‘എന്ന് നിന്‍റെ മൊയ്തീന്‍’…. ഒരു
പുതുമുഖ സംവിധായകന്‍റെ കൈപ്പിഴകള്‍ ഇല്ലാതെ ഏറെ ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു
R S വിമല്‍. തിരക്കഥയും സംഭാഷണവും അഭിനയവും സംഗീതവും പാട്ടും കലാ സംവിധാനവും
ക്യാമറയും....പഴയ കാലം ഒരുക്കിയത്തിലെ സൂക്ഷ്മതയും...ദുരന്ത പര്യവസായിയായ ഒരു
പ്രണയകഥ തീവ്രമായി മനസ്സില്‍ തറപ്പിച്ചു കൊണ്ട് ഈ ചെറുപ്പക്കാരന്‍ മലയാള സിനിമാ
പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണല്ലോ പാതിരാത്രിയിലും
കുടുംബപ്രേക്ഷകര്‍ തിയേറ്ററിനു മുന്നില്‍ തിരക്ക് കൂട്ടുന്നത്. തീര്‍ച്ചയായും ഇത്
സംവിധായകന്‍റെ അഞ്ചാറു വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ വിജയമാണ്.
പക്ഷെ സിനിമ കണ്ടിറങ്ങുമ്പോള്‍ ഉള്ളില്‍ ഒരു
ദുരന്ത പ്രണയ സിനിമ നല്‍കിയ എല്ലാ
വിങ്ങലുകളും ഉണ്ടായിരുന്നുവെങ്കിലും, പ്രണയത്തിനും
ദുരന്തത്തിനുമപ്പുറം കാഞ്ചനേടത്തിയില്‍ നിന്നും ഞാന്‍ കേട്ട മൊയ്തീന്‍ എന്ന
അസാധാരണ വ്യക്തിത്വവും ഞാനറിഞ്ഞ കാഞ്ചനമാലയും എങ്ങും അടയാളപ്പെടുത്തിയില്ലല്ലോ
എന്ന നിരാശ ബാക്കിയാവുന്നു.
ഇന്നും ആ പ്രണയത്തിന്‍റെ ഓര്‍മ്മയില്‍
ജീവിക്കുന്ന യഥാര്‍ത്ഥ കാഞ്ചനമാലയും ഇരുവഴിഞ്ഞിപ്പുഴ കൂട്ടിക്കൊണ്ടുപോയ മൊയ്തീനും വെറും
രണ്ടു വ്യക്തികള്‍ മാത്രം ആയിരുന്നില്ലല്ലോ.
മൊയ്തീന്‍ എന്ന മനുഷ്യസ്നേഹിയെയാണ് നാട്ടുകാര്‍
മാനുക്ക എന്ന് വിളിച്ചു ആദരിച്ചത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം
നില്‍ക്കുകയും അവരെ ചൂഷണം ചെയ്യുന്നവരെ തന്റേടത്തോടെ എതിര്‍ക്കുകയും ചെയ്ത
വ്യക്തിത്വം. വിപുലമായ സൌഹൃദങ്ങളും
നേരിനോപ്പം നില്‍ക്കാനുള്ള ചങ്കൂറ്റവും അസാമാന്യ ധീരതയും ...ഇതൊക്കെ ആയിരുന്നു
മൊയ്തീന്‍.
മൊയ്തീന്‍റെ രാഷ്ട്രീയവും കലാപ്രവര്‍ത്തനവും
സ്പോര്‍ട്സും ഒക്കെ കാഞ്ചനയുടെ വീട്ടുകാരെ പ്രകൊപിപ്പിക്കാനുള്ള ഷോ മാത്രമായി
സിനിമ കേവലപ്പെടുത്തുമ്പോള്‍ മൊയ്തീന്‍റെ വ്യക്തിത്വം തന്നെ
കോമാളിത്തപ്പെട്ടുപോകുന്നു.
കാഞ്ചനമാലയുമായുള്ള പ്രണയം തന്‍റെ ചിന്തകള്‍ക്കും
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മൊയ്തീന് കരുത്താവുകയായിരുന്നു. പുതിയ പദ്ധതികളിലും
പ്രവര്‍ത്തനങ്ങളിലും അവരുടെ ഉപദേശ നിര്‍ദേശങ്ങളും
ഉണ്ടായിരുന്നു. തങ്ങളുടേതായ ലിപി രൂപപ്പെടുത്തി എഴുതിയ കത്തുകളില്‍ പ്രണയം
മാത്രമായിരുന്നില്ല. ആ കത്തുപുസ്തകങ്ങളില്‍ നാടിനും സമൂഹത്തിനും വേണ്ടിയുള്ള
പദ്ധതികളും ചിന്തകളും ഉണ്ടായിരുന്നു.
മൊയ്തീന്‍റെയും കാഞ്ചനയുടെയും പേര് ചേര്‍ത്ത്
സ്ഥാപിച്ച ‘മോചന’ വിമന്‍സ് ക്ലബ്ബിലൂടെ മൊയ്തീന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍
പിന്‍ ബലമായി കാഞ്ചനയുണ്ട്.
എന്തുകൊണ്ടോ സിനിമ പ്രണയത്തിനു മാത്രം ഊന്നല്‍
നല്‍കിയപ്പോള്‍ ഇവരുടെ ഈ ഉയര്‍ന്ന വ്യക്തിത്വം അടയാളപ്പെടുത്തിയതേയില്ല. പ്രണയവും
വിരഹവും ദുരന്തവും അനുഭവിച്ച എത്രയോ മനുഷ്യര്‍ ഇവിടെ കടന്നു പോയിട്ടുണ്ട്. പക്ഷെ പ്രണയത്തിന്‍റെ
തീവ്രമായ കരുത്തില്‍ തന്‍റെ പ്രിയതമന്‍ തുടങ്ങിവെച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോവുകയും ശിഷ്ടജീവിതം ദുരിത ജന്മങ്ങല്‍ക്കായി
മാറ്റി വെക്കുകയും ചെയ്ത കാഞ്ചനമാലയും അവരുടെ പ്രിയപ്പെട്ടവനും വരാനുള്ള തലമുറ ഓര്‍ക്കേണ്ടത്
വെറുമൊരു ദുരന്ത പ്രണയത്തിലെ നായികാനായകന്മാരായി മാത്രമല്ല.
പൊതു സമൂഹത്തെ ഏറെ സ്വാധീനിക്കുന്നതും ഏറെപ്പെരില്‍
എത്തുന്നതുമാണ് സിനിമ എന്ന കലാരൂപം. എന്‍
എന്‍ പിള്ള എന്ന നാടകപ്രതിഭയെ ഭൂരിപക്ഷ മലയാളികലും ഇന്നും ഓര്‍ക്കുന്നത് അഞ്ഞൂറാന്‍
എന്ന ഒറ്റ സിനിമാകഥാപാത്രത്തിലൂടെയാണ് എന്നത് ഉദാഹരണം.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘മൊയ്തീന്‍ കാഞ്ചനമാല’ ലേഖനവും
പിന്നീട് അതിന്‍റെ പുസ്തകരൂപവും ഇറങ്ങിയിട്ടും വളരെ കുറഞ്ഞൊരു ശതമാനമേ ഇവരെ
കുറിച്ച് അറിഞ്ഞിട്ടുള്ളൂ. ഈ സിനിമ ഇറങ്ങിയതോടെയാണ് പുസ്തകം പെട്ടെന്ന്
വിറ്റഴിയുന്നതും പുതിയ പതിപ്പ് ഇറങ്ങുന്നതും എന്നത് കൌതുകകരമാണ്. അതാണ് സിനിമയുടെ
സ്വാധീനം.
അതുകൊണ്ട് തന്നെ ഈ സിനിമ അടയാളപ്പെടുത്തേണ്ടത്
മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവമായ രണ്ടുപേരുടെ പ്രണയത്തിന്‍റെ
സ്മാരകമായിട്ടായിരുന്നു. പ്രത്യേകിച്ചും കാഞ്ചനേടത്തി ഒരു മകനെ പോലെ സ്നേഹിച്ച(തിരിച്ചും)
വിമല്‍ വര്‍ഷങ്ങളോളം അവരോടൊപ്പം നിന്ന് ചെയ്ത സിനിമയില്‍ കേവലപ്രണയികള്‍ക്ക്
അപ്പുറമുള്ള അവരുടെ വ്യക്തിത്വം കൃത്യമായി കാട്ടേണ്ടതുണ്ടായിരുന്നു.
ഇത്തരം അപ്പൂര്‍വ്വ ജന്മങ്ങള്‍ സാധാരണമല്ലാത്തത് കൊണ്ട് തന്നെ. അവര്‍ മുക്കത്തിന്‍റെ മാത്രം ഓര്‍മ്മയില്‍
ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്യേണ്ട വ്യക്തിത്വങ്ങള്‍ അല്ല.
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍
തകര്‍ന്നു പോയ കാഞ്ചനേടത്തിയെയാണ് കഴിഞ്ഞ വര്‍ഷം കണ്ടത്. അന്നവരെ
അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ചെയ്ത രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയത്
സിനിമക്ക് തിളക്കം കൂട്ടിയിട്ടേ ഉള്ളൂ. (അമ്മാവന്‍റെ മകന്‍റെ ഇല്ലാത്ത പ്രണയം പിന്നെയും
ബാക്കി നില്‍ക്കുന്നുവെങ്കിലും)
സിനിമ കണ്ടശേഷം ഇന്നലെ കാഞ്ചനേടത്തിയെ
വിളിച്ചിരുന്നു. സിനിമയെ കുറിച്ച് ഒന്നും ചോദിക്കരുത് എന്ന നിബന്ധനയോടെ ഏറെ നേരം സംസാരിച്ചു. ഒരു കാര്യത്തില്‍ അവര്‍ സന്തോഷവതിയാണ് സിനിമ ഇറങ്ങിയ ശേഷം ഏറെപ്പേര്‍ അവരെ കാണാന്‍
മുക്കത്തെ ബി പി മൊയ്തീന്‍ സേവാമന്ദിര്‍ എന്ന ഇടുങ്ങിയ മുറിയിലേക്ക് എത്തുന്നു. പ്രത്യേകിച്ചും
ബൈക്കിലോക്കെ ദൂരെ നിന്ന് ചെറുപ്പക്കാര്‍. ഇരുട്ട് കെട്ടി നില്‍ക്കുന്ന ലൈബ്രറിയിലുമൊക്കെ
അവര്‍ക്ക് സഹായമായി കൂടെ നിന്നും.....
അവരുടെ ഏറ്റവും വലിയ സ്വപ്നമായ ബി പി മൊയ്തീന്‍
സേവാമന്ദിറിന്‍റെ പുതിയ കെട്ടിടത്തിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ ഈ ഒരു സിനിമാ തരംഗം കാരണമായാല്‍ അത് അവരോടും ആ
അനശ്വരപ്രണയത്തോടും ചെയ്യുന്ന നീതിയായിരിക്കും.
തീവ്രവും നിഷ്കളങ്കവുമായ പ്രണയം കൊണ്ട് സ്ഫുടം
ചെയ്ത് വിശുദ്ധമായ മനസ്സുമായി കാഞ്ചനേടത്തി ഇവിടെയുണ്ട്. പരിഭവങ്ങളും പരാതികളും
ഇല്ലാതെ....സ്നേഹം ചൊരിയുന്ന വാക്കുകളും വിനീതമായ ഇടപെടലുകളുമായി……. ദുരിതങ്ങളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി
തന്‍റെ പ്രിയപ്പെട്ടവന്‍റെ വഴിയില്‍ ..... ഓര്‍മ്മയില്‍.... ഇപ്പോഴും അനുഭവിക്കുന്ന
സാമീപ്യത്തില്‍…………………മൊയ്തീന്‍റെ സ്വന്തം കാഞ്ചന.
കാഞ്ചനേടത്തിയില്‍ നിന്നും താങ്കൾക്കു കേൾക്കാൻ കഴിഞ്ഞ മൊയ്തീന്‍ എന്ന അസാധാരണ വ്യക്തിത്വം, താങ്കളുടെ നല്ലൊരു രചനയിലൂടെ , ഈ ലോകം അറിയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്... എന്റെ ആശംസകൾ. :)
ReplyDeleteവര്‍ഷം കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഞാൻ മാതൃഭൂമിയിൽ ഇത് വായിച്ചിട്ടുണ്ട്...... നന്മകള്‍ നേരുന്നു......
ReplyDeleteസിനിമ കാണണം
ReplyDeleteഎന്തുകൊണ്ടോ സിനിമ പ്രണയത്തിനു മാത്രം
ReplyDeleteഊന്നല്‍ നല്‍കിയപ്പോള്‍ ഇവരുടെ ഈ ഉയര്‍ന്ന വ്യക്തിത്വം
അടയാളപ്പെടുത്തിയതേയില്ല. പ്രണയവും വിരഹവും ദുരന്തവും
അനുഭവിച്ച എത്രയോ മനുഷ്യര്‍ ഇവിടെ കടന്നു പോയിട്ടുണ്ട്. പക്ഷെ
പ്രണയത്തിന്‍റെ തീവ്രമായ കരുത്തില്‍ തന്‍റെ പ്രിയതമന്‍ തുടങ്ങിവെച്ച
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോവുകയും ശിഷ്ടജീവിതം
ദുരിത ജന്മങ്ങല്‍ക്കായി മാറ്റി വെക്കുകയും ചെയ്ത കാഞ്ചനമാലയും അവരുടെ പ്രിയപ്പെട്ടവനും വരാനുള്ള തലമുറ ഓര്‍ക്കേണ്ടത് വെറുമൊരു ദുരന്ത പ്രണയത്തിലെ നായികാനായകന്മാരായി മാത്രമല്ല.“
ഭായ് ആ പ്രണയിനിയിൽ നിന്നും നേരിട്ടറിഞ്ഞ സത്യങ്ങൾ എല്ലാം യവനികക്ക് പിന്നിലൊളിച്ചു...!
ആശംസകള്‍
ReplyDeleteസിനിമ കണ്ടില്ല പോസ്റ്റ് നന്നായി. സിനിമക്ക് എപ്പോഴും ഒരു കച്ചവട മുഖം കൂടെയുണ്ടല്ലോ അതായിരിക്കും പ്രണയത്തിന് മാത്രം പ്രാധാന്യം നല്‍കിയത് .
ReplyDelete