Wednesday, November 4, 2015

എക്സ്പ്രസ് വിമാനകാലത്തെ ‘പത്തേമാരി’



മലയാളിയുടെ ഗള്‍ഫ് പ്രവാസം അന്‍പതാണ്ട് പിന്നിട്ടു. എക്സ്പ്രസ് വിമാനങ്ങളുടെയും വീഡിയോ കോളിന്‍റെയും ഇക്കാലത്തെങ്കിലും ഗള്‍ഫ് പ്രവാസികളുടെ സങ്കടക്കടലിന്‍റെ തീരത്ത് ഒരു ‘പത്തേമാരി’ അടുപ്പിക്കാനെങ്കിലും മനസ്സുണ്ടായ സലിം അഹമദിനു നന്ദി.

എഴുപതുകളുടെ അവസാനം മുതല്‍ തന്നെ വീഡിയോ കാസറ്റുകളിലൂടെ ഓരോ ബാച്ചി റൂമുകളിലും ലേബര്‍ ക്യാമ്പുകളിലും വെള്ളിയാഴ്ച രാവുകളിലെ ആഘോഷമായി, ജന്നത്തുല്‍ ഫിര്‍ദൌസിന്‍റെയും വീക്കോ ടര്‍മറിക്കിന്‍റെയും പരസ്യമുള്ള മലയാള സിനിമകള്‍ സ്ഥാനം  പിടിച്ചിട്ടുണ്ട്. ടെലിവിഷനില്‍ ഇന്ത്യന്‍ ചാനലുകള്‍ ഇല്ലാത്ത, ഇന്റര്‍നെറ്റിനെ കുറിച്ച് ആലോചിചിട്ടുപോലും ഇല്ലാത്ത ആ കാലത്ത് ഗള്‍ഫ് പ്രവാസിയുടെ ഒഴിവുവേളകളെ ആനന്ദിപ്പിച്ചത് സിനിമകളുടെയും  റസലിംഗിന്‍റെയും  വീഡിയോകള്‍  തന്നെ ആയിരുന്നു.


പ്രേംനസീര്‍ സ്റ്റയില്‍ എന്ന് മലയാളത്തില്‍ എഴുതിയ കുപ്പായശീലക്കൊപ്പം കുപ്പിവളയും, കുട്ടിക്കുപ്പായവും,  ഈ നാടും, ചക്കരയുമ്മയും.... വീഡിയോ കാസറ്റും വീസീആറുമായി ഗള്‍ഫുകാരന്‍ നാട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് നാട്ടുകാരും വീട്ടുകാരും ഏറെ കണ്ടത്.

അധികം വൈകാതെ താരനിശകളും ആഘോഷങ്ങളുമായി മലയാള സിനിമക്കാര്‍ ഗള്‍ഫിലേക്ക്  ഒഴുകാന്‍ തുടങ്ങി . മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ട പ്രിയതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും  ഗള്‍ഫുകാരന്‍ സ്നേഹം കൊണ്ടു വീര്‍പ്പുമുട്ടിച്ചു.


പൊന്നുവാരി എത്തുന്ന’  ആദ്യകാല പേര്‍ഷ്യക്കാരന്‍റെ രാജകുമാരപരിവേഷം മാറി ഗള്‍ഫ് പ്രവാസിയുടെയും അവന്‍റെ പ്രിയപ്പെട്ടവരുടെയും  പൊള്ളുന്ന വേദനകളും വിരഹവും നോവുമൊക്കെ ആദ്യമായി ലോകത്തോട്‌ വിളിച്ചു പറഞ്ഞ   എസ്‌ എ ജമീലിന്‍റെ ദുബായ്കത്തൊക്കെ അതിനു മുമ്പേ ഇറങ്ങിയിരുന്നു.

പക്ഷെ  നമ്മുടെ എഴുത്തുകാരും സിനിമാക്കാരും അതൊന്നും ഒരിക്കലും കണ്ടതേയില്ല. ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’, ഈനാട്,  അക്കരെ,  വിസ’... തുടങ്ങിയ ഏതാനും സിനിമകളില്‍ മാത്രം പരാമര്‍ശിച്ചു പോയ ചെറിയ കഥാപാത്രങ്ങളില്‍ ഒതുങ്ങി ആ കാലത്തെ സിനിമകളിലെ ഗള്‍ഫ് പ്രവാസിയുടെ  ചിത്രം. എന്നാല്‍ പൊങ്ങച്ചക്കാരനായ കോമാളിവേഷമായി ധാരാളം സിനിമകളില്‍ ഗള്‍ഫുകാരന്‍ കൊണ്ടാടപ്പെടുകയും ചെയ്തു.

1989 ല്‍ ഇറങ്ങിയ വരവേല്‍പ്പും, 1999 ല്‍ ഇറങ്ങിയ ഗര്‍ഷോംസിനിമയും അല്ലാതെ എണ്‍പതുകള്‍ക്ക് ശേഷം അഥവാ ഗള്‍ഫ് മലയാളിയുടെ ദുരിതങ്ങളും വേദനകളും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുകയും ഗള്‍ഫില്‍ നിന്നുള്ള തിരിച്ചു പോക്കുകള്‍ ചെറുതായെങ്കിലും തുടങ്ങുകയും  ചെയ്ത കാലത്തിനു ശേഷം  ഈ വിഷയം പ്രമേയമായി കാര്യമായി ഒറ്റ സിനിമയും വന്നിട്ടില്ല.

എന്നാല്‍ പ്രമുഖ സംവിധായകര്‍ അയാള്‍ കഥയെഴുതുകയാണ്’, ‘ദുബായ്’, ‘കല്ല്‌ കൊണ്ടൊരു പെണ്ണ്’, , ‘ഡയമണ്ട് നെക്ലേസ്’, 'അറബിയും ഒട്ടകവും പി മാധവന്‍ നായരും'.... തുടങ്ങിയ ധാരാളം സിനിമകള്‍ ഗള്‍ഫില്‍ വെച്ച് തന്നെ ചിത്രീകരിച്ചെങ്കിലും അതിലൊന്നും   സാധാരണ ഗള്‍ഫ് പ്രവാസിയുടെ ജീവിതം   ഉണ്ടായിരുന്നില്ല..

ചുരുക്കി പറഞ്ഞാല്‍ മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്‍റെ അമ്പതാണ്ട്‌ കഴിയേണ്ടി വന്നു  മലയാള സിനിമക്ക് ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിലേക്ക് ഒന്ന് മനസ്സറിഞ്ഞു നോക്കാന്‍, ‘പത്തേമാരിയിലൂടെ.

ഇപ്പോഴാണ് പലരും ഗള്‍ഫുകാരന്‍ അയക്കുന്ന പതിനായിരത്തിന്‍റെ പിറകിലെ കഥ അറിയുന്നത് എന്ന് തോന്നുന്നു.


ഗള്‍ഫ് പ്രവാസത്തിന്‍റെ അമ്പതാണ്ട്‌ പിന്നിട്ട പള്ളിക്കല്‍ നാരായണനും പറയാനുള്ളത് പ്രിയപ്പെട്ടവരുടെ ചൂഷണത്തിന്‍റെ കഥ മാത്രമാണ്. പ്രവാസിയെകുറിച്ചുള്ള സ്ഥിരം ഉപമയായ മെഴുകുതിരി തന്നെ ഇദ്ദേഹവും.

ഗള്‍ഫ് പ്രവാസിയെ ശരിക്കും അടയാളപ്പെടുത്തിയ ഒരു ഹോം സിനിമ ഇറങ്ങിയിരുന്നു പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ്. സലാം കൊടിയത്തൂര്‍ സംവിധാനം ചെയ്ത പരേതന്‍ തിരിച്ചു വരുന്നു’.  സാങ്കേതിക മികവോ അപാരമായ അഭിനയ പാടവമോ ഒന്നുമില്ലാഞ്ഞിട്ടും വീട്ടുകാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന, വിരഹവും വേര്‍പാടും സഹിച്ചു ജീവിക്കുന്ന ഗള്‍ഫ് പ്രവാസികളെ ശരിക്കും വരച്ചു കാട്ടിയ ആ ഹോം സിനിമ ഇന്നും കടകളില്‍ ധാരാളം വിറ്റഴിക്കപ്പെടുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂകോപ്പി പംക്തിയില്‍ ഒരു ലക്കം ഈ ഹോംസിനിമയെ  കുറിച്ച് ആയിരുന്നു).

  
മമ്മൂട്ടി എന്ന അഭിനേതാവിന്‍റെ മികച്ച പ്രകടനവും സാങ്കേതിക മേന്മയും ഏറെ പഠിച്ചു തയ്യാറാക്കിയ തിരക്കഥയും സംവിധാനമികവും   ഒക്കെ കൊണ്ട് മുന്നില്‍ നില്‍ക്കുന്ന പത്തേമാരിക്കും പറയാനുള്ളത് ബന്ധുക്കളാല്‍ ചൂഷണം ചെയ്യപ്പെടുന്ന ഗള്‍ഫ് പ്രവാസിയുടെ ഒറ്റപ്പെടലിനെ കുറിച്ച് തന്നെ ആയിപ്പോയത് എന്തുകൊണ്ടാവും?

സ്നേഹിക്കാന്‍ മാത്രം അറിയുന്ന ആവശ്യം കഴിഞ്ഞാല്‍ ആര്‍ക്കും വേണ്ടാത്ത...... ഈ സങ്കടങ്ങളെ താലോലിച്ചു കഴിയുന്ന ഗള്‍ഫ്പ്രവാസി....................ഈ ഒരു ഒറ്റയച്ചില്‍ വാര്‍ത്ത രൂപങ്ങള്‍ മാത്രമായി എത്ര നാളായി നാം ഗള്‍ഫ് പ്രവാസിയെ വായിക്കുന്നു. (ഫേസ്ബുക്കിലൊക്കെ  വായിച്ചു വായിച്ചു ചെടിച്ചു പോയ കഥാപാത്രം). കുടുംബം ഭാര്യ മക്കള്‍ ഈ ഒരു വൃത്തത്തിന് അപ്പുറം ഗള്‍ഫ് പ്രവാസിക്ക് ഒരു വ്യക്തിത്വമില്ലേ?

കണ്ണീര്‍ കഥക്ക് അപ്പുറം പത്തേമാരിഗള്‍ഫുകാരന്‍റെ പ്രശ്നങ്ങള്‍ക്ക് നേരെ ക്യാമറ തിരിക്കുന്നുണ്ടോ.  ഗള്‍ഫുകാരന്‍ ചൂഷണം ചെയ്യപ്പെടുന്നത്, അല്ലെങ്കില്‍ ഗള്‍ഫുകാരനാല്‍ വളര്‍ന്നത് കുടുംബം മാത്രമാണോ?  നാടിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് ഓമനിച്ചു വിളിക്കുന്ന ഗള്‍ഫുകാരനോട്‌ മാറിമാറി വരുന്ന സര്‍ക്കാരും രാഷ്ട്രീയക്കാരും കാട്ടുന്ന അവഗണനയെ കുറിച്ച് എന്തുകൊണ്ട് പത്തേമാരിപോലും നിശബ്ദമാവുന്നു.  പള്ളിക്കല്‍ നാരായണന് പകരം നായകന്‍ പള്ളിക്കല്‍ അബ്ദുവോ മമ്മദോ ആയിരുന്നുവെങ്കില്‍ മഹല്ല് കമ്മറ്റിയും കല്യാണപ്പിരിവും ഒക്കെ ഉണ്ടാകും ഗള്‍ഫുകാരനെ സ്നേഹിക്കുന്നവരുടെലിസ്റ്റില്‍.

പാട്ടായാലും കഥയായാലും സിനിമ ആയാലും ഉള്ളു നിറയെ സ്നേഹവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള ദ്രോഹങ്ങളും അനുഭവിച്ച് എല്ലാം സഹിച്ചു കഴിയുന്ന കഥാപാത്രമായി തന്നെ നില്‍ക്കാനാണ് ഗള്‍ഫ് പ്രവാസിയുടെ യോഗം. അത് കാണാനാണ് പൊതുജനത്തിന് താല്‍പര്യവും.

പള്ളിക്കല്‍ നാരായണന്‍മാര്‍ ഇന്നും ഗള്‍ഫില്‍ എമ്പാടും ഉണ്ട് എന്നത് നേരാണ്. ഇന്നലെകളില്‍ അതിലേറെ ഉണ്ടായിരുന്നു. ബോക്സോഫീസ് വിജയം ഉദ്ദേശിച്ചു ഗള്‍ഫ്പ്രവാസിയുടെ കഥ പറയുന്ന ചിത്രം ചെയ്യുമ്പോള്‍ വിജയിക്കാന്‍ ഈ ചേരുവ തന്നെ മതിയാകും.

.
കണ്ണീര്‍കഥയുടെ സഹതാപത്തിന് അപ്പുറം ഗള്‍ഫ് പ്രവാസിയിലെക്ക്അവന്‍റെ പ്രശ്നങ്ങളിലേക്ക് ഗൌരവപൂര്‍വ്വം ക്യാമറ തിരിക്കാന്‍ നമ്മുടെ സിനിമാലോകം എന്നെങ്കിലും താല്‍പര്യം  കാണിക്കുമോഅതല്ല താരനിശകളും ആഘോഷങ്ങളും നടത്തി പണവും സമ്മാനങ്ങളും സ്നേഹവും ആദരവും നേടാനുള്ള  ഇടം മാത്രമാണോ മലയാള സിനിമയുടെ കണ്ണിലെ ഗള്‍ഫ് മരുഭൂമിയും ഗള്‍ഫ് പ്രവാസിയും..

----------------------------------------------------------------------------- 
‘പത്തേമാരി’,  സിനിമയിലൂടെ  ഇന്നലെകളിലും ഇന്നുമുള്ള ഗള്‍ഫ് മലയാളിയുടെ ജീവിതം വളരെ സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ സിനിമയെയോ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പരിശ്രമങ്ങളെയോ ചെറുതായി കാണുന്നില്ല.     




Monday, October 26, 2015

അടക്കിപ്പിടിച്ച തേങ്ങലുകള്‍



ആ പാതിരാത്രിയിലും എയര്‍പോര്‍ട്ടിനു പുറത്തു പകല് പോലെ വെളിച്ചമുണ്ടായിരുന്നു. തിരക്കും.

ഉള്ളിലെ, യാത്രയയക്കാന്‍  വരുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും....അയാളുടെ നരച്ച താടിരോമങ്ങള്‍ മുഖത്ത് ഇക്കിളിയിട്ടപ്പോള്‍ കയ്യിലിരുന്ന കുഞ്ഞ് കുടുകുടെ ചിരിച്ചു. അരികിലെ സീറ്റില്‍ ഇരുന്ന പര്‍ദ്ദയിട്ട സ്ത്രീയോട് കുറുമ്പുകാട്ടി ഒരു മൂന്നു വയസ്സുകാരന്‍..... അവര്‍ അവനെ ഒരു നേന്ത്രപ്പഴം കഴിപ്പിക്കാന്‍ വളരെയധികം ശ്രമിച്ചും നിരാശപ്പെട്ടും.......

അകത്ത് ബോര്‍ഡിംഗ് പാസിനുള്ള നീണ്ട ക്യൂ കാണാമായിരുന്നു. ലഗേജ് തള്ളി പോകുന്നവരിലും   വരിനില്‍ക്കുന്നവരിലും   ധാരാളം കുടുംബങ്ങള്‍.....

കുട്ടിയോട് തോറ്റ് അവര്‍ പഴം കയ്യിലെ സഞ്ചിയിലേക്ക് വെച്ചപ്പോള്‍ അവന്‍ അവരുടെ മടിയിലിരുന്ന്  എന്തൊക്കെയോ കഥകള്‍  പറയാന്‍ തുടങ്ങി. കൊഞ്ചലുകള്‍ക്ക് തലയാട്ടിയും മറുപടി പറഞ്ഞും  ഇടക്കിടെ ഉമ്മകൊടുത്തും പറന്നു കളയാന്‍ ശ്രമിക്കുന്ന ഒരു കിളിയെ എന്നപോലെ അവര്‍ അവനെ പൊതിഞ്ഞു പിടിച്ചിരുന്നു.

കളി മതിയാക്കി ചെറിയ കുഞ്ഞ് അയാളുടെ തോളില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അവളെ ഉണര്‍ത്താതെ ഇപ്പുറത്ത് അവന്‍റെ കുസൃതി വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്ത് അയാളും താല്‍പര്യത്തോടെ കേട്ടിരുന്നു.

“വല്ലാണ്ട് നേരം വൈക്യല്ലോ........ഇനി എപ്പളാ പോയി കിടന്നൊറങ്ങ്വാ..”  കൂടെയുള്ള ചെറുപ്പക്കാരന്‍ ബോര്‍ഡിംഗ് പാസ്സിനുള്ള ക്യൂവിലേക്ക് നോക്കി  അക്ഷമനായി.

“സാരല്ല അഫ്സലേ....... ഇനി കൊറച്ച് നേരം കൂടിയല്ലേ ഇവരെ ഇങ്ങനെ .......”  ആ ഉമ്മ പതിയേ പറഞ്ഞു. ആ  ദമ്പതികളുടെ  മുഖത്ത് പെയ്യാന്‍ പോകുന്ന മഴക്കാറുപോലെ സങ്കടം മൂടിക്കെട്ടി നിന്നു. വാക്കിലും സ്പര്‍ശത്തിലും ആ കുഞ്ഞുങ്ങളെ അവര്‍ വാത്സല്യം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു.

“ഉമ്മിക്കും  ഉപ്പാപ്പക്കും നങള്‍ടെ കൂടെ ദുബയില്‍ക്ക് വന്നൂടെ.......നാന്‍ അവ്ടന്ന് ഡ്രസ്സും മുട്ടായീം ഒക്കെ വാങ്ങി തരാലോ........അവ്ടെ നമ്മക്ക് ദീസോം ആന കളിക്കാലോ........ഷോപ്പില് പോയി സാധന വാങ്ങാലോ.... ”

കുഞ്ഞു വര്‍ത്താനങ്ങള്‍ക്ക് അവര്‍ മറുപടിയില്ലാതെ ചിരിച്ചു. നിറഞ്ഞു വന്ന കണ്ണുകള്‍ പരസ്പരം കാണിക്കാതിരിക്കാന്‍ രണ്ടാളും ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഉള്ളിലെ തിരക്കില്‍  നിന്ന് ഒരു ചെറുപ്പക്കാരനും യുവതിയും കയ്യില്‍ ബോര്‍ഡിംഗ് പാസ്സുമായി സങ്കടമുഖത്തോടെ,  സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അതിരിന് അപ്പുറത്ത് വന്നു നിന്നു.

മോനെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോഴും ഉറങ്ങുന്ന കുഞ്ഞിനെ മാറി മാറി ചുംബിച്ചു കൈമാറുമ്പോഴും  ആ വയോധികര്‍    ശരിക്കും കരയുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാനാവാതെ........ തിരക്കില്‍ ദൂരെ കുട്ടികള്‍ കണ്ണില്‍ നിന്ന് മറയുവോളം  അവര്‍ അവിടെ തന്നെ നിന്നു. പിന്നെ കൂടെയുള്ള ചെറുപ്പക്കാരനോടൊപ്പം   നിശബ്ദരായി  പുറത്തേക്ക് പോയി.

വീട്ടിലേക്കുള്ള യാത്രയില്‍ പുറത്തേക്ക്  നോക്കി പരസ്പരം ഒന്നും പറയാനില്ലാതെ അവര്‍ ഇരിക്കും. ഒച്ചയനക്കമില്ലാത്ത  ഒരു വീട് ഇരുട്ടില്‍ അവരെ കാത്തിരിക്കുന്നുണ്ടാകും......

അലക്ഷ്യമായി കിടക്കുന്ന കളിപ്പാട്ടങ്ങളും ....കുഞ്ഞുടുപ്പുകളും  അവരെ നോവിച്ചു കൊണ്ടിരിക്കും. ......ഇരുട്ടില്‍ ഒളിച്ചിരുന്ന് ഒച്ചയിട്ട് ഇപ്പോള്‍ പേടിപ്പിക്കുമെന്നും,  കള്ളച്ചിരിയോടെ ഓടി വരുമെന്നും അവര്‍ വെറുതെ കൊതിക്കും..........പീടികയിലേക്ക് പോകുമ്പോള്‍ വിരലില്‍ തൂങ്ങി നടക്കാനും നൂറായിരം സംശയം ചോദിക്കാനും............... വീട്ടിലേക്ക് വരുമ്പോള്‍ പല്ലില്ലാച്ചിരിയോടെ സ്വീകരിക്കാനും........ഉറങ്ങിപ്പോയ വീട്ടില്‍ ഇനി ആരുമില്ലെന്ന് മനസ്സ് അവരെ കരയിക്കും.........


ചുരത്തി മതിയാവാത്ത വാത്സല്യത്തിന്‍റെ കടല്‍ ഉള്ളില്‍ നോവായി കനത്ത്  ഈ   രാത്രി അവര്‍ ഉറക്കമില്ലാതെ കിടക്കും... അപ്പോള്‍ ആകാശത്തിലൂടെ ഒരു വിമാനം ഒരുപാട് സങ്കടം നിറഞ്ഞ മനസ്സുകളും പേറി മരുഭൂമിയിലേക്ക് പറക്കുന്നുണ്ടാകും.... അതില്‍ രണ്ടു കുഞ്ഞു കണ്ണുകള്‍ താഴെ ഇരുട്ടില്‍ എവിടെയോ ഒരു വീടും അവിടെ രണ്ടു വൃദ്ധമനുഷ്യരെയും തിരയുന്നുണ്ടാകും.

Tuesday, October 6, 2015

കുഞ്ഞയിശുമ്മയുടെ പശു



കുഞ്ഞയിശുമ്മയുടെ ലോകത്ത് ആ പശു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുല്ലരിഞ്ഞും വെള്ളം കൊടുത്തും കുളിപ്പിച്ചും കറന്നും വര്‍ത്തമാനം പറഞ്ഞും പരിഭവപ്പെട്ടും.... പാത്തൂ ..എന്ന്  വാത്സല്യത്തോടെ നീട്ടി വിളിച്ചും...

കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ സ്വപ്നങ്ങളായി വന്ന് പേടിപ്പിച്ച് കുഞ്ഞയിശുമ്മയുടെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളയുന്നു.

പാത്രിരാത്രിയില്‍ ആരൊക്കെയോ വീട് വളഞ്ഞ് ക്രോധത്തോടെ ബഹളം വെക്കുന്നതായും..... വാതില്‍  ചവിട്ടിപ്പൊളിക്കുന്നതായും...........ഓലപ്പുരക്ക് മേല്‍  തീ ആളിപ്പടരുന്നതായും.......

അന്നേരം അലറിക്കരഞ്ഞ് പുറത്തേക്ക് പായുമ്പോള്‍ കാണുന്ന കാഴ്ചയില്‍, ആലയില്‍ നിന്ന് പശുവിനെ ബലമായി  അഴിച്ചിറക്കി  വലിച്ചു കൊണ്ടുപോവുന്ന പരിചയമുള്ള മുഖങ്ങളും... ഇറങ്ങിപ്പോവാന്‍ കൂട്ടാക്കാതെ  വീട്ടിലേക്ക് തിരിഞ്ഞു നോക്കി അമറിക്കരയുന്ന  പാത്തുവും......

ഉള്ളില്‍ നിന്ന് കുതിച്ചെത്തിയ ‘പാത്തൂ...’ എന്ന നിലവിളി നടുക്കത്തോടെ തൊണ്ടയില്‍ അമര്‍ന്നു പോകുന്നു.  

പശുവിനെ മതംമാറ്റി  എന്ന് പറഞ്ഞാണല്ലോ അവരിങ്ങനെ....


കെടുത്താന്‍ ആളില്ലാത്ത തീ സ്വപ്നത്തിലും കുഞ്ഞയിശുമ്മയെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു.