ആളുകൾ ധൃതിപ്പെട്ടു കയറുകയും ഇറങ്ങുകയും ചെയ്യുന്ന, വലിയ വെടിപ്പില്ലാത്ത സ്‌റ്റെപ്പുകളുടെ close up ഷോട്ടിൽ ടൈറ്റിലുകൾ തെളിയുന്നു. പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.
സീൻ-1
പ്രഭാതം
Exterior
വെളിച്ചം വീണു തുടങ്ങിയ നാട്ടിൻപുറത്തെ പ്രഭാതം. താറിട്ട നിരത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരു മുച്ചക്ര സൈക്കിളിന്റെ പിറകിൽ നിന്നുള്ള ദൃശ്യം. അന്തരീക്ഷത്തിൽ വളരെ നേർത്ത ശബ്ദത്തിൽ ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനം കേൾക്കാം. നിരത്തരികിലൂടെ ക്ഷേത്രദർശനം കഴിഞ്ഞു പോകുന്ന ചിലർ. പ്രതീക്ഷയുടെ പ്രകാശനം പോലെ ഉദയസൂര്യന്റെ തിളക്കം.
മുന്നിൽ നിന്നുള്ള ദൃശ്യം. മുച്ചക്ര സൈക്കിളിൽ മുന്നോട്ടു നീങ്ങുന്ന അരയ്ക്കു താഴെ തളർന്ന അയാൾ. ഉദയസൂര്യന്റെ തിളക്കവും പ്രകാശവും അയാളുടെ കണ്ണുകളിലുമുണ്ട്. ഉന്മേഷം ഉള്ള മുഖം. പഴയതെങ്കിലും വൃത്തിയുള്ള വേഷം. സീറ്റിന്റെ വശത്ത് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ഫയല് പോലെ തോന്നിക്കുന്ന കടലാസുകൾ. നിറഞ്ഞ വെള്ളക്കുപ്പി.
വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ നിരത്തരികിലായി ക്ഷേത്രഭണ്ഡാരം. അയാൾ വേഗത കുറച്ചു ഭണ്ഡാരത്തിന് അടുത്തായി വണ്ടി നിർത്താൻ ഒരുങ്ങുന്നു.
മുച്ചക്ര സൈക്കിളിന്റെ മുൻചക്രത്തിലൂടെ കാണുന്ന ദൃശ്യം. ഉയരത്തിലുള്ള ക്ഷേത്രത്തിലേക്ക് കയറാനുള്ള പടവുകൾ. ദൂരെ ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കുന്നവരും പ്രദക്ഷിണം വെയ്ക്കുന്നവരും. പടികൾ കയറിപ്പോകുന്നവരും ഇറങ്ങി വരുന്നവരും. ദൃശ്യം വികസിക്കുമ്പോൾ ഭണ്ഡാരത്തിലേക്ക് പണം ഇടുന്ന അയാൾ. വണ്ടി മുന്നോട്ടു നീങ്ങുന്നു.
സീൻ-2
പകൽ
ഒരു പ്രൈവറ്റ് ബസ്സിന്റെ സ്റ്റെപ്പുകളിൽ ധൃതിയിൽ കയറുന്ന കാലുകളുടെ ദൃശ്യം. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തൊഴിലാളികളും..... ബസ്സിന്റെ ബോഡിയിൽ അടിച്ചുകൊണ്ട് "വേം കേറ്..... വേം കേറ്" എന്ന് ധൃതി കൂട്ടുന്ന കിളിയുടെ ശബ്ദം. ദൃശ്യം വികസിക്കുമ്പോൾ ഒരു ജംഗ്ഷനിൽ നിർത്തിയ ബസ്സ്. ബസ്സ് പോയശേഷം പ്രധാന നിരത്തിലേക്ക് കയറാൻ വണ്ടി നിർത്തി കാത്തിരിക്കുന്ന അയാളുടെ പിൻഭാഗദൃശ്യം. നേരത്തെ കണ്ട ദൃശ്യത്തിൽ നിന്നും അല്പം കൂടി മൂത്ത വെയിലും വെളിച്ചവും. ബസ്സ് മുന്നോട്ടു നീങ്ങുമ്പോൾ അയാളും വണ്ടി മുന്നോട്ടെടുക്കുന്നു.
സീൻ-2A
വീതിയുള്ള ഇരട്ട നിരത്തിലൂടെ തിരക്കിട്ടോടുന്ന വാഹനങ്ങൾക്കിടയിൽ നിരത്തിന്റെ അരികുപറ്റി സാവധാനം നീങ്ങുന്ന അയാളുടെ വണ്ടി. അയാളെ കടന്നുപോകുന്ന വാഹനങ്ങൾ. അയാളുടെ നോട്ടത്തിൽ നിരത്തിന്റെ വശത്ത് വിദൂര ദൃശ്യമായി ഉയരത്തിൽ ഉള്ള ചർച്ചും അങ്ങോട്ടുള്ള പടികളും. കൈകൊണ്ടു മറച്ചു പിടിച്ചു നോക്കുമ്പോഴും ഉയരത്തിലെ സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയിൽ മങ്ങിപ്പോകുന്ന യേശുവിന്റെ രൂപവും കുരിശും.
സീൻ-3
പകൽ
ഉയർത്തിപിടിച്ച കുപ്പിയിൽ നിന്നും വെള്ളം വായയിലേക്ക് ഒഴിക്കുന്ന ദൃശ്യത്തിൽ ഈ സീൻ തുടങ്ങുന്നു. വെയിലിന്റെ കടുപ്പം. വിയർത്ത തൊണ്ട. ദൃശ്യം വികസിക്കുമ്പോൾ ഒരു ട്രാഫിക് കുരുക്കിൽ കുടുങ്ങി കാത്തു കിടക്കുന്ന അയാൾ. അക്ഷമാരായ വാഹനങ്ങളുടെ ബഹളം. വെയിൽ കത്തി തുടങ്ങിയിരിക്കുന്നു. വെള്ളം കുടിച്ച ശേഷം മുഖം തോർത്തു കൊണ്ട് അമർത്തി തുടച്ച അയാൾ ഒരു തണൽ തേടും പോലെ നിരത്തിന്റെ വശങ്ങളിലേക്ക് നോക്കുന്നു.
അയാളുടെ വാഹനം കയറ്റാൻ കഴിയാത്ത ഉയരത്തിൽ ഫുട്പാത്. കുറച്ചപ്പുറത്തു തണൽ പരത്തി നിൽക്കുന്ന മരം. ഒരു അങ്ങാടിപ്പശു നിരത്തിൽ നിന്ന് കയറി മരത്തണലിൽ നിൽക്കുന്നു.
ഒന്നും ചെയ്യാനില്ലാതെ വെറുതെ ചുറ്റും നോക്കുന്ന അയാളുടെ കണ്ണിൽ നിരത്തരികിലെ കെട്ടിടത്തിലെ ഹോട്ടലിൽ നിന്ന് പതിനെട്ടു പടികയറി അയ്യപ്പ സാന്നിധാനത്തിൽ എത്തി ഈശ്വരസാക്ഷാത്കാരം അനുഭവിക്കുന്ന ഭക്തനെ കുറിച്ചുള്ള ഗാനം റേഡിയോവിൽ. കെട്ടിടത്തിന്റെ മുകൾ നിലയിലായി കാണുന്ന വായനശാലയും പാർട്ടി ആപ്പീസും. അപ്പുറത്തായി ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഒരു പരസ്യബോർഡിലെ വാചകങ്ങൾ 'ആത്മവിശ്വാസത്തോടെ ചവിട്ടിക്കയറൂ ഓരോ പടികളും.... വിജയികൾക്കുള്ളതാണ് ലോകം'
അയാളുടെ നോട്ടം ആ കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികളിലേക്ക് പാറി വീഴുമ്പോൾ മുഖത്തൊരു ചിരി തെളിയുന്നു. ബ്ലോക്ക് നീങ്ങി വാഹനങ്ങൾ നീങ്ങാൻ തുടങ്ങുന്നു.
സീൻ-4
നഗരത്തിരക്കിൽ നിന്നും പുറത്ത് വെയിൽ കത്തി നിൽക്കുന്ന, തിരക്കില്ലാത്ത നിരത്തിലൂടെ അയാൾ. കത്തുന്ന വെയിൽച്ചോട്ടിൽ ദുർബലനായി നീങ്ങുന്ന അയാൾ ഒരിടത്തു വണ്ടി നിർത്തി വെള്ളക്കുപ്പി എടുക്കുന്നു. കുടിക്കാൻ വേണ്ടി വായിലേക്ക് ഒഴിക്കുമ്പോൾ അതിൽ വെള്ളം ഇല്ലെന്നറിഞ്ഞു വെയിലിന്റെ ഉഗ്രതയിൽ എന്ത് ചെയ്യണം എന്നറിയാതെ...
അപ്പോൾ അന്തരീക്ഷത്തിൽ ബാങ്ക് വിളി ഉയരുന്നു. തളർച്ചയിൽ ഒരു ഉണർവ്വ് പോലെ അയാൾ ബാങ്ക് കേട്ട ഭാഗത്തേക്ക് ശ്രദ്ധിക്കുന്നു. ദൂരെയായി കാണുന്ന പള്ളിമിനാരം.
ഒരു പ്രതീക്ഷയോടെ അയാൾ മിനാരം കാണുന്ന ഇടത്തേക്ക് സൈക്കിൾ തിരിക്കുന്നു.
സീൻ-4A
ബാങ്കുവിളി ശബ്ദത്തോടൊപ്പം മിനാരത്തിൽ നിന്ന് താഴേക്ക് ദൃശ്യം വികസിക്കുമ്പോൾ മോടിയിൽ പണി കഴിപ്പിച്ച വലിയൊരു പള്ളിയുടെ പകിട്ടുള്ള കാഴ്ച. സൈക്കിളുമായി അയാൾ. ബാങ്ക് അവസാനിക്കുമ്പോൾ അയാൾ പള്ളിയുടെ മുന്നിൽ എത്തുന്നു. പള്ളിയിലേക്ക് കയറിച്ചെല്ലാനുള്ള പടികളിൽ തട്ടി നിൽക്കുന്ന സൈക്കിൾ ചക്രം. അയാൾ വിഷണ്ണനായി ഇരിക്കുന്നു.
പള്ളിയിലേക്ക് കയറിപ്പോകുന്ന ആളുകൾ. നിസ്സഹായന്റെ തളർച്ചയോടെ അയാൾ കണ്ണുകൾ മുറുകെ അടച്ചു കൈകൾ തലക്കു പിറകിലാക്കി ആകാശത്തേക്ക് മുഖമുയർത്തി വണ്ടിയിൽ ചാഞ്ഞു കിടക്കുന്നു. അയാളെ ശ്രദ്ധിച്ചു കൊണ്ട് പള്ളിയിലേക്ക് കയറിപ്പോയ ഒരു മധ്യവയസ്കൻ തിരികെ വന്ന് ഒരു പത്തു രൂപാ നോട്ട് അയാളുടെ മടിയിൽ ഇട്ട് തിരിച്ചു പോകുന്നു.
പെട്ടെന്ന് കണ്ണു തുറന്ന അയാൾ മടിയിലെ നോട്ട് കണ്ടു വല്ലാതാകുന്നു. അത് കയ്യിൽ എടുത്ത് പണം മടിയിൽ ഇട്ടയാളെ നോട്ടം കൊണ്ട് തിരയുന്നു. എന്ത് ചെയ്യണം എന്നറിയാതെ അറപ്പുള്ള വസ്തു പോലെ നോട്ട് കയ്യിൽ നിവർത്തിപ്പിടിച്ച്...
അയാളുടെ വശത്തായി കോണിച്ചുവരിൽ പള്ളി പരിപാലനത്തിന് ഉദാരമായി സംഭാവന ചെയ്യുക' എന്ന എഴുത്തിനു ചുവട്ടിലെ 'നേർച്ചപ്പെട്ടി'യിൽ അയാൾ ആ പത്തു രൂപ ഇടുന്നു.
പുറത്താക്കപ്പെട്ടവന്റെ, അപമാനിക്കപ്പെട്ടവന്റെ വേദനയിൽ നിറഞ്ഞു പോകുന്ന കണ്ണോടെ അയാൾ തിരിച്ചു പോരാൻ സൈക്കിൾ തിരിക്കുന്നു.
അയാൾക്ക് പിറകിൽ പള്ളിമതിലിൽ പൂപ്പൽ പിടിച്ചും നിറം മങ്ങിയും കാണുന്ന വാചകം ഇങ്ങനെ വായിക്കാം.
'നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുമ്പോൾ ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും'
കുനിഞ്ഞ ശിരസ്സോടെ അയാൾ സാവധാനം സൈക്കിൾ മുന്നോട്ടു നീക്കുന്നു. തോറ്റവനും തിരസ്‌കൃതനും ആയ അയാളുടെ പിറകിൽ പള്ളിയും ചുവരിലെ അക്ഷരങ്ങളും അകന്നകന്നു പോവുന്നു.
കത്തുന്ന സൂര്യന് ചോട്ടിലെ തണലില്ലാ നിരത്തിലൂടെ അയാളും മുച്ചക്ര സൈക്കിളും മുന്നോട്ടു നീങ്ങുന്നു
സീൻ-5
നഗരത്തിലെ കൂറ്റൻ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് കടക്കുന്ന അയാളും വണ്ടിയും. പല നിലകളായുള്ള കെട്ടിടം. അങ്ങുമിങ്ങും ധൃതിയിൽ നടക്കുന്ന ആളുകൾ. അയാൾ മുഖം തുടച്ചു ചെറിയൊരു പരിഭ്രമത്തോടെ കെട്ടിടവും ചുറ്റുപാടും വീക്ഷിക്കുന്നു.
കയ്യിലുള്ള കവർ എടുത്തു കടലാസുകൾ ഒക്കെ എടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ആരോടാണ് ചോദിക്കുക എന്ന് ശങ്കിച്ച്....
തിരക്കിട്ടു കടന്നുപോകുന്ന, പ്യൂണിനെ പ്പോലെ തോന്നിച്ച ഒരാളോട് കടലാസുകൾ കാണിച്ച് എന്തോ ചോദിക്കുന്നു. അയാൾ ദൂരെ കെട്ടിടത്തിന് മൂന്നാം നിലയിലെ ഒരു മഞ്ഞ ബോർഡിലേക്ക് വിരൽ ചൂണ്ടുന്നു.
ഇത്രനേരവും ഉത്സാഹം നിറഞ്ഞു നിന്ന അയാളുടെ മുഖം, മൂന്നാം നിലയിൽ ഓഫീസ് കാണുമ്പോൾ മങ്ങിപ്പോകുന്നു. മുകളിലേക്ക് പോകാനുള്ള കോണി ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ട് മറ്റേയാൾ ധൃതിപ്പെട്ട് പോകുന്നു.
സീൻ 5 A
ധൃതിപ്പെട്ടും അല്ലാതെയും ആളുകൾ കയറിയിറങ്ങുന്ന വീതികൂടിയ കോണിപ്പടിയുടെ ദൃശ്യം. ക്ഷീണിതനായ ഒരു വൃദ്ധൻ കൈയിൽ കടലാസുമായി കൈവരിയിൽ പിടിച്ചു ഓരോ പടികളായി മെല്ലെ കയറുന്നത് കാണാം.
ദൃശ്യം വികസിക്കുമ്പോൾ, ഓഫീസ് മുറ്റത്ത് മുച്ചക്ര സൈക്കിളിൽ കോണിപ്പടവുകളിലേക്ക് നോക്കിയിരിക്കുന്ന അയാൾ. കത്തുന്ന വെയിലിൽ അയാളും സൈക്കിളും.
അയാളുടെ കാഴ്ച്ചയിൽ അവസാനിക്കാത്ത കോണിപ്പടികളുടെ ഭ്രമാത്മക ദൃശ്യം. മുകളിലോട്ട് വേഗത കൂടിക്കൂടി...... ഒരിക്കലും അവസാനിക്കാത്ത കോണിപ്പടികൾ.
ഞെട്ടി ഉണരുമ്പോൾ പഴയപോലെ ആളുകൾ കയറുന്ന കോണിപ്പടി. നിരാശ കൊണ്ട് മരവിച്ച മനസ്സോടെ കോണിപ്പടിയിലേക്ക് തറച്ചു നോക്കിയിരിക്കുന്ന അയാളുടെ കാഴ്ചയിൽ ടൈറ്റിൽ സീനിൽ കണ്ട ദൃശ്യം.
പടികളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന കാലുകൾ മാത്രം കാണാം. പടിയിലൂടെ മുകളിലേക്ക് കയറാൻ ശ്രമിക്കുന്ന ചെറിയൊരു പുഴു. എത്രശ്രമിച്ചിട്ടും മുകളിലോട്ടു കയാറാനാവാതെ... ഏതു നിമിഷവും ചവിട്ടിയരക്കപ്പെടാമെങ്കിലും മുകളിലേക്ക് കയറാൻ ഒരുങ്ങി, തിരക്കിട്ടു പോകുന്നവരുടെ കാൽച്ചോട്ടിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ നിസ്സഹായനായി ഒരു പുഴുജന്മം.
The end
വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആഹ്ളാദങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട സഹോദരങ്ങൾക്ക്.
പടവുകൾ...
ReplyDeleteനല്ലൊരു തിരക്കഥ
അസ്സലൊരു ഷോർട്ട് ഫിലീമാക്കാമല്ലൊ ഇത്
തിരക്കഥ സൂപ്പർ ആയിട്ടുണ്ട്
ReplyDelete