Sunday, April 5, 2015

മലയാളികളല്ലാത്ത മൂന്നു പെണ്ണുങ്ങള്‍



ചേതനാ ഗൃദ്ധാ മല്ലിക്,  സമീറപര്‍വീണ്‍, ദേവനായകി/സുഗന്ധി ...

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ, മലയാളത്തില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത  മൂന്നു നോവലുകളിലെ (യഥാക്രമം  ‘ആരാച്ചാര്‍’- കെ ആര്‍ മീര, ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’-ബെന്യാമിന്‍, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’-ടി ഡി രാമകൃഷ്ണന്‍) പ്രധാന കഥാപാത്രങ്ങളാണ് ഇവര്‍.

സ്ത്രീയുടെ എല്ലാ പരിമിതികളും ഉണ്ടായിട്ടും പ്രതിസന്ധികളോട് പൊരുതി നില്‍ക്കുന്ന, കീഴടങ്ങാന്‍ കൂട്ടാക്കാത്ത  കരുത്തും തന്റേടവുമുള്ള  ഈ കഥാപാത്രങ്ങളോട് ആദരവ് തോന്നിപ്പോകും. വ്യവസ്ഥിതിയും അധികാരവും പുരുഷലോകവും ഇവര്‍ക്ക് മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും നേരിനായി പോരാടുന്ന വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍.

രസകരമായ കാര്യം ഏറെ വായിക്കപ്പെട്ട ഈ മലയാളി എഴുത്തുകാരുടെ മലയാളം നോവലുകളിലെ ഈ മൂന്നു കഥാപാത്രങ്ങളും മലയാളിപ്പെണ്ണുങ്ങള്‍   അല്ല എന്നതാണ്. ആരാച്ചാറിലെ ചേതന ബംഗാളിയും. മുല്ലപ്പൂവിലെ സമീറ പാകിസ്ഥാനി പെണ്‍കുട്ടിയുമാണ്, ദേവനായകിയെന്ന ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള  കഥാപാത്രം ഇന്നത്തെ കേരളത്തിലെ ഒരു ചെറുരാജ്യമായ തമിഴ് നാടിനോട് ചേര്‍ന്ന കാന്തള്ളൂരിലാണ് ജീവിച്ചതെന്ന് നോവല്‍ പറയുമ്പോഴും അവിടെ മലയാളിപ്പെണ്ണ്‍ എന്ന സൂചനയില്ല.   കൈകള്‍ വെട്ടി മാറ്റപ്പെട്ടിട്ടും മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കപ്പെട്ടിട്ടും പോരാട്ട വീര്യം കുറയാത്ത ശ്രീലങ്കന്‍ വനിത സുഗന്ധി വളരെ കുറഞ്ഞ നേരമേ നോവലില്‍ ഉള്ളൂവെങ്കിലും പെണ്‍കരുത്തിന്‍റെ പ്രതീകമായി നിറഞ്ഞു നില്‍ക്കുന്നു.

സമീപ  കാലത്ത് ഏറെ വായിക്കപ്പെട്ട കേരളീയ പാശ്ചാത്തലമുള്ള മലയാള നോവലുകളായ ‘മനുഷ്യന് ഒരു ആമുഖം’-സുഭാഷ് ചന്ദ്രന്‍, ‘ആളോഹരി ആനന്ദം’- സാറാ ജോസഫ് എന്നീ നോവലുകളിലോന്നും ഇങ്ങനെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, പുരുഷ ലോകത്തിന്‍റെ നിയമങ്ങളും ദാര്‍ഷ്ട്യങ്ങളും സഹിച്ചു ജീവിക്കുന്ന സ്വയം പ്രകാശിപ്പിക്കാന്‍ കഴിയാത്ത ഉരുകിത്തീരുന്ന ജന്മങ്ങളായ സ്ത്രീകളെ മാത്രമേ ഇതിലൊക്കെ കാണാന്‍ കഴിയൂ. 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും'  എന്ന ടി പി രാജീവന്‍റെ നോവലില്‍ അന്ധയായ ലക്ഷ്മി അടക്കം വ്യക്തിത്വമുള്ള ഏറെ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ കഥ നടക്കുന്നത് ഇന്നല്ല സ്വാതന്ത്ര്യത്തിനു മുമ്പാണ് എന്നത് ശ്രദ്ധേയമാണ്.

‘മുല്ലപ്പൂ നിറമുള്ള പകലുക’ളോടൊപ്പമുള്ള ‘അല്‍ അറേബ്യന്‍ ഫാക്ടറി’യില്‍  മലയാളി പെണ്‍കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും സ്വന്തമായ നിലപാടോ വ്യക്തിത്വമോ ചിന്തയോ ഉള്ളവരല്ല. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’യില്‍ ഉള്ള ഒരേയൊരു മലയാളിപ്പെണ്ണ്‍ ഭാഗ്യമില്ലാത്ത സിനിമാനടി ആയതിനാല്‍ കലാരംഗത്ത്‌ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കാസിനോകളില്‍ ചൂതാട്ടക്കാര്‍ കൊണ്ട് നടക്കുന്ന വെറുമൊരു ശരീരവും മാത്രമാണ്.  

കണ്ണീരിന്‍റെ ലോകത്ത് വിധേയരായി നിസ്സഹായരായി ദുര്‍ബലപ്പെട്ട് നില്‍ക്കുന്ന പെണ്‍കഥാപാത്രങ്ങള്‍ നിറഞ്ഞ സീരിയലുകളും നായകന്‍റെ നിഴലാകാന്‍ മാത്രം വിധിക്കപ്പെട്ട നായികമാര്‍  മാത്രമുള്ള നമ്മുടെ സിനിമകളും കാണിച്ചു തരുന്നത് തന്നെയാണോ മലയാളിപ്പെണ്ണ്‍.

ഒരു പാട്ടിന്‍റെ നേരം കൊണ്ട് ടെറസ്സിനു മുകളില്‍ ജൈവകൃഷി നടത്തി വിജയിപ്പിച്ച് പെണ്ണിന്‍റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ച നിരുപമാ രാജീവും മഞ്ജുവാര്യരും ആണല്ലോ  കഴിഞ്ഞ വര്‍ഷം കേരളം കൊണ്ടാടിയ പെണ്‍കരുത്ത് എന്നോര്‍ക്കുമ്പോള്‍ ചേതനയും സമീറയും ദേവനായകിയും സുഗന്ധിയും മലയാളികളെ നോക്കി പരിഹാസപൂര്‍വ്വം പുഞ്ചിരിക്കുന്നുണ്ടാവും.

(എന്‍റെ വായനയില്‍ പെടാതെ പോയ ഈ അടുത്ത കാലത്തിറങ്ങിയ നോവലുകളില്‍ ഇതുപോലെ ശക്തരായ മലയാളി സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ കമന്‍റില്‍ എഴുതുക)  






Saturday, February 28, 2015

വര്‍ണ്ണക്കുട തേടിവന്നൊരാള്‍



മിട്ടായിത്തെരുവില്‍ ഏറെ നേരമലഞ്ഞ് ആശിച്ചപോലെ  സ്വര്‍ണ്ണനിറമുള്ള ചെരിപ്പ് കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് പുറത്തെ  കുംഭവെയിലിനേക്കാള്‍ തിളക്കമുണ്ടായിരുന്നു.

പാകമാണോ എന്നറിയാന്‍ ചെരിപ്പിട്ട് കടയിലൂടെ നടന്നു നോക്കുമ്പോള്‍ അവളുടെ ഉമ്മയുടെ മുഖത്തും തിളങ്ങി നിന്നു അതുപോലൊരു  ചിരിവെയില്‍.

പത്തുനാള്‍ മാത്രം നീണ്ട അവധിയുടെ ഓട്ടപ്പാച്ചിലിനിടയില്‍, നാട്ടില്‍ പോകുന്നതിനു മുമ്പേ മോള് പറഞ്ഞുവെച്ച കുഞ്ഞുമോഹം സാധിപ്പിച്ച ആഹ്ലാദം എന്‍റെയുള്ളിലും......

മിട്ടായിത്തെരുവില്‍ നിന്നും രണ്ടാം ഗെയ്റ്റിലേക്കുള്ള വഴിയില്‍ കോര്‍ട്ട്റോഡിലൊരു ചെറിയ കടയുണ്ട്. കട എന്ന് പറയാനില്ല ഒരു പീടികച്ചെയ്തിയില്‍ ഇത്തിരി മുന്നോട്ടായൊരു പെട്ടിക്കട. കടക്കാരന്‍ അവിടെ ഇരുന്ന് പല വര്‍ണ്ണത്തിലുള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കൂടാതെ  സിഗരറ്റും ബീഡിയും നാരങ്ങാ വെള്ളവും....

അവിടെ നിന്നൊരു ‘സോഡാസര്‍ബത്തി’ന്‍റെ തണുപ്പില്‍   വെയില് കൊണ്ട് വാടിയ ക്ഷീണം തീര്‍ക്കുമ്പോഴാണ്  കുടകള്‍ ഓരോന്നായി ഭംഗി നോക്കുന്ന ആളെ ശ്രദ്ധിച്ചത്. ഏതോ അന്യസംസ്ഥാന തൊഴിലാളി.

എന്‍റെ നോട്ടം കണ്ടാവണം കടക്കാരന്‍ പറഞ്ഞു.
“ഞാറായ്ച്ചാവണം... അന്ന് ഇവിടെ ഇവരെ കളിയാ ....നാട്ടിലേക്ക് കൊണ്ടോവാനുള്ള സാധനം വാങ്ങിക്കാന് ......അന്നാ ശരിക്കും  കച്ചോടം”

കുടകള്‍ ഓരോന്നും എടുത്തു നോക്കിയ അയാള്‍ക്ക് പിങ്ക് നിറമുള്ളൊരു   കുട ഏറെ ഇഷ്ടമായെന്ന് തോന്നുന്നു. അത് നിവര്‍ത്തിയും മടക്കിയും ഭംഗി നോക്കുമ്പോള്‍ പീടികക്കാരന്‍ വില പറയുന്നതൊന്നും ആ ചെറുപ്പക്കാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തിലെന്നപോലെ അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു... അയാളുടെ കണ്ണുകളില്‍ ദൂരെ ദൂരെ ഏതോ ഒരു മഴയില്ലാ നാട്ടില്‍  പൂത്തു നില്‍ക്കുന്ന വെയില്‍ ചുവട്ടില്‍ പിങ്ക് നിറമുള്ള കുട ചൂടി അയാള്‍ക്ക് പ്രിയപ്പെട്ട ആരോ..... ആ കാഴ്ചയിലായിരിക്കും അയാളുടെ മുഖത്തിങ്ങനെ  ചിരി വിടരുന്നത്...

അയാളുടെ  ഉള്ളിലടിക്കുന്ന  ആഹ്ലാദത്തിര  എനിക്ക് കാണാനാവും. കണ്ണെത്താദൂരത്ത് ജീവിതം തേടിപ്പോയവന്‍റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടയില്‍ പലവട്ടം  ഞാനും ഇത് അനുഭവിച്ചതാണല്ലോ.  കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്ന  മാലിയയിലും , ഇറാനി സൂക്കിലും , ബുഡ്ഢി മാര്‍ക്കറ്റിലും , സൂഖുല്‍ വത്വനിയയിലും.......... ഈ തിളക്കമുള്ള കണ്ണുകള്‍ ഞാനേറെ കണ്ടിട്ടുണ്ട്.  

ഏതു നാട്ടിലായാലും  പ്രവാസി ദൂരെ ദൂരെ  തന്‍റെ പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു...... കണ്മുന്നില്‍ എന്നപോലെ  സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും ... കൂട്ടിവെച്ച ഒരുപാട് പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്.. ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി .............

കടക്കാരന്‍ പറഞ്ഞ പണം കൊടുത്ത് ആ പിങ്ക് കുട വാങ്ങി അയാള്‍ നിരത്തിലേക്കിറങ്ങി. ഭൂമിയിലെ ഏറ്റവും ആഹ്ലാദവാനായ ആ മനുഷ്യന്‍ തിരക്കില്‍ മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.


Monday, October 13, 2014

അല്‍പം ‘പത്തിരി’ പുരാണം



മലബാറിലെ തീന്‍മേശകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇന്നും ‘പത്തിരി’. കോഴിക്കോട്ടുകാരുടെ അതിഥി സല്‍കാരത്തിന് പത്തിരിയുടെ രുചിയും മാര്‍ദ്ദവവും ഉണ്ട്. കോഴിക്കോട് മാത്രമല്ല കണ്ണൂരും മലപ്പുറത്തും ഒക്കെ പത്തിരി പ്രമാണി തന്നെ.

പച്ചരി പൊടിച്ച് കുഴച്ച് നേരിയതായി പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുന്ന പത്തിരിയുടെ ചരിത്രം എന്താണ് എന്ന വെറും ഒരു അന്വേഷണമാണ് ഈ പോസ്റ്റ്‌. ആധികാരികം അല്ല എന്ന് മുന്‍‌കൂര്‍ ജാമ്യത്തോടെ.

മലബാറിലെ മാപ്പിളവിഭവങ്ങള്‍ക്കും തീറ്റയൊരുക്കങ്ങള്‍ക്കും അറബികളുമായി  ബന്ധമുണ്ട്. നൂറ്റാണ്ടുകളോളം  കച്ചവട ആവശ്യത്തിന് മലബാറില്‍ വരികയും മാസങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്ത അറബികളുടെ ഭക്ഷണ രീതികളും സല്‍ക്കാര രീതികളും ഇവിടെയുള്ളവരും സ്വായത്തമാക്കിയിരിക്കാം.. നെയ്യും മാംസവും എണ്ണയും മധുരവും ഒക്കെ ചേര്‍ത്തുള്ള പലഹാരങ്ങള്‍ അറബികള്‍ക്ക് പ്രിയങ്കരമാണല്ലോ. മലബാര്‍ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങള്‍ക്കും ഇതൊക്കെ തന്നെയാണ് കൂട്ട്. ആ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള ഭക്ഷ്യവിഭവമാണ് പത്തിരി.

ബ്രേക് ഫാസ്റ്റ് എന്ന് ഏകദേശ അര്‍ഥം വരുന്ന ‘ഫതീര്‍’ എന്ന വാക്കില്‍ നിന്നായിരിക്കണം പത്തിരിയുടെ ഉത്ഭവം. (ഇഫ്താര്‍ എന്ന പദവും ഉത്ഭവിക്കുന്നത് ഈ വാക്കിന്‍റെ ധാതുവില്‍ നിന്നാണ്). ഫതീര്‍ എന്ന പേരില്‍ പ്രഭാതത്തില്‍ കഴിക്കുന്ന ഒരു പലഹാരം ഇന്നും ഗള്‍ഫ് നാടുകളില്‍ ഉണ്ടല്ലോ.

അറബികള്‍ ധാന്യങ്ങള്‍  പൊടിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണമാണ് ‘ആസ് കല്ല്‌’. പ്രവാചക പുത്രി ഫാത്വിമ(റ:അ) യുടെ കൈകള്‍ വീട്ടുജോലി ചെയ്ത് ആസ്കല്ല്‌ പിടിച്ചു തഴമ്പിച്ചതായി ഒരു ഹദീസില്‍ കാണാം. ധാന്യം പൊടിക്കുന്ന വിദ്യ അന്നേ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം. (കുവൈത്തിലെ പഴയ അഞ്ച് ദിനാര്‍ നോട്ടില്‍ ആസ്കല്ലിന്‍റെ ചിത്രമുണ്ട്. കുവൈത്തിന്‍റെ ഇന്നലകളെ ചിത്രീകരിച്ചതില്‍).

അപ്പോള്‍ ‘പത്തിരി’ എന്ന നമ്മുടെ ഇഷ്ടവിഭവം ഫതീറില്‍  നിന്ന് വന്നതാവണം എന്ന് അനുമാനിക്കാം.. കാലങ്ങള്‍ കൊണ്ട് നമ്മുടെതായ രീതിയിലേക്ക് അതിനെ മാറ്റിയെടുത്തിരിക്കാം. പത്തിരി മാത്രമല്ല നമ്മുടെ തീന്മേശകളില്‍ തനതു കേരളീയ ഭക്ഷണം എന്ന് പറയാന്‍ പറ്റിയ സംഗതി ഏറെയൊന്നും ഇല്ല എന്നതാണ് സത്യം. ഇന്ന് ബര്‍ഗറും സാന്റ്വിച്ചും പോലെ അന്യ ദേശത്ത് നിന്നും പണ്ട് വന്ന പലതുമാണ് നമ്മുടെ രുചികളെ തൃപ്തിപ്പെടുത്തുന്നത്.

മണ്‍കുടവും മുളംകുറ്റിയും ഉപയോഗിച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന നമ്മുടെ പാവം പുട്ടിന് പോലും ഏറെക്കാലത്തെ പാരമ്പര്യം ഇല്ല എന്നതല്ലേ നേര്. നെല്ലും നാളികേരവും ഒക്കെ കേരളത്തില്‍ വ്യാപകമായിട്ട്‌ അഞ്ചാറ് നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ എന്ന് ചരിത്രകാരന്മാര്‍ പറയുമ്പോള്‍ അങ്ങനെയാണല്ലോ ഊഹിച്ചെടുക്കേണ്ടത്. (ജാതി വിവേചനം അനുഭവിച്ച ഒരു പലഹാരം കൂടി ആയിരുന്നല്ലോ പുട്ട് പഴയ കാലത്തെ സവര്‍ണ്ണര്‍ ഈ കീഴാള ഭക്ഷണത്തെ കണ്ടിയപ്പം എന്ന് വിളിച്ചിരുന്നുവത്രേ) പത്തിരി തന്നെയും തുടക്കത്തില്‍ അരിപ്പൊടി കൊണ്ടായിരിക്കുമോ. അറബികളുടെ ചരിത്രത്തില്‍ ഗോതമ്പ്പൊടി അല്ലാതെ അരിപ്പൊടി കുറവാണല്ലോ.

ടെലിവിഷനിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ രുചി വൈവിധ്യങ്ങളെ കുറിച്ച് അറിയാനും പരീക്ഷിക്കാനും നമുക്കിന്ന് എളുപ്പമുണ്ട്. പക്ഷെ കാലങ്ങളായി നാം പിന്തുടരുന്ന ഭക്ഷ്യശീലങ്ങള്‍ രുചിയും ആരോഗ്യവും മാത്രമല്ല,  കാലങ്ങള്‍ കൊണ്ട് വിവിധ ദേശക്കാരുമായുള്ള ഇടപഴകലുകളിലൂടെ ലഭിച്ചത് കൂടിയാണ്.

നമ്മുടെ തീന്മേശയിലെ വിഭവങ്ങള്‍ പറഞ്ഞു തരുന്നത് വിവിധ നാടുകളിലെ ആളുകളുടെ സ്വഭാവ രീതികളും കാലാവസ്ഥയും സമ്പദ്സ്ഥിതിയും ആഹാരരീതിയും ഒക്കെയാണ്. ഭക്ഷണം വിശപ്പടക്കാന്‍ മാത്രമല്ല മനുഷ്യസമൂഹത്തിന്റെ വിവിധസംസ്കാരങ്ങളെ കുറിച്ച് പഠിക്കുവാന്‍ കൂടി ഉള്ളതാണ് എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യര്‍ ഭിന്നിച്ചും തമ്മിലടിച്ചും പരസ്പര വിദ്വേഷത്തോടെ  അകലാന്‍ ഉത്സാഹിക്കുന്ന  ഈ കാലത്ത്, കൊണ്ടും കൊടുത്തും പരസ്പരം പങ്കുവെച്ചും വളര്‍ന്നു വന്ന മഹത്തായ മനുഷ്യസംസ്കാരത്തെ നാം അറിയാന്‍ ശ്രമിക്കണം. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ അടിസ്ഥാനരുചി സഹവര്‍ത്തിത്വത്തിന്‍റെതാണ്. അതില്‍ മനുഷ്യനന്മ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു.