ബസ്സിന്റെ താഴ്ത്തിയിട്ട വിൻഡോ ഷട്ടറുകൾക്ക് മേൽ അടക്കാനാവാത്ത നിലവിളി പോലെ മഴ പെയ്തു കൊണ്ടിരുന്നു.
"ഇങ്ങക്ക്‌പ്പൊ അവ്ടെ നല്ല പൊള്ളുന്ന ചൂടായിരിക്കും....ല്ലേ"
പെരുമഴയെ മുറിച്ചു കൊണ്ട് ബസ്സോടിക്കുമ്പോൾ ഡ്രൈവർ ചോദിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയത് കൊണ്ടാവണം അയാൾ നല്ല ഉത്സാഹത്തിൽ ആയിരുന്നു. വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള നിരത്തിൽ ചില്ലിലൂടെ മുന്നോട്ടുള്ള കാഴ്ചകൾ മഴ കൊണ്ട് കലങ്ങിപ്പോയിരുന്നു.
"മിനിഞ്ഞാന്ന് ഞാൻ നാട്ടിലേക്ക് പോരുന്ന ദിവസം അയ്മ്പത് ഡിഗ്രിക്കൊക്കെ മോളിലാണ്"
ഞാൻ പറഞ്ഞു.
"ഞാനുണ്ടായിരുന്നു ഖത്തറില്....രണ്ടു കൊല്ലം.... അതോടെ ഗൾഫ്ന്റെ പൂതി മടുത്തു.....ഇവിടെ ആകുമ്പോ വരുമാനം ഇച്ചിരി കുറഞ്ഞാലും ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം... രാത്രി അവനവന്റെ വീട്ടിൽ കെട്ട്യോളേം പിള്ളറേം കെട്ടിപ്പിടിച്ച് ഒറങ്ങാം ...പിന്നെ മ്മളെ നാടിന്റെ ഈ സുഗോന്നും ഗൾഫിൽ കിട്ടൂലപ്പാ".
ഗിയർ മാറ്റുന്നതിനിടെ അയാൾ ചിരിച്ചു.
ഉച്ച തിരിഞ്ഞ നേരം അയതുകൊണ്ടാവാം ബസ്സിലും തിരക്ക് കുറവായിരുന്നു. ആളൊഴിഞ്ഞ സീറ്റുകളിൽ ഏതാനും അന്യസംസ്ഥാന തൊഴിലാളികൾ മാത്രമേ കാര്യമായി ഉണ്ടായിരുന്നുള്ളൂ.
അപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമെത്തി.
'അതാ ആ കാണ്‌ന്ന പൂട്ടിയിട്ട പീടിയന്റെ ചേതിക്കല് നിന്നാമതി. ഈ മഴയത്ത് അങ്ങോട്ട് ജീപ്പ് കിട്ടാൻ വല്യ പാടാ..... ബൈക്കിൽ പോകുന്ന പിള്ളര്ണ്ടാവും... ഓലോട് പറഞ്ഞാൽ എറക്കിത്തരും...അല്ലെങ്കില് തിരിച്ചുപോകാൻ വൈകും.'
ബസ്സ് പെരുമഴയിലേക്ക് അലിഞ്ഞു പോയി. കുടയുണ്ടായിട്ടും മുന്നോട്ട് നടക്കുമ്പോൾ ശരിക്കും നനഞ്ഞു. ഇടിഞ്ഞു പൊളിഞ്ഞ പഴയ പീടികയുടെ ഇറയത്ത് കയറി നിൽക്കുമ്പോഴേക്കും മഴ പിന്നെയും ഇരുടടച്ച് ആഞ്ഞുപെയ്യാൻ തുടങ്ങി. ആ പ്രദേശത്തൊന്നും ഒരു വീടോ ആളുകളോ ഉണ്ടായിരുന്നില്ല. നിർത്താതെ പെയ്യുന്ന മഴയുടെയും ഇടക്ക് വീശിയടിക്കുന്ന കാറ്റിന്റെയും നിരത്തിലൂടെ കലങ്ങിക്കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിന്റെയും ഒച്ച മാത്രം.
ഒരുപാട് നേരം നിന്നിട്ടും വാഹനം പോയിട്ട് ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല. അപരിചിതമായ ഈ സ്ഥലത്ത് ഈ മഴയത്ത് എത്ര നേരമാണ് ഇങ്ങനെ നിൽക്കേണ്ടി വരിക.... വരേണ്ടായിരുന്നു......
നാട്ടിലേക്ക് പോകുന്ന വിവരം പറയാനും പറ്റ് തീർക്കാനും ഫ്‌ളാറ്റിന് ചുവട്ടിലെ സുരേന്ദ്രന്റെ ഗ്രോസറിയിലേക്ക് പോയതായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തെങ്കിലും കൊണ്ടു പോകാനുണ്ടോ എന്ന് വെറുതെ ഒരു ലോഗ്യത്തിന് ചോദിച്ചതാണ്.
"ഇങ്ങക്കൊരു കുപ്പി അത്തറ് കൊണ്ടോവാൻ പറ്റ്വോ....എന്റെ അല്ല......
മെസ്സില് പണിയെടുക്കുന്ന ഒരാളുടെതാ...മരിക്കാൻ കെടക്ക്ന്ന അയാളുടെ ഉമ്മാക്കാ..ഇങ്ങള് കൊണ്ടോവെങ്കിൽ അയാളുടെ വീട്ട്ന്ന് ആരെങ്കിലും വന്ന് വാങ്ങിക്കോളും"
ചേതമില്ലാത്ത ഒരു ഉപകാരമാണല്ലോ. എതിര് പറഞ്ഞില്ല.
"പാവം അഞ്ചാറ് കൊല്ലായി ഇഖാമയും പാസ്‌പോർട്ടും ഒന്നും ഇല്ലാത്തത് കൊണ്ട് മെസ്സിൽ പണി എടുക്ക്വാ....ഇത് എന്നെ ഏല്പിച്ചിട്ട് കൊറേ ദിവസായി.... കൊടുത്തയക്കാൻ പറ്റിയ ആരെയും കിട്ടീല്ല....."
സുരേന്ദ്രൻ ആളെ വിളിച്ചു വരുത്തി. നരച്ച കുറ്റിത്താടിയും മുഷിഞ്ഞ വസ്ത്രവും, അയാൾ
കയറി വന്നപ്പോൾ കടയിൽ എണ്ണയുടെയും മസാലയുടെയും വാട പരന്നു.
എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
"ബുദ്ധിമുട്ട് തോന്നരുത്.....സുരേന്ദ്രൻ പറഞ്ഞിറ്റുണ്ടാവല്ലോ...മോൻ വന്ന് വാങ്ങിക്കോളും. ഞാൻ ഓന്റെ പേരും നമ്പറും ഇതുമ്മല് എഴുതാം"
അയാൾ അത്തറ് പെട്ടി തുറന്നു കാണിച്ചശേഷം ഭദ്രമായി അടച്ച് പേപ്പർടേപ്പ് ചുറ്റി അതിനു മേൽ മകന്റെ പേരും മൊബൈൽ നമ്പറും വീട്ടഡ്രസ്സും എഴുതി എന്നെ ഏല്പിച്ചു. കടയിൽ നിന്ന് ഞങ്ങൾ ഒന്നിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്.
"ഈ അവസ്ഥയിൽ ഉമ്മാക്ക് എന്തിനാണ് അത്തർ എന്ന് തോന്നുന്നുണ്ടാകും..... മുപ്പത്തഞ്ച് കൊല്ലം
മുമ്പ് ഞാൻ ഇവിടന്ന് ആദ്യായിട്ട് നാട്ടിൽ പോകുമ്പോ ഉപ്പാക്ക് കൊണ്ടുക്കൊടുത്തത് ഇതേ അത്തറായിരുന്നു"
അയാൾ മനസ്സിനെ ഓർമ്മയിൽ എങ്ങോ അലയാൻ വിട്ടതുപോലെ നിർത്തി.
"ഉപ്പാക്ക് ഇതിന്റെ മണം വല്ലാതെ ഇഷ്ടായിരുന്നു.....അത് കൊണ്ട് ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോഴും ഈ അത്തറ് കൊണ്ടുപോവാൻ മറക്കൂല"
"എട്ടു കൊല്ലം മുമ്പാണ് ഉപ്പ മരിക്കുന്നത്. ഞാൻ നാട്ടിൽ പോയി തിരിച്ചു വന്ന് രണ്ടു മാസം പോലും ആയിരുന്നില്ല. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഇറങ്ങുമ്പോൾ പെട്ടെന്ന് വന്ന നെഞ്ചുവേദന..... ഉപ്പ പള്ളിയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ പുരട്ടിക്കൊടുത്ത അത്തറിന്റെ മണമായിരുന്നു മരിച്ചിട്ടും ഉപ്പാന്റെ മേലിനെന്ന് ഉമ്മ പറയും"
"എനിക്കന്ന് പോകാനും ഉപ്പാന്റെ മയ്യത്ത് കാണാനും പറ്റിയില്ല.....ഉപ്പ മരിച്ച ശേഷമാണ് ഉമ്മ ശരിക്കും തളർന്നു പോയത്.. പിന്നെ അത് ഓരോ സൂക്കേടായി......ഉപ്പയും ഉമ്മയും അങ്ങനെ കഴിഞ്ഞതാണേ....ഒരു ദിവസം പോലും അവര് പിരിഞ്ഞു നിന്നിട്ടുണ്ടാവൂല"
ഉള്ളിൽ തിങ്ങി നിൽക്കുന്ന എന്തൊക്കെയോ കെട്ടഴിച്ചു വിടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.
"ഉപ്പ മരിച്ചശേഷവും ആ അത്തറ് കുപ്പികൾ ഉമ്മാന്റെ അലമാരയിൽ ഉണ്ടായിരുന്നു."
"തീരെ കിടപ്പിലായിട്ട് ഇപ്പൊ മൂന്ന് മാസത്തോളം ആയി. ബോധം ഇല്ലാന്ന് തന്നെ പറയാം. ആരെയും തിരിച്ചറിയാനൊന്നും പറ്റുന്നില്ല. കിടന്ന കിടപ്പിൽ മേലൊക്കെ പൊട്ടാനും പഴുക്കാനും തുടങ്ങിയപ്പോൾ കുളിപ്പിച്ചു കഴിഞ്ഞാൽ ഉപ്പാന്റെ അത്തറ് പുരട്ടിക്കൊടുക്കുമായിരുന്നു...ആ മണം അറിയുമ്പോ ആയിരിക്കും...ബോധക്കേടിലും
ഉമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി....ഉപ്പാനെ ചോദിച്ചും ഞാൻ വന്നോ എന്നന്ന്വേഷിച്ചും.....കുറച്ചു ദിവസമായി അത്തറ് മുഴുവൻ
തീർന്നിട്ട് .... അതിന് ശേഷം ഉമ്മ ഒന്നും സംസാരിച്ചിട്ടില്ല"
അയാൾ കുറേനേരം നിശബ്ദനായി.
"ഇങ്ങള് നാട്ടിലെത്തി തെരക്കൊക്കെ കഴിഞ്ഞിട്ട് ഇതിൽ എഴുതിയ നമ്പറിൽ
ഒന്ന് വിളിച്ചുപറഞ്ഞാൽ മതി..... മോൻ വന്ന് വാങ്ങിക്കോളും.."
"നിങ്ങള് നാട്ടിലേക്ക് പോകാനുള്ള വഴിയൊന്നും നോക്കുന്നില്ലേ.....എത്രകാലാണ് ഇങ്ങനെ"
"നോക്കാണ്ടല്ല.... പാസ്പോർട്ട് പോലും ഇല്ലാലോ....പൊതുമാപ്പ് വന്നാൽ പോകാൻ പറ്റും... ഓരോ കൊല്ലവും പൊതുമാപ്പ് ഉണ്ടാവും ഉണ്ടാവുംന്ന് പറയുന്നത് കേക്കാന്നല്ലാതെ... ഇപ്പൊ അഞ്ചാറ് കൊല്ലായില്ലേ ഇവിടെ പൊതുമാപ്പില്ലാതെ...സ്പോൺസർ ഇന്റെ പേരിൽ എന്തെങ്കിലും കേസ് കൊടുത്ത് ഇട്ടിട്ടുണ്ടൊന്നും അറിയില്ല.....അതോണ്ടാ പിടിത്തം കൊടുക്കാനും പേടി...."
"വീട്ടിൽ ആരൊക്കെയാണ്...."
"ഉമ്മ ന്റെകൂടെയാ... ഞാൻ മൂത്ത മോൻ ആയത് കൊണ്ട് മാത്രല്ല....ഓള് ഉമ്മാനെ നല്ലോണം നോക്കും. നാല് മക്കളാണ് ..... മൂന്ന് പെണ്ണും ഇളയത് ഒരാണും...ഓൻ പഠിക്കുന്നെ ഉള്ളൂ...മൂന്നു കൊല്ലം മുമ്പാ ഇളയ മോളുടെ കല്യാണം കഴിഞ്ഞത്... കൂടാൻ പറ്റിയിട്ടില്ല.....ഇപ്പൊ ഓളുടെ കുഞ്ഞന് ഒന്നര വയസ്സ് കഴിഞ്ഞ്.... പുതിയാപ്പിളനേം പേരക്കുട്ടിനേം ഒന്നും കണ്ടിട്ടില്ല"
അയാൾ ചിരിച്ചു.
പിരിയുമ്പോൾ കൈകൾ ഒന്നുകൂടി മുറുക്കിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇനിക്കിപ്പം എന്ത് സമാദാനംണ്ട്ന്നോ....ഈ അത്തറിന്റെ മണത്തിലൂടെ ഉമ്മാക്ക് ഓർമ്മകളിലൂടെ പിടിച്ചു പിടിച്ചു കേറിപ്പോരാൻ പറ്റുംന്ന് ഞാൻ ആശിക്യാ...."
നാട്ടിൽ എത്തിയത് മുതൽ ആ നമ്പറിലേക്ക് പലവട്ടം വിളിച്ചുവെങ്കിലും പരിധിക്ക് പുറത്ത് എന്നല്ലാതെ......
നടുവകത്തെ മേശപ്പുറത്ത് ആ പൊതി മരണം കാത്തുകിടക്കുന്ന ഒരാളെപ്പോലെ ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ഇന്നലെ പാതിരാത്രിയിൽ പുറത്തെ പെരുമഴയുടെ താളത്തിൽ പെയ്തൊഴിഞ്ഞ തളർച്ചയിൽ നെഞ്ചോട് പറ്റിക്കിടക്കുമ്പോൾ അവൾ ചോദിച്ചു
"ഇത്രേം കൊല്ലമൊക്കെ വിട്ടുനിക്ക്വാന്ന് വെച്ചാൽ.....അതും എപ്പോ പോകാൻ പറ്റുംന്ന് പോലും ഒരു ഊഹമില്ലാതെ....വല്ലാത്തൊരു ജീവിതാണ് ല്ലേ"
"ഉം..." ഞാൻ മൂളി.
"...ആർക്കെങ്കിലും എന്തെങ്കിലും പറ്റിപ്പോയാൽ അവസാനായിട്ടു ഒന്ന് വന്ന് കാണാൻ പോലും പറ്റാതെ...."
മോൾ ഉറക്കത്തിൽ ഒന്നുകൂടി ചുറ്റിപ്പിടിച്ചു. ജാലകത്തിലൂടെ നിലാവെളിച്ചതിന്റെ ഒരു ചീന്ത് ഉറങ്ങുന്ന മോന്റെ മുഖത്ത് തിളങ്ങി നിന്നു.
"ഈ അത്തറ് കൊണ്ടുപോവാൻ ആള് ഇതുവരെ വന്നില്ലാലോ മോനെ....."
രാവിലെ ചായ കുടിക്കാൻ ഇരിക്കുമ്പോഴാണ് ഉമ്മ ചോദിച്ചത്.
"ഇനി ഓലിക്ക് എന്തെങ്കിലും അധികായിട്ടുണ്ടാവോ.."
ഉമ്മാന്റെ ശബ്ദത്തിൽ ആശങ്കയും സങ്കടവും ഉണ്ടായിരുന്നു.
"ഞാൻ രാവിലെയും വിളിച്ചു നോക്കിയതാണുമ്മാ....ആ നമ്പർ എപ്പോളും പരിധിക്ക് പുറത്താ.... ഏതോ റേഞ്ച് ഇല്ലാത്ത സ്ഥലം ആണ്ന്ന് തോന്നുന്നു."
"പാവം...ആ ഉമ്മാന്റെ സ്ഥിതി എന്തായിരിക്കും......ഈ അത്തറ് കിട്ടീന്നെങ്കിലും അറിഞ്ഞാല് ആ മോന് കൊറച്ചെങ്കിലും സമാദാനം ആയേനെ....വല്ലാത്ത വിധി"
ഇനിയും കാത്തു നിക്കാതെ അഡ്രസ്സ് തേടിപ്പിടിച്ച് ഇന്ന് തന്നെ അങ്ങോട്ട് കൊണ്ടുപോയി കൊടുത്താലോ എന്ന് അപ്പോഴാണ് ആലോചിച്ചത്.
"അതായിരിക്കും നല്ലത്.....ഈ പൊതി ഇവിടെ ഇങ്ങനെ കാണുംതോറും ന്റെ മനസ്സിൽ ആ മരിക്കാൻ കെടക്കുന്ന ഉമ്മയും ആ മോനും തന്നെയാ"
ഉമ്മ ഒരു നെടുവീർപ്പ് പോലെ പറഞ്ഞു.
മക്കൾ സ്‌കൂൾ വിട്ട് വരുമ്പോഴേക്ക് തിരിച്ചെത്താം എന്ന കണക്കുകൂട്ടലിലാണ് പുറപ്പെട്ടത്. ഈ പെരുമഴയിലേക്ക് നോക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാട് കഴിഞ്ഞിരിക്കുന്നു. വീട്ടിലേക്കൊന്നു വിളിച്ചു നോക്കാമെന്ന് വെച്ചാൽ മൊബൈലിന് റേഞ്ചുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ നല്ല വെയിലായിരുന്നു. ഉമ്മ നിർബന്ധിച്ചിട്ടാണ് കുട എടുത്തത് തന്നെ.
ഇടക്കൊന്ന് നേർത്തും പിന്നെയും കനത്തും മഴ പെയ്തു കൊണ്ടിരുന്നു. ഒരു പരിചയവും ഇല്ലാത്ത പ്രദേശത്ത് പെരുമഴയിൽ ഒറ്റപ്പെട്ടിങ്ങനെ......
ഉള്ളിൽ വല്ലാത്തൊരു പേടിയോ
സങ്കടമോ നിറയാൻ തുടങ്ങി.
ഏറെ നേരം ഒരേ പെയ്ത്തിന് ശേഷം സങ്കടക്കരച്ചിൽ പോലെ മഴ മെല്ലെ മെല്ലെ നേർത്തു വന്നു. വന്ന ബസ്സ് ഇതുവരെ തിരിച്ചു പോയത് കണ്ടില്ല. ഇനി അത് വേറെ വഴിക്കാകുമോ. അതല്ലെങ്കിൽ പെരുമഴയിൽ ട്രിപ്പ് തന്നെ ഒഴിവാക്കി......
ഏതാനും ബൈക്കുകൾ കൈകാണിച്ചിട്ടും നിർത്താതെ കടന്നു പോയി. ഇത്ര നേരവും മഴയിൽ എവിടെയോ കയറി നിന്നതാവണം. കൂടണയാനുള്ള ധൃതി. ഇപ്പോൾ ഇരുട്ടാവുമല്ലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരു ബൈക്കിന്റെ വെളിച്ചം. അല്പം മുന്നോട്ട് പോയി നിർത്തിയ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഹെൽമറ്റും മഴക്കോട്ടും ഇട്ട ഒരു ചെറുപ്പക്കാരൻ.
"ഊട്ടേരിമുക്കിലേക്ക് ആണെങ്കിൽ...കുറേ നേരായി മഴയത്ത് ഇവിടെ..."
"കേറിക്കോളീ... ഞാൻ അത് വഴിയാണ്. അങ്ങാടിയിൽ ഇറക്കിത്തരാം"
തണുത്ത കാറ്റിനെ മുറിച്ച് ബൈക്ക് മുന്നോട്ട് നീങ്ങി. നല്ല ഇറക്കമായിരുന്നു. നിരത്തരികിലൂടെ കലക്കുവെള്ളം കുത്തിയൊഴുകി.
ആളനക്കം കുറഞ്ഞ അങ്ങാടിയിൽ ഇറങ്ങുമ്പോൾ സന്ധ്യയായിരുന്നു. കയ്യിലുള്ള പൊതിയിലെ വീട്ടുപേര് ഒന്നൂടെ വായിച്ച് ഉറപ്പു വരുത്തി, നിരത്തിലേക്ക് തല നീട്ടിയിരിക്കുന്ന പീടികയിലെ ചെറുപ്പക്കാരനോട് വഴി ചോദിച്ചു.
"മരിച്ച വീട്ടിലേക്കാണോ"
ചെറുപ്പക്കാരന്റെ ചോദ്യം വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. വൈകിപ്പോയിരിക്കുന്നു. എപ്പോഴായിരിക്കും...
"ആ കാണുന്ന ബസ്റ്റോപ്പില്ലേ... അതിന്റടുത്തുള്ള ഇടവഴിക്ക്
നേരെ ഉള്ളിലേക്ക് പോയാ മതി. കുറച്ചു മുന്നോട്ട് ചെന്നാൽ ഒരു ചെറിയ സ്രാമ്പി കാണാം . അതിന്റെ തൊട്ടടുത്തുള്ള വീടാ....സ്രാമ്പിന്റടുത്ത് ആളുകള് ഉണ്ടാകും"
ഇനി അങ്ങോട്ട് പോകണോ വേണ്ടയോ എന്ന് ശങ്കിച്ചു. ഇത്രയും ദിവസം കാക്കണ്ടായിരുന്നു.....
ഇരുട്ട് വീണ് തുടങ്ങിയിരുന്നു. തണുത്ത കാറ്റും മണ്ണട്ടക്കരച്ചിലും ആളനക്കമില്ലാത്ത ഇടവഴിയും...പരിചയമില്ലാത്ത ഏതോ ഒരു നാട്ടിൽ അസമയത്ത്. എത്രയും പെട്ടെന്ന് വീട്ടിലെത്തണം.
മക്കൾ പടിക്കൽ നോക്കിയിരിക്കുന്നുണ്ടാകും. ഫോൺ വിളിച്ചിട്ടും കിട്ടാതെ ഉമ്മയും അവളും പരിഭ്രമിക്കുന്നുണ്ടാകും.
എങ്ങനെയാണ് തിരിച്ചു പോകുക....
ഇത്തിരി നടന്നപ്പോൾ സ്രാമ്പിയും അതിന് മുന്നിലെ ചെറിയ ആൾക്കൂട്ടവും കണ്ടു.
"മരിച്ച വീട്ടിലേക്ക്......"
ഒരാൾ സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ചൂണ്ടിക്കാണിച്ചു തന്നു.
പ്രായമുള്ളൊരാൾ അടുത്തേക്ക് വന്നു.
"ഇങ്ങളെവ്ടെന്നാ.."
"കുറച്ചു ദൂരെന്നാ... കുവൈത്തിലാണ്...ഇവിടെ മരിച്ച...."
അയാൾ കൈ പിടിച്ച് കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി സ്വകാര്യം പോലെ പറഞ്ഞു.
"വിവരം അറിഞ്ഞിട്ടു വന്നതായിരിക്കും അല്ലേ.... ഓന്റെ വീട്ടിലൊന്നും അറിയിച്ചിട്ടില്ല.... നാട്ടുകാര് തന്നെ അറിഞ്ഞു വരുന്നേ ഉള്ളൂ...
അതോണ്ട്....... ഇങ്ങള് ഇപ്പൊ അങ്ങോട്ട് പോണ്ട"
അയാൾ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലായില്ല.
"കടലാസൊന്നും ഇല്ലാഞ്ഞതോണ്ട് പെട്ടെന്ന് ആസ്പത്രീൽ കൊണ്ടോവാൻ പോലും പറ്റീക്കില്ലാന്ന് കേട്ട്....
അങ്ങാനാണെങ്കില് നാട്ടിലേക്ക് കൊണ്ടരാനാക്വോ....ഓൻ പോയിറ്റ് അഞ്ചാറ് കൊല്ലം കയ്ഞ്ഞതല്ലേ... അവസാനായിറ്റ് ഓന്റെ ഓൾക്കും മക്കൾക്കും ഒന്ന് കാണാനെങ്കിലും....... ഉമ്മയാണെങ്കിൽ ഇന്നോ നാളെയോ എന്ന കിടപ്പിൽ..." അയാൾ സങ്കടത്തോടെ പറഞ്ഞു കൊണ്ടിരുന്നു.
തുള്ളി തുള്ളിയായി തുടങ്ങി കനത്ത് പിന്നെ നിലവിളി പോലൊരു പെരുമഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. കയ്യിലെ അത്തറ് പൊതി നനയാതെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു. സ്രാമ്പിക്ക് പിറകിലെ ചെറിയ വീട് ഇരുട്ടിലും മഴയിലും മാഞ്ഞുപോയി.
__________
'വാരാദ്യ മാധ്യമത്തിലും' ഗൾഫ് മാധ്യമം 'ചെപ്പി'ലും പ്രസിദ്ധീകരിച്ച കഥ.