“എനിക്ക് വയ്യ നമ്മുടെ മക്കളെ കൊണ്ട് ഞാന്‍ തോറ്റു.ആകെ രണ്ടെണ്ണമേ ഉള്ളൂന്ന് പറഞ്ഞിട്ടെന്താ എന്നും തമ്മിലടിയാ.മോനാ എല്ലാറ്റിനും തുടക്കമിടുക.പത്താം ക്ലാസ്സില്‍ പഠിക്കുന്ന അവള്‍ക്കു വാങ്ങിക്കുന്നതെല്ലാം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അവനും വേണംന്ന് പറഞ്ഞാല്‍ ..........ഓരോ കാരണങ്ങള്‍ ഉണ്ടാക്കി അവളുമായി വഴക്കുണ്ടാക്കും അവളും വിട്ടു കൊടുക്കില്ല.വാശിയും കരച്ചിലും തല്ലും എനിക്ക് മടുത്തു”
സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അവള് കിതച്ചു
“കുട്ടികളല്ലേ സാരമില്ല”
“ഹോ നിങ്ങള്‍ക്ക് അവിടെ ഇരുന്ന് അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ.നിങ്ങള്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന് പൂച്ചയെ പോലെ ...നൂറു പെണ്‍കുട്ടികളെ വളര്‍ത്താം ഒരു ആണ് കുട്ടിയെ വളര്‍ത്താനുള്ള പാട്......ആവുന്നില്ല എനിക്ക് ഒറ്റയ്ക്ക് ഈ വീട്ടിലെ മുഴുവന്‍ പണിയും അതിന്റെ കൂടെ ഇവരുടെ തമ്മിലടിയും..... ”
അവള് പിന്നെയും പെയ്യുകയാണ്
“ഇന്നെന്തിനായിരുന്നു വഴക്ക്”
“ഇപ്പൊ അവള്‍ക്കു SSLC പരീക്ഷ ആയതോണ്ട് കുറച്ചു ദിവസമായി തല്ലു കൂടാറില്ല.....അപ്പൊ അവനു പുതിയൊരു വാശി അവള്‍ക്ക് പരീക്ഷക്ക് പോകുമ്പോള്‍ ദിവസവും ഞാന്‍ പത്തു രൂപ കൊടുക്കും വിശന്നാല്‍ എന്തെങ്കിലും വാങ്ങിച്ചു കഴിച്ചോട്ടെ എന്ന് കരുതി.അപ്പൊ അവനും കിട്ടണം ദിവസം അഞ്ചു രൂപ”
“അതെന്തിനാ”
“മിട്ടായി വാങ്ങാന്‍ അല്ലാതെന്തിനാ അവള് പരീക്ഷക്ക് പോകാനിറങ്ങുമ്പോള്‍ അതിനു മുന്നില്‍ ഇവന് ഓടും എന്നാലല്ലേ വഴിയില്‍ നിന്ന് മുട്ടായി തിന്ന് അവളെ കൊതിപ്പിക്കാനാവൂ..........ഇന്ന് അവള് പരീക്ഷക്ക് പോകുമ്പോള്‍ അവള്‍ക്ക് പൈസ കൊടുത്ത ശേഷം അവനു കൊടുക്കാന്‍ എന്റെ കയ്യില്‍ ചില്ലറ ഇല്ലായിരുന്നു.എത്ര പറഞ്ഞിട്ടും അവന് കേള്‍ക്കണ്ടേ അവനു അഞ്ചു രൂപ കിട്ടിയേ പറ്റൂ.അവള്‍ക്കാണെങ്കില്‍ ഇന്ന് അവസാനത്തെ പരീക്ഷയാ പഠിച്ചതൊക്കെ മറന്നു പോകുന്നൂന്നും പറഞ്ഞു ഇന്നലെ രാത്രിയൊക്കെ കരച്ചിലായിരുന്നു.പോകാനിറങ്ങുമ്പോഴും അവള്‍ക്ക് ഒരു അധി പോലെ ..അതിനിടയിലാ ഇവന്റെ ഈ വാശി.ഞാന്‍ നന്നായി രണ്ടു കൊടുത്തു...അല്ല സഹിക്കുന്നതിനും ഒരു അതിരില്ലേ എത്ര പറഞ്ഞാലും കേള്‍ക്കൂലാന്നു വെച്ചാല്‍ .. ............”
“എന്നിട്ട് അവന് എവിടെ”
“അപ്പുറത്ത് കിടന്നു കരയുകയാ ...കുറച്ചു കരയട്ടെ...രാത്രി വിളിച്ച് ഒന്ന് ഉപദേശിച്ച് കൊടുക്ക്.ഞാന്‍ വെക്കട്ടെ നേരമില്ല...ഇവിടെ പണി ഒന്നും തീര്‍ന്നിട്ടില്ല.......ഉച്ചയാവാറായി”
അവള് ഫോണ്‍ വെച്ചു.അരിശവും സങ്കടവും പിന്നെയും പുകയുന്നുണ്ടായിരുന്നു.
അവന്റെ ഏങ്ങലടി കേട്ടപ്പോള്‍ ഒന്ന് കൂടി ദേഷ്യം കൂടി ഇതും ഈയിടെയായി ഉള്ള പുതിയ അടവാണ്.നിര്‍ത്താതെ കരഞ്ഞു കാര്യം സാധിപ്പിക്കുക.
“ഞാന്‍ ഉപ്പാനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.വേണമെങ്കില്‍ വന്നു അടിച്ചു പഠിപ്പിച്ചോട്ടെ എത്രയാന്നു വെച്ചാ ഞാന്‍ .....”
അവള് ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു.
“ഉമ്മാ .....”
പിന്നില്‍ അവന്റെ കരഞ്ഞു ചിലമ്പിച്ച ശബ്ദം.അവളുടെ ഉള്ളില്‍ എന്തോ ഒന്ന് പിടഞ്ഞ പോലെ.എന്നാലും ഗൌരവം വിട്ടില്ല.
“ഊം ...ഇനീം വേണോ ”
അവന് അത് ശ്രദ്ധിക്കാതെ കരഞ്ഞു കൊണ്ട് പറഞ്ഞു .
“ഉമ്മാ ...എനിക്ക് ഇന്നും കൂടി മാത്രം ഉമ്മ അഞ്ചുറുപ്യ തന്നാ മതി.നാളെ മുതല്‍ വേണ്ട...”
അവള് തണുത്തു
“എന്തിനാ മോന് വാശി പിടിക്കുന്നത്. ഉമ്മ മോന് നാളെ നല്ല മുട്ടായി വാങ്ങി തരാം പോരെ”
“ഉമ്മാ ഇനിക്ക് മുട്ടായി വാങ്ങാനല്ല പൈശ”
അവന് ഏങ്ങലടിച്ചു
“പിന്നെ”
അവള്‍ക്ക് പിന്നെയും ശുണ്ഠി വന്നു
“ഉമ്മാ അഞ്ചുറുപ്യ എനിക്ക് വല്യ പള്ളിക്കലെ നേര്ച്ചപ്പെട്ടീല് ഇടാനാ..... ഇത്താത്ത എല്ലാ പരീക്ഷേലും നല്ല മാര്‍ക്ക് വാങ്ങി ജയിക്കാന്‍ ഞാന്‍ പരീക്ഷ തുടങ്ങിയത് മുതല്‍ എല്ലാ ദെവസവും ഇത്താത്ത പരീക്ഷക്ക് പോകാന്‍ ഇറങ്ങിയാല്‍ ഉടനെ ഇടലുണ്ട്................ഇന്ന് ഇത്താത്താന്റെ ലാസ്റ്റ്പരീക്ഷല്ലേ ...........ഇന്നും കൂടി തന്നാ മതി ഉമ്മാ ...അഞ്ചുര്‍പ്യ....”
അവന് അവളെ കെട്ടിപ്പിടിച്ചു തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു
തളര്‍ന്നു പോയ അവളുടെ ഉള്ളില്‍ ഒരു കണ്ണീര് മഴ ഉരുള്‍പൊട്ടാന്‍ തുടങ്ങി
അവളുടെ ചിതറിവീണ കണ്ണീര് തുള്ളികള്‍ അവന്റെ ശിരസ്സിനെ നനക്കുമ്പോഴും അവന് ഏങ്ങലടിച്ചു കൊണ്ടിരുന്നു.


