നെല്ലിക്കോട്ടെ കാര്യസ്ഥൻ ഹുസ്സൈൻക്ക വലിയൊരു ചെമ്പുപാത്രം നിറയെ ചൂടുള്ള കഞ്ഞിയുമായി മഗ്‌രിബ് ബാങ്കിന് മുമ്പ് പൂളക്കലെ പള്ളിയിലേക്ക് നടന്നു പോകുന്ന കാഴ്ചയാണ് എന്റെ കുട്ടിക്കാലത്തെ റമദാൻ ഓർമ്മ. ആ കഞ്ഞിയും പുഴുക്കും കൊണ്ട് നോമ്പ് തുറക്കാൻ കാത്തിരിക്കുന്ന ഒരുപാട് പട്ടിണിക്കാരുണ്ടായിരുന്നു അന്ന് നാട്ടിൽ. കൂലിപ്പണിക്കാരും കൃഷിക്കാരും കടലിൽ മീൻ പിടിക്കാൻ പോകുന്നവരും ഒക്കെ ആയിരുന്നു ഏറെ. പേർഷ്യക്കാരൊക്കെ അപൂർവ്വമായ കാലം.
സമ്പന്ന വീടുകൾ ഏറെയില്ലാത്ത അക്കാലത്തും സക്കാത്തിനു വേണ്ടി വീടുകൾ കയറി ഇറങ്ങുന്ന പെണ്ണുങ്ങളും കുട്ടികളും റമദാനിൽ നിത്യക്കാഴ്ച ആയിരുന്നു. പൊക്കിണാരിയിലും നെല്ലിക്കോട്ടും നോമ്പിന്റെ അവസാനപത്തിൽ അരി കൊടുക്കുന്ന ദിവസം, അതിനായി പുലർച്ചെ മുതൽ വന്നു വരി നിൽക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും നാട്ടിലെ ദാരിദ്ര്യം തന്നെയാണ് വിളിച്ചു പറഞ്ഞത്. എന്നാലും നോമ്പുതുറ സമയത്ത് നേന്ത്രക്കായ പുഴുക്കും ജീരകക്കഞ്ഞിയും പിന്നെ തരിയും എല്ലാവീട്ടിലും നിർബന്ധമായും ഉണ്ടാക്കി. നോമ്പ് തുറയുള്ള ദിവസങ്ങളിൽ പഴം പൊരിയും പരിപ്പുവടയും ഉന്നക്കായയും നിരത്തി. അരിപ്പത്തിരിയും പോത്തിറച്ചിയുടെ കറിയും വെച്ചു. നോമ്പ്കാലങ്ങളിൽ മാത്രം അങ്ങാടിയിലെ പീടികകളിൽ 'ചക്കരപ്പുകയില' എന്നൊരു ബീഡി വിൽക്കാറുണ്ടായിരുന്നു. നോമ്പൊക്കെ തുറന്ന് ഇരിക്കുമ്പോൾ പ്രായമായ ചില പെണ്ണുങ്ങൾ പോലും ആ ബീഡി വലിച്ച് രസിച്ചു.
പള്ളിയിലെ ചരുവകം കുട്ടികളുടെ താവളമായി. തറാവീഹിന്റെ പാതി വഴികളിൽ ചിലരെങ്കിലും മടിയന്മാരായി പിറകോട്ടു മാറി ഇരുന്നു. തറാവീഹ് കഴിഞ്ഞാലും പൂട്ടാത്ത കുമാരേട്ടന്റെ പീടികയിൽ നിന്നും കുപ്പിയിൽ നിറച്ചു വെച്ച അച്ചാർ വാങ്ങി. ഒരു ഉറക്കം കഴിഞ്ഞുണരുന്ന പതിരാകളിൽ ചോറും മീൻ കറിയും കാച്ചിയ മോരും അച്ചാറും പപ്പടവും ചേർത്ത അത്താഴം കഴിച്ചു. സംബന്ധക്കാരുടെ വീടുകളിലേക്ക് 'സലാം കൊണ്ടുപോവു'മ്പോൾ പശുവിൻ നെയ്യടക്കം നോമ്പുതുറ ഒരുക്കങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ടുപോയി.
നോമ്പ് ഇരുപത്തിയേഴിന് പന്തലായനി കൊല്ലത്തെ പാറപ്പള്ളിക്കലെ 'ഓത്താ'ണ്. കേരളത്തിലേക്ക് ഇസ്ലാമിക പ്രചാരണത്തിന് വന്ന മാലിക് ദീനാർ പണി കഴിപ്പിച്ച പള്ളികളിൽ ഒന്ന് ഈ കടപ്പുറത്തെ കുന്നിൻ പുറത്തായിരുന്നു. അവിടെ ആ കാലം മുതൽ മറമാടപ്പെട്ടവരുടെ ഖബറുകളിൽ കിടക്കുന്ന പൂർവ്വീകർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായി എത്തുന്ന പിന്മുറക്കാർ.
പാറപ്പള്ളിക്കൽ ഓത്തിന് വരുന്നവരെ നോമ്പ് തുറക്കാനായി അടുത്തുള്ള വീട്ടുകാർ ക്ഷണിച്ചു കൊണ്ടിരിക്കും. മദീനത്തെ പള്ളിയിലെ നോമ്പുകാലം പോലെ.
എൺപതുകളുടെ ഒടുവിൽ കോഴിക്കോട് കൊപ്രബസാറിൽ ഉള്ള കാലത്താണ് റമദാൻ മാസത്തിന്റെ ശരിയായ 'മജ' അറിഞ്ഞത്. മാസപ്പിറവി കാണുന്ന ഒറ്റ രാത്രി കൊണ്ടു കൊപ്ര ബസാറും വലിയങ്ങാടിയും ഒക്കെ ആകെ മാറുന്നു. ഒച്ചയും ബഹളവും അടങ്ങി ഭക്തി നിർഭരമായ മനസ്സോടെയും ദീനാനുകമ്പയോടെയും നോമ്പിനെ ആദരിക്കുന്ന ഒരിടം. മുതലാളിയും കമ്മാലിയും ഒരുപോലെ നോമ്പുകാരാണ്.
പുഴവക്കത്തെ പള്ളിയും കാതിരിക്കോയ പള്ളിയും എം എസ് എസ് പള്ളിയും ഓരോ ജമാഅത്തിലും നിറഞ്ഞു കവിയും.
തിരക്ക് പിടിച്ച മുതലാളിമാർ ളുഹർ നമസ്കാരം കഴിഞ്ഞാലും പള്ളിയിൽ ഇരുന്ന് ദീർഘനേരം ഒരു തിരക്കും ഇല്ലാതെ ഖുർആൻ ഓതുന്നു. സകാത് ചോദിച്ചു വരുന്നവർക്കും അവനവന്റെ പണിക്കാർക്ക് പുറമെ അടുത്ത പാണ്ട്യാലയിലെ ജോലിക്കാർക്കും ഉദാരമായി സകാത് നൽകുന്നു. ഉച്ച കഴിയുമ്പോഴേക്ക് പണിയൊക്കെ ഒതുക്കി മുതലാളിമാരും പണിക്കാരും വീട് പൂകാൻ ഒരുങ്ങുന്നു. അസർ നമസ്കാരം കഴിയുന്നതോടെ വലിയങ്ങാടിയും കൊപ്ര ബസാറും ആളൊഴിഞ്ഞ് ഉറങ്ങിപ്പോകുന്നു. സെൻട്രൽ മർക്കറ്റിലും കോർട്ട് റോഡിലും മീനും പച്ചക്കറിയും പഴവർഗ്ഗങ്ങളും വാങ്ങി കൂട്ടുകാരെ നോമ്പ് തുറക്കാൻ ക്ഷണിച്ച്.... റംസാൻ മാസം അതിന്റെ ഏറ്റവും ചൈതന്യത്തോടെ തുടിച്ചു നിൽക്കുന്ന ദേശം അന്നുമിന്നും കോഴിക്കോട്ടങ്ങാടി ആയിരിക്കും.
കോഴിക്കോട്ടെ രണ്ടുകൊല്ലത്തെ കോപ്രബസാർ ജീവിതവും കഴിഞ്ഞാണ് 'ബെങ്കളൂരു' ആവുന്നതിനു മുമ്പുള്ള ബാംഗ്ലൂരിൽ എത്തുന്നത്. പഴയ എയർപ്പോർട്ടിനടുത്ത 'മുരുഗേഷ് പാളയത്ത്' അന്ന് പള്ളി പോയിട്ട് ബാങ്ക് പോലും കേൾക്കുമായിരുന്നില്ല. പലചരക്കു കടകളിൽ പണിയെടുക്കുന്ന ഏതാനും മലയാളികളും സൈക്കിൾ റിപ്പയർകാരും ഇറച്ചിപ്പീടിക നടത്തുന്ന ഏതാനും പട്ടാണികളും മാത്രമേ അന്ന് മുരുഗേഷ് പാളയത്ത് മുസ്ലിം സാന്നിധ്യമായി ഉള്ളൂ. ശിവാജി നഗറിലും സിറ്റി മാർക്കറ്റിലും ഒക്കെ പട്ടാണികൾ എമ്പാടും ഉള്ളത് കൊണ്ട് അവിടങ്ങളിൽ രാത്രികളിൽ നോമ്പുകാലത്തിന്റെ നിറവും വെളിച്ചവും രുചിയും നിറഞ്ഞു നിന്നു.
അത്താഴം കഴിച്ചും വൈകുന്നേരങ്ങളിൽ നോമ്പുതുറക്ക് അരിപ്പത്തിരിയും ജീരകക്കഞ്ഞിയും ഉണ്ടാക്കിയും, റൂമിൽ തറാവീഹ് നിസ്കരിച്ചും അവനവനിൽ മാത്രമൊതുങ്ങിയ റമദാൻ മാസങ്ങളായിരുന്നു ബാംഗ്ലൂർ കാലത്ത്.
1995 ലാണ് കുവൈത്തിൽ എത്തുന്നത്. ആ സമയത്തൊക്കെ റമദാൻ കൊടും തണുപ്പുള്ള ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആണ്. കുവൈത്തികളും വിദേശികളും ഇടകലർന്ന് താമസിക്കുന്ന പഴയ ഖൈത്താനിൽ അന്നും ഇന്നും മലയാളികൾ കുറവ്. കഴിഞ്ഞ 22 വർഷമായി ആ പ്രദേശത്ത് 'ബഖാല' എന്ന പലചരക്ക് കച്ചവടവുമായി കഴിയുന്നവന്റെ റമദാനുകൾ വിഭിന്ന ദേശങ്ങളിലെ നോമ്പുകാല രുചികളെ അടുത്തറിയുന്നത് കൂടിയാണ്.
രാത്രികൾ സജീവമായും പകൽ ഉച്ചവരെ ഉറക്കത്തിലുമാണ് ഗൾഫിലെ റമദാൻ കാലം. അറബി പത്രങ്ങളിൽ റമദാൻ കാല രാത്രികളിൽ അമ്യൂസ്മെന്റ് പാർക്കുകളിലെ പ്രത്യേക ഓഫറുകളെ കുറിച്ചും, ടെലിവിഷനുകളിൽ സീരിയലുകളും തമാശപ്പരിപാടികളും ഒക്കെയുള്ള റമദാനിലെ രാത്രികാല സ്‌പെഷ്യൽ TV പ്രോഗ്രാമുകളെ കുറിച്ചുമൊക്കെയുള്ള പരസ്യങ്ങൾ കാണുമ്പോൾ ടെലിവിഷൻ തുറക്കുക പോലും ചെയ്യാത്ത നാട്ടിലെ നോമ്പുകാലങ്ങളെ കുറിച്ചോർക്കാറുണ്ട്. തറാവീഹ് കഴിയുന്നതോടെ നിരത്തിൽ ഒഴുകാൻ തുടങ്ങുന്ന കാറുകൾ, സജീവമാകുന്ന സൂക്കുകൾ, വടകര താഴെ അങ്ങാടിയും കോഴിക്കോട് കുറ്റിച്ചിറയിലെയുമൊക്കെ ഉറക്കമില്ലാത്ത റമദാൻ രാത്രികൾ അറബിനാട്ടിലെ നോമ്പു കാലങ്ങളുടെ തുടർച്ചയായിരിക്കും.
സുബ്ഹി നമസ്കാരം കഴിഞ്ഞാണ് ഏറെപ്പേരും ഉറങ്ങുന്നത്. അതുകൊണ്ടു തന്നെ സാധാരണ പ്രഭാതങ്ങളുടെ തിരക്കുണ്ടാവില്ല നിരത്തുകളിൽ. ളുഹർ വരെ ഏറെക്കുറെ ഉറക്കച്ചടവിലായ പകലുകൾ.
നോമ്പിന് മുമ്പ് 'ബഖാല'കളും ഒരുങ്ങും. പ്രധാനമായും വിദേശികൾ മാത്രമേ ബഖാലകളിൽ നിന്ന് കാര്യമായി സാധനങ്ങൾ വാങ്ങൂ. സുബ്ഹി ബാങ്കിന് കുറച്ചു മുമ്പുള്ള അത്താഴത്തിന് പാകിസ്താനിയും മസ്രിയും ഒക്കെ കഴിക്കുന്നത് തൈരും കുബ്ബൂസുമാണ്.
കഴിഞ്ഞ കുറെ കൊല്ലങ്ങളായി കത്തുന്ന വേനലിൽ ആണ് ഗൾഫിലെ റമദാൻ. എന്റെ പരിസരത്തൊക്കെയും വിദേശികളായ നിർമ്മാണതൊഴിലാളികൾ ആണ് ഏറെയും. പകൽ പതിനൊന്നു മണിക്ക് ശേഷം വേനലിൽ പുറത്തെ ജോലിക്ക് വിലക്കുള്ളതിനാൽ രാത്രി രണ്ടു മണിക്കൊക്കെയാണ് ഏറെപ്പേരും ജോലിക്ക് പോകുന്നത്. പൊള്ളുന്ന മരുഭൂമിയിൽ സിമന്റും കട്ടയും പേറിയും മണൽ കുഴിച്ചും കെട്ടിടങ്ങളുടെ മേലെ എകരം കെട്ടി നിന്നും ജോലി ചെയ്യുന്ന മസരികളും പാകിസ്താനിയും അഫ്ഘാനിയും ഒക്കെ ഏറെയും നോമ്പുകാർ ആണ്. 50 ഡിഗ്രിക്ക് മേൽ കത്തുന്ന സൂര്യന്റെ ചോട്ടിൽ കുടുംബം പോറ്റാനായി കഠിനാധ്വാനം ചെയ്യുന്ന ഏറ്റവും സാധാരണക്കാരും തനി ഗ്രാമീണരുമായ ഈ മനുഷ്യരുടെ ഭക്തിയുടെ തീവ്രത അമ്പരപ്പിക്കും. ഉച്ചയോടെ പണി കഴിഞ്ഞു തിരിച്ചെത്തുന്നവർ ഉപ്പുപരലുകൾ പടർന്ന കുപ്പായവും മണ്ണും സിമന്റും പറ്റിയ ശരീരവുമായി പള്ളി മൂലകളിൽ ഖുർആൻ ഓതി ഇരിക്കുന്നു.
കടയുടെ മുന്നിലെ മൈതാനത്ത് പഴവർഗ്ഗങ്ങളും പച്ചക്കറിയും വിൽക്കുന്ന സഈദികൾ എന്ന മസരി ഗ്രാമീണർ ഉണ്ട്. അനധികൃതമെങ്കിലും വഴിയോരക്കച്ചവടവും വിലപേശി വാങ്ങലും അവരുടെ നാട്ടു ശീലമാണ്. കത്തുന്ന വെയിൽച്ചോട്ടിൽ അവർ ആളെ കൂട്ടാനായി ഒച്ചയിട്ടുകൊണ്ടിരിക്കും. ഇടക്കിടെ വഴിയരികിലെ കൂളറിൽ നിന്നും വെള്ളമെടുത്തു തലവഴി ഒഴിക്കും. എന്നാലും നോമ്പെടുക്കാതിരിക്കില്ല.
പള്ളികളിലും മൈതാനങ്ങളിൽ ടെന്റ് കെട്ടിയും വിഭവസമൃദ്ധമായ ഒരുക്കുന്ന നോമ്പ് തുറകളിൽ വിദേശികൾ തന്നെയാണ് ഏറെയും. എങ്കിലും തങ്ങളുടെ നോമ്പുകാല നാട്ടു രുചികളെ റൂമുകളിൽ പാചകം ചെയ്യുന്ന വിഭവങ്ങളിലൂടെ അവർ തിരിച്ചു പിടിക്കുന്നു.
നോമ്പ് തുറക്ക് ഈത്തപ്പഴം എല്ലാവരും വാങ്ങിക്കും. അറബികൾക്ക് പൊതുവെ 'വിംട്ടോ' എന്ന പാനീയമാണ് ഇഷ്ടമെങ്കിൽ പാകിസ്താനിക്ക് 'റൂഹ് അഫ്സ' സർബത് നിർബന്ധം. മൈദമാവ് കടലപ്പൊടി 'അനാർദാന' എന്ന ഉറുമാമ്പഴത്തിന്റെ ഉണക്കക്കുരു. പഴങ്ങൾ നുറുക്കിയിട്ടു അതിൽ വിതറുന്ന 'ചാട്ട് മസാല' പാലക് കീരയുടെ ഇല ഇതൊക്കെയാണ് പാകിസ്താനിയുടെ നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ.
ബംഗാളികൾക്ക് പച്ചക്കറിയോടൊപ്പം പ്രിയപ്പെട്ടതാണ് 'മുരി' എന്ന നമ്മുടെ പൊരി. നോമ്പ് കാലത്തെ പല വിഭവങ്ങൾക്കും അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത്.
മസരികൾക്ക് മധുര പലഹാരങ്ങളും മാട്ടിറച്ചിയും ഇലകളും നോമ്പ് കാലത്തു എമ്പാടും വേണം. പൊതുവേ ഭക്ഷണപ്രിയരായ മസരികൾക്ക് റമദാൻ ഭക്തിയുടെ മാത്രമല്ല ഭക്ഷണത്തിന്റെ കൂടി ആഘോഷ മാസമാണ്. യീസ്റ്റും പുളിയും മൈദയും ഒക്കെ കലക്കി ഐസിട്ട് തണുപ്പിച്ചു കുപ്പിയിലാക്കി നിരത്തരികിൽ വിൽപനക്ക് വെക്കുന്നൊരു പാനീയം വാങ്ങാൻ സഈദികൾ മാത്രമല്ല കൈറോക്കാരായ പരിഷ്കാരികൾ വരെ തിരക്ക് കൂട്ടും.
ഗൾഫിലെ ജീവകാരുണ്യ സംഘടനകൾ ഒക്കെയും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന മാസം കൂടിയാണ് റമദാൻ. ദരിദ്രനിലേക്കും അവശനിലേക്കും കാരുണ്യമായി പെയ്തിറങ്ങുന്ന റമദാൻ മാസത്തെ സാർഥകമാക്കുന്നവർ. ഒപ്പം നോമ്പുതുറകളും മതപഠന ക്ലാസ്സുകളും.
അവസാനപത്തിലെ രാത്രി വൈകിയുള്ള 'ഖിയാമുൽ ലൈൽ' നമസ്കാരത്തിന് അനുഗ്രഹീത രാവിനെ തേടുന്നവരും.
ദേശം വിട്ടുപോയവന്റെ ഓരോ റമദാൻ കാലവും ബാല്യത്തിന്റെ നാടോർമ്മകളെ തിരിച്ചു പിടിക്കൽ കൂടിയാണ്. പള്ളിയകങ്ങളിൽ ഉറുദി കേട്ടിരുന്ന കുട്ടിയെ, വീട്ടുകോലായിൽ വിറക്കുന്ന ശബ്ദത്തിൽ ഖുർആൻ ഓതിയിരുന്ന മൺമറഞ്ഞുപോയൊരു വാത്സല്യത്തെ , നടന്നു വിയർത്തവന്റെ കൈവെള്ളയിലേക്ക് ചുരുട്ടിവെച്ച പുത്തൻ നോട്ടിന്റെ പിന്നിലെ കാരുണ്യം നിറഞ്ഞൊരു മുഖത്തെ, വിശന്നും തളർന്നും മഗ്രിബിന്റെ നേരം അളക്കുന്ന മനസ്സിനെ കൊതിപ്പിക്കുന്ന ചില രുചിമണങ്ങളെ.... ദേശവും ഭാഷയും മാറുമ്പോഴും പ്രവാസലോകത്തെ ഓരോ നോമ്പുകാരനും ഹൃദ്യമായ ആ ബാല്യത്തിലേക്ക് തിരിച്ചു പോവുന്നുണ്ട് റമദാൻ കാലമത്രയും.
____________________
മാധ്യമം 'അഹ്‌ലൻ റമദാൻ'ൽ പ്രസിദ്ധീകരിച്ചത്.
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ