Tuesday, October 31, 2017

മങ്കട സംഭവത്തിന്റെ ചെലവിൽ, 'കാമമടക്കി കഴിയുന്ന' ഗൾഫ് പ്രവാസികളെയും ഭാര്യമാരെയും ഉപദേശിക്കുന്നവരോട്.

2016 ജൂലായ് 2 ന് ഫേസ്‌ബുക്കിൽ ഹിറ്റായ പോസ്റ്റ്.

പ്രവാസികളായി ഏറെനാൾ മാറി നിൽക്കാതെ കുടുംബത്തോടൊപ്പം ജീവിക്കൂ എന്ന സദുദ്ദേശമായിരിക്കാം  ഈ പോസ്റ്റുകൾക്ക്  പിറകിൽ.  പക്ഷെ അത് സ്ഥാപിക്കാൻ വേണ്ടി പ്രവാസികളായ പുരുഷന്മാരെയും അവരുടെ ഭാര്യമാരെയും കുറിച്ച് എഴുതുന്ന  വരികളുണ്ടല്ലോ.. അത് വായിച്ച് ഒന്നും മിണ്ടാതെ പോകാൻ തോന്നാത്തത് കൊണ്ട് രണ്ടു വാക്ക്.

ഈ ഇക്കിളി വരികൾ ആസ്വദിക്കുന്നവരുണ്ടാകും, പക്ഷെ  നിങ്ങൾ അടച്ചാക്ഷേപിക്കുന്നത് അന്തസ്സായി ജീവിക്കുന്ന ഒരുപാട് പതിവ്രതകളെയാണ്. കെട്ടിയവൻ അടുത്തില്ലായെങ്കിൽ കാമമിളകി കണ്ടവന്റെ കൂടെയാണ് ഗൾഫുകാരന്റെ ഭാര്യ എന്ന് അമർത്തിച്ചിരിക്കുന്ന, അങ്ങാടിയിൽ തിണ്ണ നിരങ്ങിയും വായിൽ നോക്കിയും ജീവിതം തീർക്കുന്നവരുടെ അതേ വാചകം ഗൾഫ് പ്രവാസികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരുടെയും  വാളിൽ കാണുമ്പോൾ   ഒട്ടും ഭൂഷണമായി തോന്നുന്നില്ല.

ഒന്ന് ചോദിച്ചോട്ടെ കെട്ടിയവൻ അടുത്തുണ്ടായിട്ടും ഇത്തരം സുഖങ്ങൾക്ക് പിറകെ പോകുന്ന സ്ത്രീകൾ  വേറെ എമ്പാടും ഇല്ലേ നാട്ടിൽ.  ഭർത്താവ് അടുത്തില്ലാത്ത  ഗൾഫുകാരുടെ ഭാര്യമാരല്ല fb അടക്കം സോഷ്യൽ മീഡിയയിൽ  ഏറെ എന്ന് ഇവിടെ തന്നെ ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇവരെല്ലാം മോശക്കാർ എന്നല്ല പറഞ്ഞു വരുന്നത്. സൈബർ ഒളിസേവയുടെ ഈ ആഘോഷകാലത്ത് അപഥസഞ്ചാരത്തിന്  സൗകര്യപ്രദമായ ഇടമായി ഫേസ്‌ബുക്കും  ദുരുപയോഗപ്പെടുത്തുന്നതിൽ  ഗൾഫുകാരുടെ  ഭാര്യമാരല്ല കൂടുതൽ എന്നത് ഒരു യാഥാർഥ്യം മാത്രമല്ലേ. സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും കൊല്ലാൻ കാമുകനെ ചട്ടം കെട്ടിയത് ഭർത്താവ് കൂടെയുള്ള  അഭ്യസ്തവിദ്യയായ IT ഉദ്യോഗസ്ഥ ആയിരുന്നുവെന്നും ഏതെങ്കിലും ഗൾഫുകാരന്റെ കെട്ടിയവൾ ആയിരുന്നില്ല എന്നതും സൗകര്യപൂർവ്വം അങ്ങ് മറക്കാം അല്ലെ?
നാട്ടിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ നിന്ന് പിടിക്കപ്പെടുന്നതും അതിലേറെ പിടിക്കപ്പെടാത്തതും ഗൾഫുകാരുടെ ഭാര്യമാർ അല്ല  എന്നത് കൂടി ഓർത്താൽ നന്ന്.

മറുനാട്ടിൽ ഒറ്റക്ക് കഴിയുന്നവരൊക്കെ കാണുന്ന പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കിയും നീലച്ചിത്രങ്ങൾ കണ്ടും കാമചിന്തയാൽ ഉഴറി കഴിയുകയാണ് എന്ന്   ഊഹിച്ചങ് എഴുതിയുണ്ടാക്കുന്നവരോട് ഒരു ചോദ്യം.  ഇങ്ങനെ കാമം അടക്കാൻ കഴിയാതെ ഏതെങ്കിലും പെണ്ണിനെ കയറിപ്പിടിച്ചെന്നോ പീഡിപ്പിച്ചെന്നോ എത്ര പ്രവാസികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്?

നാട്ടിൽ  ബസ്സിലായാലും
നടുറോട്ടിലായാലും ഒരു നൂലിന്റെ മറ കിട്ടിയാൽ പെണ്ണിനെ തോണ്ടുകയും പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ അടുത്തില്ലാത്ത  ഗൾഫുകാരനാണോ? ബാസ്റ്റാന്റിന്റെ പിറകിലെ ഇരുട്ടിൽ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വരെ നടക്കുന്ന മാംസക്കച്ചോടത്തിലെ ഉപഭോക്താവ് കെട്ടിയവൾ അടുത്തില്ലാതെ കാമം മൂത്തു നടക്കുന്ന ഗൾഫുകാരനാണോ? കുളക്കടവിലും തുണിക്കടയിലും കിടപ്പറയിലുമടക്കം  ഒളിക്യാമറ വെച്ച് പിടിച്ചും മൊബൈൽ വഴി വിതരണം ചെയ്തും  പെണ്ണിന്റെ നഗ്നത ആസ്വദിക്കുന്നത് കുടുംബം പോറ്റാൻ വേണ്ടി കടൽ കടന്നുപോയി ഒറ്റത്തടിയായി കഴിയുന്നവനല്ല. കെട്ടിയവളും കാമുകിയും പോരാത്തതിന് വെപ്പാട്ടിയും ഉണ്ടായിട്ടും മതിയാവാത്ത, നാട്ടിൽ ജീവിക്കുന്നവർ തന്നെയാണ് സർ.

വാരിക്കൂട്ടാനുള്ള ആർത്തി  മൂത്താണ് ഗൾഫിൽ അള്ളിപ്പിടിച്ചു നിൽക്കുന്നതെന്ന് പരിഹസിക്കുന്നവരേ,  കണ്ണ് തുറന്നൊന്നു അന്വേഷിച്ചു നോക്കൂ ഭൂരിപക്ഷം വരുന്ന ഗൾഫ് പ്രവാസികളുടെ ശരാശരി വരുമാനം എത്രയാണെന്ന്. നാട്ടിൽ 7000 കിട്ടിയവന് ഒറ്റയടിക്ക് 18000 ആയ വാർത്ത കണ്ട് അന്തം വിടാനെ ഞങ്ങൾക്ക് കഴിയൂ.  പിന്നെ 'ഈരെടുത്താൽ പേൻ കൂലി ചോദിക്കുന്ന', ഗൾഫുകാരനെ എങ്ങനെയൊക്കെ പിഴിയാം എന്നതിൽ ഗവേഷണം നടത്തുന്ന ഒരു നാട്ടിലേക്ക് ആരാണ്  എല്ലാം ഇട്ടെറിഞ്ഞു ഓടിപ്പോരുക.

ദാമ്പത്യം എന്നാൽ കാമശമനത്തിനുള്ള  ഒരു  ഏർപ്പാട് മാത്രമാണ് എന്ന  ധാരണയാണ് പലർക്കും ഗൾഫുകാരുടെയും അവരുടെ ഭാര്യമാരുടെയും കാര്യത്തിൽ ഇത്ര ഉത്കണ്ഠയുണ്ടാകാൻ കാരണം. ആ കുടുസ്സായ ചിന്തയുള്ളവർക്ക് ഇണകൾ എപ്പോഴും 'പൂശാൻ മുട്ടി നടക്കുന്ന'  രണ്ട് ശരീരങ്ങൾ മാത്രമാണ്. 

ആണിന് ഗൾഫിൽ വെച്ചും പെണ്ണിന് നാട്ടിലും തെറ്റ് ചെയ്യാൻ എമ്പാടും അവസരവും പ്രലോഭനങ്ങളും ഉണ്ടായിട്ടും അതിലേക്കൊന്നും മാറിപ്പോകാതെ ഇണയോടുള്ള സ്നേഹവും വിശ്വാസ്യതയും കളങ്കപ്പെടുത്താതെ ജീവിക്കുന്നവരാണ് ഇവരിൽ ബഹുഭൂരിപക്ഷവും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ മനസ്സിലാവണം എന്നില്ല. ദാമ്പത്യത്തിൽ ശരീരം മാത്രമല്ല രണ്ടു മനസ്സുകളുടെ സ്നേഹവും കരുതലും പ്രണയവും ഒക്കെയുണ്ട് സാർ. അതിനു മുമ്പിൽ കുറച്ചു കാലം കാമം അടക്കിപ്പിടിച്ചു നിൽക്കുക എന്നത് നിസ്സാരമാണ്.  കാമത്തേക്കാൾ  ഇരു കൂട്ടരുടെയും മനസ്സിൽ അകന്നു നിൽക്കുമ്പോൾ അധികരിക്കുന്ന  സ്നേഹവും ഇഷ്ടവും ആണ്. ഓർമ്മകളാണ്. മനുഷ്യൻ മൃഗത്തിൽ നിന്ന് വ്യത്യസ്തനാകുന്നത് അവിടെയാണല്ലോ.

ഭർത്താവിന്റെ അഭാവത്തിൽ വീട് കുടുംബം മക്കൾ എന്നിങ്ങനെ എമ്പാടും ഉത്തരവാദിത്തങ്ങളുമായി കഴിയുന്നൊരു പെണ്ണിനും കണ്ണെത്താദൂരത്ത്‌  തന്റെ കുടുംബത്തിനായി മരുഭൂമിയിൽ കഷ്ടപ്പെടുന്നവനും കാമം മാത്രമല്ല ചിന്ത.

ഒളിച്ചോടുന്ന ഗൾഫുകാരുടെ ഭാര്യമാരെ കുറിച്ച് മാത്രം ചർച്ച ചെയ്യാനെ സമൂഹത്തിനു താല്പര്യം ഉള്ളൂ. ഗൾഫുകാരന്റെ ഭാര്യയുടെ ഓരോ ചലനവും നിരീക്ഷിക്കാൻ ക്യാമറ കണ്ണുമായി ഇരിക്കുന്ന ഒരു വിഭാഗം, ചിലതൊക്കെ കൊതിക്കെറുവ് കൊണ്ട്  കെട്ടിയുണ്ടാക്കുന്ന  കഥകൾ. ഇതൊക്കെ വെച്ച് പൈങ്കിളികഥകൾ പടച്ച് രസിക്കാൻ വല്ലാത്ത ഹരമാണ് പലർക്കും.

എല്ലാ ഗൾഫുകാരും  പ്രവാസിഭാര്യമാരും  സൽഗുണ സമ്പന്നർ ആണ് എന്ന് പറയുന്നില്ല. പക്ഷെ ആരോപിക്കും  മുമ്പ് ചുറ്റുപാടും ഒന്ന് നോക്കുക. ചെറിയൊരു ശതമാനം ചെയ്യുന്ന തെറ്റിന് ഒരു വിഭാഗത്തെ മൊത്തം അടച്ചാക്ഷേപിക്കരുത്.

അഗമ്യഗമനത്തിന്റെ നാറിയ കഥകൾ നാട്ടിൽ എമ്പാടും ഉണ്ടാകും. അപൂർവ്വമായി അതിൽ വല്ല ഗൾഫുകാരന്റെ ഭാര്യയും പെട്ട് പോകുമ്പോഴേക്കും എല്ലാരും കൂടെ ദയവുചെയ്ത് ഗള്ഫുകാരെയും അവരുടെ കെട്ട്യോൾ മാരെയും  ഉപദേശിച്ചു നന്നാക്കാൻ വരല്ലേ. ആവശ്യത്തിൽ കൂടുതൽ കുറ്റപ്പെടുത്താലും പഴി കേൾക്കലും കേട്ട് മടുത്തു പോയ ഒരു വിഭാഗമാണ്. പ്രതികരിക്കാതിരിക്കുന്നത് അറിയാഞ്ഞിട്ടല്ല. ഇതുകൊണ്ടൊന്നും ആരുടേയും ധാരണകളെ തിരുത്താൻ കഴിയില്ല എന്ന് കാലങ്ങൾ കൊണ്ട് ബോധ്യം വന്നതിനാലാണ്.

പരിശുദ്ധ മാസത്തിൽ ഇത്തരം വിഷയങ്ങൾ എഴുതാൻ താല്പര്യം ഉണ്ടായിട്ടല്ല. പക്ഷെ നിരന്തരമായ ഈ മെക്കിട്ട്കേറൽ കാണുമ്പോൾ  ഒരു ഗൾഫുകാരൻ എന്ന നിലയിൽ മാത്രമല്ല ഇതൊക്കെ വായിച്ചു പകച്ചു പോകുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്ക് വേണ്ടിയും   ഇത്രയെങ്കിലും പറഞ്ഞേ പറ്റൂ. ക്ഷമിക്കുക.

Wednesday, June 22, 2016

ഉമ്മ



"നിങ്ങക്കൊരു ഓട്ടോറിക്ഷ വിളിച്ചു പൊയ്ക്കൂടേ,....... എനിക്ക് നേരല്ല... ഒരുപാട് തിരക്കുണ്ട്..."

മുരണ്ട് മുക്രയിട്ട്, ഇരമ്പിപ്പാഞ്ഞുപോയ ബൈക്കിന്റെ പുകതട്ടിയാവും കണ്ണ് നിറഞ്ഞത്.

ഉടുപ്പിലെ പിടിവിടാതെ  വാലുപോലെ എപ്പോഴും പിറകെ നടന്ന ഉമ്മാന്റെ കുട്ടി. എങ്ങോട്ട് പോകാനിറങ്ങിയാലും കൂടെപ്പോരാൻ ബഹളം വെച്ച് കരഞ്ഞവൻ.....

"ഉമ്മാ....എവ്ടെ പോക്മ്പളും ന്നേം കൂട്ടണേ.."
ഉള്ളിലൊരു കുഞ്ഞുകൊഞ്ചലിന്റെ   ഓർമ്മ പിടഞ്ഞു.

ആദ്യമായി സ്‌കൂളിൽ  ചേർത്ത നാൾ
"ഉമ്മാനെ വിട്ട് ഞാൻ  പോണില്ലാ"ന്ന്  മുറുകെപ്പിടിച്ച് ഏങ്ങലടിച്ച കണ്ണീർമുഖം നെഞ്ചിലിപ്പോഴും....

പനിച്ചൂട് പൊള്ളിച്ചൊരു രാത്രിയിൽ പുലരും വരെ  ഉറങ്ങാതെ തോളിലിട്ട്  നടക്കുമ്പോൾ, പാതിമയക്കത്തിൽ വായുവിൽ വളയം തിരിച്ചു പറഞ്ഞുകൊണ്ടിരുന്നു....
"ഞാൻ വല്ദാവുമ്പൊ ഒരു കാറ്  വാങ്വല്ലോ....ന്നിട്ട് ഉമ്മാനെയും മുന്നിലിരുത്തി..."

 ഇനിയൊരു ഓട്ടോറിക്ഷ കിട്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും നേരം പിന്നെയും വൈകും. മെല്ലെ നടക്കാം. അല്ലെങ്കിൽ ഇന്നും ഡോക്ടറെ കാണലുണ്ടാവില്ല.

വീണ് നെറ്റിപൊട്ടി ചോര നിൽക്കാതെ നിലവിളിച്ച എട്ടുവയസ്സുകാരനെയും വാരിയെടുത്ത്  തോളിലിട്ട്  ഇതേ വഴിയിലൂടെ ആശുപത്രിയിലേക്ക്   ഓടുമ്പോൾ  ഭാരവും തളർച്ചയും അറിയാഞ്ഞ കാലുകൾ ഇന്ന് പത്തടി നടക്കുമ്പോഴേക്കും..... വിശ്രമമില്ലാത്ത യന്ത്രം പോലെ പണിയെടുത്താവണം  ഈ നാല്പത്തിരണ്ടാം വയസ്സിലിങ്ങനെ........

മോനും ബൈക്കും നിരത്തിനറ്റത്ത് കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നു...  പാവാണ് ന്റെ കുട്ടി.... എന്തോ തിരക്കുണ്ടാകും അല്ലാതെ.... അടുക്കളക്കപ്പുറം ലോകം കാണാത്ത  ഈ ഉമ്മാക്ക് എന്തറിയാം...

കണ്ണ് നിറയുന്നത്..... ബൈക്കിന്റെ പുക തട്ടിയത് കൊണ്ട്  തന്നെയാണ്.

നോവമർത്തി  ഓരോ ചുവട് വെക്കുമ്പോഴും ഉമ്മാന്റെ  കാലടിച്ചോട്ടിലൊരു സ്വർഗ്ഗം കരഞ്ഞു.
___________________
വര: Shabna Sumayya

Thursday, May 5, 2016

STEPS

ആളുകൾ ധൃതിപ്പെട്ടു കയറുകയും ഇറങ്ങുകയും ചെയ്യുന്ന, വലിയ വെടിപ്പില്ലാത്ത സ്‌റ്റെപ്പുകളുടെ close up ഷോട്ടിൽ ടൈറ്റിലുകൾ തെളിയുന്നു. പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.

സീൻ-1
പ്രഭാതം
Exterior

വെളിച്ചം വീണു തുടങ്ങിയ നാട്ടിൻപുറത്തെ പ്രഭാതം. താറിട്ട നിരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു മുച്ചക്ര സൈക്കിളിന്റെ പിറകിൽ നിന്നുള്ള ദൃശ്യം. അന്തരീക്ഷത്തിൽ വളരെ നേർത്ത ശബ്ദത്തിൽ ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേൾക്കാം. നിരത്തരികിലൂടെ ക്ഷേത്രദർശനം കഴിഞ്ഞു പോകുന്ന ചിലർ. പ്രതീക്ഷയുടെ പ്രകാശനം പോലെ ഉദയസൂര്യന്റെ തിളക്കം.

മുന്നിൽ നിന്നുള്ള ദൃശ്യം. മുച്ചക്ര സൈക്കിളിൽ മുന്നോട്ടു നീങ്ങുന്ന അരയ്ക്കു താഴെ തളർന്ന അയാൾ. ഉദയസൂര്യന്റെ തിളക്കവും പ്രകാശവും അയാളുടെ കണ്ണുകളിലുമുണ്ട്. ഉന്മേഷം ഉള്ള മുഖം. പഴയതെങ്കിലും വൃത്തിയുള്ള വേഷം. സീറ്റിന്റെ വശത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഫയല് പോലെ തോന്നിക്കുന്ന കടലാസുകൾ. നിറഞ്ഞ വെള്ളക്കുപ്പി.

വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ നിരത്തരികിലായി ക്ഷേത്രഭണ്ഡാരം. അയാൾ വേഗത കുറച്ചു ഭണ്ഡാരത്തിന് അടുത്തായി വണ്ടി നിർത്താൻ ഒരുങ്ങുന്നു.

മുച്ചക്ര സൈക്കിളിന്റെ മുൻചക്രത്തിലൂടെ കാണുന്ന ദൃശ്യം. ഉയരത്തിലുള്ള ക്ഷേത്രത്തിലേക്ക് കയറാനുള്ള പടവുകൾ. ദൂരെ ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കുന്നവരും പ്രദക്ഷിണം വെയ്ക്കുന്നവരും. പടികൾ കയറിപ്പോകുന്നവരും ഇറങ്ങി വരുന്നവരും. ദൃശ്യം വികസിക്കുമ്പോൾ ഭണ്ഡാരത്തിലേക്ക് പണം ഇടുന്ന അയാൾ. വണ്ടി മുന്നോട്ടു നീങ്ങുന്നു.

സീൻ-2
പകൽ

ഒരു പ്രൈവറ്റ് ബസ്സിന്റെ സ്റ്റെപ്പുകളിൽ ധൃതിയിൽ കയറുന്ന കാലുകളുടെ ദൃശ്യം. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തൊഴിലാളികളും..... ബസ്സിന്റെ ബോഡിയിൽ അടിച്ചുകൊണ്ട് "വേം കേറ്..... വേം കേറ്" എന്ന് ധൃതി കൂട്ടുന്ന കിളിയുടെ ശബ്ദം. ദൃശ്യം വികസിക്കുമ്പോൾ ഒരു ജംഗ്ഷനിൽ നിർത്തിയ ബസ്സ്. ബസ്സ് പോയശേഷം പ്രധാന നിരത്തിലേക്ക് കയറാൻ വണ്ടി നിർത്തി കാത്തിരിക്കുന്ന അയാളുടെ പിൻഭാഗദൃശ്യം. നേരത്തെ കണ്ട ദൃശ്യത്തിൽ നിന്നും അല്പം കൂടി മൂത്ത വെയിലും വെളിച്ചവും. ബസ്സ് മുന്നോട്ടു നീങ്ങുമ്പോൾ അയാളും വണ്ടി മുന്നോട്ടെടുക്കുന്നു.

സീൻ-2A
വീതിയുള്ള ഇരട്ട നിരത്തിലൂടെ തിരക്കിട്ടോടുന്ന വാഹനങ്ങൾക്കിടയിൽ നിരത്തിന്റെ അരികുപറ്റി സാവധാനം നീങ്ങുന്ന അയാളുടെ വണ്ടി. അയാളെ കടന്നുപോകുന്ന വാഹനങ്ങൾ. അയാളുടെ നോട്ടത്തിൽ നിരത്തിന്റെ വശത്ത് വിദൂര ദൃശ്യമായി ഉയരത്തിൽ ഉള്ള ചർച്ചും അങ്ങോട്ടുള്ള പടികളും. കൈകൊണ്ടു മറച്ചു പിടിച്ചു നോക്കുമ്പോഴും ഉയരത്തിലെ സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയിൽ മങ്ങിപ്പോകുന്ന യേശുവിന്റെ രൂപവും കുരിശും.

സീൻ-3
പകൽ

ഉയർത്തിപിടിച്ച കുപ്പിയിൽ നിന്നും വെള്ളം വായയിലേക്ക് ഒഴിക്കുന്ന ദൃശ്യത്തിൽ ഈ സീൻ തുടങ്ങുന്നു. വെയിലിന്റെ കടുപ്പം. വിയർത്ത തൊണ്ട. ദൃശ്യം വികസിക്കുമ്പോൾ ഒരു ട്രാഫിക് കുരുക്കിൽ കുടുങ്ങി കാത്തു കിടക്കുന്ന അയാൾ. അക്ഷമാരായ വാഹനങ്ങളുടെ ബഹളം. വെയിൽ കത്തി തുടങ്ങിയിരിക്കുന്നു. വെള്ളം കുടിച്ച ശേഷം മുഖം തോർത്തു കൊണ്ട് അമർത്തി തുടച്ച അയാൾ ഒരു തണൽ തേടും പോലെ നിരത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നു.

അയാളുടെ വാഹനം കയറ്റാൻ കഴിയാത്ത ഉയരത്തിൽ ഫുട്പാത്. കുറച്ചപ്പുറത്തു തണൽ പരത്തി നിൽക്കുന്ന മരം. ഒരു അങ്ങാടിപ്പശു നിരത്തിൽ നിന്ന് കയറി മരത്തണലിൽ നിൽക്കുന്നു.

ഒന്നും ചെയ്യാനില്ലാതെ വെറുതെ ചുറ്റും നോക്കുന്ന അയാളുടെ കണ്ണിൽ നിരത്തരികിലെ കെട്ടിടത്തിലെ ഹോട്ടലിൽ നിന്ന് പതിനെട്ടു പടികയറി അയ്യപ്പ സാന്നിധാനത്തിൽ എത്തി ഈശ്വരസാക്ഷാത്കാരം അനുഭവിക്കുന്ന ഭക്തനെ കുറിച്ചുള്ള ഗാനം റേഡിയോവിൽ. കെട്ടിടത്തിന്റെ മുകൾ നിലയിലായി കാണുന്ന വായനശാലയും പാർട്ടി ആപ്പീസും. അപ്പുറത്തായി ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഒരു പരസ്യബോർഡിലെ വാചകങ്ങൾ 'ആത്മവിശ്വാസത്തോടെ ചവിട്ടിക്കയറൂ ഓരോ പടികളും.... വിജയികൾക്കുള്ളതാണ് ലോകം'
അയാളുടെ നോട്ടം ആ കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികളിലേക്ക് പാറി വീഴുമ്പോൾ മുഖത്തൊരു ചിരി തെളിയുന്നു. ബ്ലോക്ക് നീങ്ങി വാഹനങ്ങൾ നീങ്ങാൻ തുടങ്ങുന്നു.

സീൻ-4

നഗരത്തിരക്കിൽ നിന്നും പുറത്ത് വെയിൽ കത്തി നിൽക്കുന്ന, തിരക്കില്ലാത്ത നിരത്തിലൂടെ അയാൾ. കത്തുന്ന വെയിൽച്ചോട്ടിൽ ദുർബലനായി നീങ്ങുന്ന അയാൾ ഒരിടത്തു വണ്ടി നിർത്തി വെള്ളക്കുപ്പി എടുക്കുന്നു. കുടിക്കാൻ വേണ്ടി വായിലേക്ക് ഒഴിക്കുമ്പോൾ അതിൽ വെള്ളം ഇല്ലെന്നറിഞ്ഞു വെയിലിന്റെ ഉഗ്രതയിൽ എന്ത് ചെയ്യണം എന്നറിയാതെ...

അപ്പോൾ അന്തരീക്ഷത്തിൽ ബാങ്ക് വിളി ഉയരുന്നു. തളർച്ചയിൽ ഒരു ഉണർവ്വ് പോലെ അയാൾ ബാങ്ക് കേട്ട ഭാഗത്തേക്ക് ശ്രദ്ധിക്കുന്നു. ദൂരെയായി കാണുന്ന പള്ളിമിനാരം.

ഒരു പ്രതീക്ഷയോടെ അയാൾ മിനാരം കാണുന്ന ഇടത്തേക്ക് സൈക്കിൾ തിരിക്കുന്നു.

സീൻ-4A

ബാങ്കുവിളി ശബ്ദത്തോടൊപ്പം മിനാരത്തിൽ നിന്ന് താഴേക്ക് ദൃശ്യം വികസിക്കുമ്പോൾ മോടിയിൽ പണി കഴിപ്പിച്ച വലിയൊരു പള്ളിയുടെ പകിട്ടുള്ള കാഴ്ച. സൈക്കിളുമായി അയാൾ. ബാങ്ക് അവസാനിക്കുമ്പോൾ അയാൾ പള്ളിയുടെ മുന്നിൽ എത്തുന്നു. പള്ളിയിലേക്ക് കയറിച്ചെല്ലാനുള്ള പടികളിൽ തട്ടി നിൽക്കുന്ന സൈക്കിൾ ചക്രം. അയാൾ വിഷണ്ണനായി ഇരിക്കുന്നു.

പള്ളിയിലേക്ക് കയറിപ്പോകുന്ന ആളുകൾ. നിസ്സഹായന്റെ തളർച്ചയോടെ അയാൾ കണ്ണുകൾ മുറുകെ അടച്ചു കൈകൾ തലക്കു പിറകിലാക്കി ആകാശത്തേക്ക് മുഖമുയർത്തി വണ്ടിയിൽ ചാഞ്ഞു കിടക്കുന്നു. അയാളെ ശ്രദ്ധിച്ചു കൊണ്ട് പള്ളിയിലേക്ക് കയറിപ്പോയ ഒരു മധ്യവയസ്കൻ തിരികെ വന്ന് ഒരു പത്തു രൂപാ നോട്ട് അയാളുടെ മടിയിൽ ഇട്ട് തിരിച്ചു പോകുന്നു.

പെട്ടെന്ന് കണ്ണു തുറന്ന അയാൾ മടിയിലെ നോട്ട് കണ്ടു വല്ലാതാകുന്നു. അത് കയ്യിൽ എടുത്ത് പണം മടിയിൽ ഇട്ടയാളെ നോട്ടം കൊണ്ട് തിരയുന്നു. എന്ത് ചെയ്യണം എന്നറിയാതെ അറപ്പുള്ള വസ്തു പോലെ നോട്ട് കയ്യിൽ നിവർത്തിപ്പിടിച്ച്...

അയാളുടെ വശത്തായി കോണിച്ചുവരിൽ പള്ളി പരിപാലനത്തിന് ഉദാരമായി സംഭാവന ചെയ്യുക' എന്ന എഴുത്തിനു ചുവട്ടിലെ 'നേർച്ചപ്പെട്ടി'യിൽ അയാൾ ആ പത്തു രൂപ ഇടുന്നു.

പുറത്താക്കപ്പെട്ടവന്റെ, അപമാനിക്കപ്പെട്ടവന്റെ വേദനയിൽ നിറഞ്ഞു പോകുന്ന കണ്ണോടെ അയാൾ തിരിച്ചു പോരാൻ സൈക്കിൾ തിരിക്കുന്നു.

അയാൾക്ക് പിറകിൽ പള്ളിമതിലിൽ പൂപ്പൽ പിടിച്ചും നിറം മങ്ങിയും കാണുന്ന വാചകം ഇങ്ങനെ വായിക്കാം.
'നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുമ്പോൾ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും'

കുനിഞ്ഞ ശിരസ്സോടെ അയാൾ സാവധാനം സൈക്കിൾ മുന്നോട്ടു നീക്കുന്നു. തോറ്റവനും തിരസ്‌കൃതനും ആയ അയാളുടെ പിറകിൽ പള്ളിയും ചുവരിലെ അക്ഷരങ്ങളും അകന്നകന്നു പോവുന്നു.

കത്തുന്ന സൂര്യന് ചോട്ടിലെ തണലില്ലാ നിരത്തിലൂടെ അയാളും മുച്ചക്ര സൈക്കിളും മുന്നോട്ടു നീങ്ങുന്നു

സീൻ-5

നഗരത്തിലെ കൂറ്റൻ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് കടക്കുന്ന അയാളും വണ്ടിയും. പല നിലകളായുള്ള കെട്ടിടം. അങ്ങുമിങ്ങും ധൃതിയിൽ നടക്കുന്ന ആളുകൾ. അയാൾ മുഖം തുടച്ചു ചെറിയൊരു പരിഭ്രമത്തോടെ കെട്ടിടവും ചുറ്റുപാടും വീക്ഷിക്കുന്നു.
കയ്യിലുള്ള കവർ എടുത്തു കടലാസുകൾ ഒക്കെ എടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആരോടാണ് ചോദിക്കുക എന്ന് ശങ്കിച്ച്....

തിരക്കിട്ടു കടന്നുപോകുന്ന, പ്യൂണിനെ പ്പോലെ തോന്നിച്ച ഒരാളോട് കടലാസുകൾ കാണിച്ച് എന്തോ ചോദിക്കുന്നു. അയാൾ ദൂരെ കെട്ടിടത്തിന് മൂന്നാം നിലയിലെ ഒരു മഞ്ഞ ബോർഡിലേക്ക് വിരൽ ചൂണ്ടുന്നു.

ഇത്രനേരവും ഉത്സാഹം നിറഞ്ഞു നിന്ന അയാളുടെ മുഖം, മൂന്നാം നിലയിൽ ഓഫീസ് കാണുമ്പോൾ മങ്ങിപ്പോകുന്നു. മുകളിലേക്ക് പോകാനുള്ള കോണി ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ട് മറ്റേയാൾ ധൃതിപ്പെട്ട് പോകുന്നു.

സീൻ 5 A

ധൃതിപ്പെട്ടും അല്ലാതെയും ആളുകൾ കയറിയിറങ്ങുന്ന വീതികൂടിയ കോണിപ്പടിയുടെ ദൃശ്യം. ക്ഷീണിതനായ ഒരു വൃദ്ധൻ കൈയിൽ കടലാസുമായി കൈവരിയിൽ പിടിച്ചു ഓരോ പടികളായി മെല്ലെ കയറുന്നത് കാണാം.

ദൃശ്യം വികസിക്കുമ്പോൾ, ഓഫീസ് മുറ്റത്ത് മുച്ചക്ര സൈക്കിളിൽ കോണിപ്പടവുകളിലേക്ക് നോക്കിയിരിക്കുന്ന അയാൾ. കത്തുന്ന വെയിലിൽ അയാളും സൈക്കിളും.

അയാളുടെ കാഴ്ച്ചയിൽ അവസാനിക്കാത്ത കോണിപ്പടികളുടെ ഭ്രമാത്മക ദൃശ്യം. മുകളിലോട്ട് വേഗത കൂടിക്കൂടി...... ഒരിക്കലും അവസാനിക്കാത്ത കോണിപ്പടികൾ.

ഞെട്ടി ഉണരുമ്പോൾ പഴയപോലെ ആളുകൾ കയറുന്ന കോണിപ്പടി. നിരാശ കൊണ്ട് മരവിച്ച മനസ്സോടെ കോണിപ്പടിയിലേക്ക് തറച്ചു നോക്കിയിരിക്കുന്ന അയാളുടെ കാഴ്ചയിൽ ടൈറ്റിൽ സീനിൽ കണ്ട ദൃശ്യം.

പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.

The end
വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആഹ്ളാദങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സഹോദരങ്ങൾക്ക്.