അറുനൂറ്റി മുപ്പത്തിയൊമ്പത് പേജുകളിലൂടെ വായിച്ചറിഞ്ഞത് ദുരിതത്തിന്‍റെ നരകക്കടല്‍ തുഴഞ്ഞൊരു പെണ്ണിന്‍റെ ജീവിതം മാത്രമല്ല. നമുക്ക് മുന്നില്‍ നാം കാണാതെ പോകുന്ന ഒരുപാട് ജീവിതങ്ങളെ കുറിച്ച് കൂടിയാണ്. ആരും എങ്ങും അടയാളപ്പെടുത്താതെ പോകുന്ന നിസ്സാര ജന്മങ്ങളെ കുറിച്ച്............
കയ്യിലെടുത്താല്‍ താഴെ വെക്കാന്‍ തോന്നാത്ത ഈ പുസ്തകത്തിന്‍റെ വായനയെ തടസ്സപ്പെടുത്തുന്നത് അമര്‍ത്തിപ്പിടിക്കുന്ന തേങ്ങലിനെ മറികടക്കുന്ന കണ്ണുനീര്‍ മാത്രമായിരിക്കും.....കാരണം ഇതൊരു നോവല്‍ മാത്രമല്ല ഒരു പെണ്‍കുട്ടി എഴുതിയ സ്വന്തം ജീവിതാനുഭങ്ങള്‍ കൂടിയാണല്ലോ എന്ന നടുക്കം അത്ര പെട്ടെന്നൊന്നും വായനക്കാരനെ വിട്ടു പോകില്ല..
ദാരിദ്ര്യവും വിശപ്പും മനുഷ്യനെ എത്രത്തോളം വിലയില്ലാത്തവനും അപഹാസ്യനുമാക്കുന്നുവെന്ന് ഈ പുസ്തകത്തിലെ ഓരോ വരികളും വിളിച്ചു പറയുന്നു. വാടകവീട്ടിലും തെരുവിലും തീവണ്ടിപ്പാതക്കരികിലും അനാഥാലയത്തിലും ഒക്കെയായി ജീവിക്കേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍..... പലപ്പോഴും നമുക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ആ ദുരിതം. എന്നാല്‍ നിസ്സംഗമായും പലപ്പോഴും ബഷീറിയന്‍ ഫലിതത്തിന്‍റെ മൂര്‍ച്ചയുള്ള ചിരിയുടെ അകമ്പടിയോടെയും നമുക്ക് മുന്നില്‍ അത് വരച്ചുവെക്കുമ്പോള്‍ സീരിയലുകളെ ജീവിതമെന്ന് സ്വയംവരിച്ച് കണ്ണീരൊഴുക്കുന്ന മലയാളി എത്രമേല്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് ചിന്തിച്ചു പോകുന്നു.
കേന്ദ്ര കഥാപാത്രമായ നായികക്ക് പേരില്ലെങ്കിലും ഏറ്റവും ചെറുതായി പരാമര്‍ശിക്കുന്ന ഒരു ജീവിതം പോലും പേര് പറഞ്ഞ് അടയാളപ്പെടുത്താന്‍ കഥാകാരി ശ്രദ്ധിക്കുന്നുണ്ട്. കാരണം അവരൊക്കെയും നമുക്ക് അപരിചിതമായ ജീവിതവും ലോകവുമാണ്.
നായികയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും ആഴത്തില്‍ പതിയുന്ന മറ്റ് കഥാപാത്രങ്ങളില്‍ ഉമ്മയായിരിക്കും മുന്നില്‍. ജീവിതത്തില്‍ സന്തോഷങ്ങള്‍ ഒന്നും അനുഭവിക്കാനാവാതെ ദുരിതം കുടിച്ചു വറ്റിച്ചൊരു ജന്മം.
“ഞാന്‍ നൂറ് തവണ മോനെ മോനേന്ന് വിളിച്ച് പിന്നാലെ നടന്ന്‍ന്....അപ്പളൊന്നും ഓന്‍ ഒരിക്കപോലും എന്ന ഉമ്മാന്ന് വിളിച്ച്റ്റില്ല....എന്ന്റ്റ്പ്പം എന്തിന്....?
മരിക്കുന്നതിനു മുമ്പ് അവര്‍ അവസാനമായി പറഞ്ഞ വാചകം. ആ ഒറ്റ വരിയിലുണ്ട് അവര്‍ അനുഭവിച്ച നിരാസത്തിന്‍റെ കയ്പ് മുഴുവനും.
ഇതിലെ ഓരോ കഥാപാത്രങ്ങളെയും എത്ര ശക്തമായാണ് വരച്ചു വെച്ചിരിക്കുന്നത് എന്നതിന് ഉദാഹരണമാണ് റുബിയ്യത്ത്.
ഒരു പേജില്‍ മാത്രമേ ഈ കഥാപാത്രം കടന്നു വരുന്നുള്ളൂ. മധുവിധുവിന്‍റെ ഏഴാം നാള്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയ ഭര്‍ത്താവിനെ ഓര്‍ത്ത് സമനില തെറ്റിയ പെണ്ണിനേയും കുഞ്ഞിനേയും നോക്കാന്‍ അയാള്‍ രണ്ടാമത് വിവാഹം കഴിച്ച സ്ത്രീ... ദൈവം ഏല്‍പ്പിച്ച പോലെ ഉത്തരവാദിത്തത്തോടെ, എല്ലാവരുടെയും എതിര്‍പ്പുകളെ തള്ളിക്കളഞ്ഞു കൊണ്ട് ആ ചുമതല നിറവേറ്റുന്ന, ഭര്‍ത്താവ് ലീവിന് വന്നാല്‍ ആദ്യഭാര്യയെ കുളിപ്പിച്ചൊരുക്കി കിടപ്പറയില്‍ കൊണ്ടാക്കി, ഭര്‍ത്താവിന്‍റെ മകളെയും ചേര്‍ത്തുപിടിച്ച് സോഫയില്‍ കിടന്നുറങ്ങുന്ന റുബിയ്യത്ത് ! ...
സരസ്വതിയുടെ ജ്യേഷ്ടത്തിയും, ജാനറ്റ് സിസ്റ്ററും, ഓമനേച്ചിയും........... ഇങ്ങനെ ഒരുപാട് കഥാപാത്രങ്ങള്‍ വായന കഴിഞ്ഞാലും നമ്മെ മഥിച്ചുകൊണ്ടിരിക്കും.
അനുഭങ്ങളുടെ കുത്തൊഴുക്കിലൂടെ കടന്നുപോകുമ്പോഴും എഴുത്തുകാരി ഇടക്ക് മാറിനിന്ന് ആത്മഗതം പോലെ നമ്മുടെ നാടിന്‍റെ, പൊതു സമൂഹത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മതത്തിന്‍റെ, അധികാരത്തിന്‍റെ ജീര്‍ണ്ണതകളെ നിശിതമായി പരിഹസിക്കുന്നുണ്ട്.
നോവല്‍ എന്ന നിലയില്‍ ഈ സൃഷ്ടിയുടെ സാഹിത്യഭംഗിയും ‘ആഖ്യയും ആഖ്യാദവും’ അളക്കാന്‍ മുഴക്കോലും മട്ടവും എടുക്കുന്നവരും, എഴുത്തിന്‍റെ രസതന്ത്രം എത്രത്തോളം കൃത്യമെന്നു ലിറ്റ്മെസ് പരിശോധന നടത്താന്‍ ഒരുമ്പെടുന്നവരും ചിലയിടത്തെങ്കിലും നെറ്റി ചുളിച്ചേക്കാം. എഴുത്തിന്‍റെ രുചിയും പാകവും നോക്കി ഇതില്‍ കയ്പും ഉപ്പുരസവും വല്ലാതെ കൂടിപ്പോയല്ലോ എന്ന് മുഖം കോട്ടുന്നവര്‍ ഓര്‍ക്കേണ്ടത്. അനുഭവങ്ങളുടെ കയ്പും കണ്ണീരിന്റെ ഉപ്പുമാണ് അത് എന്നാണ്.
താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ ഇന്നലെകളുടെ ആഡ്യത്വം തെളിയിക്കാന്‍ ആരോ പൊളിച്ചിട്ട പഴയ തറവാടുകളുടെ തൂണും വാതിലും കട്ടിലും കസേരയും ഓട്ടുവിളക്കും വാങ്ങി വെച്ച് ഞെളിയുന്ന നവകാല മലയാളിയുടെ അല്‍പത്വത്തിനു മുന്നില്‍ ഈ എഴുത്തുകാരി ഏറെ ആദരണീയയാകുന്നു. ഇത് എന്‍റെ ജീവിതമാണ് എന്ന് വിളിച്ചു പറയുക മാത്രമല്ല, ഈ പുസ്തകത്തിന്‍റെ റോയല്‍റ്റി എക്കാലത്തേക്കും തെരുവിലെ ബാല്യങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് അവര്‍ തെരുവ് ജീവിതങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു..
ഇത് ഒരു ആസ്വാദനക്കുറിപ്പല്ല. ഇഷ്ടപ്പെട്ടൊരു വായനാനുഭവത്തിന്‍റെ പങ്കുവെക്കല്‍ മാത്രം. ‘നടവഴിയിലെ നേരുകള്‍’ ഒരിക്കലും നഷ്ടമാവില്ല വായനക്കാരന്. ഒരു നോവല്‍ നല്‍കുന്ന വായനാ സുഖത്തേക്കാള്‍ നാം കാണാതെ പോകുന്ന കുറെ ജീവിതങ്ങളെ കുറിച്ചുള്ള ഒരു ശ്രദ്ധ ക്ഷണിക്കല്‍ ആണ് ഈ കൃതി. അതുകൊണ്ട് തന്നെ വായിച്ചു കഴിയുമ്പോള്‍ എന്തിനെന്നറിയാതെ ഒരു കുറ്റബോധം നമ്മെ നോവിച്ചു കൊണ്ടിരിക്കും.
നേരു പറയുന്ന പുസ്തകത്തിനേ പരിചയപ്പെടുത്തിയ നേരുള്ള നജീബ് ഭായിക്ക് ആശംസകൾ......
ReplyDeleteനല്ല വിവരണം .... കഥപത്രങ്ങള്‍ക്ക് മിഴിവു നല്‍കി കൊണ്ടുള്ള വിശകലനം.... ഫോട്ടോ ഇട്ടത് നന്നായി എളുപ്പത്തിൽ കണ്ടുപിടിക്കാം.... ഒരിക്കല്‍ കൂടി ആശംസകൾ നേരുന്നു......
നന്നായി പരിചയപ്പെടുത്തി. നോക്കട്ടെ ബുക്ക്.
ReplyDeleteനല്ല വിവരണം .
ReplyDeleteപരിചയപ്പെടുത്തല്‍ നന്നായി...
ReplyDeleteആശംസകള്‍
അസ്സൽ വിവരണം
ReplyDeleteതാന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍
ഇന്നലെകളുടെ ആഡ്യത്വം തെളിയിക്കാന്‍
ആരോ പൊളിച്ചിട്ട പഴയ തറവാടുകളുടെ തൂണും
വാതിലും കട്ടിലും കസേരയും ഓട്ടുവിളക്കും വാങ്ങി
വെച്ച് ഞെളിയുന്ന നവകാല മലയാളിയുടെ അല്‍പത്വത്തിനു
മുന്നില്‍ ഈ എഴുത്തുകാരി ഏറെ ആദരണീയയാകുന്നു.
നന്ദി ഈ പരിചയപ്പെടുത്തലിന്
ReplyDeleteപൊള്ളുന്ന നേരുകള്‍ തന്നെയാണ് ഈ പുസ്തകത്തില്‍. വായിച്ചു നജീബ്... പോസ്റ്റ് കാണാന്‍ വൈകി.
ReplyDelete