മലയാളിയുടെ വയനാലോകത്തെ ഇസ്‌ലാം സ്വർഗ്ഗം, നരകം, പരലോകം, പ്രവചകന്റെയും സ്വഹാബാക്കളുടെയും ചരിത്രങ്ങൾ, ആരാധനാ കർമ്മങ്ങളുടെ വിശദീകരണം തുടങ്ങിയ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നതാണ് ഏറെയും. 'ഉടനെ ഉത്തരം കിട്ടുന്ന പ്രാർത്ഥനകൾ' മുതൽ ജിന്ന്ചികിത്സ മാരണവിദ്യ തുടങ്ങിയ സംഗതികൾ വരെയുള്ള ഗ്രന്ഥങ്ങൾ നിരത്തി വെച്ച പുസ്തകശാലകളിൽ കയറി ഇറങ്ങുന്ന വിജ്ഞാന ദാഹിയായ ഒരാൾക്ക് ചിന്താശീലത്തെ തൃപ്തിപ്പെടുത്താൻ ഉതകുന്ന, വിജ്ഞാനത്തിന്റെ ചാലുകീറാൻ ഉപകരിക്കുന്ന പുസ്തകങ്ങൾ വളരെ കുറവാണ്.
വായിക്കുക എന്ന ആജ്ഞാപനം കൊണ്ട് തുടങ്ങിയ ഗ്രന്ഥത്തിന്റെ അനുയായികൾ കേൾക്കുക എന്ന എളുപ്പവഴിയിലേക്ക് മാറിയതിന്റെ നഷ്ടമാണ് മഹത്തായ ഒരു ദർശനത്തെ അക്ഷരങ്ങളിലൂടെ അറിയാനും മനനം ചെയ്യാനുമുള്ള സാധ്യതയിങ്ങനെ വരണ്ടുപോകാൻ കാരണം. ഇക്കാര്യത്തിൽ തീർത്തും ഉദാസീനമാണ് ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ തലപ്പത്തുള്ളവരുടെ നിലപാടുകൾ എന്ന് പറയാതെ വയ്യ. മതവിദ്യാലയങ്ങളിലെ പഠിതാക്കൾക്ക് അറബി ഭാഷയിലൂടെ തന്നെ ലോകോത്തരമായ ഇസ്ലാമിക ഗ്രന്ഥങ്ങളെയും ചിന്തകളെയും അടുത്തറിയാൻ കഴിയുന്നത് കൊണ്ടാവാം ഒരുപക്ഷെ ഇക്കാര്യത്തിൽ അലംഭാവം ഉണ്ടാകാനുള്ള കാരണം. പക്ഷെ സാധാരണക്കാരായ മുസ്ലിംകൾക്കും ഇസ്ലാമിനെ കുറിച്ച് അറിയാൻ താല്പര്യമുള്ള മറ്റുള്ളവർക്കും ഇതുകൊണ്ടുള്ള നഷ്ടം ചില്ലറയല്ല. നീട്ടിയും കുറുക്കിയും പറയുന്ന രാപ്രസംഗങ്ങളിൽ ഒതുങ്ങിപ്പോകുന്നു മതപരമായ അറിവുകൾ. സോഷ്യൽ മീഡിയക്കാലത്ത് ഇതിൽ ചിലതൊക്കെയും മറ്റൊരു രീതിയിൽ കൊണ്ടാടപ്പെടുമ്പോൾ ലോകത്തിനു മുമ്പിൽ ഇസ്ലാം എന്നത് കാലത്തിനു ചേരാത്ത പരിഹാസ്യമായ എന്തോ ഒന്നായി മാറുന്നു.
ഈ ഒരു പശ്ചാത്തലത്തിൽ ആണ് മുബശ്ശിർ മുഹമ്മദ് Mubashir Muhammad എഴുതിയ 'പ്രകൃതിയുടെ പ്രവാചകൻ' എന്ന പ്രവാചകന്റെ പാരിസ്ഥിതിക കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രസക്തമാവുന്നത്.
10 അധ്യായങ്ങളിലായി 100 പേജുകൾ മാത്രമുള്ള ഈ പുസ്തകം ഭാഷയുടെ ലാളിത്യം കൊണ്ട് മാത്രമല്ല ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്നത്. പൊതുവെ കാണുന്ന പോലെ മത വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ വരണ്ട ഭാഷയോ, എഴുത്തുകാരന്റെ കഠിനപദങ്ങളിലും പ്രാസത്തിലും ഉള്ള അറിവ് പ്രകടിപ്പിക്കലോ, ഖുർആൻ ഹദീസ് ഉദ്ധരണികളുടെ ബാഹുല്യമോ ഇല്ലാതെ വ്യത്യസ്തമായാണ് ഈ പുസ്തകം ആവിഷ്കരിച്ചിരിക്കുന്നത്.
ആദ്യ അധ്യായമായ പരിസ്ഥിതി തുടങ്ങുന്നത് തന്നെ സിയാറ്റിൽ മൂപ്പൻ വെള്ളക്കാരോട് നടത്തിയ ' ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ' എന്ന പ്രശസ്തമായ ഭാഷണത്തിൽ നിന്നുള്ള ഉദ്ധരണിയോടെയാണ്. ഓരോ അധ്യായങ്ങളും ഇങ്ങനെ വർത്തമാന കാലത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിന്തകളെയും എഴുത്തുകളെയും മുന്നിൽ വെച്ചാണ് തുടങ്ങുന്നത് എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ മുഖ്യ ആകർഷണം.
വർത്തമാന ലോകം നേരിടുന്ന പരിസ്ഥിതി തകർച്ചകളെ വളരെ കൃത്യമായി ചൂണ്ടിക്കാണിക്കുകയും തദ്വിഷയങ്ങളിൽ പ്രവാചകന്റെ നിലപാടുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ആണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.
ഹരിതവത്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, പരിസര ശുചീകരണത്തെ കുറിച്ച്, ജലോപയോഗത്തെ കുറിച്ച്, സഹജീവി സ്നേഹത്തെ കുറിച്ച്, ജീവിജാലങ്ങളോടുള്ള കരുണ്യത്തെ കുറിച്ച്..... അങ്ങനെ പ്രകൃതിയുമായി ബന്ധപ്പെട്ട് പ്രവാചകൻ ശിഷ്യന്മാരെ തെര്യപ്പെടുത്തിയ ഓരോ കാര്യങ്ങളും വർത്തമാന ലോകത്ത് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്നതിന്റെ വിശകലനമാണ് ഓരോ അധ്യായങ്ങളും. രക്ഷാശിക്ഷകളെ കുറിച്ചുള്ള ഭയപ്പെടുത്തലായല്ല ഓരോ മനുഷ്യന്റെയും ബാധ്യതകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് ഓരോ ഉപദേശങ്ങളും അനുഭവപ്പെടുക. പ്രവാചക ശൈലിയുടെ സൗമ്യതയും സ്നേഹസ്പർശവും അനുഭവിപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ രീതിയും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മതപരമായ വശവും പൊതുവേ മുസ്ലിംകൾ തന്നെ ഗൗരവത്തോടെ കാണാറില്ല. എടുപ്പുകൾ എമ്പാടും കെട്ടിപ്പൊക്കുന്നതിലും പരിസര മലിനീകരണം ഉണ്ടാക്കുന്നതിലും ശബ്ദമലിനീകരണം ഏറ്റുന്നതിലും മുസ്ലിം മത സംഘടനകളും സ്ഥാപനങ്ങളും ഒട്ടും പിറകിലല്ല എന്നത് ഏതൊരു മലയാളിക്കും അറിയുന്നതാണല്ലോ. ഈ പ്രവചകാധ്യാപനങ്ങളെ സമുദായം തന്നെ എത്രത്തോളം അവഗണിച്ചു കളഞ്ഞു എന്നതിന്റെ ദൃഷ്ടാന്തമാണത്. അപ്പോൾ സാധാരണക്കാരന്റെ സ്ഥിതി പറയാനുണ്ടോ.
ഡോക്ടർ മുഹമ്മദ് അബ്ദുൽഹകീം അസ്ഹരിയുടെ അവതാരികയും, എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം എ റഹ്മാന്റെ മികച്ച മുഖക്കുറിപ്പും ഈ പുസ്തകത്തിനൊരു മുതൽക്കൂട്ടാണ്. വിദ്യാർത്ഥികളിലേക്കും വീട്ടമ്മമാരിലേക്കും ഈ പുസ്തകത്തിന്റെ വായന എത്തേണ്ടതുണ്ട്. വെറുതെ വായിച്ചു തള്ളുന്നതിലുപരി ഒരുപാട് വിചിന്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതാണ് 'പ്രകൃതിയുടെ പ്രവാചകൻ' എന്നതിൽ സംശയമില്ല. മതശാസനകളെയും ചിന്തകളെയും ഇങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ വായിച്ചെടുക്കാനും പരിചയപ്പെടുത്താനുമുള്ള ഇത്തരം ഉദ്യമങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
ഇഹലോകം പരലോകത്തിന്റെ കൃഷിസ്ഥലമാണ് എന്ന പ്രവാചക വചനം ഭൂമിയെ അറിയാത്തവൻ പരലോക നേട്ടത്തെ കുറിച്ച് മാത്രം വ്യാകുലപ്പെടുന്നതിൽ അർത്ഥമില്ല എന്ന് കൂടിയാണ് പറയുന്നത്. മനുഷ്യനെ ഭൂമിയിലെ തന്റെ പ്രതിനിധി ആയാണ് അയച്ചിരിക്കുന്നത് എന്ന ഖുർആൻ വചനവും പറയുന്നത് മറ്റൊന്നല്ല. ഓരോ ഖലീഫമാരും തങ്ങളുടെ ഭൂമിയിലെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതിരിക്കില്ല.
കേവലം ആരാധനകൾക്കും അനുഷ്ടാനങ്ങൾക്കും അപ്പുറം മനുഷ്യന് തന്റെ ചുറ്റുപാടുകളോടും ഭൂമിയോടും സർവ്വ ജീവജാലങ്ങളോടും ഉള്ള ധർമ്മങ്ങളും നിറവേറ്റുമ്പോഴാണ് യഥാർത്ഥ വിശ്വാസി ആയി മാറുന്നത് എന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.
--------------------
പ്രകൃതിയുടെ പ്രവാചകൻ
മുബശ്ശിർ മുഹമ്മദ്
പ്രസാധകർ: ഇസ്ലാമിക് പബ്ലിഷിംഗ് ബ്യുറോ
കോഴിക്കോട്
Mob: 9526383666
₹:90.00
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ