Sunday, December 22, 2013

കുഞ്ഞായിയുടെ കുടുംബജീവിതവും ' ഋഷിരാജ് സിംഗും'



ഋഷിരാജ് സിംഗ് ഹെല്‍മറ്റ് ‘ഫര്‍ളാ’ക്കിയത് മുതല്‍ അങ്ങാടിയിലെ പലചരക്ക് കടക്കാരനായ കുഞ്ഞായിക്ക് സ്വൈര്യമില്ലാത്ത അവസ്ഥയാണ്. രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള വീട്ടില്‍ നിന്ന് കടയിലേക്ക് പോകാനും വരാനും ഒരു ടൂവീലര്‍ കൊല്ലങ്ങളായി ഉണ്ടെങ്കിലും ഇപ്പോഴാണ് ഇതൊരു തലവേദനയായി മാറിയത്.

പ്രശ്നം ടൂ വീലറല്ല ഹെല്‍മറ്റാണ്. രാവിലെ കട തുറക്കുന്നത് മുതല്‍ ഹെല്‍മറ്റ് വായ്പ ചോദിച്ചു വരുന്നവരെ കൊണ്ടൊരു സ്വൈര്യവും സമാധാനവുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

‘ലൂണ’ മോപെഡ് മുതല്‍ പുത്തന്‍ ‘എന്‍ഫീല്‍ഡ് ബുള്ളറ്റ്’ വരെ സ്വന്തമായുള്ള ‘ടൂ വീലന്മാര്‍’ പലര്‍ക്കും അങ്ങാടിയില്‍ എത്തുമ്പോഴാണ് ഋഷിരാജ് സിംഗിനെ ഓര്‍മ്മവരിക. കുഞ്ഞായിയേയും.

“കുഞ്ഞിമ്മോനെ ഇഞ്ഞതൊന്ന് നോട്ടെ......ഇയ്യലാക്കിന്‍റെ പോലീസ്വാരെക്കൊണ്ട് ഒരു സ്വൈര്യോല്ല...  ഒരഞ്ച് മിനിറ്റ് ഞാനിപ്പം കൊണ്ടത്തരാ ...”



ലോഹ്യക്കാരും, പരിചയക്കാരും, സ്വന്തക്കാരും, സംബന്ധക്കാരുമായ നാട്ടുകാര് ചോദിക്കുമ്പോ എങ്ങനെയാ കൊടുക്കാതിരിക്കുക. മാത്രമല്ല ഇവരൊക്കെ പീടികയിലെ കസ്റ്റമര്‍ കൂടി ആയതു കൊണ്ട് പിണക്കാനും വയ്യ.


അഞ്ച് മിനിറ്റ് അഞ്ചു മണിക്കൂറായാലും ചിലപ്പോ ആള് തിരിച്ചെത്തിയിട്ടുണ്ടാവില്ല. അധിക  ദിവസവും  വീട്ടിലേക്ക് ഊണുകഴിക്കാന്‍ ഹെല്‍മറ്റ് ഇല്ലാതെയാണ് കുഞ്ഞായിയുടെ പോക്ക്.

തൊട്ടടുത്ത പച്ചക്കറിപ്പീടികയിലെ അമ്മാട്ടിയെ കൊണ്ടാണ് വല്യ വെറുപ്പിക്കല്. ദിവസം ഒരു പതിനാറ് പ്രാവശ്യമെങ്കിലും അമ്മാട്ടിക്ക് ഹെല്‍മറ്റ് വേണം. അത് എടുത്തുകൊടുക്കേണ്ട ബുദ്ധിമുട്ടൊന്നും ഇല്ല. അമ്മാട്ടി സ്വന്തം മുതല് പോലെ ഉള്ളില്‍ കയറി എടുത്തോളും പച്ചക്കറി കച്ചവടത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് ഇടപാട് കൂടി ഉള്ളത് കൊണ്ട് അമ്മാട്ടിക്ക് പലസ്ഥലത്തും പോകാനുള്ളതാണ്. പുത്തന്‍ ആക്ടീവ വണ്ടിയൊന്ന് സ്വന്തമായി ഉണ്ടെങ്കിലും ഹെല്‍മറ്റ് വാങ്ങില്ല എന്ന് മൂപ്പര്‍ ‘നിയ്യത്ത്’ ചെയ്തപോലെയാണ്.

ഓരോ വട്ടം ഹെല്‍മറ്റിനു വരുമ്പോഴും അമ്മാട്ടി ഗവണ്മെന്റിനെയും, ഋഷിരാജ് സിംഗിനെയും ചീത്ത പറയും, പൊതുമരാമത്ത്‌ വകുപ്പ് നിരത്ത് നന്നാക്കാത്തതിനെ കുറിച്ച് രോഷം കൊള്ളും.


‘മ്മളെ തലന്‍റെ കാര്യത്തില് മ്മക്കില്ലാത്ത ചൂട് ഓലിക്കെന്തിനാ .......ഒക്കെ കമ്മീശനാ....എല്‍മറ്റ് കമ്പിനിക്കാരോട് കമ്മീശന്‍ മാങ്ങുന്നുണ്ടാവും ...ഇമ്മക്കറിഞ്ഞൂടെ...’

അന്നത്തെ പറമ്പ് കച്ചവടത്തില്‍ കിട്ടാന്‍ പോവുന്ന കമ്മീഷന്‍റെ കണക്ക്, ഹെല്‍മറ്റ് ഇട്ടു മൂടിയ തലയില്‍ പലവട്ടം കൂട്ടി നോക്കി അമ്മാട്ടി പറപറക്കും. 

പല തലകളില്‍ നിന്നുള്ള വിയര്‍പ്പ് തട്ടി താരനും പേനും നിറഞ്ഞ സ്വന്തം തല മാന്തി മാന്തി  കുഞ്ഞായി സ്വൈര്യം കെട്ടു. കോളേജ് കുമാരന്‍റെ തലയിലെ ഹെയര്‍ ക്രീമിന്‍റെ മണം മുതല്‍ പള്ളിയിലെ മുക്രിയുടെ തലേക്കെട്ടിന്‍റെ അത്തര്‍ മണം വരെ കൂടിക്കലര്‍ന്ന ഗന്ധവുമായി രാത്രിയില്‍ വീട്ടിലെത്തുന്ന കുഞ്ഞായിയെ ബീവി ക്രുദ്ധയായി എതിരേറ്റു.

‘ഇങ്ങളിവിട്ന്ന് പോകുമ്പോ ഇങ്ങനത്തെ ഒരു മണോം ഇല്ലായിനല്ലോ........ ഏത് പെണ്ണിന്‍റെ തലേലെ പേനാ ഇങ്ങളെ തലേല്ന്ന് എനിക്കിപ്പ അറിയണം...’ 
ആ  സാധുസ്ത്രീ  നെഞ്ഞത്തടിച്ചു.

പല ശരീരങ്ങളുടെ തിടുക്കം തീര്‍ത്തും പലരുടേയും  വിയര്‍പ്പ് ഏറ്റു വാങ്ങിയും മരവിച്ചു പോയൊരു തെരുവ് വേശ്യയെ പോലെ കുഞ്ഞായിയുടെ ഹെല്‍മറ്റ് നിസംഗയായി കിടന്നു.

ഓരോ ദിവസവും ഹെല്‍മറ്റിന് ആവശ്യക്കാര്‍ കൂടി വരികയല്ലാതെ കുറഞ്ഞില്ല. കുഞ്ഞായിയുടെ സ്വസ്ഥത നഷ്ടപ്പെട്ടു. അഞ്ചാറ് ഹെല്‍മറ്റ് വാങ്ങി പഴക്കുലയോടൊപ്പം പീടികയില്‍ വില്‍പനക്ക് കെട്ടിത്തൂക്കിയാലോ എന്ന് പോലും കുഞ്ഞായി ആലോചിച്ചു. അതും ‘ഇപ്പം കൊണ്ടത്തരാ’ എന്ന് പറഞ്ഞ് ആളുകള്‍ വാങ്ങിപ്പോയ്ക്കളയുമോ എന്ന് ഭയന്ന് വേണ്ടെന്നു വെച്ചു.

ഒടുവില്‍ കുഞ്ഞായി ഒരു തീരുമാനമെടുത്തു. സ്വന്തം ആവശ്യത്തിന് ഒരു ഹെല്‍മറ്റ് കൂടി വാങ്ങുക. പഴയ ഹെല്‍മറ്റ് പൊതുജന സേവനാര്‍ത്ഥം ഇതേ പോലെ പോട്ടെ.

അങ്ങനെ വലിയങ്ങാടിയില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ കുഞ്ഞായി മൊഞ്ചുള്ള ഒരു ഹെല്‍മറ്റ് കൂടി വാങ്ങി.

തലയില്‍ പറ്റിപ്പിടിച്ചുപോയ ആരുടെയൊക്കെയോ വിയര്‍പ്പും ഗന്ധങ്ങളും ഷാമ്പൂ ഇട്ടു കഴുകി വെടിപ്പാക്കി രാവിലെ കടയിലേക്ക് പുറപ്പെടുമ്പോള്‍ ബീവിയോടു പിരിശത്തോടെ പറഞ്ഞു.

‘ഇഞ്ഞ് നോക്കിക്കോ ....ഇനിയൊരു മാണ്ടാത്ത മണവും പേനുമൊന്നും എന്‍റെ തലയില്‍ ഉണ്ടാവൂലാ.....പൈശ കൊറച്ച് ചെലവായാലും വെറുതേ കുടുംബ കലഹം ഉണ്ടാക്കണ്ടാലോ......ഈ ബുദ്ധി എനിക്ക് നേരത്തേ തോന്നീല്ല...’

ബീവി കുറ്റബോധത്തോടെ നേരിയ ഒരു ചിരി ചിരിച്ചു.

കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി സിനിമാ സ്റ്റയിലില്‍ ഹെല്‍മറ്റ് ഊരിയതും......... മുന്നില്‍ അമ്മാട്ടി!!

‘ഞാന്‍ ഇഞ്ഞ് വെരുന്നതും കാത്ത് നിക്വായിനും...’

കുഞ്ഞായി എന്താക്കണം എന്ന് തിരിയാതെ നിന്നു.

‘ആയേ........ഇഞ്ഞ് പുത്യ ഹെല്‍മറ്റ് വാങ്ങി....ല്ലേ....നന്നായി കുഞ്ഞിമ്മോനെ ഇഞ്ഞ് മാങ്ങീക്കില്ലെങ്കില് ഞാന്‍ മാങ്ങണം എന്ന് വിയാരിച്ചതാ .... അത്രക്ക് നാറ്ന്നുണ്ടായിനും അത്..... കണ്ടോലൊക്കെ കൊണ്ട്വോയി..... ആകെ ഒന്നിനും കൊള്ളാണ്ടായിപ്പോയി... ‘

എന്തെങ്കിലും പറയാന്‍ നേരം കിട്ടുന്നതിന് മുമ്പ് അമ്മാട്ടി പുത്തന്‍ ഹെല്‍മറ്റുമായി ആക്ടീവയിലേക്ക് കയറി. ഹെല്‍മറ്റ് മുറുക്കുന്നതിനിടയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറന്നില്ല.

‘ഓലിക്കെന്താ ഓരോ നെയമം ഉണ്ടാക്കുന്നെയ്ന്. ......ഇത് മാങ്ങ്വാനും കൊണ്ട് നടക്കാനും ഉള്ള ബുദ്ധിമുട്ടൊന്നും  ഓലിക്ക് അറിയണ്ടാലോ.... അല്ലേലും ഈ മന്ത്രിമാരും ഉദ്യോസ്തന്‍മാര്വോന്നും മ്മളെപ്പോലെ ടൂ വീലറില്‍ പോക്ന്നില്ലാലോ ....ഓലിക്കേട തിരിഞ്ഞിക്ക് മ്മളെ കഷ്ടപ്പാട് ....’

അമ്മാട്ടി വണ്ടി ഓടിച്ചു പോകുന്നത് നോക്കി കുഞ്ഞായി തലയില്‍ കൈ വെച്ച് നിന്നു.


6 comments:

  1. ഋഷിരാജ് സിംഗ് അവതരിച്ചത് പാവപ്പെട്ട ഇരുചക്രവാഹനക്കാരുടെ ജീവിതം കുളം തോണ്ടാനായിട്ടാണ്.....
    കുഞ്ഞായിയുടെ കുടുംബജീവിതവും അയാൾ കുളമാക്കി.....

    ReplyDelete
  2. അയ്യോ..ഹെല്‍മറ്റും കടം വാങ്ങാന്‍ ആളുണ്ടെന്നോ.?!

    ReplyDelete
  3. നാട്ടുമ്പുറങ്ങളില്‍ ഇതൊക്കെ പതിവ് കാഴ്ച തന്നെ

    ReplyDelete
  4. ഇവിടെയൊക്കെ ഉള്ളതുപോലെ
    ഇനി സൈക്കിളുകാർക്കും ഹെൽമെറ്റ് വന്നാലത്തെ സ്ഥിതി..!

    ReplyDelete
  5. കുഞ്ഞായിക്ക് പാര ഹെല്‍മെറ്റിന്‍റെ രൂപത്തിലാണ് അവതരിച്ചത്... പാവം

    ReplyDelete
  6. പാവം കുഞ്ഞായി.എന്നാ കുറെ ഹെല്മെറ്റ്‌ വാങ്ങി വാടകക്ക് കൊടുത്തു കൂടെ..?

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ