2016 ജൂലായ് 23 ന് fb യിൽ ഇട്ടത്
അല്ലേലും നമ്മൾ മലയാളീസിന് ആത്മാർത്ഥ പ്രണയവും ത്യാഗവും ഒക്കെ വെറും തമാശയണല്ലോ. അത് കൊണ്ടല്ലേ നമ്മുടെ കൊടും സ്വാർത്ഥതയുടെ റേഞ്ചിലേക്ക് മാറാത്ത മിണ്ടാപ്രാണിയായ ആ മഹാപ്രണയിയെ നാം കാലാകാലങ്ങളായി പരിഹസിച്ചു കൊണ്ടിരിക്കുന്നത്. ഇത്തിരി വെയിൽച്ചൂട് തട്ടുമ്പോഴേക്കും കട്ട ചങ്കിനെ വിട്ട് മെല്ലെ തണലത്തേക്ക് വലിഞ്ഞാൽ മാത്രമാണല്ലോ നമ്മുടെ കണ്ണിൽ ജീവിക്കാൻ പഠിച്ച യോഗ്യനാവുക!!!
പറഞ്ഞു വരുന്നത് നമ്മുടെ പഴയ കുറുഞ്ചാത്തൻ ബ്രോ യെ കുറിച്ച് തന്നെ. ഊണിലും ഉറക്കിലും ഒപ്പം കഴിഞ്ഞ തന്റെ ചങ്കായ മിസ് എള്ള് സുന്ദരി തന്റെ ജന്മ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ, വെയിലേറ്റുണങ്ങി മനസ്സും ശരീരവും ദൃഢമാക്കി ഖരവും ദ്രവവുമായി മാറി പുതിയ നിയോഗത്തിലേക്ക് ചുവടു വെക്കാൻ ഒരുങ്ങുമ്പോൾ, ജീവൻ പോകും എന്നുറപ്പായിട്ടും തീവെയിലിനെ തൃണവൽഗണിച്ച് (ഫ... പുല്ലേ എന്ന പഞ്ച് ഡയലോഗ് ) പ്രിയയോട് ചേരാൻ സ്വയം ഉണങ്ങി ഇല്ലാതായ ത്യാഗി. ഒടുവിൽ തന്റെ ഹൃദയത്തിന്റെ അറയിൽ എവിടെയെങ്കിലും ബാക്കിയായ ഇത്തിരി രക്തം എണ്ണയിലേക്കും ജീവൻ വെടിഞ്ഞ പുറന്തോട് പിണ്ണാക്കിലേക്കും ലയിപ്പിച്ച് ഹൃദയേശ്വരിയോടൊപ്പം ചേർന്നവൻ. നിങ്ങൾ മനുഷ്യരെ കുറിച്ചെഴുതിയ നൂറായിരം പ്രണയ കഥകളിൽ എവിടെയെങ്കിലും ഉണ്ടോ ഇങ്ങനൊരു തീവ്ര പ്രണയം. ഇത്രമേൽ ത്യാഗം. ബലി. ആ ചങ്കൂറ്റവും ഇത്തിരിപ്പോന്ന ഉടലിലെ വലിയ മനസ്സും ഉൾക്കൊള്ളാൻ മാത്രം ഹൃദയ വിശാലതയില്ലാത്ത വെറും സ്വാർത്ഥ പ്രണയികളായ നാം പരിഹാസത്തോടെ പിന്നെയും പിന്നെയും ചോദിക്കുന്നു "എള്ളുണങ്ങുന്നത് എണ്ണക്ക് കുറുഞ്ചാത്തനോ"
ശരിക്കും പറഞ്ഞാൽ ആ മഹത്തായ പ്രണയത്തെ കുറിച്ച് മഹാകാവ്യങ്ങൾ ആണ് രചിക്കേണ്ടത്. ബട്ട് എന്ത് ചെയ്യാം. ത്യാഗികളെ എപ്പോഴും സംശയ ദൃഷ്ടിയോടെ കാണുകയും തഞ്ചം കിട്ടിയാൽ പരിഹസിക്കുകയും മാത്രമാണല്ലോ നമ്മുടെ ശീലം.
തളരരുത് കുറുഞ്ചാത്തൻ ബ്രോ തളരരുത്..കാലം കഴിയുമ്പോൾ ലോകം ഈ ആത്മാർത്ഥ പ്രണയം തിരിച്ചറിയും. അന്നവർ നിങ്ങളെ കുറിച്ച് കഥകളും കവിതകളും സിനിമകളും രചിക്കും. പാലങ്ങൾക്കും റോഡുകൾക്കും നിങ്ങളുടെ പേര് വെക്കും. നിങ്ങളുടെ പേരിൽ എൻഡോവ്മെന്റും അവാർഡും ഏർപ്പെടുത്തും. ചിലപ്പോൾ നിലവിലെ പ്രണയ ദിനത്തിന് പകരം ഒരു കുറുഞ്ചാത്തൻ ഡേ തന്നെ കൊണ്ടാടും..
ബിക്കോസ് വി മലയാളി ഡാ😊😊
ശരിക്കും പറഞ്ഞാൽ ആ മഹത്തായ
ReplyDeleteപ്രണയത്തെ കുറിച്ച് മഹാകാവ്യങ്ങൾ
ആണ് രചിക്കേണ്ടത്. ബട്ട് എന്ത് ചെയ്യാം.
ത്യാഗികളെ എപ്പോഴും സംശയ ദൃഷ്ടിയോടെ കാണുകയും
തഞ്ചം കിട്ടിയാൽ പരിഹസിക്കുകയും മാത്രമാണല്ലോ നമ്മുടെ ശീലം...