Sunday, January 31, 2016

കാലം ആവശ്യപ്പെടുന്ന പുസ്തകം



ഭാവനാസമ്പന്നനായ ഒരു എഴുത്തുകാരന്‍റെ അതിമോഹമെന്നോ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍’ എന്നോ ഒരു ചിറികോട്ടലായി നമുക്ക് വേണമെങ്കില്‍ ഈ  പുസ്തകം മാറ്റിവെക്കാം. എന്നാല്‍ ഇരുട്ടിലേക്ക് ആണ്ടുപോകുന്ന ഈ ലോകത്തിനും കാലത്തിനും ഒരു തിരിവെട്ടമെങ്കിലും ആവാന്‍ കഴിയുന്ന ചിന്തകളുടെ തീപ്പൊരികള്‍ ഉയര്‍ത്തുന്ന കെ പി രാമനുണ്ണിയുടെ ‘ദൈവത്തിന്‍റെ പുസ്തകം’ എന്ന  നോവല്‍ നമ്മുടെ ചിന്തകളിലേക്ക് ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുക തന്നെ ചെയ്യും.

എഴുത്തുകാരന്‍റെ പ്രിയപ്പെട്ട തട്ടകമായ പൊന്നാനിയില്‍ നിന്നുള്ള ISRO എന്‍ജിനീയര്‍മാരായ  ഡോ:ഹസ്സന്‍കുട്ടിയും ഡോ:ശങ്കരന്‍ കുട്ടിയും. അവരുടെ പേടിപ്പെടുത്തുന്ന കണ്ടെത്തലിലൂടെ നോവല്‍ എത്തിച്ചേരുന്നത് ശ്രീകൃഷ്ണന്‍റെ ദ്വാരകയിലും ഹസ്തിനപുരിയിലും മഹാഭാരത യുദ്ധഭൂമിയും കടന്ന്  ആറാം നൂറ്റാണ്ടിലെ അറേബ്യയിലുമാണ്.  ഇരുണ്ടകാലഘട്ടത്തില്‍ മക്കയില്‍ ഉദിച്ച മുഹമ്മദ്‌ നബിയുടെ ത്യാഗോജ്വലമായ ജീവിതത്തിലൂടെ..... ഒടുവില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശ്രീകൃഷ്ണനും മുഹമ്മദ്‌ നബിയും വര്‍ത്തമാന ലോകത്തെ കെടുതികള്‍ നേരില്‍ കാണാനെത്തുകയും  ഉത്തരം തേടുകയും ചെയ്യുന്ന പുതുമയുള്ള ഇതിവൃത്തം.

ആര്‍ത്തിയും ദുരയും മൂത്ത, പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ട, മണ്ണും വെള്ളവും വിഷമയമായ, അത്യാര്‍ത്തിയുടെയും ആഡംബരത്തിന്‍റെ യും ലോകത്തെ നടുക്കുന്ന കാഴ്ചകള്‍. ഇരുവരുടെയും സാന്നിധ്യത്തിലൂടെ തിരിച്ചറിവ് ലഭിക്കുന്ന ചിലരിലൂടെ ഭൂമിയെ,  തിരിച്ചു പിടിക്കാനുള്ള ശ്രമം. നന്മയുടെ ചെറു മിടിപ്പുകള്‍ ഒന്നിച്ചു ചേര്‍ന്ന് മാറ്റത്തിന്‍റെ പെരുമ്പറ ശബ്ദമാവുന്ന വിസ്മയം..

ഹിറ്റ്ലറിലൂടെ കാറല്‍ മാര്‍ക്സിലൂടെ ഗാന്ധിജിയിലൂടെ വെട്ടിത്തിരുത്തി പുതിയൊരു ലോകം ....

ഷിയാ സുന്നി സംഘട്ടനവും RSS ന്‍റെ മുസ്ലിം വിരോധവും അമേരിക്കയുടെ ആയുധക്കച്ചവടങ്ങളും.......

686 പുറങ്ങളില്‍ ബൄഹത്തായ ഈ നോവല്‍ ഭാവനക്കപ്പുറം നിശിതമായ ചരിത്ര വായന കൂടിയാണ്. മുഹമ്മദ്‌ നബിയുടെ ജീവിതം ഒരു നോവലിലൂടെ ആഖ്യാനം ചെയ്യപ്പെടുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മഹാഭാരത യുദ്ധവും അറേബ്യയിലെ മനുഷ്യരുടെ ജീവിതവും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ അതി സൂക്ഷ്മമായി വരച്ചു വെക്കുകയും വലിയ ആശയങ്ങളെ ചില ചെറിയ വാക്കുകള്‍ കൊണ്ട് മായാജാലക്കാരനെപ്പോലെ വിടര്‍ത്തി പിടിക്കുകയും ചെയ്യുന്ന  എഴുത്തുകാരന്‍റെ വൈദഗ്ദ്യം വല്ലാതെ അതിശയിപ്പിക്കും.

ഏറെ ഗവേഷണങ്ങളും പഠനങ്ങളും നടത്തി എഴുതിയ ഈ നോവല്‍ കെട്ടുപോകുന്ന ഇക്കാലത്ത് ഒരുപാട് സമസ്യകള്‍ക്കുള്ള ഉത്തരമാണ്. വ്യക്തി ആയാലും സംഘടന ആയാലും രാഷ്ട്രമായാലും സ്വാര്‍ഥതകളിലേക്കും പരസ്പര ശത്രുതയിലേക്കും നീങ്ങുന്ന അസ്വസ്ഥമായ ഈ കാലത്ത് വായനകളിലൂടെയെങ്കിലും ചെറിയൊരു സ്വാസ്ഥ്യം ലഭിക്കുമെങ്കില്‍ അതൊരു ചെറിയ കാര്യമല്ല.


മലയാള നോവലിന്‍റെ വസന്തകാലമാണ്‌ ഇപ്പോള്‍ . അക്കൂട്ടത്തില്‍ എന്തുകൊണ്ടും വ്യത്യസ്തവും ശക്തവുമാണ് ഈ ‘ദൈവത്തിന്‍റെ പുസ്തകം’

6 comments:

  1. കയ്യില്‍ കിട്ടിയിട്ടില്ല..

    ReplyDelete
  2. ദൈവത്തിന്‍റെ പുസ്തകം .. പേര് തന്നെ രസമായിട്ടുണ്ട് :)

    ReplyDelete
  3. അടുത്താഴ്ച കിട്ടും... കാത്തിരിക്കുന്നു :)

    ReplyDelete
  4. വ്യത്യസ്തവും ശക്തവുമായ ഈ
    ‘ദൈവത്തിന്‍റെ പുസ്തകം’ അപ്പോൾ ഇനി വായിക്കണമല്ലോ

    ReplyDelete
  5. വായിക്കണമെന്നുണ്ട്‌.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ