Saturday, January 4, 2014

മുറ്റത്തെ കുറുന്തോട്ടിക്കും.............

എപ്പളായിക്കും പടച്ചോനെ ഇത് കോയ്ക്കോട്ടെത്വാ..... ഇന്നലത്തെപ്പൊലെ ഇന്നും പോയി വെറ്തെ തിരിച്ച് വരണ്ടി വര്വോ

വേഗപ്പൂട്ട് വീണ ബസ്സിന്‍റെ ഇഴഞ്ഞ പോക്കില്‍  അസ്വസ്ഥയായിക്കൊണ്ട് ആ  സ്ത്രീ പറഞ്ഞു. തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍  ഞാനും വീട്ടുകാരിയും ഇരുന്ന  സീറ്റിലെ സഹായാത്രികയായിരുന്നു അവര്‍.  

കുറെക്കാലമായി അലട്ടുന്ന കൈ വേദനക്ക് ചികിത്സക്കായാണ് അവര്‍ കോഴിക്കോട്ടെ പേരുകേട്ട വലിയ ആശുപത്രിയിലേക്ക് പോവുന്നത്. ആയൂര്‍വേദവും, അലോപ്പതിയും, യുനാനിയും ഒക്കെയായി ഒരുപാട് ചികിത്സ നടത്തി. അതിനായി ദൂരെ സ്ഥലങ്ങളില്‍ പലേടത്തും പോയി. എമ്പാടും കാശും ചെലവായി. ഇപ്പോള്‍ മാസങ്ങളായി കോഴിക്കോട്ടെ ചികിത്സ കൊണ്ട് കുറച്ചു വ്യത്യാസം കാണുന്നുണ്ട്. വേദന കൊണ്ട് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അതിനു മുമ്പ്. എന്തോ ഒരുതരം വാതമാണത്രേ.

ഇന്നലെയും കോഴിക്കോട്ട്  പോയതാണ്. പക്ഷെ അവിടെ എത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരുന്നു. ഓട്ടോ വിളിച്ചു ഡോക്ടറുടെ വീട്ടില്‍ ചെന്നപ്പോള്‍ അന്നത്തെ ടോക്കണ്‍ തീര്‍ന്നു . വെറുതെ തിരിച്ചു പോരേണ്ടി വന്നു.

‘ഒരു ദെവസത്തെ പാടാ കോയിക്കോട്ട്‌ പോയി വരാന്‍. രാത്രി വൈകിയാ തലശ്ശെരീന്ന് ഞാളെ നാട്ടിലേക്ക് ബസ്സ് കിട്ടൂല....”

തലശ്ശേരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള അവരുടെ നാടിന്‍റെ പേര് പറഞ്ഞപ്പോള്‍  അത്ഭുതം തോന്നി. അവിടെ ഒരു വൈദ്യരെ കണ്ട് തിരിച്ചു വരികയാണല്ലോ ഞാനും ഭാര്യയും.

പറഞ്ഞപ്പോള്‍ അവര്‍ക്കറിയാം അദ്ധേഹത്തെ.
തന്നേ....... ഇത്രേം ദൂരേന്നൊക്കെ ആട ആള്വേള് വര്വോ?’  

അവര്‍ക്കും അതിശയം. പിന്നെ പറഞ്ഞു.

 ‘ഓറെ അച്ചനും പേര് കേട്ട വൈദ്യരായിനും............ അതേ ചികിത്സ തന്നാ മോനും. ന്‍റെ ഉമ്മേം ഉമ്മാമേം ഒക്കെ എന്ത് സൂക്കേട്‌ മന്നാലും ആടായിനും പോകല്’.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി എനിക്ക് ഈ വൈദ്യരെ അറിയാം. വാതവും, രക്തസമ്മര്‍ദ്ദവും അടക്കം ഒരു പാട് രോഗങ്ങള്‍ക്ക് അദ്ധേഹത്തിന്‍റെ ചികിത്സ കൊണ്ട് ഫലമുണ്ടായതും അറിയാം. അതും വലിയ പണച്ചെലവ് ഇല്ലാതെ. രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമീപനം തന്നെ വലിയൊരു ആശ്വാസമാണ്.

എന്നിട്ടും ഈ സ്ത്രീ  ഒരിക്കലും കൈ വേദനക്ക് സ്വന്തം നാട്ടിലുള്ള  വൈദ്യരെ കണ്ടിരുന്നില്ല. ആരൊക്കെയോ പറഞ്ഞു കേട്ട്  ദൂരെദിക്കുകളിലൊക്കെ പോയി പലവിധ ചികിത്സകള്‍ ചെയ്ത് ഒരു പാട് പണം ചെലവാക്കിയിട്ടും.

അമ്പത് കിലോമീറ്റര്‍ ദൂരെ നിന്ന് വന്ന ഞങ്ങള്‍ പറഞ്ഞപ്പോഴാണ് ചുറ്റുവട്ടത്തുള്ള അദ്ധേഹത്തെ കുറിച്ച് അവര്‍ കാര്യമായി ചിന്തിക്കുന്നത് തന്നെ.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പണ്ട് കോപ്പിയെഴുത് മനസ്സില്‍ തിരുത്തി നോക്കി. മുറ്റത്തെ കുറുന്തോട്ടിക്കും............

നാട്ടില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അന്നം പോലെ ഔഷധവും പല നാടുകളിലായി പടച്ചവന്‍ കരുതി  വെച്ചിരിക്കുകയായിരിക്കുമോ എന്ന്  കൌതുകത്തോടെ വെറുതെ ചിന്തിച്ചു..


9 comments:

  1. മുറ്റത്തെ കുറുന്തോട്ടിക്ക് ഔഷധവീര്യമില്ല .....
    പിന്നെ വേഗപ്പൂട്ടിന്റെ കണക്ഷൻ വേർപെടുത്തി തലശ്ശേരി, കണ്ണൂർ ബസ്സൊക്കെ ഇപ്പോൾ പഴയതിലും വേഗത്തിൽ പറപറക്കാൻ തുടങ്ങിയിട്ടുണ്ട് കേട്ടോ....

    ReplyDelete
  2. ആല്‍കെമിസ്റ്റിലെ സാന്റിയാഗൊയെപ്പോലെ ഈ സ്ത്രീ!

    ReplyDelete
  3. ഒരുവിധമെല്ലായിടത്തും ഇതുപോലെ തന്നെയാണു സ്ഥിതി. നമുക്ക് മുന്നിലുള്ളവന്റെ കഴിവ് അകലെയുള്ള മറ്റൊരുവനില്‍ നിന്നുമറിയേണ്ടിവരുന്ന ഗതികേട്..

    ReplyDelete
  4. മുറ്റത്തെ മുല്ലക്ക് മണമില്ല...

    ReplyDelete
  5. അതെ, മുറ്റത്തെ മുല്ലക്ക് മണമില്ല...!
    ആശംസകൾ...

    [ddE = ദ്ദേ ]

    ReplyDelete
  6. വഴിദൂരമുള്ള ഡോകടറെ കണ്ടാലേ അസുഖം മാറൂ എന്ന പോലെയാണു പലരും. എന്നിട്ട് അതൊക്കെ ഒരു പൊങ്ങച്ചത്തിന്റെ ഭാഗവും ആക്കി .. അടുത്തുള്ളത് കണ്ണ് തുറന്ന് നോക്കാത്തവരാണധികവും.. അനുഭവം നന്നായി വിവരിച്ചു

    ReplyDelete
  7. മുല്ലക്ക് മാത്രമല്ല മുറ്റത്തെ
    കുറുന്തോട്ടിക്കും മണമില്ല അല്ലേ ഭായ്

    ReplyDelete
  8. മൂകിനു കീഴെയുള്ള പലതും പലരും കാണാതെ പോവുന്നു !!

    ReplyDelete
  9. മൂക്കിനു കീഴേയുള്ള... എന്ന് തിരുത്തി വായിക്കൂ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ