Sunday, December 22, 2013

കുഞ്ഞായിയുടെ കുടുംബജീവിതവും ' ഋഷിരാജ് സിംഗും'



ഋഷിരാജ് സിംഗ് ഹെല്‍മറ്റ് ‘ഫര്‍ളാ’ക്കിയത് മുതല്‍ അങ്ങാടിയിലെ പലചരക്ക് കടക്കാരനായ കുഞ്ഞായിക്ക് സ്വൈര്യമില്ലാത്ത അവസ്ഥയാണ്. രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള വീട്ടില്‍ നിന്ന് കടയിലേക്ക് പോകാനും വരാനും ഒരു ടൂവീലര്‍ കൊല്ലങ്ങളായി ഉണ്ടെങ്കിലും ഇപ്പോഴാണ് ഇതൊരു തലവേദനയായി മാറിയത്.

പ്രശ്നം ടൂ വീലറല്ല ഹെല്‍മറ്റാണ്. രാവിലെ കട തുറക്കുന്നത് മുതല്‍ ഹെല്‍മറ്റ് വായ്പ ചോദിച്ചു വരുന്നവരെ കൊണ്ടൊരു സ്വൈര്യവും സമാധാനവുമില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

‘ലൂണ’ മോപെഡ് മുതല്‍ പുത്തന്‍ ‘എന്‍ഫീല്‍ഡ് ബുള്ളറ്റ്’ വരെ സ്വന്തമായുള്ള ‘ടൂ വീലന്മാര്‍’ പലര്‍ക്കും അങ്ങാടിയില്‍ എത്തുമ്പോഴാണ് ഋഷിരാജ് സിംഗിനെ ഓര്‍മ്മവരിക. കുഞ്ഞായിയേയും.

“കുഞ്ഞിമ്മോനെ ഇഞ്ഞതൊന്ന് നോട്ടെ......ഇയ്യലാക്കിന്‍റെ പോലീസ്വാരെക്കൊണ്ട് ഒരു സ്വൈര്യോല്ല...  ഒരഞ്ച് മിനിറ്റ് ഞാനിപ്പം കൊണ്ടത്തരാ ...”



ലോഹ്യക്കാരും, പരിചയക്കാരും, സ്വന്തക്കാരും, സംബന്ധക്കാരുമായ നാട്ടുകാര് ചോദിക്കുമ്പോ എങ്ങനെയാ കൊടുക്കാതിരിക്കുക. മാത്രമല്ല ഇവരൊക്കെ പീടികയിലെ കസ്റ്റമര്‍ കൂടി ആയതു കൊണ്ട് പിണക്കാനും വയ്യ.


അഞ്ച് മിനിറ്റ് അഞ്ചു മണിക്കൂറായാലും ചിലപ്പോ ആള് തിരിച്ചെത്തിയിട്ടുണ്ടാവില്ല. അധിക  ദിവസവും  വീട്ടിലേക്ക് ഊണുകഴിക്കാന്‍ ഹെല്‍മറ്റ് ഇല്ലാതെയാണ് കുഞ്ഞായിയുടെ പോക്ക്.

തൊട്ടടുത്ത പച്ചക്കറിപ്പീടികയിലെ അമ്മാട്ടിയെ കൊണ്ടാണ് വല്യ വെറുപ്പിക്കല്. ദിവസം ഒരു പതിനാറ് പ്രാവശ്യമെങ്കിലും അമ്മാട്ടിക്ക് ഹെല്‍മറ്റ് വേണം. അത് എടുത്തുകൊടുക്കേണ്ട ബുദ്ധിമുട്ടൊന്നും ഇല്ല. അമ്മാട്ടി സ്വന്തം മുതല് പോലെ ഉള്ളില്‍ കയറി എടുത്തോളും പച്ചക്കറി കച്ചവടത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് ഇടപാട് കൂടി ഉള്ളത് കൊണ്ട് അമ്മാട്ടിക്ക് പലസ്ഥലത്തും പോകാനുള്ളതാണ്. പുത്തന്‍ ആക്ടീവ വണ്ടിയൊന്ന് സ്വന്തമായി ഉണ്ടെങ്കിലും ഹെല്‍മറ്റ് വാങ്ങില്ല എന്ന് മൂപ്പര്‍ ‘നിയ്യത്ത്’ ചെയ്തപോലെയാണ്.

ഓരോ വട്ടം ഹെല്‍മറ്റിനു വരുമ്പോഴും അമ്മാട്ടി ഗവണ്മെന്റിനെയും, ഋഷിരാജ് സിംഗിനെയും ചീത്ത പറയും, പൊതുമരാമത്ത്‌ വകുപ്പ് നിരത്ത് നന്നാക്കാത്തതിനെ കുറിച്ച് രോഷം കൊള്ളും.


‘മ്മളെ തലന്‍റെ കാര്യത്തില് മ്മക്കില്ലാത്ത ചൂട് ഓലിക്കെന്തിനാ .......ഒക്കെ കമ്മീശനാ....എല്‍മറ്റ് കമ്പിനിക്കാരോട് കമ്മീശന്‍ മാങ്ങുന്നുണ്ടാവും ...ഇമ്മക്കറിഞ്ഞൂടെ...’

അന്നത്തെ പറമ്പ് കച്ചവടത്തില്‍ കിട്ടാന്‍ പോവുന്ന കമ്മീഷന്‍റെ കണക്ക്, ഹെല്‍മറ്റ് ഇട്ടു മൂടിയ തലയില്‍ പലവട്ടം കൂട്ടി നോക്കി അമ്മാട്ടി പറപറക്കും. 

പല തലകളില്‍ നിന്നുള്ള വിയര്‍പ്പ് തട്ടി താരനും പേനും നിറഞ്ഞ സ്വന്തം തല മാന്തി മാന്തി  കുഞ്ഞായി സ്വൈര്യം കെട്ടു. കോളേജ് കുമാരന്‍റെ തലയിലെ ഹെയര്‍ ക്രീമിന്‍റെ മണം മുതല്‍ പള്ളിയിലെ മുക്രിയുടെ തലേക്കെട്ടിന്‍റെ അത്തര്‍ മണം വരെ കൂടിക്കലര്‍ന്ന ഗന്ധവുമായി രാത്രിയില്‍ വീട്ടിലെത്തുന്ന കുഞ്ഞായിയെ ബീവി ക്രുദ്ധയായി എതിരേറ്റു.

‘ഇങ്ങളിവിട്ന്ന് പോകുമ്പോ ഇങ്ങനത്തെ ഒരു മണോം ഇല്ലായിനല്ലോ........ ഏത് പെണ്ണിന്‍റെ തലേലെ പേനാ ഇങ്ങളെ തലേല്ന്ന് എനിക്കിപ്പ അറിയണം...’ 
ആ  സാധുസ്ത്രീ  നെഞ്ഞത്തടിച്ചു.

പല ശരീരങ്ങളുടെ തിടുക്കം തീര്‍ത്തും പലരുടേയും  വിയര്‍പ്പ് ഏറ്റു വാങ്ങിയും മരവിച്ചു പോയൊരു തെരുവ് വേശ്യയെ പോലെ കുഞ്ഞായിയുടെ ഹെല്‍മറ്റ് നിസംഗയായി കിടന്നു.

ഓരോ ദിവസവും ഹെല്‍മറ്റിന് ആവശ്യക്കാര്‍ കൂടി വരികയല്ലാതെ കുറഞ്ഞില്ല. കുഞ്ഞായിയുടെ സ്വസ്ഥത നഷ്ടപ്പെട്ടു. അഞ്ചാറ് ഹെല്‍മറ്റ് വാങ്ങി പഴക്കുലയോടൊപ്പം പീടികയില്‍ വില്‍പനക്ക് കെട്ടിത്തൂക്കിയാലോ എന്ന് പോലും കുഞ്ഞായി ആലോചിച്ചു. അതും ‘ഇപ്പം കൊണ്ടത്തരാ’ എന്ന് പറഞ്ഞ് ആളുകള്‍ വാങ്ങിപ്പോയ്ക്കളയുമോ എന്ന് ഭയന്ന് വേണ്ടെന്നു വെച്ചു.

ഒടുവില്‍ കുഞ്ഞായി ഒരു തീരുമാനമെടുത്തു. സ്വന്തം ആവശ്യത്തിന് ഒരു ഹെല്‍മറ്റ് കൂടി വാങ്ങുക. പഴയ ഹെല്‍മറ്റ് പൊതുജന സേവനാര്‍ത്ഥം ഇതേ പോലെ പോട്ടെ.

അങ്ങനെ വലിയങ്ങാടിയില്‍ ചരക്കെടുക്കാന്‍ പോകുമ്പോള്‍ കുഞ്ഞായി മൊഞ്ചുള്ള ഒരു ഹെല്‍മറ്റ് കൂടി വാങ്ങി.

തലയില്‍ പറ്റിപ്പിടിച്ചുപോയ ആരുടെയൊക്കെയോ വിയര്‍പ്പും ഗന്ധങ്ങളും ഷാമ്പൂ ഇട്ടു കഴുകി വെടിപ്പാക്കി രാവിലെ കടയിലേക്ക് പുറപ്പെടുമ്പോള്‍ ബീവിയോടു പിരിശത്തോടെ പറഞ്ഞു.

‘ഇഞ്ഞ് നോക്കിക്കോ ....ഇനിയൊരു മാണ്ടാത്ത മണവും പേനുമൊന്നും എന്‍റെ തലയില്‍ ഉണ്ടാവൂലാ.....പൈശ കൊറച്ച് ചെലവായാലും വെറുതേ കുടുംബ കലഹം ഉണ്ടാക്കണ്ടാലോ......ഈ ബുദ്ധി എനിക്ക് നേരത്തേ തോന്നീല്ല...’

ബീവി കുറ്റബോധത്തോടെ നേരിയ ഒരു ചിരി ചിരിച്ചു.

കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി സിനിമാ സ്റ്റയിലില്‍ ഹെല്‍മറ്റ് ഊരിയതും......... മുന്നില്‍ അമ്മാട്ടി!!

‘ഞാന്‍ ഇഞ്ഞ് വെരുന്നതും കാത്ത് നിക്വായിനും...’

കുഞ്ഞായി എന്താക്കണം എന്ന് തിരിയാതെ നിന്നു.

‘ആയേ........ഇഞ്ഞ് പുത്യ ഹെല്‍മറ്റ് വാങ്ങി....ല്ലേ....നന്നായി കുഞ്ഞിമ്മോനെ ഇഞ്ഞ് മാങ്ങീക്കില്ലെങ്കില് ഞാന്‍ മാങ്ങണം എന്ന് വിയാരിച്ചതാ .... അത്രക്ക് നാറ്ന്നുണ്ടായിനും അത്..... കണ്ടോലൊക്കെ കൊണ്ട്വോയി..... ആകെ ഒന്നിനും കൊള്ളാണ്ടായിപ്പോയി... ‘

എന്തെങ്കിലും പറയാന്‍ നേരം കിട്ടുന്നതിന് മുമ്പ് അമ്മാട്ടി പുത്തന്‍ ഹെല്‍മറ്റുമായി ആക്ടീവയിലേക്ക് കയറി. ഹെല്‍മറ്റ് മുറുക്കുന്നതിനിടയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറന്നില്ല.

‘ഓലിക്കെന്താ ഓരോ നെയമം ഉണ്ടാക്കുന്നെയ്ന്. ......ഇത് മാങ്ങ്വാനും കൊണ്ട് നടക്കാനും ഉള്ള ബുദ്ധിമുട്ടൊന്നും  ഓലിക്ക് അറിയണ്ടാലോ.... അല്ലേലും ഈ മന്ത്രിമാരും ഉദ്യോസ്തന്‍മാര്വോന്നും മ്മളെപ്പോലെ ടൂ വീലറില്‍ പോക്ന്നില്ലാലോ ....ഓലിക്കേട തിരിഞ്ഞിക്ക് മ്മളെ കഷ്ടപ്പാട് ....’

അമ്മാട്ടി വണ്ടി ഓടിച്ചു പോകുന്നത് നോക്കി കുഞ്ഞായി തലയില്‍ കൈ വെച്ച് നിന്നു.


Saturday, December 21, 2013

തിരക്ക്



‘മയ്യത്ത് എത്രമണിക്കാ എടുക്വാ’


കാത്തിരിപ്പുകളെ വെറുത്ത, വളരെ പെട്ടെന്ന് മുന്നോട്ടു കുതിച്ചുകൊണ്ടിരുന്ന  അയാളുടെ  തിരക്കുപിടിച്ച ജീവിതം അവസാനിച്ച് അപ്പോള്‍ നേരത്തോടു നേരമായിരുന്നു.


അധികം വൈകാതെ എടുക്കുന്നതാ മയ്യത്തിന് ഖൈറ്.........മലക്കുകള് കാത്ത്നിക്കും.....

പള്ളിയിലെ മുക്രിയുടെ  ശബ്ദം  ആള്‍ക്കൂട്ടത്തിന്‍റെ ബഹളത്തിനിടയില്‍ മുങ്ങിപ്പോയി.


‘......ഒരു പാട് വി ഐ പി കളൊക്കെ ഇനീം എത്താനുള്ളതല്ലേ.... സമയം പറയാം ....തെരക്ക് കൂട്ടണ്ട ’

ഒട്ടും തിരക്കില്ലാതെ അയാളുടെ മൃതദേഹം  ഫ്രീസറില്‍ നീണ്ടു നിവര്‍ന്നു കിടന്നു.
------------------------- 
ഖൈറ്= ഗുണകരം 
മലക്കുകള്‍= മാലാഖമാര്‍ 






Thursday, December 19, 2013

വല്യുമ്മാമയുടെ ‘തനിപ്പട്ട്’


ഉമ്മ പറഞ്ഞു കേട്ടതാണ്. വല്യുമ്മാമ അതായത് എന്‍റെ ഉമ്മയുടെ ഉപ്പാന്‍റെ ഉമ്മയെ പറ്റി. ഉമ്മയുടെ കുഞ്ഞുന്നാളിലെ ഓര്‍മ്മയാണ്. വല്യുമ്മാമാക്ക് അപ്പോള്‍ തൊണ്ണൂറു  വയസെങ്കിലും ഉണ്ടാവും.

വല്യുമ്മാമയുടെ കയ്യില്‍ പഴുക്കടക്കയുടെ നിറമുള്ള ഒരു തുണി ഉണ്ടായിരുന്നു. വല്യുമ്മാമ എപ്പോഴും ആ തുണി തുന്നിക്കൊണ്ടിരുന്നു. ‘തനിപ്പട്ട്’ എന്നാണ് വല്യുമ്മാമ ആ തുണിയെ പറ്റി പറഞ്ഞിരുന്നത്. ഒരു ഭാഗം തുന്നുമ്പോള്‍ മറുഭാഗം പിന്നിപ്പോകുന്ന അത്രയും പഴക്കം ചെന്ന അത്  സൂക്ഷ്മതയോടെ കൂനിക്കൂടിയിരുന്ന് വല്യുമ്മാമ തുന്നിക്കൊണ്ടിരുന്നു.

 വല്യുമ്മാമയുടെ ഒരേയൊരു മോളുടെ കല്യാണം കഴിഞ്ഞ്  ആദ്യ സല്‍കാരത്തിന് മോളും പുതിയാപ്പിളയും വന്നപ്പോള്‍ സമ്മാനിച്ചതാണ്‌ ആ തനിപ്പട്ട്.

വല്യുമ്മാമക്ക് മൂന്നു മക്കളായിരുന്നു. മൊയ്തുവും, ബാവോട്ടിയും(എന്‍റെ വല്യുപ്പ) പിന്നെ ഏറ്റവും ഇളയവള്‍  അയിശയെന്ന ഒരേയൊരു പെണ്‍കുട്ടിയും.  വല്യുപ്പാപ്പ നേരത്തെ മരിച്ചു പോയിരുന്നു.

വല്യുപ്പയും ജ്യേഷ്ടനും കൃഷിക്കാരായിരുന്നു. ചാലിയില്‍ നെല്ലുണ്ടാക്കിയും വെറ്റിലക്കൊടിയിട്ടും അവര്‍ പലലന്തിയോളം പണിയെടുത്തു. ഞാറ് നടാനും, വെറ്റില ചായ്ക്കാനും നെല്ല് കൊയ്യാനുമൊക്കെ വല്യുമ്മാമയും മക്കളോടൊപ്പം കൂടി. വല്യുമ്മാമ നന്നായി ഓല മെടയുമായിരുന്നു.  ഒറ്റയിരിപ്പിന് എണ്‍പത് എണ്ണമൊക്കെ! പായ നെയ്ത പോലെ ഭംഗിയുള്ള മെടച്ചില്‍.

തിക്കോടി ചന്തയില്‍ വെറ്റില വിറ്റ് മടങ്ങി വരുമ്പോള്‍ ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങികൊണ്ടുവന്നു. ഉമ്മയും ഇക്കാക്കമാരും പുന്നരപ്പെങ്ങളെ നിലത്തും നിലയിലും വെക്കാതെ താലോലിച്ചു പോറ്റി.

അയിശയുടെ കല്യാണം കഴിഞ്ഞ് രണ്ട് ആണ്‍കുട്ടികളെ പ്രസവിച്ചു. കുഞ്ഞനിയത്തിക്ക് പറമ്പ് വാങ്ങാനും  വീടുണ്ടാക്കാനും  ഉത്സാഹിച്ചതും സഹായിച്ചതും ആങ്ങളമാര്‍ തന്നെ. മഴക്കാലത്ത് ചാലിയില്‍ വെള്ളം കയറുമ്പോള്‍ ഒറ്റല് കൊണ്ട് പൊത്തിപ്പിടിച്ച കയിച്ചിലും, കടുവും, മുഴുവും കോമ്പലയില്‍ തൂക്കി ആങ്ങളമാര്‍ കുഞ്ഞിപ്പെങ്ങള്‍ക്കും അളിയനും മരുമക്കള്‍ക്കും കൊണ്ട് കൊടുത്തു വയറു നിറയെ തീറ്റിച്ചു.

അയിശ മൂന്നാമതും ഗര്‍ഭിണിയായി. പ്രസവസമയത്തേക്ക് കരുതലായി  വല്യുമ്മാമ ഒരു കുടുക്കയില്‍ പിടിയരി ഇട്ടു വെക്കാന്‍ തുടങ്ങി. ഓരോ ദിവസവും ചോറിന് അരിയിടുമ്പോള്‍  അതില്‍ നിന്ന് ഒരുപിടി അരി മാറ്റി സ്വരൂപിച്ചു വെക്കുന്നതാണ്‌  പിടിയരി.

മാസങ്ങള്‍ കഴിയും  തോറും അയിശയുടെ വയറ് വലുതായി വരികയും അതോടൊപ്പം ക്ഷീണവും തളര്‍ച്ചയും കൂടിക്കൂടി വരികയും ചെയ്തു. പിന്നീടാണ് അറിഞ്ഞത് അയിശക്ക് ഗര്‍ഭമായിരുന്നില്ല വയറ്റിലൊരു മുഴയായിരുന്നു. അത് വലുതായി വലുതായി ഒരു ദിവസം അവര്‍ മരിച്ചു.

ഉമ്മയെയും, പുന്നാര ആങ്ങളമാരെയും, ഭര്‍ത്താവിനെയും , കുഞ്ഞുമക്കളെയും വിട്ട് പോകുമ്പോള്‍ അയിശക്ക്  ഇരുപത്തിയഞ്ച് വയസ്സുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല!.......................


കൊല്ലങ്ങളെമ്പാടും  കടന്നുപോയിട്ടും  വല്യുമ്മാമയുടെ മനസ്സില്‍ പൊന്നുമോളോടുള്ള സ്നേഹവും വാത്സല്യവും മങ്ങാതെ ചുരത്തി നിന്നു. മരിക്കുന്നത് വരെ ദിവസവും വല്യുമ്മാമ ആ തനിപ്പട്ട് നിവര്‍ത്തി പിന്നിപ്പോയ ഇടമൊക്കെ വീണ്ടും വീണ്ടും തുന്നിച്ചേര്‍ത്തു കൊണ്ടിരുന്നു.  അതിലൂടെ തൊണ്ണൂറാം വയസ്സിലും, മരിച്ചു പോയ  കുഞ്ഞുമോളെ കുറിച്ചുള്ള നിറമുള്ള ഓര്‍മ്മകള്‍ പിന്നിപ്പോകാതെ ചേര്‍ത്ത് പിടിച്ചു കൊണ്ടിരുന്നു  പാവം വല്യുമ്മാമ.

Saturday, December 14, 2013

ഉസ്മാനിക്കയുടെ ‘കേരള ആര്‍ട്ട് കലണ്ടേര്‍സ്’


ഓര്‍മ്മയുടെ കലണ്ടര്‍ താളുകള്‍ പിറകോട്ടു മറിയുമ്പോള്‍ കടലാസിലെഴുതിയ നറുക്കുകള്‍ തകരട്ടിന്നിലിട്ട് കുലുക്കിക്കൊണ്ട്‌ കൈ നിറയെ നമ്പറുകള്‍ എഴുതിയ കാര്‍ഡുകളുമായി  ഉസ്മാനിക്കയുണ്ട്. ഉസ്മാനിക്കയുടെ മുന്നില്‍ നിരത്തിവെച്ച കലണ്ടറുകള്‍. കലണ്ടറുകളില്‍ ചിത്രങ്ങള്‍ക്ക് ചുവടെ  നീണ്ട കെട്ടിടം പോലെ ഡിസൈന്‍ ചെയ്ത  നീലയും വെള്ളയും അക്ഷരങ്ങളില്‍ കേരള ആര്‍ട്ട് കലണ്ടേര്‍സ് എന്നെഴുതിയിരുന്നു.

 അങ്ങാടിയില്‍ മീന്‍ചാപ്പക്കടുത്ത്  പൊട്ടക്കിണറ്റിന് മുന്നില്‍ നിരത്തരുകിലായാണ്  ഉസ്മാനിക്ക കലണ്ടറുകള്‍ നിരത്തി വെക്കുക. മീന്‍ വാങ്ങാനും,റേഷന്‍ വാങ്ങാനുമൊക്കെയായി അങ്ങാടിയില്‍ എത്തുന്നവര്‍ കലണ്ടറുകള്‍ക്ക് ചുറ്റും വലയം തീര്‍ക്കും.

കലണ്ടറുകള്‍ വില്‍പനക്കായിരുന്നില്ല. പത്തു പൈസ കൊടുത്ത് ടോക്കണ്‍ എടുത്താല്‍ നറുക്കെടുപ്പില്‍ നമ്പര്‍ വീഴുന്ന ഭാഗ്യവാന്മാര്‍ക്ക് കലണ്ടറുകള്‍ ലഭിക്കും.

കലണ്ടറുകളില്‍ നിന്ന്  നേതാക്കള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ദേവീദേവന്മാരുടെ വര്‍ണ്ണ ചിത്രങ്ങള്‍ കൈ ഉയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു. സുന്ദരിയുടെ മുഖവും വെള്ളക്കുതിരയുടെ ഉടലുമുള്ള ‘ബുറാഖി’ന്‍റെ ചിത്രം ഞങ്ങള്‍ ആദരവോടെ കണ്ടു. കാടും മലയും പുഴയുമുള്ള ചിത്രങ്ങള്‍ ചൂണ്ടി അറിവുള്ളവര്‍ ‘സീനറി’ എന്ന് വിവരിച്ചു തന്നു. നരകശിക്ഷയുടെ ചിത്രങ്ങള്‍ വരച്ചു വെച്ച കലണ്ടറുകള്‍ ഞങ്ങളെ ഭയപ്പെടുത്തി. 

ആള്‍ക്കൂട്ടം ടോക്കനുകള്‍ വാങ്ങുകയും ഉസ്മാനിക്ക ഇടക്കിടെ നറുക്കിട്ട് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കണ്ണടച്ച് നറുക്കെടുക്കാനുള്ള മഹാഭാഗ്യം  മുന്നില്‍ നില്‍ക്കുന്ന ഞങ്ങളില്‍ ഏതെങ്കിലും കുട്ടിക്ക് ലഭിച്ചു. നറുക്ക് കിട്ടിയവര്‍ സന്തോഷപൂര്‍വ്വം ഇഷ്ടപ്പെട്ട കലണ്ടറുകള്‍ തെരഞ്ഞെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.

കൊല്ലാവസനങ്ങളില്‍ ആയിരിക്കാം മിക്കവാറും വൈകുന്നേരങ്ങളില്‍ ഉസ്മാനിക്കയുടെ കലണ്ടറുകളും നറുക്കെടുപ്പും അങ്ങാടിയില്‍ ഉണ്ടായിരുന്നു. ആ കലണ്ടറുകള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തെ മിക്ക വീടുകളിലും വെള്ളതേച്ച ചുവരുകളില്‍ നീളത്തില്‍ വരിവരിയായി  തൂങ്ങിക്കിടന്നു. മക്കയും, മദീനയും, ഗുരുവായൂരപ്പനും പിന്നെ രാഷ്ട്രീയനേതാക്കളും, സിനിമാ താരങ്ങളും  ഞങ്ങളുടെ കോലായച്ചുവരുകളെ അലങ്കരിച്ചു.

കലണ്ടറുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ‘കഅബ’ വലം വെക്കുന്നതായി ഞങ്ങള്‍ അനുഭവിച്ചു. മദീനയിലെ പച്ചക്കുബ്ബക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന പ്രാവുകളുടെ ചിറകടിയൊച്ച കേട്ടു.  ഗുരുവായൂരപ്പനെ കണ്‍ നിറയെ കണ്ടു. ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, സുഭാഷ് ചന്ദ്രബോസും ഞങ്ങളെ നോക്കിച്ചിരിച്ചു. പ്രേം നസീറും, ഷീലയും, ജയനും ഞങ്ങളോട് മന്ദഹസിച്ചു കൊണ്ടിരുന്നു. എ.കെ.ജി യും, ഇന്ദിരാഗാന്ധിയും, ഇ.എം.എസും, കൃഷ്ണപ്പിള്ളയും, ബാഫഖി തങ്ങളും,സീ എച്ചും  ഞങ്ങള്‍ക്ക് ആവേശം തന്ന നേതാക്കള്‍ മാത്രമായിരുന്നില്ല, അനുഗ്രഹവും ധൈര്യവും  സമാധാനവുമായി   കൂടെനിന്ന വീട്ടു കാരണവന്മാര്‍ കൂടി  ആയിരുന്നു.

ഉസ്മാനിക്കയുടെ കലണ്ടറിനു  പുറമെ മൂടാടി അങ്ങാടിയിലെ ‘യുവരാജ് ഡ്രസ്സസും’ , റേഡിയോ മെക്കാനിക്കും പാട്ടുകാരനുമായ പുഷ്പരാജും ഒന്നോ രണ്ടോ വര്‍ഷം കലണ്ടറുകള്‍ ഇറക്കിയിരുന്നു. കൊയിലാണ്ടിയിലെ ‘രൂപകല ടെക്സ്റ്റയില്‍സിന്റെയും ’ , ‘ടൌണ്‍ മെഡിക്കല്‍ ഹാളിന്റെയും’ ‘വീ എം സ്റ്റോര്‍സി’ന്‍റെയും കലണ്ടറുകളും ഞങ്ങളുടെ വീട്ടുചുവരുകളെ അലങ്കരിച്ചതില്‍ പെടും. അതാതുവര്‍ഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സിനിമാനടികളുടെ ഫോട്ടോ വെച്ച് ‘ബോംബ ഡൈയിംഗ്’ ഇറക്കുന്ന നീളവും വലിപ്പവുമുള്ള കലണ്ടറുകള്‍ ആയിരുന്നു ഗംഭീരം. അങ്ങാടിയിലെ ഭാസ്കരേട്ടന്റെ ‘സുഗത’ ടൈലേര്‍സിലും ,കോരക്കുറുപ്പിന്റെ ബാര്‍ബര്‍ ഷാപ്പിലും ആ കലണ്ടറുകള്‍ പ്രശോഭിച്ചു.

പിന്നീടെപ്പോഴോ കലണ്ടറുകള്‍ ചുവരില്‍ നിന്നും പതിയെപ്പതിയെ ഇല്ലാതാവാന്‍ തുടങ്ങി.  വീട്ടുചുവരുകളില്‍ ആണിയടിച്ച് കലണ്ടര്‍ തൂക്കുന്നത്‌  അഭംഗിയായി മാറി. വീടകങ്ങളിലേക്ക് ടെലിവിഷന്‍ കയറിവന്നു തുടങ്ങിയ കാലത്തു തന്നെയാണ് കലണ്ടറുകള്‍ പിന്മാറിതുടങ്ങിയതെന്ന് തോന്നുന്നു. ദേവീദേവന്മാരും പുണ്യസ്ഥലങ്ങളും പ്രകൃതി ഭംഗിയും ടെലിവിഷന്‍ ദൃശ്യങ്ങളായി മുന്നില്‍ വരികയും, താരങ്ങളും സിനിമയും വീട്ടിനുള്ളിലേക്ക് എത്തുകയും ചെയ്തു.

ഇന്ദിരാഗാന്ധിയോട് തോന്നിയ ആദരവും, ഇ എം എസി ന്‍റെ നിഷ്കളങ്കതയും, കൃഷ്ണപിള്ളയുടെ മുഖത്തെ നേരിയ ചിരിയില്‍ കണ്ട അടുപ്പവും, ബാഫഖി തങ്ങളുടെ ഗാംഭീര്യവും, സീ എച്ചിന്‍റെ മുഖത്തെ വാത്സല്യവും പിന്നീടൊരു നേതാക്കളിലും അനുഭവിക്കാന്‍ കഴിഞ്ഞതുമില്ല. ടെലിവിഷന്‍ കാണിച്ചു തന്ന പുതിയ കാലത്തെ നേതാക്കള്‍ ഉള്ളു പൊള്ളയായ തമാശകാഴ്ചകള്‍ മാത്രമായി.

ഉസ്മാനിക്ക കുറച്ചു കാലം പ്രവാസിയായും പിന്നെയും നാട്ടില്‍ തന്നെ പല ജോലികളായും കഴിഞ്ഞു. എവിടെയും കര പിടിക്കാതെ ഒടുവില്‍ ഭാര്യവീട്ടിന് അടുത്തെവിടെയോ വീടെടുത്ത് താമസിച്ച് അകാലത്തില്‍ മരണപ്പെട്ടു പോയി. അതിനു മുമ്പേ തന്നെ എന്‍റെ നാട്ടിലെ വീട്ടുച്ചുവരുകളില്‍ നിന്ന് വര്‍ണ്ണക്കലണ്ടറുകള്‍  പൂര്‍ണ്ണമായും അപ്രത്യക്ഷമായിരുന്നു.  

ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്  എത്രയോ  കടകള്‍ക്ക് മുന്നില്‍ ഒരു കലണ്ടര്‍ കിട്ടാനായി പോയി നിന്നിട്ടുണ്ട്. അപൂര്‍വ്വം ചില കടക്കാര്‍ മാത്രമേ ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് കലണ്ടര്‍ തരാറുള്ളൂ എങ്കിലും ,അത് കിട്ടുമ്പോഴുള്ള സന്തോഷം.  ഉള്ളിലെ ചിത്രം എന്താണ് എന്നറിയാനുള്ള ജിജ്ഞാസ, കലണ്ടറിന്‍റെ മണം, മിനുമിനുപ്പ് .........

കലണ്ടറുകള്‍ ഇപ്പോഴും മോഹിപ്പിക്കാറുണ്ട്. ഇന്നും  ചില കടകളിലെങ്കിലും  സാധനങ്ങള്‍ വാങ്ങിച്ചു കഴിഞ്ഞാല്‍  കവറുകളില്‍ കലണ്ടര്‍ തിരുകി വെക്കുന്ന പതിവുണ്ട്. ആ കലണ്ടറുകള്‍ കാണുമ്പോള്‍ പഴയ  കാലം ഓര്‍മ്മ വരും. പഴയ കൌതുകത്തോടെ കലണ്ടര്‍ നിവര്‍ത്തുന്നു. പഴയ ജിജ്ഞാസയോടെ ചിത്രം നോക്കിയും, മണം ആസ്വദിച്ചും........

ഓരോ കൊല്ലാവസാനങ്ങളിലും കലണ്ടറുകള്‍ മാറ്റുമ്പോള്‍ ആ ആള്‍ക്കൂട്ടവും അങ്ങാടിയും, മനസിന്‍റെ   ചുവരുകളില്‍  നിറം മങ്ങാത്ത ചിത്രങ്ങളായി ഓര്‍മ്മകളെ പിറകോട്ടു വലിക്കുന്നു.


ഉസ്മാനിക്ക തകരട്ടിന്നില്‍ നറുക്കിട്ട് കിലുക്കുന്ന ശബ്ദം ഇനി ഉണ്ടാവില്ലയെന്നും   മീന്‍ചാപ്പക്കടുത്ത് നിരത്തിവെച്ച  കേരള ആര്‍ട്ട് കലണ്ടേര്‍സിലെ ചിത്രങ്ങള്‍ ഇനി ഞങ്ങളെ മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയുമില്ല എന്നറിയാമെങ്കിലും ......... കാലത്തിന്‍റെ കൊഴിഞ്ഞു വീണ ഇതളുകള്‍ തേടിയൊരു തിരിച്ചുപോക്ക്..

Monday, December 9, 2013

അറുത്തുമാറ്റിയ കണ്ണികള്‍



മമ്മൂക്ക ഏറെ പ്രയാസപ്പെട്ടാണ് എന്‍റെ സ്കൂട്ടറിനു പിറകില്‍ ഇരുന്നത്. എണ്‍പത് വയസ്സ് കഴിഞ്ഞ  മമ്മൂക്ക ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍  ഓട്ടോ കിട്ടാതെ  അങ്ങാടിയിലെ കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്നു.  
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും  സങ്കോചത്തോടെ  മമ്മൂക്ക പറഞ്ഞു കൊണ്ടിരുന്നു.
“മാണ്ടായിനും.....നെനക്കൊരു ബുദ്ധിമുട്ടായി...ഞാനൊരു ഓട്ടോര്‍ക്ഷേലങ്ങ്‌ പോവ്വായിനും..”

വീട്ടില്‍ നിന്നും ഒരു ഇടവഴി നടന്നു പോയാല്‍ എത്തുന്ന ദൂരത്ത്‌ ഉള്ള ജുമുഅത്ത് പള്ളിയില്‍ പോകാതെ എന്തേ അങ്ങാടിയിലെ പള്ളിയില്‍ എന്ന ചോദ്യത്തിന് മമ്മൂക്ക പറഞ്ഞു.
“ ......നടക്കാനാവ്ന്നില്ല....കാല് വേദന,  പിന്നെ ഷുഗറും പ്രഷറും....പിന്നേം എന്തൊക്കോ സൂക്കേടും ......വെള്ളിയായ്ച്ച  പള്ളീപ്പോകാന്‍ വേണ്ടി മാത്രേ ഇപ്പൊ പുറത്ത് ഇറങ്ങാറുള്ളൂ... .”

അകന്ന ബന്ധു ആയ മമ്മൂക്ക തേങ്ങാ കച്ചവടക്കാരനായിരുന്നു. ഇടക്ക്  വീട്ടില്‍ വരും.നല്ല ഉയരവും ആരോഗ്യവുമുള്ള ശരീരം.

ചെറുപ്പം മുതല്‍ അറിഞ്ഞ കഥകളിലൂടെ മമ്മൂക്കയോട് ഒരു അടുപ്പം തോന്നിയിരുന്നില്ല. തറവാട്ടില്‍ അനുജനുമായും, പെങ്ങളുമായും, അമ്മാവനുമായുമൊക്കെ മമ്മൂക്ക വഴക്കും പ്രശ്നങ്ങളും  ഉണ്ടാക്കുന്ന  കഥകള്‍ ബന്ധുക്കള്‍ക്കൊക്കെ അറിയുന്നതായിരുന്നു. ഉറ്റ ബന്ധുക്കള്‍ പലരുമായും ‘മൂക്കോട് മൂക്ക് മുട്ടിയാല്‍’ മിണ്ടാത്ത പിണക്കം. വാശിയും പകയും.

ആങ്ങള  അന്യായമായി പിടിച്ചെടുത്ത അവകാശത്തെ ചൊല്ലി വിധവയായ പെങ്ങള്‍ ഉമ്മയോടൊരിക്കല്‍ കരഞ്ഞു പറയുന്നത് കേട്ടിട്ടുണ്ട്. ആവശ്യത്തിന് സാമ്പത്തിക ശേഷി ഉണ്ടായിട്ടും നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഒരു വിട്ടു വീഴ്ചയും ചെയ്യാതെ മമ്മൂക്ക ബന്ധുക്കളോടും അയല്‍വാസികളോടുമൊക്കെ നിരന്തരമായി കലഹിച്ചു കൊണ്ടിരുന്നു. അതിരുകള്‍ കിളച്ച് സ്വന്തമാക്കിയും വിവാഹങ്ങളും മരണവീടുകള്‍ പോലും  ബഹിഷ്കരിച്ചും മമ്മൂക്ക ധാര്‍ഷ്ട്യത്തോടെ നടന്നു.

കാലത്തിന്‍റെ ഒഴുക്കില്‍ ഉറ്റവര്‍ പലരും മരണത്തിന്‍റെ തിരശീലക്കപ്പുറത്തേക്ക് കടന്നു പോയി. പിന്‍മുറക്കാര്‍ ബന്ധുത്വത്തിന്‍റെ കണ്ണികള്‍ വിളക്കിയെടുക്കാന്‍ ഉത്സാഹിച്ചതുമില്ല. കര പിടിക്കാതെ പോയ മകനും, പിണങ്ങി അകന്നുപോയ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും  അനാഥമായിപ്പോയ മമ്മൂക്കയുടെ വാര്‍ദ്ധക്യജീവിതം.



വണ്ടി ഖബര്‍സ്ഥാനിലേക്ക് തിരിയുന്ന ഇടവഴി കടന്നു പോകുമ്പോള്‍ മമ്മൂക്ക ചോദിച്ചു.
“മോനേ ...ഉപ്പാന്‍റെ ഖബറിന്റടുത്തൊക്കെ പോകലുണ്ടോ......”
ഞാന്‍ മൂളി.

“പോണം ....എപ്പളും പോയി ഉപ്പാക്കും മാണ്ടി ദുആ ചെയ്യണം..... ചെറുപ്പത്തില്‍ കുടുംബം നോക്കാന്‍ ഉപ്പ ഒരുപാട് കഷ്ടപ്പെട്ടതാ ...മറന്നു പോകരുത് ഉപ്പാനെ......
മമ്മൂക്ക കൂട്ടിച്ചേര്‍ത്തു ......മരിക്കുന്നതിന് മുമ്പ് തന്നെ ആര്ക്കും മണ്ടാതായിപ്പോക്ന്ന കാലാ.........”
ഒറ്റപ്പെട്ടുപോയവന്‍റെ ആകുലതയും നിസ്സഹായതയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.  പഴയ വാശിയും വൈരാഗ്യവും എല്ലാം അടര്‍ന്നുപോയ  ദുര്‍ബലനും നിസ്സഹായനുമായ  മനുഷ്യന്‍.


മമ്മൂക്കയുടെ വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഇറങ്ങുമ്പോള്‍ ആ വൃദ്ധ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ആരെയും കൂസാതെ കൈ വീശി നടന്നുപോകുന്ന മമ്മൂക്കയുടെ പഴയ രൂപം ഞാനോര്‍ത്തു.

“ഇഞ്ഞ് കേറുന്നോ ചോറ് തിന്നിറ്റ് പോകാ...”
മമ്മൂക്കയുടെ ക്ഷണം  സ്നേഹപൂര്‍വ്വം നിരസിച്ചു.

“ഉമ്മാന്‍റെ ഹാലെന്താ....സുഖം തന്നെയല്ലേ...........ഒന്നങ്ങോട്ടു വന്ന് ഉമ്മാനെ കാണണംന്നൊക്കെ എപ്പളും വിചാരിക്കും....കുടുംബക്കാരേം സ്വന്തക്കാരേം ഒക്കെ പോയി കാണണം എന്ന് തോന്നും ഇടക്കൊക്കെ...........എങ്ങോട്ടും പോവാനാവ്ന്നില്ല.....ഇനി എത്ര നാളാന്ന് അറിയൂലാലോ.” ദുര്‍ബലമായ ശബ്ദത്തില്‍ ഇങ്ങനെ പറയുമ്പോള്‍ മമ്മൂക്കയുടെ നരച്ച കണ്ണുകള്‍ നനഞ്ഞുവോ?

ആള്‍പെരുമാറ്റം ഇല്ലാത്ത മുറ്റം കടന്ന്  ഒച്ചയും അനക്കവും ഇല്ലാത്ത ആ പഴയ വീട്ടിലേക്ക് മമ്മൂക്ക കയറിപ്പോയി.

തിരിച്ചു പോരുമ്പോള്‍ മനുഷ്യന്‍ എന്ന നിസ്സാരനും നിസ്സഹായനുമായ ജീവിയെ കുറിച്ച് ഞാന്‍ വെറുതെ ഓര്‍ത്തു. വാശിയും, വൈരാഗ്യവും,വെറുപ്പും, പകയും.......... അതി സമര്‍ത്ഥന്‍ എന്ന് നാം സ്വയം കരുതുമ്പോഴും  ഒരു ജന്മം കൊണ്ട് പോലും പഠിച്ചു തീരാത്ത ജീവിതം........ മനുഷ്യന്‍ എത്ര പാവമാണ്.

 


Wednesday, December 4, 2013

നസീറിന്‍റെ ജീവിതം പ്രവാസികളോട് പറയുന്നത്.



മീശ കറുക്കുമ്പോഴേക്കും പാസ്പോര്‍ട്ട് എടുത്ത് എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് കടന്നവരാണ് മലബാറിലെ മാപ്പിളമാരായ ആണ്‍കുട്ടികളില്‍ ഭൂരിപക്ഷവും എഴുപതുകളുടെ അവസാനം മുതല്‍ ‘പേര്‍ഷ്യ’യിലേക്കുള്ള ‘എന്നോസി’ ക്ക് പരക്കം പാഞ്ഞവര്‍. പല കാരണങ്ങള്‍ കൊണ്ട് പഠിത്തം നിര്‍ത്തിയവരും, പഠിക്കാന്‍ താല്പര്യം ഇല്ലാഞ്ഞവരും മാത്രമല്ല അത്യാവശ്യം നന്നായി പഠിക്കുന്നവരും ഗള്‍ഫിലേക്ക് ഒഴുകിയ കാലം.

ഊറ്റുവലയില്‍ കുടുങ്ങിയ മീനുകളെ പോലെ ഒരുപാട് ചെറുപ്പക്കാര്‍ പൂവും കായും തിരിയുന്നതിന് മുമ്പ് മരുഭൂമിയിലേക്ക് കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. അക്കരെ പോകാന്‍ മടിച്ച് തെക്കും വടക്കും നടന്ന ചെറുപ്പക്കാരെ ബന്ധുക്കളും നാട്ടുകാരുമൊക്കെ എങ്ങനെയെങ്കിലും ഉത്സാഹിച്ച് പറഞ്ഞയച്ചു നെടുവീര്‍പ്പിട്ടിട്ടുമുണ്ട്.(എം എ റഹ്മാന്റെ പഴയ കഥയിലെ ജനാബ് പള്ളിക്കുഞ്ഞിയെ പോലെ).

മുന്‍ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഗള്‍ഫിലേക്ക് പറക്കുന്നത്. എന്നാല്‍ നിതാഖാത് അടക്കമുള്ള തിരിച്ചുപോക്കിനുള്ള മണി മുഴങ്ങുമ്പോള്‍ പതിറ്റാണ്ടുകള്‍ ഗള്‍ഫ് പ്രവാസിയായി കഴിഞ്ഞ തലമുറയാണ് ഏറെ  വേവലാതിപ്പെടുന്നത്. ജനിച്ചു വളര്‍ന്ന നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെ ചൊല്ലി! ഇതില്‍ ആവശ്യത്തിനു സമ്പാദിച്ചവരും, ഒന്നും നീക്കിയിരിപ്പില്ലാത്തവരും, കടക്കാരും എല്ലാം പെടും. നാട് വിട്ടുള്ള ജീവിതത്തിന്‍റെ മടുപ്പും വേദനയും പറഞ്ഞവര്‍ തന്നെ തിരിച്ചു വരവിനേയും പേടിക്കുന്നു. ഇത്രയും കാലം വീട്ടിലും നാട്ടിലും  ലഭിച്ച അംഗീകാരത്തിനു പകരം അവഗണിക്കപ്പെടുമോ എന്ന വേവലാതിയും ഗള്‍ഫ് പ്രവാസി തിരിച്ചുപോക്കിനെ ഭയപ്പെടുന്നതിനു ഒരു പ്രധാന കാരണമല്ലേ.  

നാട്ടിലേക്കുള്ള തിരിച്ചു പോക്കിനെ പേടിയോടെ കാണുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് ഇല്ലാതെയും വീട്ടിനും നാട്ടിനും പ്രിയപ്പെട്ടവനായി എങ്ങനെ ജീവിക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച എന്‍റെ ഒരു സുഹൃത്തിനെ  പരിചയപ്പെടുത്താം.
ഗള്‍ഫില്‍ പോകാനുള്ള എല്ലാ ന്യായവും, പ്രലോഭനവും, സമ്മര്‍ദ്ദവും അവസരവും ഉണ്ടായിട്ടും അതില്‍ താല്‍പര്യം കാട്ടാതെ നാട്ടില്‍ തന്നെ പിടിച്ചു നില്‍ക്കുകയും, ഇന്ന്  ബന്ധുക്കള്‍ക്കും  നാട്ടുകാര്‍ക്കും ഏറെ വേണ്ടപ്പെട്ടവന്‍  മാത്രമല്ല  പ്രദേശത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരാളായി മാറുകയും ചെയ്ത  എന്‍റെ ബന്ധുവും, സഹപാഠിയും, സമപ്രായക്കാരനുമായ നസീറിനെ.

നസീറിനെ  ചെറുപ്പം മുതല്‍ എനിക്ക് അടുത്തറിയാം. മദ്രസയില്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണ്. സ്കൂള്‍ വിദ്യാഭ്യാസം നസീര്‍ ആറാം ക്ലാസ്സില്‍ അവസാനിപ്പിച്ചു. പിന്നീട് ബാപ്പയുടെ ചെറിയൊരു കടയില്‍ സഹായിയായി അഞ്ചാറ്  വര്‍ഷം. ഞാനടക്കം എന്‍റെ നാട്ടിലും ചുറ്റുവട്ടത്തും ഉള്ള  സമപ്രായക്കാരൊക്കെ ഞങ്ങളുടെ മുന്‍ഗാമികളെ പോലെ ഗള്‍ഫിലേക്ക് ജീവിതം തേടിപ്പോയിട്ടും നസീര്‍ മാത്രം ഗള്‍ഫില്‍ പോകാന്‍ താല്‍പര്യം കാട്ടിയില്ല.

 ഉപ്പയുടെ പീടിക ഒഴിവായ ശേഷം ഇലക്ട്രോണിക്സില്‍ കമ്പം കയറി. റേഡിയോ,ടേപ്പ് റിക്കാര്‍ഡര്‍, ടോര്‍ച്ച്, മിക്സി  തുടങ്ങിയ സാധനങ്ങള്‍ വീട്ടിലിരുന്ന് റിപ്പയര്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തം യുക്തി ഉപയോഗിച്ചും, മലയാളത്തിലുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചും ഈ രംഗത്ത്‌ മുന്നേറി. ആര്‍ക്കും പിടുത്തം കിട്ടാത്ത ചില ഫോറിന്‍ ഇലക്ട്രോണിക് സാധനങ്ങള്‍ പോലും തകരാറ് വന്നാല്‍ നസീറിനെ കാണിച്ചാല്‍ ശരിയാകും എന്ന അവസ്ഥയായി. ഇതോടൊപ്പം സൈക്കിള്‍ റിപ്പയര്‍ തുടങ്ങിയ ചില ഏര്‍പ്പാടുകളും.

അടുത്ത പടിയായി ഇലക്ട്രിക് ജോലികള്‍ പ്ലംബിംഗ് തുടങ്ങി ആശാരിപ്പണിയും , സിമന്‍റ് തേപ്പുമടക്കം സ്വായത്തമാക്കി. പ്രത്യേകിച്ച് ഒരു ഗുരുവില്ലാതെ സ്വന്തം ഉത്സാഹത്തില്‍ ചെയ്തു പഠിച്ച ഇത്തരം ജോലികള്‍ വളരെ യുക്തിയോടെയും വെടിപ്പായും  വൈഭവത്തോടെ ചെയ്തു. അതുകൊണ്ട് തന്നെ തിരക്കൊഴിഞ്ഞ നേരമില്ലാതായി  എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി പെയിന്‍റിംഗ് ആണ് സ്ഥിരം ജോലി.ഒപ്പം ജിപ്സം ഡിക്കോര്‍ ജോലി മുതല്‍ ഒരു വീടിനു വേണ്ട ഒരുമാതിരി അറ്റകുറ്റപ്പണികള്‍ ഒക്കെ ചെയ്യും. നസീറിനു കീഴില്‍ ബന്ധുക്കളും നാട്ടുകാരുമായ  എട്ടു പേരുണ്ട് കൂടെ..

ഏതു സാമ്പത്തിക മാന്ദ്യത്തിലും നസീറിനും കൂട്ടുകാര്‍ക്കും ജോലിയുണ്ട്. മാത്രമല്ല ഒന്നും രണ്ടും മാസം മുമ്പ് ബുക്ക് ചെയ്ത വര്‍ക്കുകള്‍ പോലും ഉദ്ദേശിച്ച സമയത്ത്  തീര്‍ത്തു കൊടുക്കാന്‍ പറ്റുന്നില്ല  എന്ന ഖേദമേ ഉള്ളൂ. ഇത് ജോലിയിലുള്ള മികവു കൊണ്ട് മാത്രമല്ല. ഉത്തരവാദിത്തവും, വിശ്വസ്തതയും ഈ വളര്‍ച്ചയുടെ പിന്നിലെ പ്രധാന ഘടകമാണ്.


രാവിലെ ഏഴു മണി മുതല്‍ മൂന്നുമണി വരെയാണ്  ജോലി സമയം. വെള്ളിയാഴ്ച ഒഴിവ്. എന്നാല്‍ ഒഴിവു ദിവസവും ജോലി കഴിഞ്ഞശേഷവും ഒക്കെ നസീറിനു തിരക്കാണ്. ഏതെങ്കിലും വീട്ടില്‍ കറന്റില്ലാത്തതു നോക്കാന്‍,  പൊട്ടിയ പൈപ്പ് ശരിയാക്കാന്‍, ടൈല്‍സ് ഒട്ടിക്കാന്‍.....അങ്ങനെയങ്ങനെ എല്ലായിടത്തും ഓടിയെത്തണം.  ഇതിനു പുറമേ മഹല്ല് കമ്മറ്റി ജോയിന്‍റ് സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍. വിവാഹം,മരണം...... ഇങ്ങനെ തിരക്കോട് തിരക്ക്. ഇതിനു പുറമേ വീട്ടില്‍ വെച്ച് വിന്‍ഡോ കര്‍ട്ടന്‍ തയ്ക്കുന്ന ജോലിയുമായി പൂര്‍ണ്ണ പിന്തുണയോടെ പ്രിയതമയും ഉണ്ട്.

ബന്ധുക്കള്‍ പലരും നിര്‍ബന്ധിച്ചിട്ടും ഗള്‍ഫ് ജീവിതം വേണ്ടെന്നു  വെക്കുകയും തന്‍റെ ഉള്ളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു നീങ്ങുകയും ചെയ്യുക എന്നത് അന്നത്തെ സാഹചര്യത്തില്‍ അത്ര എളുപ്പമായിരുന്നില്ല. ഗള്‍ഫില്‍ പോയി പത്തു പൈസ ഉണ്ടാക്കുന്നതിനു പകരം റേഡിയോവും, ടോര്‍ച്ചും, സൈക്കിളും  നന്നാക്കി ജീവിതം പാഴാക്കിക്കളയുന്ന പോഴത്തക്കാരനെ  എങ്ങനെയാണ് അംഗീകരിക്കാന്‍  കഴിയുക.

കൂട്ടുകാരും കുടുംബക്കാരുമൊക്കെ വലിയ വലിയ പെട്ടികളുമായി വന്നിറങ്ങുകയും ബ്രൂട്ട് സ്പ്രേയും അടിച്ച് ‘കൈഫ ഹാലക്ക്’ എന്ന് പരസ്പരം ലോഗ്യം പറഞ്ഞു ചിരിക്കുകയും ചെയ്യുമ്പോള്‍ ഒരുത്തന്‍ മാത്രം ‘ഫുട്ട് വാള്‍വിന്‍റെ ലീക്ക് ശരിയാക്കിയും പുയ്യാപ്ലയുടെ അറയില്‍ ഹീറ്റര്‍  വെക്കാന്‍ ലൈന്‍ വലിച്ചും നാട്ടില്‍ തന്നെ കഴിയുക.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാനടക്കമുള്ള ആ കൂട്ടുകാരൊക്കെയും ഇപ്പോഴും പിരിവിനുള്ള റസീറ്റ് ബുക്കുകളിലെ പേരുകള്‍ മാത്രമാവുമ്പോഴും നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടപ്പെട്ടവനായി നസീര്‍ നാട്ടിലുണ്ട്. ഉപ്പയെയും,ഉമ്മയും നിത്യവും കണ്ട് ഭാര്യോടും മക്കളോടും ഇപ്പോള്‍ പേരക്കുട്ടിയോടുമൊപ്പം സസുഖം. നിതാഖാതിന്റെ വേവലാതിയോ, ഇഖാമ,എയര്‍ ടിക്കറ്റ്, ചെക്കിംഗ് തുടങ്ങിയ തൊന്തരവുകളോ  ചിന്തിച്ച് ടെന്‍ഷന്‍ അടിക്കേണ്ടതില്ലാതെ. 

ഒരുപാട് പറമ്പുകളും,മുന്തിയ കാറും ,കാറിന്‍റെ ഡാഷ് ബോര്‍ഡ് നിറയെ പ്രഷറിന്‍റെ  ഗുളികകകളും ഒന്നുമില്ലെങ്കിലും നസീര്‍ സംതൃപ്തനാണ്. ജോലി ഒരു സേവനം കൂടിയായി മാറുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി.
തൊഴില്‍ രംഗത്തും കച്ചവട മേഖലയിലും ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്ത  മലയാളികളെ സംബന്ധിച്ചെടുത്തോളം അവിടെ ലഭിച്ച അനുഭവജ്ഞാനവും സാങ്കേതികമായ അറിവുകളും ഉപയോഗിച്ചാല്‍, ഒരുപാട് സാധ്യതകള്‍ നാട്ടില്‍ കാത്തിരിക്കുന്നുണ്ട്. ഒറ്റക്കോ സംയുക്തമായോ ചെയ്യാനാവുന്നത്. ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ചകള്‍ക്ക് പകരം. ആരെയും ബോധ്യപ്പെടുത്താനല്ലാത്ത ആഹ്ലാദവും സംതൃപ്തിയും നിറഞ്ഞൊരു ജീവിതം.

ഇങ്ങനെ ഒരുപാട് നസീറുമാര്‍ നമ്മുടെ ചുറ്റും ഉണ്ട്. ജനിച്ചു വളര്‍ന്ന ചുറ്റുപാടില്‍ തന്നെ അന്നത്തിനുള്ള വക കണ്ടെത്തുകയും. അതിലൂടെ വീട്ടിനും നാട്ടിനും വേണ്ടപ്പെട്ടവരായി മാറുകയും ചെയ്തവര്‍. പലപ്പോഴും നാം കാണാതെ പോകുന്ന സാര്‍ത്ഥകമായ ചില ജീവിതങ്ങള്‍.

നാട്ടിലേക്ക് തിരിച്ചു പോയാല്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് ആശങ്കപ്പെടുന്ന പ്രവാസികള്‍ക്ക് അനുഭവ പാഠമായി ഇങ്ങനെ ചില ചീവിതങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 16.01.2014 ല്‍ പ്രസിദ്ധീകരിച്ചത്.