Monday, April 28, 2014

ദേശ ചരിത്രത്തിന്‍റെ, അടഞ്ഞുപോകുന്ന വാതിലുകള്‍

((2.05.2014) 4PM NEWS 'സസ്നേഹം' പ്രസിദ്ധീകരിച്ചപ്പോള്‍.)
നാട്ടിന്‍പുറത്തുകൂടെ മഞ്ഞ നിറമുള്ള സ്കൂള്‍ ബസ്സുകള്‍  ഓടുന്നതിനും മുമ്പ്, സ്കൂള്‍കുട്ടികള്‍ യൂണിഫോം ധരിക്കുന്നതിനും  മുമ്പ്, സ്കൂളുകള്‍ തന്നെ ഉണ്ടാകുന്നതിനും മുമ്പ്, ഞങ്ങളുടെ നാട്ടിലൊരു എഴുത്തുപള്ളിയുണ്ടായിരുന്നു. ചെറുപ്പക്കാരൊക്കെ ജിമ്മിലും, ചെറുപ്പം പിന്നിട്ടവര്‍ പ്രഭാത നടത്തത്തിനും പോകുന്ന കാലത്തിനും മുമ്പ് ഞങ്ങളുടെ നാട്ടില്‍ കളരികളുണ്ടായിരുന്നു. ജ്വല്ലറികളില്‍ മാവേലി സ്റ്റോറിലെന്നപോലെ തിരക്കാവുന്നതിനും മുമ്പ് ഞങ്ങളുടെ നാട്ടിലൊരു തട്ടാനുണ്ടായിരുന്നു. സൂപ്പര്‍ മാര്‍കറ്റില്‍ നിന്നും അരിച്ചാക്ക് ‘ഡോര്‍ ഡെലിവറി’ ചെയ്തു തുടങ്ങുന്നതിനും എത്രയോ കാലം മുമ്പ്  നെല്ല് കൊയ്തു കൂട്ടിയ വലിയ കളപ്പുരകളുള്ള നാടായിരുന്നു ഞങ്ങളുടേത്.....

ഈ ചരിത്രമൊക്കെ  ആരെങ്കിലും  എഴുതി വെച്ചിട്ടുണ്ടോ?........... ഉണ്ട് പൊടിഞ്ഞു തുടങ്ങിയ പഴയ അടിയാധാരങ്ങളിലും, പണം പയറ്റിന്‍റെ കണക്കെഴുതിയ പുസ്തകങ്ങളിലുമൊക്കെയായി പേരിനൊപ്പം ചേര്‍ത്ത വീട്ടുപേരുകള്‍ വിളിച്ചു പറയുന്നുണ്ട് ദേശത്തിന്‍റെ ഇന്നലെകളുടെ ചരിത്രം.

അന്നത്തെ  ഭൂപ്രകൃതിയും,  കൃഷിയും,  കച്ചവടവും,  സ്ഥാപനങ്ങളും, വ്യക്തികളും തൊഴിലുമൊക്കെ ചേര്‍ന്ന പഴയ വീട്ടുപേരുകള്‍. കൌതുകപൂര്‍വ്വം എല്ലാമൊന്നു  ചേര്‍ത്തുവെച്ചാല്‍ കിട്ടും നിങ്ങളുടെ നാടിന്‍റെയും  ഇന്നലെകളുടെ  അതിശയിപ്പിക്കുന്നൊരു ചിത്രം.


ഈ നിരത്തും, റെയിലും, കോണ്‍ക്രീറ്റ് വീടുകളുമെല്ലാം മനസ്സില്‍ നിന്ന് മായ്ച്ചുകളയുക. കയ്യില്‍ പലകയും മണലുമായി തെങ്ങിന്‍ പാലം കടന്ന് നാട്ടിടവഴിയിലൂടെ  എഴുത്തുപള്ളിയിലേക്ക് പോകുന്ന ഉടുപ്പിടാത്ത, തോര്‍ത്തും കോണകവുമുടുത്ത  ബാലികാബാലന്മാര്‍. കളരിയില്‍ കച്ചകെട്ടി ഓതിരവും കടകവും മറിയുന്ന ചെറുപ്പക്കാരുടെ എണ്ണയും വിയര്‍പ്പും തിളങ്ങുന്ന ശരീരങ്ങള്‍. ഉമിത്തീയില്‍ ഊതുന്ന  തട്ടാന്‍റെ മുന്നില്‍ അലിക്കത്തും ചിറ്റും മാട്ടിയും ഉണ്ടാക്കാനിരിക്കുന്ന ഉമ്മച്ചിപ്പെണ്ണുങ്ങള്‍. കറ്റ മെതിച്ചും പൊലി അളന്നും ആളും ബഹളവും നിറഞ്ഞ കളപ്പുര........

‘എഴുതുപള്ളിപ്പറമ്പും’ ‘കളരിവളപ്പിലും’ ‘തട്ടാന്റവിടെ’യും ‘കളത്തിലും’.... ആ പഴയ വീട്ടുപേരുകള്‍. ഏതോ കാലത്തെ എന്‍റെ നാടിനെ ബ്ലാക്ക്&വൈറ്റ് സിനിമയിലെന്ന പോലെ കാട്ടിത്തരുന്നു, 

‘പീടികയിലും’ ‘പീടിക വളപ്പിലും’ ഞങ്ങളുടെ നാട്ടിലെ വീട്ടു പേരുകളാണ്. അവിടെയൊക്കെ ഉണ്ടായിരുന്ന കടകളെ കുറിച്ച് കഴിഞ്ഞ തലമുറക്ക് പോലും ഓര്‍മ്മയില്ല. ‘കുന്നത്ത്’ കുന്നിന്‍റെ മുകളിലായിട്ട് വരുമെങ്കിലും ‘കുന്നോത്ത്’ കുറച്ചു ദൂരെയാണ്. തൊട്ടടുത്തുള്ള  ‘ദൈവമുള്ള കുന്നോത്തി’ന്‍റെ പിറകിലെ ചരിത്രം എന്താവാം. മൂടാടി എന്ന് ഇന്നറിയപ്പെടുന്ന ഇടത്തുനിന്നും കുറച്ചു ദൂരെയാണ്  ‘മൂടാടികണ്ടി’യുള്ളത്.

വയല്‍ മണ്ണിട്ടുയര്‍ത്തി വീട് വെച്ചപ്പോഴും വീട്ടുപേര് ‘പൊയിലില്‍’ എന്ന് തന്നെ. തൊട്ടടുത്ത് വയല്‍ നികത്തിയെടുത്ത ‘കുനിയിലും’ ‘പറമ്പിലും’.  ‘കളമുള്ളതില്‍’ എന്ന് ആധാരത്തില്‍ കാണുന്നത് ലോപിച്ചാണ് ‘കളത്തില്‍’ ആയത്. തൊട്ടടുത്ത് ‘കളത്തില്‍കണ്ടി’യും, ‘പൊന്നാട്ടിലും’ ‘പൊന്നാട്ടുംകണ്ടി’യുമുണ്ട്. ചാത്തമോത്താണോ ‘ചാത്തോത്ത്’ ആയി മാറിയത്

ഉമ്മയുടെ തറവാടിന്‍റെ പേര് ‘മടത്തുവീട്ടില്‍’ എന്നായിരുന്നു. ‘മഠത്തുവീട്ടില്‍’ എന്നത് പറഞ്ഞു പറഞ്ഞ് തേഞ്ഞ് ഇങ്ങനെ ആയിത്തീര്‍ന്നതാണ്. പണ്ട് പണ്ട് ഏതോ കാലത്ത് പട്ടന്മാര്‍ താമസിച്ചിരുന്ന മഠമായിരുന്നുവത്രെ ഇവിടം.. തലമുറകള്‍ കൈമാറി വന്ന ഈ ചരിത്രം വല്യുപ്പ പറഞ്ഞു കേട്ടതാണ്. ഞങ്ങളുടെ നാട്ടില്‍ പട്ടന്മാര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഈ തലമുറ മാത്രമല്ല കഴിഞ്ഞ തലമുറയും അതിശയിക്കും. 

കൃഷിയും കൃഷിക്കാരും  ഏറെയുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ വീട്ടുപേരുകള്‍ അധികവും  കുനിയും, കണ്ടിയും, പറമ്പും, പൊയിലുമൊക്കെയായത് സ്വാഭാവികം. ഞങ്ങളുടെ അടുത്ത പ്രദേശമായ ചരിത്ര പ്രസിദ്ധമായ പന്തലായനി കൊല്ലവും  കൊയിലാണ്ടിയിലുമുള്ള അധിക വീട്ടുപേരുകളും  ആ പ്രദേശത്തിന്‍റെ ചരിത്ര വസ്തുതകളിലേക്കും മുമ്പ് ജീവിച്ച പ്രധാന വ്യക്തികളിലേക്കും വെളിച്ചം വീശുന്നതാണ്. 

ചൈനക്കാരുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന പന്തലായനി കൊല്ലത്തെ വീട്ടു പേരുകളാണ് ‘ചീനന്മാരക’വും, ‘ചീനവളപ്പു’മെല്ലാം. ‘എറമാക്കാന്റക’വും, ‘അവറാങ്കത്തും’, ‘ഉസ്സാങ്കത്തും’ ‘മുസാദാക്കാന്റാട’യും  ‘അറക്കലും’ ‘ഈസലകത്തും’ ‘ബാസൽമിന്റാടയും’ ‘തോപ്പിലും’ ‘പിയാളക്കലും (പുതിയ മാളിയക്കൽ) ‘മാളിയേക്കലും’ ‘വലിയ പുരയിലും’  മെല്ലാം കൊയിലാണ്ടിയിലെ പഴയ മുസ്ലിം തറവാടുകളുടെ പേരാണ്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി  പ്രതാപികളായ അന്നത്തെ തറവാട്ടുകാരണവന്മാരുടെ പേര് ചേര്‍ത്തും. വീടിന്‍റെ പകിട്ട്( മാളിക, വലിയ വീട്) ചേര്‍ത്തും വീട്ടു പേരായി തീരുകയാണിവിടെ. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്തെ മുസ്ലിം വീട്ടുപേരുകളും ഏകദേശം ഇതേപോലെ.

മലപ്പുറത്തെ വീട്ടുപേരുകളില്‍ മൂച്ചിയും(മാവ്) തൊടിയുമൊക്കെ എമ്പാടും  .തിരുവനന്തപുരത്തെത്തുമ്പോള്‍  ‘വിളാകം’ എന്ന് ഏറെ കാണാം. ശബ്ദതാരാവലിയില്‍ ‘വിള’ എന്നാല്‍ പുരയിടം എന്നൊരു അര്‍ത്ഥവും ഉണ്ട്.

കാലം മാറിയപ്പോള്‍ കൂട്ടുകുടുംബമെന്നത് മാറി ഭാഗം വെച്ചു കിട്ടിയതും വിലക്ക് വാങ്ങിയതുമായ പറമ്പുകളില്‍ ഓടിട്ട വീടുകളും കോണ്‍ക്രീറ്റ് വീടുകളും ഉയരാന്‍ തുടങ്ങിയപ്പോള്‍ ‘മന്‍സിലുകളും’  ‘ഭവനുകളും’ ‘ഹൌസുകളു’മായി വീട്ടുകാരന്‍റെയോ/കാരിയുടെയോ മക്കളുടെയോ പേര് ചേര്‍ത്തുള്ള വീട്ടുപേരുകള്‍   ഗേറ്റിനു മുകളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ സ്ഥാനം പിടിച്ചു.


ഇടവഴികളൊക്കെ ടാറിട്ട റോഡുകളായി മാറുകയും, മലയാളിയുടെ ഗൃഹ സങ്കല്‍പ്പം തന്നെ മാറിമറിയുകയും ചെയ്തപ്പോള്‍ വീട്ടുപേരുകളിലും ഉണ്ടായി മാറ്റം. മക്കള്‍ക്ക്‌ പേരിടുന്നപോലെ പറയാനും കേള്‍ക്കാനും ഇമ്പമുള്ള അര്‍ത്ഥമുള്ള വീട്ടുപേരുകള്‍  പിച്ചളയിലും, സ്റ്റീലിലും, ഗ്രാനൈറ്റിലുമൊക്കെ വീട്ടുമതിലില്‍ വിലാസമായി പ്രൌഡിയോടെ നില്‍ക്കുന്നു. ‘കൌസ്തുഭം’ ‘ആയിഷാസ്’’പൂങ്കാവനം’ ‘പാരഡൈസ്’......

പക്ഷെ അറിയാതെ നാം അടച്ചുകളഞ്ഞത്  ഓരോ പ്രദേശത്തിന്‍റെയും ഇന്നലെകളുടെ,  നമ്മുടെ പൂര്‍വ്വീകരുടെ  ചരിത്രത്തിലേക്ക് തുറന്നുവെച്ച  വാതിലുകളാണ്. എങ്ങും രേഖപ്പെടുത്താതെ ഇനിയൊരു തലമുറ കഴിയുമ്പോള്‍ നമുക്കത് എന്നെന്നേക്കുമായി നഷ്ടപ്പെടും. നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ നഷ്ടം കനത്തതാണ്.

വരാനുള്ള തലമുറയില്‍ ഏതെങ്കിലുമൊരു കുട്ടി താന്‍ ജനിച്ചു വീണ മണ്ണിന്‍റെയും പൂര്‍വ്വീകരുടെയും ചരിത്രമറിയാന്‍ ഇറങ്ങിയാല്‍, യാത്ര കഴിഞ്ഞു തിരിച്ചു പോകുന്നൊരു യാത്രികന്‍ താന്‍ പുറപ്പെട്ടു പോന്നയിടവും വഴിയും  ആള്‍ താമസമില്ലാത്ത ശൂന്യമായ മരുഭൂമിയായി മാറിയത് കണ്ടു പകച്ചു നില്‍കുന്ന പോലെ നില്‍ക്കേണ്ടി വരും.


അതില്ലാതിരിക്കാന്‍ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി നമുക്ക് കുറിച്ച് വെക്കാം, ഇന്നലെകളിലെ വീട്ടുപേരുകളെങ്കിലും. നാം കെട്ടിപ്പൊക്കിയതൊക്കെ ഒരുകാലത്ത് തകര്‍ന്നടിഞ്ഞ് ഇല്ലാതായാലും  വരും തലമുറക്കായി  ബാക്കി വെക്കാന്‍......

Monday, April 21, 2014

‘പേര്‍ഷ്യക്കാരന്‍റെ വരവ്’

ഒരു മുപ്പത്തിയഞ്ചു കൊല്ലം മുമ്പുള്ള കാര്യമാണ്. നാട്ടിന്‍ പുറത്ത് നിന്ന് ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തുടങ്ങിയ കാലം. ചെറ്റപ്പുരകളും കട്ടപ്പുരകളും ഓടിട്ടതും വാര്‍പ്പിട്ടതുമായ വീടുകള്‍ ആയി മെല്ലെ മെല്ലെ അതിശയിപ്പിച്ച കാലം.  പിന്നെ   ഇടവഴികളിലെ കാറ്റില്‍   അത്തറിന്‍റെ മണവും മാപ്പിളപ്പാട്ടിന്‍റെ ഈരടിയും ഒന്നിച്ചൊഴുകിയ കാലം. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കവും.....

 മനസ്സിലേക്ക്  ഒരു ബസ്സ്‌ ഹോണടിച്ചെത്തുന്നു. മണ്ണിലും പൊടിയിലും  മൂടിയ ഒരു ബസ്സ്‌ . 
 ‘ബോംബെബസ്’ എന്ന് പൊതുവെ വിളിക്കപ്പെടുന്ന  ‘മദീനാ ട്രാവല്‍സും’ ‘ശര്‍മ്മ ട്രാന്‍സ്പോര്‍ട്ടും’ ആണ് അന്ന് ബോംബെയില്‍ നിന്ന് നാട്ടിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍. ഹൈവേയിലൂടെ  എടുപ്പും ഗൌരവവും ഉള്ള ബോംബെബസ്സുകള്‍ കടന്നുപോകുമ്പോള്‍  കൌതുകത്തോടെയും ആദരവോടെയും ഞങ്ങള്‍ നോക്കി നിന്നു.

ആ ബസ്സുകളിലെ  യാത്രികള്‍  ‘പേര്‍ഷ്യക്കാരാ’ണ്. അറബിക്കടലിനക്കരെ മരുഭൂമിയില്‍  നിന്ന് അലാവുദ്ധീന്‍റെ അത്ഭുതവിളക്ക് കിട്ടിയവര്‍. ധാരാളം പൊന്നും പണവുമായി അവര്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ് ഉറ്റവരെ കാണാന്‍, അത്ഭുത വിളക്ക് തന്ന സൌഭാഗ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ നിരത്താന്‍.

ഇടക്കൊക്കെ ഞങ്ങളുടെ അങ്ങാടിയിലും ‘ബോംബെബസ്സുകള്‍’ നിര്‍ത്താറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കടല്‍ കടന്നുപോയ നാട്ടുകാരനായ ഏതോ ചെറുപ്പക്കാരന്‍ ഒരു സുല്‍ത്താനെപ്പോലെ ‘സുജായി’യായി ഞങ്ങളുടെ മുന്നില്‍ ഇറങ്ങും. അതൊരു കാഴ്ച തന്നെയാണ്. ഒരു നാട് മുഴുവനും നോക്കി നില്‍ക്കുന്ന ‘അതൃപ്പ’ക്കാഴ്ച.

എത്ര അകലെ നിന്നും ബോംബെ ബസ്സിന്‍റെ ശബ്ദം ഞങ്ങള്‍ കുട്ടികള്‍ പോലും തിരിച്ചറിയുമായിരുന്നു. അത് കൊണ്ട് തന്നെ നന്തി ഗെയ്റ്റ് കഴിഞ്ഞ് ഗിയര്‍ മാറ്റിയത് കേള്‍ക്കുമ്പോഴേ ഞങ്ങള്‍ക്കറിയാം ബസ്സ്‌ ഞങ്ങളുടെ അങ്ങാടിയില്‍ നിര്‍ത്താന്‍ പോകുന്നെന്ന്. അങ്ങാടിയിലെ തിരക്കേറിയ വൈകുന്നേരത്തിന്‍റെ ‘ഒച്ചയും വിളിയും’ അന്നേരമൊന്നടങ്ങും.

അസര്‍ നമസ്കാരം കഴിഞ്ഞ് പള്ളിപ്പടിയിലിരുന്ന്‍ വര്‍ത്തമാനം പറയുന്ന നാട്ടുകാരണവന്മാരുടെയും, പീടികമുറിയില്‍ കേരം ബോര്‍ഡ് കളിക്കുന്ന പണിയില്ലാത്ത ചെറുപ്പക്കാരുടെയും, മീഞ്ചാപ്പയില്‍ മീന്‍ വാങ്ങിക്കാന്‍ വന്നവരുടെയും,  മാര്‍ക്കറ്റിനു  പിറകില്‍ പുല്ലു വില്‍ക്കാന്‍ വന്ന ചെറുമികളുടെയും, അപ്പ്വായരുടെ റേഷന്‍ ഷാപ്പില്‍  വരി നില്‍ക്കുന്നവരുടെയും, ശങ്കരേട്ടന്‍റെ ഹോട്ടലില്‍  ‘സുഗീനും’ ചായയും കുടിക്കുന്നവരുടെയും, അവുള്ളക്കുട്ടിക്കാന്‍റെ  പീടികച്ചെയ്തിയില്‍ ഇരുന്ന്‍ സൊറ പറയുന്നവരുടെയുമൊക്കെ  ശ്രദ്ധ അങ്ങോട്ടു തിരിയും. ‘പേര്‍ഷ്യക്കാര’നെ വരവേല്‍ക്കാന്‍ അങ്ങാടി ഒരുങ്ങും.

അങ്ങാടിയിലെ ചുമട്ടുകാരായ കൊന്നക്കല്‍ മമ്മദ്ക്കയും, കുഞ്ഞിരാമേട്ടനുമൊക്കെ ജാഗരൂകരാവും. തലയില്‍ അരിച്ചാക്കോ, ‘മാലില്‍’ നിറച്ച തേങ്ങയോ ഉണ്ടെങ്കില്‍  തന്നെ ബോംബെ ബസ്സിന്‍റെ ശബ്ദം കേട്ടാല്‍ തലയിലുള്ളത് അവിടെയിട്ട് അവര്‍ അങ്ങാടിയിലേക്ക് ഓടും.

അറബിയുടെ ചിത്രവും ഇളംനീല നിറവുമുള്ള ഫോറിന്‍ കത്തുകള്‍ കുപ്പായക്കീശയില്‍ കുത്തി നിറച്ച, ആ സമയത്ത് അങ്ങാടിയിലുള്ള ചില ബാപ്പമാരുടെ ഉള്ളില്‍ നിന്നൊരു ആവി മേലോട്ടുയരും.

‘ഓനായിരിക്ക്യോ റബ്ബേ .........പെരുന്നാളിന് മുമ്പ് വരുംന്ന് കത്തിലുണ്ടായ്നല്ലോ...’

ഞങ്ങളുടെ ആകാക്ഷയെ അവസാനിപ്പിച്ചുകൊണ്ട് ഗംഭീര ഭാവത്തോടെ, മണ്ണിലും പൊടിയിലും മുങ്ങിയ ബോംബെ ബസ്സ്‌ ‘സുഹറാ സൌണ്ട്സിനു’ മുന്നില്‍ കിതപ്പടക്കി നില്‍ക്കും. അപ്പോഴേക്കും അങ്ങാടിയിലെ പുരുഷാരം ബസ്സിനെ വലയം ചെയ്തിട്ടുണ്ടാകും.

ബസ്സ്‌ നിര്‍ത്തി  പുറത്തേക്ക് ചാടിയിറങ്ങുന്ന ഡ്രൈവര്‍ ഒരു രാജാവിനെപ്പോലെ അക്ഷോഭ്യനായി ബസ്സ്‌ ചാരി നിന്നൊരു സിഗരറ്റിനു തീക്കൊളുത്തും. കിളി പറന്നു ബസ്സിനു മുകളില്‍ എത്തി ലഗ്ഗേജ് കെട്ടിപ്പൊതിഞ്ഞ താര്‍പ്പായ അഴിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.

കഴുത്തിലൊരു  തോര്‍ത്ത്‌ ചുറ്റിയ സഹയാത്രികരില്‍ ചിലര്‍ അവിടെ ഇറങ്ങി  ചുറ്റും കൂടിയ പുരുഷാരത്തെ ഒട്ടും ഗൌനിക്കാതെ അങ്ങാടിയിലെ കടകളില്‍ നിന്ന് ചായയും സര്‍ബത്തും കുടിക്കുകയും സിഗരറ്റ് വലിച്ചൂതുകയും ചെയ്യും. സൂപ്പര്‍ താരങ്ങളെ കണ്ടപോലെ ആദരവോടെ ഞങ്ങള്‍ അവരെ നോക്കിനില്‍ക്കും  ഓരോ ചലനങ്ങളും കൌതുകത്തോടെ നിരീക്ഷിക്കും.

ഞങ്ങള്‍ കുട്ടികള്‍ ഇനിയും കടന്നുപോകാനുള്ള നാടുകളില്‍ ആരൊക്കെയോ വായിക്കുവാന്‍  ബസ്സിന്‍റെ പൊടി മൂടിയ ചില്ലുകളില്‍ വിരലുകൊണ്ട് ഞങ്ങളുടെ പേരെഴുതിവെക്കും. ദേശത്തിന്‍റെ അടയാളം രേഖപ്പെടുത്തുന്നപോലെ.

ഏറെ സമയമായിട്ടും  പേര്‍ഷ്യക്കാരന്‍ ഇറങ്ങുന്നില്ലല്ലോ! ആളെ അറിയാന്‍   അത്രയേറെ അക്ഷമരും ആകാംക്ഷാഭരിതരുമാണ് ഞങ്ങള്‍.  കറുത്ത ചില്ലും, ഉള്ളിലെ ഇരുട്ടും  ബസ്സിന്റെ ഉള്ളിലെ കാഴ്ചകള്‍ ശരിക്ക് വ്യക്തമല്ല.
‘സാധനങ്ങള്‍ എടുക്ക്വായിരിക്കും  അതാ  വൈകുന്നത്’
‘മൊകം കാണ്ന്നില്ല ........’
‘അതാ.........അതാ  എറങ്ങ്ന്നുണ്ട്’

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഞങ്ങളുടെ മുന്നിലേക്ക് ബെല്‍ബോട്ടം പാന്റിട്ട കാലുകള്‍ ദൃശ്യമാവുന്നു. ഇറുകിയ കുപ്പായത്തിനെ  പിടിച്ചു നിര്‍ത്തുന്ന പ്രസ്ബട്ടനുകള്‍. വീതിയുള്ള കോളറിന് മുകളിലോട്ട് ചെവി മൂടിയ ഹിപ്പി മുടിയും, കൃതാവും, വരമീശയും. കൂളിംഗ് ഗ്ലാസ് കണ്ണട........വലം കൈയിലൊരു ‘543 സെറ്റും’ ഇടതു കൈയില്‍ സൂട്ട്കെയ്സും...........  .ആരാണീ അപരിചിതന്‍!!!

ഞങ്ങളുടെ മുന്നില്‍ അവതരിച്ച  വെളുത്തു തുടുത്ത സുമുഖനെ ‘ഡീകോഡ്’ ചെയ്തെടുക്കാന്‍ ഞങ്ങള്‍ പാടുപെടുന്നു.  ഒടുവില്‍  തിരിച്ചറിഞ്ഞ് ഞങ്ങള്‍ അമ്പരക്കുന്നു.
‘അള്ളാ........ഇത് ഞമ്മളെ.............’

അങ്ങാടിയിലെ ചായപ്പീടികയുടെ അടുക്കളയിലോ, മീഞ്ചാപ്പയിലോ, റമളാനില്‍ സക്കാത്ത് വാങ്ങാന്‍ വരി നില്‍ക്കുന്നിടത്തോ,  മൌലീദിന്‍റെ അരി കൊടുക്കുമ്പോഴോ കണ്ട മെലിഞ്ഞൊട്ടിയ രൂപത്തിനുണ്ടായ മാറ്റം കണ്ട് ഞങ്ങളുടെ കണ്ണുകള്‍  ആശ്ചര്യം കൊണ്ട് വിടരുന്നു. 
  
എല്ലാവര്‍ക്കും ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് വന്നയാള്‍ ബസ്സിനു മുകളിലുള്ള ‘കിളി’ക്ക് നിര്‍ദേശം കൊടുക്കുന്നു.

‘വോ ഉത്താരോ .....നഹീ വോ ലാല്‍വാലാ ബഡാ പേട്ടി...’
 ആവുന്നത്ര മെനക്കെട്ടിട്ടും ഹിന്ദിയില്‍ ഒരു വാക്കുപോലും പഠിക്കാതെ സ്ഥിരമായി വട്ടപ്പൂജ്യം വാങ്ങിയവന്‍  മണിമണി പോലെ  ഹിന്ദി പറയുന്നത് കേട്ട് വീമംഗലം സ്കൂള്‍ വിട്ട് ബസ്സ്‌ കാത്തു  നില്‍ക്കുന്ന രമണി ടീച്ചര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു.

വലിയ പെട്ടി തലയിലാക്കാന്‍ ചുമട്ടുകാര്‍ തമ്മില്‍ തിരക്ക് കൂട്ടും. കറുപ്പും ചുവപ്പും കള്ളിയുള്ള പെട്ടി നിലത്തെത്തും മുമ്പ് കൂട്ടത്തിലെ തടിമിടുക്കുള്ള ആള്‍ തലയിലേറ്റി ഓടും. പിന്നാലെ ‘ഫോറിന്‍പുല്ലുപായ’യില്‍ പൊതിഞ്ഞ ബെഡ്, മറ്റൊരു പെട്ടി, സൂട്ട്കെയ്സ് ഇതൊക്കെ നിലം തൊടാതെ പറക്കും. ടേപ്പ്റിക്കാര്‍ഡര്‍ മാത്രം ആര്‍ക്കും വിട്ടു കൊടുക്കാതെ വന്നയാള്‍ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ടാകും.

ആളിറങ്ങിക്കഴിഞ്ഞ്  ബസ്സ്‌ പുറപ്പെടുന്നു. പരിചയക്കാര്‍ക്കൊക്കെ കൈ കൊടുത്തും ലോഗ്യം പറഞ്ഞും ‘പേര്‍ഷ്യക്കാരന്‍’ സുഹൃത്തുക്കളും ബന്ധുക്കളുമായ ചെറിയൊരു ആള്‍ക്കൂട്ടത്തിന്‍റെ അകമ്പടിയോടെ വീട്ടിലേക്ക്. കാരം ബോര്‍ഡില്‍ സ്ട്രൈക്കര്‍ തുരുതുരെ ഊക്കോടെ അടിക്കുന്ന ശബ്ദം പിരിഞ്ഞു പോകുന്ന ആള്‍ക്കൂട്ടത്തിന്‍റെ പിറുപിറുക്കലില്‍ അലിഞ്ഞു പോകുന്നു.  

വീട്ടിലേക്ക് പോകുന്ന വഴിയില്‍, വേലിക്കരികിലും തിണ്ടിനു മുകളിലും അടുക്കള ജാലകത്തിന് പിറകിലുമായി  നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ ‘പേര്‍ഷ്യക്കാരന്‍റെ’ വരവ് സാകൂതം നോക്കി നില്‍ക്കുന്നുണ്ടാവും.  
അകന്ന ബന്ധുവായ സ്ത്രീയോട്  ‘എന്തൊക്കാ കദീശച്ചാ സുഖം തന്നല്ലേ...’ എന്ന് ‘പേര്‍ഷ്യക്കാരന്‍’ ചോദിക്കുമ്പോള്‍ അഭിമാനം കൊണ്ട് കദീശച്ച ‘കണ്ടോടീ’ എന്ന മട്ടില്‍  മരുമോളെ ഒളികണ്ണിട്ട് നോക്കുന്നു.

പണ്ട് ഇറങ്ങിപ്പോയ  ചെറ്റപ്പുരക്ക് പകരം ഉയര്‍ന്നു നില്‍ക്കുന്ന വാര്‍പ്പിട്ടതോ ഓടിട്ടതോ ആയ വീട്ടിലേക്ക് അയാള്‍ കയറിച്ചെല്ലുന്നു. അന്തംവിട്ടു നില്‍ക്കുന്ന ബാപ്പയും, സന്തോഷക്കണ്ണീരോടെ സ്വീകരിക്കുന്ന ഉമ്മയും, കൂടെപ്പിറപ്പുകളും. ഒരുപാട് വട്ടം മനസ്സില്‍ വരച്ചിട്ട സമാഗമം. ഈ ഒരു വേളയെ കുറിച്ചുള്ള സങ്കല്‍പവും സ്വപ്നവുമാണല്ലോ കത്തുന്ന മരുഭൂമിയില്‍ ആ ചെറുപ്പക്കാരനെ വാടാതെ പിടിച്ചു നിര്‍ത്തിയത്. 

വീട്ടു മുറ്റത്ത് കാത്തു നില്‍ക്കുന്നചുമട്ടുകാരുടെ കൈകളിലേക്ക്  വെച്ച് കൊടുക്കുന്ന നൂറിന്‍റെയും അമ്പതിന്‍റെയും നോട്ടുകള്‍ . അത്തറിന്‍റെ മണമുള്ള പിടക്കുന്ന പച്ചനോട്ടുകള്‍. സന്തോഷത്തോടെ അവര്‍ പടിയിറങ്ങിപ്പോകുന്നു.

ഇനി ഒരുപാടുപേര്‍ ഈ പടി കയറി വരും. പണ്ട് തിരിഞ്ഞു നോക്കാഞ്ഞ ബന്ധുക്കള്‍, പള്ളിക്കമ്മിറ്റിക്കാര്‍, നാട്ടുകാര്‍, അക്കരക്ക്‌ ഒരു ‘എന്നോസി’ ചോദിച്ചു വരുന്നവര്‍,  വിവാഹാലോചനക്കാര്‍.........

അതൊരു  കാലമായിരുന്നു. അതിശയം  പോലെ ഓര്‍ക്കാന്‍ ഒരു കാലം.  പഴയ പേര്‍ഷ്യക്കാരന്‍റെ പകിട്ടിന്‍റെയും പത്രാസിന്‍റെയും പിന്നിലെ കണ്ണീര്‍ കഥകളും ഗള്‍ഫ്  എന്ന സ്വര്‍ഗ്ഗലോകത്തിലെ കത്തുന്ന  വെയിലും നട്ടെല്ല് വിറക്കുന്ന തണുപ്പും വേര്  പറിഞ്ഞു ജീവിക്കുന്നവന്‍റെ വേദനകളും  ഇന്ന് എല്ലാര്‍ക്കും  അറിയാം.


അങ്ങാടിയിലൂടെ ഇപ്പോഴും ബോംബെ ബസ്സുകള്‍ കടന്നുപോകാറുണ്ട്. ചിലപ്പോഴൊക്കെ അവിടെ  ഇറങ്ങാന്‍ നാട്ടുകാര്‍  ആരെങ്കിലുമൊക്കെ ഉണ്ടാകാറുമുണ്ട്. ഗള്‍ഫില്‍ ഏറെനാള്‍ ജയിലില്‍ കിടന്നോ രോഗം വന്നോ ആരോ ഔദാര്യമായി എടുത്തു കൊടുത്ത ടിക്കറ്റില്‍ ബോംബെയില്‍ വിമാനമിറങ്ങിയവന്‍.



കഴിയുന്നതും രാത്രിയില്‍ നാട്ടിലെത്തുന്ന ബസ്സിലാണ് അയാള്‍  വരിക. അങ്ങാടിയില്‍ എത്തുന്നതിനു മുമ്പോ, അങ്ങാടി കടന്ന ശേഷമോ  ബസ്സ്‌ നിര്‍ത്തിച്ച് അയാളിറങ്ങും. കൈയില്‍ പെട്ടിയുടെ ഭാരമില്ലാതെ, കാത്തു നില്‍ക്കാന്‍ ആളില്ലാതെ തന്‍റെ  ഭാവി പോലെ കട്ട പിടിച്ച ഇരുട്ടിലേക്ക് ഏകനായി അയാള്‍  നടന്നുപോകും..............ഒരു പേര്‍ഷ്യക്കാരന്‍. അല്ല എക്സ് ഗള്‍ഫുകാരന്‍.

ഗള്‍ഫ് മാധ്യമം  ചെപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ (20.3.2015)

Thursday, March 27, 2014

മുസ്ലിം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ നടക്കുന്ന ‘ഫോടോഷോപ്പ് ദീനികളോട്’


കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സ്അപ്പിലുമൊക്കെ മുസ്ലിം പെണ്‍കുട്ടികളെയും കുടുംബിനികളെയും പ്രണയം നടിച്ചു വശീകരിച്ചു വഴിയാധാരമാക്കുന്ന അന്യമതക്കാരെ കുറിച്ചുള്ള ചില പോസ്റ്റുകള്‍ കാണുന്നു. പോസ്റ്റുകള്‍ മാത്രമല്ല അതിനു ചേര്‍ന്ന ചില ചിത്രങ്ങളമുണ്ട്. ഇങ്ങനെ ഒളിച്ചോടിയ  പെണ്‍കുട്ടിയുടെ ഫോട്ടോ  മുതല്‍, ഇത് കാരണം കിണറ്റില്‍ ചാടി മരിച്ചവളുടെ ജഡം പുറത്തെടുക്കുന്ന ചിത്രം വരെ. എല്ലാ പോസ്റ്റുകളിലും മുസ്ലിം പെണ്‍കുട്ടികളെ വഴി തെറ്റിച്ചു കളയുന്നവരെ കുറിച്ചുള്ള ജാഗ്രതയും ഉത്കണ്ഠയും ഭീതിയും തന്നെ.

ഓര്‍ക്കുന്നുവോ കുറഞ്ഞ കാലം മുമ്പ് ‘ലൌജിഹാദ്’ എന്ന പേരില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ  ചില വര്‍ഗ്ഗീയ വാദികള്‍ ഇതേപോലെ പ്രചാരണം നടത്തിയിരുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇത്ര പ്രചാരമില്ലാതിരുന്ന ആ കാലത്ത് ചില മുന്‍നിര പത്രങ്ങളാണ് പൊടിപ്പും തൊങ്ങലും വെച്ച് ആധികാരികമായി ഇത്തരം വാര്‍ത്തകള്‍ വിളമ്പിയത്. വിവേകം നഷ്ടപ്പെട്ടിട്ടിലാത്ത കേരള സമൂഹവും ഭരണകൂടവും, നിയമപാലകരും ആ പ്രചാരണത്തിന് പിറകിലെ നിജസ്ഥിതി തിരിച്ചറിയുകയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.

അക്ഷരാഭ്യാസം ഇല്ലാത്തവന്‍ പോലും കയ്യില്‍ സ്മാര്‍ട്ട്ഫോണുമായി നടക്കുകയും, ഇന്റര്‍നെറ്റിലൂടെ കയ്യില്‍ കിട്ടിയതൊക്കെ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ചും ഗള്‍ഫ് മലയാളികളില്‍ ഈ പുതിയ മതംമാറ്റ വാര്‍ത്ത നന്നായി പ്രചരിക്കുന്നുണ്ട്. ആണുങ്ങള്‍ ഭൂരിപക്ഷം പ്രവാസഭൂമിയില്‍ ആയ സമുദായത്തില്‍ കുറച്ചു പേരിലെങ്കിലും ഭീതിയുണ്ടാക്കാന്‍ ഈ ഫോട്ടോഷോപ്പ് കലാകാരന്മാര്‍ക്ക് സാധിച്ചിട്ടുമുണ്ട്. പോരെ ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം. 

ഇതിനു പിന്നില്‍ ആരാണെന്നും എന്താണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്നും മനസ്സിലാവുന്നില്ല. ചിലപ്പോള്‍ ഏതെങ്കിലും വര്‍ഗ്ഗീയ സംഘടനയാവാം അതല്ലെങ്കില്‍ മനോവൈകൃതമുള്ള ഏതെങ്കിലും വ്യക്തിയാവാം. ആരായാലും തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഈ സമുദായ സ്നേഹത്തിന്‍റെ ഭവിഷ്യത്ത് എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

മതജാതി വ്യത്യാസമില്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും ഇടകലര്‍ന്നു ജീവിക്കുന്നവരാണ് കേരളീയര്‍. അവര്‍ക്കിടയിലേക്കാണ് സ്വന്തം അയല്‍ക്കാരനെ കുറിച്ച്, ജോലിക്കാരനെ കുറിച്ച്, സഹപാഠിയെക്കുറിച്ചൊക്കെ ഭീതിയുടെ ഇത്തരം വിഷവിത്തുകള്‍ വലിച്ചെറിയുന്നത്. പരസ്പരം സംശയിക്കുന്ന, അവിശ്വസിക്കുന്ന ഒരു തലത്തിലേക്ക് മനുഷ്യരെ മാറ്റിയെടുക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക? 

ആസൂത്രിതമായോ അല്ലാതെയോ ഇത്തരം പ്രണയങ്ങളും വിവാഹങ്ങളും തട്ടിക്കൊണ്ടുപോവലും നടക്കുന്നുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ  അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ചേര്‍ത്ത് പര്‍വ്വതീകരിച്ച്  വാര്‍ത്തകള്‍ പടച്ചു പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം സമുദായ സ്നേഹമല്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുക മാത്രമാണ് എന്നും തിരിച്ചറിയനാവണം. ‘ലൌജിഹാദ്’ പ്രചാരണത്തിലൂടെ ഇതിനായി ശ്രമിച്ചവര്‍ക്ക് സാധിക്കാഞ്ഞത് മുസ്ലിം സമുദായത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ ഈ നാടിന്‍റെ സന്തോഷം ഇല്ലാതാക്കാന്‍ നടക്കുന്ന ക്രിമിനലുകളാണ് എന്ന് മനസ്സിലാക്കുക.  

ഇത്തരം വിഷ മനസ്സുകള്‍ക്കറിയാം തമ്മിലടിപ്പിക്കാന്‍ ഏറ്റവും നല്ല ആയുധമാണ് മതമെന്ന്. അതോടൊപ്പം വീട്ടിലിരിക്കുന്ന സ്ത്രീകളെയും, പെണ്‍കുട്ടികളെയും കുറിച്ചുകൂടി ഇത്തരം ഭീതി പരത്തിയാല്‍ പെട്ടെന്ന് കത്തിപ്പടരുമെന്നും. ഇത്തരം വാര്‍ത്തകള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ ആരും മടിക്കുമെന്നും. വീട്ടിലെ സ്ത്രീകള്‍ വഴിതെറ്റിപ്പോകുന്നതില്‍ ആധിയില്ലാത്തവര്‍ ആരാണ്?

വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന കുടുംബിനികളും, കലാലയത്തില്‍ പഠിക്കുന്ന നമ്മുടെ പെങ്ങന്മാരും ഇത്തരം ചതിക്കുഴികളില്‍ വീണ് മതപര്യക്തരും നരകാവകാശികളുമായിത്തീരുന്നതില്‍  ഉത്കണ്ഠപ്പെടുകയും, ഇത്തരം പ്രചാരണങ്ങളിലൂടെ സമുദായത്തെ ബോധവത്കരിച്ചു സമാധാനമടയുകയും ചെയ്യുന്ന ‘ദീനീസ്നേഹി’കളോട് ചില കാര്യങ്ങള്‍ ചോദിച്ചോട്ടെ.

കലാലയങ്ങളിലോ പുറത്തോ ഉള്ള പ്രണയമായാലും, വീട്ടമ്മമാരുടെ, മിസ്കോള്‍ പ്രണയവും ഒളിച്ചോട്ടവുമായാലും, ‘ഒളിസേവ’യായാലും അന്യമതത്തില്‍ പെട്ടവരോട് മാത്രമാണോ ഇതെല്ലാം? സ്വന്തം മതത്തില്‍ പെട്ടവര്‍ തമ്മില്‍ ഇങ്ങനെയൊന്നും  നടക്കുന്നില്ല  എന്ന് നിങ്ങള്‍ക്ക് പറയാനാവുമോ? ചിലപ്പോള്‍ അതല്ലേ ഏതു സമുദായത്തിലായാലും കൂടുതല്‍ നടക്കുന്നത്. ഇതിനെതിരെയും ഇത്തരം ജാഗ്രതയും കരുതലും ഒന്നും ആവശ്യമില്ലേ? അതല്ല അതൊക്കെ ‘ഹലാലാ’ണ് എന്നാണോ? 

നിത്യവും പത്രവാര്‍ത്തകളില്‍ നിങ്ങള്‍ കാണാറുണ്ടോ പെണ്‍വാണിഭം നടത്തിയും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടും പിടിക്കപ്പെടുന്ന ഒരുപാട് സ്ത്രീകളെ കുറിച്ച്. അതിലൊക്കെ ഒരുപാട് മുസ്ലിം പേരുകള്‍ കാണാം. നടത്തിപ്പുകാരിയായ ‘താത്ത’ മുതല്‍ ജമീലയും, സുബൈദയും ഒക്കെയായി ഒരു പാട് മുസ്ലിം പെണ്‍കുട്ടികള്‍. അവരൊക്കെ ഇടപാടുകാരുടെ മതം നോക്കിയാണോ ‘കച്ചവടം’ നടത്തുന്നത്? എന്തേ അവരൊക്കെ ഈ സമുദായത്തിന്‍റെ മക്കളല്ലേ? അവരും അവരില്‍ വ്യഭിചാരത്തില്‍ പിറക്കുന്ന മക്കളുമൊക്കെ നരകാവകാശികള്‍ ആയിത്തീരുന്നതില്‍ ആര്‍ക്കും ഒരു ഉത്കണ്ഠയും ഇല്ലേ?

വേണ്ട നാലാം വയസ്സുമുതല്‍ മദ്രസയില്‍ മതപഠനവും, എമ്പാടും മതപഠനകോളേജുകളും, കോടികളുടെ പള്ളികളും, ദീനീ സ്ഥാപനങ്ങളും, ഒറ്റരാത്രിക്ക് പതിനായിരങ്ങള്‍ വിലയുള്ള മതപ്രസംഗകരും, കാക്കതൊള്ളായിരം പ്രസിദ്ധീകരണങ്ങളും, സീഡികളും, പുസ്തകങ്ങളും പുറമേ ഇന്റര്‍നെറ്റിലൂടെയും ചാനലുകളിലൂടെയും മതപ്രബോധനവും ഉണ്ടായിട്ടും നാട്ടില്‍ നടക്കുന്ന കൊലപാതകം, കളവ്, തട്ടിപ്പ്, വെട്ടിപ്പ്, പെണ്‍വാണിഭം, കള്ളക്കടത്ത്....തുടങ്ങിയ സകലമാന ക്രിമിനല്‍ കേസുകളിലും സംവരണം ആവശ്യമില്ലാത്തവിധം ഈ സമുദായത്തിന്‍റെ മക്കളുടെ പേരുകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ലജ്ജ കൊണ്ട് തല കുനിഞ്ഞു പോകാറില്ലേ. എന്തേ ഇവരുടെ കാര്യത്തിലൊന്നും ആര്‍ക്കും ഒരു ബേജാറും തോന്നാത്തത്. തോന്നില്ലല്ലോ അല്ലേ ഇവര്‍ക്ക് വേണ്ടിയൊക്കെ മെനക്കെട്ടാല്‍ നാട്ടില്‍ ഒന്നിച്ചു കഴിയുന്ന സമുദായങ്ങളെ തമ്മിലടിപ്പിക്കാനും സമൂഹത്തില്‍ ഭിന്നിപ്പും സ്വൈര്യക്കേടും ഉണ്ടാക്കാനും കഴിയില്ലല്ലോ.

നിങ്ങള്‍ ഈ പ്രചാരണത്തിലൂടെ ആരെയാണ് അപമാനിക്കുന്നത് എന്നറിയുമോ. സ്വന്തം സമുദായത്തിലെ സ്ത്രീകളെയാണ് നിങ്ങള്‍ പരിഹസിക്കുകയും വിലകുറച്ച് കാണുകയും ചെയ്യുന്നത്.

തട്ടിക്കൊണ്ടുപോകപ്പെടുന്ന കുടുംബിനികള്‍ എന്ന് നിങ്ങള്‍ വ്യംഗ്യമായി പറയുന്നത് ഗള്‍ഫ് പ്രവാസികളുടെ ഭാര്യമാരെ കുറിച്ചല്ലേ. നിങ്ങളെന്താ മനസ്സിലാക്കിയത്. ആരെങ്കിലും കയ്യും കണ്ണും കാണിച്ചാല്‍ ഇറങ്ങിപ്പോരാന്‍ കാത്തുനില്‍ക്കുന്നവരാണ് പ്രവാസിഭാര്യമാരെന്നോ? 

സുഹൃത്തേ താങ്കള്‍ക്കറിയുമോ മനക്കരുത്തിലും കാര്യശേഷിയിലും സ്ത്രീ സമൂഹത്തില്‍ ആരോടും കിടപിടിക്കാവുന്നവരാന് കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഗള്‍ഫ് പ്രവാസികളുടെ ഭാര്യമാര്‍. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ വീടും കുടുംബവും കുട്ടികളെയും കൊണ്ട് നടക്കാനും, ആശുപത്രിയിലായാലും ബാങ്കിലായാലും, സര്‍ക്കാര്‍ ഓഫീസില്‍ ആണെങ്കിലും  പരിമിതമായ വിദ്യാഭ്യാസയോഗ്യത വെച്ച് കാര്യങ്ങള്‍ ചെയ്യാനും അവരെ പ്രാപ്തരാക്കുന്നത്‌ മാനസികമായ കരുത്തും കാര്യശേഷിയും കൊണ്ടാണ്. പരാശ്രയമില്ലാതെ ഇതൊക്കെ ചെയ്യാന്‍ ജീവിതാനുഭവങ്ങളിലൂടെ കരുത്തു നേടിയ അവരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക.

വീടുണ്ടാക്കാനും, കൃഷി നോക്കി നടത്താനും മക്കളെ നല്ല വിദ്യാഭ്യാസം ചെയ്ത് വളര്‍ത്തിക്കൊണ്ടുവരാനും പാടുപെടുന്ന അവരെ പൈങ്കിളി സീരിയലിലെ നായികമാരുടെ നിലവാരത്തില്‍ കാണുന്നത് നിങ്ങളുടെ മനോ വൈകൃതം മാത്രമാണ്. സ്വന്തം ശരീരവും മനസ്സും കാത്തു സൂക്ഷിക്കാന്‍ കഴിവില്ലാത്ത ഒന്നിനും കൊള്ളാത്ത മന്ദബുദ്ധികളല്ല പ്രവാസി ഭാര്യമാര്‍.

എത്രയോ കാലം ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ പിറകിലായിരുന്ന കേരളത്തിലെ മുസ്ലിം സമുദായം പഠനരംഗത്ത്‌ മുന്നേറാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതില്‍ തന്നെ പെണ്‍കുട്ടികള്‍ അസൂയാര്‍ഹമായ രീതിയില്‍ വിദ്യാഭ്യാസ രംഗത്ത്‌ എല്ലാ മേഖലയിലും കുതിച്ചുയരുന്നത് അഭിമാനത്തോടെ നോക്കിക്കാണുകയാണ് സമുദായവും സമൂഹവും. ആ കുട്ടികളെ കുറിച്ച് ഇത്തരം  അപഖ്യാതി പറഞ്ഞു പരത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്‌? 

പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്നതിന്‍റെ കുഴപ്പമാണിത്. പെണ്ണിന്‍റെ നോട്ടത്തിലും ചലനത്തിലും സംസാരത്തിലും ചിരിയിലുമെല്ലാം കാമം മാത്രം കാണുന്നതിന്‍റെ കുഴപ്പം. അവള്‍ക്ക് മനസ്സും ചിന്തയും ഉണ്ടെന്നും. കാര്യങ്ങള്‍ വിവേകപൂര്‍വ്വം മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നും അംഗീകരിക്കാനുള്ള മടി.  അവള്‍ ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് അംഗീകരിക്കാനുള്ള മടി. കരുതലെന്നും സ്നേഹമെന്നും പേരിട്ട് അവളെയെന്നും അടിമയായി നിര്‍ത്താന്‍ കൊതിക്കുന്ന ആണും പെണ്ണും കെട്ടവന്‍റെ പൌരുഷപ്രകടനം. 

വീട്ടിലെ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുന്നേ എന്ന ഭീതി വളര്‍ത്തി ഇവര്‍ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കാലങ്ങള്‍കൊണ്ട് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നേഹവും സൌഹാര്‍ദവും ആണ്. അതീ നാടിന്‍റെ മഹാഭാഗ്യമാണ് എന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്തവരോട് ഒന്ന് ചോദിച്ചോട്ടെ. 

വീട്ടിലാരെങ്കിലും  തലചുറ്റി വീണാല്‍ ഓടിയെത്തി തെങ്ങില്‍ കയറി ഇളനീര്‍ ഇട്ടു തരുന്നവന്‍റെ മതം നോക്കിയാല്‍, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോക്കാരന്‍റെ മതവും ജാതിയും തിരഞ്ഞാല്‍, അന്യ മതക്കാരനാണെങ്കില്‍  ഡോക്ടര്‍മാരും നഴ്സുമാരുമൊക്കെ ചികിത്സയിലും  ശുശ്രൂഷയിലുമൊക്കെ മന:പ്പൂര്‍വ്വം  അമാന്തം കാണിച്ചാല്‍, അധ്യാപകര്‍ വിദ്യാര്‍ഥികളുടെ മതം നോക്കി വിദ്യ പറഞ്ഞു കൊടുത്താല്‍, കൃഷിപ്പണിയിലും  നിര്‍മ്മാണജോലിയിലുമൊക്കെ അന്യമതക്കാരനോട് വിദ്വേഷത്തോടെ പ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും സുഹൃത്തുക്കളെ നമ്മുടെ നാടിന്‍റെ അവസ്ഥ?

എവിടെയെങ്കിലും വൈകൃതം നിറഞ്ഞ മനസ്സുള്ള ഒരു മനോരോഗി പടച്ചുവിടുന്ന ഇത്തരം പോസ്റ്റുകളും ചിത്രങ്ങളും കണ്ണുംപൂട്ടി ഷെയര്‍ ചെയ്യുമ്പോള്‍ നാം ചിന്തിക്കാറുണ്ടോ ഇതൊക്കെ.

മനുഷ്യനെ മതത്തിന്‍റെ പേരില്‍ വിദ്വേഷകണ്ണോടെ മാത്രം കാണുന്നവര്‍ ഒഴിവുള്ളപ്പോള്‍ ഒന്ന് മെഡിക്കല്‍ കോളേജ് വരെ പോകണം. അവിടെ കാണാം ഒരേപാത്രത്തില്‍ നിന്ന് ജാതിയും മതവും നോക്കാതെ പങ്കുവെച്ചു കഴിക്കുന്ന മനുഷ്യരെ, വരാന്തയില്‍ വിരിച്ച പത്രക്കടലാസില്‍ ഒന്നിച്ചു ഉറക്കം വരാതെ കിടക്കുന്ന ഹിന്ദുവും മുസ്ലിമും ആലോചിക്കുന്നത്  മതത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലാനുള്ള വഴികള്‍ ആയിരിക്കില്ല. ഒരു രോഗിക്ക് അടിയന്തരമായി രക്തം ആവശ്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുന്നവരൊന്നും രോഗിയുടെ മതവും ജാതിയും ചികയാറില്ല.  ചിന്തിച്ചു നോക്കൂ ആരൊക്കെയോ ദാനം ചെയ്ത രക്തമാണ് നമ്മുടെയോ നമ്മുടെ ഉറ്റവരുടെയൊക്കെയോ  സിരകളിലൂടെ  ഓടുന്നത്. 

അന്യമത വിദ്വേഷത്തിന് സൈബര്‍ വഴികള്‍ തേടുന്ന ചെറുപ്പക്കാരാ വീട്ടിലെ പഴയ തലമുറയോട് ഒന്നന്വേഷിച്ചു നോക്കൂ.  അവരൊക്കെ  പിറന്നു വീണത്‌ ആരുടെ കൈകളിലേക്കായിരുന്നെന്ന്. ഉമ്മച്ചിപ്പെണ്ണിന്‍റെ ‘പേറെടുക്കാന്‍’ വന്ന കല്യാണിയെ കുറിച്ചും ചിരുതയെ കുറിച്ചുമൊക്കെ അവര്‍ പറഞ്ഞു തരും. പെരുമഴ പെയ്യുന്ന കര്‍ക്കിടകത്തിലെ നട്ടപ്പാതിരക്ക് പ്രസവവേദന കിട്ടിയപ്പോള്‍   മഴ മുഴുവന്‍ കൊണ്ടും  വെള്ളം നീന്തിയും  ചൂട്ടുകറ്റയുടെ വെളിച്ചം പോലുമില്ലാതെ അവര്‍ ഓടി വന്നത്. എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിന്ന വീട്ടിലെ പെണ്ണുങ്ങളെയും പേറ്റുനോവ് എടുത്ത് നിലവിളിക്കുന്ന പെണ്ണിനേയും സമാധാനിപ്പിച്ചത്. നേരം പുലരും മുമ്പ് ‘രണ്ടും രണ്ടു വഴിക്ക്’ ആക്കി തന്നപ്പോള്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിട്ട കഥ അവര്‍ പറഞ്ഞുതരും.

പോരാ നിങ്ങളൊക്കെ പിറന്നുവീണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ആദ്യമായി നിങ്ങളെ കോരിയെടുത്തതും വൃത്തിയാക്കി ഉമ്മവെച്ചതും, സ്വന്തം ഉമ്മയെ കാണും മുമ്പ് ഭൂമിയില്‍ നിങ്ങള്‍ ആദ്യം കണ്ട മുഖവും  ഏതു മതത്തില്‍ പെട്ടവളുടെതായിരുന്നുവെന്ന്  നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ. 

ബാങ്കുവിളിയും ശംഖുനാദവും കേട്ടുണര്‍ന്ന, അത്തറിന്‍റെയും ചന്ദനത്തിന്‍റെയും ഗന്ധം കലര്‍ന്ന വായു ശ്വസിച്ചു വളര്‍ന്ന കേരളത്തിന്‍റെ മക്കളെയാണ്  വിദ്വേഷത്തിന്‍റെ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ കാട്ടി മതത്തിന്‍റെ പേര് പറഞ്ഞു മനുഷ്യരെ തമ്മിലകറ്റാന്‍ വിധ്വംസക ശക്തികള്‍ ശ്രമിക്കുന്നത് എന്നത് എത്ര ഖേദകരം.

കാമ്പസ്സുകളില്‍ ഈ പറയുംപോലുള്ള ആസൂത്രിത പ്രണയവും തട്ടിക്കൊണ്ടുപോകലും  ഒക്കെ നടക്കുന്നുണ്ടെങ്കില്‍ ഈ സമുദായത്തിലെ വിദ്യാര്‍ഥി സമൂഹം ഇതൊന്നും അറിയുന്നില്ലേ. അതല്ല ചന്തിക്ക് താഴെ ജീന്‍സും ഇട്ട് മൊബൈലും ഞെക്കി നടക്കുന്ന ആണ്‍കുട്ടികള്‍ക്കും, ‘കണ്ട്ക്കാ ...കണ്ട്ക്കാ’ പാട്ടിന് പല വേര്‍ഷനുകള്‍ ഉണ്ടാക്കി ഷെയര്‍ ചെയ്തു നടക്കുന്ന പെണ്‍കുട്ടികള്‍ക്കും ഇപ്പറയുന്നതൊന്നും ബാധകമല്ലേ. പ്രതികരിക്കേണ്ടത് നിങ്ങളാണ് ചെറുപ്പക്കാരെ.
  
എത്ര വലിയ കെട്ടുറപ്പുള്ള തറവാടും കത്തിച്ചാമ്പലാവാന്‍ ചെറിയൊരു തീക്കൊള്ളി മതി. ഏതു ബോധമില്ലാത്ത കുട്ടി വലിച്ചെറിഞ്ഞാലും ആളിപ്പിടിക്കാന്‍ കുറഞ്ഞ നേരം മതി. തീപ്പിടിച്ച ശേഷം കെടുത്താന്‍ മിനക്കെടുന്നതിനു പകരം തീക്കൊള്ളികൊണ്ട് കളിക്കുന്നവനോട് അത് വാങ്ങി ദൂരെ എറിയുകയാവും വിവേകം. ഇലക്ഷന്‍റെ വേനല്‍ കത്തിനില്‍ക്കുന്ന ഈ വേളയില്‍ പ്രത്യേകിച്ചും. എന്ത് കൊണ്ടോ ഈ സമയത്ത് തന്നെ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ആരുടെയൊക്കെയോ താല്‍പര്യങ്ങളുണ്ടോ എന്ന് ചിന്തിക്കുക സ്വാഭാവികം. 

അല്ലാഹുവിന്‍റെ ഏറ്റവും ഉത്കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍ എന്ന് വിശ്വസിക്കുന്ന മതത്തിന്‍റെ അനുയായികള്‍ ഈ ഖുര്‍ആന്‍ വാക്യം എപ്പോഴെങ്കിലും ഒന്ന് മനസ്സിരുത്തി വായിക്കാനെങ്കിലും ശ്രമിക്കുക.

''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ് നാം നിങ്ങളെ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത്. നിങ്ങളില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ഉത്തമന്‍.''(49: 13)

പിന്‍കുറി:- ഇന്നലെ കാലത്ത് ആരോ വാട്സ്അപ്പില്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോ. ഏതാനും തട്ടമിട്ട പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചു നില്‍ക്കുന്നത്. സഹപാഠികളോ ബന്ധുക്കളോ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. കൂടെ ഏറെ അക്ഷരത്തെറ്റൊടെ ഒരു വാചകവും. ‘നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലും ഇതില്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളെ അറിയിക്കുക. പിന്നീട് ഖേദിക്കാതിരിക്കാന്‍’. 

ഇതുണ്ടാക്കിയവരും ഷെയര്‍ ചെയ്തവരുമായ  ‘അന്തംകമ്മി’കള്‍ക്ക് അന്യപെണ്‍കുട്ടികളുടെ ചിത്രം ഇങ്ങനെ മോശമായി ചിത്രീകരിച്ച് പരസ്യപ്പെടുത്തുന്നതിന് പടച്ചോന്‍റെ പക്കലുള്ള നിയമം എന്തെന്നുള്ള ബോധമില്ലെങ്കിലും.  ഇവിടത്തെ സൈബര്‍ നിയമങ്ങളെ കുറിച്ച് വിവരം പോലുമില്ലല്ലോ എന്നായിരുന്നു എന്‍റെ സങ്കടം.