Tuesday, July 5, 2011

കഥയുടെ സുല്‍ത്താന്റെ ഓര്‍മ്മയില്‍







       വായനക്ക് അതിരുകളും വരമ്പുകളും ഇല്ലാത്ത ചെറുപ്പകാലത്ത് എപ്പോള്‍ മുതലാണ്‌ ബഷീറിനെ വായിച്ചു  തുടങ്ങിയത്.നീര്‍ക്കോലിയെ കുരുക്കിട്ടു പിടിച്ചു കൊണ്ട് വന്നു നീര്‍നാഗം എന്ന് ബാപ്പയോട് പറഞ്ഞ, അനുജന്റെ കൂടെ ഇറച്ചി പൊരിച്ചതും നെയ്യും പഞ്ചസാരയും കട്ടുതിന്ന  കുട്ടിക്കാലത്തിന്റെ കഥകള്‍  പൂമ്പാറ്റയില്‍ വായിച്ചത് മുതലോ.ജ്യേഷ്ടന്റെ പത്താം തരത്തിലെ മലയാളം പുസ്തകത്തില്‍ 'വിശ്വവിഖ്യാതമായ മൂക്ക്'എന്ന കഥ വായിച്ചപ്പോഴോ......ആനവാരി രാമന്‍ നായരും പോന്കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപയും എട്ടുകാലി മമ്മൂഞ്ഞും അങ്ങനെ രസകരമായ ഒരു ലോകവും കുറെ ആളുകളും ഇവരിലൂടെയാണ് ഈ എഴുത്തുകാരനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്.
.പാത്തുമ്മയുടെ ആടിലെ ബഹളം നിറഞ്ഞ വീടും ആള്‍ക്കാരും  .പിന്നെ നിഷ്കളങ്കയായ കുഞ്ഞുപാത്തുമ്മ, രാജകുമാരിയെ പോലെ ജീവിച്ചു ഒടുവില്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഉപ്പിട്ട ചായക്ക്‌ രുചി കണ്ടെത്തിയ കുഞ്ഞുപാത്തുമ്മ.പഴമയില്‍ നിന്നും മാറാന്‍ മടിച്ച കുഞ്ഞുതാച്ചുമ്മ.പ്രതാപം നശിച്ചു മീന്‍ കച്ചവടത്തിനിറങ്ങിയ ബാപ്പ.പുരോഗമന ചിന്താഗതിക്കാരനായ നിസ്സാര്‍ അഹമ്മദും ലുട്ടാപ്പിയും .............സുഹറയുടെയും മജീദിന്റെയും കുഞ്ഞുകാല കുസൃതികളും പിന്നെ പ്രണയവും ശേഷമുണ്ടായ ദുരന്തങ്ങളും മനസ്സില്‍ ആഴത്തിലുള്ള മുറിവായി എന്നും വേദനിച്ചു കൊണ്ടിരുന്നത്.

ബഷീര്‍ എന്ന എഴുത്തുകാരന്‍ മനസ്സില്‍ ഒരുപാട് വളരുകയായിരുന്നു. അദ്ദേഹം എഴുതിയതും അദ്ധേഹത്തെ കുറിച്ച് എഴുതിയതും എല്ലാം വായിച്ചപ്പോള്‍ നേരിട്ട് പോയി കാണണമെന്ന് തോന്നി കോഴിക്കോട്ടു നിന്നും അധികം ദൂരെയൊന്നും അല്ലല്ലോ  ബേപ്പൂര്‍ എന്നാലും ധൈര്യം  വന്നില്ല.ഒരു നാട്ടുമ്പുറക്കാരനായ പതിനേഴുകാരന്റെ അപകര്‍ഷത.
ഒടുവില്‍ ഒരു കത്തെഴുതി, വായിച്ച കൃതികളെക്കാളും വീടിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ഒക്കെയാണ് എഴുതി ചോദിച്ചതെന്ന് തോന്നുന്നു.കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പോസ്റ്റ് കാര്‍ഡില്‍ മറുപടി വന്നു



ജീവിതത്തില്‍ ആദ്യമായി പ്രശസ്തനായ ഒരു വ്യക്തിയുടെ ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ സ്വന്തം കൈപ്പടയില്‍ എനിക്കയച്ച കത്ത്....മനസ്സ് നിറഞ്ഞ ആഹ്ലാദം പങ്കുവെക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ആരെയെങ്കിലും കാണിച്ചാല്‍ കളിയാക്കപ്പെടും എന്ന് തോന്നിയതിനാല്‍ ആരെയും കാണിച്ചതുമില്ല.
പിന്നെയും രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി എഴുതി അപ്പോഴേക്കും  ഒരു മാതിരി പുസ്തകങ്ങളൊക്കെ വായിച്ചു കഴിഞ്ഞിരുന്നു.ശബ്ദങ്ങളും,വിശപ്പും,ജന്മദിനവും ................അങ്ങനെ പച്ചയായ ജീവിതത്തിന്റെ കത്തുന്ന കഥകള്‍ സഞ്ചാരിയുടെ കാഴ്ചകള്‍......................മനസ്സിലാവാഞ്ഞത് സൂഫികളെ കുറിച്ചാണ് അങ്ങനെ എഴുതി ചോദിച്ചു.അങ്ങോട്ട്‌ എഴുതിയ  കടലാസ്സിന്റെ  ‍മാര്‍ജിനില്‍ ഒരല്പം കീറിയെടുത്ത്‌ അതില്‍ എഴുതിയ മറുപടി പെട്ടെന്ന് വന്നു..അമൂല്യമായ രണ്ടാമത്തെ എഴുത്ത്.

വായനെയെക്കാളും വലുതായി ജീവിതം മുന്നില്‍ വന്നപ്പോള്‍ പിന്നീട് കത്തെഴുത്ത് നിന്നു.ഒരിക്കല്‍ കോഴിക്കോട്ടു വെച്ച് നടന്ന പ്രേംനസീര്‍ അവാര്‍ഡു ദാന ചടങ്ങില്‍ വെച്ച്  കണ്ടു പൊട്ടിച്ചിരിപ്പിക്കുന്ന പ്രസംഗം കേട്ടു.

ഇതുപോലെ ഒരു ജൂലായ്‌ 5 നിര്‍ത്താതെ വിതുമ്പി കരഞ്ഞു കൊണ്ട് മഴ പെയ്തു കൊണ്ടിരുന്ന  ദിവസം രാവിലെ റേഡിയോയില്‍   പ്രാദേശിക വാര്‍ത്തകളില്‍ കേട്ടു......ആ മരണം..........മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ബേപ്പൂരില്‍ വൈലാലില്‍ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആളുകള്‍ ഒഴുകി ക്കൊണ്ടിരുന്നു.എഴുത്തുകാര്‍,സിനിമാക്കാര്‍,രാഷ്ട്രീയനേതാക്കള്‍,പിന്നെ സാധാരണക്കാരായ ഒരു പാട് ആണും പെണ്ണും. നിറഞ്ഞ കണ്ണുകളോടെ പെരും മഴയത്തും അവര്‍ നിശബ്ദരായി ആ വീട്ടുമുറ്റത്ത്‌  വരി നിന്നു പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാന്‍.

 വെള്ള പുതച്ച് താടികൂട്ടിക്കെട്ടി ഓഫീസ് മുറിയില്‍ കട്ടിലില്‍ കിടക്കുന്ന എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍.വെപ്പ് പല്ല് എടുത്തുകളഞ്ഞത് കൊണ്ട് മുഖം ഒന്ന് ചുരുങ്ങിയിട്ടുണ്ട് ഒരു പാട് പുരസ്കാരങ്ങള്‍ ചുവരില്‍ ഒരുപാട് അനുഭവങ്ങളുള്ള  സഞ്ചാരി വീണ്ടുമൊരു യാത്ര പോകുകയാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന സൃഷ്ടാവിന്റെ അടുത്തേക്ക് .നീയും ഞാനും എന്ന സത്യത്തില്‍ നീ മാത്രം ബാക്കിയാവുന്നു.
മാങ്കോസ്റ്റിന്‍ മരത്തിനു ചുവട്ടിലും വരാന്തയിലും മുറ്റത്തുമായി കരയുന്ന മനസ്സുമായി അദ്ധേഹത്തെ സ്നേഹിച്ച ഒരുപാട് മനുഷ്യര്‍ ....വലിപ്പച്ചെറുപ്പമില്ലാതെ യാത്രയാക്കാന്‍ വന്നവര്‍.

.ഞാന്‍ ഓര്‍ക്കുന്നു എന്താണ് ഈ മനുഷ്യനില്‍ നിന്നു എനിക്ക് ലഭിച്ചത്. മനുഷ്യനടക്കമുള്ള എല്ലാ ജീവികളോടും ഉള്ള  അളവറ്റ കാരുണ്യം.പുഴുവിനോടും,മരത്തിനോടും,കള്ളനോടും,വേശ്യയോടും.ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണെന്ന സ്നേഹം.,ശുചിത്വംശരീരം പോലെ വീടും പരിസരവും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കണമെന്ന ചിന്ത.,മത ജാതി ഭേദമില്ലാതെ പണ്ഡിതനോ പാമരനോ എന്ന് ചിന്തിക്കാതെ ഒരു പോലെ ഇടപെടുന്ന സമഭാവന..

ഇന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സ് കഴുകി വെടിപ്പാക്കുന്ന പോലെ ശുദ്ധമാകുന്നു. എന്റെ ജീവിതത്തിലെ ഒരു പാട് നന്മകള്‍ക്ക് പ്രിയപ്പെട്ട  എഴുത്തുകാരനോട്‌ ഞാന്‍  കടപ്പെട്ടിരിക്കുന്നു.       

23 comments:

  1. പകരക്കാരനില്ലാത്ത ഒരേ ഒരു സുല്‍ത്താന്‍....
    പടച്ചവന്‍ നമ്മെ എല്ലാവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ...

    ആദ്യമായാണ് ഇവിടെ വരുന്നത്...
    ബ്ലോഗിന്റെ പേരും നന്നായിട്ടുണ്ട്.
    കൂടുതല്‍ എഴുതുക....
    നമ്മടെ ബ്ലോഗും ഒരു പലചരക്ക്‌ കട മോഡലില്‍ തന്നെ ആണ്.
    അബസ്വരങ്ങള്‍.com

    ReplyDelete
  2. ഈ ബ്ലോഗില്‍ "follower" ഗാഡ്ജെറ്റ്‌ ചേര്‍ത്തിട്ടില്ലല്ലോ ...
    അത് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക...

    ReplyDelete
  3. സുൽത്താന്റെ ഓർമ്മകൾ നമുക്ക് അയവിറക്കാം..



    (ഞാനും കുവൈത്തിലാ... അയൽ നാട്ടുകാരനും............)

    ReplyDelete
  4. ഓര്‍മ്മക്കുറിപ്പ്‌ വളരെ നന്നായിരിക്കുന്നു..

    ReplyDelete
  5. നന്ദി ഈ തുടക്കക്കാരന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിനും പ്രോത്സാഹനകരമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കിയതിനും ....

    ReplyDelete
  6. സാധാരണയിലും സാധാരണക്കാരായ കഥാപാത്രങ്ങളെ കൊണ്ട് വിസ്മയം സൃഷ്ടിച്ച എഴുത്തുകാരന്‍, വായിച്ചിട്ടുണ്ട് കുറെ കഥകള്‍ എല്ലാം ഇഷ്ടം തന്നെ, നജുക്ക എനിക്കിഷ്ടായി ഈ ലേഖനം...

    ReplyDelete
  7. ഞാനൊരുപാടിഷ്ട്ടപെടുന്ന എഴുത്തുകാരന്റെ കത്ത് താങ്കള്‍ക്ക് ലഭിച്ചതില്‍ എനിക്ക് അസൂയ തോന്നുന്നു.തന്റെ ചുറ്റുമുള്ള സാധാരണകാരന്റെ ജീവിത എടുത്തു കാട്ടുന്ന അദ്ദേഹത്തിന്റെ ശൈലി അപാരം.എന്തായാലും ഈ കത്ത് അദ്ദേഹം താങ്കള്‍ക്ക് അയച്ചത് കൊണ്ട് നജീബ് മൂടാടിയും നല്ലൊരു എഴുത്തുകാരനാണെന്നു വിശ്വസിക്കുന്നുന്നു.

    ReplyDelete
  8. മൂടാടിക്ക, എന്താണ് എഴുതേണ്ടത് എന്നെനിക്കറിയില്ല................ ഓരോ വരിയും വാചാലമാണ്‌... ഒന്ന് മാത്രം പറയാം: ആ മാങ്കോസ്റ്റിന്‍ മരച്ചുവടും, ചുവന്നു തുടുത്ത ചാമ്പക്കക്കളും, ബഷീറിയന്‍ വസന്തം സമ്മാനിച്ച ഒരുപാട് നല്ല ഹൃദയസ്പര്‍ശിയായ കഥകളും, സമസ്ത ജീവജാലങ്ങളെയും ഈ ഭൂമിയുടെ ഉടമകളായി കണ്ട ആ വലിയ മനുഷ്യന്റെ, വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ പോലും മലയാളിക്ക് അത്രമേല്‍ പ്രിയപെട്ടത്‌.. ഇനിയൊരു വൈക്കം മുഹമ്മദ്‌ ബഷീര്‍ മലയാളത്തിനു ഇല്ല എന്നാ വേദനിപ്പിക്കുന്ന സത്യം മനസിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു... ഇല്ല ... ബേപ്പൂര്‍ സുല്ത്താന് മരണമില്ല...!!

    ReplyDelete
  9. മലയാളം നെഞ്ചോടു ചേര്‍ത്ത പ്രിയ കഥകാരനുമായി അടുപ്പം പുലര്‍ത്താനും നേരില്‍ കാണുവാനും സാധിച്ച പ്രിയ നജീബ് സാഹിബിന്റെ ഈ എഴുത്ത് സത്യത്തില്‍ അവര്നനീയമായ അവച്യമായ അനുഭവമാണ് നല്‍കുന്നത്.എഴുത്തിന്റെ വായനയുടെ ലോകത്തിനു പുതു തലമുറയെ ആകര്‍ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ബഷീര്‍ എന്ന മഹാനായ കലാകാരന്‍ സമയം കണ്ടെത്തിയിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നു.കഥകളുടെ കുലപതി,ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.പ്രാര്‍ത്ഥനകളും.....ഞങ്ങള്‍ക്ക് വരദാനമായ പ്രിയ എഴുത്തുകാരന്‍ നജീബ് മൂടാടിക്ക് അഭിനന്ദനങ്ങള്‍...ഞങ്ങള്‍ അഭിമാനിക്കുന്നു നിങ്ങളിലൂടെ.വളരെ നല്ല പോസ്റ്റ്‌.

    ReplyDelete
  10. മുഹമ്മദു കുട്ടി മാവൂര്‍ ...Thursday, July 05, 2012 10:55:00 AM

    ഞാന്‍ ഓര്‍ക്കുന്നു എന്താണ് ഈ മനുഷ്യനില്‍ നിന്നു എനിക്ക് ലഭിച്ചത്. മനുഷ്യനടക്കമുള്ള എല്ലാ ജീവികളോടും ഉള്ള അളവറ്റ കാരുണ്യം.പുഴുവിനോടും,മരത്തിനോടും,കള്ളനോടും,വേശ്യയോടും.ദൈവത്തിന്റെ മഹത്തായ സൃഷ്ടിയാണെന്ന സ്നേഹം.,ശുചിത്വംശരീരം പോലെ വീടും പരിസരവും വൃത്തിയിലും ഭംഗിയിലും സൂക്ഷിക്കണമെന്ന ചിന്ത.,മത ജാതി ഭേദമില്ലാതെ പണ്ഡിതനോ പാമരനോ എന്ന് ചിന്തിക്കാതെ ഒരു പോലെ ഇടപെടുന്ന സമഭാവന.... .. സുല്‍ത്താനെ ഓര്‍ക്കുമ്പോള്‍ ഒരു മഹാ സാഹിത്യകാരന്‍ എന്നതില്‍ ഉപരി ഒരു മഹാ മനുഷ്യ സ്നേഹി ,മഹാ സാമൂഹ്യ സ്നേഹി എന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത് ...പറഞ്ഞാലും പറഞ്ഞാലും തീരാത്ത സരസഭാഷണങ്ങള്‍ ...മായാത്ത പുഞ്ചിരി ..അതിഥി സല്‍കാര പ്രിയന്‍ ..വിശേഷണങ്ങള്‍ പോന്തൂവലുകള്‍ എത്രയെത്ര ചാര്‍ത്തപ്പെട്ടിട്ടും എളിമയുടെ തെളിമയില്‍ നിന്നും തെല്ലും തെറ്റാത്ത മാനവ ഹൃദയം കീഴടക്കിയ മലയാളത്തിന്റെ മഹാ സുല്‍ത്താന്‍ .... ഒരു പാട് അനശ്വര കഥാപാത്രങ്ങള്‍ തന്റെ അടയാളമായി അവശേഷിപ്പിച്ച അതുല്യ പ്രതിഭ ...പഴംചോല്ലുകളായും അലങ്കാരങ്ങളായും ഉപമകളായും ചമാല്കാരങ്ങളായും രൂപാന്തരം പ്രാപിച്ച എത്രയെത്ര കഥാപാത്രങ്ങള്‍ ..ലോകത്തൊരു കഥാകൃത്തിനും ഇത് പോലെ ഒരു അസുലഭ ഭാഗ്യം ലഭിച്ചു കാണില്ല ... പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ ,,,,,നന്ദി നജു ..ഹൃദയ സുല്താനെക്കുരിച്ചുള്ള നല്ലൊരു ഓര്‍മ്മപ്പെടുത്തലിന് ....ഹൃദയം നിറഞ്ഞ നന്ദി .

    ReplyDelete
  11. ഈപോസ്റ്റ്‌ വായിച്ചപ്പോള്‍ ചെറിയൊരു നൊമ്പരം... പാഠപുസ്തകങ്ങളിലൂടെ ഞാന്‍ വായിച്ച അദ്ധ്യേഹത്തിന്റെ സൃഷ്ട്ടികള്‍ ഇന്നും മനസിലുണ്ട്.ഇന്നോളം പകരക്കാരനില്ലാത്ത ഒരെഴുത്തുകാരന്‍ തന്നെയാണദ്ധ്യേഹം...

    ReplyDelete
  12. ബേപൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെട്ട കഥകളുടെ രാജകുമാരന്‍, പകരം വെയ്ക്കാത്ത ഈ കഥാകാരനെ നേരില്‍ കാണാനും ബന്ധം വെച്ച് പുലര്‍ത്താനും സാധിച്ച താങ്കള്‍ ഒരു ഭാഗ്യവാന്‍ തന്നെയാണ്, അങ്ങിനെയുള്ള നജീബ്കാനെ ഞങ്ങള്‍ക്ക് കിട്ടിയതില്‍ അതിലൂടെ ഞങ്ങളും ഭാഗ്യവാന്മാരാണ്. അത്തരം മഹാന്മാരുമായി അടുപ്പം പുലര്‍ത്തിയ താങ്കളും ഒരു എഴുത്തുകാരനാണെന്ന് അല്ലെങ്കില്‍ അതിന്‍റെ എല്ലാ ഗുണങ്ങളും താങ്കള്‍ക്ക് കിട്ടിയുട്ടുണ്ട് എന്ന് ഇതിനോടകം തെളിയിചിരുക്കുന്നു. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ഈ പോസ്റ്റും.

    ഒരു എഴുത്ത് കാരനും അനുവാച്ചകാനും തമ്മിലുള്ള അനിശേദ്യ ബന്ധത്തെപ്പറ്റിയുള്ള ഈ ഹൃദയം തുറന്നു പറച്ചിലിന് നന്ദി............നജീബ്കാ......നന്ദി!

    ReplyDelete
  13. സുല്‍ത്താന്റെ ഓര്‍മ്മകള്‍ നന്നായി പറഞ്ഞു ..

    ReplyDelete
  14. നജീബ് ജീ , മഹാനായ ഒരു സാഹിത്യകാരനെ എഴുത്തിലൂടെ പരിചയപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച ഒരു വ്യക്തിയാണ് താങ്കള്‍ . പല ആളുകളും മനസ്സില്‍ കൊണ്ട് നടക്കുന്ന അത്തരം ആഗ്രഹങ്ങള്‍ താങ്കള്‍ കൈപ്പിടിയിലൊതിക്കിയിരിക്കുന്നു . യ്വവ്വനാരംഭത്തില്‍ തന്നെ സുല്‍ത്താന്റെ ഭൂരിഭാഗം കഥകളും വായിക്കുകയും, തന്റേതായ രീതിയില്‍ പഠന വിധേയമാക്കുകയും, ചെയ്ത താങ്കള്‍ , തനിക്ക് വായനാദഹനത്തിന് ബുദ്ധിമുട്ട് സ്രഷ്ടിച്ച സൂഫിസത്തിന്റെ ഉള്ളടക്കം വായനക്കാരുമായി പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.

    താങ്കള്‍ സുല്‍ത്താനയച്ച ആദ്യ കത്തിലെ ചോദ്യങ്ങള്‍ കൂടുതലും,കുടുംബ വിഷയങ്ങളാണെങ്കിലും, അതിലെ "പ്രതിഭയുടെ മിന്നലാട്ടത്തില്‍ " , സുല്‍ത്താന്റെ ദീര്‍ഘ ദ്രഷ്ടി, പതിഞ്ഞിരിക്കാം . അതുകൊണ്ട് തന്നെയാവാം അദ്ദേഹത്തിന്റെ മറുപടി താങ്കളിലേക്ക്‌ എത്തിയത്തും. താങ്കളുടെ രണ്ടാമത്തെ കത്തിലും "തന്റെ കഥാമ്ശത്തിന്റെ ഉള്ളറകളിലേക്ക് "ചോദ്യങ്ങളുമായി എത്തിയ താങ്കളില്‍ , വളര്‍ന്നു വരുന്ന ഒരു അക്ഷര സ്നേഹിയുടെ ഉള്‍ക്കാഴ്ച മനസ്സിലാക്കിയ ആ "ഇമ്മിണി ബലിയ മനുസന് " താങ്കളിലേക്കുള്ള, മറുപടിക്ക് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ലായിരിക്കാം....

    പിന്നീടുള്ള താങ്കളിലുള്ള എഴുത്തുകാരന്റെ കടന്നു വരവിന്റെ പിറകിലും ഒരു പക്ഷേ, ആ മാഹാന്റെ അനുഗ്രഹത്തിന്റെ ചെറിയ അംശങ്ങള്‍ ഉണ്ടാവാം. അത് താങ്കളുടെ അക്ഷര സ്നേഹത്തെ കൂടുതല്‍ ബലപ്പെടുത്തട്ടെ.....

    ReplyDelete
  15. ആ കത്തുകള്‍ കാണുന്നത് വളരെ സന്തോഷകരമായി തോന്നി

    ReplyDelete
  16. വായിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കാലമൊരുപാട് പിന്നിലേക്ക് ഓടിപ്പോയി! പണ്ട്, പത്താം തരത്തിൽ പഠിച്ചുകൊടിരിക്കെ ബേപ്പൂർ സുൽത്താനെക്കാണാൻ കലശലായ മോഹം. അവസാനം വീട്ടിൽ നിന്നും അനുവാദവും "ബസ്സു കൂലി"യും പാസ്സായി. പോവുന്നതിനു മുൻപ് ഒരു തയ്യാറെടുപ്പിനായി ആയ്യിടെ സുൽത്താനെ സന്ദർശിച്ച ഒരു സുഹൃത്തിനെക്കണ്ടു. "ഇപ്പോൾ പോവേണ്ട, അദ്ദേഹം കുറച്ച ദിനങ്ങളായി നല്ല ചൂടിലാണ്. ഞങ്ങളെ ഓടിച്ചു വിട്ടു. ഒന്നു രണ്ടാഴ്ച കഴിയട്ടെ". ആ രണ്ടാഴ്ച നീണ്ടുപോയി. അതിന്നിടെ ബസ്സ് കൂലി "ഹൈക്കമാന്റ്" തിരിച്ച് വാങ്ങി. ഒരിക്കലും കാണാൻ കഴിയാത്തതിന്റെ ആ നഷ്ടബോധം ഇത്തരം അനുഭവങ്ങൾ വായിക്കുമ്പോഴാണ് തികട്ടി വരുന്നത്.

    ReplyDelete
  17. ///ഇതുപോലെ ഒരു ജൂലായ്‌ 5 നിര്‍ത്താതെ വിതുമ്പി കരഞ്ഞു കൊണ്ട് മഴ പെയ്തു കൊണ്ടിരുന്ന ദിവസം രാവിലെ റേഡിയോയില്‍ പ്രാദേശിക വാര്‍ത്തകളില്‍ കേട്ടു......ആ മരണം..........മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
    ബേപ്പൂരില്‍ വൈലാലില്‍ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ആളുകള്‍ ഒഴുകി ക്കൊണ്ടിരുന്നു.///


    പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നറിയില്ല. (വിശ്വസിക്കണം,ഇന്ന് ഞാന്‍ നോമ്പ്കാരനാണ്)
    വായിച്ച് തുടങ്ങി ഈ വരികളിലെത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി.

    ReplyDelete
  18. നമുക്കൊന്നും കിട്ടാത്ത വലിയ ഒരു ഭാഗ്യം നജീബ്ക്കയ്ക്ക് കിട്ടിയിരിക്കുന്നു.എഴുത്തിലൂടെ പരിചയപ്പെടാന്‍ അങ്ങയ്ക്കു സാധിച്ചു...എന്നും നമ്മുടെ എല്ലാം മനസ്സില്‍ ആ ബേപ്പൂര്‍ സുല്‍ത്താന്‍ മായാതെ കിടക്കുന്നു .....നിഷ്കളങ്കത തുളുമ്പുന്ന വരികളിലൂടെ നമ്മെ എല്ലാം കരയിച്ചും,ചിരിപ്പിച്ചും ഒരുലോകം തീര്‍ക്കുവാന്‍ തീര്‍ച്ചയായും ഈ എഴുത്തുകാരന് പറ്റിയിട്ടുണ്ട്....നജീബ്ക്കയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  19. അമൂല്യമായ നിധി .... അസൂയ തോന്നുന്നു... :)

    ReplyDelete
  20. അടുത്ത ദിവസം വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരു ബോര്‍ഡ് കണ്ടു അന്തം വിട്ടു-"വി.എം.ബഷീര്‍ റോഡ്" എന്തു ജാതി മനുഷ്യരാണ് നമ്മള്‍ ...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ