Tuesday, November 21, 2017

പാലൊളി എന്ന കമ്യൂണിസ്റ്റ്


"നല്ല തങ്കപ്പെട്ടൊരു മനുഷ്യനെയാണ് ഞങ്ങൾ നിങ്ങളെ ഏൽപ്പിച്ചു പോകുന്നത്. ഈ വലിയ ആപ്പീസും നിയമസഭാ മന്ദിരവുമൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്. മൂപ്പരെ അഞ്ചുവർഷം കഴിഞ്ഞ് ഇതേപോലെ ഞങ്ങളെ തിരിച്ചേൽപ്പിക്കണം"

ദേശാഭിമാനി വാരികയിൽ,
സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയുമായി  പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി സക്കീർ ഹുസൈൻ P Zakir Hussain  നടത്തിയ അഭിമുഖം- 'ചുവന്ന മണ്ണും നടന്ന പാതകളും'-  എന്ന പുസ്തകത്തെക്കുറിച്ച്  ഞാൻ  എഴുതിയ അസ്വാദനക്കുറിപ്പ്.

പാലോളി എന്ന കമ്യൂണിസ്റ്റ്

'പാലോളി' എന്ന വാക്ക് മലയാളിയെ സംബന്ധിച്ചെടുത്തോളം മലപ്പുറം കോഡൂരിലെ  പഴയ ഒരു തറവാട്ടിന്റെ പേരല്ല, കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ- മനുഷ്യസ്നേഹിയുടെ പേരാണ്. രാഷ്ട്രീയത്തിനതീതമായി ഏതൊരു മലയാളിയും അദ്ദേഹത്തെ  ഹൃദയത്തോട് ചേർത്ത് വിളിക്കുന്ന വിശേഷണമുണ്ട് 'സഖാവ്'.

സഖാവ് പാലോളി മുഹമ്മദ് കുട്ടി.  അധികാരമോഹമില്ലാത്ത യഥാർഥ കമ്യൂണിസ്റ്റ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി ഈ മനുഷ്യൻ സാധാരണക്കാർക്കിടയിൽ ജീവിക്കുന്നു. എം എൽ എ ആയിട്ടും മന്ത്രിയായിട്ടും ലാളിത്യം ചോർന്നു പോകാതെ ചുറ്റുമുള്ള സമൂഹത്തിന്റെ നന്മക്കായി അവരിലൊരാളായി നിരന്തരം പ്രവർത്തിക്കുന്നു. ജീവിതം തന്നെയാണ് സന്ദേശം എന്ന് തെളിയിച്ച കമ്യൂണിസ്റ്റുകാരന്റെ സൂക്ഷ്മതയും ഉത്കണ്ഠയും അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ ഉണ്ട്.

"ഞാനൊരു തെറ്റ് ചെയ്താൽ അതിന് ഉത്തരം പറയേണ്ടി വരുക പാലോളി തറവാട്ടുകാരല്ലല്ലോ, സംസ്ഥാനത്തുള്ള മുഴുവൻ പാർട്ടി സഖാക്കളുമാണ്. വലിയ ശ്രദ്ധ എപ്പോഴും ആ കാര്യത്തിൽ വേണം.  അതില്ലാതെ പിശക് പറ്റുന്നതിന്റെ പരുക്ക് പാർട്ടിക്ക് പറ്റുന്നുണ്ട്"

എഴുത്തുകാരനും പത്രപ്രവർത്തകനായ പി സക്കീർ ഹുസൈൻ സഖാവ് പാലോളി മുഹമ്മദ്‌കുട്ടിയുമായി നടത്തിയ ദീർഘമായ അഭിമുഖത്തിന്റെ പുസ്തകരൂപമായ 'ചുവന്ന മണ്ണും നടന്ന പാതകളും' പറയുന്നത് സഖാവ് പാലോളിയുടെ വ്യക്തിജീവിതത്തെക്കാൾ  ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്, മലപ്പുറം ദേശത്തിന്റെ  രാഷ്ട്രീയ ചരിത്രവും കടന്നുപോയവരും ജീവിച്ചിരിപ്പുള്ളവരുമായ വിവിധ  രാഷ്ട്രീയനേതാക്കളുടെയും ചിത്രമാണ്, ഇന്നലെകളിലെ സമൂഹ്യാവസ്ഥയിലേക്ക്‌ തുറന്നു വെക്കുന്ന വാതിലുകളാണ്, ഭരണ നിർവ്വഹണത്തിന്റെ ഉള്ളുകള്ളികളും വികസനങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്പങ്ങളുമാണ്. സ്വാർത്ഥതയില്ലാതെ മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന  ഒരു രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും അനുഭവങ്ങളും നമുക്ക് മുന്നിൽ തുറന്നു വെക്കുന്നത് വലിയൊരു ലോകമാണ്.

1946 ൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാലോളിയുടെ ജീവിതത്തിൽ കടന്നുപോയ ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കൗമാരകാലത്ത് ചായപ്പീടികയിലെ ബെഞ്ചിൽ ഇരുന്ന് ചയകുടിച്ചതിന് നാട്ടിലെ പ്രമാണിയാൽ മർദ്ധിക്കപ്പെട്ട നാടിക്കുട്ടി എന്ന ദളിതനെ മർദനത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, ഈ മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അടികൊണ്ട് കാൽമുട്ട് തകർന്ന് ആറുമാസത്തോളം പറ്റെ കിടപ്പിലായിപ്പോയ അനുഭവം പോലെ, മർദ്ദനങ്ങളുടെയും ഭീഷണികളുടെയും പരിഹാസങ്ങളുടെയും നിഴലിലൂടെ മനുഷ്യ പക്ഷത്തു നിന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ സംഭവ ബഹുലമായ അനുഭവ വിവരണം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്.

ചുവപ്പു രാഷ്ട്രീയത്തിന് ഒട്ടും വേരോട്ടം ലഭിക്കാൻ സാധ്യതയില്ലാത്ത മണ്ണിൽ പ്രമാണിമാരുടെയും ഗുണ്ടകളുടെയും ഭീഷണികളെ അതിജീവിച്ച് താഴേത്തട്ടിലെ സാധാരണക്കാർക്ക് വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തതിന്റെ ഓർമ്മകൾ ഏറെ വികാരോജ്വലമാണ്. ഒരു മുറി ചക്ക കിട്ടിയാൽ അത് നുറുക്കി നാലു ദിവസത്തേക്ക് ഉപ്പിട്ട് കഴിക്കുന്ന പട്ടിണിക്കാലത്തിന്റെ ഓർമ്മകൾ. നേരവും കാലവുമില്ലാതെ പകലന്തിയോളം അടിമകളെപ്പോലെ   ജോലി ചെയ്യിച്ച് നിസ്സാര കൂലി നൽകിയും പേടിപ്പിച്ചു നിർത്തിയും ചൂഷണം ചെയ്തിരുന്ന കാലത്ത് ഗതികെട്ട അടിയാളന്റെ പ്രത്യാശയായി പാർട്ടി വളർത്തിയെടുത്ത അനുഭവം.

യാഥാസ്ഥിക കുടുംബത്തിൽ പിറന്ന സഖാവിന്റെ പർട്ടി പ്രവർത്തനത്തോട് വീട്ടുകാർക്കും കുടുംബത്തിനും ഉണ്ടായിരുന്ന എതിർപ്പും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും. അധികാരമോ സ്ഥാനമാനങ്ങളോ ആയിരുന്നില്ല എന്നിട്ടും പൊരുതി നിൽക്കാനുള്ള പ്രചോദനം.  കാലങ്ങളായി  പട്ടിണിയും ദാരിദ്ര്യവും ചൂഷണവും അനുഭവിച്ചു നടുവൊടിഞ്ഞു പോയൊരു സമൂഹത്തിനെ നിവർന്നു നിൽക്കാനുള്ള കരുത്തുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. ദൈന്യജീവിതങ്ങളുടെ നിത്യക്കാഴ്ച എല്ലാ എതിർപ്പുകളോടും പൊരുതാനുള്ള കരുത്തു നൽകി എന്നതാണ് ശരി. ആ കാലഘട്ടത്തിലെ അനുഭവങ്ങളെ കുറിച്ച് വിശദമായി തന്നെ ഈ അഭിമുഖം പങ്കുവെക്കുന്നുണ്ട്.

മലപ്പുറം ജില്ലാ രൂപീകരണവും നേരിടേണ്ടി വന്ന എതിർപ്പുകളും അടിയന്തരാവസ്ഥയുടെ ഓർമ്മകളും ഒളിവു ജീവിതവും ഇതിൽ ചർച്ചയാവുന്നുണ്ട്. എ കെ ജി യും, ഇ എം എസും, നായനാരും അടക്കമുള്ള നേതാക്കളുമായുള്ള ബന്ധവും, വാർത്താവിനിമയ സൗകര്യങ്ങൾ പോലും ഇല്ലാത്ത   കാലത്തെ പാർട്ടി പ്രവർത്തന രീതികളും പുതുതലമുറക്ക് കൗതുകമായിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ പഞ്ചായത്ത് മെമ്പർ മുതൽ എം എൽ എ യും മന്ത്രിയും ഒക്കെയായ കാലത്തെ അനുഭവങ്ങൾ സംശുദ്ധ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയും ജാഗ്രതയും വെളിവാക്കുന്നതാണ്. മന്ത്രി ആയിരുന്ന കാലത്തെ അറബിഭാഷാ സമരവും, പോലീസ് വെടിവെപ്പും തുടർന്നുണ്ടായ കാര്യങ്ങളും അദ്ദേഹം ഓർമ്മിക്കുന്നുണ്ട്.

ജനകീയാസൂത്രണവും കുടുംബശ്രീ പദ്ധതിയും, സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമത്തിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയെ കുറിച്ചും വിശദമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്. കേന്ദ്രപദ്ധതികൾ നടപ്പിൽ വരുത്താൻ ഉണ്ടാകുന്ന പ്രായോഗിക പ്രയാസങ്ങൾ മുതൽ ഉദ്യോഗസ്ഥന്മാരുടെ അനാവശ്യ ധാർഷ്ട്യങ്ങളും, രാഷ്ട്രീയം മറന്നു കൊണ്ട് വികസന കാര്യങ്ങളിൽ ഒരുമിച്ചു നിന്നതിന്റെ ഗുണപരമായ അനുഭവങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

ആങ്ങള കമ്യൂണിസ്റ്റ് ആയിപ്പോയതിന്റെ പേരിൽ  പെങ്ങളുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങിപ്പോയതിന്റെ വേദനകരമായ അനുഭവം നമ്മെ ഉലച്ചുകളയും. ഇതേ കാരണത്താൽ തന്നെയാണ് അദ്ദേഹത്തിന്റെ ആദ്യവിവാഹം ഒഴിവായിപ്പോകുന്നതും. മനുഷ്യപക്ഷത്തു നിൽക്കേണ്ടി വന്നതിനാൽ ഇങ്ങനെ ഒട്ടേറെ വേദനാജനകമായ അനുഭങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നുണ്ട് അദ്ദേഹം.

നാടകകൃത്തും അഭിനേതാവുമായ പാലോളിയെ ആർക്കും അറിയില്ല. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഇങ്ങനെയും ചില രസകരമായ ഓർമ്മകൾ അദ്ദേഹം പങ്കുവെക്കുന്നുണ്ട്.   തറവാട് വീട്ടിൽ നിന്നും മാറി താമസിക്കാൻ ആലോചിച്ചപ്പോൾ അവിടെ ഉയർന്ന കൂട്ടനിലവിളി എത്ര അസൗകര്യങ്ങൾക്കിടയിലും ചേർന്നു നിന്ന ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റെ ഒരു കാലം കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.

"നല്ല തങ്കപ്പെട്ടൊരു മനുഷ്യനെയാണ് ഞങ്ങൾ നിങ്ങളെ ഏൽപ്പിച്ചു പോകുന്നത്. ഈ വലിയ ആപ്പീസും നിയമസഭാ മന്ദിരവുമൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്. മൂപ്പരെ അഞ്ചുവർഷം കഴിഞ്ഞ് ഇതേപോലെ ഞങ്ങളെ തിരിച്ചേൽപ്പിക്കണം" മന്ത്രി ആയ സഖാവിനെ കാണാൻ തിരുവനന്തപുരത്തു വന്ന   നാട്ടുകാർ   മന്ത്രിയുടെ പി എ യോട് പറഞ്ഞ ഈ വാക്കുകൾ അദ്ദേഹത്തോടുള്ള അനുയായികളുടെ സ്നേഹവും ആദരവുമാണ് വെളിവാക്കുന്നത്. ആ വിശ്വാസം ഒരിക്കലും അദ്ദേഹം തെറ്റിച്ചില്ല. അധികാരം വിട്ടൊഴിഞ്ഞ ശേഷവും  പഴയപോലെ സാധാരണക്കാരനായി അദ്ദേഹം അവരോടൊപ്പമുണ്ട്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നിറഞ്ഞ മനസ്സോടെ അദ്ദേഹം പറയുന്നത് "എന്നെപ്പോലെ പരിഗണന കിട്ടിയ വേറൊരാളും പാർട്ടിയിൽ ഇല്ല" എന്നാണ്.

മുണ്ടും മാടിക്കുത്തി  തല്ലും പിടിയും ധാർഷ്ട്യവും അതിനു ചേർന്ന ചില കൂട്ടുകാരും  പ്രണയവും മദ്യപാനവുമൊക്കെയായി നടക്കുന്ന മുന്തിയ തറവാട്ടിൽ പിറന്ന  സുമുഖനായ നായകനും, അയാൾ പറയുന്ന തീപ്പൊരി ഡയലോഗുകളും ഒക്കെയായി ഇതാണ് സഖാവ് എന്ന് വരച്ചു വെക്കാൻ ശ്രമിക്കുന്ന സിനിമകൾ കണ്ട് ആവേശം പൂണ്ട് കൈയ്യടിക്കുകയും ഫേസ്‌ബുക്കിൽ അതൊക്കെ ആഘോഷിച്ചു നടക്കുകയും ചെയ്യുന്ന വർത്തമാനകാല വിപ്ലവ യുവത്വത്തിന്റെ    ആരവങ്ങൾക്കിടയിൽ മങ്ങിപ്പോകുന്നൊരു ചിത്രമുണ്ട്. ത്യാഗങ്ങൾ സഹിച്ചുകൊണ്ട് മനുഷ്യപക്ഷത്തു നിന്ന സൗമ്യതയോടെ സമൂഹവുമായി ഇടപെട്ട് ആദരവ് നേടിയ യഥാർഥ സഖാക്കളുടെ ജീവിതം.

'ചുവന്ന മണ്ണും നടന്ന പാതകളും' എന്ന പുസ്തകം ആ ദൗത്യം കൂടിയാണ് നിറവേറ്റുന്നത്. അതുകൊണ്ട് തന്നെ  ഈ അഭിമുഖത്തിന്  ഇന്ന് ഏറെ പ്രസക്തിയുണ്ട്.

_____________________

'ചുവന്ന മണ്ണും നടന്ന പാതകളും'

അഭിമുഖം-പാലോളി മുഹമ്മദ്‌കുട്ടി/പി സക്കീർ ഹുസൈൻ

പ്രസാധകർ: ചിന്ത പബ്ലിഷേഴ്‌സ്

വില: ₹ 105

'കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ'


'ഉമ്മാ, രണ്ടു രൂപ കൊടുത്താൽ പീടികേന്ന് മുട്ട കിട്ടും.
ഉമ്മ പറഞ്ഞു, ഒരു മുട്ട എന്നു പറഞ്ഞാ രണ്ടു രൂപയല്ല!'

ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ 'കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ' ലളിതമായും സരസമായും വായിച്ചു പോകാവുന്ന കഥ എന്ന് ഒറ്റവായനയിൽ തോന്നിക്കുമെങ്കിലും കഥ വെറും കഥയല്ല എന്ന് ബോധ്യപ്പെടുത്തുന്ന  മികച്ച ഒരു ആവിഷ്കാരം കൂടിയാണ്.

പോറ്റി വളർത്തിയ കോഴിക്കുഞ്ഞുങ്ങളെ ഒക്കെ കാക്കയും കീരിയും കുറുക്കനും കൊണ്ടുപോകും എന്നറിഞ്ഞിട്ടും,  'നൊസ്സ്' എന്ന് മക്കൾ കുറ്റപ്പെടുത്തിയിട്ടും, പേരിട്ട് വിളിച്ചും മക്കളെപ്പോലെ സ്നേഹിച്ചും, കുറുക്കൻ പിടിച്ചു പോയ കോഴിയെ ചൊല്ലി ജലപാനമില്ലാതെ കരഞ്ഞു കിടന്നും ഈ ഉമ്മ പിന്നെയും പിന്നെയും കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ കൊതിക്കുന്നത് ലാഭം മോഹിച്ചല്ല.

സ്നേഹം, ഒരു അമ്മക്ക് മാത്രം പകർന്നു നൽകാൻ കഴിയുന്ന നിഷ്കളങ്കമായ   വാത്സല്യം, ഏതൊരു ആയുധത്തെക്കാളും കരുത്തോടെ, മത്സരിച്ചു ജയിക്കാനും വെട്ടിപ്പിടിക്കാനും  തമ്മിലടിക്കുന്ന ഈ
ലോകത്തെ കീഴടക്കുവാൻ ശക്തിയുള്ള മാതൃഭാവത്തെ  മനോഹരമായാണ് ഈ കഥയിൽ ആവിഷ്‌കരിക്കുന്നത്.

മൾട്ടി നാഷണൽ കമ്പനി ഉത്പന്നങ്ങൾ വിൽക്കാൻ വന്ന ചെറുപ്പക്കാരനോട് 250 രൂപയുടെ ഇസ്തിരിപ്പെട്ടി വിലപേശി 60 രൂപയ്ക്ക് വാങ്ങിയ ഉമ്മ തന്നെയാണ് 'നിന്റെ മോളുടെ പിറന്നാളിന് എന്റെ വക ഒരു ഉടുപ്പ് വാങ്ങിച്ചു കൊട്'  എന്ന് പറഞ്ഞ് 200 രൂപ  അയാളുടെ കയ്യിൽ ചുരുട്ടിവെച്ചു കൊടുക്കുന്നത്. അത് വാങ്ങി നിന്ന നിൽപ്പിൽ അയാൾ  കരഞ്ഞപ്പോൾ ഉമ്മ പറയുന്നുണ്ട്.
'നിന്നെപ്പോലുള്ള ആളുകളാ ഈ നാട് വെടക്കാക്കുന്നത്. വേണ്ടാത്തതിനും വേണ്ടുന്നതിനും കരഞ്ഞിട്ട്? നീ പോ ഓളേം മോളേം കൂട്ടി ഒരു ദിവസം വാ'
ഹിന്ദുവായ അയാൾ കൃസ്ത്യാനിപ്പെണ്ണിനെ ആണ് കല്യാണം കഴിച്ചത് എന്നു പറയുമ്പോൾ
"....മോളെ നീ മുസ്ലിം  ആക്കി വളർത്തിയാൽ മതി.....നാട്ടില് നിറച്ചും ജഹളയല്ലേ. കൊഴപ്പം ണ്ടാക്കാൻ പൊറത്ത്ന്ന് പ്രത്യേകിച്ച് ആളെ ഇറക്കണ്ടല്ലോ" എന്ന ഉമ്മയുടെ തമാശയിൽ മതം പറഞ്ഞു തമ്മിലടിക്കുന്ന പൊള്ളത്തരത്തിനെ ശരിക്ക് പരിഹസിക്കുന്നുണ്ട്.

ബോട്ടപകടത്തിൽ മൂന്ന് മക്കൾ മരിച്ചുപോയത് അയൽവാസി 'കരിനാക്ക് നബീസ'യുടെ നാവ് കാരണമാണ് എന്ന് വിശ്വസിക്കുമ്പോഴും ഉമ്മ അവരോട് അലോഗ്യം കാണിക്കുന്നില്ല. എന്നാൽ തന്റെ കോഴിക്കുഞ്ഞുങ്ങളെ അവർക്ക് കാട്ടിക്കൊടുക്കാതിരിക്കാൻ ഉമ്മ ജാഗ്രത കാണിക്കുന്നുമുണ്ട്.

കീരിയും കുറുക്കനും നിഷ്പ്രയാസം പിടിക്കുന്ന, ഫാമിൽ വിരിയിക്കുന്ന കോഴികളെ കുറിച്ച് ഉമ്മ പറയുന്നത് കോഴികൾക്ക് മാത്രമല്ല ബാധകമാവുക.
മെഷീൻ കോഴിയെ ഉമ്മ തിരിച്ചറിയുന്നത് തന്നെ
'ഈ ദുനിയാവിനോട് മുഴുവൻ പുച്ഛമുണ്ടാകും മുഖത്ത്. തനിക്കറിയാത്തതായി ഒന്നുമില്ലെന്നു വിചാരിക്കും. പാവം അശ്രദ്ധമായ കഴുത്തുവെട്ടിക്കലും നടക്കലും കുതിക്കലും. എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ലാ'.
കരുത്തും പ്രതികരണശേഷിയും ഇല്ലാതെ വളരുന്ന ഒരു തലമുറയെ കുറിച്ചുള്ള  എഴുത്തുകാരന്റെ     ഉത്കണ്ഠയും വേവലാതിയും ഉമ്മയുടെ വാക്കുകളിലൂടെ  എത്ര സൂക്ഷ്മമായാണ് പറയുന്നത്.

എഴുത്തുകാരനായ മകനോടും ഇതേ മതിപ്പില്ലായ്മയാണ് ഉമ്മയ്ക്ക്.  'നാട് കേളിയും ബീട് പട്ടിണിയും' എന്ന അവസ്ഥയിലുള്ള,
'ഒരു തെങ്ങിൽ കേറാൻ കൂടി അറിയാത്ത ഓൻ ഇങ്ങനെ ആയിപ്പോയല്ലോ' എന്ന ഖേദമാണ്  വല്യ എഴുത്തുകാരനായ മകനെ കുറിച്ച്.

തൃശൂരിൽ മകന്റെ വീട്ടിലേക്ക് പോകാൻ ഉമ്മ ഉത്സാഹിക്കുന്നത് തന്നെ നല്ല നാടൻ കോഴിക്കുഞ്ഞുങ്ങളെ അവിടെ കിട്ടും എന്ന് കേട്ടത് കൊണ്ടാണ്. ബസ്സിൽ കോഴിയുമായി വരുമ്പോൾ ഉള്ള പൊല്ലാപ്പൊക്കെ എഴുത്തുകാരനായ മകന്റെ പത്രാസിനെ വല്ലാതെ ക്ഷീണിപ്പിക്കുന്നത് ഉമ്മയിൽ ചിരി പടർത്തുന്നുണ്ട്. പിടിച്ചുപറി മോഷണം തുടങ്ങി മ്ലേച്ഛമായ സകല കാര്യങ്ങളും ചെയ്യുന്നത് 'അണ്ണാച്ചി'കൾ ആണ് എന്ന നമ്മുടെ പൊതുബോധം, ബസ്സിലെ കോഴികളുടെ ബഹളത്തിന് കാരണവും അതിന്റെ ഉടമ ഏതോ അണ്ണാച്ചി ആയിരിക്കും എന്ന് ആരോപിച്ചു സമാധാനിക്കുന്നുണ്ട് മലയാള സാഹിത്യത്തിലെ ഗുരുതരമായ അവസ്‌ഥ ചർച്ച ചെയ്യുന്ന മലയാളി!

എന്തിനാണ് ഇത്രയും  ദൂരെ നിന്ന്  ഈ നാടൻ  കോഴിക്കുഞ്ഞുങ്ങളെ ഉമ്മ ഇത്ര കഷ്ടപ്പെട്ട് കൊണ്ടു വന്നത് എന്ന മകന്റെ ഈർഷ്യക്ക് മറുപടിയായി ഉമ്മ പറയുന്നുണ്ട്, "നാടൻ കോഴിക്കേ ശത്രുവിനെ കണ്ടാൽ മനസ്സിലാകൂ".
അഭിമാനത്തോടെ ഉമ്മ തന്റെ സ്വപ്നം പങ്കുവെക്കുന്നു.

"ഞാൻ ഈ കോഴികളിൽ നിന്നു പത്തിരുപത്തഞ്ചെണ്ണത്തിനെ വിരിയിച്ചുണ്ടാക്കും. കാട്ടിൽ നിന്ന് കുറുക്കന്റെ അനക്കം കേൾക്കുമ്പോൾ കൊക്കരിച്ച് കൊക്കരിച്ച് ഈ നാടിനെ ഒന്നാകെ ഉണർത്തും. മെഷീൻ കോഴിക്ക് കാണാനുള്ള ഭംഗിയേ ഉള്ളൂ. നാടൻകോഴി അങ്ങനെയല്ല. അത് അടയിരിക്കുമ്പോൾ അതിന്റെ കുഞ്ഞുങ്ങൾക്ക് എന്തെല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടെന്നാണ് നിന്റെ വിചാരം?"

ലോകത്തിന്റെ നിലനിൽപ്പിനെ കുറിച്ച്, ഭാവിയെ കുറിച്ച് ആണിനെക്കാളും  ഉത്കണ്ഠപ്പെടുന്നത്, ഗർഭഭാരം പേറിയും  പേറ്റുനോവറിഞ്ഞും മുലചുരത്തിയും വാത്സല്യവും സ്നേഹവും കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന പെണ്ണ്/അമ്മ തന്നെയാണ്  എന്ന സത്യം സൂക്ഷ്മമായി പറഞ്ഞുവെക്കുന്നുണ്ട് ഇക്കഥ.

കഥയെഴുത്ത് സർഗ്ഗപ്രക്രിയയുടെ ആനന്ദവും പേരും പ്രശസ്തിയും മാത്രമല്ല സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടിയാണ് എന്ന് മനസ്സിലാക്കി തരുന്ന
ശിഹാബുദ്ധീൻ  പൊയ്ത്തുംകടവിന്റെ  Shihabuddin Poithumkadavu കഥകൾ പേറുന്ന  ഉത്കണ്ഠകളും അസ്വസ്ഥതകളും  സമൂഹത്തോടുള്ള ഒരു എഴുത്തുകാരന്റെ പ്രതിബദ്ധതയാണ്. ഒപ്പം തന്നെ ദുർബലനായ ഒരു മനുഷ്യന്റെ നിസ്സഹായതയും. 'കാട്ടിലേക്ക് പോകല്ലേ, കുഞ്ഞേ'യും ഇതിൽ നിന്ന് വിഭിന്നമല്ല. 

വായിച്ചു രസിക്കാൻ  മാത്രമുള്ളതല്ല,  കഥകൾ  നമ്മെ അസ്വസ്ഥമാക്കാൻ കഴിയുന്നത് കൂടിയാവണം എന്നതിന് ഉദാഹരണമാണ് ഈ കഥ അടക്കം 'മലബാർ എക്സ്പ്രസ്' എന്ന പൊയ്ത്തുംകടവിന്റെ കഥാ സമാഹാരത്തിലെ ഓരോ കഥകളും.
*_(നജീബ് മൂടാടി)_*

കാലത്തിനു മുമ്പേ നടന്നൊരാൾ



'..പുലയർക്കും പറയർക്കും എഴുതപ്പെട്ട ചരിത്രമില്ല. അവർ എപ്പോഴും ആശ്രിതചരിത്രം മാത്രം ഉള്ളവർ ആയിരുന്നു. നാട്ടുരാജാക്കന്മാരുടെയും ജന്മിമാരുടെയും അടിമകളും വേലക്കാരും മാത്രം. അവർ വയലിറമ്പുകളിൽ ജീവിച്ചു മരിച്ചുപോയവരായി ചരിത്രം പറഞ്ഞു'
                                                           -എരി
പ്രദീപൻ പാമ്പിരികുന്നിന്റെ അപ്രതീക്ഷിതമായ വിയോഗം മലയാളത്തിന് നഷ്ടപ്പെടുത്തിയത് ദളിത്  പഠന-ഗവേഷണ രംഗത്തെ ഒരു പ്രതിഭയെ മാത്രമല്ലെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും അറിയാം. ആറുമാസം മുമ്പ് ഒരു അപകടത്തെ തുടർന്ന് അദ്ദേഹം മരിക്കുന്ന സമയത്തും പണിപ്പുരയിലായിരുന്ന 'എരി' എന്ന നോവലും വായനക്കാരനോട് പറയുന്നത് അതുതന്നെയാണ്.

ശ്രീനാരായണ ഗുരുവിനും മുമ്പ് കുറുമ്പ്രനാട്ടിലെ പറയാനാർപുരം എന്ന സങ്കല്പദേശത്തു ജീവിച്ച എരി എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ ചരിത്രം തേടിപ്പോകുന്ന ഗവേഷകന്റെ കണ്ടെത്തലുകൾ ആയാണ് ഈ നോവലിന്റെ ആഖ്യാനം. തന്റെ തന്നെ വേരുകളുടെ,  കൂട്ടക്കാരുടെ ഇന്നലെകളിലെ അടിമജീവിതമാണ് ഗവേഷകന് മുന്നിൽ തെളിഞ്ഞു വരുന്നത്.  ജ്ഞാനം കൊണ്ട് നേടിയ ചിന്തയുടെയും കരുത്തിന്റെയും ബലത്തിൽ അവർക്ക് വിമോചനം സാധ്യമാക്കാനുള്ള എരിയുടെ ശ്രമങ്ങളാണ്  എരിയെ ചരിത്ര പുരുഷനാക്കുന്നത്.

”കൂട്ടരേ, നമുക്കൊരു വലിയ പാരമ്പര്യമുണ്ട്. നാം ഈ കാടിന്റെയും മലയുടെയും വെള്ളത്തിന്റെയും മക്കളാണ്. നമുക്കു ദൈവം തരുന്നതാണ് കാറ്റും വെളിച്ചവും. നമുക്ക് ജ്ഞാനമില്ല എന്നതാണ് പ്രശ്‌നം. നാമത് നേടണം.”

അടിമജീവിതം  വിധിയെന്ന് കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന് എരി വെളിച്ചമാവുന്നത് ഇങ്ങനെയാണ്. ഒരു കാലഘട്ടത്തെയും മനുഷ്യരെയും  സൂക്ഷ്മമായി പകർത്തിയ ആഖ്യാനം എന്റെ കൂടി ദേശമായ കുറുമ്പ്രനാടിന്റെ  വമൊഴിയുടെ സൗന്ദര്യവും പരിചിത ദേശങ്ങളും കുറേകൂടി മനോഹരമാക്കുന്നു.

”അടിയനാ”പറമ്പിന്റെ അതിര്‍ത്തിയില്‍ നിന്ന് എരി വിളിച്ചറിയിച്ചു.

”ആരാ?”

”പറയനാ…”

”എന്താ? കൊട്ടയും വട്ടിയുെമാന്നും വേണ്ടേ .”

”അതല്ല… അടിയെനാരു കാര്യം അറീക്കാനുണ്ട്. ഇവിടെത്ത മോള് … എന്റെ ‘അമ്മ മാതു …”
ഒരു നിമിഷം.

നിശ്ശബ്ദത ആ തൊടിമുഴുവന്‍ വ്യാപിച്ചു.

മാതു വീട് വിട്ട് പോയിട്ട് മുപ്പത് വര്‍ഷമായിരിക്കുന്നു. അവെളക്കുറിച്ച് എപ്പോഴും ഒാര്‍ക്കും. അവളുടെ അമ്മ മരിച്ചു. മാതുവിെന പിടിച്ചുകൊണ്ടുപോയ പറയനും മരിച്ചെന്ന് ആരോ പറഞ്ഞറിഞ്ഞു. മാതുവിനെ
ഒരിക്കൽപ്പോലും കണ്ടിട്ടില്ല . ഒാമനിച്ചുവളര്‍ത്തിയതാണ്.

രാമര്‍ പണിക്കര്‍ക്ക് ഉള്ളില്‍ ഒരു അരിപ്പറ മുഴങ്ങി. ഏകാകിയായ രാമര്‍ പണിക്കര്‍ തടുക്കില്‍നിന്നെഴുന്നേറ്റ് അതിരിലേക്ക് നടന്നു. അവിടെ ഒരു പിലാവിന്റെ വേരിൽപ്പിടിച്ച് ദൃഢഗാത്രനായ യുവാവ് നില്‍ക്കുന്നു. കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പിനില്‍ക്കുന്നു.

‘മോനെ ” എന്ന് വിളിക്കാന്‍ രാമര്‍പണിക്കര്‍ ആഗ്രഹിച്ചു. പേക്ഷ, പറയനായ അവനെങ്ങനെ തന്റെ കൊച്ചു മകനാവും എന്നയാള്‍ ദുഃഖിച്ചു.

ചരിത്രം പറയാൻ നോവൽ എന്ന സാധ്യത കൃത്യമായി ഉപയോഗിച്ചു വിജയിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പാതി വഴിയിൽ നിലച്ചുപോയ ഈ നോവൽ,  പ്രദീപൻ പാമ്പിരികുന്നിനെ  കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ  കുറിച്ചും കൂടുതൽ ചർച്ച ചെയ്യാൻ വഴി തെളിയിക്കട്ടെ.
________________
എരി
പ്രദീപൻ പാമ്പിരികുന്ന്
പ്രസാ : DC ബുക്സ്
₹ : 125.00