നീണ്ട മണിയൊച്ച കുഴഞ്ഞു മറിഞ്ഞു പോയ ഓര്‍മ്മകളിലുണ്ടാക്കിയ ഉണര്‍വ്വിലായിരിക്കും ഉമ്മയോട് ഉപ്പ പറയുമായിരുന്നത്രേ.
“നിനക്കൊരു
മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”
ലാന്‍ഡ് ഫോണ്‍
തകരാറില്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണ്.നന്നാവുന്ന ദിവസങ്ങളില്‍ തന്നെ നിര്‍ത്താതെ
അടിയുന്ന ഫോണിനടുത്തേക്ക് മുട്ട് വേദനയുമായി ഉമ്മ നടന്നെത്തുമ്പോഴേക്കും ചിലപ്പോള്‍
കട്ടായിട്ടുണ്ടാകും.കിട്ടിയാല്‍ തന്നെ ഫോണിന്റെ
കരകര ശബ്ദത്തില്‍ പകുതിയും കേള്‍ക്കാതെ........പലപ്പോഴും ആരായിരിക്കും
വിളിച്ചതെന്ന് ഉത്കണ്ഠപ്പെട്ട്...... ...പാതിയില്‍ മുറിഞ്ഞു പോയ വാക്കുകളെന്തെന്ന്
ചിന്തിച്ച്....
ഉപ്പ പോയപ്പോള്‍ അതുവരെ,ആശുപത്രി,മരുന്ന്,ശുശ്രൂഷ,തുടങ്ങിയ
ഒരുപാട് ബഹളങ്ങള്‍ ഒറ്റയടിക്ക് നിലച്ചത് പോലെയായി ഉമ്മയുടെ ജീവിതം..ആ ശൂന്യതയിലേക്ക്
വന്ന ഫോണിന്റെ മണിയൊച്ചകള്‍ പുറത്ത് വരാതെ അമര്‍ന്നു പോയി.....
മൂന്നാല്
ദിവസങ്ങള്‍ക്ക് മുമ്പ് അനുജന്‍ നാട്ടില്‍ പോയപ്പോള്‍ ഉമ്മാക്ക് സമ്മാനിച്ചതാണ് പുതിയ മൊബൈല്‍ ഫോണ്‍.. . അന്ന് വിളിച്ചപ്പോള്‍ ഒരു ആശ്വാസം പോലെ ഉമ്മ പറഞ്ഞിരുന്നു.
“ഇനി നിങ്ങളൊക്കെ
വിളിക്കുമ്പോ ശരിക്ക് കിട്ട്വല്ലോ ....”
ഇന്നലെ
ഉച്ചയ്ക്ക് ഫോണ്‍ നിര്‍ത്താതെ അടിയുന്നത് കേട്ട് എടുത്തപ്പോള്‍ അപ്പുറത്ത്
ഉമ്മയാണ്.
“പുതിയ
ഫോണ്ന്നാ......ആദ്യായിട്ട് വിളിക്കുന്നത് നിന്നെ....”
ആഹ്ലാദത്തോടെയുള്ള
ഉമ്മയുടെ വാക്കുകള്‍
.
കണ്ണെത്താ ദൂരെനിന്ന് പൊള്ളുന്ന
മരുഭൂമിയിലേക്ക് കുളിര്‍കാറ്റുപോലെ ആ വാക്കുകള്‍.
“......ആദ്യായിട്ട്
വിളിക്കുന്നത് നിന്നെ....”
ഞാനപ്പോള്‍
ഉമ്മയുടെ പുന്നാരമോന്‍ മാത്രമായി.കുഞ്ഞുന്നാളില്‍ എനിക്കായി എടുത്തു വെച്ച മിട്ടായികള്‍ പോലെ,മാറ്റി വെച്ച പലഹാരങ്ങള്‍
പോലെ,ജീവിതത്തിലെ വല്ലാത്ത ഒരു സന്ധിയില്‍ കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞ് ഉപ്പ
അറിയാതെ ചുരുട്ടി വെച്ച് തന്ന നോട്ടുകള്‍ പോലെ..............എനിക്കായി കരുതി വെച്ച
വിളിയും.
ഇപ്പോഴും ഗള്‍ഫില്‍ നിന്ന് കൊണ്ട്
വരുന്ന മിട്ടായികളില്‍ നിന്ന് എന്റെ മക്കള്‍ക്ക് പോലും കൊടുക്കാതെ എനിക്ക് മാറ്റി വെക്കുന്ന ഉമ്മ, അനുജന്മാര്‍ ഉമ്മാക്ക് കൊടുത്ത സോപ്പ് കുവൈത്തിലെ
പലചരക്കുകടക്കാരനായ എനിക്ക് സമ്മാനിക്കുന്ന എന്റെ
ഉമ്മ....
ഇറാഖ്
യുദ്ധകാലത്ത് ടെലിവിഷന്‍ പൊലിപ്പിച്ചു പറഞ്ഞ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും പൊള്ളുന്ന മനസ്സുമായി ഉമ്മ എന്നെ വിളിച്ചിട്ടുണ്ട്..കൊയിലാണ്ടിയില്‍ ബസ്സപകടം നടന്ന ദിവസം കോഴിക്കോട്ടെ
പാണ്ടികശാലയില്‍ നിന്ന് ഞാന്‍ എത്താന്‍ വൈകിയപ്പോള്‍ ഉണ്ടായ അതേ വേവലാതിയോടെ.. .പലപ്പോഴും ഇവിടെ മിസൈലുകള്‍ വീണ വിവരം ഞാന്‍ അറിഞ്ഞത് ഉമ്മ വിളിക്കുമ്പോഴാണ്..
ഉമ്മ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ്
“ഇനി നിങ്ങള്‍
എപ്പോ വിളിച്ചാലും എനിക്ക് എടുക്കാലോ.......ഇനി ഫോണ്‍ വെടക്കായതോണ്ടാ
വിളിക്കാത്തത്‌ന്ന് പറയൂലാലോ.....”
വിളിക്കാന്‍
ദിവസങ്ങള്‍ വൈകുമ്പോള്‍ കേടായ ഫോണിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ഇനി
പറ്റില്ല......ഉമ്മ കാത്തിരിക്കുന്നുണ്ടാകും ഞങ്ങളുടെ വിളിക്ക് വേണ്ടി ..അത്
കൊണ്ടായിരിക്കും പോകുന്നതിനു മുമ്പ് ഉപ്പ പറഞ്ഞിട്ടുണ്ടാവുക..
“നിനക്കൊരു മൊബൈല്‍ ഫോണ്‍
വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”