Monday, November 20, 2017

തുരന്നു തീരുന്ന ഭൂമിയുടെ നിലവിളി


'പാരിസ്ഥിതിക ആഘാതങ്ങൾക്ക് മാത്രമല്ല വലിയതോതിലുള്ള ജനാധിപത്യ മലിനീകരണത്തിനും പാറമടകൾ കാരണമാകുന്നുണ്ട് എന്ന് പറയാം. രാഷ്ട്രീയ കക്ഷികൾക്ക് സമ്മേളനം നടത്താൻ, കേരളം മുഴുവൻ യാത്രകൾ സംഘടിപ്പിക്കാൻ, തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ കെങ്കേമമാക്കാൻ പണം വേണം. പൊതുജനത്തിൽ നിന്നും അണികളിൽ നിന്നും പിരിവു നടത്തി ആവശ്യങ്ങളെല്ലാം നിറവേറ്റാനാകുമെന്ന് കരുതാൻ മാത്രം 'വിഡ്ഢി'കളല്ല അവരാരും തന്നെ. അതുകൊണ്ട് പണമിറക്കാൻ ശേഷിയുള്ളവരോട് വിധേയത്വം പുറത്തേണ്ടത് അനിവാര്യതയായി മാറി. കുറച്ചു മുമ്പുവരെ അബ്കാരികളും ബാറുടമകളുമായിരുന്നു മൂലധന സ്രോതസ്സെങ്കിൽ ഇപ്പോഴത് പാറമടകളായി മാറിയിരിക്കുന്നു.'
                                   (മുറിവേറ്റ മലയാഴം)
അന്വേഷണാത്മക പത്രപ്രവർത്തനം എന്നത് ക്ലാവ് പിടിച്ചൊരു ഭൂതകാല നന്മയുടെ ഓർമ്മ  മാത്രമായ ഇക്കാലത്ത് ഒരു മാധ്യമ വിദ്യാർത്ഥിയിൽ  നിന്നും ഇത്ര ആത്മാർത്ഥത നിറഞ്ഞൊരു  പരിശ്രമം ഉണ്ടായി എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ' മുറിവേറ്റ മലയാഴം' പേര് സൂചിപ്പിക്കുന്നത് പോലെ തുരന്നും കൊത്തി നുറുക്കിയും ഇല്ലാതായിപ്പോകുന്ന നമ്മുടെ മലകളെ കുറിച്ചും പ്രകൃതിയെ കുറിച്ചും ഉള്ള ഒരു മനുഷ്യന്റെ വേവലാതി നിറഞ്ഞ നിലവിളിയാണ്. തുലാവർഷം പോലും മാറി നിൽക്കുകയും ചൂടും വരൾച്ചയും കൊണ്ട് പൊറുതിമുട്ടുകയും ചെയ്യുന്ന മലയാള നാടിനുണ്ടായ കെടുതികളുടെ കാരണം ചികയുക കൂടിയാണ് ഈ പുസ്തകം. സർക്കാർ പദ്ധതികൾക്ക് വേണ്ടിയും സ്വകാര്യ വ്യക്തികൾ നിർമ്മിച്ച് കൂട്ടുന്ന കോൺക്രീറ്റ് കാടുകൾക്ക് വേണ്ടിയും യാതൊരു നിയന്ത്രണവും ഇല്ലാതെ ഈ കൊച്ചു കേരളത്തിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കാരിങ്കൽക്വാറികൾ  ഉണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളും മനുഷ്യനും ചെടികൾക്കും സർവ്വ ജീവജാലങ്ങൾക്കും ഇതുമൂലം ഉണ്ടാകുന്ന കെടുതികളും എത്രത്തോളം ഭീകരമാണ് എന്ന് ഈ പുസ്തകം നമ്മോടു വിളിച്ചുപറയുന്നു.

നമ്മുടെ  മാധ്യമങ്ങളൊന്നും ഈ അന്വേഷണം പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിക്കില്ല എന്ന് ഉറപ്പാണ്. കാരണം കേരളത്തിലെ പാറമട മാഫിയകളെ കുറിച്ചും അവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടികളെ കുറിച്ചും ഉന്നത വ്യക്തികളെ കുറിച്ചും ഒട്ടും മറച്ചു വെക്കാതെ ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പാറമടകൾക്ക് എതിരെ ഉയരുന്ന പ്രതിരോധങ്ങളെ കുറിച്ചും അതിനെതിരെ സർക്കാരും കരിങ്കൽ മാഫിയയും നടത്തുന്ന നീക്കങ്ങളെ കുറിച്ചും വളരെ വിശദമായി തന്നെ ഇതിൽ പറയുന്നു.

വെറുതെ കുറെ കാര്യങ്ങൾ പറഞ്ഞുപോകുകയല്ല,  പാറമടകളുടെ കാര്യത്തിൽ ക്രിയാത്മകമായ രീതിയിൽ ഇടപെടുന്നതിനായുള്ള ശ്രദ്ധ ക്ഷണിക്കൽ കൂടിയാണ് ഈ പുസ്തകം. വിഷയത്തെ കുറിച്ച് സമഗ്രമായി പഠിക്കുകയും ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുകയും ചെയ്തു എന്നതാണ്   നബീൽ സി കെ എം Nabeel Ckm  ന്റെ വിജയം.

പരിസ്ഥിതിയെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും ഗൗരവപൂർവ്വം പഠിക്കാനും ചർച്ച ചെയ്യാനും താല്പര്യമുള്ളവർ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്   'മുറിവേറ്റ മലയാഴം'. മാധ്യമ പ്രവർത്തകനായ   നബീലിന്റെ വ്യത്യസ്തവും സാഹസികവുമായ ഈ ശ്രമത്തെ  മണ്ണിന്റെയും മനുഷ്യരുടെയും നന്മയെ ആഗ്രഹിക്കുന്ന  ഏതൊരാൾക്കും  അംഗീകരിക്കാതിരിക്കാനാവില്ല എന്ന് ഈ പുസ്തകം നമ്മോടു സാക്ഷ്യപ്പെടുത്തുന്നു.
_______________________
മുറിവേറ്റ മലയാഴം
നബീൽ സി കെ എം
പ്രസാധകർ : കേരളീയം പുസ്തകശാല തൃശൂർ . ഫോൺ :0487 2421385, 9446586943
₹ : 150.

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ