇപ്പുസ്തകം 2011 ൽ എസ് കെ പൊറ്റക്കാട് അവാർഡ് ലഭിച്ച നോവൽ കൂടിയാണ്.

നോവലിന്റെ ഉള്ളടക്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന കവർ ചിത്രം നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ ഉൾപ്പേജുകളിലെ ഇല്ലസ്ട്രേഷൻ കാലത്തെയും ദേശത്തെയും മനോഹരമായി ചിത്രീകരിക്കുകയും ചെയ്യുന്നു. എം ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം കവറിന് പുറത്തല്ലാതെ ഉള്ളിൽ കാണുന്നില്ല.

'സ്മാരകങ്ങൾ ഇല്ലാതെ പോയവർക്ക്' എന്ന സമർപ്പണത്തെ അർത്ഥവത്താക്കുന്നത് തന്നെയാണ് ഈ നോവൽ എന്തുകൊണ്ടും. 'മലപ്രം'കാരും മലപ്പുറം എന്ന ദേശത്തെ കുറിച്ചു പഠിക്കാൻ ശ്രമിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. പി ഐ മുഹമ്മദ് കോയയുടെ 'സുൽത്താൻ വീട്' പോലെ ചരിത്രപരമായ ഒരു ദൗത്യമാണ് ഈ നോവൽ നിറവേറ്റുന്നത് എന്ന് നിസ്സംശയം പറയാം.
________________
'ഒരു മലപ്രങ്കഥ'
പ്രൊഫ: എം ഒമർ , ഹബീബ്
പ്രസാ: വചനം ബുക്സ് കോഴിക്കോട് (☎️0495-2722424,3042704)
₹: 400.
_________
'നവോത്ഥാനം' മാസികയുടെ ഈ ലക്കം ഓണപ്പതിപ്പിൽ 'ഒരു മലപ്രംകഥ' നോവലിനെ കുറിച്ചു ഞാനെഴുതിയ ആസ്വാദന കുറിപ്പ് .

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ


'...റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: "നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?"
.....ഞാൻ ആവേശത്തോടെ പറഞ്ഞു:
"അതെ, കിട്ടിയാൽ നന്നായിരുന്നു."
"എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി."
                    -വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

വായിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു  പുസ്തകം ഉണ്ടാക്കിയ ആഘാതം ഉള്ള് വിറപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.  സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് പിന്നിട്ടിട്ടും, രാജ്യപുരോഗതി ബഹിരാകാശം കടന്നു പോയിട്ടും, ഇങ്ങനെയും കുറെ ജീവിതങ്ങൾ ഈ മണ്ണിൽ ഇപ്പോഴും ഉണ്ടല്ലോ എന്നോർത്ത്. വിശ്വാസത്തിന്റെ പേര് പറഞ്ഞ്, അറിവില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത്, മനുഷ്യൻ എന്ന വിലപോലും ഇല്ലാതെ ചൂഷണം ചെയ്യപ്പെടുന്ന ഒരുപാട് പെൺജീവിതങ്ങൾ.....

1982 ൽ നിയമം മൂലം നിരോധിച്ചെങ്കിലും കർണ്ണാടക ഗ്രാമങ്ങളിൽ ഇപ്പോഴും തുടരുന്ന ദേവദാസി സമ്പ്രദായത്തെ കുറിച്ചന്വേഷിക്കാനിറങ്ങിയ അരുൺ എഴുത്തച്ഛൻ എന്ന പത്ര പ്രവർത്തകൻ, ഇതിന്റെ  തുടർച്ചയായി   കർണാടകക്ക് പുറമെ  ആന്ധ്രയിലും യു പിയിലും ബംഗാളിലും മഹാരാഷ്ട്രയിലും ഒറീസയിലും ഒക്കെയായി
നടത്തിയ അന്വേഷണങ്ങളിൽ കണ്ടുമുട്ടിയ ഒരുപാട് മനുഷ്യരും അനുഭവങ്ങളുമാണ് 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകം.

വിശ്വാസത്തിന്റെ പേരിൽ ചൂഷണം ചെയ്യപ്പെട്ട്, വേശ്യാവൃത്തിയിൽ എത്തിപ്പെട്ട സ്ത്രീകൾ. പെണ്ണുടലുകളുടെ വില്പനചന്തയായി മാറിയ നമ്മുടെ മഹാ നഗരങ്ങൾ. വിശപ്പിനും ദാരിദ്ര്യത്തിനും അപ്പുറം ഒന്നുമില്ല എന്ന പരമസത്യം...

പെണ്മക്കളെ വിവാഹം കഴിച്ചയക്കാനുള്ള ശേഷി പോയിട്ട്   രണ്ടു നേരം ഭക്ഷണം കൊടുക്കാൻ പോലും ഗതിയില്ലാത്ത മാതാപിതാക്കൾ,  ഋതുമതിയാവുന്നതോടെ അവളെ ആചാര പ്രകാരം അണിയിച്ചൊരുക്കി 'ഉച്ചംഗിദേവി'യുടെ ക്ഷേത്രത്തിൽ ദേവദാസിയായി അർപ്പിച്ചു തിരിച്ചുപോരുന്നു. അവിടെ എന്താണ് സംഭവിക്കുക എന്നറിയാമെങ്കിലും മോൾക്ക് വിശപ്പടക്കാൻ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നതും, ഒരാളെ കൂടി പോറ്റേണ്ടല്ലോ എന്നുമുള്ള ആശ്വാസം.

ദേവദാസി എന്നാണ് പേരെങ്കിലും അന്ന് മുതൽ ആ ബാലിക  നാട്ടു പ്രമാണിമാരുടെ വെപ്പാട്ടിയാണ്.  ഒരാൾക്ക് മടുത്ത് ഒഴിവാക്കിയാൽ മറ്റൊരാൾ. ആർക്കും വേണ്ടാതാകുമ്പോൾ  തെരുവുവേശ്യ....... ജീവിക്കണമല്ലോ. മക്കളെ ദേവദാസിയാക്കാൻ മടിക്കുന്ന രക്ഷിതാക്കളെ  വിശ്വാസത്തിന്റെയും ദൈവീകശിക്ഷയുടെയും
പേര് പറഞ്ഞ്, നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാട്ടു മുഖ്യരും പുരോഹിതരും... ഇതിനെയൊക്കെ പിന്തുണക്കാൻ രാഷ്ട്രീയക്കാരും വിദ്യാസമ്പന്നരും...

ആന്ധ്രയിലെ 'കലാവന്തലുകൾ' എന്ന ഭോഗസമൂഹത്തിന്റെ കഥയും വ്യത്യസ്തമല്ല. ആട്ടവും പാട്ടുമായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ദേവദാസികളായി നൂറ്റാണ്ടുകളോളം  സമ്പന്നരെയും പ്രമാണിമാരെയും സുഖിപ്പിച്ചു ജീവിച്ച 'കാമകല'യിലെ  റാണിമാരുടെ പിന്മുറക്കാർക്കും ഇന്ന്  വേശ്യാവൃത്തിയാണ് ജീവിതമാർഗം.

പുരി ജഗന്നാഥനെ  പാടിയും നൃത്തം ചെയ്തും ഉറക്കിയ ദേവദാസിയായിരുന്ന വൃദ്ധയായ   സിരിമണി  തന്റെ ജന്മഭാഗ്യമായാണ് ദേവദാസി പട്ടത്തെ കാണുന്നത്. അവിടെ ഉയർന്ന ജാതിക്കാർ മാത്രം ദേവദാസികളായത് കൊണ്ടാവാം, ലൈംഗീക ചൂഷണം നടക്കുന്നില്ല.

ഉത്തർപ്രദേശിലെ ബൃന്ദാവൻ വിധവകളുടെ ലോകമാണ്. ഭർത്താവ് മരിക്കുന്നതോടെ മക്കൾക്ക് പോലും വേണ്ടാതാകുന്ന, അപശകുനമായി മുദ്രകുത്തപ്പെടുന്ന സ്ത്രീകൾ ഗതികേടിനൊടുവിൽ അഭയം തേടി എത്തുന്നത് ബൃന്ദാവനിലെ രാധയായി മാറാനാണ്. ശ്രീകൃഷ്ണനെ ഭജിച്ച് ശിഷ്ടകാലം ഭക്തിയോടെ ആർക്കും ശല്യമാവാതെ കഴിയാൻ എത്തുന്ന ഇവരെ വിശ്വാസത്തിന്റെ പേരിൽ ആദ്യമേ ചൂഷണം ചെയ്യുന്നത് പുരോഹിതന്മാരാണ്. ആരോഗ്യമുള്ള കാലത്ത് ശരീരം വിറ്റും ആർക്കും വേണ്ടാതാകുമ്പോൾ ആളുകൾക്ക് മുന്നിൽ കൈ നീട്ടിയും ജീവിക്കേണ്ടി വരുന്ന ഇവർക്ക് സർക്കാർ വക താമസ സൗകര്യവും ഭക്ഷണവും ഒക്കെ ഉണ്ടെങ്കിലും മരണശേഷം ദഹിപ്പിക്കാൻ സർക്കാർ നൽകുന്ന 3000 രൂപ വെട്ടിക്കാൻ വേണ്ടി മൃതദേഹം ചാക്കിൽ കെട്ടി ഗംഗയിൽ ഒഴുക്കുന്ന അവസ്‌ഥ പോലുമുണ്ടെങ്കിൽ എത്രത്തോളം മനഃസാക്ഷിയില്ലാത്ത ചൂഷണമാണ് നടക്കുന്നത് എന്ന് ചിന്തിക്കാനാവുമല്ലോ.

മുജ്റ നൃത്തം കൊണ്ട് രസിപ്പിക്കുന്ന ഉജ്ജയിനിയുടെ അവസ്‌ഥയും വ്യത്യസ്തമല്ല. 

ശാപം കിട്ടിയ ജന്മങ്ങൾ ആണത്രേ വിധവകൾ! സതി നിർത്തലാക്കിയതോടെ വീട്ടുകാർക്ക് ഇവർ ഭാരമായി. മംഗളകർമ്മങ്ങളിലേക്ക് പോലും അടുപ്പിക്കാതെ കുറ്റവാളികളെ പോലെ അകറ്റി നിർത്തപ്പെട്ട ഇവർക്ക് രാത്രിയിരുട്ടിൽ പീഡിപ്പിക്കാൻ എത്തുന്ന ബന്ധുക്കളെയും ഭയക്കേണ്ടി വന്നു.  ഇങ്ങനെ വീടുവിട്ടിറങ്ങേണ്ടി വന്ന്    കൊൽക്കത്തയിലെ കാളിഘട്ടിൽ എത്തിച്ചേർന്ന വിധവകളിലൂടെയാണ്
 സോനാഗച്ചി എന്ന വേശ്യത്തെരുവിന്റെ  ആരംഭം.

കാലങ്ങൾ കഴിഞ്ഞപ്പോൾ
സോനാഗച്ചിയും മുംബൈയിലെ കാമാത്തിപുരയുമൊക്കെ ആണിനെ സന്തോഷിപ്പിക്കാനുള്ള പേരുകേട്ട ഇടങ്ങളായി മാറി. ഗതികേട് കൊണ്ട് മാതാപിതാക്കൾ തന്നെ വിൽക്കുന്നവരും, കാമുകന്മാരാൾ ചതിക്കപ്പെട്ടവരുമായി ഈ ചുവന്ന തെരുവുകളിലേക്ക് വലിച്ചെറിയപ്പട്ട  പെണ്ണിന് സന്തോഷിക്കാൻ,  തന്നെ കൈമാറിയപ്പോൾ വീട്ടുകാർക്ക് ജീവിതത്തിൽ ആദ്യമായി ഏതാനും വലിയ നോട്ടുകൾ  കിട്ടിയപ്പോൾ അവരുടെ കണ്ണിൽ കണ്ട തിളക്കവും, മൂന്നു നേരം വിശപ്പടക്കാൻ ഭക്ഷണം കിട്ടുന്നല്ലോ എന്ന ആശ്വാസവും, ഇടക്ക് നാട്ടിലേക്ക് പണമയക്കാൻ കഴിയുന്നല്ലോ എന്ന  സംതൃപ്തിയും മാത്രം.

സോനാഗച്ചിയിലെ പൂർണ്ണിമ പറഞ്ഞത് പോലെ "പുറംലോകം കാണാൻ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ്. വിശപ്പ് അറിഞ്ഞവന് വിശപ്പ് മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം". കാളിയുടെ അനുഗ്രഹമുണ്ട്  എന്ന വിശ്വാസത്തോടെ ഇതൊരു തൊഴിലായി സ്വീകരിച്ചവർ.

മാറി മാറി അനുഭവിക്കുന്ന ഓരോ പുരുഷനും ദേവദാസി ആയാലും ലൈംഗീക തൊഴിലാളി ആയാലും വെറുമൊരു ശരീരം മാത്രമാണെങ്കിലും, നിരന്തരമായി വഞ്ചിക്കപ്പെടുന്ന സ്നേഹത്തിന്റെയും
തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെയും ആഘാതം അവളെ മാനസികമായി തകർക്കുകയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയാക്കി മാറ്റുകയും ചെയ്യുന്നു.
ആരോഗ്യം ക്ഷയിക്കുമ്പോൾ ആർക്കും വേണ്ടാതെ തെരുവ് മൂലകളിൽ മരിച്ചൊടുങ്ങാൻ വിധിക്കപ്പെട്ടവർ.

പുരോഗതിയിലേക്ക് കുതിക്കുന്നു എന്ന് നാം അവകാശപ്പെടുന്ന വർത്തമാന ഇന്ത്യയിൽ നിന്നുള്ള കാഴ്ചകളാണ് അരുൺ എഴുത്തച്ഛൻ ഈ പുസ്തകത്തിലൂടെ  കാണിച്ചു തരുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന, അപമാനം കൊണ്ട് നമ്മുടെ ശിരസ്സ് കുനിഞ്ഞു പോകുന്ന കാഴ്ചകൾ.

പശുവിനെ അമ്മയായി കരുതുന്ന, രാഷ്ട്രത്തെ മാതാവ് എന്ന് ആദരവോടെ ചേർത്തു വിളിക്കുന്ന അതേ രാജ്യത്താണ്, പെണ്ണായി പിറന്നത് കൊണ്ട് മാത്രം ജീവിതമിങ്ങനെ നരകമായിപ്പോയ ഒരുപാട് മനുഷ്യജന്മങ്ങൾ.....

വിശ്വാസത്തിന്റെ പേരിലല്ലെങ്കിൽ മറ്റ് പല രീതിയിൽ ചതിച്ചും കെണിവെച്ചും പിടിച്ച പെണ്ണുടലുകളുടെ വില്പനചന്തകൾ നമ്മുടെ അയൽ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാഷ്ട്രങ്ങളിൽ സജീവമാണ്.
ആ ഇറച്ചിക്കച്ചവടത്തിന്റെ പങ്കു പറ്റാനും അവരെ ഈ നരകത്തിലേക്ക് വലിച്ചെറിയാനും, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നാട്ടു പ്രമാണിമാരും പുരോഹിതരും അടക്കം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ മാത്രം കുറ്റം ചർത്തുന്നത് മൗഢ്യമാണ്.  പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണാധികാരത്തിന്റെ ലോകത്ത് മതവും രാഷ്ട്രീയവും ഒക്കെ അവർക്ക് അരുനിൽക്കുന്ന ഉപകരണങ്ങൾ മാത്രം.

ദാരിദ്ര്യവും അജ്ഞതയും കൊടികുത്തി വാഴുന്ന ഇടങ്ങളിലെ  മനുഷ്യരെ  ചൂഷണം ചെയ്യുന്നത് അറുതി വരുത്താൻ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളും മനസാക്ഷിയുള്ള പൊതു സമൂഹവും ഇല്ലാതിരിക്കുന്നെടുത്തോളം കാലം ലോകത്തിൽ എവിടെയായാലും നമ്മുടെ പെങ്ങന്മാർ ഇങ്ങനെ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കും.

ഇങ്ങനെ വലിച്ചെറിയപ്പെടുന്ന ഓരോ പെണ്ണും നമ്മുടെ ആരുമല്ലായിരിക്കാം. പക്ഷെ നിറഞ്ഞ നിഷ്കളങ്കതയും കുസൃതിയുമായി നമ്മുടെ വീടകങ്ങളിൽ കളിച്ചു തിമർക്കുന്ന, നമ്മുടെ  സ്വപ്നങ്ങളുടെ ഭാരവും തോളിൽ തൂക്കി രാവിലെ ഉമ്മ തന്ന് സ്‌കൂൾ ബസ്സിലേക്ക് ഓടിക്കയറുന്ന ഓരോ രാജകുമാരിമാരെ പോലെയും, ഏതോ ഗ്രാമങ്ങളിലെ കുഞ്ഞുവീടുകളിൽ 
കളിയും ചിരിയും കണ്ണുകൾ നിറയെ നിഷ്കളങ്കതയുമായി കഴിഞ്ഞ ഇതുപോലുള്ള  പെണ്മക്കൾ തന്നെയാണ് വൻ നഗരങ്ങളിലെ
വേശ്യാത്തെരുവുകളിൽ ഉടുത്തൊരുങ്ങി ഇടപാടുകാരെ കത്തിരിക്കുന്നതെന്നും....   നിത്യവും ഒരുപാട് പുരുഷ ശരീരങ്ങളെ തൃപ്തിപ്പെടുത്തുന്നതെന്നും.......
__________________________

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
അരുൺ എഴുത്തച്ഛൻ
പ്രസാ: ഡി സി ബുക്സ്
₹ 210

മണ്ണിന്റെ മക്കളുടെ ചരിത്രവും വർത്തമാനവും

അകാലത്തിൽ അന്തരിച്ച ഡോ.  പ്രദീപൻ പാമ്പിരികുന്ന്
എന്ന അസാധ്യ പ്രതിഭ മലയാളത്തിന് സമ്മാനിച്ച മികച്ചൊരു   പഠന ഗ്രന്ഥമാണ്. 'ദലിത് പഠനം- സ്വത്വം സംസ്കാരം സാഹിത്യം'.  ദലിത് ജീവിതത്തിന്റെ ചരിത്രത്തെ സൈദ്ധാന്തികമായി അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യകൃതിയായ ഇപ്പുസ്തകം, ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ മരണശേഷം ആണ് പ്രസിദ്ധീകൃതമായത്.

കീഴാളരെ സൂചിപ്പിക്കാനുള്ള ഒരു പദം എന്നതിനപ്പുറം 'ദലിത്' സ്വത്വത്തെ കുറിച്ച്, കടന്നു വന്ന വഴികളെ കുറിച്ച്,  ദലിത്  സാഹിത്യത്തെ കുറിച്ച്  ബഹുഭൂരിപക്ഷം മലയാളികൾക്കും ഏറെ ധാരണയൊന്നും ഇല്ല. ഉപരിപ്ലവമായോ വൈകാരികമായോ പക്ഷം പിടിച്ചോ  എഴുതപ്പെടുന്ന പല ലേഖനങ്ങളും ഇതേ കുറിച്ച് ഗൗരവമായി വായിക്കാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് താനും.

ഇവിടെയാണ് പ്രദീപൻ പാമ്പിരികുന്ന് വ്യത്യസ്തനാവുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണ ബോധത്തോടെയും കൃത്യമായ വിശകലനത്തോടെയും ഒട്ടും തുളുമ്പാതെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 128 പേജുള്ള പഠനത്തിന് വേണ്ടി ഉപയോഗിച്ച റഫറൻസ് ഗ്രന്ഥങ്ങളുടെ ഗ്രന്ഥസൂചി മാത്രം മുപ്പതോളം പേജുണ്ടെങ്കിൽ ഇതിന്റെ പിന്നിലുള്ള കഠിനാധ്വാനവും സൂക്ഷ്മതയും എത്രത്തോളം എന്നൂഹിക്കാം.

1 ദലിത് ചരിത്രം 2 കേരളം: ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും ദലിത് അവബോധ വികാസവും3 ദലിത് സ്വത്വം, ജ്ഞാനം, സാഹിത്യം 4  ദലിത് സാഹിത്യം ആധുനികതയും ഉത്തരാധുനികതയും. എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചാണ് ഈ പഠനം.

കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച 160 പേജുള്ള ഈ പുസ്തകത്തിന് 80 രൂപ മാത്രമേ വിലയുള്ളൂ എന്നത് വായനക്കാരന് ആശ്വാസമാണ്. (സ്വകാര്യ പ്രസാധകരിൽ നിന്നായിരുന്നെങ്കിൽ ചുരുങ്ങിയത് 150 രൂപ വിലയിട്ടേനെ). മലയാളിയുടെ വിജ്ഞാന ശേഖരത്തിനും ചിന്തകൾക്കും മികച്ചൊരു മുതൽക്കൂട്ടാണ് ഈ പുസ്തകം എന്ന് ഉറപ്പ്.
____________________
ദലിത് പഠനം- സ്വത്വം സംസ്കാരം സാഹിത്യം
ഡോ.  പ്രദീപൻ പാമ്പിരികുന്ന്
പ്രസാ: കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്
₹ 80
ജീവപര്യന്തം തടവായി മാറുന്ന  ദാമ്പത്യം

കെട്ടിയവനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോയി എന്ന് കേട്ടാലുടൻ, 'കാമഭ്രാന്ത്  മൂത്തിട്ട് ഇറങ്ങിപ്പോയവൾ' എന്നാണ് നമ്മുടെ വിധിയെഴുത്ത്.  ഇതിലും മോശമായൊരു ആക്ഷേപം ഒരു പെണ്ണിനെ കുറിച്ച് പറയാനില്ല എന്നത് കൊണ്ട് തന്നെ,  'വേലിചാടാൻ' ഉദ്ദേശമുള്ള സകല 'അവളുമാർക്കും' ഒരു താക്കീത് എന്ന നിലക്ക് കൂടിയാണ് ഈ കടുത്ത പ്രയോഗം. 'മാനവും മര്യാദയും' ഉള്ള, 'കുടുംബത്തിൽ പിറന്ന' ഒരുത്തിക്കും മേലിൽ ഈ തോന്നൽ ഉണ്ടാവാൻ പാടില്ല എന്നൊരു ഉദ്ദേശം കൂടി 'കാമഭ്രാന്ത്' എന്ന മോശപ്പെട്ട പ്രയോഗത്തിന് പിന്നിൽ ഉണ്ട്.

വിവാഹപ്പിറ്റേന്ന് തന്നെ ഭർത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതൽ, പേരക്കുട്ടികൾ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭർത്താവിനെ കൊല്ലിച്ചത്  വരെയുമുള്ള വാർത്തകൾ കേൾക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയിൽ കിടന്ന് അകത്തു കേൾക്കാൻ വിധം ഉറക്കെ, 'പെണ്ണിന്റെ കാമപ്രാന്ത്' എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും,  അകത്തളങ്ങളിൽ അമർന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

ദാമ്പത്യത്തിൽ രതി മാത്രമല്ല, സ്നേഹം പ്രണയം ആദരവ് അംഗീകാരം പരിഗണന മതിപ്പ്  കരുതൽ ഉത്തരവാദിത്തബോധം  സുരക്ഷിതത്വം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ജീവിത പങ്കാളിയിൽ നിന്ന് പെണ്ണ് ആഗ്രഹിക്കുന്നുണ്ടെന്നും, അങ്ങിനെ പലതിന്റെയും അഭാവത്തിൽ നിന്നുണ്ടാകുന്ന അങ്ങേയറ്റം മടുപ്പിൽ നിന്നാണ് പലപ്പോഴും ഒരു കുടുംബിനി അവിഹിതബന്ധത്തിന് മുതൽ ഒളിച്ചോട്ടത്തിന് വരെ ധൈര്യം കാണിക്കുന്നതെന്നും അറിയാത്തവരല്ല എല്ലാറ്റിനും 'കാമഭ്രാന്ത്' എന്ന ലേബൽ ചാർത്തി ഒതുക്കാൻ ശ്രമിക്കുന്നത്.  വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും തന്റേടവും പ്രതികരണശേഷിയും
ഉള്ള വനിതകൾ ഏറി വരുമ്പോൾ,   'ഇരുട്ടു  കൊണ്ടുള്ള ഈ  ഓട്ടയടക്കൽ' എത്രകാലം തുടരാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

'കാമഭ്രാന്ത്' എന്ന് നാം മോശപ്പെടുത്തി
പറയുന്ന ലൈംഗിക അസംതൃപ്തി തന്നെയാണ് പ്രശ്നം എന്ന് കരുതുക. യഥാർത്ഥത്തിൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന്  ലഭിക്കേണ്ട ന്യായമായ ഒരു അവകാശം മാത്രമല്ലേ അത്. ജീവിവർഗ്ഗങ്ങളിൽ പലതിനും ലൈംഗികത  എന്നത് സാന്താനോത്പാദനതിനുള്ള ഉപാധി മാത്രമാണെങ്കിൽ, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മനോഹരമായ    അനുഭൂതിയാണല്ലോ രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാൻ പറ്റുന്ന ഒന്നും ഇല്ലെന്നും, ആണിന്റെയും പെണ്ണിന്റെയും ശരീരഘടന പോലും അത് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ പറ്റിയ രീതിയിൽ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നുമിരിക്കെ ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആയുഷ്കാലം മുഴുവൻ
ആ അനുഭൂതി നിഷേധിക്കപ്പെടുന്നത് ന്യായമാണോ?

ലൈംഗിക ശേഷിക്കുറവ് ആണ് പ്രശ്നമെങ്കിൽ  വിവാഹത്തിന് മുമ്പ് തന്നെ  കണ്ടെത്താം എന്നിരിക്കെ, അത് മറച്ചു വെച്ചു കൊണ്ട് ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് അക്രമമല്ലേ. അതിനുമപ്പുറം,
അശ്‌ളീല കഥകളും ദൃശ്യങ്ങളും സൃഷ്ടിച്ച മിഥ്യാധാരണയാണ് പലരുടെയും കിടപ്പറയിലെ ശത്രു. അതുപോലൊന്നും ആയില്ലെങ്കിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന അബദ്ധധാരണയിൽ സംഗതി വേണ്ടെന്ന് വെക്കുന്നവരും, ഉത്കണ്ഠമൂലം എവിടെയും എത്തിക്കാൻ കഴിയാത്തവരുമാണ് ഇക്കൂട്ടർ.

പണവും പൊങ്ങച്ചവും സാമൂഹ്യമാന്യതയും  ഒക്കെയാണ് ജീവിതം എന്ന ധാരണയിൽ അതിനുവേണ്ടിയുള്ള മണ്ടിപ്പാച്ചിലിൽ ഊണിലും ഉറക്കത്തിലും പിരിമുറുക്കത്തോടെ കഴിയുന്നവരാണ് മറ്റൊരു കൂട്ടർ. കിടപ്പറയിൽ പോലും ഇവ്വിധ ചിന്തകളുമായി കഴിയുന്ന ഇവർക്ക് രതി പോലും ഒരു ചടങ്ങ് മാത്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും മൊബൈൽ ഫോണിനും അടിമകളായിപ്പോയവരുടെ കാര്യവും വിഭിന്നമല്ല.

ഇവർക്കൊക്കെയും  ഭാര്യയെ ലൈംഗീകമായി  തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന അപകർഷത, അവളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിലും ദേഷ്യവും വഴക്കും അധികാരം കാണിക്കലും ഒക്കെയായി ദാമ്പത്യത്തെ നരകമാക്കി മാറ്റുന്നു എന്നതല്ലേ സത്യം.

ഭർത്താവിൽ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം  മാത്രമല്ല.  തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങൾ ആണെങ്കിലും ക്ഷമയോടെ കേൾക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവൾ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ  സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമേ അല്ല. ഇതൊക്കെ ഉള്ളവനെ വിട്ട് കൂലിപ്പണിക്ക് വന്ന അന്യ സംസ്ഥാനക്കാരന്റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്നതിന്റെ കാരണം ആലോചിച്ചാൽ ഇത് മനസ്സിലാവും.

ലൈംഗികതയാണ് പെണ്ണിന്റെ ഒളിച്ചോട്ടത്തിന് കാരണമെങ്കിൽ,
ജന്മനാ ചലനശേഷിയില്ലാത്തവരെ പ്രണയിച്ചു ഭർത്താവായി സ്വീകരിക്കുന്ന, അപകടത്തിൽ നട്ടെല്ല് തകർന്നുപോയ ഭർത്താവിനെ ശുശ്രൂഷിച്ച് ആഹ്ലാദത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകൾ  നമുക്ക് ചുറ്റും ഇല്ലേ. പെണ്ണിനാണ് ഇങ്ങനെ ഒരു അവസ്ഥയെങ്കിൽ ഇങ്ങനെ കൂടെ നിൽക്കാൻ എത്ര പുരുഷന്മാർ ഉണ്ടാകും എന്നും ഓർക്കുക. അപ്പോൾ ആർക്കാണ് കാമം അടക്കാൻ കഴിയാത്തത്.

കൊല്ലങ്ങളോളം കൂടെ കഴിഞ്ഞ ഭർത്താവ് ഒരിക്കൽ പോലും നല്ലത് പറയാത്ത തന്റെ സൗന്ദര്യത്തെ, ശാരീരത്തെ, പാചകത്തെ കുറിച്ചൊക്കെ ഏതോ ബംഗാളിയിൽ നിന്ന് അഭിനന്ദനത്തോടെയും ആദരവോടെയും നല്ല വാക്ക് കേൾക്കാൻ കഴിഞ്ഞവൾ ഇനിയുള്ള ജീവിതം അവന്റെ കൂടെയങ്ങ് പൊറുക്കാം എന്ന് കരുതിയാൽ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?
തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു പോലും പ്രിയപ്പെട്ടവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാൻ എങ്ങനെയൊക്കെ ശ്രമിക്കും എന്നോർത്താൽ   അംഗീകാരവും പരിഗണനയും ഒക്കെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണെന്നു മനസ്സിലാവും. സ്ത്രീകൾക്ക് പ്രത്യേകിച്ചും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നുള്ള അംഗീകാരമാണ് ആരും ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കപ്പെടാതെ പോയാൽ എന്ത്‌ ചെയ്യും?

അവഗണന മാത്രമല്ല വഴക്കും പരിഹാസവും ഒന്നിനും കൊള്ളാത്തവൾ എന്ന കുറ്റപ്പെടുത്തലും ഒക്കെ ഒരു പെണ്ണിന്റെ ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നുണ്ട്. സ്വവർഗ്ഗരതിയും
മദ്യപാനവും സിഗരറ്റ് വലിയും മുതൽ വൃത്തിയില്ലായ്മയും വായ്നാറ്റവും വരെ സഹിക്കേണ്ടി വരുന്ന പെണ്ണിനോട് മാത്രം ക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യമല്ല ദാമ്പത്യത്തിന്റെ പവിത്രതയും മഹത്വവും. മറ്റുള്ളവർക്ക് മുന്നിൽ മാതൃകാ ദമ്പതികളായി അസൂയപ്പെടുത്തുന്ന പലരുടെയും ദാമ്പത്യം പൊരുത്തപ്പെടാനാകാത്ത വിയോജിപ്പിന്റെയും പൊട്ടിത്തെറികളുടെയും പുകയുന്ന അഗ്നി പർവ്വതങ്ങളാണ്. 

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും ഭർത്താവിനെ വേണ്ടെന്ന് വെച്ചും ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകുന്നത് മഹത്തായ കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്.  ഇത്രയും തന്റേടം കാണിക്കുന്ന പെണ്ണിന് ദാമ്പത്യം അത്രക്ക് മടുത്തെങ്കിൽ നിയമപ്രകാരം വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഉള്ള മാന്യമായ വഴിയുണ്ട്. വീട്ടുകാരെയും കുടുംബക്കാരെയും ഒക്കെയും മാനം കെടുത്തിയും വേദനിപ്പിച്ചും മക്കളെ എന്നെന്നേക്കുമായി അപകർഷതയിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടും ഉള്ള ഒളിച്ചോട്ടവും അവിഹിതവുമൊന്നും ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല.

എന്നാൽ അത്തരം വാർത്തകൾ കേൾക്കുമ്പോൾ കാമഭ്രാന്ത് എന്ന് ഒറ്റയടിക്ക്  അടക്കിക്കളയുന്ന നാം, കുടുംബത്തിന്റെ മാനമോർത്തും, ഒളിച്ചോടാൻ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു  തീർക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് ഓർക്കണം. ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള മോഹത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് മക്കളുടെ മുഖം  മാത്രമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേൾക്കുമ്പോൾ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്.

ദാമ്പത്യം എന്നത് അടിമ ഉടമ ബന്ധം അല്ലെന്നും ജീവിത പങ്കാളി എന്നാൽ തുല്യ അവകാശമുള്ള ഒരു വ്യക്തിയാണ് എന്നും, വിശേഷിച്ചും പെണ്ണിനെ സംബന്ധിച്ചെടുത്തോളം സ്നേഹവും പരിഗണനയും ലാളനയും ഒക്കെ മറ്റെന്തിനേക്കാളും വലുതാണ് എന്നതും അവളെ കേൾക്കാനും ചേർത്തു പിടിക്കാനും കൂടെ ഉണ്ടെന്ന് ധൈര്യം പകരാനും ഒക്കെ മനസ്സുള്ള ആണിനെ ആണ് മസിൽ പവറിനെക്കാൾ അവൾ ഇഷ്ടപ്പെടുന്നത് എന്ന ബോധവും ഇല്ലാതെ  എല്ലാറ്റിനും കാമഭ്രാന്ത് എന്ന് ഒച്ചവെച്ചുകൊണ്ടിരുന്നാൽ മതിയോ?

പരസ്പരം മനസ്സിലാക്കുന്നവരുടെ
സന്തോഷം നിറഞ്ഞ ദാമ്പത്യമാണ് ആഹ്ലാദം  നിറഞ്ഞ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നത്.

കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന  ദമ്പതികൾ ഏറി വരുന്നൊരു കാലത്ത് പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള
 തിരിച്ചറിവുകൾ ഉണ്ടാകട്ടെ.

ഇതേപോലെ ദാമ്പത്യജീവിതത്തിൽ സ്നേഹരാഹിത്യവും അവഗണനയും ലൈംഗിക അസംതൃപ്തിയും ഒക്കെ അനുഭവിക്കുന്ന പുരുഷന്മാരില്ലേ എന്ന് സ്വാഭാവികമായും ചോദ്യമുണ്ടാകും. തീർച്ചയായും ഉണ്ട്. പക്ഷെ പെണ്ണിനെ പോലെ ഇതൊന്നും തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത അവസ്ഥയല്ല പുരുഷന് എന്നതൊരു  യാഥാർഥ്യം മാത്രമാണല്ലോ.
_____________
2017 ആഗസ്റ്റ് 20 നു ഇട്ട fb യിൽ വൈറൽ ആയ പോസ്റ്റ്

ഇസ്‌ലാം ചരിത്രവും നാഗരികതയും, നഷ്ടമല്ലാത്ത ഒരു വായന.



എന്താണ് ഇസ്‌ലാം എന്ന ഒരു അന്വേഷകന്റെ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നൽകാൻ മതപരമായി അറിവുള്ള ഒരു മുസ്ലിമിന് പോലും പലപ്പോഴും കൃത്യമായി സാധിക്കാറില്ല. ആരാധനാ കർമ്മങ്ങളോ പരലോക ജീവിതമോ ആണ് പലർക്കും ഇസ്ലാമിനെ കുറിച്ചുള്ള അറിവെങ്കിൽ, അസഹിഷ്ണുത നിറഞ്ഞ തീവ്രവാദത്തിന്റെ മതമാണ് പലപ്പോഴും  മാധ്യമങ്ങളുടെ ഇസ്‌ലാം.

അമേരിക്കയിലെ ജോർജ് വാഷിംഗ്ടൻ യൂണിവേഴ്സിറ്റി യിലെ ഇസ്ലാമിക പഠനവിഭാഗം പ്രൊഫസറായ സയ്യിദ് ഹുസൈൻ നസ്റ് രചിച്ച Islam, Religion,  History and  Civilisation എന്ന പുസ്തകം വർത്തമാനകാലത്ത് ഇസ്ലാമിനെ അറിയാൻ ശ്രമിക്കുന്ന  വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ പ്രയോജനകരമായ പുസ്തകമാണ്. ഇസ്ലാമിന്റെ ആത്മീയമായ വശവും ആരാധനാകാർമ്മങ്ങളും പ്രവചകജീവിതവും കൃത്യമായി വിശകലനം ചെയ്യുന്നതോടൊപ്പം പതിനാലു നൂറ്റാണ്ടിലെ ഇസ്ലാമിന്റെ, ഇസ്ലാമിക ഭരണകൂടങ്ങളുടെ, നാഗരികതയുടെ, പ്രതിഭകളുടെ,  ചിന്താധാരകളുടെ ചരിത്രം കൂടി വിലയിരുത്തുന്നതാണ് ഈ കൃതി. സൂഫിസത്തോട് ആഭിമുഖ്യമുള്ള ഗ്രന്ഥകാരൻ  പതിവ് ഇസ്ലാമിക പഠന കൃതികളിൽ നിന്നും വ്യത്യസ്തമായി ശിഈ ചിന്താധാരയെയും പരിഷ്കർത്താക്കളെയും പണ്ഡിതന്മാരെയും  പരിചയപ്പെടുത്തുന്നുണ്ട് ഈ കൃതിയിൽ എന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക നാഗരികതയുടെ വളർച്ചയും തളർച്ചയും കൃത്യമായി പഠന വിധേയമാക്കുന്നുണ്ട് ഈ പുസ്തകത്തിൽ.

 ഈ കൃതി മലയാളത്തിൽ  'ഇസ്‌ലാം ചരിത്രവും നഗരികതയും' എന്ന പേരിൽ പ്രശസ്ത എഴുത്തുകാരൻ എ പി കുഞ്ഞാമു ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 158 പേജുകളിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാനാവുന്ന ലളിതവും അതേസമയം ഗഹനവുമായ ഇപ്പുസ്തകം തീർച്ചയായും മൂല്യമേറിയ വായനാനുഭവം തന്നെയാണ് പ്രധാനം ചെയ്യുന്നത്. പല വാല്യങ്ങളുള്ള ബൃഹദ് ഗ്രന്ഥങ്ങൾ നൽകുന്നതിലേറെ അറിവും ചിന്തയുടെയും നിരീക്ഷണങ്ങളുടെയും തുറവും പ്രധാനം ചെയ്യുന്നു എന്നതാണ് ഈ ചെറിയ പുസ്തകത്തിനെ മൂല്യവത്താക്കുന്നത്. നഷ്ടമല്ലാത്ത വായന.
__________________
ഇസ്‌ലാം ചരിത്രവും നഗരികതയും
സയ്യിദ് ഹുസൈൻ നസ്റ്
വിവ : എ പി കുഞ്ഞാമു
പൈതൃകം പബ്ലിക്കേഷൻസ്
കോഴിക്കോട്
₹ : 100

കഥയിലൊതുങ്ങാത്ത ചില ജീവിതങ്ങൾ


'മോനെ നീയൊന്ന് മെല്ലെ പറ.... ഉപ്പ കേക്കും....ഉപ്പാനെ ഡോക്ടറെ കാണിച്ച ശേഷം നീ പൊയ്ക്കോ'

അടുത്തുള്ള കസേരയിൽ വന്നിരുന്ന സ്ത്രീ കൂടെയുള്ള
മകന്റെ കൈയിൽ പിടിച്ച് അപേക്ഷപോലെ കെഞ്ചി.
'കേൾക്കട്ടെ......ആഘോഷിച്ചു നടക്കുമ്പൊ ഇതൊന്നും ഓർത്തിട്ടില്ലാലോ'
ക്ഷോഭമോ സങ്കടമോ നിസ്സഹായതയോ...  കൗമാരം വിട്ടു തുടങ്ങിയില്ലാത്ത അവന്റെ മുഖത്ത് ഒട്ടും മയമില്ലായിരുന്നു.

OP യിൽ ഡോക്ടർ എത്തുന്നതും കാത്ത് വാതിലിനു മുന്നിൽ തിങ്ങിക്കൂടി നിന്നവരോട് അപ്പുറത്തേക്ക് പോയി മാറിയിരിക്കാൻ നേഴ്‌സ് പലവട്ടം ശാസിച്ചപ്പോഴാണ് വീൽചെയറിൽ ഇരുത്തിയ ആ മനുഷ്യനെ വിട്ട് അവർ ഇങ്ങോട്ട് വന്നത്. 

'ഉമ്മാ'
ക്ഷോഭമൊന്ന് അടങ്ങിയപ്പോൾ അവൻ  അവരോട് പറയാൻ തുടങ്ങി.
'രണ്ടു മാസത്തിനിടെ ഇപ്പൊ മൂന്നാമത്തെ ഷോപ്പിലാണ് ഞാൻ പണിക്ക് കേറുന്നത്.....അവിടന്നും എന്നെ ഒഴിവാക്കാത്തത് ഉപ്പാനെ ആസ്പത്രീൽ കാണിക്കാൻ വേണ്ടി കുറച്ചു പൈസ അഡ്വാൻസ് വാങ്ങിപ്പോയത് കൊണ്ട് മാത്രാ...... ഇടക്കിടെ ഇങ്ങനെ ലീവെടുക്കുകയും നേരവും കാലവും ഇല്ലാതെ കേറിച്ചെല്ലുകയും ചെയ്യുന്നൊനെ ആരാണ് പണിക്ക് വെക്കുക...ഈ പണിയും പോയാൽ ഇവിടെ ഒറ്റ ഷോപ്പിലും പിന്നെ എനിക്ക് പണി കിട്ടുംന്ന് തോന്നുന്നില്ല....
നാട്ടുകാരും കുടുംബക്കാരുമൊന്നും ഒരു പത്തു പൈസ സഹായിക്കൂല ഉമ്മാ..... അവർക്കൊക്കെ സന്തോഷാണ് നമ്മടെ ഈ അവസ്‌ഥയിൽ.....ആരേം പറഞ്ഞിട്ട് കാര്യല്ല'

ആ സ്ത്രീ മറുപടിയൊന്നും പറയാതെ നിറഞ്ഞ കണ്ണോടെ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

അപ്പോഴൊക്കെയും ആ വീൽചെയറിൽ ഇരിക്കുന്ന മനുഷ്യനെ എനിക്കെവിടെയാണ്  പരിചയം  എന്നോർക്കുകയായിരുന്നു. നിറം മങ്ങിയ മുണ്ടിലും പാകമല്ലാത്ത കുപ്പായത്തിനുമുള്ളിലെ നേർത്തു ദുർബലമായ ശരീരം വീൽചെയറിന്റെ  ഒരരികിലേക്ക് ഒതുങ്ങാനെ ഉണ്ടായിരുന്നുള്ളൂ. ഒട്ടിയ കവിളിലെ നരച്ച കുറ്റി രോമങ്ങളും തിളക്കമറ്റ കണ്ണുകളും അകാല വാർദ്ധക്യം ബാധിച്ച ഒരാളെ  പോലെ തോന്നിച്ചു. വീൽചെയറിന്റെ വശത്ത് കെട്ടിവെച്ച യൂറിൻ ബാഗിൽ  മൂത്രം പാതി നിറഞ്ഞിരുന്നു.
വിധിക്ക് കീഴടങ്ങിയ ഒരാളെ പോലെ തലകുനിച്ചിരിക്കുന്ന ആ മനുഷ്യന്റെ മുഖം ഞാനെവിടെയാണ്.......

ആ സ്ത്രീ ഇരിപ്പുറക്കാതെ അയാളുടെ അടുത്തേക്ക് തന്നെ ചെന്നു. കുപ്പിയിലെ വെള്ളം വായിലേക്ക് ഒഴിച്ചു കൊടുത്ത്, തലയിൽ  തലോടി അയാളോട് ചേർന്ന്  ധൈര്യം പകരുന്ന പോലെ...

മകന്റെ കയ്യിലെ സ്കാനിങ് റിപ്പോർട്ടിനു മേൽ കണ്ട  വീട്ടുപേര് ചേർത്ത പേരും   നാടും വായിച്ചപ്പോൾ  ഉള്ളിലൊരു....... ആ വീട്ടുപേര് വട്ടപ്പേര്‌ പോലെ പറഞ്ഞാണല്ലോ, കുവൈത്തിൽ  മുമ്പ്
എന്റെ
സഹമുറിയന്മാരായിരുന്നവർ  നാട്ടുകാരനായ ആളുടെ  കഥകൾ പറഞ്ഞിരുന്നത്.

പക്ഷെ ഇതയാളായിരിക്കാൻ വഴിയില്ല. ഇങ്ങനെ ഒരു രൂപത്തിലും ഇത്രക്ക് ഗതികെട്ട അവസ്ഥയിലും.... കുവൈത്തിലെ വലിയ  കമ്പനിയിൽ മികച്ച ശമ്പളമുള്ള  ഉദ്യോഗസ്ഥനായ, നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള
സൂട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ്സ്  വെച്ച, ഒത്ത ഉയരവും തടിയുമുള്ള  ഇടതിങ്ങിയ മുടിയും കട്ടിമീശയും തുടുത്ത മുഖവും. മുന്തിയ  വാച്ചും വിലപിടിച്ച പെർഫ്യൂമിന്റെ സുഗന്ധവും... ആരും ആദരവോടെ നോക്കിപ്പോകുന്ന ആ  രൂപം ഞാനോർത്തു.......പക്ഷെ ഈ പേരും   എവിടെയൊക്കെയോ തോന്നുന്ന ചില സാദൃശ്യങ്ങളും.....

സംശയം തീർക്കാൻ  അടുത്തിരുന്ന
മകനോട് തന്നെ  ചോദിച്ചു.
'കുവൈത്തിൽ ഖറാഫി കമ്പനിയിൽ ഉണ്ടായിരുന്ന ഹംസക്ക ആണോ അത്.. ..'
'ഉം...'  അവൻ മൂളി. പിന്നെ ഒട്ടും മയമില്ലാതെ  ചോദിച്ചു.
'ഉപ്പാന്റെ കൂട്ടുകാരനാണോ'
'അല്ല... കണ്ട പരിചയമുണ്ട്'
അമ്പരപ്പിനിടയിലും ധൃതിയോടെ ഞാൻ തിരുത്തി.

ഒരു മനുഷ്യൻ ഇങ്ങനെ ആയിത്തീരുമോ.....എത്ര പെട്ടെന്നാണ്. ഞാൻ അവിശ്വസനീയതയോടെ വീൽ ചെയറിലേക്ക് നോക്കി.

അഞ്ചുവർഷം മുമ്പാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. റൂം മേറ്റിലൊരാൾ നാട്ടിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്ന  പൊതി കടയിൽ ഏല്പിച്ചു കൊണ്ട് പറഞ്ഞു.
'ഇത് നീയൊന്ന് ഫ്രിഡ്ജിൽ  വെക്ക്. ഹംസ എന്നൊരാൾ വരും... ഞങ്ങളുടെ നാട്ടുകാരനാ.. മൂപ്പരുടെ വീട്ടിൽ നിന്ന് കൊടുത്തയച്ചതാ... കേടായിപ്പോകണ്ട'

നാലു ദിവസം കഴിഞ്ഞിട്ടും ആള് വരാഞ്ഞപ്പോൾ അവനോട് അന്വേഷിച്ചു.
'എന്റെ ചങ്ങായീ.... എനിക്കറിയാം.. അയാള് ഇത് പെട്ടെന്നൊന്നും വന്ന് കൊണ്ടു പോകൂലാന്ന്. പക്ഷെ ആ പാവം അയാളുടെ കെട്ട്യോള് ഇങ്ങനെ നിർബന്ധിക്കുമ്പൊ... എന്താ പറയാ...ഞങ്ങൾ നാട്ടുകാരുടെ  റൂമിലേക്ക് അയാൾ തീരെ വരൂല. അയാള്  താമസിക്കുന്ന സ്ഥലവും ആർക്കും  അറിയില്ല. അതുകൊണ്ടാ നിന്നെ ഏൽപ്പിച്ചത്. ഞങ്ങളൊക്കെ ഡ്യൂട്ടിക്ക് പോകുന്ന ഏതെങ്കിലും സമയത്തു വന്ന് വാങ്ങിക്കോട്ടെ എന്ന് കരുതി...'

പിറ്റേദിവസം ഉച്ചക്ക് മുമ്പ്  വിലകൂടിയ കാറിൽ നിന്നിറങ്ങിയ സിനിമാ നടനെപ്പോലെ സുമുഖനായ
ആ മനുഷ്യൻ  ഇവർ പറഞ്ഞ നാട്ടുകാരൻ എന്നു വിശ്വസിക്കാൻ തോന്നിയില്ല.

"സോറി....ട്ടോ.. കുറച്ചു തിരക്കിലായിരുന്നു. അതാണ് വന്ന് എടുക്കാൻ വൈകിയത്. നിങ്ങക്ക് ബുദ്ധിമുട്ടായി അല്ലേ'
ഉയർന്ന നിലയിൽ ജീവിക്കുന്ന ഒരാളുടെ സകല മാന്യതയോടും കുലീനതയോടെയും  ആയിരുന്നു അയാളുടെ പെരുമാറ്റം.  കാറിൽ കയറി തിരിച്ചു
പോകുമ്പോൾ ശ്രദ്ധിച്ചു. മുൻസീറ്റിൽ ഒരു പെണ്ണുണ്ടായിരുന്നു

ബാച്ചി റൂമിൽ  രാത്രിയിലെ  ഉറങ്ങും മുമ്പുള്ള കിസ്സ പറച്ചിലിലാണ് അയാളെ കുറിച്ചു കൂടുതൽ അറിഞ്ഞത്.
"പത്തു മുപ്പത്തഞ്ച് കൊല്ലായി മൂപ്പര് കുവൈത്തില്. അത്രേം ശമ്പളവും സൗകര്യവും ഉള്ള ഒരാളും ഞങ്ങളെ നാട്ടിൽ നിന്ന് ഇവിടെ വന്നവരിൽ ഉണ്ടാവൂല.  പണ്ടേ വിചാരിച്ചിരുന്നെങ്കിൽ ഞങ്ങളെ നാട് തന്നെ അയാൾക്ക് വിലക്ക് വാങ്ങായിനും.... പറഞ്ഞിട്ടെന്താ"

"ഞമ്മളെ നാട്ടിൽ എത്തീക്കില്ലെങ്കിലും ഒരുപാട് നാട്ടില് അയാളെ പൈസ കൊണ്ട് ഉപകരിക്കുന്നല്ലോ ....ശ്രീലങ്ക...ഫിലിപ്പീൻ...ആന്ധ്ര....പിന്നെ കേരളത്തിൽ തന്നെ എവിടൊക്കെ" ആരോ അശ്ലീലം പോലെ ചിരിച്ചു.

"പെണ്ണ് മൂപ്പരെ വീക്ക്നെസ്സാ. അതിനും വേണ്ടി എന്തും ചെലവാക്കും. ഫാമിലിനെ കൊണ്ടു വരാനൊക്കെ മൂപ്പർക്ക് ഏതോ പണ്ട്  പറ്റ്വായിനും....... പക്ഷെ കൊണ്ടു വരൂല"

"ഒരു സാധു സ്ത്രീയാണ് ഇയാളെ ഭാര്യ.....മൂന്ന് മക്കളും. ഇയാള് ഇവിടെ അടിച്ചു പൊളിച്ചു നടക്കുമ്പൊ ആ പാവങ്ങള് എങ്ങനെയാ ജീവിക്കുന്നത് എന്നും കൂടി അന്വേഷിക്കില്ല. ചെലവിന് തന്നെ ഇയാള് അയക്കലുണ്ടോ എന്ന് സംശയാ. ആർക്കെങ്കിലും  വിരുന്നിനും സൽക്കാരത്തിനുമൊക്കെ വേണ്ടി  പലഹാരം ഉണ്ടാക്കുന്ന  പണി കൊണ്ടാ അവരുടെ കാര്യം കഴിഞ്ഞു പോകുന്നത് എന്ന് പറയുന്നത് കേൾക്കാം"

"ഇയാളുടെ എല്ലാ നടപടിയെ പറ്റിയും മൂപ്പരെ പെണ്ണ്ങ്ങക്ക്‌ അറിയാം. എന്നാലൊരക്ഷരം ആരോടും അയാളെ കുറിച്ച്  കുറ്റം പറയില്ല.
അത്യാവശ്യം കഴിവുള്ള കുടുംബത്തിൽ ഉള്ളതാ.... വീട്ടുകാര് ഇതൊക്കെ അറിഞ്ഞപ്പോ വേറെ കല്യാണത്തിനൊക്കെ നിർബന്ധിച്ചതാ.....അവര് നിന്നില്ല...."

"എന്തോ ഭാഗ്യത്തിന് വീട് ഉണ്ടാക്കീട്ടുണ്ട്. അതയാളുടെ ഉമ്മ ഉള്ള കാലത്ത് നിർബന്ധിച്ച് ഉണ്ടാക്കിച്ചതാ....അല്ലെങ്കിൽ അതും ഉണ്ടാവില്ല. എന്നിട്ടെന്താ തികച്ചും ഒരു മാസം അയാൾ ആ വീട്ടിൽ നിന്നിട്ടുണ്ടാവൂല. എപ്പളെങ്കിലും നാട്ടിൽ പോയാൽ തന്നെ അഞ്ചാറ്
ദിവസം നിന്നിട്ട് പോരും....നാട്ടിലെ കാലാവസ്‌ഥ പിടിക്കൂല... ലീവ് കുറവാണ് എന്നൊക്കെ പറഞ്ഞ്..... ആ രണ്ട് പെൺകുട്ടികളുടെ കല്യാണത്തിന് തന്നെ  മൂപ്പര് പോയിട്ടില്ല... നിക്കാഹിന്  ഇവിടന്ന് കൈ അയച്ചു കൊടുക്കുകാ ചെയ്തത്.."

"ജീവിതം കൊണ്ട് ആഘോഷിക്കുന്ന അയാൾക്കൊക്കെ എന്ത്  ഓളും മക്കളും. അയിന് പറ്റിയ കുറെ ചങ്ങായിമ്മാരും.... ഒക്കെ വല്യ കൊമ്പത്തെ ആൾക്കാരാ....കള്ളും പെണ്ണും..."

കുറെയൊക്കെ   കെട്ടിച്ചമച്ച കഥകളാവാം. പക്ഷെ പിന്നെയും പലപ്പോഴും  പലയിടങ്ങളിൽ  നിന്നും  കണ്ടപ്പോഴൊക്കെ കൂടെ ഓരോ പെണ്ണുണ്ടായിരുന്നു. പ്രിയത്തോടെ ചേർത്തു പിടിച്ച് ഇണക്കുരുവികളെ പോലെ....

ഡോക്ടർ അപ്പോഴും എത്തിയിരുന്നില്ല. നിറഞ്ഞ യൂറിൻ ബാഗ് അഴിച്ചെടുക്കുമ്പോൾ നിലത്തേക്കുറ്റിയ മൂത്രം ആ സ്ത്രീ കൈയിലെ സഞ്ചിയിൽ  കരുതിയ തുണി കൊണ്ട് തുടച്ചെടുത്തു.

'ഉപ്പാക്ക് എന്തായിരുന്നു അസുഖം....നാട്ടിലേക്ക് പോന്നിട്ട് കുറെ ആയോ'

'ഒരുമാതിരി എല്ലാ സൂക്കേടും ഉണ്ട്. ഇപ്പൊ ഒരു കൊല്ലായി  നാട്ടിൽ.... ജോലിയൊക്കെ പോയി അവിടെ തിരിഞ്ഞു നോക്കാൻ ആരുമില്ലാതെ മാസങ്ങളോളം കിടപ്പായിരുന്നു........ ആരൊക്കെയോ ടിക്കറ്റെടുത്ത് കയറ്റി വിട്ടതാണ്'
നിർവ്വികാരനായി മകൻ പറഞ്ഞു.

മൂത്രം ടോയ്‌ലറ്റിൽ കൊണ്ടുപോയി ഒഴിച്ചു തിരിച്ചു വന്ന് ആ സ്ത്രീ പിന്നെയും അയാളുടെ അടുത്തിരുന്നു. ഒരു കുഞ്ഞിനെ എന്ന പോലെ അയാളുടെ തല അവർ ചേർത്തു പിടിച്ചിരുന്നു.   അയാൾ ശരീരത്തിന്റെ ആഘോഷങ്ങൾക്ക് വേണ്ടി ജീവിതം ഉത്സവമാക്കുമ്പോൾ, 
നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകൾ സഹിച്ച്,
യൗവ്വനകാലം  മുഴുവൻ അയാളെ കാത്തിരുന്ന് വിധവയെ പോലെ തീർന്നു പോയ  പെൺ ജീവിതം.
ദുർബലമായി വിറക്കുന്ന വിരലുകൾ കൊണ്ട്   അവരുടെ കൈത്തലം അയാൾ  മുറുകെ പിടിച്ചു.
ഒരിക്കൽ എയർപോർട്ടിൽ വെച്ചു കാണുമ്പോൾ തലയെടുപ്പോടെ,
ഒരു ഡാൻസ് ഹാളിലേക്ക് എന്നപോലെ ഏതോ  ഒരു പെണ്ണിന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച അതേ വിരലുകൾ..

ഡോക്ടർ വരുന്നത് കണ്ടാവണം മകൻ
അവരുടെ അടുത്തേക്ക് എഴുന്നേറ്റ് പോയി. ജീവിതഭാരം പേറി  ബാല്യവും കൗമാരവും നഷ്ടമായവൻ. പിതൃവാത്സല്യത്തിന്റെ സ്നേഹത്തലോടലോ  ചുംബനമോ ലഭിക്കാതെ പോയവൻ. പിതാവിന്റെ 'വീരകഥകൾ' കേട്ട് അപകർഷതയോടെ വളർന്നവൻ. ഇഷ്ടവും സ്നേഹവും പണവും ആരോഗ്യവുമൊക്കെ ആർക്കൊക്കെയോ വാരിക്കോരി കൊടുത്ത് വെറും ചണ്ടിയായപ്പോൾ വലിച്ചെറിഞ്ഞു കിട്ടിയ ഒരാളോട്, തങ്ങളുടെ ജീവിതം മുഴുവൻ കയ്പാക്കി മാറ്റിയ ഒരാളോട്   അവനെങ്ങനെ സ്നേഹം തോന്നാനാണ്.

OP യുടെ വാതിൽ തുറന്നു പേര് വിളിച്ചപ്പോൾ അയാളെയും തള്ളി അവർ അകത്തേക്ക് കയറി.

ആശുപത്രി  വരാന്തയിലെ  ജാലകത്തിന് പുറത്തെ മരക്കൊമ്പിൽ രണ്ട് അങ്ങാടിക്കുരുവികൾ. ഇണകളാകും. കാറ്റിൽ ഇളകിത്തുള്ളുന്ന പച്ചിലകളുടെ ആഘോഷം. ഇതിനിടെ നിശബ്ദമായി   കാറ്റിലടർന്നു വീഴുന്ന പഴുത്തിലകൾ നോക്കി   ഇണക്കിളി കൂട്ടുകാരനോട് പറയുന്നതെന്താവും.
ഒടുവിലീ  മരച്ചോട്ടിൽ  തന്നെ...എന്നോ

നിരത്തരികിൽ അനാഥമായി രണ്ടു ചെരിപ്പുകൾ.


നിരത്തരികിൽ അനാഥമായി ചിതറിക്കിടക്കുന്ന രണ്ട് തേഞ്ഞ ചെരിപ്പുകളെ കാത്തിരിക്കുന്നുണ്ടാവും, ഇരുട്ട് വീണൊരു കുഞ്ഞുവീടിന്റെ ഉമ്മറച്ചെയ്തി.

ഇടവഴിയിലൂടെ  നടന്നു വരുന്ന  ഓരോ ടോർച്ചു  വെട്ടങ്ങളെയുമുറ്റു നോക്കി, നടത്തത്തിന്റെ താളമതല്ലെന്നറിഞ്ഞ്  നിരാശപ്പെട്ട്   വേവലാതിയോടെ കോണിക്കൽ തന്നെ നിൽക്കുന്നുണ്ടാവും 'ഈശ്വരാ...' എന്ന  നെഞ്ചിടിപ്പോടെയൊരു  പെണ്ണ്.

ചുറ്റിപ്പിടിച്ചൊരു കുഞ്ഞിക്കൈ,
'അച്ഛനെന്താ വരാത്തതമ്മേ' എന്ന്  ഇടക്കിടെ കരച്ചില് പോലെ ചോദിച്ചു കൊണ്ടിരിക്കും.
'ഇഞ്ഞ് അമ്മേന എടങ്ങേറാക്കല്ലടാ' എന്നൊരു   പാവാടക്കാരി ഏച്ചിയായി ശാസിക്കും. പിന്നെയും പിന്നെയും പ്രതീക്ഷയോടെ മൊബൈൽ ചെവിയോട് ചേർത്തു വെച്ച്  'കിട്ട്ന്നില്ലാലോമ്മേ' എന്നവൾ ഇടർച്ചയോടെ.....

കുഴമ്പുമണമുള്ള  അകത്തെ
മുറിയിൽ നിന്ന്  ഇടറുന്ന നമാജപങ്ങൾക്കിടെ
'ഓനെത്തിയോ മോളേ' എന്ന് ഇടക്കിടെ ഉയരുന്ന  വേവലാതി നിറഞ്ഞ  ചോദ്യത്തിന് പലവട്ടം മറുപടി കൊടുത്ത്...

'എന്താ മക്കളെ ഇരുട്ടത്ത്  നിക്കുന്നത്... അച്ഛൻ എത്തീക്കില്ലേ' എന്ന് നിസ്കാരം കഴിഞ്ഞു  പള്ളിയിറങ്ങി  ഇടവഴിയിലൂടെ പോകുന്ന അയൽപക്ക സ്നേഹത്തിന്റെ ടോർച്ചു വെട്ടം.
'ഇല്ല....വിളിച്ചിറ്റും കിട്ട്ന്നില്ല' എന്ന കരച്ചിലോളം എത്തിയ മറുപടിക്ക്,
അല്പനേരം അന്ധാളിച്ചു നിന്ന്,
'ഇങ്ങള് ബേജാറാവണ്ട.....ഓന് ബസ്സ് കിട്ടീറ്റ്ണ്ടാവൂല....അകത്തേക്ക് കേറി കുത്തിരിഞ്ഞോ.... ഞാൻ  പോയി അന്നേശിക്കാം' എന്ന സാന്ത്വനം.
വീട്ടുകാരിയെ  കൂട്ടിക്കൊണ്ടു വന്ന് കൂട്ടിരുത്തി അകന്നുപോകുന്ന  ടോർച്ചു  വെട്ടത്തിലേക്ക് പ്രതീക്ഷയോടെ....

ഇലയനക്കങ്ങളില്ലാത്ത വിളറിയ നിലാവിലേക്ക് രാത്രി വളരുംതോറും അടക്കിപ്പിടിച്ച കരച്ചിലൊരു നിലവിളിയായി......
ഇടവഴിയിലും മുറ്റത്തും ഉറക്കമൊഴിച്ച്  പരിഭ്രാന്തിയോടെയും  വേവലാതിയോടെയും പ്രിയപ്പെട്ട ചിലരപ്പോഴും.......

അപ്പോഴും ഇരുട്ടുവീണൊരു നിരത്തരികിൽ ജീവിതം പേറിയതിന്റെ ഭാരം കൊണ്ട് തേഞ്ഞുപോയ
രണ്ടു  ചെരിപ്പുകൾ ചോര പുരണ്ട് വള്ളിപൊട്ടി അനാഥമായി ചിതറിക്കിടക്കുന്നുണ്ടാകും.

എത്ര പെട്ടെന്നാണ് ചില ജീവിതങ്ങളെ അറ്റമില്ലാത്ത കാത്തിരിപ്പിലേക്ക് വലിച്ചെറിഞ്ഞ് പ്രിയപ്പെട്ടൊരു 
വെളിച്ചം നീങ്ങിപ്പോകുന്നതും   അനാഥത്വത്തിന്റെ ഇരുട്ട് പരക്കുന്നതും ...
(നജീബ് മൂടാടി)

മരുഭൂമിയിലെ കാവൽക്കാരൻ



പതിനഞ്ചു കൊല്ലം മുമ്പ്, ഇതുപോലെ ഗൾഫ്  മരുഭൂമിയിൽ വേനൽ കത്തി നിൽക്കുന്ന ഒരു ജൂലൈ മാസത്തിലെ    വൈകുന്നേരം, പണി കഴിഞ്ഞ് വന്ന്    കടയിൽ   നിന്ന് പെപ്സി നുണഞ്ഞ് ഉടലും തൊണ്ടയും തണുപ്പിക്കുമ്പോഴാണ് ആന്ധ്രക്കാരൻ രാമയ്യ പറഞ്ഞത്.
"അണ്ണാ മേം പണി സേസേത് ബിൽഡിങ്  കാട  കൊത്തകാ ഒച്ചിണ്ടേത് ഹാരിസ് മീ കേരളവാളെ...പാപമു"

മൊസൈക്ക് പണിക്കാരനായ രാമയ്യയും കൂട്ടരും  ജോലി ചെയ്തു കൊണ്ടിരിക്കുന്ന പുതുതായി നിർമ്മിക്കുന്ന അറബി വീട്ടിന്റെ കാവൽക്കാരനായി മൂന്നുദിവസം മുമ്പ്  എത്തിയ മലയാളിയെ കുറിച്ചാണ് രാമയ്യ ഖേദം പറഞ്ഞത്.

നാട്ടിൽ നിന്ന് പുതിയതായി എത്തിയതാണത്രെ. എയർപോർട്ടിൽ നിന്നും കഫീൽ  നേരെ കൊണ്ടുവന്ന് അവിടെ ഇറക്കിയിട്ടു പോയി. പിന്നീട്  അയാൾ  അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല, ആദ്യമായി വീടുവിട്ടു പോന്ന  ആ ചെറുപ്പക്കാരൻ  ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഭക്ഷണം  പോലും ശരിക്കില്ല.
പകൽ രാമയ്യയും കൂട്ടരും അവർക്ക് കഴിക്കാൻ  അവിടെ വെച്ചുണ്ടാക്കുന്നതിൽ ഒരു പങ്ക് അയാൾക്കും കൊടുക്കും. പാസ്പോർട്ടോ പൈസയോ ഫോണോ കയ്യിലില്ലാത്ത, മലയാളമല്ലാത്ത മറ്റൊരു ഭാഷയും അറിയാത്ത അയാളെ  എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക.

രാമയ്യയുടെ വാക്കുകളിൽ മരുഭൂമിയിൽ  ഒറ്റപ്പെട്ടുപോയ ആ മനുഷ്യനോടുള്ള സങ്കടം മുറ്റി നിന്നു. നിശബ്ദനായിരുന്നും കരഞ്ഞും, തകർന്നുപോയ അയാളെ അറിയുന്ന മുറിത്തമിഴിലും ഹിന്ദിയിലും ഒക്കെ ആശ്വസിപ്പിക്കുകയും, തങ്ങൾ കഴിക്കുന്ന പട്ടാണിക്കറിയും കുബ്ബൂസും പങ്കുവെച്ചു നൽകുകയും അല്ലാതെ, കോണ്ട്രാക്ടറുടെ കീഴിൽ വെറും കൂലിപ്പണിക്കാരും 'ഖാദിം'വിസക്കാരുമായ ഈ പാവങ്ങൾ എന്തു ചെയ്യാനാണ്.

അയാൾ കുവൈത്തിൽ  എത്തിയോ എന്ന  വിവരം പോലും അറിയാതെ പരിഭ്രാന്തരായി ഇരിക്കുന്ന വീട്ടുകാരുടെ അവസ്‌ഥ. പുതുതായി ഉണ്ടാക്കുന്ന 'മന്തക്ക'യിൽ പണി തീരാത്ത, കറന്റ് പോലും ഇല്ലാത്ത വീടുകളിലൊന്നിൽ ആ ചെറുപ്പക്കാരൻ ഒറ്റക്ക്. അപരിചിതമായ നാട്ടിൽ പൊള്ളുന്ന വേനലിലേക്കും  ഇരുട്ടിലേക്കും   വലിച്ചെറിയപ്പെട്ട പോലെ ആ മനുഷ്യൻ....... എത്ര പേടിപ്പെടുത്തുന്നതും സങ്കടകരവുമാണ് അയാളുടെ കാര്യം. ഞാൻ വെറുതെ  ചിന്തിച്ചു നോക്കി.

പിറ്റേദിവസം പുലർച്ചെ രാമയ്യ പണിക്ക്‌ പോകുമ്പോൾ  കടയിൽ നിന്ന്   ഒരു 'കീസി'ൽ കുറച്ചു  പുഴുങ്ങലരിയും പച്ചക്കറിയും മസാലപ്പൊടികളും, പിന്നെ അത്യാവശ്യം ചെലവിനുള്ള  ചില്ലറ പൈസയും രാമയ്യയുടെ കൊണ്ട്രാക്ടറുടെ ഫോണിൽ നിന്ന് (അന്ന് മൊബൈൽ ഫോൺ എല്ലാരുടെ കയ്യിലും ഉണ്ടായിരുന്നില്ല) നാട്ടിലേക്ക് വിളിക്കാനുള്ള കാർഡും, പിന്നെ ഒരു ലെറ്റർപാഡും കവറും അയാൾക്ക്
കൊടുത്തയച്ചു. ഒപ്പം ഒരു എഴുത്തും.
'രാമയ്യയുടെ കൈവശം നാട്ടിലേക്ക് വിളിക്കാനുള്ള കാർഡ് ഏല്പിച്ചിട്ടുണ്ട്. അയാൾ കൊണ്ട്രാക്ടറുടെ ഫോണിൽ  വിളിക്കാനുള്ള സൗകര്യം ചെയ്തുതരും. പേടിക്കണ്ട അറബി അടുത്ത ദിവസം തന്നെ വരുമായിരിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എഴുത്തു കൊടുത്തയക്കുക. ധൈര്യമായിരിക്കുക'

അന്ന് വൈകുന്നേരം പണി കഴിഞ്ഞുവരുമ്പോൾ രാമയ്യയുടെ കയ്യിൽ അയാൾ കൊടുത്തയച്ച കത്തുണ്ടായിരുന്നു. എരുമേലി സ്വദേശിയാണയാൾ. പേര് ഷാനവാസ്. പേടിച്ചും പരിഭ്രമിച്ചും കരഞ്ഞു തളർന്ന ഉമ്മയേയും ബാപ്പയെയും വിളിച്ചു  സംസാരിച്ചതിന്റെ ആഹ്ലാദമുണ്ടായിരുന്നു ആ എഴുത്തിൽ. ഏറെ നാളിന് ശേഷം ഊണ് കഴിച്ചതിന്റെ സംതൃപ്തിയും. അയാളുടെ കരച്ചിലും പേടിയും മാറിയതിന്റെ സന്തോഷം  രാമയ്യയും പങ്കുവെച്ചു.

പിറ്റേദിവസം രാമയ്യ വരുമ്പോഴും  ഷാനവാസ് കൊടുത്തയച്ച കത്തുണ്ടായിരുന്നു. അരിയും സാധനങ്ങളും കിടക്കയും പുതപ്പുമൊക്കെയായി അറബി വന്ന സന്തോഷമായിരുന്നു കത്തിൽ.  അയാൾ അടിയന്തിരമായി എങ്ങോട്ടോ പോയതായിരുന്നു. ആൾ കുഴപ്പക്കാരനല്ല. ഇപ്പോൾ സമാധാനമായി. ഷാനവാസ് എഴുതിക്കൊണ്ടിരുന്നു. അക്ഷരങ്ങളിലൂടെയെങ്കിലും, ഈ അപരിചിതമായ ദേശത്ത്  മലയാളത്തിന്റെ  ഒരു ചേർത്തുപിടിക്കൽ അയാൾക്ക് ഉറ്റവർ ആരോ  ഉണ്ടെന്ന തോന്നൽ നൽകിയിരിക്കാം.

ഇടക്കിടെ കത്തുകളും മറുപടിയുമായി എനിക്കും ഷാനവാസിനും ഇടയിൽ നല്ലൊരു സൗഹാർദ്ദമോ സഹോദര്യമോ  രൂപപ്പെട്ടു. ഷാനവാസിന്റെ എരുമേലിയിലെ വീടും വീട്ടുകാരും എനിക്ക് പരിചിതരായി. ബാപ്പയും ഉമ്മയും ജ്യേഷ്ഠനും അടങ്ങിയ കുടുംബം. ഉത്തരവാദിത്തങ്ങൾ സ്വപ്നങ്ങൾ.....

വേനൽക്കാലത്തെ രാത്രിയിരുട്ടുവീണ മരുഭൂമിയിൽ ഒറ്റക്കിരുന്ന്,   ഉറ്റവർക്ക് തണലായി മാറുന്ന കാലത്തെ കുറിച്ച് നെയ്യുന്ന സ്വപ്നങ്ങൾ ഷാനവാസിന്റെ കത്തുകളിൽ നിറഞ്ഞു. ഗൾഫുകാരന്റെ പത്രാസിൽ നാട്ടിൽ ചെന്നിറങ്ങുന്നത്.... പ്രിയപ്പെട്ടവർ സ്നേഹ വത്സല്യങ്ങളോടെ ചേർത്തു പിടിക്കുന്നത്.....

ഏറെ പഠിപ്പില്ലാത്ത, നാടുവിട്ടു പരിചയമില്ലാത്ത ആ നാട്ടുമ്പുറക്കാരന്, കഫീലിനോടൊപ്പം  മെഡിക്കലിനും   ഫിംഗർ എടുക്കാനും പോയപ്പോൾ കണ്ട വാഹനങ്ങളും നിരത്തും പലഭാഷകൾ സംസാരിക്കുന്ന മനുഷ്യരും ഉള്ളിലുണ്ടാക്കിയ അത്ഭുതവും, ഒരു പുലർച്ചെ ആജാനുബാഹു ആയ ഒരു അറബിപ്പയ്യൻ റൂമിലേക്ക് കയറി വന്നു സിഗരറ്റ് ഉണ്ടോ എന്ന് ചോദിച്ചു മർദിച്ചതും ഒക്കെ പുതിയ അനുഭങ്ങളായിരുന്നു. സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന ഗൾഫിന്റെ ചിത്രത്തിൽ നിന്നും വിപരീതമായ ഒരു ലോകത്താണ് എത്തിപ്പെട്ടതെങ്കിലും, തളരാതെ പിടിച്ചു നിൽക്കാനും മോഹങ്ങൾ യാഥാർഥ്യമാക്കുവാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു ഷാനവാസിന്റെ വാക്കുകളിൽ.

അതിനിടെ തൊട്ടടുത്ത വീട്ടിൽ ഡ്രൈവറായി ഒരു മലയാളി എത്തിയതോടെ ഷാനവാസിന് മിണ്ടാനും പറയാനും ആളായി. എന്നാലും കത്തുകൾ മുടക്കിയില്ല. ആദ്യ ശമ്പളം കിട്ടി നാട്ടിൽ അയച്ചതും വീട്ടുകാരെ വിളിച്ചതും അങ്ങനെ എല്ലാ കുഞ്ഞു കുഞ്ഞു  സന്തോഷങ്ങളും സങ്കടങ്ങളും ഉറ്റ ഒരാളോട് എന്ന പോലെ ഷാനവാസ് എഴുതിക്കൊണ്ടിരുന്നു.... ഒരിക്കൽ പോലും നേരിൽ കാണാതെ, എഴുത്തിലൂടെ മാത്രം ഉണ്ടായ ബന്ധത്തിന്റെ  ഇഴയടുപ്പം......

ആയിടെ ഞാൻ  മൊബൈൽ ഫോൺ വാങ്ങുകയും നമ്പർ അറിയിച്ചു കൊടുക്കുകയും  ചെയ്‌തെങ്കിലും  വിളിക്കാൻ ഷാനവാസിന് ഫോണുണ്ടായിരുന്നില്ല. രാമയ്യക്ക്  അവിടത്തെ പണി അവസാനിച്ചതോടെ ഞങ്ങൾക്കിടയിലുള്ള കത്തെഴുത്തും  നിന്നു. അടുത്ത മാസത്തോടെ വീടുപണി തീരുമെന്നും, അത് കഴിഞ്ഞാൽ പുറത്തുപോയി ജോലി  ചെയ്തോളാൻ അറബി സമ്മതിച്ചിട്ടുണ്ടെന്നുമുള്ള  സന്തോഷ വർത്തമാനം ഉണ്ടായിരുന്നു അവസാന കത്തിൽ. എന്നെങ്കിലും ഒരിയ്ക്കൽ നേരിൽ കാണാം എന്ന പ്രതീക്ഷയും.

മാസങ്ങൾക്ക് ശേഷം കടയിലെ തിരക്ക് പിടിച്ചൊരു വൈകുന്നേരം അപരിചിതമായൊരു ലാൻഡ് ഫോൺ നമ്പറിൽ നിന്നും  വന്ന ഒരു കോൾ, കുറഞ്ഞ നേരത്തെ ഇടവേളയിൽ വീണ്ടും രണ്ടുവട്ടം  ഫോൺ ബെല്ലടിഞ്ഞെങ്കിലും എടുത്തു സംസാരിക്കാൻ പറ്റിയൊരു സാഹചര്യം അല്ലാത്തതിനാൽ തിരക്കൊഴിഞ്ഞ്  അങ്ങോട്ട്  വിളിക്കാം എന്നു വെച്ചു.

തിരക്ക് കഴിയുമ്പോൾ  അര മണിക്കൂറെങ്കിലും വൈകിയിരുന്നു. നേരത്തെ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചന്വേഷിച്ചപ്പോൾ  അപ്പുറത്ത് ഫോണെടുത്ത ആൾ  പറഞ്ഞു.
"അയാള് പോയല്ലോ........ ഇതൊരു 'ബഖാല'*യാണ്......ഇത്ര നേരവും അയാൾ ഇവിടെ നിന്നിരുന്നു. തിരിച്ചു വിളിക്കുന്നതും കാത്ത്. ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതേ ഉള്ളൂ.."
"പേരെന്തെങ്കിലും പറഞ്ഞോ ആരാണ് എന്ന്..."
"ഷാനവാസ് എന്നാണെന്ന് തോന്നുന്നു...... എന്തോ നല്ല ടെൻഷൻ പോലെ ഉണ്ടായിരുന്നു....അതുകൊണ്ട് അധികമൊന്നും സംസാരിച്ചില്ല..........ഒന്നും മിണ്ടാതെ ഒരു സാധുവിനെപ്പോലെ..."

എന്ത് പറയാൻ വേണ്ടിയായിരിക്കും ഷാനവാസ് ഏറെക്കാലത്തിന് ശേഷം എന്നെ വിളിച്ചതും,  തിരിച്ചു വിളിക്കുന്നതും കാത്ത്  അത്രനേരം നിന്നതും.....

പിന്നീടൊരിക്കലും ഷാനവാസ്  വിളിച്ചിട്ടില്ല. അയാളിപ്പോഴും കുവൈത്തിൽ തന്നെ ഉണ്ടോ. നാട്ടിലേക്ക് തിരിച്ചുപോയോ......അറിഞ്ഞുകൂടാ.

നീണ്ട പതിനഞ്ചു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരിക്കലും നേരിൽ കാണാത്ത ശബ്ദം പോലും കേൾക്കാത്ത ഒരു   സൗഹൃദത്തിന്റെ ഓർമ്മ. ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ കൂടിയാണല്ലോ പ്രവാസം.
(നജീബ് മൂടാടി)
_____________
*ബഖാല= ഗ്രോസറി
ഏഷ്യാനെറ്റ് ഓണ്ലൈന് പ്രസിദ്ധീകരിച്ചത്