ആറേഴു വര്‍ഷം മുമ്പാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വന്ന ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവിന്‍റെ ‘ആകാശപേടകം’ എന്ന കഥ വായിക്കുന്നത്. ആഴ്ചപ്പതിപ്പ്
വാങ്ങി വരുന്ന വഴി ബസ്സില്‍ ഇരുന്നു തന്നെ
വായിച്ചു തീര്‍ത്ത കഥ തന്ന ഷോക്ക്!!.....
അന്ന് ഇതൊന്നും പങ്ക് വെക്കാന്‍ എനിക്ക്
‘ഫേസ്ബുക്ക്’ ഇല്ല. കഥകളെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനുള്ള കൂട്ടുകാരും അപൂര്‍വ്വം.
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ആകെയുള്ള കൂട്ടുകാരനെ വിളിച്ച് വായനയുടെ
ആഹ്ലാദം(ആഘാതം) പങ്കുവെച്ചു. പിറ്റേന്നു തന്നെ വായിക്കാനായി വീക്കിലി എത്തിച്ചു
കൊടുക്കുകയും ചെയ്തു.
ദൌര്‍ഭാഗ്യവശാല്‍ ആ ആഴ്ചപ്പതിപ്പ് പിന്നെ
തിരിച്ചു കിട്ടിയില്ല. ഒരിക്കല്‍ കൂടി ആ കഥ വായിക്കാന്‍ കോഴിക്കോട്ടെ പഴയ
പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്ന കടകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ അട്ടികളില്‍
എത്രയോ തിരഞ്ഞു. ഓരോ പ്രാവശ്യവും നാട്ടില്‍ വരുമ്പോള്‍ പുസ്തകശാലകളില്‍
നിരത്തിവെച്ച പൊയ്ത്തുംകടവിന്‍റെ കതാസമാഹരങ്ങളിലൊക്കെ ‘ആകാശപേടകം’ പരതി. പിന്നീട്
വന്ന പല കഥകളും ആ പുസ്തകങ്ങളില്‍ കണ്ടെങ്കിലും ആകാശപേടകം മാത്രം......
മിനിഞ്ഞാന്ന് ഫോക്കസ് മാളിലെ DC ബുക്സില്‍
പുസ്തകങ്ങളെ തൊട്ടും തലോടിയും സമയം പോക്കുമ്പോള്‍ പൊയ്ത്തുംകടവിന്‍റെ കഥാസമാഹാരം
‘മലബാര്‍ എക്സ്പ്രസ്സ്’ മറിച്ചു നോക്കിയപ്പോള്‍ ‘ആകാശപേടകം’ മുന്നില്‍.
രണ്ടാമതൊന്ന് ആലോചിക്കാതെ വാങ്ങിപ്പോരുമ്പോള്‍ മനസ്സില്‍ ഓര്‍ത്തത് വാര്‍ത്തകളില്‍
നിറഞ്ഞു നില്‍ക്കുന്ന അഹമദ് മുഹമ്മദിനെ കുറിച്ചായിരുന്നു.
പേര് കാരണം പൂച്ചെണ്ടിനു പകരം കൈയ്യാമം ഏല്‍ക്കേണ്ടി
വന്ന ശാസ്ത്രപ്രതിഭയായ കുട്ടിയെ. ‘ആകാശപേടക’ത്തിലെ ബാഹിസിനെ പോലെ.
ഏറെക്കാലത്തിനു ശേഷം ‘ബാഹിസ്’ അന്ന് തന്നെ എന്‍റെ
മുന്നില്‍ വന്നത് യാദൃശ്ചികമാവാം. അന്തര്‍മുഖനായ ബാഹിസിനെപ്പോലെ എവിടെയും
ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോയ ഒരുപാട് മാനങ്ങളും പ്രവചനസ്വഭാവവും ഉള്ള ഈ
അസാധാരണ കഥ ചര്‍ച്ച ചെയ്യപ്പെടേണ്ട അവസരം
ഇതുതന്നെയാണ് എന്ന് തോന്നുന്നു.
ബാഹിസിന്‍റെ
ഉറ്റ കൂട്ടുകാരന്‍ പ്രഭാകരനിലൂടെയാണ് കഥ വിരിയുന്നത്. പഠനത്തില്‍
മിടുക്കനെങ്കിലും അന്തര്‍മുഖനും ഒറ്റപ്പെട്ടവനുമായ ബാഹിസ് തന്‍റെ ഏറ്റവും വലിയ
സ്വപ്നം കൂട്ടുകാരനോട് പങ്കുവെക്കുന്നു. പ്രകാശത്തെക്കാള്‍ വേഗതയുള്ള ഒരു
ആകാശപേടകം കണ്ടു പിടിക്കുക. അതില്‍ കയറി ജീവിക്കാന്‍ കൊള്ളാത്ത ഈ ലോകത്തില്‍ നിന്നും
തന്നെപ്പോലുള്ളവര്‍ കഴിയുന്ന ഗ്രഹത്തില്‍ എത്തുക.
പ്രഭാകരന്‍ ഇതിനെ ഭ്രാന്ത് എന്ന്
പരിഹസിക്കുമ്പോള്‍ ബാഹിസ് അതിനായി താന്‍ വീട്ടിനു പിറകിലെ ഇടിഞ്ഞു പൊളിഞ്ഞ
തറവാട്ടിലെ മുറിയില്‍ ഒരുക്കിയ പരീക്ഷണശാലയെ കുറിച്ചും അവിടെ ശേഖരിച്ച വസ്തുക്കളെ
കുറിച്ചും ബോധ്യപ്പെടുത്തുന്നു. മാത്രമല്ല പ്രവചന
സ്വഭാവമുള്ള തന്‍റെ മനസ്സ് ഉച്ചത്തില്‍
പറയുന്ന നേരുകള്‍ ആണ് ബാഹിസിന്‍റെ ശുഭാപ്തി വിശ്വാസത്തിനു കാരണം എന്നും
വിശദീകരിക്കുന്നു.
ഉച്ചത്തില്‍ സംസാരിക്കുന്ന മനസ്സ് അവസാനമായി
പറഞ്ഞ മരയട്ടികള്‍ക്കടിയിലെ മൂര്‍ഖന്‍റെ കാര്യം ബഡായി ആണെന്ന് തെളിയിക്കാനുള്ള
പ്രഭാകരന്‍റെ ഉത്സാഹം ഇല്ലാതാക്കിയത് ബാഹിസിന്‍റെ പഠനമാണ്. പ്രഭാകരന്‍ വലിച്ചു
മാറ്റിയ മരയട്ടിയിലെ അവസാന പലകക്കടിയില്‍ പെറ്റുകിടന്ന കരിമൂര്‍ഖന്‍ ആഞ്ഞു
കൊത്തിയത് ബാഹിസിന്‍റെ കാലിലാണ്. വിഷം തീണ്ടിയ ബാഹിസ് SSLC പരീക്ഷാ സമയത്ത് ആശുപത്രിയില്‍ ആയിരുന്നു. അതോടെ മിടുക്കനായ
അവന്‍റെ പഠനം നിലച്ചു.
ഉമ്മയില്ലാത്ത, ചങ്ങലയില്‍ കഴിയുന്ന
ഭ്രാന്തനായ ബാപ്പയുടെ മകന് വീണ്ടും പരീക്ഷ എഴുതണം എന്ന് ആഗ്രഹം
ഉണ്ടായിരുന്നുവെങ്കിലും “................മൂത്ത അമ്മാവന്‍ അതിന് ചെകിട്ടത്തടിച്ചു.
മൂര്‍ഖന്‍ കടിച്ച വകയില്‍ അമ്മായിയുടെ പൊന്ന് ഇപ്പോഴും ബാങ്കിലാണ്” എന്ന
വാചകത്തിലുണ്ട് ഉത്തരം.
ബാഹിസിന്‍റെ ഉപ്പ വിദ്യാഭ്യാസം
ഏറെയില്ലെങ്കിലും ഒരുപാട് സയന്‍സ് ഗ്രന്ഥങ്ങള്‍ വായിച്ചു ഭ്രാന്തായിപ്പോയ
മനുഷ്യനാണ്. ഭ്രാന്തനെ ഇല്ലാതാക്കാന്‍ ബന്ധുക്കള്‍ രണ്ടുതവണ കീടനാശിനി കലക്കി
കൊടുത്തിട്ടും മരിക്കാത്ത ആ മനുഷ്യന്‍ പ്രഭാകരനെ ചങ്ങലയില്‍ കിടന്നുകൊണ്ട് സ്വയം
പരിചയപ്പെടുത്തിയത് ഇങ്ങനെ.
“ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. എന്‍റെ കണ്ടുപിടിത്തങ്ങളാണ് മിസ്‌യൂസ്
ചെയ്ത് അമേരിക്കയിലും ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത്. ഒടുവില്‍ അതേ
കുറ്റത്തിന് ഞാനിതാ ജയിലിലുമായി”
ബാഹിസിന്‍റെ പരീക്ഷണങ്ങള്‍
അവസാനിച്ചില്ല. പ്രഭാകരന്‍റെ കോളേജിലെ പ്രൊഫസര്‍ വില്യം സായിപ്പ് ബാഹിസിന്‍റെ
കണ്ടെത്തലുകളെ അംഗീകരിക്കുകയും പരീക്ഷണങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുകയും
ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്‍റെ ആകാശപേടകം യാഥാര്‍ത്ഥ്യമാകുമെന്ന്
ബാഹിസിന് ഉറപ്പുണ്ടായിരുന്നു. അവന്‍റെ മനസ്സ് അത് ഉറക്കെ വിളിച്ചു പറഞ്ഞു
കൊണ്ടിരുന്നു.
പ്രഭാകരന്‍ പഠിച്ചു സര്‍ക്കാര്‍
ഉദ്യോഗസ്ഥനായി. ബാഹിസിന്‍റെ ആകാശസ്വപ്നം എവിടെയും എത്താതെ അവന്‍ സൈക്കിള്‍
മെക്കാനിക്കായി. എങ്കിലും അവന്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. മഴക്കാലത്ത് തകര്‍ന്നുപോയ പരീക്ഷണശാല അവന്‍റെ
പരീക്ഷണങ്ങളെ തളര്‍ത്തിയെങ്കിലും മനസ്സ് ആകാശപേടകം ഉടന്‍ ശരിയാവുമെന്ന് അവനോടു
ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.
അഞ്ചു വര്‍ഷത്തിനു ശേഷം
കണ്ടുമുട്ടുമ്പോഴും പ്രഭാകരനെ കൃത്യമായി ഓര്‍ത്ത ബാപ്പ ഇപ്പോഴും അതെ അവസ്ഥയില്‍ ....
“ഞാനൊരു ജൂതനായതിനാല്‍ കോണ്‍സണ്‍ട്രേഷന്‍
ക്യാമ്പിലാണ്. ആപേക്ഷികതാ സിദ്ധാന്തം കണ്ടുപിടിച്ചതിന്‍റെ യാതൊരു പരിഗണനയും
തന്നില്ല ആ നായ. ക്ലീന്‍ഷേവിനു മീതെ വെപ്പുമീശയും വെച്ച് ഹിറ്റ്‌ലറിപ്പം വരും.
സ്വയം വെടിവെച്ചു മരിച്ച ശേഷം അവനിപ്പം ജോര്‍ജ്ബുഷാ. പൊയ്ക്കോ.”
അയാള്‍ ചങ്ങലയില്‍ കിടന്നു പറഞ്ഞു.
ബാഹിസിന്‍റെ വിവാഹം കഴിഞ്ഞു. വില്യം
സായിപ്പിന്‍റെ ശിഷ്യ. എല്ലാ ശാസ്ത്രവും
ഖുര്‍ആനില്‍ ഉണ്ട് എന്ന് ശഠിക്കുന്ന അവള്‍ തന്‍റെ എക്സ്പെരിമെന്റ്സിനു പറ്റിയ
കൂട്ടാകും എന്നത് മാത്രമാണ് ബാഹിസിനെ
പ്രചോദിപ്പിച്ചത്. പക്ഷെ അവള്‍ ബാഹിസിന്‍റെ
പരീക്ഷണങ്ങളെ ഭ്രാന്തായി തള്ളി. ഞായറാഴ്ച
പോലും സൈക്കിള്‍ കട തുറന്നിരിക്കാന്‍ നിര്‍ബന്ധിച്ചു.
അവനവനെത്തന്നെ കടിച്ചു കീറുന്ന ജീവപര്യന്തം തടവായ ദാമ്പത്യത്തെ കുറിച്ച്
എന്തുകൊണ്ട് ബാഹിസിന്‍റെ മനസ്സ് ഉറക്കെ മുന്നറിയിപ്പ് തന്നില്ല എന്ന് പ്രഭാകരന്‍റെ
ഉള്ളം ചോദിച്ചു.
ഏറെ നാളുകള്‍ക്ക് ശേഷം പ്രഭാകരന്
ബാഹിസിന്‍റെ ഒരു പാഴ്സല്‍ വന്നു. പത്തിരുന്നൂറു പേജില്‍ ആസ്ട്രോഫിസിക്സുമായി
ബന്ധപ്പെട്ട കുറിപ്പുകള്‍. ഇക്ക്വേഷനുകള്‍, മാപ്പുകള്‍, ആകാശ വാഹനത്തെ കുറിച്ചുള്ള
വിവരങ്ങള്‍....ഒപ്പമുള്ള കുറിപ്പില്‍ ബാഹിസ് എഴുതി.
“പ്രഭാകരാ എല്ലാം അവള്‍ നശിപ്പിച്ചു.
എന്‍റെ ആകാശ വാഹനങ്ങളുടെ മാതൃകകള്‍ വര്‍ഷങ്ങളായി ഞാന്‍ ഒരുക്കൂട്ടിയ യന്ത്രങ്ങള്‍.
ഡമ്മി ഫോര്‍മാറ്റുകള്‍......... ഒന്നും ബാക്കി വെച്ചില്ല. എന്നെ അവള്‍ക്ക്
സൈക്കിള്‍ റിപ്പയര്‍ കടയിലേക്ക് പറഞ്ഞയക്കണം. ഈ തിയറി നോട്ട് മാത്രമേ
കിട്ടിയുള്ളൂ. ഉപ്പയും ഞാനും കൂടി എന്‍റെ യഥാര്‍ത്ഥ ജനതയുടെ അടുത്തേക്ക്
പോകുന്നു.”
ബാഹിസും ബാപ്പയും വിഷബാധയേറ്റു
മരിച്ചു!
ആ മരണത്തിന്‍റെ ദുരൂഹത തേടി പ്രഭാകരന്‍
വില്യം സായിപ്പിന്‍റെ അടുതെത്തി. അയാള്‍ അന്നു രാത്രി ന്യൂയോര്‍ക്കിലേക്ക് ഒരു
പേപ്പര്‍ അവതരിപ്പിക്കുവാന്‍ പറക്കാന്‍ ഇരിക്കുകയായിരുന്നു. ബാഹിസിനെ പരിചയമില്ലെന്ന
പ്രൊഫസറുടെ വാക്കുകളിലെ കളവ് പ്രഭാകരന്‍ തിരിച്ചറിഞ്ഞു. അയാളുടെ ആത്മഹത്യയെ
കുറിച്ച് പറഞ്ഞപ്പോള്‍ പ്രൊഫസര്‍ ക്ഷോഭിച്ചു.
ഒരു കരിമൂര്‍ഖനായി പത്തി വിടര്‍ത്തിയ
പ്രൊഫസറെ അടുത്തുള്ള മരപ്പലക കൊണ്ട് തല്ലാന്‍ ഒരുങ്ങുമ്പോള്‍ പ്രൊഫസര്‍ വില്യം
സായിപ്പ് ഒരു ചെറു ചിരിയോടെ പ്രഭാകരനോട് ചോദിക്കുന്നു.
“Why are you
doing like this? Are you friend of a terrorist?”
കഥ ഇവിടെ അവസാനിക്കുമ്പോള്‍ ആ ചോദ്യം
നമ്മുടെ ഉള്ളില്‍ നടുക്കവും പൊട്ടിത്തെറിയും ഉയര്‍ത്തുന്നു. ഇന്നും ലോകമെങ്ങും ഈ
ചോദ്യം ഉയരുന്നതിന്‍റെ ഉള്ളുകള്ളികള്‍ ഓര്‍ത്ത്. അഹമദ് മുഹമ്മദ്‌മാര്‍ എന്നും
സംശയത്തിന്‍റെ നിഴലില്‍ ഉള്ളില്‍ അടക്കപ്പെടുന്ന ലോകനീതിയോര്‍ത്ത്.
ഏറെ മാനങ്ങള്‍ ഉള്ള ഈ കഥ വലിയ വായനയും
ചര്‍ച്ചയും ആവശ്യപ്പെടുന്നു. പഴയ കാല പ്രതാപത്തിന്‍റെ ദ്രവിക്കാത്ത അടയാളങ്ങള്‍
ബാക്കി വെച്ച് ജീര്‍ണ്ണിച്ചു പോയ തറവാടും ശാസ്ത്രം വായിച്ചു ഭ്രാന്തനായ ഉപ്പയും ചില
പ്രതീകങ്ങളാണ്. പര്‍ദയും ഖുര്‍ആനും ബാഹ്യമായി വാദിക്കുന്ന വില്യം സായിപ്പിന്‍റെ ഒറ്റുകാരിയായ ശിഷ്യ. ഏറെ
അര്‍ത്ഥതലങ്ങള്‍ ഉണ്ട് ഈ കഥയ്ക്ക്. ഓരോ
വരികളും അതി സൂഷ്മമായി വിളക്കിച്ചേര്‍ത്ത കഥയുടെ മാന്ത്രിക ഭാവം.
ഈ കഥ വായിച്ചതായി ഓർക്കുന്നു...
ReplyDelete‘ഏറെ മാനങ്ങള്‍ ഉള്ള ഈ കഥ വലിയ വായനയും
ചര്‍ച്ചയും ആവശ്യപ്പെടുന്നു. പഴയ കാല ഈ പ്രതാപത്തിന്‍റെ
ദ്രവിക്കാത്ത അടയാളങ്ങള്‍ ബാക്കി വെച്ച് ജീര്‍ണ്ണിച്ചു പോയ തറവാടും
ശാസ്ത്രം വായിച്ചു ഭ്രാന്തനായ ഉപ്പയും ചില പ്രതീകങ്ങളാണ്. പര്‍ദയും ഖുര്‍ആനും
ബാഹ്യമായി വാദിക്കുന്ന വില്യം സായിപ്പിന്‍റെ ഒറ്റുകാരിയായ ശിഷ്യ. ഏറെ അര്‍ത്ഥതലങ്ങള്‍ ഉണ്ട് ഈ കഥയ്ക്ക്. ഓരോ വരികളും അതി സൂഷ്മമായി വിളക്കിച്ചേര്‍ത്ത കഥയുടെ മാന്ത്രിക ഭാവം.‘
ഈ കുറിപ്പ് ഫേസ് ബുക്കില്‍ വായിച്ചിരുന്നു.
ReplyDeleteപേരുകൾ കൊണ്ട് നിന്ദിക്കപ്പെടുകയും നികൃഷ്ടരാക്കപ്പെടുകയും ചെയ്യുന്ന ലോകത്ത്...... ഒറ്റുകാരും കൂടി ആവുമ്പോള്‍ ചിത്രം പൂര്‍ണ്ണമാവുന്നു..... സ്വയം തീരുക ചോദ്യങ്ങളും..... സ്വപ്നങ്ങളും ബാക്കി വച്ചു കൊണ്ട്......
ReplyDeleteശിഹാബുദ്ദീൻ പൊയ്തുംകടവിന് ഓരായിരം ആശംസകൾ
അതോടൊപ്പം തന്നെ..... വായിക്കാനുള്ള ആവേശം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള പലചരക്കു കടക്കാരന്‍റെ എഴുത്തിനും ഒരുപാട് ആശംസകൾ നേരുന്നു......