നാട്ടിലെത്തിയതിന്‍റെ മൂന്നാമത്തെ, ദിവസം വീടിനു പുറത്ത് അയല്‍പക്കത്തുള്ള
സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഇറങ്ങി ചെന്ന് നോക്കിയത്.അടുത്ത
വീട്ടിലെ അയിശൂച്ചയും,സുമതിയും,മറിയവും,കല്യാണിയമ്മയുമൊക്കെ ഉണ്ട്.കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടല്ലോ...
“കുഞ്ഞിമ്മോനെ ഇഞ്ഞറിയ്വോ....പെരാന്തന്‍ കീരി ഉണ്ടോലെ...”
അയിശൂച്ച എന്നെ കണ്ടതും സംഗതി
വിവരിച്ചു. ഭ്രാന്തന്‍ നായ,ഭ്രാന്തന്‍ കുറുക്കന്‍ എന്നൊക്കെ കേട്ടിട്ടുണ്ട്.ഇതിപ്പോ ആദ്യമായാണ്
ഭ്രാന്തന്‍ കീരി എന്ന് കേള്‍ക്കുന്നത്.
“ഇമ്മളെ അങ്ങ്ട്ടേലെ അയിശേച്ചാന്‍റെ പയ്യിന്‍റെ മൊകത്ത് മാന്തീക്ക്
പൊലെ..മൂത്താപ്പാന്‍റെ ആടിനെ കടിച്ച്....കുഞ്ഞവുള്ളന്‍റെ മില്ലിലേക്ക് പാഞ്ഞ് കേറി
മേത്തേക്ക് ചാടാന്‍ നോക്ക്യപ്പോ ഓന്‍ കയ്യിലുള്ള ഗോതമ്പിന്‍റെ സഞ്ച്യോണ്ട്
അടിച്ച് പായിച്ചോലെ ........”
വീട്ടില്‍ പാല് തരുന്ന ആയിശച്ച അന്ന്
വൈകുന്നേരം സങ്കടത്തോടെ വീട്ടുകാരിയോട് വന്നു പറഞ്ഞു.
“മോളെ....ഇനി കുറച്ചു ദിവസത്തേക്ക് പാലുണ്ടാവൂല....പയ്ക്ക്
മൃഗാസ്പത്രീലെ ഡോക്ടറ് വന്ന് സൂചി വെക്കുന്നുണ്ട്....പാല് കുടിക്കുന്നെയില്
കൊയപ്പം ഒന്നൂല്ലാന്ന് അയാള് പറഞ്ഞ്.എന്നാലും എങ്ങനാ.......അതോണ്ട് നാപ്പത് ദെവസം കയ്യണം......”
ടിന്ന്പാലും,പാല്‍പ്പൊടിയും
ഇഷ്ടമില്ലാത്തത് കൊണ്ട് കട്ടന്‍ ചായ ശീലമാക്കിയവന്‍റെ ,നാട്ടില്‍
വന്നാല്‍ മാത്രമുള്ള പാല്‍ച്ചായ എന്ന ‘അഹങ്കാരം’ അതോടെ നിന്ന്
കിട്ടി.
അടുത്ത ദിവസങ്ങളിലായി കൂടുതല്‍ വാര്‍ത്തകള്‍.
സംഗതി ഗൌരവമുള്ളത് തന്നെ പല വീടുകളിലും കീരി പശുവിനെയും ആടുകളെയും കടിക്കുകയും
മാന്തുകയും ചെയ്തിട്ടുണ്ട്.അതും മുഖത്ത് തന്നെ.ആളുകളുടെ നേരെ ചാടി കടിക്കാന്‍
നോക്കി,വീട്ടു
കോലായിലേക്ക് ശരം വിട്ട പോലെ പാഞ്ഞുകയറി അവിടെ ഇരുന്ന ആളെ കടിച്ചു, .....ഇങ്ങനെ കീരിവിശേഷങ്ങള്‍
പേടിപ്പെടുത്തുന്ന രീതിയില്‍ പെരുകുകയാണ്.....
ഞങ്ങളുടെ ചുറ്റുവട്ടത്ത് പശുവോ,ആടോ ഇല്ലാത്ത
വീടുകള്‍ അപൂര്‍വ്വം. പല വീട്ടുകാരുടെയും പ്രധാന വരുമാനമാര്‍ഗ്ഗവും അതാണ്. കീരിയെ
പേടിച്ച് പശുവിനെയും ആടിനെയും വീട്ടിനകത്താക്കി പോറ്റാനാവുമോ? ഭ്രാന്തന്‍ നായ ആയിരുന്നെങ്കില്‍ നിറവും
അടയാളങ്ങളും കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു..ഇതിപ്പോള്‍ കീരികളെ എങ്ങനെ
തിരിച്ചറിയാനാണ് എല്ലാം ഒരുപോലെയല്ലേ.
ആളുകള്‍ക്കൊക്കെ
പേടിയായി തുടങ്ങി.പുലര്‍ച്ചെ സുബ്ഹി നിസ്കരിക്കാന്‍ പള്ളിയില്‍
പോകുന്നവരും.സൊസൈറ്റിയില്‍ പാലളക്കാന്‍ പോകുന്ന പെണ്ണുങ്ങളും,സ്കൂള്‍
കുട്ടികളും ഒക്കെ വെവലാതിയിലാണ്.പലരും മരക്കമ്പ് കയ്യില്‍ കരുതിയാണ് നടപ്പ്.എവിടെ
വെച്ചാണ് ഭ്രാന്തന്‍ കീരി ചാടി വീഴുക എന്നറിയില്ലല്ലോ. കീരിയുടെ നിഴല്‍ കണ്ടാല്‍
പോലും കല്ലെറിഞ്ഞ് ഓടിച്ചു. മാളങ്ങള്‍ മണ്ണിട്ട് തൂര്‍ത്തു.
ഒരു കീരിക്ക് മാത്രമാണോ ഭ്രാന്ത് അതല്ല
ഒരുപാട് കീരികള്‍ ഭ്രാന്തിളകി നടപ്പുണ്ടോ എന്നൊന്നും ഒരു പിടിയും ഇല്ല.ഞങ്ങളുടെ പ്രദേശത്ത്
മാത്രമല്ല പല ഇടങ്ങളിലും ഇങ്ങനെ
ഭ്രാന്തന്‍ കീരി ഉണ്ടത്രേ.
കീരികള്‍ ഈ ഭാഗത്ത് ഇഷ്ടം പോലെയുണ്ട്.എന്‍റെ വീട്ടുവളപ്പില്‍ തന്നെ
മതിലിനരികില്‍ കീരിയുടെ ധാരാളം മാളങ്ങളുണ്ട്. രാവിലെ ഒരു എട്ടുമണി കഴിഞ്ഞാല്‍
തള്ളക്കീരിയും കുട്ടികളും വാലേ വാലേയായി ഗെയ്റ്റ് കടന്നു പോകുന്നതും വൈകീട്ട് അതേ
പോലെ തിരിച്ചു വരുന്നതും നാട്ടിലുള്ളപ്പോഴൊക്കെ ഞാന്‍ സ്ഥിരമായി
കാണുന്നതാണ്.വീടിനു മുന്നിലെ റോഡിനു നടുവില്‍ ചെന്ന് നിന്ന് ഒന്ന് തലപൊക്കി
ചുറ്റും നോക്കി പിന്നെയും ധൃതിയില്‍ തലതാഴ്ത്തി
തിരക്കിട്ട് പോകുന്നത് കാണാം.പോക്കും വരവും എപ്പോഴും ഗെയ്റ്റിലൂടെ മാത്രം.
മുറ്റത്തിന്‍റെ അരികുപറ്റി ആരോ വിളിച്ചിട്ട് വളരെ അത്യാവശ്യമായി പോകുന്നപോലെയാണ്
മൂപ്പരുടെ നടപ്പ്.
പക്ഷെ ഈ പ്രാവശ്യം നാട്ടില്‍
വന്നപ്പോള്‍ ഒറ്റ കീരിയെയും കണ്ടില്ലല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.അടുത്ത
ദിവസങ്ങളിലൊക്കെയും കീരിക്കഥകള്‍ പുതിയത് പുതിയത് കേള്‍ക്കുമ്പോഴും കീരികളെ പരിസരത്തൊന്നും കാണാനുണ്ടായിരുന്നില്ല.ഇത്രയും കാലം യഥേഷ്ടം സഞ്ചരിച്ചിരുന്ന കീരികളെ ഞങ്ങള്‍ക്ക് പാമ്പിനെക്കാളും പേടിയായി തുടങ്ങി.
എന്നാലും കീരിക്ക് എങ്ങനെ ഭ്രാന്തായി.
നാട്ടിലെ സകലമാന കീരികള്‍ക്കും ഭ്രാന്തിളകിയാല്‍ എന്താവും സ്ഥിതി. പട്ടാളത്തെ
ഇറക്കേണ്ടി വരില്ലേ? ഞങ്ങള്‍ ആലോചിച്ചിട്ട് ഒരു എത്തും
പിടിയും കിട്ടുന്നില്ല.
ഇന്നലെ ഞായറാഴ്ച. മക്കള്‍ സ്കൂള്‍
ഇല്ലാത്തത് കൊണ്ട് വീട്ടിലുണ്ട്.കുറേ നേരമായി വീട്ടിനകത്ത് അവരുടെ ഒച്ചയും
അനക്കവും ഒന്നും കേള്‍ക്കാഞ്ഞപ്പോള്‍ വിളിച്ചു നോക്കി.അവര്‍ വീട്ടിനകത്തില്ല
.കീരിപ്പേടി തുടങ്ങിയത് മുതല്‍ അവരെ പറമ്പില്‍ കളിക്കുന്നത് വിലക്കിയതാണ്.എന്നാലും
തഞ്ചം കിട്ടിയാല്‍ അങ്ങോട്ട് ഓടും എന്ന് അറിയുന്നത് കൊണ്ട്.ചെന്ന്
നോക്കി.പറമ്പിലെ മാവിന്‍ ചുവട്ടില്‍ അവര്‍ സ്ഥിരമായി കളിക്കുന്നിടത്ത് നിന്ന്
ചെറിയ ചിരിയും വര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്.അങ്ങോട്ട് ചെന്നതും ഞാന്‍
ഞെട്ടിപ്പോയി.ഈ ചിരിയും വര്‍ത്തമാനവും ഒക്കെ ഒരു കീരിയോടാണ്!
എന്നെ കണ്ടതും അവര്‍ ഒരു കള്ളം കണ്ടു
പിടിച്ചപോലെ പരിഭ്രമിച്ചു.മോള് പറഞ്ഞു
“ഉപ്പാ...ഈ കീരി ഒരു പാവാ...ഇത് പെരാന്തന്‍ കീരി അല്ല”.
കീരിയെ ഓടിക്കാന്‍ ഞാന്‍ ഒരു കല്ല്
തിരയവെ....
“ഡോ..........എനിക്ക് ഭ്രാന്തില്ലെടോ താന്‍ വെറുതെ ബേജാറാവണ്ട “
.അമ്പരന്നു പോയ എന്നെ നോക്കി കീരി
ചിരിച്ചു.
“പേടിക്കണ്ട ....ഈ കുട്ടികളെ
എനിക്കിഷ്ടാ ....ഞങ്ങള് കുറെ ആയി നല്ല കൂട്ടാ”
കീരി സംസാരിക്കുകയോ! കേട്ടുകേള്‍വി ഇല്ലാത്ത ഈ അതിശയത്തിനു
മുന്നില്‍ ഞാന്‍ അന്തം വിട്ടു.
“ങാ ഉപ്പാ.... ഈ കീരി ഞാളെ ഫ്രണ്ടാ”
മോന്‍ ശരിവെച്ചു.വെറുതെയല്ല സാധാരണ
ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിക്കുന്ന മക്കള്‍ ഈ
പ്രാവശ്യം ഞാന്‍ ഇതുവരെ കേള്‍ക്കാത്ത പുതുമയുള്ള കഥകള്‍ പലതും ഇങ്ങോട്ട് പറഞ്ഞു
തന്നത്.
മക്കളുടെ കൂട്ടുകാരന്‍ എന്ന നിലയില്‍
ഞാന്‍ കീരിയോട് കുശലപ്രശ്നം നടത്തി. ഒരു
അവസരം കിട്ടിയസ്ഥിതിക്ക് ഞാന്‍ ഒറ്റ
ശ്വാസത്തില്‍ ഇങ്ങനെ ചോദിച്ചു.
“ശരിക്കും
എന്താണ് നിങ്ങള്‍ക്ക് പറ്റിയത്.ഈ കാലം വരെ
ഇല്ലാത്ത കാര്യമാണല്ലോ ഇതൊക്കെ.എന്താണിതിന്റെ സത്യം.?”
“ഭ്രാന്തിന്‍റെ കാര്യാണോ” കീരി വല്ലാത്ത
ഒരു ചിരി ചിരിച്ചു.
“എടോ ചങ്ങാതീ സകലമാന കുന്നും പറമ്പും
കിളച്ച് നിങ്ങള്‍ വീടുണ്ടാക്കുന്നു.മണ്ണെടുക്കുന്നു,കല്ല് വെട്ടുന്നു.നാല് സെന്റ് സ്ഥലത്ത് വീട്
വെച്ചവനും മുറ്റം നിറയെ സിമന്‍റ്കട്ട പതിക്കുന്നു.....പറ ഞങ്ങള്‍ എങ്ങോട്ട് പോകും”
എനിക്ക് ഉത്തരമില്ലായിരുന്നു.
“മരുന്നിനു പോലും ഒരു കോഴിയെ കിട്ടാനില്ല.....ചേരയും പാമ്പുമൊക്കെ
ഞങ്ങളെക്കാളും മുമ്പേ കുടിയിറങ്ങി.....ചുരുക്കിപ്പറഞ്ഞാല്‍ ഭക്ഷണവും കിടപ്പാടവും
ഇല്ലാണ്ടായാല്‍ ആര്‍ക്കാടോ സമനില തെറ്റാത്തത്.”
കീരിയാണെങ്കിലും പറയുന്നത്
കാര്യമാണല്ലോ എന്ന് ഞാന്‍ ചിന്തിച്ചു.
“അങ്ങനെ സമനില തെറ്റിപ്പോയ ഏതോ ഒരു കീരി.കാട്ടിക്കൂട്ടിയ പരാക്രമം... അതിനാണ് ജന്മ ശത്രുക്കളെ
പോലെ കല്ലും വടിയുമായി നിങ്ങള്‍ ......... ഉള്ള മാളങ്ങള്‍ കൂടി നിങ്ങള്‍ മണ്ണിട്ട്
തൂര്‍ത്തു”
അതും പറഞ്ഞു നിര്‍ത്തി കീരി ഒരു പാട്ട് പാടാന്‍ തുടങ്ങി
“കീരീ കീരീ കിണ്ണം താ
കിണ്ണത്തിലിട്ടു കുലുക്കിത്താ
കല്ലും മണ്ണും പോക്കിത്താ ...”
ഇത്രയും പാടി നിര്‍ത്തിയ ശേഷം
ചോദിച്ചു.
“ചെറുപ്പത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു
പാട്ടല്ലായിരുന്നോ ഇത്.ഇപ്പോഴും നിങ്ങള്‍ മറക്കാത്ത പാട്ട് “
ശരിയാണ് ഉമ്മ എനിക്ക് പാടിത്തന്ന
പാട്ട്. എന്‍റെ മക്കള്‍ക്ക് ഞാന്‍ പാടിക്കൊടുക്കുന്ന പാട്ട്.
“ഓരോ പല്ല് കൊഴിയുമ്പോഴും ‘എന്‍റെ പല്ല് കീരിക്കും കീരിന്‍റെ പല്ല് എനിക്കും’ എന്ന് പറഞ്ഞ്
പുരപ്പുറത്തേക്ക് പല്ല് വലിച്ചെറിഞ്ഞ് നിങ്ങള്‍ കീരിയുടെ പല്ല് വരാന്‍
കാത്തിരുന്നത് മറന്നുപോയോ”
എങ്ങനെ മറക്കും കീരി പല്ലുമായി
വരുന്നതിന്‍റെ കഥകള്‍ ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എത്ര പറഞ്ഞതാണ് ഞങ്ങളുടെ
ഭാവനപോലെ.
“കര്‍ഷകന്‍റെ കുഞ്ഞിനെ പാമ്പില്‍ നിന്ന് രക്ഷിച്ച് ആഹ്ലാദത്തോടെ കാത്ത് പടിക്കല്‍ നിന്ന കീരിയെ തെറ്റിദ്ധരിച്ച്
തല്ലിക്കൊന്ന കര്‍ഷകന്‍റെയും കീരിയുടെയും കഥ കേട്ട് കരച്ചില്‍ വരാത്ത ആരെങ്കിലും
ഉണ്ടായിരുന്നോ..”
കീരിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍
ഞാന്‍ മിണ്ടാനാവാതെ ഇരുന്നു.
“ഒക്കെ നിങ്ങള്‍ മനുഷ്യര്‍ മറന്നു..”
കീരി അതും പറഞ്ഞ് എഴുന്നേറ്റു.മക്കളോട്
യാത്ര പറഞ്ഞു പുറത്തേക്കു നടന്നു.ഒരു നിമിഷം തിരിഞ്ഞു നിന്ന് എന്നെ നോക്കി പറഞ്ഞു.
“വാ ...പറയാനുണ്ട്”
ഞാന്‍ കീരിയോടൊപ്പം ചെന്നു. കീരി എന്‍റെ
നേരെ തിരിഞ്ഞു.
“ഒരു കാര്യം ചോദിക്കട്ടെ. മൃഗീയം എന്ന
വാക്കുകൊണ്ട് നിങ്ങള്‍ മനുഷ്യര്‍ ഉദേശിക്കുന്നത് എന്താ?”
“ഒട്ടും ബുദ്ധിയും വിവേചനവും ഇല്ലാതെ
കരുത്തുകൊണ്ട് എന്ത് ക്രൂരതയും ചെയ്യുന്നതിനെ...”
ഞാന്‍ അല്പം പരുങ്ങലോടെ പറഞ്ഞു.
“മനുഷ്യത്വം എന്ന് പറഞ്ഞാലോ?” കീരിയുടെ
അടുത്ത ചോദ്യം.
“സ്നേഹം,ദയ,സഹാനുഭൂതി,മറ്റുള്ളവരോട്
ചെയ്യുന്ന നന്മ...ഇതൊക്കെ ....”
പറഞ്ഞത് പൂര്‍ണ്ണമായോ എന്ന ശങ്കയോടെ
ഞാന്‍ നിര്‍ത്തി.
“സമ്മതിച്ചു....മനുഷ്യത്വത്തിന്‍റെ
വിപരീതമാണ് ചുരുക്കത്തില്‍ മൃഗീയം.... പിന്നെന്തിനാടോ ഞങ്ങടെ കൂട്ടത്തില്‍ ഒരുത്തന്‍ ആരെയെങ്കിലും
പിച്ചുകയോ മാന്തുകയോ ചെയ്യുമ്പോഴേക്കും നിങ്ങള്‍ മനുഷ്യന്മാര്‍ ഞങ്ങടെ സകലരുടെയും
പിന്നാലെ കല്ലും വടിയുമായി ഇറങ്ങുന്നത്...ശരിക്കും അത് ഞങ്ങളുടെ സ്വഭാവത്തിന്‍റെ
ഭാഗമല്ലേ?”
എനിക്ക് ഉത്തരമില്ലായിരുന്നു.കീരി
തുടര്‍ന്നു.
“എല്ലാ നല്ലകാര്യങ്ങളും നിങ്ങള്‍
മനുഷ്യത്വം എന്ന വിശേഷണം ചേര്‍ത്ത് മഹത്തരമാക്കി.എന്നിട്ടും നിങ്ങളില്‍ തന്നെ സ്വന്തം
മക്കളെ മാനഭംഗം ചെയ്യുന്നവന്‍.വില്‍ക്കുന്നവന്‍,കുഞ്ഞു പൈതങ്ങളെ പോലും പീഡിപ്പിക്കുന്നവന്‍, കോടികള്‍
തട്ടിപ്പ് നടത്തുന്നവന്‍, അധികാരക്കസേരയില്‍ ഇരുന്ന് അഴിമതി നടത്തുന്നവന്‍ , കോടികളുടെ
കള്ളക്കടത്ത് നടത്തുന്നവന് പെണ്ണും പണവും വാങ്ങി പരവതാനി വിരിക്കുന്നവന്‍....അങ്ങനെ
സകലമാന മോശം ഏര്‍പ്പാടുകളും ചെയ്യുന്നവരല്ലേ കൂടുതല്‍.......”
ഞാന്‍ മൂളി
“മനുഷ്യത്വത്തിന് എതിരായി ഇങ്ങനെ
ചെയ്യുന്ന ആര്‍ക്കെങ്കിലും എതിരെ നിങ്ങള്‍ കല്ലും വടിയും എടുക്കുന്നുണ്ടോ?”
ഞാന്‍ പിന്നെയും മൌനിയായി.
“പോട്ടെ ഈ നന്മയും മനുഷ്യത്വവും ഒക്കെ
ഉയര്‍ത്തിപ്പിടിക്കുന്ന മതങ്ങള്‍,ഇസങ്ങള്‍,രാഷ്ട്രീയപ്പാര്‍ട്ടികള്‍ ....മറ്റൊരു
മതക്കാരനോടോ,ഇസക്കാരനോടോ,എതിര്‍ പാരട്ടിക്കാരനോടോ ചെറിയ ഒരു ഇടച്ചില്‍ ഉണ്ടായാല്‍
പോലും ഈ മനുഷ്യത്വം ഒക്കെ മറന്നു ഇവരും ഞങ്ങള്‍ക്ക് ചാര്‍ത്തിതന്ന സ്വഭാവം
കാണിക്കുന്നതെന്താ ?”
കീരി എന്‍റെ മക്കളെ നോക്കി കണ്ണിറുക്കി
ചിരിച്ചു. എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും അവരും ചിരിച്ചു.
കീരി തുടര്‍ന്നു
“മനുഷ്യത്വം എന്താണ് എന്ന് തിരിച്ചറിയാതെ മനുഷ്യരായി ജീവിക്കുന്ന
നിങ്ങള്‍ തന്നെ മൃഗങ്ങളായ ഞങ്ങളെ മൃഗീയമായി ജീവിക്കാനും
സമ്മതിക്കില്ല.............ഇതെന്തു ന്യായം.”
ഇത്രയും പറഞ്ഞ് പൊട്ടിച്ചിരിച്ചു
കൊണ്ട് കീരി ഗെയ്റ്റ് കടന്നു പുറത്തേക്കു പോയി.
ഞാനും മക്കളും വീട്ടിലേക്ക് തിരിച്ചു
നടന്നു. വീട്ടിലേക്കു കയറുമ്പോള്‍ മോള് ചോദിച്ചു.
“ഇങ്ങനെ എല്ലാ മൃഗങ്ങളും കിളികളും
പൂമ്പാറ്റയും ഒക്കെ വര്‍ത്താനം പറഞ്ഞാല്‍ നല്ല രസായിരിക്കും അല്ലേ ഉപ്പാ..”
ഒരു കീരിയുടെ ചോദ്യങ്ങള്‍ക്ക് തന്നെ
ഉത്തരം പറയാന്‍ കഴിയാതെ വിയര്‍ത്ത ഞാന്‍ ചിന്തിച്ചു നോക്കി. അങ്ങനെ ആയാല്‍ എന്തായിരിക്കും
അവസ്ഥ. മനുഷ്യന്‍ ചെയ്തു കൂട്ടുന്ന സകല
തിന്മകള്‍ക്കും എതിരെ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി വരുന്ന മറ്റ് സകല
ജീവജാലങ്ങളെയും ഓര്‍ത്തു ഞാന്‍ നടുങ്ങി.