Thursday, July 31, 2014

പാട്ടുവഴികളിലെ പണംപയറ്റുപീടിക

ഇത് പാട്ടിന്‍റെ കാലമാണ്. ഇന്ന് ലോകത്തിന്‍റെ ഏതു കോണില്‍ ഇറങ്ങുന്നൊരു പാട്ടും സംഗീതവും നിമിഷങ്ങള്‍ കൊണ്ട് എങ്ങുമെത്തുന്നു. ആയിരക്കണക്കിന് പാട്ടുകള്‍ ചെറിയൊരു മെമ്മറികാര്‍ഡില്‍ ഒതുക്കി സൂക്ഷിക്കാന്‍ കഴിയുന്നു. ഇഷ്ടപ്പെട്ട ഗാനം ഇന്റര്‍നെറ്റിലൂടെ തെരഞ്ഞ് കേള്‍ക്കാന്‍ കഴിയുന്നു. ഇരിപ്പിലും നടപ്പിലും കിടപ്പിലും ആര്‍ക്കും അലോസരമില്ലാതെ പാട്ട് കേള്‍ക്കാനും ലയിക്കാനും ഭാഗ്യമുള്ള തലമുറ. ഏതു ദരിദ്രനും ഇഷ്ടഗാനം  പ്രാപ്യമായ കാലം.

 സീഡിയുടെ കാലവും കഴിയുന്നുവെന്ന്‍ ഇന്നലെ പത്രവാര്‍ത്ത. സീഡിക്ക് മുമ്പ്, കാസറ്റ് കാലത്തിനും മുമ്പ് 'വിവിധഭാരതി'യും 'ഇഷ്ടഗാനങ്ങളും' 'ബിനാക്കാ ഗീത് മാല'യും ഒക്കെയായി റേഡിയോ എല്ലാ വീടുകളിലും എത്തുന്നതിനും  മുമ്പ്. നാട്ടിന്‍ പുറങ്ങളില്‍ പാട്ട് കേള്‍ക്കാനും പാടാനും പൂതി വെച്ചു നടന്ന ചെറുപ്പക്കാരുടെ സംഗീത മോഹങ്ങളേ തൃപ്തിപ്പെടുത്തിയത് എന്തൊക്കെ ആയിരുന്നു.

‘ഞാട്ടിപ്പാട്ടിലും*’ കോല്‍ക്കളിയിലുമൊക്കെ ഉള്ളു തുറന്നു പാടി ആഹ്ലാദിച്ച നാട്ടുംപുറത്തെ ‘സംഗതി’ അറിയാത്ത പാട്ടുകാര്‍. നാടന്‍ ക്ലബ്ബുകളിലെ വാര്‍ഷികങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത ഗാനമേളകളിലാണ് തബലയും ഗിറ്റാറും ട്രിപ്പിള്‍ ഡ്രമ്മുമൊക്കെ അവര്‍ നേരില്‍ കണ്ടത്.

പാട്ടുപെട്ടി എന്ന അത്ഭുതം അതിശയപ്പെടുത്തിയ ഒരു തലമുറയായിരുന്നു അതിനു മുമ്പ്. കൈ കൊണ്ട് വൈന്‍ഡ് ചെയ്ത് തിരിയുന്ന  കറുത്ത ‘റിക്കാര്‍ഡില്‍ ഉരയുന്ന സൂചിയും  കോളാമ്പിയിലെ പാട്ടും.............

എന്നാല്‍ ഇതിനെക്കാളൊക്കെ നാട്ടിന്‍ പുറങ്ങളില്‍ പാട്ടിനെ ജനകീയമാക്കിയത്‌ പണംപയറ്റുകള്‍ ആണ്. റേഡിയോയും ടേപ്പ്റിക്കാര്‍ഡറും ഇല്ലാത്ത  ഭൂരിപക്ഷത്തിന് പാട്ടിന്‍റെ പാലാഴി തീര്‍ത്ത പണംപയറ്റുകള്‍.

നാട്ടിന്‍ പുറത്തെ കുരുത്തോല കൊണ്ട് ചമയിച്ച ചായപ്പീടികകളില്‍ നിന്ന് ഉച്ചതിരിഞ്ഞ് ഒഴുകുന്ന പാട്ടുകള്‍ പണംപയറ്റ് എല്ലാവരെയും ഓര്‍മ്മിപ്പിക്കാനാണ്‌. അതാത് കാലത്തെ ഹിറ്റ്‌ ഗാനങ്ങളുമായി കമുകറയും യേശുദാസും, ജയചന്ദ്രനും, പി സുശീലയും....... തേഞ്ഞു പഴകിയ റിക്കാര്‍ഡില്‍ തെന്നിപ്പോകുന്ന സൂചി ഒരേ വരി തന്നെ പലവട്ടം പാടിപ്പാടി....

ഉച്ചമുതല്‍ രാത്രി വൈകുവോളം നീളുന്ന  പാട്ടുകള്‍ അന്ന്‍ ആര്‍ക്കും അലോസരമായിരുന്നില്ല. പ്രണയവും വിഷാദവും വിരഹവും തുടിച്ചു നിന്ന ഇഷ്ടഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍പ്പിക്കാന്‍ യുവാക്കള്‍ പാട്ടു വെക്കുന്നയാളെ ശട്ടം കെട്ടി. കുട്ടികള്‍ അയാളെ ആദരവോടെ നോക്കി. വീട്ടമ്മമാര്‍ പലവട്ടം കേട്ട് കാണാപാഠമായ ഈ പാട്ടുകള്‍ അടുക്കളകളില്‍ നിന്ന് മൂളി. പാട്ടിലെ വര്‍ണ്ണനകള്‍ കേട്ട യുവതികള്‍ ‘ലജ്ജയില്‍ മുങ്ങിയ ചിരി’ ഉള്ളില്‍ ഒളിപ്പിച്ചു.

 ഉദ്ദേശിച്ച പണം ഒത്തുകിട്ടാത്ത പയറ്റുകാരന്‍റെ ഉള്ളറിഞ്ഞ് ‘താമസമെന്തേ വരൂവാന്‍.....’ എന്ന പാട്ട് രാത്രി വൈകിയും പയറ്റുപീടികയില്‍ നിന്ന് പാടിക്കൊണ്ടിരുന്നു. പണം പയറ്റിന്‍റെ തിരക്ക് കുറഞ്ഞ അവസാന മണിക്കൂറുകളില്‍ കെ പി എ സി യുടെ നാടക ഗാനങ്ങള്‍ ഇരുട്ടിനെ തഴുകിയെത്തി.

 ഒരു തലമുറയെ പാട്ടിലേക്ക് അടുപ്പിച്ച ആ കാലം കഴിഞ്ഞുപോയി. ഇന്ന് പണംപയറ്റു തന്നെ അപൂര്‍വ്വം. അവിടെ നിന്ന് നാടുമുഴുവന്‍ പാട്ട് കേള്‍ക്കുന്നില്ല. കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യവും ഇല്ല.

 പക്ഷെ ‘ആത്മവിദ്യാലയ’മേ കേട്ട് മനുഷ്യ ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ച് ഓര്‍ത്ത വൃദ്ധനും  ‘അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്ന...’ തില്‍ ആഹ്ലാദിച്ച ചെറുപ്പക്കാരനും   ‘പ്രിയസഖീ പോയ്‌ വരൂ’ എന്ന് ഉള്ളു നൊന്തു കരഞ്ഞ വിഷാദ കാമുകനും ‘അല്ലാഹുവിന്‍റെ പോരിശ പ്രകാശ ഗേഹമേ....’ കേട്ട് മനസ്സുകൊണ്ട് മക്കത്ത് പോയവരും ഇവിടെയൊക്കെ ഉണ്ടായിരുന്നു. അവരെ പാട്ടിന്‍റെ ഇഷ്ടക്കാരാക്കിയത് പണം പയറ്റുകള്‍ ആണ്.

മലയാളിയുടെ പാട്ടുവഴികള്‍ തേടുന്നവര്‍ ഇത് കാണാതെ പോകരുത്. ഒരു കാലഘട്ടത്തിന്‍റെ സംഗീത ഓര്‍മ്മകളില്‍ ഈ പണം പയറ്റുകള്‍ക്കും സ്ഥാനമുണ്ട്. സഹവര്‍ത്തിത്വത്തിന്‍റെ കൈത്താങ്ങായ പണം പയറ്റ് നാട് നീങ്ങുമ്പോഴും സംഗീതം വളരുകയാണ്. നമ്മുടെ ജീനുകളില്‍ എവിടെയോ പാട്ടിനോടുള്ള ഇഷ്ടം കൂടുകൂട്ടിയതില്‍ കുരുത്തോല കൊണ്ട് ചമയിച്ച ആ പഴയ പയറ്റുപീടികകളെ മറക്കാതിരിക്കുക.
--------------
ഞാട്ടിപ്പാട്ട് = സ്ത്രീകള്‍ ഞാറു നടുമ്പോള്‍ പാടുന്ന പാട്ട്


   

4 comments:

  1. ഇപ്പോള്‍ ഏത് പാട്ട് വേണമെങ്കിലും യൂ ട്യൂബ് ഇലേയ്ക്ക് പോയി സെര്‍ച്ച് ചെയ്താല്‍ ലഭ്യമാണെങ്കിലും.... പണ്ടുപാടിയ പാട്ടിലൊരെണ്ണം ഓര്‍ത്തുനോക്കാന്‍ എന്തുരസം!

    ReplyDelete
  2. പണം പയറ്റ് ആദ്യായിട്ടാണ് കേള്‍ക്കുന്നത്... ഇങ്ങിനെയൊരു തിരിഞ്ഞു നോട്ടം നന്നായി നജീബ്.

    ReplyDelete
  3. പണ്ടുകാലത്ത് കല്ല്യാണവീടുകളില്‍ തലേദിവസം പാട്ടുപ്പെട്ടി വാടകക്കെടുക്കും.
    രണ്ടുകോളാമ്പിയും മരങ്ങളില്‍ വെച്ചുകെട്ടും.പ്ലേറ്റില്‍ സൂചിവെച്ച് തിരിയുന്നതോടൊപ്പം ഒഴുകുന്ന പാട്ടിന്‍റെ അലകള്‍.....ഗ്രാമം മുഴുവന്‍.....................,,,,,,
    ആശംസകള്‍

    ReplyDelete
  4. പാട്ടുപെട്ടി എന്ന അത്ഭുതം അതിശയപ്പെടുത്തിയ ഒരു തലമുറയായിരുന്നു അതിനു മുമ്പ്. കൈ കൊണ്ട് വൈന്‍ഡ് ചെയ്ത് തിരിയുന്ന കറുത്ത ‘റിക്കാര്‍ഡില്‍ ഉരയുന്ന സൂചിയും കോളാമ്പിയിലെ പാട്ടും.......

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ