Wednesday, August 28, 2013

മനിതന്‍


മനിതന്‍എന്ന വാക്ക് ഏറെ മാസങ്ങള്‍ കഴിഞ്ഞിട്ടും എന്റെയുള്ളില്‍  ഇപ്പോഴും  ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നില്‍ക്കുന്നു. ഒരു അപരാധിയെ പോലെ മുഖം കുനിച്ച്,മുനിയപ്പ എന്ന വൃദ്ധനായ തമിഴന്‍റെ രൂപത്തില്‍.എല്ലാ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് തെറ്റും ശരിയും വിധിക്കുവാനും സദാചാരം പ്രസംഗിക്കുവാനും എത്രയെളുപ്പം എന്ന് പരിഹസിക്കും പോലെ......

മരുഭൂമിയിലെ മസറ*യില്‍ നിന്ന് ഏറെ ദൂരം താണ്ടി എല്ലാ മാസങ്ങളിലും അവസാന വെള്ളിയാഴ്ചകളിലാണ് മുനിയപ്പ  വരുന്നത്.ശമ്പളം നാട്ടിലേക്കയച്ച്, വീട്ടിലേക്ക് ഏറെ നേരം ഇന്റര്‍നെറ്റില്‍ ഫോണ്‍ വിളിച്ച് കഴിഞ്ഞ്  അയാള്‍ വൈകുന്നേരത്തോടെയാണ് എന്‍റെ കടയില്‍ എത്തുന്നത്.

എവിടെനിന്നോ സംഘടിപ്പിച്ച  പഴയ കുറെ ദിനതന്തിയും,’ആനന്ദ വികടനുംഒക്കെയുണ്ടാകും കക്ഷത്തില്‍.ചീകിയോതുക്കാത്ത നരച്ച മുടിയും കുറ്റിത്താടിയും,പഴയൊരു ദിശ്ദാശ*യും ധരിച്ച് മുനിയപ്പയെ  കണ്ടാല്‍ ഒരു ബദു*വിനെ പോലെ തോന്നിച്ചു.

ഒരു മാസത്തേക്ക് ആവശ്യമായ  കുറച്ചു ഇന്ത്യന്‍ പച്ചക്കറികളും,മസാലപ്പൊടിയും പിന്നെ നാല്  ബണ്ടില്‍ 'മുപ്പതാം നമ്പര്‍' ബീഡിയും വാങ്ങി ഇരുട്ടാവുമ്പോഴേക്കും തിരിച്ചു പോകുന്ന അയാള്‍ക്ക് ഇനി ഒരു മാസം പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ല.

മധുരയ്ക്ക് അടുത്തൊരു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലെ മൂത്ത സന്തതിയായ മുനിയപ്പ അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി,ദൂരെ പട്ടണത്തിലെ പച്ചക്കറി ചന്തയില്‍ ചുമടെടുപ്പുകാരനായാണ് ജീവിതം തുടങ്ങിയത്.എഴുത്തും വായനയും അറിയാവുന്നത് കൊണ്ട് പിന്നീട് അവിടെ കണക്കപ്പിള്ളയായി.ഗ്രാമങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികള്‍ക്ക് വില നിശ്ചയിച്ചും ലേലം വിളിച്ചും പകലും രാത്രിയും ചന്തയിലായിരുന്നു അയാളുടെ ജീവിതം.കിട്ടുന്ന വരുമാനത്തില്‍  വീട്ടിലേക്കയച്ചതില്‍ നിന്ന്  മിച്ചം പിടിച്ച് തങ്കച്ചിമാരുടെ ‘തിരുമണം’* മുടിച്ച ശേഷമാണ് അയാള്‍ കല്യാണം കഴിച്ചത്.

കുട്ടികള്‍ നാല് പിറന്നിട്ടും മുനിയപ്പയുടെ ചുമലില്‍ നിന്ന് കുടുംബഭാരം ഒഴിഞ്ഞിരുന്നില്ല.മാസത്തില്‍ രണ്ടോ മൂന്നോ ദിവസം വീട്ടിലെത്തുമ്പോള്‍ പതിനാറ് കഴിഞ്ഞ മൂത്ത മകളെയും തൊട്ടു താഴെ വളര്‍ന്നു വരുന്ന ഇളയ  പെണ്‍കുട്ടികളെയും ചൂണ്ടി പൊണ്ടാട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ അയാളുടെ ഉറക്കം കെടുത്തി.പൊന്നും പാത്രങ്ങളും കൊടുത്തു പെങ്ങന്മാരെ കെട്ടിച്ചുവിട്ട കടങ്ങള്‍ തന്നെ വീട്ടി തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഒരു കൂട്ടുകാരന്‍ എടുത്തു കൊടുത്ത വിസയില്‍ നാല്‍പതു വയസ്സ് കഴിഞ്ഞ ശേഷം ഇരുപതു കൊല്ലം മുമ്പ് മുനിയപ്പ കുവൈത്തില്‍ എത്തുന്നത്.തമിഴല്ലാത്ത മറ്റൊരു ഭാഷയും വഴങ്ങാത്ത മുനിയപ്പക്ക് കിട്ടിയത് അധികവും മരുഭൂമിയിലും മറ്റും സൈറ്റ് വര്‍ക്കുകള്‍.കേബിള്‍ ഇടാന്‍ നിലം കീറിയും,ലോഡിംഗ് അണ്‍ലോഡിംഗ് ജോലികള്‍ ചെയ്തും മുനിയപ്പയുടെ പ്രവാസ ജീവിതം മുന്നേറി.രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ നാട്ടില്‍പോയി.മക്കളുടെ ‘തിരുമണം’ കഴിച്ചു കൊടുത്തു.പേരക്കുട്ടികള്‍ പിറന്നു.ഏതൊരു സാധാരണ പ്രവാസിയേയും പോലെ ബാധ്യതകളും,പ്രാരാബ്ധങ്ങളുമായി മുനിയപ്പയുടെ മരുഭൂവാസം നീണ്ട് നീണ്ട്....
  
അഞ്ചു വര്‍ഷം മുമ്പ് ഇഖാമ പുതുക്കാന്‍ കൊടുത്ത എജന്റ്റ് പാസ്പ്പോര്‍ട്ടും പണവുമായി മുങ്ങിയതോടെ മുനിയപ്പ അനധികൃത താമസക്കാരനായി.പോലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ കൂടുതല്‍ സുരക്ഷിതത്വം ഉള്ള ഒരിടമെന്ന നിലയിലാണ് ഒഴിഞ്ഞ മരുഭൂമിയിലെ ഏതോ അറബിയുടെ കൃഷിയിടത്തില്‍ അയാള്‍  ജോലിക്കാരനായത്.

തക്കാളിയും,കക്കിരിയും,മല്ലിച്ചപ്പും കൃഷി ചെയ്തും പേരക്കുട്ടികളെ കളിപ്പിച്ച് നാട്ടില്‍ കൂടേണ്ട പ്രായത്തില്‍ കൂട്ടിലടച്ച കുറേ വളര്‍ത്തുപ്രാവുകളോടും,കോഴികളോടും കഥ പറഞ്ഞും മരുഭൂമിയില്‍ ഒരു വൃദ്ധന്റെ ഏകാന്ത വാസം.

പലപ്പോഴായി മുനിയപ്പ പറഞ്ഞ കഥകളില്‍ നിന്ന് കിട്ടിയതാണ് അയാളുടെ ജീവിതചിത്രം.എന്തിനാണ് ഇത്രയധികം ബീഡി എന്ന്‍ ഞാനൊരിക്കല്‍ ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു.

“തമ്പീ നൈറ്റിലെ തൂക്കം വരാമെ ഒണ്ടിയാ പടുക്കുമ്പോത് എന്നാ പണ്‍ട്രത്.....”

ഞാനത് സങ്കല്‍പ്പിച്ചു നോക്കി.നിലാവുള്ള രാത്രിയില്‍ കണ്ണെത്താദൂരം പരന്നു കിടക്കുന്ന മരുഭൂമിയില്‍ തന്‍റെ കൃഷിയിടത്തിലെ ടെന്റിനു മുന്നിലിട്ട കട്ടിലില്‍ ആകാശത്ത് ഒഴുകുന്ന മേഘങ്ങളെ നോക്കി ബീഡിയും വലിച്ചു കിടക്കുന്ന ഏകാന്തനായ മുനിയപ്പയുടെ ചിത്രം....

ചില ദിവസങ്ങളില്‍ നാട്ടിലേക്ക് വിളിച്ചതിന്‍റെ ഓര്‍മ്മയില്‍ ആയിരിക്കാം അയാള്‍ ഏറെ മൌനിയായിരിക്കും.ചിലപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കും

“തമ്പീ.......വാഴ്വിലെ നിമ്മതീനാ എന്നാ?...”
“പാലൈവനത്തിലെ പസുമൈ തേട്റത് തപ്പാ?”

ഉത്തരം നിര്‍ബന്ധമില്ലാത്ത ചോദ്യങ്ങള്‍.ചിലപ്പോള്‍ ഇതൊക്കെ അയാളുടെ ഉള്ളിലുയരുന്ന ഏതോ ചോദ്യങ്ങളുടെ ഉത്തരമാണെന്നു തോന്നിയിട്ടുണ്ട്.എന്തോ ഇതൊക്കെ ആയിരിക്കാം എനിക്ക് മുനിയപ്പയോട് അടുപ്പം തോന്നാന്‍ കാരണം.

കഴിഞ്ഞ മാസം അവസാന വെള്ളിയാഴ്ച.രാവിലെ നേരത്തേ  തന്നെ കടയില്‍ വന്ന മുനിയപ്പയെ കണ്ടു ഞാന്‍ അതിശയപ്പെട്ടു. ആളാകെ  മാറിയിട്ടുണ്ട്.മുടിവെട്ടിച്ച്,നരയൊക്കെ കറുപ്പിച്ച്,ഷേവ് ചെയ്ത് പഴയതെങ്കിലും വൃത്തിയുള്ള  ഷര്‍ട്ടും പാന്‍റും ധരിച്ച് ഇന്‍സൈഡ് ചെയ്ത് ...മാത്രമല്ല ഏറെ ഉത്സാഹത്തിലും ആണെന്ന് തോന്നി.

“എന്നാ മാപ്പിളെ ഊര്ക്ക് പോകറിയാ”  എന്ന് ഞാന്‍ തമാശ ചോദിച്ചപ്പോള്‍ “അപ്പടി ഒണ്ണുമില്ലൈ” എന്ന് മുനിയപ്പ ചെറിയൊരു നാണത്തോടെ ചിരിച്ചു.

മുനിയപ്പക്ക് എന്നോട്  എന്തോ ചോദിക്കാനുണ്ടെന്ന് അയാളുടെ ഭാവവും പരുങ്ങലും കണ്ടപ്പോള്‍ എനിക്ക് തോന്നി.കടയില്‍ അത്യാവശ്യം തിരക്കുണ്ടായത് കൊണ്ടാവാം അയാള്‍ മാറി നിന്നു.
തിരക്കൊഴിഞ്ഞ ശേഷം മുനിയപ്പ അടുത്തേക്ക് വന്നു. ഒച്ചതാഴ്ത്തി ചെറിയൊരു പരിഭ്രമത്തോടെ  എന്നോട് ചോദിച്ചു.

തമ്പീ...........ഇങ്കെ  കോണ്ടം* കെടയ്ക്കുമാ?” 

ഞാന്‍ അമ്പരന്നു പോയി. ഇത്രയും കാലം അയാളെ കുറിച്ചുണ്ടായിരുന്ന മതിപ്പൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതായി .പരട്ടക്കിളവന്‍.....ഇതിനാണോ ഇയാള്‍  രാവിലെ തന്നെ ഈ വേഷം കെട്ടി വന്നത്. ആലോചിച്ചപ്പോള്‍ എനിക്കയാളോട് വല്ലാത്ത പുച്ഛം തോന്നി. എന്റെ മറുപടി ഒട്ടും മയത്തിലായിരുന്നില്ല.

“അതെല്ലാം ഇങ്കെ വിക്കറതില്ലൈ”

വര്‍ഷങ്ങളായി ഞാനും അയാളുമായുള്ള സൗഹൃദം ഒരു കച്ചവടക്കാരനും കസ്റ്റമറും എന്ന നിലയില്‍ ആയിരുന്നില്ല. അത് കൊണ്ട് തന്നെ എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“എങ്കിട്ടെ ഇത് കേക്കറ്ത്ക്ക് ഉനക്ക് വെക്കമില്ലയാ?”

അയാള്‍ ചമ്മലോടെ പുറത്തേക്കു പോയി.എനിക്കെന്തോ വല്ലാത്ത അരിശം തോന്നി.ഒരു പച്ചപ്പാവമായി ഞാന്‍ കരുതിയ ഇയാളും.....

അല്‍പ്പം കഴിഞ്ഞു അയാള്‍ വീണ്ടും വന്നു. അയാളുടെ മുഖം കുനിഞ്ഞും നേരത്തെ ഉണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെട്ടും കണ്ടു.വന്ന പാടെ എന്റെ കൈ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.

“തമ്പീ ഒണ്ണും നെനക്കാതെ ......മനിതന്‍ താനേ”

ഇതും പറഞ്ഞ്  എനിക്ക് മുഖം തരാതെ മുനിയപ്പ വേഗം ഇറങ്ങിപ്പോയി.

അല്‍പ നിമിഷം വേണ്ടി വന്നു എനിക്കാ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍.അതെ അയാളും ഒരു മനുഷ്യനാണ്.വര്‍ഷങ്ങളായി നാട്ടില്‍ പോകാതെ മരുഭൂമിയില്‍ ഏകാന്തനായി ജീവിതം കഴിച്ചു കൂട്ടുന്ന ഒരു മനുഷ്യന്‍.കാലങ്ങളായി യന്ത്രം പോലെ പണിയെടുത്ത് ആയുസ്സ് തീരാറായെങ്കിലും അയാളും വികാരവിചാരങ്ങളുള്ള പച്ച മനുഷ്യനാണ്.ദുര്‍ബലനും ചപലനുമായ വെറും മനുഷ്യന്‍.സദാചാരത്തിന്റെ അളവുകോല്‍ വെച്ച് അയാളെ വിധിക്കാന്‍ ഞാനാര്?

എനിക്ക് കുറ്റബോധം തോന്നി. മുനിയപ്പയെ തിരിച്ചു വിളിച്ച് എന്തെങ്കിലും തമാശ  പറഞ്ഞ് അയാളുടെ ഉള്ളിലെ കലക്കം മാറ്റണം എന്ന് കരുതി ഞാന്‍ കടയുടെ പുറത്തിറങ്ങി നോക്കിയെങ്കിലും അയാള്‍ അവിടെയൊന്നും ഉണ്ടായിരുന്നില്ല.

പിന്നീടൊരിക്കലും അയാളെ ഞാന്‍ കണ്ടിട്ടില്ല.നിലാവുള്ള രാത്രികളില്‍ മേഘങ്ങള്‍ ഒഴുകുന്ന വാനത്തിന്‍ ചോട്ടില്‍.പരന്നുകിടക്കുന്ന മരുഭൂമിയിലെ തക്കാളിയും,കക്കിരിയും വിളഞ്ഞു നില്‍ക്കുന്ന തന്റെ തോട്ടത്തില്‍,ടെന്റിനു മുന്നിലിട്ട  കട്ടിലില്‍ മുപ്പതാം നമ്പര്‍ ബീഡിയും വലിച്ച് ഇപ്പോഴും ഒറ്റയ്ക്ക് ഉറക്കം വരാതെ കിടക്കുന്നുണ്ടാകുമോ?................മുനിയപ്പയെന്ന പാവം മനിതന്‍.
-------------------------------------------------------------------------------
മസറ=കൃഷിയിടം
ദിശ്ദാശ=അറബികളുടെ നീളന്‍ കുപ്പായം
ബദു=കാട്ടറബി
തിരുമണം=വിവാഹം 
പാലൈവനം= മരുഭൂമി
പസുമൈ=പച്ചപ്പ്‌
കോണ്ടം=ഗര്‍ഭനിരോധന ഉറ


ബഹറിന്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ സസ്നേഹം ആഴ്ചപ്പതിപ്പില്‍ 6/02/2014  ല്‍ പ്രസിദ്ധീകരിച്ചത് 

16 comments:

  1. മുനിയപ്പ എന്ട്ര മനിതനിൻ സ്റ്റോറി പടിച്ചാച്ച്. റൊമ്പ നല്ലാരുക്ക് തമ്പീ. അന്ത ആളെ കടവുൾ കാപ്പാത്തട്ടും.

    ReplyDelete
  2. നന്നായിട്ടുണ്ട്.............KEEP IT UP

    ReplyDelete
  3. നന്നായി എഴുതിയിരിക്കുന്നു, പാലൈവനം പോലുള്ള തമിള്‍ വാക്കുകള്‍ക്കു പരിഭാഷ കൊടുത്തത് നന്നായി

    ReplyDelete
  4. മനിതനെ വായിച്ചു... അല്ല...; ഒരു ബിഗ്‌ സ്ക്രീനിൽ എന്ന പോലെ കാണുകയായിരുന്നു... അമാനുഷികമായതൊന്നും ഇല്ലാതിരുന്നിട്ടും വരികൾക്കൊപ്പം സഞ്ചരിക്കുക തന്നെ ആയിരുന്നു... അസാധാരണമായതോന്നും പറയുന്നില്ലെങ്കിൽ കൂടി ലയിച്ചിരിക്കുകയായിരുന്നു...

    മനുഷ്യൻ ... നൈമിഷികമായെങ്കിലും ദൗർബല്യങ്ങൾ വേട്ടയാടപ്പെടാത്ത മനുഷ്യർ ഇല്ല... സദാചാരത്തിന്റെ അളവ് കോലുകളാൽ സമൂഹം കടിച്ചു കീറുന്ന ഒട്ടുമിക്ക മനുഷ്യരും സാഹചര്യങ്ങളുടെ സമർദ്ധങ്ങളെ അതിജീവിക്കാൻ കഴിയാതെ പോയ നിസാഹയരാണ്...

    നിമിഷാർദ്ധ നേരത്തെ കൈപ്പിഴ കൊണ്ട് നഷ്ടമാകുന്നത് അത്രയും കാലം സഹനം കൊണ്ടും ക്ഷമ കൊണ്ടും കർമ്മം കൊണ്ടും അവർ കെട്ടിപ്പടുത്ത സല്പ്പേരുകൾ ആവാം... നമുക്കൊക്കെ ഉള്ളിൽ ഉള്ള സദാചാരത്തിന്റെ അളവ് കോലിനെ ഒരു പുനർരൂപീകരണത്തിന് വിധേയമാക്കുവാൻ തക്കവണ്ണം സന്ദേശം നൽകുന്നുണ്ടീ വരികൾ ...

    ** തമിഴിലെ സംസാരങ്ങൾക്ക് അവയോടു ചേർന്ന് തന്നെ ബ്രാക്കറ്റിൽ മലയാളം അർഥം നൽകുമെങ്കിൽ വായന കുറച്ചു കൂടി ലളിതമായേനേ... ആ സംസാര ശകലങ്ങൾക്ക് അടുത്തെത്തുമ്പോൾ വായനയിലെ ഒഴുക്ക് നഷ്ടപ്പെടുന്ന പ്രതീതി ഉണ്ടാകുന്നു...!

    ** ബ്ലോഗ്ഗിലെ ഫോണ്ട് മാറ്റിയാൽ വായന കുറച്ചു കൂടി രസകരമാവും എന്ന അഭിപ്രായം ഉണ്ട്...

    കൂടുതൽ പ്രതീക്ഷിക്കുന്നു...

    ReplyDelete
  5. നല്ല എഴുത്ത്
    ഒരു വല്ലാത്ത എഴുത്താണല്ലൊ, കൂടെ സഞ്ചരിച്ചൂ

    ആശംസകൾ

    ReplyDelete
  6. കൊള്ളാം
    ആ പരിഭാഷ കൊടുത്തില്ലെങ്കിൽ കുഴഞ്ഞേനേ..

    ReplyDelete
  7. ജീവിത യാഥാർഥ്യങ്ങൾ ഒരാളെ കൊണ്ടും മാറ്റാനൊക്കില്ല ,മനുഷ്യൻ എത്ര സദാചാരത്തിൽ നടന്നാലും ഒരേ ഒരു നിമിഷത്തെ മനസ്സിന്റെ ചാഞ്ചാട്ടത്തിൽ ഏതൊരാളുംഅത് വരെയുള്ള തന്റെ സദാചാര ചിന്തകളെ മാറ്റും /മറക്കും .അത് മനുഷ്യ സാഹചമാണ് .നമ്മളാരും അതിൽ നിന്നും മുക്തരല്ല.അതാണ്‌ ജീവിതം..മുനിയപ്പയെ വളരെ നെഞ്ചോട് ചേര്ത്ത എഴുത്ത്. ഭാവുകങ്ങൾ നജൂ...

    ReplyDelete
  8. ഹൃദയസ്പര്‍ശിയായ എഴുത്ത്.
    മനിതന്‍ താനേ..!!

    ReplyDelete
  9. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  10. ഒരു മനുഷ്യന്റെ ആത്മാവും, അതിന്റെ നൊമ്പരങ്ങളും ശക്തവും സൗമ്യവുമായ ഭാഷയില്‍ പകര്‍ത്തിവെച്ചിരിക്കുന്നു. നജീബ് പരിചയപ്പെടുത്തിയ ആ തമിഴ് വൃദ്ധനെ ഇനി മറക്കാനാവില്ല......

    ReplyDelete
  11. നജീബ് ... താങ്കളുടെ പേര് ആടുജീവിതം ഓർമ്മപ്പെടുത്തി ; എങ്കിലും ഇതൊരു വല്ലാത്ത എഴുത്ത് തന്നെ.... കൂടെ യാത്ര ചെയ്തു.... മനിതൻ താനെ ...... നന്നായി ഇഷ്ടമായി

    ReplyDelete
  12. ഒരിക്കലും മരിക്കില്ല ആസക്തികള്‍ !

    ReplyDelete
  13. ഇതൊക്കെ തന്നെയാണ് പ്രവാസം

    ReplyDelete
  14. ഇതൊക്കെ തന്നെയാണ് പ്രവാസം

    ReplyDelete
  15. ഇതൊക്കെ തന്നെയാണ് പ്രവാസം .നന്നായിട്ടുണ്ട്ട്

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ