Thursday, August 21, 2014

കണാരേട്ടന്‍റെ നാട്ടിലെ ചിത്രങ്ങള്‍

കണാരേട്ടന്‍റെ ചിരിയാണ് ആ വൈകുന്നേരം അയാളെ ബസ്സില്‍ നിന്ന്  അവിടെ ഇറക്കിയത്. പഴയ പീടികമുറിക്ക് മുകളിലെ പുറം ചുവരില്‍ മാറാലയും പൊടിയും പിടിച്ച് മങ്ങിപ്പോയ ചിത്രത്തില്‍ കണാരേട്ടന്‍ ചിരിച്ചു. കാതിലെ കല്ല്‌ വെച്ച കടുക്കനും പൂവെണ്ണ തേച്ച് പിറകോട്ട് പറ്റനെ ചീകി വെച്ച മുടിയും ചിരിച്ചു. കരിക്കട്ടയും കളര്‍ ചോക്കും കൊണ്ട്  അയാള്‍ തന്നെയാണ് ആ ചിത്രം വരച്ചതും. 

അയാളും കൂട്ടരും ഈ നാട്ടില്‍  ദിവസങ്ങളോളം തമ്പടിച്ച് സൈക്കിള്‍ യജ്ഞവും റിക്കാര്‍ഡ് ഡാന്‍സും അഭ്യാസപ്രകടനങ്ങളും നടത്തി ആളുകളെ വിസ്മയിപ്പിച്ചിരുന്നു. അതിപ്പൊ ഒരു  മുപ്പത്തഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞുകാണും. ചെറുപ്പക്കാരനായ അയാളായിരുന്നു കൂട്ടത്തിലെ സാഹസികനായ അഭ്യാസി. നിരത്തി വെച്ച ട്യൂബ് ലൈറ്റുകള്‍ക്ക് മേലെ മലര്‍ന്നു കിടന്ന് നെഞ്ചിലേക്ക് പാറക്കല്ല് ശക്തിയായി ഇടുന്നതും. തലയില്‍ വെച്ച പാത്രത്തില്‍ ചായ തിളപ്പിക്കുന്നതും, മണ്ണിട്ട്‌ മൂടിയ കുഴിയില്‍  മണിക്കൂറുകളോളം കിടക്കുന്നതും ...........

അയാളൊരു മികച്ച ചിത്രകാരനൊന്നും ആയിരുന്നില്ലെങ്കിലും ഇത്രയും ജീവസ്സുറ്റൊരു ചിത്രം തന്‍റെ ജീവിതത്തില്‍ വേറെ വരച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. സ്നേഹം കൊണ്ട് തോല്‍പ്പിച്ചു കളഞ്ഞ ആ മനുഷ്യനും നാട്ടുകാര്‍ക്കും പകരം കൊടുക്കാന്‍ അയാളുടെ കയ്യില്‍ വേറെയൊന്നും ഉണ്ടായിരുന്നില്ല. 


ഉള്ളില്‍ വല്ലാതെ ആഹ്ലാദം ഉണ്ടാക്കുന്ന അനുഭവങ്ങളെയാണ്‌ അപൂര്‍വ്വമാണെങ്കിലും അയാള്‍ വരച്ചിരുന്നത്. അതൊക്കെയും ഇതുപോലെ ഏറെ ആളുകള്‍ കാണുന്ന ഇടങ്ങളില്‍ ആയിരുന്നു.  ചിത്രം കാണുന്നവരൊക്കെ  അതിലൂടെ  ആ സന്തോഷം  അനുഭവിക്കണമെന്നും ചിത്രങ്ങളൊക്കെ മനുഷ്യനെ ആഹ്ലാദിപ്പിക്കണം  എന്നുമുള്ള  ചിന്തയാണ്  അയാളെക്കൊണ്ട് വരപ്പിച്ചത്. പുഴയും കുന്നും വയലും ചിത്രശലഭങ്ങളും പോലെ കണാരേട്ടനാണ് ഈ നാട്ടിന്‍പുറത്ത് അയാളുടെ മനസ്സിനെ കീഴടക്കിയത്. അല്ലെങ്കില്‍ ആ ദേശത്തിന്‍റെ പ്രതിരൂപമായിരുന്നു കണാരേട്ടന്‍.

മറ്റിടങ്ങളില്‍ നിന്ന് കിട്ടുന്നതിലും കൂടുതല്‍ പണം അവര്‍ക്ക് ഈ നാട്ടില്‍  നിന്ന് കിട്ടിയിരുന്നെങ്കിലും,  അയാളിലെ സാഹസികനായ അഭ്യാസിയെ ഇവിടം ഒരിക്കലും സന്തോഷിപ്പിച്ചിരുന്നില്ല. ആളുകളെ വിഹ്വലരാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന സാഹസികാഭ്യാസങ്ങള്‍ ആണ് അയാളെ എവിടെയും ശ്രദ്ധേയനാക്കിയത്. പുറത്ത് തറച്ച കുപ്പിച്ചീളുകളുമായി  പുഞ്ചിരിയോടെ കൈ വീശുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്ത ശേഷം കണ്ണുകള്‍ മെല്ലെ മെല്ലെ തുറന്ന് എഴുന്നേറ്റ് വരുമ്പോഴും ആളുകള്‍ ഉയര്‍ത്തുന്ന കൈയ്യടിയില്‍ അയാള്‍ സ്വയം മറന്നുപോയിരുന്നു.

പക്ഷെ ഇവിടെ മാത്രം ഒരിക്കലും അയാള്‍ക്ക് അങ്ങനെ ഒരു കയ്യടി കിട്ടിയില്ല. “നിരത്തിവെച്ച കുപ്പിച്ചില്ലുകള്‍ക്കുമേല്‍ നെഞ്ചില്‍ പാറക്കല്ലുമായി.....” എന്ന അനൌണ്‍സ് തുടങ്ങുമ്പോഴേ അതുവരേക്കും കുട്ടികളെ അടക്കി ഇരുത്താനും പെണ്ണുങ്ങള്‍ക്ക് കളി കാണാന്‍ പീടിക ഇറയത്ത്‌ സൗകര്യം ഒരുക്കാനും ഒക്കെ മുന്നിലുണ്ടായിരുന്ന കണാരേട്ടന്‍ ചാടി വീഴും.

“കുഞ്ഞിമ്മക്കളെ അത് മാത്രം ഇവ്ട  മാണ്ട........ഇങ്ങള് വേറെ എന്ത് കളി മാണെങ്കിലും കളിച്ചോ... മേത്ത് ചോര പൊടിയുന്ന കളി മാത്രം മാണ്ട....ഇതൊക്കെ ഇങ്ങക്ക് കുടുംബം പോറ്റാന്‍  വേണ്ടി  അല്ലെ....ഞാന്‍ പിരിപ്പിച്ചു തരാം പൈശ...”
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ ഗംഭീരമാക്കാന്‍ ഒരു സാഹസിക അഭ്യാസത്തിനും സമ്മതിക്കാതെ  കണാരേട്ടന്‍ നിത്യവും ആള്‍ക്കൂട്ടത്തിനു മുന്നില്‍ തോളിലെ തോര്‍ത്ത്‌ നീട്ടി പിരിവെടുത്തു. മനസ്സ് കിടുങ്ങിപ്പോകുന്ന കാഴ്ചകള്‍ കാണാന്‍ താല്‍പര്യം ഇല്ലാതിരുന്ന നാട്ടുകാര്‍ സന്തോഷത്തോടെ നോട്ടും ചില്ലറയും കൂമ്പാരമായി നല്‍കി.

സൈക്കിള്‍യജ്ഞവും ചെറിയ അഭ്യാസങ്ങളും റിക്കാര്‍ഡ് ഡാന്‍സും അവര്‍ ആസ്വദിച്ചു. ‘ഒരുകാശൊരുകാശൊരു കാശ് തരണേ ഒരുപിടി ചോറിനുള്ള കാശു തരണേ...’ എന്ന അന്ധയായ കുട്ടിയുടെ  പാട്ട് വെച്ച് പിച്ചക്കാരെപ്പോലെ കൈനീട്ടിയപ്പോള്‍ കുഞ്ഞിന്‍റെ വിധിയോര്‍ത്ത്  അവര്‍ കരഞ്ഞു.  ‘കൊളമ്പിലേക്ക് ആണി കയറ്റുന്ന’ കല്യാണ ചെറുക്കന്‍റെ നാടകം കണ്ട് തലമറന്ന് ചിരിച്ചു. ‘ആരാന്റമ്മ പെറ്റ മക്കളേ എന്ന് മൈക്കിലൂടെ നീട്ടി വിളിച്ചപ്പോള്‍ ‘ഓഓഓഓഓ.....’ എന്ന് നീട്ടി വിളികേട്ടു.....

എന്നാലും കണാരേട്ടന്‍ തരം കിട്ടുമ്പോഴൊക്കെ ഉപദേശിച്ചു.
“ഇങ്ങള് വേറെ എന്തെങ്കിലും പണി എടുത്ത് ജീവിക്കാന്‍ നോക്ക് മക്കളേ....ഈ അപകടം പിടിച്ച കളീം കൊണ്ട് നടക്കാതെ....”
എങ്കിലും ആള്‍ക്കൂട്ടം കാണുമ്പോള്‍ അഭ്യാസങ്ങള്‍ കൊണ്ട് അവരെ അത്ഭുതപ്പെടുത്താന്‍ ശരീരം കൊതിക്കും. സാഹസികതയുടെ യുക്തിയൊന്നും കണാരേട്ടന് കേള്‍ക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.
“ഇങ്ങക്കെന്താ ഇക്കിട്ടുന്ന പൈശോന്നും മതിയാകായിറ്റാ................പറ ഇതിലും കൂടുതല്‍ ഞാന്‍ പിരിച്ചു തരാ........ പെണ്ണും കുട്ട്യേളും ഇല്ലാത്ത നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലാ...  എന്തായാലും  ഇക്കളി ഞാന്‍ സമ്മയിക്കൂലാ... ..”
ക്ഷോഭിക്കുമ്പോള്‍ കണാരേട്ടന്‍റെ കാതുകളിലെ ചുവന്ന കല്ലുവെച്ച കടുക്കന്‍ വിറച്ചു. മുടിയിഴകള്‍ നെറ്റിയിലേക്ക് തെറിച്ചു  കിടന്നു.

പീടികമുറിക്ക് മുകളില്‍ ശുദ്ധനായ കണാരേട്ടന്‍റെ ചിത്രം അതിലേറെ ശുദ്ധരായ നാട്ടുകാരുടെ മുന്നില്‍വെച്ച് വരച്ചത് കളിയുടെ അവസാന ദിവസമാണ്. ചിത്രം കണ്ട് അതിശയപ്പെട്ട് നിന്ന കണാരേട്ടനോടും നാട്ടുകാരോടുമായി അയാള്‍ പറഞ്ഞു.
“കണാരേട്ടാ എന്നെങ്കിലും ഈ നാട്ടില്‍ വന്ന് അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളെ ഞാന്‍ അതിശയപ്പെടുത്തും................അതെന്‍റെ ആഗ്രഹാ”
“അതിന് ഞാളെയൊക്കെ കാലം കഴിയട്ടെ മോനെ...................ഒരാക്ക് അപകടം പറ്റ്ന്ന കളി കണ്ട് നോക്കി നിക്കാനും ചോര കണ്ട് സന്തോശിക്കാനും ഞാക്ക് പറ്റൂലാ...”
“നിങ്ങളെയൊക്കെ പ്രാര്‍ത്ഥന ഉള്ളപ്പോ എങ്ങനെയാ കണാരേട്ടാ അപകടം പറ്റ്വാ........ആ കരുതല് പോരേ ഞങ്ങക്ക്”

കൂട്ടത്തിലെ പെണ്ണായി നടിക്കുന്ന  ഉത്തമനെയും കൊണ്ട്  മെഡിക്കല്‍കോളേജിലായ സമയത്താണ് കണാരേട്ടന്‍ മരിച്ച വാര്‍ത്ത അറിഞ്ഞത്. വരാന്തയില്‍ ഉറങ്ങാന്‍ വിരിച്ച പത്രക്കടലാസിന്‍റെ ചരമകോളത്തില്‍ കണാരേട്ടന്‍ ചിരിച്ചു.

കാലം ഈ നാട്ടിനും  ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചെറിയൊരു ടൌണ്‍ തന്നെ.  കണാരേട്ടന്‍റെ  ചിത്രമുള്ള എടുപ്പിന് താഴെ ഉണ്ടായിരുന്ന നിരപ്പലകയിട്ട പീടികകള്‍ ഒക്കെ മാറി ഷട്ടറിട്ട പുതിയ ഷോപ്പുകള്‍. തൊട്ടു പിറകിലെ മുമ്പ് സൈക്കിള്‍യജ്ഞം നടത്തിയ പറമ്പില്‍ വലിയൊരു ഷോപ്പിംഗ്‌ കോംപ്ലക്സ്‌. അപ്പുറത്തെ കാട് മൂടിയ കണ്ടത്തില്‍  വലിയൊരു വീട്...... മുപ്പത്തഞ്ചു കൊല്ലം. ഇതിനിടയില്‍ മരിച്ചും പിരിഞ്ഞും തങ്ങളുടെ കൂട്ടം ചിതറിയതും ശരീരം തളരാന്‍ തുടങ്ങിയ മധ്യവയസ്സില്‍ താങ്ങായി വന്നവളെ കൂടെ കൂട്ടിയതും, കണാരേട്ടന്‍ പറഞ്ഞപോലെ കുടുംബം പോറ്റാനായി ഇന്നും ഈ വേഷം  കെട്ടുന്നതും.....

ഈ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍  അയാളുടെ ഞരമ്പുകള്‍ തുടിച്ചു. വാര്‍ദ്ധക്യം മറന്ന പേശികള്‍ മുറുകി.  ഉള്ളില്‍ ആ ആരവം മുഴങ്ങുന്നു.
“മക്കളേ...............”
“ഓഓ....”
“ആരാന്റമ്മ പെറ്റ മക്കളേ”
“ഓഓഓഓഓഓഓഓ.....”
കണാരേട്ടാ ഇന്നാണ് ആ ദിവസം. അഭ്യാസങ്ങള്‍ കൊണ്ട് നിങ്ങളുടെ നാട്ടുകാരെ ഞാന്‍ അതിശയപ്പെടുത്തുന്നദിവസം. അത് കഴിഞ്ഞ്  ഞാന്‍ വിളിച്ചുപറയും ആ ചിത്രത്തെ പറ്റി. നന്മ നിറഞ്ഞ ഈ നാടിന്‍റെ കണാരേട്ടനെ പറ്റി.  

ഷോപ്പിംഗ്‌ കോംപ്ലക്സിനു പിറകില്‍ കൂടിയിട്ട  ഉടഞ്ഞ മദ്യക്കുപ്പികള്‍  പെറുക്കിക്കൊണ്ടുവരുമ്പോള്‍ അയാള്‍ ഓര്‍ത്തു സൈക്കിള്‍ അഭ്യാസി കുഞ്ചുവിന് കുടിക്കാന്‍ വേണ്ടി അന്നൊക്കെ റാക്ക് സംഘടിപ്പിക്കാന്‍ പെട്ട പാട്. ബസ്സ്റ്റോപ്പിന് അരികിലെ ഒഴിഞ്ഞയിടത്ത് തോര്‍ത്തു വിരിച്ച് അതില്‍  കുപ്പിക്കഷണങ്ങള്‍ നിരത്തി. വലിയൊരു കരിങ്കല്ല് താങ്ങിയെടുത്ത്  കൊണ്ടുവന്നുവെച്ചു.  

തിരക്കിട്ട് പോവുന്ന ആളുകളുടെ ശ്രദ്ധ ക്ഷണിക്കാന്‍ അയാള്‍ കൈകൊട്ടി ഉറക്കെ വിളിച്ചു.

ആരും അടുത്തേക്ക് വന്നില്ലെങ്കിലും ചിലരൊക്കെ ദൂരെ നിന്ന് കൌതുകത്തോടെ നോക്കി. ഏറെ നേരം വിളിച്ചു പറഞ്ഞപ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം അവിടിവിടെയായി ചിതറി നിന്നു.

അയാള്‍ കുപ്പിച്ചില്ലുകള്‍ക്ക് മേല്‍ മലര്‍ന്നു കിടന്നു. നേരെ കണാരേട്ടന്‍ ചിരിക്കുന്നു. ചാഞ്ഞു പോകുന്ന വെയിലിന്‍റെ മഞ്ഞനിറം വീണ മുഖം. “കണാരേട്ടാ പൊറുക്കുക ഈ വയസ്സ് കാലത്തും കുടുംബം പോറ്റാന്‍ എനിക്കിതേ വഴിയുള്ളൂ. ദിവസങ്ങളായി എന്നെ കാത്തിരിക്കുന്ന അവള്‍ക്കും മക്കള്‍ക്കും  ഇന്നെങ്കിലും...... കൈ നീട്ടാന്‍  ഈ നാടല്ലാതെ മറ്റെവിടെയാണ് ഞാന്‍ ... .....എന്നോട് പൊറുക്കുക”

രണ്ടുപേര്‍ ആ കരിങ്കല്ല് നെഞ്ചിനു നേരെ ഉയര്‍ത്തിപ്പിടിച്ച അയാളുടെ കൈകളിലേക്ക് വെച്ചു കൊടുത്തു.  താഴെ കുപ്പിച്ചില്ലുകള്‍ ഞെരിഞ്ഞു. ചുറ്റുമുള്ള കണ്ണുകളൊക്കെയും അയാളിലേക്ക്.

ശ്വാസം ശരീരത്തിലേക്കാവാഹിക്കുന്ന മാത്രകളില്‍ എപ്പോഴോ കൈ ദുര്‍ബലമായതും കല്ല്‌ നെഞ്ചിലേക്ക്.!!!!!......
നിലവിളിയോടൊപ്പം വായില്‍ നിന്നൊഴുകിയത് കൊഴുത്ത ചോര.... ഈ കല്ല്‌ മാറ്റി ആരെങ്കിലും എഴുന്നേല്‍പ്പിക്കൂ എന്ന് വിളിച്ചു കൂവണമെന്നുണ്ട്.....അവസാനമായൊരു തുള്ളി വെള്ളം....
ആരൊക്കെയോ ചുറ്റും ഓടിക്കൂടുന്നു. ആള്‍ക്കൂട്ടം എന്തിനാണ് തിക്കിതിരക്കുന്നത്.... ഈ കല്ല്‌ നെഞ്ചില്‍ നിന്ന് മാറ്റൂ.... ഇത്തിരി വെള്ളം വായിലൊഴിച്ച് തരൂ..... ഉള്ളില്‍ അയാള്‍ അലറിക്കരഞ്ഞു. വഴിക്കണ്ണുമായി കാത്തിരിക്കുന്ന രണ്ടു കുഞ്ഞുമുഖങ്ങളും അവളും....

ചുറ്റും കൂടിയ കണാരേട്ടന്‍റെ നാട്ടുകാര്‍ മൊബൈലില്‍ അയാളുടെ അവസാന പിടച്ചിലുകള്‍  ചിത്രീകരിക്കാന്‍  തിരക്ക് കൂടിക്കൊണ്ടിരുന്നു. ഒലിച്ചിറങ്ങിയ ചോരയില്‍ ചവിട്ടി നിന്ന് കൊണ്ട് ചിത്രമെടുക്കുന്ന അവര്‍ക്ക് മുകളിലായി കണാരേട്ടന്‍റെ മുഖം ഇരുട്ടില്‍ മങ്ങിമങ്ങി ഇല്ലാതായി. 

6 comments:

  1. മുപ്പത്തഞ്ച് വര്‍ഷം ഒരു നാടിനും നാട്ടാര്‍ക്കും വരുത്തിയ മാറ്റം കണ്ട് അന്തിച്ച് നിന്നുപോകുന്നു

    ReplyDelete
  2. നാടിന്‍റെ മാറുന്ന മുഖച്ഛായ ഈ കഥയിലൂടെ നന്നായി പകര്‍ത്തി നജീബ്....

    ReplyDelete
  3. നാടെന്നും നടുവേ ഓടുന്നു ,,പലപ്പഴും നമുക്ക് മുന്നേ തന്നെ..rr

    ReplyDelete
  4. പുതിയ കാലത്തെ നാടിന്റെ മുഖം...!

    ReplyDelete
  5. Inathe malayakaryaude karunayatta mukham thuranu kattuna kadha....kannu nanayichu.....marannam kandalum kalyanam kandalum photoyedukanum traininu munbil ninnu selfi edukanum purapeduna malayaliyude manasunte vaikruthathe thurannu kattuna kadha

    ReplyDelete
  6. വര്‍ഷങ്ങളുടെ..മനോഭാവങ്ങളുടെ..മനുഷ്യത്വത്തിന്റെ മാറ്റം...ഹൃദയസ്പര്ശിയായ് എഴുതി...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ