ഉമ്മ പറഞ്ഞു കേട്ടതാണ്. വല്യുമ്മാമ അതായത്
എന്‍റെ ഉമ്മയുടെ ഉപ്പാന്‍റെ ഉമ്മയെ പറ്റി. ഉമ്മയുടെ കുഞ്ഞുന്നാളിലെ ഓര്‍മ്മയാണ്. വല്യുമ്മാമാക്ക്
അപ്പോള്‍ തൊണ്ണൂറു വയസെങ്കിലും ഉണ്ടാവും.
വല്യുമ്മാമയുടെ കയ്യില്‍
പഴുക്കടക്കയുടെ നിറമുള്ള ഒരു തുണി ഉണ്ടായിരുന്നു. വല്യുമ്മാമ എപ്പോഴും ആ തുണി
തുന്നിക്കൊണ്ടിരുന്നു. ‘തനിപ്പട്ട്’ എന്നാണ് വല്യുമ്മാമ ആ തുണിയെ പറ്റി
പറഞ്ഞിരുന്നത്. ഒരു ഭാഗം തുന്നുമ്പോള്‍ മറുഭാഗം പിന്നിപ്പോകുന്ന അത്രയും പഴക്കം
ചെന്ന അത് സൂക്ഷ്മതയോടെ കൂനിക്കൂടിയിരുന്ന്
വല്യുമ്മാമ തുന്നിക്കൊണ്ടിരുന്നു.
വല്യുമ്മാമയുടെ ഒരേയൊരു മോളുടെ കല്യാണം കഴിഞ്ഞ് ആദ്യ സല്‍കാരത്തിന് മോളും പുതിയാപ്പിളയും
വന്നപ്പോള്‍ സമ്മാനിച്ചതാണ് ആ തനിപ്പട്ട്.
വല്യുമ്മാമക്ക് മൂന്നു മക്കളായിരുന്നു.
മൊയ്തുവും, ബാവോട്ടിയും(എന്‍റെ വല്യുപ്പ) പിന്നെ ഏറ്റവും ഇളയവള്‍ അയിശയെന്ന ഒരേയൊരു പെണ്‍കുട്ടിയും. വല്യുപ്പാപ്പ നേരത്തെ മരിച്ചു പോയിരുന്നു.
വല്യുപ്പയും ജ്യേഷ്ടനും
കൃഷിക്കാരായിരുന്നു. ചാലിയില്‍ നെല്ലുണ്ടാക്കിയും വെറ്റിലക്കൊടിയിട്ടും അവര്‍
പലലന്തിയോളം പണിയെടുത്തു. ഞാറ് നടാനും, വെറ്റില ചായ്ക്കാനും നെല്ല് കൊയ്യാനുമൊക്കെ
വല്യുമ്മാമയും മക്കളോടൊപ്പം കൂടി. വല്യുമ്മാമ നന്നായി ഓല മെടയുമായിരുന്നു. ഒറ്റയിരിപ്പിന് എണ്‍പത് എണ്ണമൊക്കെ! പായ നെയ്ത
പോലെ ഭംഗിയുള്ള മെടച്ചില്‍.
തിക്കോടി ചന്തയില്‍ വെറ്റില വിറ്റ്
മടങ്ങി വരുമ്പോള്‍ ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങികൊണ്ടുവന്നു.
ഉമ്മയും ഇക്കാക്കമാരും പുന്നരപ്പെങ്ങളെ നിലത്തും നിലയിലും വെക്കാതെ താലോലിച്ചു
പോറ്റി.
അയിശയുടെ കല്യാണം കഴിഞ്ഞ് രണ്ട് ആണ്‍കുട്ടികളെ
പ്രസവിച്ചു. കുഞ്ഞനിയത്തിക്ക് പറമ്പ് വാങ്ങാനും വീടുണ്ടാക്കാനും ഉത്സാഹിച്ചതും സഹായിച്ചതും ആങ്ങളമാര്‍ തന്നെ. മഴക്കാലത്ത്
ചാലിയില്‍ വെള്ളം കയറുമ്പോള്‍ ഒറ്റല് കൊണ്ട് പൊത്തിപ്പിടിച്ച കയിച്ചിലും, കടുവും,
മുഴുവും കോമ്പലയില്‍ തൂക്കി ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്കും അളിയനും മരുമക്കള്‍ക്കും
കൊണ്ട് കൊടുത്തു വയറു നിറയെ തീറ്റിച്ചു.
അയിശ മൂന്നാമതും ഗര്‍ഭിണിയായി.
പ്രസവസമയത്തേക്ക് കരുതലായി വല്യുമ്മാമ ഒരു
കുടുക്കയില്‍ പിടിയരി ഇട്ടു വെക്കാന്‍ തുടങ്ങി. ഓരോ ദിവസവും ചോറിന് അരിയിടുമ്പോള്‍ അതില്‍ നിന്ന് ഒരുപിടി അരി മാറ്റി സ്വരൂപിച്ചു വെക്കുന്നതാണ്
പിടിയരി.
മാസങ്ങള്‍ കഴിയും തോറും അയിശയുടെ വയറ് വലുതായി വരികയും അതോടൊപ്പം
ക്ഷീണവും തളര്‍ച്ചയും കൂടിക്കൂടി വരികയും ചെയ്തു. പിന്നീടാണ് അറിഞ്ഞത് അയിശക്ക്
ഗര്‍ഭമായിരുന്നില്ല വയറ്റിലൊരു മുഴയായിരുന്നു. അത് വലുതായി വലുതായി ഒരു ദിവസം അവര്‍
മരിച്ചു.
ഉമ്മയെയും, പുന്നാര ആങ്ങളമാരെയും, ഭര്‍ത്താവിനെയും
, കുഞ്ഞുമക്കളെയും വിട്ട് പോകുമ്പോള്‍ അയിശക്ക് ഇരുപത്തിയഞ്ച് വയസ്സുപോലും
തികഞ്ഞിട്ടുണ്ടായിരുന്നില്ല!.......................
കൊല്ലങ്ങളെമ്പാടും കടന്നുപോയിട്ടും വല്യുമ്മാമയുടെ മനസ്സില്‍ പൊന്നുമോളോടുള്ള
സ്നേഹവും വാത്സല്യവും മങ്ങാതെ ചുരത്തി നിന്നു. മരിക്കുന്നത് വരെ ദിവസവും വല്യുമ്മാമ
ആ തനിപ്പട്ട് നിവര്‍ത്തി പിന്നിപ്പോയ ഇടമൊക്കെ വീണ്ടും വീണ്ടും തുന്നിച്ചേര്‍ത്തു
കൊണ്ടിരുന്നു. അതിലൂടെ തൊണ്ണൂറാം
വയസ്സിലും, മരിച്ചു പോയ കുഞ്ഞുമോളെ
കുറിച്ചുള്ള നിറമുള്ള ഓര്‍മ്മകള്‍ പിന്നിപ്പോകാതെ ചേര്‍ത്ത് പിടിച്ചു കൊണ്ടിരുന്നു
പാവം വല്യുമ്മാമ.
നൊമ്പരമേകിയ വായന.
ReplyDeleteഅവസാനം മനസ്സില്‍ വിങ്ങലുണ്ടാക്കി..............
ReplyDeleteആശംസകള്‍
വിട്ടുപിരിയാത്ത സ്നേഹബന്ധനങ്ങള്‍
ReplyDeleteനോവുണര്‍ത്തുന്ന ഓര്‍മ്മകള്‍
തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ച ഓര്‍മ്മകള്‍, നൊമ്പരമുണര്‍ത്തി.
ReplyDeleteചില വേർപ്പാടുകൾ അങ്ങിനെയാണ്
ReplyDeleteപ്രത്യേകിച്ച് പെറ്റു വളർത്തിയ അമ്മമാർക്ക്...!
പേറ്റു നോവുണങ്ങാത്ത അമ്മ മനസ്സ്...
ReplyDeleteമരിച്ചു പോയ മക്കളോട് ഉമ്മമാര്‍ക്ക് അപാര സ്നേഹമാണ് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍മ്മകളിലൂടെ അത് പോലോരാളെ കാണുമ്പോള്‍ അല്ലെങ്കില്‍ അത്തരം ചേഷ്ടകള്‍ മറ്റുള്ളോര്‍ കാട്ടുമ്പോള്‍ ഒക്കെ ആമാനാസ് വിങ്ങുന്നു അനിയന്റെ ഇളയ മകള്‍ ആയിഷയെ 55 വര്ഷം മുന്‍പ് മൂന്ന് വയസില്‍ മരിച്ചു പോയ എന്റെ മൂത്ത പെങ്ങള്‍ നസീമയോട് ആണ് എന്റെ ഉമ്മ ഉപമിക്കുന്നത് പറയുന്ന കഥകളോ 25 വയസു വരെ എങ്കിലും പെങ്ങള്‍ ജീവിച്ചിരുന്നു എന്നാ മട്ടില്‍ അത്ര മാത്രം കഥകള്‍ ...നല്ല പോസ്റ്റ് മൂടാടി ...നല്ല എഴുത്തും...
ReplyDelete