Tuesday, December 8, 2015

തോറ്റുപോയവര്‍




അടച്ചിട്ട ഗേറ്റിനപ്പുറം നിരത്തില്‍, സ്കൂള്‍ വിട്ടു പോകുന്ന കുട്ടികളും പണികഴിഞ്ഞു വരുന്നവരും വെറുതെ നടക്കാനിറങ്ങിയവരും.......... ധൃതിപ്പെട്ടും ഒട്ടും തിരക്കില്ലാതെയും നീങ്ങുന്ന മുഖങ്ങളില്ലാത്ത കാലുകള്‍ നോക്കി  വെറുതെ ഇരുന്നു.

മൊബൈല്‍ഫോണ്‍  ചിലച്ചു  .....കുമാരേട്ടനാണ്. നേരത്തെ രണ്ടുപ്രാവശ്യം അങ്ങോട്ടു വിളിച്ചപ്പോഴും ഫോണ്‍  ബിസിയായിരുന്നു. പറയാന്‍ പുതിയ വിശേഷങ്ങളൊന്നും ഉണ്ടായിട്ടല്ല എന്നാലും ഈ വിളികള്‍ ഒരു ആശ്വാസമാണ്.

“നീയ് നേരത്തെ വിളിച്ചപ്പോ   ജോണിയായിരുന്നു  അപ്പുറം ........ഇന്നലെ  പെങ്ങടെ മിന്നുകെട്ടിന് കൂടാന്‍ പറ്റാത്ത സങ്കടം പറയുകയായിരുന്നു അവന്‍”

ചക്രക്കസേരക്ക് കുന്നിനുമുകളിലെ ചര്‍ച്ചിലേക്കുള്ള പടികള്‍ കയറാന്‍ കഴിയാത്തത് കൊണ്ട് പെങ്ങളുടെ മിന്നുകെട്ടിന് പോവാതെ വീട്ടിലിരിക്കേണ്ടിവന്ന ആങ്ങളയുടെ വേദന ഒരു പുതിയ വര്‍ത്തമാനമായിരുന്നില്ല. ഉറ്റവരുടെ മുന്നില്‍ കാണിക്കാതെ ഉള്ളില്‍ അമര്‍ന്നുപോകുന്ന നിലവിളികള്‍ ശീലമാക്കിയവരാണല്ലോ..................

“അനിയന്‍  ഇന്നാ മലക്ക് പോകുന്നത്.........അതിന്‍റെ തിരക്കാ വീട്ടില്‍....ബന്ധുക്കളും സ്വന്തക്കാരുമൊക്കെ  വന്നിട്ടുണ്ട്........... വിശേഷങ്ങള്‍ ചോദിക്കാനും സഹതപിക്കാനും കാഴ്ചക്കാര്‍ എമ്പാടും ഉണ്ടാകുമെന്നറിയുന്നതോണ്ട് കുളിച്ചു കുട്ടപ്പനായി ഇന്ന് ഇരിപ്പ് കോലായിലേക്ക് മാറ്റി ..”
കുമാരേട്ടന്‍ ചിരിച്ചു.
ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തനായ കുമാരേട്ടന്‍റെ ഉള്ളം നിരാശകൊണ്ട് തളരാറുണ്ട്. കല്ലും മുള്ളും കാലിന് മെത്തയാക്കി കറുപ്പുടുത്ത് മലചവിട്ടുന്ന സ്വാമിയാവാനും, പതിനെട്ടുപടികള്‍ ചവിട്ടിക്കയറി അയ്യപ്പനെ  ദര്‍ശിക്കാനും കുമാരേട്ടന് കഴിയില്ല.....നാട്ടില്‍ കുന്നുമ്പുറത്തെ അമ്പലം പോലും ദൂരെ നിന്ന് കാണുവാനേ വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ  കുമാരേട്ടന് യോഗമുള്ളൂ..


മുറ്റത്ത്  ഛില്‍ചില്‍ എന്ന് ബഹളം വെച്ച് കളിച്ചുകൊണ്ടിരുന്ന അണ്ണാറക്കണ്ണന്‍മാര്‍ ഗേറ്റിനു കീഴിലൂടെ പുറത്തേക്ക് ഓടിപ്പോയി. ഏറെനെരമായി മുറ്റത്തും തെങ്ങിലും ഒക്കെയായി അവരുടെ തിമാര്‍പ്പായിരുന്നു. അണ്ണാറക്കണ്ണനും   കിളികളും പൂച്ചയും   കോഴിയും........ അതിരുകളും തടസ്സങ്ങളും ഇല്ലാതെ  ഓടിപ്പറന്നു നടക്കുന്ന ഈ ജീവികളെ   നോക്കിയിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.
  

അങ്ങാടിയില്‍ പുതുതായി പണി തീര്‍ത്ത മസ്ജിദില്‍ നിന്ന് മഗ്രിബ് ബാങ്ക് വിളിച്ചു. ഒന്നരക്കോടിയാണ് പള്ളിയുടെ ചെലവ്. എന്നാലും എന്താ ഒരു പത്രാസ്. കോമ്പൌണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ടത്രേ. എ സി യുടെ തണുപ്പില്‍  പതുപതുത്ത കാര്‍പെറ്റില്‍ സുജൂദ് ചെയ്യാം..... നല്ല മുഴക്കമുള്ള സൌണ്ട് ബോക്സുകള്‍, ചുവരിലെ പെയിന്‍റിംഗിന്‍റെ ഭംഗി. വിലപിടിച്ച കര്‍ട്ടനുകള്‍.... വുളു എടുക്കാനുള്ള പൈപ്പുകളില്‍ നിന്ന് നുരപോലെ ചാടുന്ന, ... കാലുകഴുകാന്‍ അല്‍പം പോലും കുനിയാതെ പൈപ്പ് തുറന്നാല്‍ ഷവര്‍ പോലെ കാലില്‍ വീഴുന്ന വെള്ളം.... കൂട്ടുകാര്‍ പറഞ്ഞതാണ്.

എന്നിട്ടും ശരീരം  തളര്‍ന്നു പോയവന്‍  അവിടെയും പടിക്ക് പുറത്തുതന്നെ.... പടച്ചവന്‍റെ വീടും നിഷേധിക്കപ്പെടുന്ന പടപ്പുകള്‍....... ജമാഅത്ത് ആയി പള്ളിയില്‍ നിസ്കരിക്കാനും ജുമുഅയില്‍ പങ്കെടുക്കാനും നാട്ടുകാരെയൊക്കെ കാണാനും................. പള്ളിയുടെ അകം എങ്ങനെ എന്ന് പോലും കാണാത്തവന്‍റെ   മോഹങ്ങളൊക്കെ ചക്രക്കസേര ഉരുളുന്ന ഇടങ്ങള്‍ വരെ മാത്രമെന്ന് വെറുതെ ഓര്‍ത്തു.

 “ഹയ്യ  അല സ്വലാ....
ഹയ്യ അലല്‍ ഫലാഹ് ....”
നമസ്കാരത്തിലേക്ക് വരുവിന്‍
വിജയത്തിലേക്ക് വരുവിന്‍.

വിജയികളാകാന്‍ പള്ളിയിലേക്ക് നടന്നു പോകുന്നവരെ നോക്കി തോറ്റവനോ തോല്‍പ്പിക്കപ്പെട്ടവനോ എന്നറിയാതെ   നിസ്സഹായനായി അയാള്‍ ഇരുന്നു.

 ‘റബ്ബുല്‍ ആലമീനായ തമ്പുരാനേ........... ദുനിയാവിലെ സഞ്ചാരങ്ങളും സന്തോഷങ്ങളും  നിഷേധിക്കപ്പെടുന്ന ഞങ്ങള്‍ക്ക് മുന്നില്‍ നിന്‍റെ  ജന്നാത്തുല്‍ ഫിര്‍ദൌസിന്‍റെ വാതിലുകള്‍ തുറന്നു തരാന്‍ തടസ്സമുണ്ടാകരുതേ നാഥാ”
ഇടനെഞ്ചിലൊരു പ്രാര്‍ത്ഥന കനത്തു.

അന്നേരം സ്വര്‍ഗത്തിന്‍റെ സുഗന്ധമുള്ളൊരു  കാറ്റ് മരുന്നുമണക്കുന്ന ചുവരുകളെ തഴുകി കടന്നുപോയി. ആകാശച്ചോപ്പിലൊരു ഒറ്റക്കിളി  കൂടുംതേടി തിടുക്കപ്പെട്ട് പറന്നു.

9 comments:

  1. നഷ്ടങ്ങളുടെ വേദന നഷ്ടപ്പെടുന്നവർക്ക് മാത്രമേ അറിയൂ. എന്റെ ഒരു സുഹൃത്തിനു തൊണ്ടയിൽ കാൻസർ വന്നിട്ട് ഓപ്പറേഷൻ കഴിഞ്ഞു. ഇപ്പോൾ സംസാരിക്കാൻ കഴിയില്ല, രുചിയറിയുന്നില്ല, മണം അറിയുന്നില്ല, പച്ചക്കാന്താരി കൊടുത്താലും പഞ്ചസാര കൊടുത്താലും വ്യത്യാസമില്ലാതെയായി. അവന്റെ കുഞ്ഞുമകൾ അമ്മയോട് ചോദിക്കുമായിരുന്നു, "അമ്മേ, പപ്പയെന്താ മോളോട് മിണ്ടാത്തത്? പപ്പക്ക് മോളോട് പിണക്കമാണോ" എന്ന്. അത് കേൾക്കുമ്പോൾ അവന്റെ ദുഃഖം എങ്ങനെയാണു നാം അറിയുന്നത്

    ReplyDelete
  2. നഷ്ടം എന്നും നഷ്ടം തന്നെ..പകരം വെക്കാനില്ല.

    ReplyDelete
  3. പ്രാർത്ഥന മനസ്സിനെ ശാന്തമാക്കും. അതിന് ഏസിയും പതുപതുത്ത കാർപ്പറ്റുമൊന്നും ആവശ്യമില്ല. മുന്തിയ ടിക്കറ്റെടുത്ത് ദൈവത്തിന്റെ തൊട്ടടുത്തു നിന്നും പ്രാർത്ഥിക്കേണ്ടതുമില്ല.....!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇല്ലാതാവുമ്പോഴാണ് ഉള്ളതിന്റെ വില അറിയുന്നത് .ഇങ്ങനെയുള്ള നിസ്സഹായതകൾ എത്ര കഷ്ടമാണ്. പാവം

    ReplyDelete
  6. തോറ്റു പോകാൻ മനസ്സില്ലാത്തവരുടെ കഥ ... ഹൃദയത്തിൽ കൊണ്ട ഈ എഴുത്തിനു എന്റെ ആശംസകൾ.

    ReplyDelete
  7. നഷ്ടങ്ങള്‍ എന്നും നഷ്ടമാകുന്നവര്‍ക്ക് മാത്രം- ലോകം അപ്പോഴും മുന്നോട്ട്!

    ReplyDelete
  8. ഏതൊന്ന് ഇല്ലാതാകുമ്പോഴാണല്ലോ
    അതിന്റെ നഷ്ട്ടബോധം ശരിക്കും തൊട്ടരിയുന്നത്

    ReplyDelete
  9. 'പാവം' എന്നത് ആശ്വസിക്കൽ മാത്രമാണ് .
    നഷ്ടങ്ങളാണ് ജീവിതത്തിൽ ചില വലിയ പാഠങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നത്.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ