Monday, August 4, 2014

കാരുണ്യത്തിന്‍റെ തണല്‍ചിറകുകള്‍ തേടുന്നവര്‍

“ആരെയും ബുദ്ധിമുട്ടിക്കാതെയും, ആര്‍ക്കും ഭാരമാകാതെയും അങ്ങു പോകണം”
ഇതൊരു പ്രാര്‍ഥനയാണ്. രോഗങ്ങള്‍ തളര്‍ത്തുന്ന മനസ്സും ശരീരവുമായി വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായതയിലേക്ക്  വേച്ചുവേച്ച്‌ നടന്നുപോകുന്ന, പരിചരിക്കാനോ ശുശ്രൂഷിക്കാനോ തിരിഞ്ഞു നോക്കാനോ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ഗതികെട്ട കുറേ മാതാപിതാക്കളുടെ പ്രാര്‍ത്ഥന. മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി.

പോറ്റാന്‍ ഗതിയില്ലാത്തതിനാല്‍ മാതാപിതാക്കളെ തെരുവില്‍ തള്ളുന്ന മക്കളെ ആക്ഷേപിക്കാനും ശപിക്കാനും നമുക്ക് ഉത്സാഹമാണ്. വൃദ്ധസദനങ്ങളില്‍ ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങളെ കുറിച്ച് വേദനിക്കാനും അതിന് കാരണക്കാരായ മക്കളുടെ കണ്ണില്‍ ചോരയില്ലായ്മയെ കുറിച്ച് രോഷം കൊള്ളാനും നാം മുന്നിലുണ്ട്. ഫേസ്ബുക്കില്‍ മാതൃമാഹാത്മ്യം എത്ര പാടിയാലും മതിവരാത്തവര്‍ ആണ് നാം. എന്നിട്ടും പ്രവാസികളായ നമ്മുടെ വീടകങ്ങളില്‍ രോഗശയ്യയില്‍ ഒറ്റപ്പെട്ടുപോയവരും ദുരിതം അനുഭവിക്കുന്നവരുമായ നമ്മുടെ മാതാപിതാക്കളെ കുറിച്ച് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

ഇതുവായിക്കുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും  തോന്നും താന്‍ അങ്ങനെയല്ല എന്ന്. മാതാപിതാക്കള്‍ എന്‍റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത് എന്നും, അവര്‍ക്ക് വേണ്ടി എല്ലാ സൌകര്യവും ഉള്ള പ്രത്യേകം മുറി തന്നെയാണെന്നും. ഏറ്റവും മികച്ച ആശുപത്രിയില്‍ ആണ് ചികിത്സയെന്നും, അതിനായി എത്ര പണം വേണമെങ്കിലും അയച്ചു കൊടുക്കാറുണ്ടെന്നും നിത്യവും അവരെ ഫോണില്‍ വിളിച്ചു വിശേഷം ചോദിക്കാറുണ്ട് എന്നുമൊക്കെ മാതാപിതാക്കളോടുള്ള സ്നേഹത്തെ കുറിച്ച് ന്യായീകരിക്കാനും സ്ഥാപിക്കാനും നമ്മുടെ മുന്നില്‍ എമ്പാടും കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ഒന്ന് നാം സൌകര്യപൂര്‍വ്വം മറന്നു കളയുന്നു. വാര്‍ദ്ധക്യത്തിലും രോഗത്തിന്‍റെ അവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ് എന്നത്.

ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തതിന്‍റെ ഖേദം നിറഞ്ഞ ന്യായീകരണങ്ങള്‍ ആത്മാര്‍ഥമായി തന്നെ നമുക്ക് പറയാനുണ്ട്. ഒരു പ്രവാസിയുടെ പരിമിതികള്‍. ജോലിയുടെ സ്വഭാവം, ലീവ് കിട്ടാത്ത ബുദ്ധിമുട്ട്, കച്ചവടത്തില്‍ നിന്ന് ദീര്‍ഘനാള്‍ മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ, സര്‍വ്വോപരി സാമ്പത്തികപ്രയാസം.

ശരിയാണ് പ്രവാസി എന്ന പേരും വലിയൊരു വീടും ഉണ്ടെങ്കിലും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നവരാണ് അന്യനാട്ടില്‍ കഴിയുന്ന നമ്മില്‍ ഭൂരിപക്ഷവും. സ്വന്തം സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് ഉറ്റവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ എന്നതാണ് നമ്മുടെ ആഹ്ലാദം. ഇതൊക്കെ സത്യമാണെങ്കിലും നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടുള്ള കടമ നാം നിറവേറ്റണ്ടതില്ലേ. നാം പണം അയച്ചു കൊടുക്കുന്നതോടെ നമ്മുടെ ബാധ്യത തീര്‍ന്നുവോ.

അങ്ങനെ സമാധാനിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന ശുദ്ധമനസ്കര്‍ അറിയുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

ജീവിത ശൈലീ രോഗങ്ങള്‍ എന്ന്‍ ഓമനപ്പേരിട്ട് വിളിക്കുന്ന പ്രഷറിനും, ഷുഗറിനും, കൊളസ്ട്രോളിനും ഒക്കെ പുറമേ ഇന്ന് കുഗ്രാമങ്ങളില്‍ പോലും വ്യാപകമായ ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, അല്‍ഷിമേഴ്സ് തുടങ്ങി പലവിധ മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം നരകമായിപ്പോയവരാണ് നമ്മുടെ വൃദ്ധജനതയില്‍ ഭൂരിപക്ഷവും.

ഉത്സാഹത്തോടെ ഓടി നടന്ന നമ്മുടെ മാതാപിതാക്കള്‍  ചെറിയൊരു അസുഖമോ തളര്‍ച്ചയോ വീഴ്ചയോ ഒക്കെയായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഉള്ളില്‍ ഒളിച്ചിരിക്കുന്ന വന്‍രോഗങ്ങളെ കുറിച്ച് അറിയുന്നത്. കഴിവിനനുസരിച്ച് ചികിത്സയും കാര്യങ്ങളുമായി മൂന്നൊട്ടു പോവുമെങ്കിലും അപ്പോഴേക്കും രോഗി തികച്ചും ശയ്യാവലംബി ആയിരിക്കും.

ലീവ് കിട്ടാത്ത, പെട്ടന്ന്‍ നാട്ടിലേക്ക് വരാനാവാത്ത നാം കടം വാങ്ങിയെങ്കിലും കിട്ടുന്ന പണം നാട്ടിലേക്കയച്ച് വിദഗ്ദ ചികിത്സ ഉറപ്പാക്കുന്നു.

യാതൊരു മന:സാക്ഷിയും ഇല്ലാതെ കൊഴുത്തുവളരുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. തോന്നിയ ടെസ്റ്റുകളും പലവിധ ‘വിദഗ്ദ’ ഡോക്ടര്‍മാരുടെ ചികിത്സയും പിന്നെ നീണ്ട നാള്‍ ആശുപത്രി വാസവും വിധിച്ചു കൊണ്ട് അവര്‍ പിടിച്ചുപറി തുടങ്ങുന്നു. ഇത് മനസ്സിലായാലും നിസ്സഹായതയോടെ നിന്ന് കൊടുക്കേണ്ടി വരുന്നു. കാരണം രോഗിയെ മെഡിക്കല്‍ കോളേജിലോ മറ്റ് അത്തരം  ആശുപത്രികളിലോ കൊണ്ടുപോവാനും കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്യാനും ഉറ്റവരായ ആണുങ്ങള്‍ ഇല്ല എന്നതാണ്.

പഴയ കാലം പോലെയല്ല ഇപ്പോള്‍ ഒരുവിധം നിവൃത്തിയുള്ള  പ്രവാസികളൊക്കെ കുടുംബത്തെയും ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെ മാതാപിതാക്കളെ ശുശ്രൂഷിക്കാനും പരിപാലിക്കാനും പെണ്മക്കളും അടുത്തില്ലാത്ത അവസ്ഥയാണ്. മുതിര്‍ന്ന പേരക്കുട്ടികളാണെങ്കില്‍ പഠനത്തിനായി പല നാടുകളിലാണ് ഉണ്ടാവുക.

ഹോം നഴ്സിന്‍റെ പരിചരണത്തിലും വേലക്കാരുടെ മേല്‍നോട്ടത്തിലും ജീവിക്കുന്ന, പ്രായം ചെന്ന മാതാപിതാക്കള്‍  ഒറ്റക്കായ  പഞ്ചനക്ഷത്ര വൃദ്ധസദനങ്ങളാണ് നമ്മുടെ നാട്ടിലെ പല വീടുകളും. പണം കൊണ്ട് നേടിക്കൊടുക്കാന്‍ കഴിയുന്ന എല്ലാ സൌകര്യങ്ങളും മാതാപിതാക്കള്‍ക്ക് എത്തിച്ചു കൊടുത്ത് സമാധാനിക്കുന്നവരാണ് വിദേശത്ത് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഇവരുടെ ‘സ്നേഹനിധികളായ’ മക്കള്‍.

പറഞ്ഞു വന്നത് അവരെ കുറിച്ചല്ല. ഇടത്തരക്കാരായ ഗള്‍ഫ് പ്രവാസികളുടെ വീട്ടിലെ അവസ്ഥയെ കുറിച്ചാണ്. മിക്കവാറും ആണ്‍മക്കളുടെ വീട്ടിലാണ്  പ്രായമായ മാതാപിതാക്കള്‍ താമസിക്കുക. ഗൃഹനാഥന്‍റെ അഭാവത്തില്‍ വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം നോക്കി നടത്തുന്ന, നാട്ടില്‍ കഴിയുന്ന പ്രവാസിഭാര്യയുടെ ചുമലില്‍ തന്നെയാണ്  വൃദ്ധരായ മാതാപിതാക്കളുടെ ഉത്തരവാദിത്തവും. ഇതേ മാതാപിതാക്കളുടെ സ്വന്തം പെണ്മക്കള്‍ നാട്ടില്‍ തന്നെയുണ്ടെങ്കിലും സ്വന്തം  വീട്ടില്‍/ഭര്‍ത്താവിന്‍റെ വീട്ടില്‍  ഇതേ റോളില്‍ ആയിരിക്കും അവരുടെയും ജീവിതം. അതുകൊണ്ട് തന്നെ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കൂടെ നില്‍ക്കുക എന്നത് ഇവര്‍ക്കും പ്രായോഗികമല്ല. എന്നാലും തങ്ങളുടെ കടമ ചെയ്യുന്നു എന്ന്‍ സ്വയം ആശ്വസിക്കാന്‍ ഈ പാവങ്ങള്‍ ഇടക്കെങ്കിലും ഓടിവന്ന് മാതാപിതാക്കളെ  കുളിപ്പിച്ച് കൊടുക്കാനും  വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കാനും ഒക്കെ  കൂടെ നില്‍ക്കാറുണ്ട്.

നമ്മുടെ മാതാവിനെ/പിതാവിനെ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോയ ദിവസം വൈകുന്നേരം വിളിച്ച് വിശേഷങ്ങള്‍ ചോദിക്കുന്ന നാം അറിയാറുണ്ടോ അന്നത്തെ ഒരു ദിവസം നിങ്ങളുടെ ഭാര്യ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച്.

ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പ് മക്കളെ സ്കൂളില്‍ പറഞ്ഞയക്കുന്നതടക്കം വീട്ടുജോലികള്‍ എല്ലാം ഒതുക്കണം. ആണ്‍കുട്ടികള്‍ ആരും കൂടെയില്ലെങ്കില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ച ടാക്സി ഡ്രൈവറുടെ സഹായത്തോടെ രോഗിയെ വണ്ടിയില്‍ കയറ്റി ഇരുത്തണം. വെള്ളവും, ഭക്ഷണവും, മരുന്നും ചിലപ്പോള്‍ മൂത്രം ഒഴിക്കാനുള്ള പാത്രവും....

ആശുപത്രിയില്‍ എത്തിയാലും മണിക്കൂറുകളോളം രോഗിയെയും കൊണ്ടുള്ള കാത്തിരിപ്പ്, പരിശോധനാ സമയത്ത് രോഗിയുടെ അവസ്ഥ വിവരിക്കാനും ഡോക്ടര്‍ പറയുന്നത് സശ്രദ്ധം കേട്ട് മനസ്സിലാക്കാനും.....

പലതരം ടെസ്റ്റുകള്‍. ഇതിനിടെ രോഗിക്ക് നേരത്തിന് ഭക്ഷണവും മരുന്നും നല്‍കല്‍... നമ്മുടെ ആശുപത്രികളിലൂടെ ഒന്ന് നടന്നു നോക്കൂ ഈ കാഴ്ചകള്‍ കാണാം. ഏതൊക്കെയോ പ്രവാസികളുടെ ഭാര്യമാര്‍ ആണത്. നമ്മുടെ അഭാവത്തില്‍ നാം ചെയ്യേണ്ട ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുന്നവര്‍. ഒരു ദിവസം അവര്‍ അനുഭവിക്കുന്ന ഈ പ്രയാസങ്ങള്‍ ഒന്നും നാം വിളിക്കുമ്പോള്‍ അറിയാറില്ല. അഥവാ വല്ല സങ്കടവും  പറഞ്ഞുപോയാല്‍ തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹക്കുറവായി വ്യാഖ്യാനിക്കാന്‍ മിടുക്കുള്ളവര്‍ ആണ് നമ്മില്‍ പലരും.

കിടപ്പിലായ വൃദ്ധരെ പരിചരിക്കാനുള്ള പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ചാരിയിരുത്തി ഭക്ഷണവും മരുന്നും നല്‍കാനും വിസര്‍ജ്ജ്യങ്ങള്‍ നീക്കാനും, ശരീരം വൃത്തിയാക്കാനുമൊന്നും  അത്ര എളുപ്പമല്ല. വീട്ടിലെ മറ്റു ജോലികള്‍ക്ക് പുറമേ നിത്യവും ഇതിനായും സമയം കണ്ടെത്തണം. ഒരു പുരുഷന്‍റെ സഹായം ഇവിടെയൊക്കെ ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ മക്കള്‍ തന്നെ ചെയ്യുന്നതാവും ഉത്തമം.

മറ്റു രോഗങ്ങള്‍ക്കൊപ്പം അല്‍ഷിമേഴ്സ് ബാധിച്ചവരും ഇപ്പോള്‍ പ്രായമായവരില്‍ ധാരാളം ഉണ്ട്. ഇവരുടെ  പെരുമാറ്റവും രീതികളും പലപ്പോഴും വീട്ടുകാര്‍ക്ക് വളരെ അസഹ്യമായിരിക്കും. പലപ്പോഴും ഈ രോഗം തിരിച്ചരിയപ്പെടാറില്ല. അതുകൊണ്ട് തന്നെ അവരുടെ വാക്കുകളും പ്രവര്‍ത്തികളും രോഗിയോട് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാറുണ്ട്. വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് പരിസരം വൃത്തികേടാക്കുകയും സന്ദര്‍ശകരോട് വീട്ടുകാരുടെ അവഗണനയെ കുറിച്ച് പരാതി പറയുകയുമൊക്കെ ചെയ്യുക ഇത്തരം രോഗികളില്‍ പതിവാണ്. (പല സന്ദര്‍ശകര്‍ക്കും ഇത് കേള്‍ക്കാനും നാലാളോട് പറഞ്ഞു നടക്കാനും വളരെ താല്‍പര്യമാണ്. ഉറ്റബന്ധു ആണെങ്കില്‍ പോലും പരിചരിക്കാന്‍ ചെറിയൊരു സഹായം പോലും ഉണ്ടാകില്ലെങ്കിലും വീട്ടുകാരുടെ പരിചരണത്തില്‍ ഉള്ള പോരായ്മകള്‍ കണ്ടെത്താനും രോഗിയോടുള്ള സഹതാപം എന്ന പേരില്‍ ‘ദുഷിപ്പടിച്ചു’ നടക്കാനും ഇക്കൂട്ടര്‍ നന്നായി ഉത്സാഹിക്കും).

സ്വന്തം മക്കള്‍ അടുത്തുണ്ടാകുകയും സ്നേഹപൂര്‍വ്വം പരിചരിക്കുകയും ചെയ്യുന്നത് ഈ രോഗികള്‍ക്ക് വളരെ ആശ്വാസമാണ്.

മാതാപിതാക്കള്‍ക്ക് രോഗം ഗുരുതരമായ  അവസ്ഥയില്‍ പോലും  പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് പല മക്കള്‍ക്കും എത്തിച്ചേരാന്‍ കഴിയാറില്ല.  എല്ലാ ചുമതലകളും ഭാര്യയെ ഏല്‍പ്പിച്ച് സഹായത്തിന് നാട്ടിലുള്ള ഏതെങ്കിലും ബന്ധുക്കളെയും വിളിച്ചു പറഞ്ഞ് കുറേ പണവും അയച്ചു കൊടുത്ത് അസ്വസ്ഥമായ മനസ്സുമായി അന്യനാട്ടില്‍ കഴിയുന്ന സുഹൃത്തേ. അറിയുമോ താങ്കളുടെ മാതാപിതാക്കളുടെ ഗതികേടിനെ കുറിച്ച്, നിങ്ങളുടെ പ്രിയതമ പെടുന്ന പെടാപ്പാടുകളെ കുറിച്ച്.

രോഗി ആശുപത്രിയില്‍ ആവുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഉറ്റവരായ പുരുഷന്മാര്‍ ഇല്ലെങ്കില്‍ ഇത് സ്ത്രീകളുടെ മാത്രം ചുമതലയാവുന്നു. രോഗിയുടെ ബന്ധുബലവും ധനസ്ഥിതിയും ഒക്കെ അനുസരിച്ച് കൂട്ട്നില്‍ക്കാനും കാര്യങ്ങള്‍ക്ക് ഓടി നടക്കാനും കുറേദിവസമൊക്കെ അടുത്ത ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഉണ്ടാവുമെങ്കിലും ആശുപത്രി വാസം നീണ്ടു പോകുന്തോറും സന്ദര്‍ശകരുടെ എണ്ണം പോലും കുറഞ്ഞുവരും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരും തങ്ങളുടെ തിരക്കുകളുമായി നെട്ടോട്ടമോടുന്ന കാലമാണ്.

ഒടുവില്‍ രോഗിയുടെ പെണ്‍മക്കളോ ആണ്‍കുട്ടികളുടെ ഭാര്യമാരോ മാത്രമാകും ആശുപത്രിയില്‍ കൂട്ടിന്. പലപ്പോഴും വീട് പൂട്ടിയിട്ടും സ്കൂളില്‍ പോകുന്ന മക്കളെ ബന്ധുവീടുകളില്‍ ആക്കിയുമൊക്കെ അവര്‍ നിര്‍ബന്ധിതരായി ഈ ദൌത്യം ഏറ്റെടുക്കുന്നു.

സ്വകാര്യ ആശുപത്രികളിലും ചെന്നയുടനെ മുറി കിട്ടുക ഇപ്പോള്‍ അപൂര്‍വ്വം. അന്യായ ചാര്‍ജുള്ള എ സി മുറി മാത്രമേ ‘ഒഴിവുണ്ടാകൂ’. പലപ്പോഴും ICU വിനു മുന്നില്‍ ഉറക്കമൊഴിച്ച് ഇരിക്കേണ്ടി വരും. വിളിക്കുമ്പോള്‍ ഏതു പാതിരാക്കും ഫാര്‍മസിയിലേക്ക് ഓടേണ്ടി വരും. ലാബിലും കാന്റീനിലും ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലും  ഡോക്ടറുടെ ക്യാബിനിലും ഒക്കെയായി നെട്ടോട്ടമോടുന്നത് നിങ്ങളുടെ ഭാര്യയാണ്. ഇതൊക്കെയും ചെയ്യേണ്ട താങ്കള്‍  വിദേശത്തായതിനാല്‍ ഒരു പരിചയവുമില്ലാത്ത ഇടങ്ങളില്‍ അവര്‍ ഇതൊക്കെ ഏറ്റെടുക്കേണ്ടി വരുന്നു. ആശുപത്രിയില്‍ ആണെങ്കിലും ആണുങ്ങള്‍ കൂട്ടിനില്ലാത്ത സ്ത്രീകള്‍ക്ക് പിറകെ ‘സഹായ’മനസ്സുമായി വരുന്ന ഞരമ്പുരോഗികള്‍ക്ക് യാതൊരു കുറവുമില്ല എന്ന് കൂടി അറിയുക.

ഇതിനു പുറമേ രോഗിക്ക് രക്തം ആവശ്യമായി വന്നാല്‍ പലരെയും വിളിച്ച് സംഘടിപ്പിക്കുന്നതും  കയ്യിലുള്ള പണം തികയാതെ വന്നാല്‍ പണ്ടം പണയം വെച്ചെങ്കിലും എത്തിക്കുന്നതും ഈ സ്ത്രീകള്‍ തന്നെയാണ്.

രോഗി ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും സ്വകാര്യ ആശുപത്രിക്കാര്‍ പലരും അനാവശ്യമായി ICU വിന്‍റെ ഏകാന്ത തടവിലേക്ക് രോഗിയെ മാറ്റും. അവസാന സമയത്ത് ഉറ്റവരെയൊക്കെ ഒന്ന് കാണാന്‍ രോഗിക്കോ. മരണനേരത്ത് ഇത്തിരി വെള്ളം ചുണ്ടില്‍ ഉറ്റിച്ചു കൊടുക്കാനോ അന്ത്യവേളയില്‍ മതപരമായ വല്ലതും ചെയ്തു കൊടുക്കാനോ കൂടെയുള്ളവര്‍ക്കോ ഇത് കൊണ്ട് സാധിക്കുകയുമില്ല.  ഉചിതമായ ഒരു തീരുമാനം എടുക്കാന്‍ ആണ്‍കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല എന്നതാണ് സത്യം.

ഇതൊക്കെ വായിക്കുമ്പോള്‍ അതിശയോക്തിപരം എന്ന് തോന്നുന്നവര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ആയ സ്ത്രീകളോട് ചോദിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഈ എഴുതിയതൊന്നും ഒന്നുമല്ല എന്ന്.

വാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായാവസ്ഥയിലും രോഗാവശതയിലും ഓരോ മാതാപിതാക്കളും കൊതിക്കുന്നത് മക്കളുടെ സാന്നിധ്യമാണ്. കൂടെ നില്‍ക്കാനും പരിചരിക്കാനും ശുശ്രൂഷിക്കാനും മക്കള്‍ കൂടെയുണ്ടാകുക എന്നതാണ് അവരുടെ തൃപ്തി. പക്ഷെ ‘പണമില്ലാത്തവന്‍ പിണം’ എന്ന ലോകത്ത് അവര്‍ നിശബ്ദരാകുകയാണ്. അവശതകള്‍ മക്കളെ അറിയിക്കാതെ മൂടി വെക്കുകയാണ്. തങ്ങള്‍ കാരണം മക്കളുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതാകാതിരിക്കാന്‍, മക്കളുടെ ഭാവിക്ക് കോട്ടം വരാതിരിക്കാന്‍.

പ്രായമായ പലരും രോഗത്തിലേക്ക്  പെട്ടെന്ന്‍ വഴുതുന്നത് ഉറ്റവരുടെ സാമീപ്യവും സ്നേഹപരിചരണങ്ങളും ഇല്ലാതാവുമ്പോഴാണ്. ജീവിത പങ്കാളി ആദ്യമേ കടന്നുപോയവരില്‍ ഈ ഒറ്റപ്പെടല്‍ ഏറെ വേദനാ ജനകമാണ്. മറ്റുള്ളവര്‍ക്ക് ഭാരമാവുന്നു എന്ന തോന്നല്‍ അവരെ മൌനത്തിലെക്കും മരണത്തെ കാത്തിരിക്കുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു.

എല്ലാ സൌകര്യങ്ങളും ഉള്ള ഈ കാലത്തും മക്കളെ വളര്‍ത്തി വലുതാക്കാനുള്ള പാടും പ്രയാസവും നമുക്കറിയാം. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ കഴിഞ്ഞ തലമുറയില്‍ പെട്ട നമ്മുടെ മാതാപിതാക്കള്‍ക്ക് ഇന്ന് എല്ലാമുണ്ടായിട്ടും കൂട്ടായി നില്‍ക്കാന്‍ നമുക്ക് കഴിയുന്നില്ല.

മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്‍റെ ചിറകുകള്‍ താഴ്ത്തി കൊടുക്കാന്‍ കല്‍പ്പിച്ച  ശേഷമാണ് അവര്‍ക്കായുള്ള പ്രാര്‍ത്ഥന പോലും പഠിപ്പിച്ചത് എന്ന് നാം സൌകര്യപൂര്‍വ്വം മറക്കുന്നു.

മാതാപിതാക്കളുടെ മരണവിവരമറിഞ്ഞാല്‍ എല്ലാ തിരക്കും മാറ്റിവെച്ച് വിമാനം കയറുകയും. കുറെ ദിവസം നാട്ടില്‍ നില്‍ക്കുകയും മരണാനന്തര ചടങ്ങുകള്‍ ഗംഭീരമായി നടത്തുകയും ചെയ്തു കൊണ്ട് നാം മാതാപിതാക്കളോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചാല്‍ മതിയോ.

ആണ്‍മക്കളും മക്കളുടെ മക്കളും പ്രവാസികള്‍ ആണെങ്കില്‍ ഒരാളെങ്കിലും സ്ഥിരമായി നാട്ടില്‍ ഉണ്ടാവുകന്ന രീതിയില്‍ ലീവ് ക്രമീകരിക്കാന്‍ സാധിച്ചാല്‍ പോലും വലിയ നേട്ടമാണ് എന്ന് മനസ്സിലാക്കുക.


ഈ തിരക്കുകള്‍ എല്ലാം കഴിഞ്ഞ് നാം എത്തിച്ചേരുന്നതും ഇതേ അവസ്ഥയിലേക്കാണ്. പുതിയ കാലത്തിന്‍റെ സമ്മാനമായ എല്ലാ രോഗങ്ങളും പേറുന്ന ശരീരങ്ങളുമായി. ഇതിലും തിരക്കേറിയവര്‍ ആയിരിക്കും നമ്മുടെ മക്കള്‍. ഒരു തിരിച്ചറിവിന് അത്രയും കാലം കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണ്. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും ഗതികെട്ടതും ദുരിതപൂര്‍ണ്ണവും ആയ ഒരു ജീവിതസായന്തനം ആവാതിരിക്കട്ടെ നമുക്കെങ്കിലും. അതിനായി നമ്മുടെ മക്കള്‍ക്ക് നാം മാതൃകയാവുക. 

5 comments:

  1. ചിന്തിപ്പിക്കുന്ന പോസ്റ്റ്.

    ReplyDelete
  2. ഒന്നും പറയാനില്ലാ.
    വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല. അനുഭവിക്കാനുള്ളതും...
    ആശംസകൾ...

    ReplyDelete
  3. നന്നായി പറഞ്ഞു.

    ReplyDelete
  4. സത്യസന്ധമായ കുറിപ്പ്.
    നേര്‍ക്കാഴ്ചകള്‍.....ശ്രദ്ധിക്കുക
    ആശംസകള്‍

    ReplyDelete
  5. പുതിയ കാലത്തിന്‍റെ സമ്മാനമായ
    എല്ലാ രോഗങ്ങളും പേറുന്ന ശരീരങ്ങളുമായി.
    ഇതിലും തിരക്കേറിയവര്‍ ആയിരിക്കും നമ്മുടെ മക്കള്‍.
    ഒരു തിരിച്ചറിവിന് അത്രയും കാലം കാത്തിരിക്കണോ എന്ന്
    തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണ്. എല്ലാ സൌകര്യങ്ങളും
    ഉണ്ടായിട്ടും ഗതികെട്ടതും ദുരിതപൂര്‍ണ്ണവും ആയ ഒരു ജീവിതസായന്തനം ആവാതിരിക്കട്ടെ
    നമുക്കെങ്കിലും. അതിനായി നമ്മുടെ മക്കള്‍ക്ക് നാം മാതൃകയാവുക. ...നല്ല മെസ്സേജ്

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ